നയതന്ത്ര പാഴ്‌സല്‍ സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാടില്‍ മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യലിന് ശേഷം വിട്ടയച്ചു. രാത്രി 11.15 നാണ് രവീന്ദ്രനെ ഇ ഡി വിട്ടയച്ചത്. 13 മണിക്കൂറാണ് രവീന്ദ്രനെ ചോദ്യം ചെയ്തത്.
നാലാംതവണ നോട്ടീസ് അയച്ചതിനെത്തുടര്‍ന്നാണ് രവീന്ദ്രന്‍ ഇന്നലെ കൊച്ചി ഇ ഡി ഓഫീസില്‍ ഹാജരായത്. രവീന്ദ്രന്റെ ഇടപെടലുകള്‍ സംശയാസ്പദമെന്നാണ് ഇ ഡിയുടെ വിലയിരുത്തല്‍. സര്‍ക്കാര്‍ പദ്ധതികളില്‍ രവീന്ദ്രന്‍-ശിവശങ്കര്‍ അച്ചുതണ്ടിനാണ് നിയന്ത്രണമുണ്ടായിരുന്നതെന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം.
ശിവശങ്കറിനെ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി നിയമിച്ചത് രവീന്ദ്രന്റെ ഉപദേശപ്രകാരമാണെന്നാണ് ഇഡിക്കു ലഭിച്ചിരിക്കുന്ന വിവരം. ലൈഫ് മിഷന്‍, കെ-ഫോണ്‍ ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ പദ്ധതികളുടെ ഇടപാടുകളില്‍ ശിവശങ്കറിനു നിര്‍ദേശങ്ങള്‍ രവീന്ദ്രനില്‍ നിന്നാണ് ലഭിച്ചതെന്ന് ഇ ഡിക്ക് വിവരം ലഭിച്ചു. ഇതുസംബന്ധിച്ച ചോദ്യങ്ങള്‍ക്ക് രവീന്ദ്രന്‍ വ്യക്തമായ മറുപടി നല്‍കിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
ശിവശങ്കറിനുപുറമേ മുഖ്യമന്ത്രിയുടെ ഓഫീസിലെ മറ്റാരെങ്കിലും ബന്ധപ്പെട്ടിരുന്നോ എന്ന ഇ ഡിയുടെ ചോദ്യത്തിന് രവീന്ദ്രന്‍ വിളിക്കാറുണ്ടായിരുന്നുവെന്നും വിസ സ്റ്റാമ്പിങ്ങും സര്‍ട്ടിഫിക്കറ്റ് അറ്റസ്‌റ്റേഷനുമായും ബന്ധപ്പെട്ടായിരുന്നു ഇതെന്നും സ്വപ്ന മൊഴിനല്‍കിയിരുന്നു. ചോദ്യംചെയ്യാന്‍ സമയപരിധി നിശ്ചയിക്കണമെന്ന രവീന്ദ്രന്റെ ഹര്‍ജി ഇന്നലെ ഹൈക്കോടതി തള്ളിയിരുന്നു.
സിഐഡി ഡിവൈഎസ്പിയെ സുഹൃത്തിന്റെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ബംഗളുരു സ്വദേശി ലക്ഷ്മിയെയാണ് ബുധനാഴ്ചയോടെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. 28കാരിയായ ലക്ഷ്മി 2017ലാണ് സർവീസിൽ കയറിയത്.
സംഭവുമായി ബന്ധപ്പെട്ട് മരണത്തിനു തൊട്ടുമുൻപ് ലക്ഷ്മിയുമായി ഇടപഴകിയ രണ്ടു സൃഹൃത്തുക്കൾക്കെതിരെ പിതാവ് പരാതി നൽകി. മകളുടെ മരണം കൊലപാതകമാണെന്നാണ് കുടുംബത്തിന്റെ ആരോപണം.
സംഭവത്തിൽ അന്വേഷണം ഊർജിതമാക്കിയതായി ബംഗളുരു പൊലീസ് അറിയിച്ചു. മാതാപിതാക്കളുടെ പരാതിയിൽ സുഹൃത്തുക്കളെ വിശദമായി ചോദ്യം ചെയ്തേക്കും.
മുതിർന്ന പൗരന്മാർക്ക് ഇനി പോക്കറ്റ് ചോരാതെ വിമാനയാത്രയ്ക്ക് തയ്യാറെടുക്കാം. വിമാനത്തിലും മുതിർന്ന പൗരൻമാർക്ക് നിരക്കിളവ് നൽകാൻ തീരുമാനം. മുതിർന്ന പൗരന്മാർക്ക് അടിസ്ഥാന നിരക്കിൽ 50% ഇളവ് വാഗ്ദാനം ചെയ്യുന്ന പ്രത്യേക സ്‌കീം പ്രഖ്യാപിച്ച് രംഗത്തെത്തിയിരിക്കുകയാണ് എയർ ഇന്ത്യ. 60 വയസ് പൂർത്തിയായവർക്കാണ് ഇളവ് ലഭിക്കുക. ടെർമിനൽ ഫീസ്, എയർപോർട്ട് യൂസർ ഫീസ് തുടങ്ങിയവ ഉൾപ്പെടുത്താതെയുള്ള അടിസ്ഥാന നിരക്കിലാണ് ഇളവ് ലഭിക്കുകയെന്നും വെബ്‌സൈറ്റിൽ പറയുന്നുണ്ട്.
അതേസമയം, ഈ ആനുകൂല്യം ആഭ്യന്തര സർവീസുകൾക്ക് മാത്രമാണ് ബാധകം. ഇക്കണോമി ക്ലാസിന് മാത്രമായിരിക്കും ഇളവെന്നും എയർ ഇന്ത്യ സൂചിപ്പിക്കുന്നു. കമ്പനിയുടെ ഔദ്യോഗിക വെബ് സൈറ്റിൽ വിശദീകരിച്ചിരിക്കുന്ന മാനദണ്ഡങ്ങളുമായി പൊരുത്തപ്പെടുന്നവർക്ക് മാത്രമേ ഓഫർ ലഭ്യമാവുകയുള്ളൂ. ചെക്ക് ഇൻ ചെയ്യുന്ന സമയത്തോ ബോർഡിംഗ് ഗേറ്റിലോ ബന്ധപ്പെട്ട ഐഡിയോ രേഖകളോ ഹാജരാക്കിയിട്ടില്ലെങ്കിൽ, ടിക്കറ്റിന്റെ പണം നഷ്ടപ്പെട്ടേക്കും. ടിക്കറ്റുകൾ തിരികെ ലഭിക്കുകയുമില്ല.
വയസ്സ് രേഖപ്പെടത്തിയിട്ടുള്ള തിരിച്ചറിയൽ കാർഡ് ഇതിനായി കയ്യിൽ കരുതണം. വോട്ടേഴ്‌സ് ഐഡി കാർഡ്, പാസ്‌പോർട്ട്, ഡ്രൈവിങ് ലൈസൻസ്, എയർ ഇന്ത്യ നൽകിയിട്ടുള്ള സീനിയർ സിറ്റിസൺ ഐഡി കാർഡ് എന്നിവ ഇതിനായി പരഗണിക്കും. യാത്രാ തീയതിക്ക് മൂന്ന് ദിവസം മുമ്പ് ടിക്കറ്റുകൾ വാങ്ങണം, ഓഫർ ഒരു വർഷത്തേക്ക് സാധുതയുള്ളതാണ്.
ജനപക്ഷം സ്ഥാനാര്‍ത്ഥിയും പിസി ജോര്‍ജ്ജിന്റെ മകനുമായ അഡ്വ ഷോണ്‍ ജോര്‍ജ്ജിന് കോട്ടയം ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ വിജയം. പൂഞ്ഞാര്‍ ഡിവിഷനില്‍നിന്നാണ് ഷോണ്‍ ജയിച്ചുകയറിയത്. പൂഞ്ഞാറില്‍ മകനെ ഇറക്കി കരുത്ത് തെളിയിക്കാനുള്ള പിസി ജോര്‍ജ്ജിന്റെ നീക്കമാണ് ഫലമണിഞ്ഞത്.
