‘സർ എന്ന് വിളിക്കേണ്ട, പേര് മതി; ‘രാഹുൽ അണ്ണാ’ എന്നു വിളിക്കട്ടെയെന്ന് വിദ്യാർഥിനി (വീഡിയോ)

‘സർ എന്ന് വിളിക്കേണ്ട, പേര് മതി; ‘രാഹുൽ അണ്ണാ’ എന്നു വിളിക്കട്ടെയെന്ന് വിദ്യാർഥിനി (വീഡിയോ)
February 19 15:59 2021 Print This Article

വീണ്ടും വിദ്യാർഥികളുടെ കൈയടി വാങ്ങി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. തന്നെ ‘സർ’ എന്നു വിളിക്കേണ്ടെന്ന് രാഹുൽ വിദ്യാർഥികളോട് പറഞ്ഞു. ‘സർ’ എന്നു വിളിച്ചുകൊണ്ട് അഭിസംബോധന ചെയ്‌ത വിദ്യാർഥിനിയെ രാഹുൽ തിരുത്തി. ഇതുകേട്ടതും മറ്റ് വിദ്യാർഥികൾ വലിയ സ്വരത്തിൽ കൈയടിക്കാൻ തുടങ്ങി.

പുതുച്ചേരിയിൽ വിദ്യാർഥികളുമായി സംവദിക്കുന്നതിനിടെയാണ് രസകരമായ സംഭവം. ‘സർ, ഞാൻ ഇവിടെയുണ്ട്’ എന്നുപറഞ്ഞ് ചോദ്യത്തിലേക്ക് കടക്കുന്ന വിദ്യാർഥിനിയെയാണ് രാഹുൽ തിരുത്തിയത്. “നോക്കൂ, എന്റെ പേര് ‘സർ’ എന്നല്ല. എന്റെ പേര് രാഹുൽ എന്നാണ്. അതുകൊണ്ട് ദയവായി നിങ്ങൾ എന്നെ രാഹുൽ എന്നു വിളിക്കൂ. നിങ്ങളുടെ പ്രിൻസിപ്പലിനെ ‘സർ’ എന്ന് വിളിക്കാം. അധ്യാപകരെ ‘സർ’ എന്ന് വിളിക്കാം. എന്നാൽ, എന്നെ നിങ്ങൾ രാഹുൽ എന്ന് വിളിക്കൂ..,” ഇതുകേട്ടതും വിദ്യാർഥികൾ രാഹുലിന് കൈയടിച്ചു.

എന്നാൽ, ഉടനെ മറ്റൊരു ചോദ്യം രാഹുലിനെ തേടിയെത്തി. ‘എങ്കിൽ ഞങ്ങൾ രാഹുൽ അണ്ണാ എന്ന് വിളിക്കട്ടെ,’ എന്നാണ് ഒരു വിദ്യാർഥിനി ചോദിച്ചത്. ‘രാഹുൽ അണ്ണാ’ എന്നു വിളിക്കാൻ രാഹുൽ ഗാന്ധി സമ്മതമറിയിക്കുകയും ചെയ്‌തു. വലിയ ഹർഷാരവങ്ങളോടെയാണ് രാഹുലിന്റെ ഈ വാക്കുകളും വിദ്യാർഥിനികൾ ഏറ്റെടുത്തത്.

രാഹുൽ ഗാന്ധിയുടെ പുതുച്ചേരി സന്ദർശന വേളയിൽ ഭാരതി ദാസൻ സർക്കാർ വനിതാ കോളജിലെ വിദ്യാർഥികളുമായുള്ള സംവാദമാണ് ദേശീയ തലത്തിൽ ശ്രദ്ധ നേടിയത്. നിരവധി പേർ ഈ വീഡിയോ ഷെയർ ചെയ്‌തിട്ടുണ്ട്.

നേരത്തെ, സംവാദത്തിനിടെ തന്റെ അടുത്തേക്ക് എത്തിയ വിദ്യാർഥിനിയെ രാഹുൽ സന്തോഷിപ്പിച്ചതിന്റെ വീഡിയോയും വൈറലായിരുന്നു. രാഹുലിന്റെ ഓട്ടോഗ്രാഫ് വാങ്ങാൻ വേദിക്കരികെ എത്തിയതായിരുന്നു വിദ്യാർഥിനി. രാഹുൽ വിദ്യാർഥിനിയുടെ പുസ്‌തകം വാങ്ങി ഒപ്പിട്ടു. പിന്നീട് നടന്ന കാര്യങ്ങൾ വളരെ ഹൃദ്യമാണ്.

രാഹുൽ പുസ്‌തകത്തിൽ ഒപ്പിടുമ്പോൾ പെൺകുട്ടി സന്തോഷം കൊണ്ട് തുള്ളിച്ചാടുകയായിരുന്നു. അതിനുശേഷം രാഹുൽ പെൺകുട്ടിക്ക് കൈ കൊടുത്തു. രാഹുലിന്റെ കൈ പിടിച്ച് പെൺകുട്ടി തുള്ളിച്ചാടാൻ തുടങ്ങി. അതിനുശേഷം രാഹുൽ വിദ്യാർഥിനിയെ ചേർത്തുപിടിക്കുകയും ക്യാമറയിലേക്ക് നോക്കാൻ ആവശ്യപ്പെടുകയും ചെയ്‌തു. സദസിലെ മറ്റ് കുട്ടികളെല്ലാം ഇതുകണ്ട് കൈയടിക്കുകയും ആർപ്പുവിളിക്കുകയും ചെയ്തു. കവിളിൽ തലോടിയും തലയിൽ കൈവച്ച് അനുഗ്രഹിച്ചുമാണ് രാഹുൽ വിദ്യാർഥിനിയെ സന്തോഷിപ്പിച്ചത്.

അതേസമയം, പുതുച്ചേരി സന്ദർശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനങ്ങളാണ് രാഹുൽ ഉന്നയിച്ചത്. താൻ ഇന്ത്യയുടെ പ്രധാനമന്ത്രി ആണെന്നല്ല, മറിച്ച് രാജാവാണെന്ന് വിചാരിച്ചാണ് മോദി പ്രവർത്തിക്കുന്നതെന്ന് രാഹുൽ പരിഹസിച്ചു.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles