India

അഞ്ചൽ സ്വദേശിനി ഉത്രയെ രണ്ടുതവണ പാമ്പുകടിച്ചപ്പോഴും ഭർത്താവ് സൂരജിന്റെ പെരുമാറ്റം അസ്വഭാവികമായിരുന്നു എന്ന് വിവരിച്ച് ചികിത്സിച്ച ഡോക്ടർമാരുടെ മൊഴി. ഉത്ര മരിച്ച സാഹചര്യങ്ങളിൽ സ്വാഭാവികതയില്ലെന്ന് കോട്ടയം ഫോറസ്റ്റ് വെറ്ററിനറി അസി. ഓഫീസർ ഡോ. ജെ കിഷോർകുമാറും വിചാരണ കോടതിയിൽ മൊഴിനൽകി.

ഉത്രയുടെ മരണത്തിന് കാരണമായ രണ്ടാമത്തെ മൂർഖൻ പാമ്പ് കടിച്ച സംഭവം വിശ്വസനീയമല്ലെന്നു ഡോക്ടർ വിശദീകരിച്ചു. മൂർഖൻ വിഷം ഉപയോഗിക്കുന്നതിൽ പിശുക്കുകാണിക്കുന്ന പാമ്പാണ്. ഒരാളെ രണ്ടുപ്രാവശ്യം കടിച്ചെന്നത് വിശ്വസിക്കാനാകില്ല. ഉത്ര വധക്കേസ് വിചാരണയ്ക്കിടെയാണ് സാക്ഷിയായ അദ്ദേഹം മൊഴി നൽകിയത്. പാമ്പ് കടിച്ചത് രണ്ടും ഒരേസ്ഥലത്താണെന്നത് കൈകൾ ചലിച്ചിരുന്നില്ല എന്നതാണ് സൂചിപ്പിക്കുന്നത്. മൂർഖൻ പാമ്പ് ജനൽവഴി കയറണമെങ്കിൽ അതിന്റെ മൂന്നിലൊന്ന് മാത്രം ഉയരമുള്ളതായിരിക്കണം. ഉത്രയെ ആദ്യം കടിച്ച അണലി മുകളിലേക്കുകയറി രണ്ടാംനിലയിലെത്തി എന്നത് ഒരു കാരണവശാലും വിശ്വസിക്കാനാകില്ലെന്നും അദ്ദേഹം വിശദീകരിച്ചു. ഉത്രയെ പാമ്പ് കടക്കാനിടയായ സാഹചര്യം പരിശോധിച്ച കമ്മിറ്റിയിൽ അംഗമായിരുന്നെന്നും സ്വാഭാവികമായി പാമ്പ് കടിക്കാൻ സാധ്യതയില്ലെന്ന് കണ്ടെത്തിയിരുന്നെന്നും അദ്ദേഹം മൊഴിനൽകിയിട്ടുണ്ട്.

അതേസമയം, ആദ്യത്തെ തവണ പാമ്പുകടിച്ച സമയത്തും ഉത്രയുടെ ഭർത്താവ് അസ്വഭാവികമായാണ് പെരുമാറിയതെന്നു ചികിത്സിച്ച ഡോക്ടർ മൊഴി നൽകി. അണലികടിച്ചശേഷം കൊണ്ടുവരാൻ താമസിച്ചതിനു കാരണംചോദിച്ചപ്പോൾ ഭർത്താവ് എന്ന് പരിചയപ്പെടുത്തിയയാൾ തൃപ്തികരമായ മറുപടി തന്നില്ലെന്ന് അടൂർ ജനറൽ ആശുപത്രിയിൽ പ്രാഥമികചികിത്സ നടത്തിയ ഡോ. ജഹരിയ ഹനീഫ് മൊഴിനൽകി. ഈ സമയമത്രയും ഉത്ര വേദനകൊണ്ടു കാലിലടിച്ചു കരയുകയായിരുന്നു. പ്രാഥമികമായി മരുന്നുകൾ നൽകിയശേഷം മറ്റൊരു ആശുപത്രിയിലേക്ക് റഫർ ചെയ്‌തെന്നും മൊഴിനൽകി.

അതേസമയം, ഉത്രയെ രാത്രിയിൽ പാമ്പിനെ കൊണ്ട് കടിപ്പിച്ച ശേഷം മരണം ഉറപ്പാക്കിയാണ് സൂരജ് ആശുപത്രിയിൽ എത്തിച്ചതെന്നു തെളിയിക്കുന്ന മൊഴികളും കോടതിക്ക് മുന്നിൽ സാക്ഷികൾ വിവരിച്ചു. അഞ്ചൽ സെന്റ് ജോൺസ് ആശുപത്രിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോ. ജീന ബദറിന്റെ മൊഴിയും സൂരജിനെ കുരുക്കുന്നതാണ്. അത്യാസന്നനിലയിൽ ഒരു സ്ത്രീയെ കൊണ്ടുവന്നെന്നറിഞ്ഞ് മുറിയിൽ ചെന്നപ്പോൾ എന്തോ കൈയിൽ കടിച്ചതാണെന്നുപറഞ്ഞ് ഭർത്താവ് ഇറങ്ങിപ്പോയെന്നാണ് ഡോക്ടർ ജീനയുടെ മൊഴി. പരിശോധനയിൽ ജീവന്റെ ലക്ഷണമൊന്നും കണ്ടില്ല. കൈകൾ ആൾക്കഹോൾ സ്വാബ് കൊണ്ടുതുടച്ചപ്പോൾ രക്തം കട്ടപിടിച്ചഭാഗത്ത് രണ്ട് കടിയുടെ പാടുകൾ കണ്ടെത്തി.

പിന്നീട് അമ്മ അകത്തുവന്നപ്പോഴാണ് ഉത്രയെ മുൻപ് അണലികടിച്ചവിവരം മനസ്സിലാക്കിയതെന്നും മൊഴിനൽകി. ഉത്രയുടെ അച്ഛനോട് മരണവിവരം പറഞ്ഞപ്പോൾ വീട്ടിൽ പാമ്പിനെ കണ്ടെന്ന് പോയിനോക്കിയവർ പറഞ്ഞെന്നും അത് മൂർഖനായിരുന്നെന്നു പറഞ്ഞതായും മൊഴിനൽകി. ചൊവ്വാഴ്ച സാക്ഷിവിസ്താരം തുടരും.

കോഴിക്കോട് നാദാപുരത്ത് വീണ്ടും തട്ടിക്കൊണ്ടുപോകല്‍. പേരാമ്പ്ര സ്വദേശിയായ അജ്നാസിനെയാണ് നമ്പര്‍ പ്ലേറ്റില്ലാത്ത കാറില്‍ എത്തി അജ്ഞാതസംഘം തട്ടിക്കൊണ്ടുപോയത്. കേസില്‍ ഒരാളെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്യുകയാണ്.

പുറമേരി പഞ്ചായത്തിലെ അരൂര്‍ എളയിടത്ത് നിന്നാണ് പുലര്‍ച്ചെ ഒന്നരയോടെ അജ്നാസിനെ തട്ടിക്കൊണ്ടുപോയത്. സുഹൃത്തുക്കള്‍ക്കൊപ്പം വോളിബോള്‍ കാണാനായി എത്തിയതായിരുന്നു പ്രാദേശിക വോളി താരമായ അജ്നാസ്. കളികഴിഞ്ഞു മടങ്ങുന്നതിനിടെയാണ് സുഹൃത്തുക്കളെ മര്‍ദിച്ചവശരാക്കി അജ്നാസുമായി അജ്ഞാതസംഘം കടന്നുകളഞ്ഞത്.

ഒന്നര ആഴ്ച്ചയ്ക്കിടെ നാദാപുരത്തുണ്ടാകുന്ന രണ്ടാമത്തെ തട്ടിക്കൊണ്ടുപോകല്‍ ആണിത്. ദിവസങ്ങള്‍ക്ക് മുമ്പ് തട്ടിക്കൊണ്ടുപോയ പ്രവാസി വ്യവസായിയെ പിന്നീട് റോഡില്‍ ഉപേക്ഷിക്കുകയായിരുന്നു. അജ്നാസിന്‍റെ തട്ടിക്കൊണ്ടുപോകലിന് പിന്നില്‍ ഇതുമായി ബന്ധമുണ്ടോ എന്ന് പരിശോധിച്ചു വരികയാണ്. കോവിഡ് കാലത്ത് രണ്ട് തവണ അജ്്നാസ് വിദേശത്ത് പോയി തിരിച്ചെത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗമിക്കുകയാണ്. കസ്റ്റഡിയിലെടുത്ത കുറ്റ്യാടി സ്വദേശിയില്‍ നിന്ന് കാര്യമായ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ ഇയാളെ വിശദമായി ചോദ്യം ചെയ്യേണ്ടി വരും.

ഇടുക്കി കുമളിയിൽ യുവതിയെ ആൺസുഹൃത്ത് കുത്തി കൊലപ്പെടുത്തി. കുമളി താമരകണ്ടത്ത് വാടകക്ക് താമസിക്കുന്ന റസിയ എന്ന ഉമാ മഹേശ്വരിയാണ് മരിച്ചത്. പ്രതി വാഗമൺ കോട്ടമല സ്വദേശി ഈശ്വരനെ പൊലീസ് അറസ്റ്റ് ചെയ്തു.

