രാജ്യവ്യാപക ബന്ദിന് ആഹ്വാനം ചെയ്ത് കര്‍ഷക സംഘടനകള്‍. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണം എന്നാവശ്യപ്പെട്ട് കര്‍ഷകര്‍ നടത്തുന്ന സമരം നാല് മാസം പൂര്‍ത്തിയാകുന്ന 26നാണ് ബന്ദിന് ആഹ്വാനം. രാജ്യത്തെ മറ്റിടങ്ങളിലേക്ക് കര്‍ഷക സമരം വ്യാപിക്കുന്നതിന്റെയും പിന്തുണ ഉറപ്പാക്കുന്നതിന്റെയും ഭാഗമായാണ് നീക്കം. വിവിധ കര്‍ഷക സംഘടനകളുടെ കൂട്ടായ്മയായ സംയുക്ത കിസാന്‍ മോര്‍ച്ചയാണ് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

തണുപ്പുകാലം പിന്നിട്ടതോടെ സമരം വീണ്ടും ശക്തിപ്പെടുത്താനാണ് കര്‍ഷകരുടെ നീക്കം. നാട്ടിലേക്ക് മടങ്ങിപ്പോയ കര്‍ഷകര്‍ ഡല്‍ഹിയിലേക്ക് തിരിച്ചെത്തുമെന്ന് കര്‍ഷക നേതാക്കള്‍ അറിയിച്ചു. സമാധാനപരമായ രീതിയില്‍ കൂടുതല്‍ പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കാനുള്ള തയ്യാറെടുപ്പുകളാണ് വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ നടക്കുന്നത്. വിവാദ നിയമങ്ങള്‍ പിന്‍വലിക്കാതെ സമരം അവസാനിപ്പിക്കില്ലെന്നും കര്‍ഷകര്‍ വ്യക്തമാക്കി.

കഴിഞ്ഞ ഡിസംബര്‍ എട്ടിനും കര്‍ഷക സംഘടനകള്‍ രാജ്യവ്യാപകമായ ബന്ദിന് ആഹ്വാനം ചെയ്തിരുന്നു. ഇടത് പാര്‍ട്ടികള്‍ക്കൊപ്പം, കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ്, ആര്‍ജെഡി തുടങ്ങിയ പാര്‍ട്ടികള്‍ ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു.