India

മഹാത്മാ ഗാന്ധിയെ വധിച്ചത് ആർഎസ്എസെന്ന് ചാനൽ ചർച്ചയിൽ പറഞ്ഞതിൽ മാറ്റമില്ലെന്ന് യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്‍റ് റിജില്‍ ചന്ദ്രന്‍ മാക്കുറ്റി. ഇതുസംബന്ധിച്ച വക്കീല്‍ നോട്ടീസിനോടാണ് പ്രതികരണം. പത്രസമ്മേളനം വിളിച്ച് മാപ്പ് പറഞ്ഞില്ലെങ്കിൽ നിയമ നടപടി സ്വീകരിക്കുമെന്നാണ് നോട്ടീസ്. താന്‍ മാപ്പ് പറയില്ലെന്നും ഗാന്ധിജിയെ കൊന്നത് ആര്‍എസ്എസാണെന്ന് ഒരിക്കല്‍ കൂടി ആവര്‍ത്തിക്കുകയാണെന്നും റിജില്‍ മാക്കുറ്റി ഫെയ്സ്ബുക്കിലൂടെ വ്യക്തമാക്കി.

‘നോട്ടീസ് കിട്ടി ഏഴ് ദിവസത്തിനുള്ളിൽ പത്രസമ്മേളനം വിളിച്ച് മാപ്പ് പറഞ്ഞില്ലെങ്കിൽ നിയമ നടപടി സ്വീകരിക്കും പോലും. ഞാൻ മാപ്പും പറയില്ല ഒരു കോപ്പും പറയില്ല. ഒരു പീറ കടലാസിന്‍റെ വില പോലും ഈ നോട്ടീസിന് ഞാൻ കൽപ്പിക്കുന്നില്ല. സായിപ്പിന്‍റെ ചെരിപ്പ് നക്കിയ ഭീരു സവർക്കറുടെ അനുയായി അല്ല ഞാൻ. ഗാന്ധിജിയുടെ അനുയായി ആണ്.’ അദ്ദേഹം പറഞ്ഞു.

ഒരിക്കൽ കൂടി ആവർത്തിച്ച് പറയുന്നു: ഗാന്ധിജിയെ വധിച്ചത് ആര്‍എസ്എസ് തന്നെയാണ്. അതുകൊണ്ട് വക്കീൽ നോട്ടീസ് എന്ന ഉമ്മാക്കി കാണിച്ചാലൊന്നും ഭയപ്പെടുന്നവനല്ല ഞാൻ. എന്‍റെ നാവിന്‍റെ ചലനശേഷി നഷ്ടപ്പെടുന്നതു വരെ ആര്‍എസ്എസിന് എതിരെ പോരാടും. അതാണ് എന്‍റെ രാഷ്ട്രീയം. അതാണ് എന്‍റെ നിലപാട്- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

കുടുംബ വഴക്കിനിടെ ഗര്‍ഭിണി കിണറ്റിലേക്ക് എടുത്ത് ചാടി, കൂടെ ഭര്‍ത്താവും. കഴിഞ്ഞ ദിവസം പുലര്‍ച്ചെ രണ്ടര മണിയോടെ മഞ്ചേരി പാലക്കുളം എല്‍പി സ്‌കൂളിനു സമീപമാണ് സംഭവം.

വാടകയ്ക്ക് താമസിക്കുന്ന ശ്രീനിവാസന്‍ (45), ഭാര്യ ലക്ഷ്മി (44) എന്നിവരാണ് വഴക്കിട്ട് കിണറ്റില്‍ ചാടിയത്. വഴക്ക് മൂര്‍ച്ഛിച്ചതോടെ ഗര്‍ഭിണിയായ ഭാര്യ കിണറ്റിലേക്ക് എടുത്തു ചാടുകയായിരുന്നു. ഇരുവരെയും അഗ്നി രക്ഷാ സേനയെത്തി രക്ഷപ്പെടുത്തുകയായിരുന്നു.

അപ്രതീക്ഷിതമായ ഭാര്യയുടെ അവിവേകത്തിന് മുന്നില്‍ പകച്ച ശ്രീനിവാസന്‍ മറ്റൊന്നും ചിന്തിച്ചില്ല. ഒപ്പം കിണറ്റിലേക്ക് ചാടി. 30 അടി താഴ്ചയുള്ള കിണറ്റില്‍ ദമ്പതികള്‍ കുടുങ്ങുകയായിരുന്നു.

