India

കാസർകോട് നഗരത്തിൽ മധ്യവയസ്കൻ മർദനമേറ്റ് മരിച്ചു. ചെമ്മനാട് സ്വദേശി റഫീഖാണ് മരിച്ചത്. 45 വയസായിരുന്നു. സ്ത്രീയെ ശല്യം ചെയ്തതുമായി ബന്ധപ്പെട്ട തർക്കമാണ് നാട്ടുകാരെ പ്രകോപിപ്പിച്ചത് എന്നാണ് സൂചന. പുതിയ ബസ് സ്റ്റാൻഡ് പരിസരം വരെ ഇയാൾ ഓടി എന്നാണ് നാട്ടുകാർ പറയുന്നത്. എന്നാൽ മർദനം തന്നെയാണോ മരണകാരണമെന്ന് പറയാനാകില്ലെന്ന് പൊലീസ് പറഞ്ഞു. കാസർകോട് ജനറൽ ആശുപത്രിയിലുള്ള മൃതദേഹം ഉടൻ പരിയാരം മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകും. ശല്യപ്പെടുത്തി എന്ന് പറയുന്ന യുവതിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തുകയാണ്

മുന്‍ നിയമസഭാ സ്പീക്കര്‍ വിഎംസി ശിവകുമാറിന്റെ ഘാതകി ആര്‍ എഴിലരസി ബിജെപിയില്‍ ചേര്‍ന്നു. അറസ്റ്റ് വാറണ്ടിനെ തുടര്‍ന്ന് ജയിലില്‍ കഴിയുന്ന എഴിലരസി പുതുച്ചേരി-തമിഴ്നാട് അതിര്‍ത്തിയിലെ ഒരു ഗ്രാമത്തില്‍ വെച്ചാണ് പുതുച്ചേരി ബിജെപി അധ്യക്ഷന്‍ വി സാമിനാഥന്റെ സാന്നിധ്യത്തില്‍ വനിതാ ഗുണ്ടാ നേതാവ് ബിജെപിയില്‍ അംഗത്വം സ്വീകരിച്ചത്.

ബിജെപിയില്‍ അംഗത്വം എടുക്കുന്നതിന് ആര്‍ക്കും തടസമില്ലെന്നും അംഗത്വമെടുക്കുന്നയാളുടെ പശ്ചാത്തലം പാര്‍ട്ടിയുടെ മുഖഛായയെ ബാധിക്കില്ലെന്നും സംഭവത്തില്‍ ബിജെപി നേതാക്കള്‍ വിശദീകരണവുമായി രംഗത്തെത്തി. മുന്‍ സ്പീക്കറെ അടക്കം മൂന്ന് പേരെ കൊന്നകേസിലെ പ്രതിയാണ് എഴിലരസി.

തട്ടികൊണ്ടുപോകല്‍, ഭീഷണിപ്പെടുത്തല്‍ തുടങ്ങി 15 ഓളം കേസുകളും ഇവര്‍ക്കെതിരെ നിലനില്‍ക്കുന്നുണ്ട്. 2017 ലാണ് വിഎംസി ശിവകുമാറിനെ പട്ടാപ്പകല്‍ പെട്രോള്‍ ബോംബ് എറിഞ്ഞ് വീഴ്ത്തിയ ശേഷം വെട്ടി കൊല്ലുകയായിരുന്നു. ഈ കേസിലെ മുഖ്യപ്രതിയാണ് എഴിലരസി. ഈ സാഹചര്യത്തിലാണ് ബിജെപി പാര്‍ട്ടി പ്രവേശനവും ചര്‍ച്ചയാകുന്നത്.

വി സ്വാമിനാഥന്റെ വാക്കുകള്‍;

2016 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ മത്സരിച്ചിട്ടുണ്ട്. തനിക്കെതിരെ ക്രിമിനല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം സത്യവാങ്മൂലത്തില്‍ പറഞ്ഞിരുന്നു. പിന്നീട് അദ്ദേഹം തെരഞ്ഞെടുപ്പില്‍ വിജയക്കുകയും ഇപ്പോള്‍ സഭാംഗവുമാണ്. ഇതൊക്കെ ജനങ്ങളാണ് തീരുമാനിച്ചത്. അവര്‍ തീരുമാനിക്കട്ടെ.

പാലാ സീറ്റ് വിട്ടുകൊടുക്കില്ലെന്ന നിലപാടിലുറച്ച് മാണി സി കാപ്പന്‍. പാലയില്‍ത്തന്നെ മത്സരിക്കും. കുട്ടനാട്ടില്‍ പോയി നീന്താന്‍ അറിയില്ലെന്നും അതുകൊണ്ടു പാലാ വിടില്ലെന്നും മാണി സി കാപ്പന്‍ പറഞ്ഞു.

എന്‍സിപിയിലെ വിമത യോഗം അസാധാരണമാണ്. താന്‍ ശശീന്ദ്രനെതിരെ പരാതി നല്‍കിയിട്ടില്ല. സീറ്റ് നല്‍കില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടില്ല. എപ്പോഴും സീറ്റ് ചോദിച്ചു നടക്കേണ്ടതില്ലെന്നും കാപ്പന്‍ പറഞ്ഞു. 27ന് എല്‍ഡിഎഫ് യോഗം ഉണ്ട്. അതില്‍ പങ്കെടുക്കും. നാലുപ്രാവശ്യം മത്സരിച്ച് പിടിച്ചെടുത്ത സീറ്റാണ് അത് വിട്ടുകൊടുക്കില്ലെന്നും കാപ്പന്‍ വ്യക്തമാക്കി.

എന്തു വന്നാലും പാലാ സീറ്റ് വിട്ടുകൊടുക്കില്ലെന്ന് കാപ്പന്‍ നേരത്തെയും വ്യക്തമാക്കിയിരുന്നു. പാലാ, കാഞ്ഞിരപ്പള്ളി സീറ്റുകള്‍ ജോസ് കെ മാണിക്ക് നല്‍കാന്‍ എല്‍ഡിഎഫില്‍ ധാരണയായതുമായി ബന്ധപ്പെട്ടായിരുന്നു കാപ്പന്റെ പ്രതികരണം. തദ്ദേശ തെരഞ്ഞെടുപ്പില്‍ എന്‍സിപിയെ വേണ്ട വിധത്തില്‍ പരിഗണിച്ചില്ലെന്നും മാണി സി കാപ്പന്‍ പറഞ്ഞിരുന്നു.

അതേസമയം, നാളെ മുംബൈയിലെത്തി ശരത് പവാറിനെ കാണാനാണ് കാപ്പന്റെ തീരുമാനം. മുന്നണി മാറ്റത്തില്‍ പവാറുമായി നിര്‍ണായക ചര്‍ച്ചകള്‍ നടത്തും. സീറ്റ് ലഭിച്ചില്ലെങ്കില്‍ മുന്നണി മാറണമെന്ന് നിര്‍ദ്ദേശം മുന്നോട്ട് വയ്ക്കും

ലഹരി ഉപയോഗം വീട്ടിലറിയിച്ചതിന് 17കാരനെ കൂട്ടുകാര്‍ ചേര്‍ന്ന് തല്ലിചതച്ചു. സംഭവത്തില്‍ ഏഴ് പേരെ പോലീസ് പിടികൂടി. കളമശ്ശേരിയിലാണ് ദാരുണ സംഭവം. സംഭവത്തില്‍ ഉള്‍പ്പെട്ടവര്‍ പ്രായപൂര്‍ത്തിയാകാത്തവരായതിനാല്‍ തുടര്‍നടപടികള്‍ക്കായി ശിശുക്ഷേമ സമിതിക്ക് പോലീസ് റിപ്പോര്‍ട്ട് നല്‍കും.

മര്‍ദനത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. പിന്നാലെയാണ് പോലീസ് നടപടി. ഏഴ് പേര്‍ ചേര്‍ന്ന് കെട്ടിടത്തിന്റെ മുകളില്‍വെച്ചാണ് 17-കാരനെ മര്‍ദിച്ചത്. ഓരോരുത്തരും ഊഴമിട്ട് മര്‍ദിക്കുന്നതും മര്‍ദിച്ച് അവശനാക്കിയ ശേഷം 17-കാരനെ കൊണ്ട് ഡാന്‍സ് കളിപ്പിക്കുന്നതും ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്.

അവശനായ കുട്ടിയെ മെറ്റലിന് മുകളില്‍ മുട്ടുകാലില്‍നിര്‍ത്തിയും ഇവര്‍ ഉപദ്രവിച്ചു. ക്രൂരമര്‍ദനത്തിന്റെ വീഡിയോ കൂട്ടത്തിലൊരാള്‍ മൊബൈലില്‍ പകര്‍ത്തിയിരുന്നു. ഇത് പിന്നീട് സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ സംഭവം പുറംലോകം അറിയുകയായിരുന്നു. മര്‍ദനമേറ്റ 17-കാരന്‍ നിലവില്‍ കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്.

ഷെറിൻ പി യോഹന്നാൻ

318 ദിവസങ്ങൾക്ക് ശേഷമാണ് ഒരു മലയാളം ചിത്രം തിയേറ്ററിൽ എത്തുന്നത്. അതുതന്നെ വലിയ സന്തോഷം. ജയസൂര്യയ്ക്ക് മികച്ച നടനുള്ള സംസ്ഥാന പുരസ്കാരം നേടികൊടുത്ത ക്യാപ്റ്റനുശേഷം പ്രജേഷ് സെൻ- ജയസൂര്യ ടീം വീണ്ടും ഒന്നിക്കുന്ന ‘വെള്ള’വും യഥാർഥ ജീവിതത്തിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് നിർമിച്ച സിനിമയാണ്. മുഴുക്കുടിയനായ മുരളിയുടെ ആത്മഹത്യാ ശ്രമത്തിൽ നിന്നാണ് കഥ ആരംഭിക്കുന്നത്. അവിടുന്ന് പിറകിലേക്ക് സഞ്ചരിക്കുന്ന സിനിമ, പ്രേക്ഷകൻ ചിന്തിക്കുന്ന പാതയിൽ നിന്നുകൊണ്ടാണ് കഥ പറയുന്നത്. കുടിച്ചു കുടിച്ച് അവസാനം ഒന്നുമില്ലാത്തവനായി പോയ മുരളിയുടെ കഥ.

പോസിറ്റീവ്സ്– ജയസൂര്യ എന്ന നടന്റെ ഗംഭീര പ്രകടനം തന്നെയാണ് സിനിമയുടെ നട്ടെല്ല്. കരിയറിലെ ഏറ്റവും ചലഞ്ചിങ് ആയ വേഷം ഇതാണെന്ന് പറയാം. നോട്ടത്തിലും സംസാരത്തിലും നടത്തത്തിലുമെല്ലാം കഥാപാത്രത്തെ പെർഫെക്ട് ആക്കിയിട്ടുണ്ട് ജയസൂര്യ. നല്ലൊരു ആദ്യപകുതിയാണ് ചിത്രത്തിനുള്ളത്. ഷാപ്പിലെ പാട്ടും നഷ്ടപ്രണയത്തിന്റെ ഫ്ലാഷ്ബാക്ക് സീനുകളും ഒഴിവാക്കിയാൽ തൃപ്തികരമായ ആദ്യപകുതി. ബിജിബാലിന്റെ സംഗീതം പതിവ് പാറ്റേണിൽ തന്നെയാണെങ്കിലും ഷഹബാസ് അമൻ പാടിയ ഗാനം മനോഹരമായിരുന്നു.

നെഗറ്റീവ്സ് – റിയൽ ലൈഫ് സ്റ്റോറി എന്ന് കരുതിയാലും പ്രെഡിക്റ്റബിൾ സീനുകളുടെ പെരുമഴയാണ് രണ്ടാം പകുതിയിൽ. യാതൊരു ഇമ്പാക്റ്റും സൃഷ്ടിക്കാതെ കടന്നുപോയ രംഗങ്ങളും നിരവധിയാണ്. ഇടയ്ക്കിടെ കുത്തികയറ്റിയ പുരോഗമന സീനുകൾ ഒക്കെ കല്ലുകടിയായി നിലനിൽക്കുന്നു. മാറ്റമില്ലാതെ തുടരുന്ന പല ക്ലീഷേ സംഗതികളും രണ്ടാം പകുതിയെ വലിച്ചുനീട്ടുന്നതിൽ സഹായിച്ചിട്ടുണ്ട്. ക്ലൈമാക്സിലെ ‘മാസ്സ്’ സീനുകൾ ഒക്കെ ആരോചകമായി തോന്നി. സിനിമയുടെ താളം തെറ്റിക്കുന്ന ഒരു ക്ലൈമാക്സ്‌ !

അവസാന വാക്ക്– പ്രെഡിക്റ്റബിൾ ആയൊരു കഥയെ തന്റെ ഗംഭീര പ്രകടനം കൊണ്ട് ജയസൂര്യ താങ്ങിനിർത്തിയിട്ടുണ്ട്. പറയാൻ ഉദ്ദേശിച്ച വിഷയവും ഉപദേശവുമൊക്കെ നല്ലതുതന്നെ. എന്നാൽ ഒരു സിനിമയുടെ രൂപത്തിലെത്തുമ്പോൾ പ്രേക്ഷകന് പൂർണതൃപ്തി നൽകാൻ കഴിയാതെപോകുന്നു. മൊത്തത്തിൽ ഒരു ആവറേജ് അനുഭവം.