ആദ്യ വിവാഹ ബന്ധം ഉപേക്ഷിച്ച റസിയും ഈശ്വരനും എട്ട് മാസമായി ഒന്നിച്ചായിരുന്നു താമസം. ഈശ്വരൻ റസിയയുടെ മകനെ ഉപദ്രവിക്കാൻ തുടങ്ങിയതോടെ ഇരുവരും തെറ്റിപ്പിരിഞ്ഞു. ഉപദ്രവത്തിനിരയായ കുട്ടി ചൈൽഡ് ലൈനിൽ പരാതി നൽകിയിരുന്നു. മൂന്ന് ദിവസം മുമ്പ് റസിയ മറ്റൊരു വീട്ടിലേക്ക് താമസം മാറുകയും ചെയ്തു.

രാവിലെ റസിയ താമസിക്കുന്ന വീട്ടിലെത്തിയ ഈശ്വരൻ ഇവരെ കുത്തി പരുക്കേൽപ്പിച്ച ശേഷം രക്ഷപ്പെട്ടു. റസിയയെ കുമളിയിലെ സ്വകാര്യാശുപത്രിയിൽ എത്തിച്ച് പ്രാഥമിക ശുശ്രൂഷ നൽകി. വിദഗ്ദ്ധ ചികിത്സയ്ക്കായി മെഡിക്കൽ കോളജിലേക്ക് കൊണ്ടും പോകുന്നതിനിടെയാണ്‌ മരിച്ചത്. രക്ഷപെട്ട പ്രതിയെ വാഗമണിൽ നിന്നാണ് പൊലീസ് പിടികൂടിയത്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.

മുൻ ഫുട്ബോൾ താരവും കേരളത്തിലെ ആദ്യത്തെ വനിതാ ഫുട്ബോൾ പരിശീലകയുമായ ഫൗസിയ മാമ്പറ്റ (52) അന്തരിച്ചു. നടക്ക\വ് സ്കൂളിൽ പരിശീലകയായി ജോലി ചെയ്യുകയായിരുന്നു. അർബുദ ബാധിതയായിരുന്നു. 35 വർഷമായി കളിക്കാരിയായും പരിശീലകയായും സജീവമായിരുന്നു.

മലബാറിലെ ഫുട്ബോളിന്റെ അംബാസിഡർ എന്ന പേരിലും ഇവർ അറിയപ്പെട്ടിരുന്ന ഫൗസിയ കേരള സ്പോർട്സ് കൗൺസിൽ പരിശീലക, നടക്കാവ് ഗവ.ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ പരിശീലക തുടങ്ങിയ പദവികൾ വഹിച്ചു. ഫൗസിയയുടെ പരിശീലനത്തിൽ നിരവധി കുട്ടികൾ രാജ്യാന്തര തലത്തിൽ പ്രശസ്തി നേടിയിരുന്നു

ദേശീയ ഗെയിംസ് വനിതാ ഫുട്‌ബോളില്‍ കേരളത്തിന്റെ ഗോള്‍കീപ്പറായിരുന്നു. കൊല്‍ക്കത്തയില്‍ നടന്ന അഖിലേന്ത്യാ വനിതാ ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പ് മത്സരത്തില്‍ കേരളത്തിന്റെ ഗോളി ഫൗസിയയായിരുന്നു. കേരളത്തിന് ജയിക്കാനായില്ലെങ്കിലും ഫൗസിയയുടെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടു.

വെയ്റ്റ് ലിഫ്റ്റിങ്ങില്‍ സംസ്ഥാനചാമ്പ്യന്‍, പവര്‍ ലിഫ്റ്റിങ്ങില്‍ സൗത്ത് ഇന്ത്യയില്‍ മൂന്നാംസ്ഥാനം, ഹാന്‍ഡ്‌ബോള്‍ സംസ്ഥാന ടീമംഗം, ജൂഡോയില്‍ സംസ്ഥാനതലത്തില്‍ വെങ്കലം, ഹോക്കി, വോളിബോള്‍ എന്നിവയില്‍ ജില്ലാ ടീമംഗം എന്നിങ്ങനെ തൊട്ടതെല്ലാം പൊന്നാക്കുന്ന പ്രകടനങ്ങളായിരുന്നു ഫൗസിയയുടേത്.

2003-ല്‍ കോഴിക്കോട് നടക്കാവ് സ്‌കൂളിലെ ഫുട്‌ബോള്‍ ടീം പരിശീലകയായി ചുമതലയേറ്റു. 2005 മുതല്‍ 2007 വരെ സംസ്ഥാന സബ്ജൂനിയര്‍, ജൂനിയര്‍ ടൂര്‍ണമെന്റില്‍ റണ്ണര്‍ അപ്പായ കോഴിക്കോട് ടീമിനെ പരിശീലിപ്പിച്ചു. 2005-ല്‍ മണിപ്പൂരില്‍ നടന്ന ദേശീയ സീനിയര്‍ ചാമ്പ്യന്‍ഷിപ്പില്‍ കേരളം മൂന്നാം സ്ഥാനം നേടിയപ്പോള്‍ ടീമിന്റെ പരിശീലകയായിരുന്നു. 2006-ല്‍ ഒഡിഷയിൽ നടന്ന ദേശീയ സീനിയര്‍ ചാമ്പ്യന്‍ഷിപ്പില്‍ റണ്ണറപ്പായ കേരളത്തിന്റെ അസിസ്റ്റന്റ് കോച്ചും ഫൗസിയയായിരുന്നു.

വീണ്ടും വിദ്യാർഥികളുടെ കൈയടി വാങ്ങി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. തന്നെ ‘സർ’ എന്നു വിളിക്കേണ്ടെന്ന് രാഹുൽ വിദ്യാർഥികളോട് പറഞ്ഞു. ‘സർ’ എന്നു വിളിച്ചുകൊണ്ട് അഭിസംബോധന ചെയ്‌ത വിദ്യാർഥിനിയെ രാഹുൽ തിരുത്തി. ഇതുകേട്ടതും മറ്റ് വിദ്യാർഥികൾ വലിയ സ്വരത്തിൽ കൈയടിക്കാൻ തുടങ്ങി.

പുതുച്ചേരിയിൽ വിദ്യാർഥികളുമായി സംവദിക്കുന്നതിനിടെയാണ് രസകരമായ സംഭവം. ‘സർ, ഞാൻ ഇവിടെയുണ്ട്’ എന്നുപറഞ്ഞ് ചോദ്യത്തിലേക്ക് കടക്കുന്ന വിദ്യാർഥിനിയെയാണ് രാഹുൽ തിരുത്തിയത്. “നോക്കൂ, എന്റെ പേര് ‘സർ’ എന്നല്ല. എന്റെ പേര് രാഹുൽ എന്നാണ്. അതുകൊണ്ട് ദയവായി നിങ്ങൾ എന്നെ രാഹുൽ എന്നു വിളിക്കൂ. നിങ്ങളുടെ പ്രിൻസിപ്പലിനെ ‘സർ’ എന്ന് വിളിക്കാം. അധ്യാപകരെ ‘സർ’ എന്ന് വിളിക്കാം. എന്നാൽ, എന്നെ നിങ്ങൾ രാഹുൽ എന്ന് വിളിക്കൂ..,” ഇതുകേട്ടതും വിദ്യാർഥികൾ രാഹുലിന് കൈയടിച്ചു.

എന്നാൽ, ഉടനെ മറ്റൊരു ചോദ്യം രാഹുലിനെ തേടിയെത്തി. ‘എങ്കിൽ ഞങ്ങൾ രാഹുൽ അണ്ണാ എന്ന് വിളിക്കട്ടെ,’ എന്നാണ് ഒരു വിദ്യാർഥിനി ചോദിച്ചത്. ‘രാഹുൽ അണ്ണാ’ എന്നു വിളിക്കാൻ രാഹുൽ ഗാന്ധി സമ്മതമറിയിക്കുകയും ചെയ്‌തു. വലിയ ഹർഷാരവങ്ങളോടെയാണ് രാഹുലിന്റെ ഈ വാക്കുകളും വിദ്യാർഥിനികൾ ഏറ്റെടുത്തത്.

രാഹുൽ ഗാന്ധിയുടെ പുതുച്ചേരി സന്ദർശന വേളയിൽ ഭാരതി ദാസൻ സർക്കാർ വനിതാ കോളജിലെ വിദ്യാർഥികളുമായുള്ള സംവാദമാണ് ദേശീയ തലത്തിൽ ശ്രദ്ധ നേടിയത്. നിരവധി പേർ ഈ വീഡിയോ ഷെയർ ചെയ്‌തിട്ടുണ്ട്.

നേരത്തെ, സംവാദത്തിനിടെ തന്റെ അടുത്തേക്ക് എത്തിയ വിദ്യാർഥിനിയെ രാഹുൽ സന്തോഷിപ്പിച്ചതിന്റെ വീഡിയോയും വൈറലായിരുന്നു. രാഹുലിന്റെ ഓട്ടോഗ്രാഫ് വാങ്ങാൻ വേദിക്കരികെ എത്തിയതായിരുന്നു വിദ്യാർഥിനി. രാഹുൽ വിദ്യാർഥിനിയുടെ പുസ്‌തകം വാങ്ങി ഒപ്പിട്ടു. പിന്നീട് നടന്ന കാര്യങ്ങൾ വളരെ ഹൃദ്യമാണ്.

രാഹുൽ പുസ്‌തകത്തിൽ ഒപ്പിടുമ്പോൾ പെൺകുട്ടി സന്തോഷം കൊണ്ട് തുള്ളിച്ചാടുകയായിരുന്നു. അതിനുശേഷം രാഹുൽ പെൺകുട്ടിക്ക് കൈ കൊടുത്തു. രാഹുലിന്റെ കൈ പിടിച്ച് പെൺകുട്ടി തുള്ളിച്ചാടാൻ തുടങ്ങി. അതിനുശേഷം രാഹുൽ വിദ്യാർഥിനിയെ ചേർത്തുപിടിക്കുകയും ക്യാമറയിലേക്ക് നോക്കാൻ ആവശ്യപ്പെടുകയും ചെയ്‌തു. സദസിലെ മറ്റ് കുട്ടികളെല്ലാം ഇതുകണ്ട് കൈയടിക്കുകയും ആർപ്പുവിളിക്കുകയും ചെയ്തു. കവിളിൽ തലോടിയും തലയിൽ കൈവച്ച് അനുഗ്രഹിച്ചുമാണ് രാഹുൽ വിദ്യാർഥിനിയെ സന്തോഷിപ്പിച്ചത്.

അതേസമയം, പുതുച്ചേരി സന്ദർശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനങ്ങളാണ് രാഹുൽ ഉന്നയിച്ചത്. താൻ ഇന്ത്യയുടെ പ്രധാനമന്ത്രി ആണെന്നല്ല, മറിച്ച് രാജാവാണെന്ന് വിചാരിച്ചാണ് മോദി പ്രവർത്തിക്കുന്നതെന്ന് രാഹുൽ പരിഹസിച്ചു.

ന്യൂഡല്‍ഹി: അന്തരിച്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ക്യാപ്റ്റന്‍ സതീഷ് ശര്‍മയുടെ അന്തിമകര്‍മങ്ങളില്‍ പങ്കെടുത്ത് രാഹുല്‍ ഗാന്ധി. രാജീവ് ഗാന്ധിയുമായി അടുത്ത ആത്മബന്ധമുണ്ടായിരുന്ന സതീഷ് ശര്‍മയോടുള്ള പ്രത്യേക ആദരവ് ചടങ്ങിലുടനീളം രാഹുല്‍ ഗാന്ധി പ്രകടിപ്പിച്ചു. മുന്‍ കേന്ദ്രമന്ത്രി കൂടിയായ ക്യാപ്റ്റന്‍ സതീഷ് ശര്‍മയ്ക്ക് ആദാരഞ്ജലി അര്‍പ്പിക്കുന്നതായും ജനങ്ങള്‍ക്കായി അദേഹം നല്‍കിയ സംഭാവനകള്‍ എക്കാലവും ഓര്‍മിക്കപ്പെടുമെന്നും കോണ്‍ഗ്രസ് പാര്‍ട്ടി ട്വിറ്ററിലൂടെ അറിയിച്ചു.

ശര്‍മയുടെ ശവമഞ്ചം ചുമന്ന് നീങ്ങുന്ന രാഹുല്‍ ഗാന്ധിയുടെ ചിത്രങ്ങളും കോണ്‍ഗ്രസ് പാര്‍ട്ടി പങ്കുവച്ചു. ഫെബ്രുവരി 17ന് ഗോവയില്‍ വച്ചായിരുന്നു സതീഷ് ശര്‍മ അന്തരിച്ചത്. ക്യാപ്റ്റന്‍ സതീഷ് ശര്‍മയുടെ മരണത്തില്‍ അതിയായ ദുഃഖമുണ്ടെന്ന് രാഹുല്‍ ട്വീറ്റ് ചെയ്തു. അദേഹത്തിന്റെ കുടുംബത്തോടും സുഹൃത്തുക്കളോടും സ്‌നേഹവും അനുശോചനുംഅറിയിച്ചതിനൊപ്പം സതീഷ് ശര്‍മയുടെ വേര്‍പാട് എക്കാലവും തീരാനഷ്ടമായിരിക്കുമെന്നും ട്വീറ്റില്‍ രാഹുല്‍ പറഞ്ഞു.

1993 മുതല്‍ 1996 വരെ നരസിംഹറാവു മന്ത്രിസഭയില്‍ പെട്രോളിയം മന്ത്രിയായിരുന്നു അദേഹം. ഗാന്ധി കുടുംബത്തിന് സ്വാധീനമുള്ള റായ്ബറേലി, അമേഠി മണ്ഡലങ്ങളെ പ്രതിനിധീകരിച്ച് മൂന്ന് തവണ പാര്‍ലമെന്റ് അംഗമായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. മൂന്നു തവണ രാജ്യസഭാംഗവുമായിരുന്നു അദേഹം.

രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിനിയായിരിക്കെ കാണാതായ ജസ്‌നയെ കണ്ടെത്താൻ ഇനി സിബിഐയുടെ അന്വേഷണം. ജസ്‌ന തിരോധാനക്കേസ് സിബിഐക്ക് വിടാൻ ഹൈക്കോടതി ഉത്തരവിട്ടു. കേസ് ഏറ്റെടുക്കാമെന്ന് സിബിഐ നേരത്തെ ഹൈക്കോടതിയെ അറിയിച്ചിരുന്നു. സിബിഐ തിരുവനന്തപുരം യൂണിറ്റാണ് കേസ് അന്വേഷിക്കുക.കേസിലെ ഇതുവരെയുള്ള അന്വേഷണ റിപ്പോർട്ടും ക്രൈം ബ്രാഞ്ച് കോടതിയിൽ സമർപ്പിച്ചു.