സംഭവം കണ്ടു നിന്ന മകനാണ് പോലീസിനും ഫയര്‍ഫോഴ്സിനും വിവരമറിയിച്ചത്. കിണറ്റില്‍ നാലടിയോളം വെള്ളമുണ്ടായത് ദമ്പതികള്‍ക്ക് രക്ഷയായി. ഇരുവര്‍ക്കും പരാതിയില്ലെന്ന് പോലീസിനെ അറിയിച്ചു.

ലഹരിമരുന്നു കേസില്‍ ശിക്ഷിക്കപ്പെട്ട് ഖത്വര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന മുംബൈ സ്വദേശികളായ ദമ്പതികളുടെ കേസ് വീണ്ടും പരിഗണിക്കാന്‍ അപ്പീല്‍ കോടതിക്ക് ഖത്വര്‍ സുപ്രീം കോടതിയുടെ നിര്‍ദേശം. ദമ്പതികള്‍ നല്‍കിയ ഹര്‍ജിയിലാണ് നിര്‍ദേശം.

ദമ്പതികളെ ശിക്ഷിച്ചു കൊണ്ടുള്ള കീഴ്ക്കോടതിയുടെ വിധി അപ്പീല്‍ കോടതിയും ശരിവച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇരുവരും സുപ്രീം കോടതിയെ സമീപിച്ചത്. അടുത്ത ബന്ധുവിന്റെ ചതിയാണ് ദമ്പതികളെ കുടുക്കിയതെന്ന് വ്യക്തമാക്കി ഇരുവരുടെയും കുടുംബങ്ങള്‍ ഇന്ത്യയില്‍ നല്‍കിയ കേസ് നാര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോയുടെ (എന്‍സിബി) നേതൃത്വത്തിലും പുരോഗമിക്കുകയാണ്.

ഇന്ത്യയില്‍ നല്‍കിയ കേസിന്റെ രേഖകള്‍ ഉള്‍പ്പെടെ ഹാജരാക്കിയാണ് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയത്. ഖത്തറിലെ ഇന്ത്യന്‍ എംബസിയുടെ ഇടപെടലിനെ തുടര്‍ന്ന് പബ്ലിക് പ്രോസിക്യൂഷന്‍ ദമ്പതികളെ വിളിച്ച് വീണ്ടും അന്വേഷണം നടത്തിയിരുന്നു. ദോഹയിലെ ലീഗല്‍ കണ്‍സള്‍ട്ടന്റായ നിസാര്‍ കോച്ചേരി മുഖേന സ്വദേശി അഭിഭാഷകനായ അബ്ദുല്ല ഇസ അല്‍ അന്‍സാരിയാണ് ദമ്പതികള്‍ക്കായി കേസ് വാദിക്കുന്നത്.

2019 ജൂലൈയില്‍ മധുവിധു ആഘോഷിക്കാനായി ദോഹയിലെത്തിയ ദമ്പതികളായ മുഹമ്മദ് ഷെറീഖും ഒനിബയുമാണ് ലഹരിമരുന്നു കേസില്‍ ഖത്വറില്‍ തടവില്‍ കഴിയുന്നത്. ദമ്പതികളെ ബന്ധു നിര്‍ബന്ധിച്ച് ഗള്‍ഫിലേക്ക് പറഞ്ഞയക്കുകയായിരുന്നു. ഹമദ് രാജ്യാന്തര വിമാനത്താവളത്തില്‍ വന്നിറങ്ങവെ ഇവരുടെ ബാഗില്‍ നിന്നും നാലു കിലോ ലഹരിമരുന്ന് ഒളിപ്പിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് കീഴ്ക്കോടതിയാണ് ഇരുവര്‍ക്കും 10 വര്‍ഷം വീതം തടവും മൂന്നു ലക്ഷം റിയാല്‍ വീതം പിഴയും വിധിച്ചത്. ഗര്‍ഭിണിയായിരിക്കെ ഒനിബയെ ബന്ധു നിര്‍ബന്ധിച്ച് മധുവിധുവിന് ദോഹയിലെത്തിക്കുകയായിരുന്നു. ജയിലില്‍ വച്ച് ഒനിബ പെണ്‍കുഞ്ഞിനെ പ്രസവിച്ചു. കുഞ്ഞും അമ്മയ്ക്കൊപ്പം ജയിലില്‍ തന്നെയാണ്.

കോയമ്പത്തൂര്‍: പൂട്ടിക്കിടന്ന വീട്ടില്‍നിന്ന് 100 പവന്റെ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു. കോയമ്പത്തൂര്‍ ഡോ. രാജേന്ദ്രപ്രസാദ് റോഡില്‍ സി. കാര്‍ത്തിക്കിന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. ശനിയാഴ്ച രാവിലെയാണ് മോഷണവിവരം പുറത്തറിഞ്ഞത്.

കാര്‍ത്തിക്കും കുടുംബവും വ്യാഴാഴ്ചയാണ് വീട് പൂട്ടി ബെംഗളൂരുവിലേക്ക് പോയത്. ശനിയാഴ്ച രാവിലെ വീട്ടുജോലിക്കാരി പുഷ്പ വീട്ടിലെത്തിയിരുന്നു. ഈ സമയത്താണ് വീടിന്റെ വാതില്‍ തകര്‍ത്തനിലയില്‍ കണ്ടത്. തുടര്‍ന്ന് ഇവര്‍ കാര്‍ത്തിക്കിനെ ഫോണില്‍ വിളിക്കുകയും ഇദ്ദേഹം സിറ്റി പോലീസിനെ വിവരമറിയിക്കുകയുമായിരുന്നു.

വാതില്‍ തകര്‍ത്ത് അകത്തുകടന്ന മോഷ്ടാക്കള്‍ വീടിനുള്ളില്‍ സൂക്ഷിച്ചിരുന്ന താക്കോല്‍ ഉപയോഗിച്ചാണ് ആഭരണങ്ങള്‍ സൂക്ഷിച്ച ലോക്കറുകള്‍ തുറന്നത്. മോഷണത്തിന് ശേഷം വീടിനുള്ളില്‍ മുട്ടക്കറി മസാല തളിച്ചിരുന്നു. പോലീസ് നായ മണംപിടിക്കാതിരിക്കാനാണ് മുട്ടക്കറി ഒഴിച്ചത്.

വിവരമറിഞ്ഞ് ഡെപ്യൂട്ടി കമ്മീഷണര്‍മാരായ ജി.സ്റ്റാലിന്‍, ഇ.എസ്. ഉമ എന്നിവരുള്‍പ്പെടെയുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. വിരലടയാള വിദഗ്ധരും ഫൊറന്‍സിക് ഉദ്യോഗസ്ഥരും തെളിവുകള്‍ ശേഖരിച്ചു. സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

ന്യൂഡൽഹി∙ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കേരളത്തിൽ ഭരണം പിടിക്കാൻ സാധിച്ചാൽ മുഖ്യമന്ത്രി പദം സംബന്ധിച്ച് കോൺഗ്രസിനുള്ളിൽ തർക്കമുയരാതിരിക്കാനുള്ള ജാഗ്രതയിൽ പാർട്ടി ഹൈക്കമാൻഡ്. ഉമ്മൻ ചാണ്ടിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മത്സരത്തിനിറങ്ങുന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാർഥി ആരെന്ന ചോദ്യം സജീവം. തിരഞ്ഞെടുപ്പിനു മുൻപ് മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുന്ന രീതി കോൺഗ്രസിൽ ഇല്ലെന്നും സംസ്ഥാന നേതൃത്വം ഒറ്റക്കെട്ടായി പാർട്ടിയെ നയിക്കുമെന്നും ഹൈക്കമാൻഡ് വ്യക്തമാക്കുന്നു.