1999 ജനുവരി 22ന് ഒഡീഷയിലെ കിയോണ്‍ജാര്‍ ജില്ലയിലെ മനോഹര്‍പൂര്‍ ഗ്രാമത്തില്‍ തന്റെ വാഹനത്തില്‍ കിടന്നുറങ്ങുകയായിരുന്ന ഓസ്‌ട്രേലിയന്‍ ക്രിസ്ത്യന്‍ മിഷണറി ഗ്രഹാം സ്റ്റുവര്‍ട്ട് സ്‌റ്റെയ്ന്‍സിനെയും അദ്ദേഹത്തിന്റെ രണ്ട് പുത്രന്മാരായ പത്തുവയസുകാരന്‍ ഫിലിപ്പിനെയും ആറു വയസുകാരന്‍ തിമോത്തിയെയും സംഘപരിവാര്‍ സംഘടനയായ ബജ്രംഗ് ദളുമായി ബന്ധമുള്ള സംഘം തീവെച്ചു കൊന്നു. ഗ്രഹാം സ്‌റ്റെയ്ന്‍സിനെയും അദ്ദേഹത്തിന്റെ പുത്രന്മാരെയും കൊലപ്പെടുത്തിയ സംഘത്തിന് നേതൃത്വം നല്‍കിയ ബജ്രംഗദള്‍ പ്രവര്‍ത്തകന്‍ ദാരസിംഗിന് 2003ല്‍ വിചാരണകോടതി വധശിക്ഷയ്ക്ക് വിധിച്ചു. മത, പൗര നേതാക്കന്മാരും രാഷ്ട്രീയക്കാരും മാധ്യമപ്രവര്‍ത്തകരും ഹിന്ദുത്വ ഭീകരര്‍ നടത്തിയ കൊലപാതകങ്ങളെ അപലപിച്ചു.

ക്രിസ്ത്യാനികള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്നതില്‍ പരാജയപ്പെട്ടതിനും വിഭാഗീയ സംഘര്‍ഷങ്ങളെ രാഷ്ട്രീയ ലാഭങ്ങള്‍ക്കായി ഉപയോഗിക്കുന്നതിനും അന്നത്തെ ഇന്ത്യന്‍ സര്‍ക്കാരിനെ യുഎസ് ആസ്ഥാനമായുള്ള ഹ്യൂമണ്‍ റൈറ്റ്‌സ് വാച്ച് വിമര്‍ശിച്ചു. ‘ഹിന്ദു ദേശീയവാദികളായ’ ബിജെപി അധികാരത്തില്‍ വന്നതിന് ശേഷം ക്രിസ്ത്യാനികള്‍ക്കെതിരായ അതിക്രമങ്ങള്‍ ‘ക്രമാതീതമായി’ വര്‍ദ്ധിച്ചുവെന്ന് സംഘടന ചൂണ്ടിക്കാട്ടി. അന്നത്തെ പ്രധാനമന്ത്രിയും ബിജെപി നേതാവുമായിരുന്ന അടല്‍ ബിഹാരി വാജ്‌പേയ് ‘ഭീബത്സമായ ആക്രമണത്തെ’ അപലപിക്കുകയും കൊലപാതകികളെ പിടികൂടുന്നതിന് അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ ആഹ്വാനം ചെയ്യുകയും ചെയ്തു.