അതേസമയം ജസ്‌ന തിരോധാനക്കേസിൽ മനുഷ്യസാധ്യമായ എല്ലാ ഇടപെടലും നടത്തിയെന്നാണ് സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചത്. മറ്റൊരു ഏജൻസി കേസ് അന്വേഷിക്കുന്നതിൽ എതിർപ്പില്ലെന്നും സർക്കാർ കോടതിയെ അറിയിച്ചിരുന്നു. തുടർന്നാണ് ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കാൻ ഹൈക്കോടതി സിബിഐയോട് ആവശ്യപ്പെട്ടത്.

കോടതിയിൽ ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ കേസ് ഏറ്റെടുക്കാൻ സിബിഐ സന്നദ്ധമാണെന്ന് അറിയിച്ചു. ജസ്‌നയുടെ തിരോധാനം ഗൗരവമുള്ളതാണെന്നും അന്തർ സംസ്ഥാന ബന്ധങ്ങൾ കേസിനുണ്ടെന്നും അസിസ്റ്റന്റ് സോളിസിറ്റർ ജനറൽ കോടതിയെ അറിയിച്ചു.

സിബിഐക്ക് ഉദ്യോഗസ്ഥരുടെ കുറവുണ്ടെന്നും ഇത് പരിഹരിക്കാനുള്ള ഇടപെടൽ ഉണ്ടാവണമെന്നുമുള്ള സോളിസിറ്റർ ജനറലിന്റൈ അപേക്ഷയും അംഗീകരിച്ചുകൊണ്ടാണ് കേസ് സിബിഐക്ക് കൈമാറിക്കൊണ്ട് ഹൈക്കോടതി ഉത്തരവിട്ടത്.

കേരളത്തില്‍ ബിജെപി അധികാരത്തില്‍ വന്നാല്‍ മുഖ്യമന്ത്രി ആകാന്‍ താന്‍ തയ്യാറാണെന്ന് മെട്രോമാന്‍ ഇ ശ്രീധരന്‍. ബിജെപിയെ കേരളത്തില്‍ അധികാരത്തില്‍ എത്തിക്കാനുള്ള ഉദ്ദേശത്തോടെയാണ് രാഷ്ട്രീയത്തില്‍ പ്രവേശിച്ചതെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തെ കടക്കെണിയില്‍ നിന്ന് രക്ഷിക്കാനും അടിസ്ഥാന സൗകര്യ വികസനത്തിനുമാകും പ്രാമുഖ്യം നല്‍കുകയെന്നും ശ്രീധരന്‍ പ്രതികരിച്ചു. വാര്‍ത്താ ഏജന്‍സിയായ പിടിഐയോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഭരണഘടനാ പദവിയായ ഗവര്‍ണര്‍ക്ക് കൂടുതല്‍ അധികാരമില്ല. അതു കൊണ്ട് തന്നെ ആ സ്ഥാനത്ത് നിന്നുകൊണ്ട് സംസ്ഥാനത്തിന് വേണ്ടി പ്രവര്‍ത്തിക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ദിവസമാണ് ശ്രീധരന്‍ ബിജെപിയില്‍ ചേരുന്നുവെന്ന് സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ വ്യക്തമാക്കിയത്. കെ സുരേന്ദ്രന്‍ നയിക്കുന്ന വിജയ യാത്രയ്ക്കിടെ ഞായാറാഴ്ച ശ്രീധരന്‍ ഔദ്യോഗികമായി ബിജെപിയില്‍ ചേരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

‘കേരളത്തിലേക്ക് വ്യവസായങ്ങള്‍ വരണം. കഴിഞ്ഞ 20 വര്‍ഷമായി ഒരു നല്ല വ്യവസായം കേരളത്തില്‍ വന്നിട്ടില്ല. വരാന്‍ സമ്മതിക്കുന്നില്ല ഇവിടുത്തെ ആള്‍ക്കാര്‍. ആ സ്വഭാവം മാറണം. വ്യവസായങ്ങള്‍ വരാതെ ആളുകള്‍ക്ക് ജോലി കിട്ടില്ല. അടിസ്ഥാന സൗകര്യ വികസനത്തില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് താല്പര്യമുള്ളത് മാത്രമാണ് ഇപ്പോള്‍ നടക്കുന്നത്.

രാജ്യത്തിന് ഗുണം നോക്കി ചെയ്യുന്നില്ല. ഉദാഹരണത്തിന് സില്‍വര്‍ ലൈന്‍. അതുകൊണ്ട് ഒരു ഗുണവും കേരളത്തിന് ഉണ്ടാകാന്‍ പോകുന്നില്ല. അവര്‍ക്ക് രാഷ്ട്രീയ സൗകര്യം കിട്ടുന്നത് ചെയ്തിട്ട് കാര്യമില്ല. രാജ്യത്തിന് എന്താണ് വേണ്ടത് അതാണ് ചെയ്യേണ്ടത്.’ – ശ്രീധരന്‍ പറഞ്ഞു.

ചെയ്യുന്ന കര്‍മം നാടിന് ഉപകാരപ്പെടണം എന്നതാണ് ചിന്തയെന്നും അദ്ദേഹം പറഞ്ഞു. അതല്ലെങ്കില്‍ പലാരിവട്ടം പാലം ഏറ്റെടുക്കേണ്ട ആവശ്യമില്ല. പാലാരിവട്ടം ഞങ്ങള്‍ എടുത്തില്ലെങ്കില്‍ അത് കഴിയാന്‍ ഒരു 18 മാസമെടുക്കും. അതുവരെ നാട്ടുകാര്‍ക്ക് വലിയ ഉപദ്രവമായിരിക്കും. തങ്ങള്‍ അഞ്ചര മാസം കൊണ്ടാണ് പൂര്‍ത്തിയാക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

കൊച്ചി: ജസ്‌ന തിരോധാനക്കേസ് സിബിഐക്ക് വിടാന്‍ ഹൈക്കോടതി ഉത്തരവ്. കേസ് ഏറ്റെടുക്കാമെന്ന് സിബിഐ കോടതിയെ അറിയിച്ചിരുന്നു. സിബിഐ തിരുവനന്തപുരം യൂണിറ്റാണ് കേസ് അന്വേഷിക്കുക. ഇതുവരെയുള്ള അന്വേഷണ റിപ്പോര്‍ട്ട് ക്രൈം ബ്രാഞ്ച് കോടതിയില്‍ സമര്‍പ്പിച്ചു.

അതേസമയം ജസ്‌ന തിരോധാനക്കേസില്‍ മനുഷ്യസാധ്യമായ എല്ലാ ഇടപെടലും നടത്തിയെന്നാണ് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്. മറ്റൊരു ഏജന്‍സി കേസ് അന്വേഷിക്കുന്നതില്‍ എതിര്‍പ്പില്ലെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. തുടര്‍ന്നാണ് ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കാന്‍ ഹൈക്കോടതി സിബിഐയോട് ആവശ്യപ്പെട്ടത്.

അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ കോടതിയില്‍ ഹാജരായി കേസ് ഏറ്റെടുക്കാന്‍ സിബിഐ സന്നദ്ധനാണെന്ന് അറിയിച്ചു. ജസ്‌നയുടെ തിരോധാനം ഗൗരവമുള്ളതാണെന്നും അന്തര്‍ സംസ്ഥാന ബന്ധങ്ങള്‍ കേസിനുണ്ടെന്നും അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറല്‍ കോടതിയെ അറിയിച്ചു.

സിബിഐക്ക് ഉദ്യോഗസ്ഥരുടെ കുറവുണ്ടെന്നും ഇത് പരിഹരിക്കാനുള്ള ഇടപെടല്‍ ഉണ്ടാവണമെന്നും സോളിസിറ്റര്‍ ജനറല്‍ കോടതിയില്‍ അറിയിച്ചു. ഇത് അംഗീകരിച്ചുകൊണ്ടാണ് കേസ് സിബിഐക്ക് കൈമാറുന്നുവെന്ന് ഹൈക്കോടതി വ്യക്തമാക്കിയത്.

ഷെറിൻ പി യോഹന്നാൻ

പല രാജ്യങ്ങളിലായി, വിവിധ ഭാഷകളിൽ റീമേക്ക് ചെയ്യപ്പെട്ട മലയാള ചിത്രമെന്ന നിലയിൽ മാത്രമല്ല ദൃശ്യം ഇന്നും പ്രേക്ഷകമനസ്സുകളിൽ നിറഞ്ഞുനിൽക്കുന്നത്. ഒരു ഫാമിലി ഡ്രാമ പ്രതീക്ഷിച്ചുപോയവരെ ഞെട്ടിപ്പിച്ചുകൊണ്ടാണ് ജീത്തു ജോസഫ് കഥ പറഞ്ഞത്. ‘ദൃശ്യം എഫക്ട്’ പിന്നീട് വന്ന മലയാള സിനിമകളെയും സ്വാധീനിച്ചിരുന്നു. ഒരു മാസ്റ്റർപീസ് സിനിമയുടെ സീക്വലുമായി അതെ സംവിധായകൻ എത്തുമ്പോൾ ആ ആത്മവിശ്വാസത്തെ കുറച്ചുകാണരുതെന്ന മുന്നറിയിപ്പുണ്ടായിരുന്നു. യഥാർത്ഥത്തിൽ ദൃശ്യം 2 ന്റെ വിജയം അവിടുന്നാണ് ആരംഭിച്ചത്.