തിരഞ്ഞെടുപ്പിനു മുൻപ് ഗ്രൂപ്പ് പോര് ഒഴിവാക്കാൻ കൂടി ലക്ഷ്യമിട്ടാണ് സംസ്ഥാന നേതൃത്വം ഒന്നിച്ചു നിൽക്കണമെന്ന സന്ദേശം ഹൈക്കമാൻഡ് നൽകുന്നത്. തിരഞ്ഞെടുപ്പിൽ വിജയക്കൊടി പാറിക്കാൻ സാധിച്ചാൽ, മുഖ്യമന്ത്രി പദം സംബന്ധിച്ച് അവകാശവാദം മുറുകുമെന്നാണു ഹൈക്കമാൻഡിന്റെ വിലയിരുത്തൽ. ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും മുഖ്യമന്ത്രി പദത്തിലേക്ക് അവകാശമുന്നയിക്കാൻ പൂർണ യോഗ്യരാണെന്നും തിരഞ്ഞെടുപ്പിനു ശേഷം കൂടുതൽ എംഎൽഎമാരുടെ പിന്തുണ ലഭിക്കുന്നയാൾ ആ പദവിയിലെത്തുമെന്നും ഹൈക്കമാൻഡ് വൃത്തങ്ങൾ പറഞ്ഞു. എ– ഐ ഗ്രൂപ്പുകൾ തമ്മിൽ തർക്കം മുറുകിയാൽ സമവായ സ്ഥാനാർഥിയായി മുഖ്യമന്ത്രി പദം ലഭിക്കുന്നതിന്റെ നേരിയ സാധ്യത കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും കാണുന്നു. കോഴിക്കോട്, വയനാട് ജില്ലകളിലെ മണ്ഡലങ്ങളിലൊന്നിൽ മുല്ലപ്പള്ളി മത്സരിക്കാനിറങ്ങിയേക്കുമെന്ന അഭ്യൂഹം ശക്തം.

മുഖ്യമന്ത്രിയുടെ കാര്യത്തിൽ തർക്കം ഉടലെടുത്താൽ, അതിനു പരിഹാരവഴി കാണാനുള്ള ഹൈക്കമാൻഡ് സംഘത്തിനു രാഹുൽ ഗാന്ധി ആയിരിക്കും നേതൃത്വം നൽകുക. അനാരോഗ്യം അലട്ടുന്ന ഇടക്കാല പ്രസിഡന്റ് സോണിയ ഗാന്ധി സംഘടനാകാര്യങ്ങളിൽനിന്നു വിട്ടു നിൽക്കുകയാണ്. സംസ്ഥാനത്തേയ്ക്കുള്ള മുതിർന്ന നിരീക്ഷകനായി നിയോഗിക്കപ്പെട്ട രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട്, സംഘടനാകാര്യ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, കേരളത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി താരിഖ് അൻവർ എന്നിവരും അനുരഞ്ജന ചർച്ചകളിൽ പങ്കാളികളാകും.

മുഖ്യമന്ത്രി പദം സംബന്ധിച്ച തർക്കങ്ങൾ മുൻ തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസിന് തലവേദനയായിട്ടുണ്ട്. 2018 അവസാനം നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ഭരണം പിടിച്ച മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ് എന്നിവടങ്ങളിൽ നേതാക്കൾ മുഖ്യമന്ത്രി പദത്തിനായി ചേരിതിരിഞ്ഞു പോരടിച്ചു. മധ്യപ്രദേശിൽ കമൽനാഥിനെ മുഖ്യമന്ത്രിയാക്കിയതിൽ പ്രതിഷേധിച്ച് യുവ നേതാവ് ജ്യോതിരാദിത്യ സിന്ധ്യ ബിജെപിയിലേക്കു ചേക്കേറി. പിന്നാലെ, കോൺഗ്രസ് സർക്കാർ നിലംപതിച്ചു.

രാജസ്ഥാനിൽ മുഖ്യമന്ത്രി ഗെലോട്ടിനെതിരെ ഉപ മുഖ്യമന്ത്രി സച്ചിൻ പൈലറ്റ് കലാപക്കൊടി ഉയർത്തി. തന്നെ മുഖ്യമന്ത്രിയാക്കിയില്ലെങ്കിൽ ഏതാനും എംഎൽഎമാർക്കൊപ്പം പാർട്ടി വിടുമെന്ന് ഭീഷണി മുഴക്കിയ സച്ചിനെ പ്രിയങ്ക ഗാന്ധി ഇടപെട്ടാണ് അനുനയിപ്പിച്ചത്. ഒടുവിൽ പാർട്ടിക്കു വഴങ്ങിയെങ്കിലും ഉപ മുഖ്യമന്ത്രി, പിസിസി പ്രസിഡന്റ് സ്ഥാനങ്ങൾ സച്ചിന് നഷ്ടമായി. ഛത്തീസ്ഗഡിൽ മുഖ്യമന്ത്രി ഭൂപേഷ് ബാഗലിനെ മുഖ്യമന്ത്രിയാക്കിയതിൽ മുതിർന്ന നേതാവും ആരോഗ്യ മന്ത്രിയുമായ ടി.എസ്. സിങ് ദേവിന് കടുത്ത അമർഷമുണ്ട്.

ഇന്ത്യ-ഓസ്‌ട്രേലിയ ടെസ്റ്റ് ക്രിക്കറ്റ് പരമ്പര പുരോഗമിക്കവെ പരിക്കേറ്റ താരങ്ങളുടെ നീണ്ടനിര തന്നെ ഇതിനോടകമുണ്ട്. രണ്ട് ടീമിനെയും പരിക്ക് അലട്ടുന്നുണ്ടെങ്കിലും ഇന്ത്യക്കാണ് കൂടുതല്‍ തിരിച്ചടി. ഉമേഷ് യാദവ്, മുഹമ്മദ് ഷമി, കെഎല്‍ രാഹുല്‍, ജസ്പ്രീത് ബൂംറ, ഹനുമ വിഹാരി, രവീന്ദ്ര ജഡേജ എന്നിവര്‍ പരിക്കേറ്റ് പുറത്തായിരിക്കുകയാണ്.

കൂടാതെ വിരാട് കോലിയുടെ അഭാവവും ഇന്ത്യന്‍ നിരയിലുണ്ട്. പതിവില്‍ നിന്ന് വ്യത്യസ്തമായി ഇത്തവണ നിരവധി താരങ്ങളാണ് പരിക്കിന്റെ പിടിയില്‍ അകപ്പെട്ടിരിക്കുന്നത്. താരങ്ങള്‍ക്ക് ഇത്തരത്തില്‍ പരിക്കേല്‍ക്കാന്‍ കാരണം ഐപിഎല്ലാണെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് ഓസീസ് പരിശീലകന്‍ ജസ്റ്റിന്‍ ലാംഗര്‍.

കഴിഞ്ഞ വര്‍ഷത്തെ ഐപിഎല്‍ ശരിയായ സമയത്താണ് നടത്തിയതെന്ന് കരുതുന്നില്ലെന്ന് ലാംഗര്‍ പറഞ്ഞു.ഈ സമ്മറില്‍ എത്ര കളിക്കാര്‍ക്ക് പരിക്കേറ്റു എന്നത് നോക്കുക. ശരിയായ സമയത്തല്ല ഐപിഎല്‍ നടന്നത്. പരിക്കുകള്‍ ഓസ്ട്രേലിയയേയും ഇത്യയേയും ബാധിക്കാന്‍ കാരണം ഇതാണ്. വൈറ്റ്‌ബോള്‍ ക്രിക്കറ്റില്‍ മെച്ചപ്പെടാന്‍ ഐപിഎല്ലിലൂടെ സാധിക്കും. എന്നാല്‍ ഐപിഎല്‍ നടത്തിയ സമയത്തിലേക്ക് മാത്രമാണ് ഞാന്‍ വിരല്‍ ചൂണ്ടുന്നത്. ലാംഗര്‍ പറഞ്ഞു.

ഏപ്രില്‍-മെയ് മാസത്തില്‍ നടത്തേണ്ടിയിരുന്ന ഐപിഎല്‍ കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് സെപ്‌റ്റംബര്‍ നവംബര്‍ മാസത്തിലാണ് നടത്തിയത്.ഇതിന് ശേഷം ഇന്ത്യ-ഓസീസ് താരങ്ങള്‍ നേരിട്ട് ഓസ്‌ട്രേലിയയിലേക്ക് പോയി.ആവിശ്യത്തിന് വിശ്രമം ലഭിക്കുന്നതിന് മുമ്ബെ ക്വാറന്റെയ്‌നില്‍ ടീമുകള്‍ക്ക് പ്രവേശിക്കേണ്ടി വന്നു.