ക്യൂന്‍സ്ലാന്റിലെ പാംവുഡ്‌സില്‍ 1941ലാണ് സ്റ്റെയ്ന്‍സ് ജനിച്ചത്. 1965ല്‍ ഇന്ത്യ ആദ്യമായി ഇന്ത്യ സന്ദര്‍ശിച്ച അദ്ദേഹം ഇവാഞ്ചലിക്കല്‍ മിഷണറി സൊസൈറ്റി ഓഫ് മയൂര്‍ബനിയില്‍ (ഇഎംഎസ്എം) ചേരുകയും മിഷണറി പ്രവര്‍ത്തനങ്ങളുടെ ദീര്‍ഘ ചരിത്രമുള്ള അദ്ദേഹം ഈ പിന്നോക്ക ആദിവാസി മേഖലയില്‍ പ്രവര്‍ത്തിക്കുകയും ചെയ്തു. 1983ല്‍ അദ്ദേഹം ബരിപാഡയിലെ മിഷന്റെ നേതൃത്വം ഏറ്റെടുത്തു. 1982ല്‍, ഒരു രജിസ്‌ട്രേഡ് സൊസൈറ്റിയായി മയൂര്‍ബനി കുഷ്ഠരോഗ കേന്ദ്രം സ്ഥാപിക്കുന്നതിന് അദ്ദേഹം സഹായങ്ങള്‍ ചെയ്തു. കുഷ്ഠ രോഗികള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്നതിനിടയില്‍ 1981ല്‍ അദ്ദേഹം ഗ്ലാഡിസ് ജെയ്‌നെ കണ്ടുമുട്ടുകയും 1983ല്‍ അവര്‍ വിവാഹിതരാവുകയും ചെയ്തു. അതിന് ശേഷം ഇരുവരും ഒരുമിച്ചാണ് പ്രവര്‍ത്തിച്ചുവന്നിരുന്നത്. രണ്ട് പുത്രന്മാരെ കൂടാതെ എസ്തര്‍ എന്ന ഒരു പുത്രി കൂടി അവര്‍ക്കുണ്ടായിരുന്നു.

കുഷ്ഠരോഗി കേന്ദ്രമായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യമെങ്കിലും ബൈബിളിന്റെ ഒരു ഭാഗം ഹോ ഭാഷയിലേക്ക് തര്‍ജ്ജമ ചെയ്യുന്നതില്‍ അദ്ദേഹം പങ്കാളിയായി. പുതിയ നിയമത്തിന്റെ എഴുത്തുപതിപ്പ് മുഴുവന്‍ പ്രൂഫ് നോക്കിയതും അദ്ദേഹമായിരുന്നു. ഒഴുക്കോടെ ഒറിയ സംസാരിച്ചിരുന്ന അദ്ദേഹം, രോഗം ഭേദമായ ശേഷം അദ്ദേഹം സഹായിച്ചിരുന്ന രോഗകള്‍ക്ക് പ്രിയങ്കരനായിരുന്നു. നിരവധി ഹിന്ദുക്കള്‍ ക്രിസ്തീയ വിശ്വാസത്തിലേക്ക് സ്റ്റെയ്ന്‍സ് നിര്‍ബന്ധിച്ച് പരിവര്‍ത്തിപ്പിക്കുകയോ പുതിയ മതം സ്വീകരിക്കാന്‍ പ്രലോഭിക്കുകയോ ചെയ്തതായി ഹിന്ദു സംഘടനകള്‍ ആരോപിച്ചിരുന്നു.

1999 ജനുവരി 22ന് രാത്രി, പ്രദേശത്തെ ക്രിസ്ത്യാനികളുടെ മത, സാമൂഹിക സംവാദങ്ങള്‍ക്കായുള്ള ഒരു വാര്‍ഷീക വനയോഗത്തില്‍ അദ്ദേഹം പങ്കെടുത്തിരുന്നു. ഒഡിഷയിലെ ആദിവാസി കേന്ദ്രീകൃത ജില്ലകളായ മയൂര്‍ബഞ്ച്, കിയോണ്‍ജാര്‍ ജില്ലകളുടെ അതിര്‍ത്തിയിലുള്ള ഒരു ഗ്രാമത്തിലാണ് സമ്മേളനം നടന്നത്. ഊട്ടിയിലെ സ്‌കൂളില്‍ നിന്നും അവധിക്കാലം ചിലവഴിക്കാനെത്തിയ തന്റെ ആണ്‍മക്കളോടൊപ്പം കിയോണ്‍ജാറിലേക്കുള്ള യാത്രയിലായിരുന്നു അവര്‍. സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനായി അവര്‍ യാത്ര ഇടയ്ക്കുവച്ചു നിറുത്തുകയും മനോഹര്‍പൂരില്‍ രാത്രി വിശ്രമിക്കാന്‍ തീരുമാനിക്കുകയുമായിരുന്നു. കടുത്ത തണുപ്പിനെ തുടര്‍ന്ന് അവര്‍ വാഹനത്തില്‍ കിടന്നുറങ്ങി. അദ്ദേഹത്തിന്റെ ഭാര്യയും മകളും ബാരിപഡയിലായിരുന്നു. കോടാലിയും മറ്റ് പണിയായുധങ്ങളുമായി 50 പേര്‍ വരുന്ന ഒരു സംഘം ഗാഢനിദ്രയിലായിരുന്ന സ്റ്റെയ്ന്‍സും മക്കളും ഉറങ്ങിയിരുന്ന വാഹനം ആക്രമിക്കുകയും അതിന് തീവെക്കുകയും ചെയ്തതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഗ്രഹാമിനെയും ഫിലിപ്പിനെയും തിമോത്തിയെയും ജീവനോടെ ചുട്ടുകൊല്ലുകയായിരുന്നു. സ്‌റ്റെയ്ന്‍സും മക്കളും രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ജനക്കൂട്ടം അതനുവദിച്ചില്ല.

