India

കോളേജിൽ ക്രൂരമായി ജൂനിയർ വിദ്യാർത്ഥികളെ റാഗ് ചെയ്ത കേസിൽ 11 മലയാളി വിദ്യാർത്ഥികൾ അറസ്റ്റിൽ. മംഗളൂരു ഉള്ളാൾ പോലീസാണ് ജൂനിയർ വിദ്യാർത്ഥികളുടെ പരാതിയെ തുടർന്ന് അതേ കോളേജിലെ തന്നെ സീനിയർ വിദ്യാർത്ഥികളെ അറസ്റ്റുചെയ്തത്

രണ്ടുമാസത്തിനിടെ ഇത് രണ്ടാം തവണയാണ് റാഗിങ് കേസിൽ മംഗളൂരുവിൽ മലയാളി വിദ്യാർത്ഥികൾ അറസ്റ്റിലാവുന്നത്. മംഗളൂരു ദർളക്കട്ടെ കണച്ചൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലെ നഴ്‌സിങിലെ ഫിസിയോതെറാപ്പി വിദ്യാർത്ഥികളായ വടകര പാലയാട് പടിഞ്ഞാറെക്കരയിലെ മുഹമ്മദ് ഷമ്മാസ് (19), കോട്ടയം അയർക്കുന്നത്തെ റോബിൻ ബിജു (20), വൈക്കം എടയാറിലെ ആൽവിൻ ജോയ് (19), മഞ്ചേരി പയ്യനാട്ടെ ജാബിൻ മഹ്‌റൂഫ് (21), കോട്ടയം ഗാന്ധിനഗറിലെ ജെറോൺ സിറിൽ (19), പത്തനംതിട്ട മങ്കാരത്തെ മുഹമ്മദ് സുറാജ് (19), കാസർകോട് കടുമേനിയിലെ ജാഫിൻ റോയിച്ചൻ (19), വടകര ചിമ്മത്തൂരിലെ ആസിൻ ബാബു (19), മലപ്പുറം തിരൂരങ്ങാടി മമ്പറത്തെ അബ്ദുൾ ബാസിത് (19), കാഞ്ഞങ്ങാട് ആനന്ദാശ്രമം ഇരിയയിലെ അബ്ദുൾ അനസ് മുഹമ്മദ് (21), ഏറ്റുമാനൂർ കനകരിയിലെ കെ.എസ്. അക്ഷയ് (19) എന്നിവരാണ് അറസ്റ്റിലായത്.

കോളേജിലെ ജൂനിയറായ അഞ്ച് മലയാളി വിദ്യാർത്ഥികളാണ് പരാതിയുമായി രംഗത്തെത്തിയത്. 11 അംഗ മലയാളി വിദ്യാർത്ഥി സംഘം റാഗ് ചെയ്‌തെന്നാണ് പോലീസ് കണ്ടെത്തൽ. മുടി മുറിച്ചുമാറ്റുക, താടി വടിപ്പിക്കുക, തീപ്പെട്ടിക്കമ്പുകൊണ്ട് മുറി അളപ്പിക്കുക എന്നിവ ചെയ്യിപ്പിച്ചതായി റാഗിങ്ങിനിരയായ വിദ്യാർത്ഥികൾ നൽകിയ പരാതിയിൽ പറയുന്നു. ശാരീരികമായി ഉപദ്രവിച്ചതായും പരാതിയിലുണ്ട്.

റാഗിങ്ങിനിരയായ അഞ്ച് വിദ്യാർഥികളും ചേർന്ന് കഴിഞ്ഞദിവസം കോളേജ് മാനേജ്‌മെന്റിന് പരാതി നൽകുകയായിരുന്നു. മാനേജ്‌മെന്റാണ് പോലീസിനെ വിവരമറിയിച്ചത്. 18 പേരടങ്ങിയ സംഘമാണ് റാഗിങ്ങിന് നേതൃത്വം നൽകിയതെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. നിലവിൽ പരാതിയിൽ പറഞ്ഞ 11 പേർക്കെതിരെയാണ് കേസെടുത്തതെന്ന് സിറ്റി പോലീസ് കമ്മീഷണർ എൻ ശശികുമാർ പറഞ്ഞു.

റാഗിങ്ങിനിരയായാൽ വിദ്യാർത്ഥികൾക്ക് അക്കാര്യം കോളേജ് അധികൃതരെ അറിയിക്കാം. അല്ലെങ്കിൽ ഓഫീസിൽ നേരിട്ടുവന്ന് പറയാമെന്നും സിറ്റി പോലീസ് കമ്മീഷണർ അറിയിച്ചിട്ടുണ്ട്.

കഷ്ടപ്പാടും ദാരിദ്രവും നിറഞ്ഞ ഇന്നലെകളിൽ നിന്നും മന്യ സിങ് എന്ന യുപി സ്വദേശിനി ഇന്ന് മിസ് ഇന്ത്യ റണ്ണറപ്പ് കിരീടം ചൂടിയാണ് മാതൃകയായ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. സ്വപ്‌നങ്ങൾ കാണുന്ന നിങ്ങൾക്ക് ശോഭനമായ ഒരു നാളെയുണ്ടാകൂ എന്ന് വീണ്ടും തെളിയിച്ചിരിക്കുകയാണ് ഉത്തർപ്രദേശ് സ്വദേശിനി.

ഉത്തർപ്രദേശിലെ ഖുശിനഗറിൽ ഓട്ടോറിക്ഷാ ഡ്രൈവറായ ഓംപ്രകാശിന്റെ മകളായ മന്യ, മിസ് ഇന്ത്യ വേദി വരെ എത്തിയത് ഏറെ ബുദ്ധിമുട്ടുകൾ സഹിച്ചാണ്. കൈയ്യിലുണ്ടായിരുന്നത് ഏതുസാഹചര്യത്തിലും പഠനത്തെ കൈവിടില്ലെന്ന ഉറച്ചതീരുമാനം മാത്രം. പഠനത്തിന്റെ ആത്മധൈര്യത്തിലാണ് ഈ പെൺകുട്ടി ഇത്രയേറെ ജീവിതപരീക്ഷണത്തിന്റെ പടവുകൾ ചവിട്ടിക്കയറി ഒടുവിൽ വിജയത്തിൽ എത്തി ചേർന്നിരിക്കുന്നത്.

മിസ് റണ്ണറപ് ആയ മന്യ ഇൻസ്റ്റഗ്രാമിൽ പോസ്റ്റു ചെയ്ത കുടുംബചിത്രത്തിനൊപ്പമുള്ള കുറിപ്പിലൂടെയാണ് സ്വന്തം ജീവിതകഥ ലോകത്തെ അറിയിച്ചത്.

‘ഭക്ഷണവും ഉറക്കവുമില്ലാതെ എത്രയോ രാത്രികൾ കഴിച്ചുകൂട്ടി. വണ്ടിക്കൂലി ലാഭിക്കാൻ എത്രയോ കിലോമീറ്ററുകൾ നടന്നു. പാവപ്പെട്ട ഒരു ഓട്ടോ ഡ്രൈവറുടെ മകളെന്ന നിലയിൽ എനിക്കു സ്‌കൂളിൽ പോകാൻ കഴിഞ്ഞില്ല. പതിനാലാം വയസ്സിൽ വീടുവിട്ടു പോകേണ്ടി വന്നു. ജോലിക്കു പോയിത്തുടങ്ങി. വൈകിട്ട് ഹോട്ടലിൽ പാത്രങ്ങൾ കഴുകിയും രാത്രി കോൾ സെന്ററിൽ ജോലി ചെയ്തുമാണ് പഠിക്കാനുള്ള പണം ഞാനുണ്ടാക്കിയത്.അമ്മയുടെ അവസാന തരി പൊന്നും പണയം വച്ചാണ് ഡിഗ്രി പരീക്ഷയ്ക്കു ഫീസടച്ചത്.

പക്ഷേ, എന്റെ ചോരയും കണ്ണീരും എന്റെ ആത്മാവിനു ഭക്ഷണമായി, വലിയ സ്വപ്നങ്ങൾ കാണാൻ ഞാൻ ധൈര്യം കാട്ടി. ഈ മിസ് ഇന്ത്യ മത്സരവേദി എന്റെ അച്ഛനെയും അമ്മയെയും സഹോദരനെയും മെച്ചപ്പെട്ട ജീവിതത്തിലേക്കു കൈപിടിച്ചുയർത്താനുള്ള അവസരമായാണ് ഞാൻ കാണുന്നത്. സ്വപ്നം കാണാനും അതിനായി ആത്മാർഥമായി പരിശ്രമിക്കാനും കഴിഞ്ഞാൽ നമ്മെ ആർക്കും തടഞ്ഞുനിർത്താനാകില്ല.”- മന്യ സോഷ്യൽമീഡിയയിൽ കുറിച്ചു.

മത്സരത്തിൽ തെലങ്കാനയുടെ മാനസ വാരാണസിയാണ് മിസ് ഇന്ത്യ കിരീടം ചൂടിയത്. ഹരിയാനയുടെ മനിക ഷീക്കന്ദ് മിസ് ഗ്രാൻഡ് ഇന്ത്യ ആയി തെരഞ്ഞെടുക്കപ്പെട്ടു.

മുഖ്യമന്ത്രി പിണറായി വിജയന്റെ രണ്ട് ഉപദേഷ്ടാക്കളുടെ സേവനം അവസാനിപ്പിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കി. മാധ്യമ ഉപദേഷ്ടാവ് ജോണ്‍ ബ്രിട്ടാസ്, പൊലീസ് ഉപദേഷ്ടാവ് രമണ്‍ ശ്രീവാസ്തവ എന്നിവരുടെ സേവനമാണ് മാര്‍ച്ച് ഒന്നിന് അവസാനിപ്പിക്കുന്നത്. പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.ആര്‍ ജ്യോതിലാലാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്.

മുഖ്യമന്ത്രിക്ക് ആറ് ഉപദേഷ്ടാക്കളാണ് ഉണ്ടായിരുന്നത്. സാമ്പത്തിക ഉപദേഷ്ടാവായിരുന്ന ഗീതാ ഗോപിനാഥ് രാജിവെച്ച് ഐഎംഎഫിന്റെ ചീഫ് എക്കണോമിസ്റ്റ് സ്ഥാനം ഏറ്റെടുത്തിരുന്നു. ജോണ്‍ ബ്രിട്ടാസിന്റെയും രമണ്‍ ശ്രീവാസ്തയുടെയും സേവനംകൂടി അവസാനിപ്പിച്ചതോടെ മൂന്ന് ഉപദേഷ്ടാക്കളാണ് മുഖ്യമന്ത്രിക്ക് ഇനിയുള്ളത്. പ്രസ്, ശാസ്ത്രം, നിയമം എന്നിവയിലാണ് ഉപദേഷ്ടാക്കളുള്ളത്.

2016 ജൂണിലാണ് പ്രിന്‍സിപ്പല്‍ സെക്രട്ടറി പദവിയില്‍ ബ്രിട്ടാസിനെ നിയമിച്ചത്. 2017 ഏപ്രില്‍ മാസത്തിലാണ് ചീഫ് സെക്രട്ടറി പദവിയില്‍ രമണ്‍ശ്രീവസ്തവയെ നിമിച്ചത്. സര്‍ക്കാരിന്റെ കാലാവധി അവസാനിക്കുന്ന ഘട്ടത്തിലാണ് ഇരുവരുടെയും സേവനം അവസാനിപ്പിക്കുന്നത്. പൊലീസ് ഉപദേശകനെയും മാധ്യമ ഉപദേശകനെയും ഒരു സര്‍ക്കാര്‍ നിയമിക്കുന്നത് ആദ്യമായിട്ടായിരുന്നു.

ദുബായ്: സൗദി, കുവൈത്ത് യാത്രാ വിലക്ക് കാരണം യുഎഇയിൽ കുടുങ്ങിയ പ്രവാസികൾക്ക് കേരളത്തിലേക്ക് മടങ്ങാൻ വിമാന ടിക്കറ്റ് നിരക്കിൽ ഇളവ് നൽകുമെന്ന് എയർ ഇന്ത്യ എക്സ്പ്രസ്. 330 യുഎഇ ദിനാറിന്റെ പ്രത്യേക നിരക്കാണ് നൽകുന്നതെന്ന് കമ്പനി അറിയിച്ചു. കേരളത്തിൽ നിന്നുള്ള, ദുബായ്, ഷാർജ എന്നിവിങ്ങളിൽ കുടുങ്ങിയവർക്കാണ് ഈ ടിക്കറ്റ് നിരക്ക് ലഭിക്കുക.

സൗദിയിലേക്കും കുവൈത്തിലേക്കും യാത്രചെയ്യുന്നതിനായി യുഎഇയിലെ വിമാനത്താവളങ്ങളിലിറങ്ങിയ യാത്രക്കാരാണ് വിവിധ എമിറേറ്റുകളിൽ കുടുങ്ങിക്കിടക്കുന്നത്. സൗദിയിലേക്കും കുവൈത്തിലേക്കും യാത്ര ചെയ്യുന്നതിനിടെ യുഎഇയിൽ കുടുങ്ങിയ ഇന്ത്യക്കാർ നാട്ടിലേക്ക് തിരികെ മടങ്ങണമെന്ന് ദുബായിലെ ഇന്ത്യൻ ചൊവ്വാഴ്ച എംബസി ആവശ്യപ്പെട്ടിരുന്നു.. പത്ര കുറിപ്പിലൂടെയാണ് എംബസി ഇക്കാര്യം അറിയിച്ചത്.

യാത്രാ നിയന്ത്രണം നിലവിലുള്ളതിനാൽ യുഎഇയിലെ ദുബൈ, അബുദാബി എന്നിവിടങ്ങൾ വഴി സൗദിയിലേക്കും കുവൈത്തിലേക്കുമുള്ള യാത്രകൾക്ക് താൽക്കാലിക വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ഏത് രാജ്യത്തേക്കാണോ യാത്ര ചെയ്യുന്നത് ആ രാജ്യത്തെ ഏറ്റവും പുതിയ വ്യവസ്ഥകള്‍ അനുസരിച്ച്‌ മാത്രമേ ഇനിയുള്ള തീരുമാനങ്ങള്‍ കൈക്കൊള്ളാവൂ എന്നും ഇന്ത്യൻ എംബസി നിർദേശിച്ചിട്ടുണ്ട്.

എല്ലാ ഇന്ത്യക്കാരും യാത്രയ്ക്ക് മുന്‍പ് അതത് രാജ്യങ്ങളിലെ നിബന്ധനകളെപ്പറ്റി മനസിലാക്കണമെന്നും എംബസി വാർത്താക്കുറിപ്പിൽ വ്യക്തമാക്കിയിരുന്നു. അപ്രതീക്ഷിതമായ സാഹചര്യങ്ങൾ മുന്നിൽ കണ്ട് പണവും അവശ്യവസ്തുക്കളും ഒപ്പം കരുതണമെന്നും എംബസി മുന്നറിയിപ്പ് നൽകിയിരുന്നു.

നിലവിൽ സൗദി, കുവൈത്ത് യാത്രാമദ്ധ്യേ യുഎഇയിലുള്ള എല്ലാ യാത്രക്കാരും തിരിച്ചുവരുന്ന കാര്യം പരിഗണിക്കണമെന്നും ആ രാജ്യങ്ങളിലെ നിയന്ത്രണങ്ങൾ നീക്കിയ ശേഷം മാത്രം യാത്ര ആസൂത്രണം ചെയ്യാൻ ശ്രമിക്കണമെന്നും എംബസി നിർദേശിക്കുന്നു.

വിജയ് ഹസാരെ ട്രോഫിയ്ക്കുളള കേരള ടീമിനെ പ്രഖ്യാപിച്ചു. സച്ചിന്‍ ബേബി നയിക്കുന്ന 20 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. വിഷ്ണു വിനോട് ആണ് ഉപനായകന്‍. ഈ സീസണിലെ മുഷ്താഖ് അലി ട്രോഫി ട്വന്റി 20യില്‍ സഞ്ജു സാംസണായിരുന്നു കേരളത്തെ നയിച്ചത്.

സഞ്ജു വി സാംസണ്‍, എസ് ശ്രീശാന്ത്, റോബിന്‍ ഉത്തപ്പ തുടങ്ങിയ ഇന്ത്യന്‍ താരങ്ങള്‍ ടീമില്‍ ഇടംപിടിച്ചിട്ടുണ്ട്. സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലെ ഹീറോ അസറുട്ടീന്‍, ജലജ് സക്‌സേന, മുഹമ്മദ് നിസാര്‍ തുടങ്ങിവരും ടീമിലുണ്ട്. ബേസില്‍ തമ്പിയും ടീമില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

മുന്‍ ഇന്ത്യന്‍ താരം ടിനു യോഹന്നാനാണ് കേരളത്തിന്റെ പരിശഈലകന്‍. ടിനുവിനെ സഹായിക്കാന്‍ ആറംഘ സംഘത്തേയും നിയോഗിച്ചിട്ടുണ്ട്. ഫെബ്രുവരി 13 മുതല്‍ ബംഗളൂരുവിലാണ് കേരളത്തിന്റെ മത്സരങ്ങള്‍ നടക്കുക.

കേരള ടീം: സച്ചിന്‍ ബേബി, രോഹന്‍ എസ്, മുഹമ്മദ് അസറൂദീന്‍, സഞ്ജു സാംസണ്‍, വിഷ്ണു വിനോദ്, റോബിന്‍ ഉത്തപ്പ, സല്‍മാന്‍ നിസാര്‍, വത്സല്‍ ഗോവിന്ദ്, ജലജ് സക്‌സേന, അക്ഷയ് ചന്ദ്രന്‍, വിനൂപ് എസ്, സിജോമോന്‍ ജോസഫ്, മിഥുന്‍ എസ്, ബേസില്‍ എന്‍പി, അരുണ്‍ എം, നിദീഷ് എംഡി, ശ്രീരൂപ് എംപി, എസ് ശ്രീശാന്ത്, ഫാനൂസ് എഫ്, രോജിത് കെജി

കോട്ടയം: ജോസ്.കെ മാണിയെ കേരള കോണ്‍ഗ്രസ്(എം) ചെയര്‍മാനായി അംഗീകരിച്ച് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍. കേരള കോണ്‍ഗ്രസ്(എം) എന്ന പേരും രണ്ടില ചിഹ്നവും ജോസ്.കെ. മാണി നയിക്കുന്ന വിഭാഗത്തിന് അനുവദിച്ചതിന്റെ തുടര്‍ച്ചയായി പാര്‍ട്ടി ചെയര്‍മാനായി ജോസ്.കെ. മാണിയെ തിരഞ്ഞെടുത്ത നടപടിക്കും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകാരം നല്‍കി.

ചെയര്‍മാനായി ജോസ്.കെ. മാണിയേയും മറ്റ് ഭാരവാഹികളെയും അംഗീകരിച്ചതിന്റെ വിശദാംശങ്ങള്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു.

ആത്യന്തികമായി സത്യം വിജയിക്കുമെന്ന് തെളിയിക്കുന്നതാണ് ഈ തീരുമാനമെന്ന് കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ്.കെ. മാണി പറഞ്ഞു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം പോലും അംഗീകരിക്കാതെ വ്യാപകമായി നുണ പ്രചാരണങ്ങള്‍ ഉണ്ടായപ്പോഴും നിശ്ചയദാര്‍ഢ്യത്തോടെ സത്യത്തിന്റെ പാതയില്‍ ഉറച്ച് നിന്ന് നടത്തിയ നിയമപോരാട്ടത്തിന്റെയും രാഷ്ട്രീയ പോരാട്ടത്തിന്റെയും വിജയമാണ് ഇതെന്നും ജോസ്.കെ. മാണി പ്രതികരിച്ചു.

