തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ സെക്രട്ടറിയായി കോട്ടയം സ്വദേശിനി. പാലായ്ക്ക് സമീപം പൂവരണി സ്വദേശിനിയായ അനു ജോര്‍ജ് ഐഎഎസ് ആണ് തമിഴ്‌നാട് മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി ചുമതലയേറ്റത്.

അനു ജോര്‍ജടക്കമുള്ള നാല് സെക്രട്ടറിമാരേയും പുതിയ ചീഫ് സെക്രട്ടറിയേയും ചുമതലയേറ്റ ആദ്യ ദിവസം തന്നെ സ്റ്റാലിന്‍ നിയോഗിച്ചു. നിലവിലെ ചീഫ് സെക്രട്ടറി രാജീവ് രഞ്ജനെ മാറ്റി വിഇറൈ അന്‍ബുവിനെയാണ് നിയമിച്ചിരിക്കുന്നത്.

തമിഴ്നാട് മുഖ്യമന്ത്രിയുടെ ഓഫീസ് ചുമതലയാണ് അനുജോര്‍ജിന്. 2003 ബാച്ച് തമിഴ്‌നാട് കേഡര്‍ ഉദ്യോഗസ്ഥയായ അനുജോര്‍ജ് പ്രവര്‍ത്തനമികവിന് പേരുകേട്ട ഉദ്യോഗസ്ഥയാണ്.

ഇന്‍ഡസ്ട്രീസ് കമ്മിഷണര്‍, ഇന്‍ഡസ്ട്രീസ് ആന്‍ഡ് കൊമേഴ്‌സ് ഡയറക്ടര്‍ പദവികള്‍ വഹിച്ചുവരവെയാണ് പുതിയ ചുമതല. അരിയലൂര്‍ ജില്ലാകളക്ടറായും സംസ്ഥാന പ്രോട്ടോകോള്‍ ജോയന്റ് സെക്രട്ടറിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

തിരുവനന്തപുരം വിമന്‍സ് കോളജില്‍ നിന്നും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദം നേടിയ അനു, ജെഎന്‍യുവില്‍ നിന്ന് സോഷ്യോളജിയില്‍ ബിരുദാനന്തര ബിരുദവും എംഫില്ലും നേടി. 2002ല്‍ ഇന്ത്യന്‍ റവന്യൂ സര്‍വീസ് ലഭിച്ചു. തുടര്‍ന്ന് 2003ല്‍ ഇരുപത്തിയഞ്ചാം റാങ്കോടെയാണ് ഐഎഎസ് നേടിയത്. ഐടി ഉദ്യോഗസ്ഥനായ തോമസ് ജോസഫാണ് ഭര്‍ത്താവ്.