ഗുണ്ടകളുടെ തലവനായ ദാരസിംഗിനെ ഭുവനേശ്വറിലെ വിചാരണ കോടതി സ്‌റ്റെയ്ന്‍സിനെയും മക്കളെയും കൊന്ന കുറ്റത്തിന് വധശിക്ഷയ്ക്ക് വിധിച്ചു. 2005ല്‍, ഒഡിഷ ഹൈക്കോടതി ശിക്ഷ ജീവപര്യന്തമായി ഇളവ് ചെയ്തു. 2011 ജനുവരി 21ന്, ഹൈക്കോടതി വിധി സുപ്രീം കോടതി ശരിവച്ചു. 2004 ല്‍, ഓസ്‌ട്രേലിയയിലേക്ക് മടങ്ങിപോകും വരെ, സ്‌റ്റെയ്ന്‍സിന്റെ ഭാര്യ ഗ്ലാഡിസ് കുഷ്ഠരോഗികളുടെ ശിശ്രൂഷയുമായി ഇന്ത്യയില്‍ തന്നെ തുടര്‍ന്നു. ഒഡിഷയിലെ കുഷ്ഠരോഗികള്‍ക്കിടയില്‍ പ്രവര്‍ത്തിച്ചതിനുള്ള അംഗീകാരം എന്ന നിലയില്‍ ഇന്ത്യയിലെ നാലാമത്തെ പരമോന്നത് സിവിലിയന്‍ ബഹുമതിയായ പത്മശ്രീ നല്‍കി ഇന്ത്യ 2005ല്‍ ഗ്ലാഡിസിനെ ആദരിച്ചു. 2016ല്‍, സാമൂഹിക നീതിക്കായുള്ള അന്താരാഷ്ട്ര മദര്‍ തെരേസ മെമ്മോറിയല്‍ അവാര്‍ഡ് അവര്‍ക്ക് സമ്മാനിക്കപ്പെട്ടു.

 

എടത്വ: മകളെ ബംഗളൂരുവിലെ നഴ്‌സിങ് കോളേജില്‍ ചേര്‍ത്ത ശേഷം മടങ്ങിയ പിതാവ് ട്രെയിനില്‍ നിന്ന് വീണു മരിച്ചു. തലവടി നീരേറ്റുപുറം കാരിക്കുഴി കുറവം പറമ്പില്‍ സുരേഷ് (48) ആണ് ട്രെയിനില്‍ നിന്ന് വീണ് മരണപ്പെട്ടത്. യാത്രയ്ക്കിടെ സുരേഷിനെ കാണാതായതിനെ തുടര്‍ന്ന് ഒപ്പമുണ്ടായിരുന്ന ഭാര്യ പരാതി നല്‍കി.

ഇതിനിടെയാണ്, കര്‍ണാടകയിലെ കുപ്പത്തിനും മുളകാര്‍പേട്ടയ്ക്കുമിടയില്‍ ട്രെയിനില്‍നിന്നു വീണു മരിച്ച നിലയില്‍ കണ്ടത് സുരേഷാണെന്ന് തിരിച്ചറിഞ്ഞത്. പിതാവിന്റെ അപ്രതീക്ഷിത വിയോഗം മകള്‍ക്കും താങ്ങാനാവുന്നതിലും അപ്പുറമായിരുന്നു. യാത്ര പറഞ്ഞിറങ്ങിയത് അവസാന യാത്രയിലേയ്ക്ക് ആയിരുന്നുവെന്നതാണ് കുടുംബത്തെയും മകളെയും തകര്‍ത്തത്.