ഹൈദരാബാദിനടുത്ത് ഫാര്‍മസി വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താന്‍ ശ്രമം. മേഡ്ചാൽ മൽജാഗിരി ജില്ലയിലാണ് 19 കാരിയെ നാലംഗ സംഘം തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താന്‍ ശ്രമിച്ചത്. ആക്രമണത്തിന് പിന്നില്‍ പീഡനലക്ഷ്യവും ഉണ്ടായിരുന്നതായി സംശയിക്കുന്നു. കൃത്യസമയത്ത് പൊലീസ് എത്തിയതിനാല്‍ പ്രതികള്‍ ശ്രമം ഉപേക്ഷിച്ച് രക്ഷപ്പെട്ടു. പ്രതികളില്‍ രണ്ടുപേര്‍ പിടിയിലായി.

ഹൈദരാബാദിനോട് ചേർന്നുള്ള മേഡ് ചാൽ മാൽജാഗിരി ജില്ലയിലാണ് തട്ടിക്കൊണ്ടുപോകല്‍ അരങ്ങേറിയത്. കോളജില്‍നിന്ന് വീട്ടിലേക്ക് മടങ്ങിയ 19കാരി വൈകീട്ട് ആറു മണിയോടെ ഓട്ടോയില്‍ കയറി. ഒരു സ്ത്രീയും കുട്ടിയും ഒാട്ടോയിലുണ്ടായിരുന്നു. അടുത്ത സ്ഥലത്ത് ഇവര്‍ ഇറങ്ങിയതോടെ ആക്രമി സംഘത്തിലെ രണ്ടുപേര്‍ ഒാട്ടോയില്‍ കയറി. കുറച്ച് മാറി ഒാട്ടോ നിര്‍ത്തി പെണ്‍കുട്ടിയെ മറ്റൊരു വാഹനത്തിലേക്ക് വലിച്ചുകയറ്റി. വാഹനത്തില്‍വച്ച് പെണ്‍കുട്ടി വീട്ടിലേക്ക് മൊബൈലില്‍ വിളിച്ചതാണ് തുണയായത്.

വീട്ടുകാര്‍ നല്‍കിയ വിവരവും, പെണ്‍കുട്ടിയുടെ മൊബൈല്‍ സിഗ്നലും പിന്തുടര്‍ന്നെത്തിയ പൊലീസ് ഒടുവില്‍ വാഹനം കണ്ടെത്തി. അപ്പോള്‍ തൊട്ടടുത്ത കുറ്റിക്കാട്ടില്‍ ആക്രമിസംഘം പെണ്‍കുട്ടിയെ എത്തിച്ച് ആക്രമണം തുടങ്ങിയിരുന്നു. പൊലീസിനെ കണ്ട സംഘം മരക്കഷ്ണം കൊണ്ട് പെണ്‍കുട്ടിയുടെ തലയില്‍ അടിച്ചുവീഴ്ത്തിയശേഷം ഒാടി രക്ഷപ്പെട്ടു. കാലുകള്‍ക്കും തലയിലും ഗുരുതരമായി പരുക്കേറ്റ വിദ്യാര്‍ഥിനി ചികില്‍സയിലാണ്. പൊലീസ് നടത്തിയ തിരച്ചിലില്‍ രണ്ടു പ്രതികള്‍ പിടിയിലായി.

ഉത്തരാഖണ്ഡില്‍ വീണ്ടും പ്രളയഭീതി. ഋഷിഗംഗ നദിയില്‍ ജനലനിരപ്പ് ഉയരുന്നതിനെ തുടര്‍ന്ന് താഴ്ന്ന ഭാഗങ്ങളില്‍ താമസിക്കുന്നവരെ ഒഴിപ്പിച്ചു. തപോവനിലെ തുരങ്കങ്ങളില്‍ കുടുങ്ങിയവരെ കണ്ടെത്താനുള്ള രക്ഷാപ്രവര്‍ത്തനം അല്‍പസമത്തേക്ക് നിര്‍ത്തവച്ചെങ്കിലും പിന്നീട് പുനരാരംഭിച്ചു. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് അധികൃതര്‍ അറിയിക്കുന്നത്. ഞായറാഴ്ചത്തെ മിന്നല്‍പ്രളയത്തില്‍ പെട്ടവരില്‍ 35 പേരുടെ മൃതദേഹങ്ങള്‍ ഇതുവരെ കണ്ടെടുത്തു.

കഴിഞ്ഞ ഞായറാഴ്ചയിലെ ഉരുള്‍പൊട്ടലും മിന്നല്‍ പ്രളയവും ഉണ്ടാക്കിയ ദുരിതത്തില്‍ നിന്ന് ചമോലി ജില്ല മുക്തമാകും മുമ്പാണ് പുതിയ ഭീതി. മലമുകളില്‍ നിന്നും ഉരുള്‍പൊട്ടലിന്‍റെ ശബ്ദം കേട്ടതായി നാട്ടുകാര്‍ അധികൃതരെ അറിയിച്ചിരുന്നു. പിന്നാലെ ഋഷിഗംഗ നദിയിലെ ജനലനിരപ്പ് ഉയര്‍ന്നു. ഇതോടെയാണ് ആശങ്ക ഉയര്‍ന്നത്. മുന്‍കരുതലിന്‍റെ ഭാഗമായി താഴ്ന്ന ഭാഗങ്ങളില്‍ താമസിക്കുന്നവരെ ഉടന്‍ സുരക്ഷിത ഇടങ്ങളിലേക്ക് മാറ്റി.

തപോവനിലെ തുരങ്കങ്ങളില്‍ കുടുങ്ങിക്കിടക്കുന്നവരെ കണ്ടെത്തുന്നതിനുള്ള രക്ഷാപ്രവര്‍ത്തനം അല്‍പസമയം നിര്‍ത്തിവച്ചു. രക്ഷാപ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്ന വാഹനങ്ങളും ഉപകരണങ്ങളും പ്രദേശത്ത് നിന്ന് മാറ്റി. ജലനിരപ്പ് ക്രമാതീതമായി വര്‍ധിക്കുന്നില്ലെന്ന് കണ്ടതോടെ രക്ഷാപ്രവര്‍ത്തനം പരിമിതമായ തോതില്‍ പുനരാരംഭിക്കുകയും ചെയ്തു. തപോവനിലെ തുരങ്കങ്ങളില്‍ മുപ്പത്തിയഞ്ചോളം പേര്‍ കുടുങ്ങിക്കിടക്കുന്നുവെന്നണ് കരുതുന്നത്. അഞ്ച് ദിവസമായി തുടരുന്ന 24 മണിക്കൂര്‍ രക്ഷാദൗത്യത്തിന് ശേഷവും തുരങ്കങ്ങള്‍ക്കകത്തേക്ക് പ്രവേശിക്കാനായിട്ടില്ല.

ഉത്തരാഖണ്ഡില്‍ മഞ്ഞുമല തകര്‍ന്നുണ്ടായ അപ്രതീക്ഷിത പ്രളയത്തില്‍ നിരവധി പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. എന്നാല്‍ അപകടം നടക്കുന്നത് അളകനന്ദ നദിയിലെ മത്സ്യങ്ങള്‍ മുന്‍കൂട്ടി കണ്ടിരുന്നു എന്നാണ് വിദഗ്ധരുടെ അഭിപ്രായം.

ഞായറാഴ്ചയാണ് മഞ്ഞുമല ഇടിഞ്ഞ് വീണ് ദുരന്തമുണ്ടായത്. ഇതിന് മുന്‍പ് അളകനന്ദ നദിയില്‍ ചാകര എന്ന പോലെ മീനുകള്‍ ഒരു പ്രദേശത്ത് കൂട്ടം കൂടിയതായി നാട്ടുകാര്‍ പറയുന്നു. ഇത് പ്രകൃതിക്ഷോഭം മുന്‍കൂട്ടി കാണാന്‍ മത്സ്യങ്ങള്‍ക്ക് കഴിവുണ്ടെന്നതിന്റെ തെളിവാണെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.

രാവിലെ ഒന്‍പത് മണിയോടെ വന്‍ തോതില്‍ മത്സ്യങ്ങള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന്, ലാസു ഗ്രാമ വാസികള്‍ ബക്കറ്റുകളും, പാത്രങ്ങളുമൊക്കെയായി മത്സ്യം ശേഖരിക്കാന്‍ രംഗത്തു വന്നു. ചൂണ്ടയോ വലയോ ഉപയോഗിക്കാതെ തന്നെ പിടിക്കാവുന്ന തരത്തിലാണ് മീനുകള്‍ പ്രത്യക്ഷപ്പെട്ടത്. വരാന്‍ പോകുന്ന പ്രളയത്തിന്റെ മുന്നോടിയായിരുന്നു ഈ ചാകര. മീനുകള്‍ വെള്ളത്തില്‍ കൂട്ടം കൂടിയപ്പോള്‍ വെള്ളിയുടെ നിറമായിരുന്നുവെന്നും ആളുകള്‍ പറയുന്നു.

കാര്‍പ്പ്, മഷീര്‍ തുടങ്ങിയ ഇനത്തില്‍പ്പെട്ട മീനുകളാണ് കൂട്ടമായി എത്തിയത്. അടിത്തട്ടിലേക്ക് പോകാതെ ഉപരിതലത്തിലാണ് മീനുകള്‍ കൂട്ടമായി എത്തിയത്. പുഴയുടെ തീരങ്ങളിലാണ് ഇവയെ കൂട്ടത്തോടെ കണ്ടത്. മഞ്ഞുമല ഇടിയുന്നതിന് മുന്‍പ് ഉപരിതലത്തിലുണ്ടായ പ്രകമ്പനങ്ങളാകാം മീനുകളുടെ വിചിത്ര പെരുമാറ്റത്തിന് കാരണമെന്നാണ് വിദഗ്ധര്‍ പറയുന്നത്. വെള്ളപ്പൊക്കത്തിന് മുന്‍പ് ഉണ്ടാകുന്ന ശബ്ദവീചികള്‍ പിടിച്ചെടുക്കാന്‍ മീനുകള്‍ക്ക് കഴിവുണ്ടെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു.