ഇത് മാനസികമായി വലിയ തിരിച്ചടിയായി. കൂടാതെ തുടര്‍ച്ചയായി രണ്ട് മാസത്തെ മത്സരങ്ങള്‍ക്ക് ശേഷം ഇടവേളയില്ലാതെ മത്സരം കളിച്ചതോടെയാണ് കടുത്ത തിരിച്ചടി നേരിടേണ്ടി വന്നത്.ഓസ്‌ട്രേലിയക്ക് പരിക്ക് അത്ര ബാധിച്ചിട്ടില്ല. എന്നാല്‍ സ്റ്റാര്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണറുടെ പരിക്ക് ടീമിനെ സാരമായി ബാധിച്ചിട്ടുണ്ട്. ഇന്ത്യയെ സംബന്ധിച്ച്‌ നിര്‍ണ്ണായക താരങ്ങളെല്ലാം പരിക്കേറ്റ് പുറത്താണ്.

സിനിമകളിലുടെയും സീരിയലുകളിലൂടെയും പ്രേക്ഷർക്ക് പരിചിതമായ താരമാണ് മുരളി മോഹൻ. മുരളി മോഹൻ മോശം മെസ്സേജുകൾ അയക്കുന്നു എന്ന ആരോപണവുമായി രം​ഗത്തെത്തിയിരിക്കുകയാണ് യുവതി. മുരളി മോഹന്റെത് എന്ന ഫെയ്‌സ്ബുക്ക് അക്കൗണ്ടിൽ നിന്നും വന്ന സന്ദേശങ്ങളുടെ സ്‌ക്രീൻ ഷോട്ട് പങ്കുവച്ചാണ് യുവ എഴുത്തുകാരിയായ അശ്വതി രംഗത്തെത്തിയിരിക്കുന്നത്.

ഇത് നടന്റെ ഫേക്ക് അക്കൗണ്ട് ആകും എന്ന് കരുതണ്ട, വോയിസ് ഉണ്ട്, രണ്ട് അക്കൗണ്ടുകളും അയാൾ തന്നെയാണ് ഉപയോഗിക്കുന്നതെന്നും യുവതി കുറിച്ചിട്ടുണ്ട്.യുവതിയോട് വാട്‌സ്ആപ്പിൽ വരാൻ ആവശ്യപ്പെട്ട് നമ്പർ അയച്ചു കൊടുത്തും, ശബ്ദസന്ദേശങ്ങൾ അയച്ചതും ആയ സന്ദേശങ്ങളുടെ സ്‌ക്രീൻ ഷോട്ടുകളാണ് പങ്കുവച്ചിരിക്കുന്നത്.

ദിലീപ് നായകനായ രാജസേനൻ ചിത്രം റോമിയോയിൽ ദിലീപിന്റെ കാമുകിയുടെ അച്ഛനായി എത്തിയത് മുരളി മോഹൻ ആയിരുന്നു, താരത്തിന്റെ ആ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.ഡയമൻഡ്‌സ്, കേരളം വർമ്മ പഴശ്ശി രാജ, എന്ന് നിന്റെ മൊയ്‌ദീൻ തുടങ്ങിയ ചിത്രങ്ങളിൽ എല്ലാം തന്നെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താരത്തിന് സാധിക്കുകയും ചെയ്തു. സിനിമയേക്കാൾ സീരിയൽ മേഖലയിലാണ് താരം ഏറെ തിളങ്ങിയത്.

 

മലയാളത്തിൻ്റെ ഹാസ്യ രാജാവാണ് ജഗതി ശ്രീകുമാർ, താരത്തിൻ്റെ അഭാവം മലയാള സിനിമയിൽ അലയടിക്കാൻ തുടങ്ങിയിട്ട് വര്‍ഷങ്ങളേറെയായി. എന്നിരുന്നാലും കഴിഞ്ഞ വര്‍ഷമാണ് വലിയൊരു ഇടവേളയ്ക്ക് വിരാമമിട്ടു കൊണ്ട് താരം ക്യാമറയ്ക്ക് മുന്നിലേക്കെത്തിയത്. പ്രേക്ഷകരുടെ പ്രിയ താരം ആണെങ്കിലും നിരവധി വിമർശങ്ങൾ ജഗതിക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തന്റെ രണ്ടാം വിവാഹത്തെ കുറിച്ചും ആദ്യ വിവാഹത്തെ കുറിച്ചുമൊക്കെ ജഗതി ഒരു അഭിമുഖത്തില്‍ പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്.