ചൊവ്വാഴ്ചയാണ് സുരേഷും ഭാര്യ ആനിയും മകളും, സമീപവാസികളായ 2 പേരും അവരുടെ മക്കളും ചേര്‍ന്നു ബംഗളൂരുവിലെ നഴ്‌സിങ് കോളേജില്‍ പ്രവേശനത്തിനായി പോയത്. ബുധനാഴ്ച രാവിലെ 10നു കോളേജില്‍ എത്തി കുട്ടികളെ ചേര്‍ത്ത ശേഷം തിരികെ നാട്ടിലേക്കു വരാന്‍ കെആര്‍ പുരം റെയില്‍വേ സ്റ്റേഷനില്‍നിന്നു രാത്രി 8.30ന് ട്രെയിനില്‍ കയറി.

ആഹാരം കഴിച്ച ശേഷം എല്ലാവരും ഉറങ്ങാന്‍ കിടന്നു. രാത്രി 11.30ന് ഭാര്യ ഉണര്‍ന്നു നോക്കിയപ്പോള്‍ സുരേഷിനെ കാണാനില്ലായിരുന്നു. ടിടിആറിനോട് കാര്യങ്ങള്‍ അവതരിപ്പിച്ചെങ്കിലും ഭാഷ വശമില്ലാത്തതിനാല്‍ ഒന്നും പറഞ്ഞ് മനസിലാക്കാന്‍ സാധിച്ചില്ല. ശേഷം, രാവിലെ 10ന് തിരുവല്ലയിലും പിന്നീട് കോട്ടയത്തും റെയില്‍വേ പോലീസില്‍ പരാതി നല്‍കിയിരുന്നു. പിന്നാലെയാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ജോലാര്‍പേട്ട സര്‍ക്കാര്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

 

പുള്ളിപ്പുലിയെ കൊന്ന് കറിവെച്ച് കഴിച്ച സംഭവത്തില്‍ അഞ്ച് പേര്‍ അറസ്റ്റില്‍. വനംവകുപ്പാണ് അഞ്ച് പേരെയും കസ്റ്റഡിയിലെടുത്തത്. മാങ്കുളം സ്വദേശി വിനോദിന്റെ നേതൃത്വത്തിലാണ് പുലിയെ കെണിവെച്ച് പിടിച്ചത്. ബുധനാഴ്ച രാത്രിയോടെ പുലിയ്ക്കായി ഇയാളുടെ നേതൃത്വത്തില്‍ കെണിയൊരുക്കിയിരുന്നു. അന്ന് തന്നെ കെണിയില്‍ പുലി വീഴുകയും ചെയ്തിരുന്നു.

തുടര്‍ന്ന് വ്യാഴാഴ്ച രാത്രിയോടെ വിനോദും സംഘവും പുലിയെ കൊന്ന് ഇറച്ചിയെടുത്ത് കറി വെയ്ക്കുകയായിരുന്നു. പത്തുകിലോയോളം ഇറച്ചിയെടുത്താണ് ഇവര്‍ കറിയാക്കിയത്. പുലിക്ക് ആറ് വയസ് പ്രായമുണ്ടെന്നാണ് ലഭിക്കുന്ന വിവരം.

പുലിയെ കൊന്ന് കറിവെച്ചതിന് ശേഷം, തോലും പല്ലും നഖവും വില്‍പ്പനയ്ക്കായി ഇവര്‍ മാറ്റുകയും ചെയ്തു. പുലിയുടെ അവശിഷ്ടങ്ങളും കറിയും വനംവകുപ്പ് ഇവരില്‍ നിന്ന് കണ്ടെടുത്തിട്ടുണ്ട്. ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ തെരച്ചിലിലാണ് പുലിയെ കൊലപ്പെടുത്തിയത് കണ്ടെത്തിയത്.

മാങ്കുളം സ്വദേശികളായ മുനിപാറ വിനോദ്, ബേസിൽ, വിപി കുര്യാക്കോസ്, സിഎസ് ബിനു, സലി കുഞ്ഞപ്പൻ, വടക്കുംചാലിൽ വിൻസന്റ് എന്നിവരെ ആണ് വനംവകുപ്പ് അറസ്റ്റ് ചെയ്തത്.

തിരുവല്ല: തിരുവല്ല ഇടിഞ്ഞില്ലത്ത് നിയന്ത്രണംവിട്ട കെഎസ്ആര്‍ടിസി ബസ് സ്‌കൂട്ടറിലിടിച്ച ശേഷം കടയിലേക്ക് പാഞ്ഞുകയറി രണ്ടുപേര്‍ മരിച്ചു. ബസിലും കടയിലുമായി ഉണ്ടായിരുന്ന 18 പേർക്കാണ് പരിക്കേറ്റത്. സ്‌കൂട്ടറില്‍ സഞ്ചരിച്ച ചെങ്ങന്നൂര്‍ പിരളശ്ശേരി ആഞ്ഞിലംപറമ്പില്‍ ജെയിംസ് ചാക്കോ (31), ചെങ്ങന്നൂര്‍ വെണ്‍മണി പുലക്കടവ് ആന്‍സി ഭവനത്തില്‍ ആന്‍സി (27) എന്നിവരാണ് മരിച്ചത്.

അപകടത്തില്‍ മരിച്ചവര്‍ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറിലേക്ക് നിയന്ത്രണം വിട്ട ബസ് ഇടിക്കുകയായിരുന്നു. ഇരുവരുടെയും ശരീരത്തിലൂടെ ബസ് കയറി ഇറങ്ങി. ബസിലുണ്ടായിരുന്ന ഗുരുതരമായി പരിക്കേറ്റ പാലക്കാട് സ്വദേശി സുഭാഷിനെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തിരുവല്ല വാഹനാപകടത്തില്‍ മരിച്ച ജയിംസും ആന്‍സിയും കൊതിച്ചത് ജീവിതത്തില്‍ ഒരുമിക്കാനായിരുന്നു. പക്ഷേ അവര്‍ ഒന്നിച്ചു പോയത് മരണത്തിലേക്കായിരുന്നു. വിവാഹം കഴിക്കണമെന്നവര്‍ ആഗ്രഹിച്ചിരുന്നു. എൻഗേജ്മെന്റ്  കഴിഞ്ഞിരുന്ന അവര്‍ ഒന്നിച്ച് ഒരു സ്‌കൂട്ടറില്‍ യാത്ര ചെയ്തത് ഒരുമിച്ചുള്ള ജീവിതത്തിന്റെ മുന്പോട്ടുള്ള പ്രയാണത്തിൽ ഒരു താങ്ങാവുന്നതിന് ആന്‍സിക്ക് ഒരു ജോലി നേടിയെടുക്കാനായിരുന്നു കോട്ടയത്തിന് പുറപ്പെട്ടത്. കോട്ടയത്ത് സ്വകാര്യ സ്ഥാപനത്തില്‍ ജോലിക്കായുള്ള ആന്‍സിയുടെ ഇന്റര്‍വ്യൂവും കഴിഞ്ഞ് അവര്‍ വീട്ടിലേക്ക് മടങ്ങുമ്പോൾ ആണ് ജീവനും ജീവിതവും നഷ്ടമായത്.
തിരുവല്ല ഇടിഞ്ഞില്ലത്ത് നിയന്ത്രണം വിട്ട കെ എസ് ആര്‍ ടി സി ബസിനടിയില്‍പെട്ടാണ് ഇരുവരും മരണപ്പെടുന്നത്.

കാലന്റെ രൂപത്തിൽ വന്ന കെ എസ് ആര്‍ ടി സി ബസ് അവർ കണ്ട സ്വപ്‌നങ്ങൾ ഇല്ലാതാക്കുകയായിരുന്നു. ചെങ്ങന്നൂര്‍ പിരളശേരി കാഞ്ഞിരംപറമ്പില്‍ പരേതനായ ചാക്കോ ശാമുവേലിന്റെ മകനായ ജയിംസ് സ്‌കൂള്‍ ബസ് ഡ്രൈവറാണ്. കൊറോണ സമയമായതിനാല്‍ സ്വന്തമായി വാഹനമോടിച്ചാണ് ജീവിച്ചിരുന്നത്.

ബിരുദധാരിണിയാണ് വെണ്‍മണി പുലക്കടവ് ആന്‍സി ഭവനില്‍ ജോണ്‍സന്റെ മകളായ ആന്‍സി. ഇരുവരുടെയും വീട്ടുകാര്‍ വിവാഹത്തെക്കുറിച്ച് ആലോചിച്ചിരുന്നു. ഗള്‍ഫിലുള്ള ആന്‍സിയുടെ അമ്മ നാട്ടിലെത്തുമ്പോള്‍ വിവാഹം നടത്താന്‍ കാത്തിരിക്കുമ്പോഴാണ് ഇരുവരുടെയും ജീവന്‍ കെ എസ് ആര്‍ ടി സി ബസ് തട്ടിത്തെറിപ്പിച്ചത്.

[ot-video][/ot-video]

Copyright © . All rights reserved