positives : രണ്ടാം ഭാഗത്തിന്റെ ഭൂരിഭാഗവും ഒരു ഫാമിലി ഡ്രാമ എന്ന നിലയിൽ ആണെങ്കിലും പ്രേക്ഷകനെ പിടിച്ചിരുത്തുന്നത് ‘ഇനിയെന്ത്’ എന്നുള്ള ചോദ്യം തന്നെയാണ്. ആദ്യപകുതിയുടെ അവസാനം മുതലുള്ള സീനുകൾ എൻഗേജിങ് ആയിരുന്നു. പ്രേക്ഷകൻ പ്രതീക്ഷിക്കാത്ത ട്വിസ്റ്റുകൾ തന്നെയാണ് ഈ സിനിമയുടെ ശക്തിയും. അത് അനുയോജ്യമായ സമയത്ത് പ്ലേസ് ചെയ്തതുകൊണ്ടാണ് ചിത്രം കൂടുതൽ ശക്തമായത്. ആദ്യപകുതിയിൽ അപ്രധാനമെന്ന് തോന്നിയ പലതും ക്ലൈമാക്സിൽ വളരെ സുപ്രധാന സംഗതികളായി മാറ്റിയെടുക്കാൻ ജീത്തു ജോസഫിന് കഴിഞ്ഞിട്ടുണ്ട്.

വൻ വിജയം നേടിയ ചിത്രത്തിന്റെ രണ്ടാം ഭാഗം ആയിട്ടും സിംപിൾ ആയ മേക്കിങ് സ്റ്റൈൽ, നല്ല സബ്പ്ലോട്ടുകൾ, ക്ലാസ്സ്‌ ബിജിഎം, കഥാഗതിയെ നിർണയിക്കുന്ന ശക്തമായ പ്രകടനങ്ങൾ എന്നിവ ദൃശ്യം 2നെ തൃപ്തികരമാക്കി മാറ്റുന്നു. കണ്ടിന്യൂവിറ്റി അടക്കമുള്ള കാര്യങ്ങളിൽ സൂക്ഷ്മമായി ശ്രദ്ധ ചെലുത്തിയാണ് ചിത്രം ഒരുക്കിയെടുത്തിട്ടുള്ളത്. മോഹൻലാലിന്റെ പ്രകടനം മെച്ചപ്പെട്ടിട്ടുണ്ടെങ്കിലും പഴയ ലാലേട്ടനെ അതേപടി തിരിച്ചുകിട്ടിയെന്ന് പറയുന്നവരോട് വ്യക്തിപരമായി യോജിപ്പില്ല. ക്ലൈമാക്സിൽ നായകനെ വെള്ളപൂശി കാണിക്കാനുള്ള ശ്രമവും നടന്നിട്ടില്ല.

 

negatives : ചിത്രത്തിന്റെ തുടക്കം മികച്ചതായി തോന്നിയില്ല. ജോർജ്കുട്ടിയുടെ വക്കീലിന്റെ കോർട്ട് റൂം പെർഫോമൻസ്, ഔട്ടോ ഡ്രൈവർമാരുടെ പ്രകടനം എന്നിവ നന്നായിരുന്നില്ല. പല ട്വിസ്റ്റുകളും അൺറിയലിസ്റ്റിക് പാതയിലൂടെ സഞ്ചരിച്ചതായി അനുഭവപ്പെട്ടു. എന്നാൽ ആദ്യകാഴ്ചയിൽ അതൊരു പോരായ്മയായി തോന്നില്ല.

last word – ദൃശ്യത്തെക്കാൾ മികച്ചതെന്ന് അവകാശപ്പെടാനില്ല. എന്നാൽ ആദ്യ ഭാഗത്തോട് നീതി പുലർത്തിയ രണ്ടാം വരവ്. കണ്ടിരിക്കേണ്ട ചിത്രം.

സൂപ്പർസ്റ്റാർ ചിത്രങ്ങൾ ഇറക്കിയാൽ തീരാവുന്ന അയിത്തമേ ഒടിടിയോട് ഉള്ളൂ എന്നതിന്റെ തെളിവാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പ്രൈം മെമ്പർഷിപ്പ് എടുത്തവരുടെ എണ്ണം. ഇൻഡസ്ട്രി ഹിറ്റ് ആവേണ്ട ചിത്രമായിരുന്നുവെന്ന വിലാപം മുഴക്കി ടെലിഗ്രാം തേടിപോകുന്നവരുടെ എണ്ണവും ചെറുതല്ല. ഈ ചിത്രം കാശ് മുടക്കിതന്നെ കാണുക. ആ വിജയം ജീത്തു ജോസഫും ദൃശ്യം 2വും അർഹിക്കുന്നുണ്ട്.

RECENT POSTS
Copyright © . All rights reserved