ജഗതിയുടെ വാക്കുകള്‍ ഇങ്ങനെ, 17 വയസ്സില്‍ കോളജ് പഠനത്തിനിടയിലായിരുന്നു ആദ്യ പ്രണയം, 19-ാം വയസ്സില്‍ അത് സാഫല്യമാക്കിയവനാണ് താന്‍. തമാശ പ്രേമമൊന്നുമായിരുന്നില്ല അത്. അങ്ങനെ വിവാഹിതരായി. 11 വര്‍ഷം കഴിഞ്ഞപ്പോള്‍ ആ വിവാഹബന്ധം വേര്‍പെടുത്തി. പിന്നീട് ഞാന്‍ അറേഞ്ച്ഡ് മാര്യേജിന് വിധേയനായി. കാമുകിയെ ചതിച്ചയാളല്ല താന്‍. അഭിനയ രംഗത്തുള്ളയാളായതിനാല്‍ പല പെണ്‍കുട്ടികള്‍ക്കും എന്നെ ഇഷ്ടമായിരുന്നു. എന്നാല്‍ പ്രണയം ഒന്നേയുണ്ടായിട്ടുള്ളൂ. ഇന്നത്തെപ്പോലെയുള്ള സ്വാതന്ത്ര്യമൊന്നുമില്ലായിരുന്നില്ല. കാമുകിയോട് സംസാരിക്കാനും സിനിമ കാണാന്‍ പോവുമെന്നും അന്ന് സ്വാതന്ത്ര്യമില്ലായിരുന്നു.

അപക്വമായ പ്രായത്തിലെ ചാപല്യമായാണ് ഇപ്പോള്‍ അതിനെ കാണുന്നത്. മക്കളൊക്കെ പ്രണയിക്കുന്നതിന് എതിര്‍പ്പൊന്നുമില്ല. അതിന്റെ സുഖദു:ഖങ്ങള്‍ ഒരുമിച്ച്‌ അനുഭവിക്കാന്‍ തയ്യാറായാല്‍ പ്രണയം മനോഹരമാണ്. കടുത്ത സാമ്ബത്തിക ബുദ്ധിമുട്ടുകളുണ്ടായിരുന്നു അക്കാലത്ത്. അങ്ങനെയാണ് പിരിയേണ്ടി വന്നത്. കൂടെ അഭിനയിച്ച നായികമാരില്‍ താനേറെ കംഫര്‍ട്ട് കല്‍പ്പനയുമായാണ്. മനോധര്‍മ്മത്തിന് അനുസരിച്ച്‌ അവര്‍ നില്‍ക്കും. എന്ത് ചെയ്താലും അതിന് അനുസരിച്ച്‌ തിരിച്ചടിക്കും. അക്കാര്യത്തില്‍ മിടുക്കിയാണ്. ജഗതി കല്‍പ്പന ജോഡിക്കാണ് കൂടുതലും സ്വീകാര്യത. അതിന് പിന്നിലെ കാരണം ഈ മനോധര്‍മ്മമാണ്.

മകൻ രാജ്‌കുമാറിന്റെ പരസ്യ കമ്പനി നിർമ്മിച്ച വാട്ടർ തീം പാർക്കിന്റെ പരസ്യത്തിലൂടെയാണ് ജഗതി കഴിഞ്ഞ വര്‍ഷം ക്യാമറയ്ക്ക് മുന്നിലേക്ക് എത്തിയത്. വാഹനാപകടത്തെ തുടര്‍ന്ന് ഗുരുതരമായ പരിക്കുകളേറ്റതിനെ തുടര്‍ന്ന് നടൻ ചികിത്സ തുടരുമ്പോഴും താരത്തിൻ്റെ സിനിമയോടുള്ള തീവ്രമായ ആഗ്രഹവും അസാമാന്യമായ നിശ്ചയദാര്‍ഢ്യവും അദ്ദേഹത്തിന്റെ ആരോഗ്യനിലയില്‍ നിര്‍ണ്ണായക പുരോഗതി ഉണ്ടാക്കാന്‍ സഹായകരമായിരുന്നു.

എസ്‌ഐ വാഹനത്തില്‍ നിന്നിറങ്ങി ഗ്രൗണ്ടിലേക്ക് നടന്നുവരുന്നത് കണ്ട് യുവാക്കള്‍ ആദ്യമൊന്നു പകച്ചു. പിന്നെ ബാറ്റ് കയ്യിലെടുത്തു യുവാക്കള്‍ക്കൊപ്പം കൂടി കളിക്കാന്‍. എസ്‌ഐ സ്റ്റെപ്‌റ്റോ ജോണിന്റെ നാടന്‍ ക്രിക്കറ്റ് കളിയാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറല്‍. എറണാകുളം കാലടിയിലാണ് ആവേശക്കാഴ്ച അരങ്ങേറിയത്.

കേസിന്റെ ആവശ്യമായി എസ്‌ഐ വാഹനത്തില്‍ പോകുമ്പോഴാണു മറ്റൂരില്‍ ഒരു ഗ്രൗണ്ടില്‍ കുറച്ചു യുവാക്കള്‍ ക്രിക്കറ്റ് കളിക്കുന്നതു കണ്ടത്. എസ്‌ഐ വേഗം വാഹനത്തില്‍ നിന്നിറങ്ങി ഗ്രൗണ്ടിലേക്കു ചെന്നു. യുവാക്കള്‍ ആദ്യമൊന്നു പകച്ചുവെങ്കിലും എസ്‌ഐ ബാറ്റ് കയ്യിലെടുത്തപ്പോള്‍ അവരും ആവേശത്തിലായി.

ബാറ്റിങ്ങും ബോളിങ്ങും ചെയ്തു എസ്‌ഐ അവരിലൊരാളായി മാറി, കുറെ നേരം അവര്‍ക്കൊപ്പം കളിച്ചു. കോളേജ് കാലത്തെ ഓര്‍മകളോടെ എസ്‌ഐ ക്രിക്കറ്റ് നന്നായി ആസ്വദിച്ചു. ‘സാര്‍ സൂപ്പര്‍ പ്ലേയറാ’ എന്ന അഭിനന്ദനം ഏറ്റുവാങ്ങിയാണ് എസ്‌ഐയെ മടങ്ങിയത്.

പ്രശസ്ത ബൈക്ക് റൈഡർ കിങ് റിച്ചാർഡ് ശ്രീനിവാസൻ ബൈക്ക് അപകടത്തിൽ മരിച്ചു. ഒട്ടകവുമായി കൂട്ടിയടിച്ചായിരുന്നു അപകടം. ബെംഗളൂരു സ്വദേശിയായ ഇദ്ദേഹത്തിന് സമൂഹമാധ്യമങ്ങളിൽ ആരാധകർ ഏറെയാണ്. രാജസ്ഥാനിലെ ജയ്സാൽമീറിലേക്കുള്ള യാത്രക്കിടയിലാണ് ഒട്ടകവുമായി കൂട്ടിയിടിച്ചത്.

ജനുവരി 23ന് ബെംഗളൂരുവിൽ യാത്ര അവസാനിപ്പിക്കാനിരിക്കെയാണ് അപകടം തേടിയെത്തിയത്. ബൈക്കിൽ പോകുന്നതിനിടെ അപ്രതീക്ഷിതമായി ഒട്ടകം കുറുകേ ചാടുകയായിരുന്നു. അപകടത്തിൽ തലയ്ക്ക് ഗുരുതരപരുക്കേറ്റതാണ് മരണകാരണം. അപകടസ്ഥലത്ത് വച്ച് മരണം സംഭവിച്ചുവെന്നാണ് റിപ്പോർട്ട്.

പോസ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറി. ഏഷ്യ, യൂറോപ്പ്, അമേരിക്ക, ഓസ്‌ട്രേലിയ എന്നിവടങ്ങളിൽ ടൈഗർ 800 എന്ന ബൈക്കിൽ ഇദ്ദേഹം യാത്രപോയിരുന്നു. ആഫ്രിക്കൻ യാത്രയ്ക്ക് തയാറെടുക്കുമ്പോഴാണ് മരണം തേടിയെത്തിയത്. .

Copyright © . All rights reserved