തെരഞ്ഞെടുപ്പില്‍ മൂന്ന് മുന്നണികളെയും പിന്നിലാക്കിയാണ് ജനപക്ഷം അട്ടിമറിവിജയം നേടിയത്. ഷോണിന്റെ പ്രധാന എതിരാളി യുഡിഎഫിന്റെ അഡ്വ വിജെ ജോസ് വലിയവീട്ടിലായിരുന്നു. ജോസ് വിഭാഗം അഡ്വ ബിജു ജോസഫ് ഇളന്തുരുത്തിയായിരുന്നു എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി.
ജനപക്ഷത്തിന്റെ നാല് സ്ഥാനാര്‍ത്ഥികളാണ് തദ്ദേശ തെരഞ്ഞെടുപ്പില്‍ ജനവിധി തേടിയത്. 20 വര്‍ഷമായി വിദ്യാര്‍ത്ഥി യുവജന രാഷ്ട്രീയ രംഗത്ത് സജീവമായി പ്രവര്‍ത്തിക്കുന്ന അഡ്വ.ഷോണ്‍ ജോര്‍ജ്ജ് ഇതാദ്യമായാണ് മല്‍സരരംഗത്ത് എത്തുന്നത്. യുവജന പക്ഷം സംസ്ഥാന സെക്രട്ടറിയാണ് ഇദ്ദേഹം.
തിരുവനന്തപുരം ലോ കോളേജ് ലോ അക്കാദമിയില്‍ 33 വര്‍ഷത്തിനിടയില്‍ ആദ്യമായി കെഎസ്സിയുടെ സ്ഥാനാര്‍ത്ഥിയായി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ അട്ടിമറി വിജയം നേടിയിട്ടുണ്ട്. കേരളാ കോണ്‍ഗ്രസ് വിദ്യാര്‍ത്ഥിവിഭാഗത്തിന്റെ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ്, സംസ്ഥാന സെക്രട്ടറി, യൂത്ത്ഫ്രണ്ട് സംസ്ഥാന സെക്രട്ടറി, യുവജന ജനപക്ഷം സംസ്ഥാന സെക്രട്ടറി എന്നിങ്ങനെയായിരുന്നു പ്രവര്‍ത്തനങ്ങള്‍. 2011ല്‍ ഉമ്മന്‍ ചാണ്ടി മന്ത്രിസഭയില്‍ കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് ഡയറക്ടര്‍ ആയിരുന്നു.
അഹമ്മദാബാദ് ചില്‍ഡ്രന്‍സ് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ ബെസ്റ്റ് ആക്ടറായി ഗിന്നസ് പക്രു. മാധവ രാംദാസ് സംവിധാനം ചെയ്ത ഇളയരാജയിലെ പ്രകടനത്തിനാണ് അജയ് കുമാര്‍ (ഗിന്നസ് പക്രു) അവാര്‍ഡ് കരസ്ഥമാക്കിയത്.
അജയകുമാറിനെ കൂടാതെ ഇളയരാജയുടെ ബാക്ഗ്രൗണ്ട് സ്‌കോര്‍ നിര്‍വഹിച്ച രതീഷ് വേഗയും പശ്ചാത്തലസംഗീതത്തിന് അവാര്‍ഡ് സ്വന്തമാക്കി. കൂടാതെ സിനിമയ്ക്കുള്ള ഗോള്‍ഡന്‍ കൈറ്റ് അവാര്‍ഡും ഇളയരാജ കരസ്ഥമാക്കിയിട്ടുണ്ട്.
മൂന്ന് തവണ ഗിന്നസില്‍ ഇടം നേടിയിട്ടുള്ളയാളാണ് ഗിന്നസ് പക്രു. ഏറ്റവും പ്രായം കുറഞ്ഞ നടനും സംവിധായകനും പുറമെ ലോകത്തിലെ ഏറ്റവും ഉയരം കുറഞ്ഞ നിര്‍മ്മാതാവെന്ന നേട്ടവും അടുത്തിടെ പക്രുവിനെത്തേടിയെത്തിയിരുന്നു.
അടുത്തിടെ ഇറങ്ങിയ ‘ഫാന്‍സി ഡ്രസ്’ എന്ന സിനിമയാണ് പക്രുവിനെ ഏറ്റവും ഉയരം കുറഞ്ഞ നിര്‍മ്മാതാവെന്ന ഗിന്നസ് നേട്ടത്തിന് അര്‍ഹനാക്കിയത്. 76 സെന്റിമീറ്റര്‍ മാത്രം ഉയരമുള്ള ഇദ്ദേഹം ഏറ്റവും ഉയരം കുറഞ്ഞ നായകനടനായും സംവിധായകനായുമാണ് മുമ്പ് ഗിന്നസില്‍ ഇടം നേടിയിട്ടുള്ളത്. അത്ഭുത ദ്വീപ്, കുട്ടിയും കോലും എന്നീ സിനിമകളിലൂടെയായിരുന്നു ഈ നേട്ടം.
അജയ് കുമാര്‍ 1985ല്‍ ആദ്യമായി അഭിനയിച്ച അമ്പിളി അമ്മാവന്‍ എന്ന ചിത്രത്തില്‍ അവതരിപ്പിച്ച കഥാപാത്രത്തിന്റെ പേര് പക്രു എന്നായിരുന്നു. ഇതോടെയാണ് ഈ പേരില്‍ അദ്ദേഹം അറിയപ്പെട്ടു തുടങ്ങിയത്.
കേന്ദ്രസർക്കാർ കൊണ്ടുവന്ന കാർഷിക നിയമങ്ങൾക്കെതിരെ തലസ്ഥാനത്തിന്റെ അതിർത്തിയിൽ സമരം ചെയ്യുന്ന കർഷകരെ നിരന്തരം അവഹേളിക്കുന്ന ബോളിവുഡ് നടി കങ്കണ റണൗത്തിന് വായടപ്പിക്കുന്ന മറുപടി നൽകി പഞ്ചാബി ഗായകൻ ദിൽജിത്ത്.
കർഷകരെ ഇളക്കിവിട്ട് ദിൽജിത്തും നടി പ്രിയങ്ക ചോപ്രയും അപ്രത്യക്ഷരായെന്ന് കങ്കണ കഴിഞ്ഞദിവസം ആരോപിച്ചിരുന്നു. ഇതുനുള്ള മറുപടിയുമായാണ് ദിൽജിത്ത് ദോസഞ്ച് രംഗത്തെത്തിയിരിക്കുന്നത്. കുറച്ചുദിവസങ്ങളായി സോഷ്യൽമീഡിയയിൽ ദിൽജിത്തും കങ്കണയും തമ്മിൽ വാക്‌പോര് തുടരുകയാണ്. കർഷക സമരത്തിൽ അണിചേർന്ന പഞ്ചാബി സെലിബ്രിറ്റികളിൽ പ്രധാനിയാണ് പ്രമുഖ ഗായകനായ ദിൽജിത്ത്.
കർഷകർക്ക് വേണ്ടി സംസാരിക്കുന്ന ദിൽജിത്ത് കങ്കണയ്ക്ക് നൽകിയ തകർപ്പൻ മറുപടി സോഷ്യൽമീഡിയയിൽ വൈറലാവുകയുമാണ്. കർഷക സമരത്തെ എതിർക്കുന്ന സംഘപരിവാറിന് വേണ്ടി സംസാരിക്കുന്ന കങ്കണയാകട്ടെ ട്വിറ്ററിലൂടെ നിരന്തരം കർഷക സമരത്തെ കുറ്റപ്പെടുത്തുകയും സമരത്തെ അവഹേളിക്കുകയും ചെയ്യുന്നത് പതിവാണ്.
ഹോളിവുഡിലേക്ക് ചേക്കേറിയ നടി പ്രിയങ്ക ചോപ്ര നേരത്തെ കർഷക സമരത്തെ പിന്തുണച്ച് എത്തിയിരുന്നു. ദിൽജിത്ത് തുടക്കം മുതൽ കർഷക സമരത്തിന് ഒപ്പവുമുണ്ട്. അതുകൊണ്ടുതന്നെ സംഘപരിവാർ സഹയാത്രികയായ കങ്കണ, പ്രിയങ്കയും ദിൽജിത്തും കർഷകരെ ഇളക്കിവിട്ടശേഷം അപ്രത്യക്ഷരാവുകയാണ് എന്ന് ട്വിറ്ററിൽ കുറിച്ചാണ് ഇത്തവണ രംഗത്തെത്തിയത്.