ചമൗലിയിലെ ദൗലി ഗംഗയുടെ മറ്റു കൈവഴികളായ നന്ദ് പ്രയാഗ്, ലങ്കാസു, കര്‍ണപ്രായാഗ് എന്നിവയിലും ഇതേ പ്രതിഭാസം നടന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. ആഴത്തില്‍ മാത്രം കാണപ്പെടാറുള്ള പല മത്സ്യങ്ങളും പെട്ടെന്ന് പിടിക്കാനാവുന്ന വിധത്തില്‍ പുറത്തെത്തി. ‘സാധാരണ ഗതിയില്‍ മത്സ്യങ്ങള്‍ ഒഴുക്കിനു മധ്യത്തിലൂടെയാണ് നീന്താറുള്ളത്. അത്ഭുതകരമെന്നോളം മീനുകള്‍ കരക്കു സമീപത്തു കൂടെയാണ് ഒഴുകിയത്,’ നാട്ടുകാരനായ അജയ് പുരോഹിത് പറയുന്നു.

‘ലങ്കാസുവിലെ ഗീര്‍സ ഗ്രാമത്തില്‍ ഈ അത്ഭുത പ്രതിഭാസത്തിന് ദൃക്‌സാക്ഷിയാവാന്‍ അനവധി ആളുകള്‍ തടിച്ചു കൂടിയിരുന്നു. വെറും കൈയോടെ മീന്‍ പിടിക്കല്‍ സാധാരണ ഗതിയില്‍ സാധ്യമല്ല. എന്നാല്‍, ഇത്തവണ അത്ഭുതം കാണാന്‍ പോയ പലരും മത്സ്യങ്ങളുമായാണ് തിരിച്ചെത്തിയതെന്നും നാട്ടുകാര്‍ പറയുന്നു.

അതേസമയം, ഇത്രയും അസാധാരണ സംഭവങ്ങള്‍ ഉണ്ടായിട്ടും, വെള്ളം യഥാര്‍ത്ഥ നിറത്തില്‍ നിന്നും ചാര നിറത്തിലേക്ക് മാറിയത് ജനങ്ങള്‍ ശ്രദ്ധിച്ചില്ല. ഉപരിതലത്തിലുള്ള തരംഗങ്ങള്‍ ആണ് ദുരന്തത്തിന് കാരണമായതെന്നാണ് ശാസ്ത്രജ്ഞര്‍ വിശ്വസിക്കുന്നത്. ഇവ മത്സ്യങ്ങളുടെ സെന്‍സറുകളെ സാരമായി ബാധിച്ചിട്ടുണ്ടാവാം. എല്ലാ ജല ജീവികള്‍ക്കും ഉള്ളത് പോലെ മത്സ്യങ്ങള്‍ക്കും ബഹ്യാവയവങ്ങള്‍ ഉണ്ട്. ഇവ വെള്ളത്തിലെ ചെറു ചലനങ്ങളെയും മര്‍ദ്ദ വ്യത്യാസങ്ങളെയും കണ്ടെത്താന്‍ സഹായിക്കുന്നു.

ഈ ഒരു സംഭവത്തില്‍, പ്രളയത്തിന് മുന്‍പുള്ള ശബ്ദം മത്സ്യങ്ങള്‍ മനസ്സിലാക്കിയിട്ടുണ്ടാവാം. വൈദ്യൂത വാഹിനികള്‍ വെള്ളത്തില്‍ വീണ് ഇവക്ക് ഷോക്ക് ഏറ്റിട്ടുണ്ടാവാനും സാധ്യത ഉണ്ട്. വൈല്‍ഡ് ലൈഫ് ഇന്‍സ്റ്റ്യൂട്ടിലെ ശാസ്ത്രജ്ഞനായ ശിവകുമാര്‍ പറയുന്നു.

റിപ്പോര്‍ട്ടുകള്‍ അനുസരിച്ച്, തപോവന്‍ റെനി പ്രദേശത്തെ വൈദ്യുതി പദ്ധതിയില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് വെള്ളപ്പൊക്കത്തില്‍ ജീവന്‍ നഷ്ടപ്പെട്ടിട്ടുണ്ട്. വന്‍ വേഗതയില്‍ വെള്ളം ഒലിച്ചു വന്നതിനെ തുടര്‍ന്ന് വൈദ്യുതി പദ്ധതിയും, നിരവധി വീടുകളും, കെട്ടിടങ്ങളും പൂര്‍ണ്ണമായി ഒലിച്ചു പോയിട്ടുണ്ടെന്നാണ് കണക്കു കൂട്ടുന്നത്.

മോഹൻലാൽ എന്ന നടൻ ക്യാമറയ്ക്ക് മുന്നിൽ എത്തുമ്പോൾ വിരലുകൾ പോലും അദ്ദേഹത്തോടൊപ്പം അഭിനയിക്കും എന്നാണ് പല മുതിർന്ന സംവിധായകരും പറഞ്ഞിട്ടുള്ളത്. കാരണം ഒരു ജോലി എന്നതിലുപരി മോഹൻലാൽ എന്ന നടന് അഭിനയം അദ്ദേഹത്തിന്റെ പാഷനാണ്. എന്നാൽ എന്ന് അതൊരു ജോലി ആയി തോന്നുന്നുവോ അന്ന് താൻ അത് അവസാനിപ്പിക്കും എന്നാണ് അദ്ദേഹം പറയുന്നത്.  ഒരു അഭിമുഖത്തിലാണ് മോഹൻലാൽ ഇക്കാര്യം പറഞ്ഞത്.

“ഇത് ഒരു ജോലിയാണെന്ന് തോന്നുന്ന ദിവസം, അഭിനയം നിർത്തുമെന്ന് ഞാൻ സത്യം ചെയ്യുന്നു,” അദ്ദേഹം പറഞ്ഞു.

മലയാളികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മോഹൻലാൽ-ജീത്തു ജോസഫ് കൂട്ടുകെട്ടിന്റെ ദൃശ്യം 2. ഫെബ്രുവരി 19ന് ചിത്രം ആമസോൺ പ്രൈമിൽ റിലീസ് ചെയ്യുകയാണ്. ചിത്രത്തിന്റെ ട്രെയിലറിന് വലിയ സ്വീകാര്യതയായിരുന്നു ലഭിച്ചത്. ചിത്രത്തിന്റെ റിലീസിനോട് അനുബന്ധിച്ചുള്ള അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു മോഹൻലാൽ.

ഇത്രയും കാലത്തിനിടെ താൻ നിരവധി കഥാപാത്രങ്ങൾ ചെയ്തെന്നും, എന്നാൽ ജോർജ് കുട്ടി എന്ന കഥാപാത്രത്തെ തനിക്ക് ഇതുവരെ മനസിലാക്കാൻ സാധിച്ചിട്ടില്ലെന്നും മോഹൻലാൽ പറഞ്ഞു. ജോർജ് കുട്ടി എപ്പോൾ എങ്ങനെ പെരുമാറുമെന്നോ അയാൾ എന്ത് ചിന്തിക്കുന്നുവെന്നോ തനിക്ക് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.

ജീത്തു ജോസഫ് തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിൽ മീനയാണ് നായിക. സിദ്ദിഖ്, ആശാ ശരത്, മുരളി ഗോപി, അൻസിബ, എസ്തർ, സായികുമാർ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ‘ദൃശ്യം 2’ നിർമ്മിക്കുന്നത് ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ്.

“ജോർജ് കുട്ടിയുടെയും കുടുംബത്തിന്റെയും കഥ ഞങ്ങൾ എവിടെ നിർത്തിയോ അവിടെ നിന്ന് മുന്നോട്ട് കൊണ്ടുപോകുന്നു. ഈ വർഷത്തെ ഏറ്റവും പ്രതീക്ഷയോടെ കാത്തിരുന്ന സിനിമകളിലൊന്ന് റിലീസ് ചെയ്യുന്നതിന് ആമസോൺ പ്രൈം വിഡിയോയുമായി സഹകരിക്കുന്നതിൽ ഞാൻ സന്തുഷ്ടനാണ്. ലോകമെമ്പാടുമുള്ള കാഴ്ചക്കാർ ദൃശ്യത്തിന്റെ തുടർച്ചയ്ക്കായി ക്ഷമയോടെ കാത്തിരുന്നതായി നമുക്കറിയാം. ദൃശ്യം 2 സ്നേഹത്തിന്റെ അധ്വാനമാണ്. അതിനാൽ നിങ്ങളുടെ കുടുംബത്തോടൊപ്പം പ്രിയപ്പെട്ടവരുമൊന്നിച്ച് നിങ്ങളുടെ വീടുകളുടെ സുരക്ഷയിൽ ഇരുന്ന് തന്നെ ചിത്രം ആസ്വദിക്കൂ.” മോഹൻലാൽ പറഞ്ഞു.

“ഒരു കൾട്ട് ചിത്രമാണ് ദൃശ്യം, അതിന്റെ തുടർച്ചയ്ക്കായി ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ലോകമെമ്പാടുമുള്ള 240 ലധികം രാജ്യങ്ങളിലെയും പ്രദേശങ്ങളിലെയും ഉപഭോക്താക്കളിലേക്ക് ആമസോൺ പ്രൈം വീഡിയോയിലൂടെ ‘ദൃശ്യം 2’ എത്തിക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. ഞങ്ങളുടെ പ്രേക്ഷകർക്ക് മികച്ച ഉള്ളടക്കം നൽകുകയെന്നതാണ് ഞങ്ങളുടെ ലക്ഷ്യം. അത് നിറവേറ്റാൻ മോഹൻലാലിനെയും ജീത്തു ജോസഫിനേക്കാളും മികച്ചവർ വേറെ ആരാണുള്ളത്,” അദ്ദേഹം പറഞ്ഞു.

RECENT POSTS
Copyright © . All rights reserved