ഏതെങ്കിലും തരത്തിലുള്ള സർക്കാർ അന്വേഷണമോ കേസോ ഇവർ നേരിടുന്നുണ്ടോയെന്നും കങ്കണ ചോദിച്ചു. ഈ ട്വീറ്റിനുള്ള മറുപടിയുമായാണ് ദിൽജിത്ത് രംഗത്തെത്തിയത്. ആരൊക്കെ ദേശസ്‌നേഹികളാണെന്നും അല്ലെന്നും തീരുമാനിക്കുന്നതിനുള്ള അധികാരം കങ്കണയ്ക്ക് ആരാണ് നൽകിയതെന്ന് പഞ്ചാബിയിൽ തന്നെ ദിൽജിത്ത് കങ്കണയോട് ചോദിക്കുന്നു.
‘അപ്രത്യക്ഷമാകുന്നതിനെക്കുറിച്ചൊക്കെ മറന്നേക്കൂ…പക്ഷേ, ഈ രാജ്യത്ത് ആരൊക്കെയാണ് ദേശസ്‌നേഹികളെന്നും ദേശദ്രോഹികളെന്നും ആരാണ് അവൾക്ക് അധികാരം നൽകിയത് കർഷകരെ ദേശദ്രാഹികളെന്ന് വിളിക്കുന്നതിന് മുമ്പ് അൽപം നാണമുണ്ടാകുന്നത് നല്ലതാണ്’ ദിൽജിത്ത് ട്വിറ്ററിൽ കുറിച്ചു. പതിനായിരക്കണക്കിന് പേരാണ് ഇത് ലൈക്ക് ചെയ്ത് ദിൽജിത്തിന് പിന്തുണ അറിയിച്ചിരിക്കുന്നത്.
പന്തളത്ത് ഭാര്യയെ കുത്തിക്കൊന്ന് പൊതിഞ്ഞു കെട്ടി ചാക്കിലാക്കി മൃതദേഹം വഴിയരികില്‍ ഉപേക്ഷിച്ച കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍. കുരമ്പാല പറയന്റയ്യത്ത് കുറിയ മുളയ്ക്കല്‍ സുശീല (61)യാണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് ആനന്ദപ്പള്ളി സ്വദേശി മധുസൂദനന്‍ ഉണ്ണിത്താനെ(52) അടൂരില്‍ നിന്നാണ് പോലീസ് സംഘം വിദഗ്ധമായി പിടികൂടിയത്.
ഇയാളുടെ രണ്ടാം ഭാര്യയാണ് മരിച്ച സുശീല. ബുധനാഴ്ച രാവിലെ എട്ടരയോടെയാണ് കുരമ്പാല ആനിക്കനാട്ടുപടി ഇടയാടി സ്‌കൂള്‍ റോഡില്‍ പൊതിക്കെട്ട് കണ്ടെത്തിയത്. സമീപവാസിയായ വെള്ളിനാല്‍ ബാലചന്ദ്രക്കുറുപ്പ് കടയില്‍ പോയി സാധനങ്ങള്‍ വാങ്ങി വരും വഴി പൊതിയുടെ വെളിയിലേക്കു പാദസരമണിഞ്ഞ കാല്‍ നീണ്ടു നിന്നത് കണ്ടു.
പോലീസ് എത്തി പരിശോധിച്ചപ്പോഴാണ് മൃതദേഹം തിരിച്ചറിഞ്ഞത്. ആദ്യഭാര്യ മരിച്ച മധുസൂദനനും അട്ടത്തോട് പ്ലാന്റേഷനില്‍ ജീവനക്കാരിയുമായ സുശീലയും അഞ്ചു വര്‍ഷം മുമ്പാണ് ഒന്നിച്ചു താമസിക്കാന്‍ തുടങ്ങിയത്.
കൈയിലുള്ള പണമെല്ലാം സ്വരുക്കൂട്ടി കുരമ്പാലയില്‍ വീട് വാങ്ങി താമസിച്ചു വരികയായിരുന്നു. ഇരുവരും ഒന്നിച്ചിരുന്ന് മദ്യപിക്കുന്നതും വഴക്കിടുന്നതും പതിവായിരുന്നുവെന്ന് പറയുന്നു. ചൊവ്വാഴ്ച രാത്രിയും ഇരുവരും മദ്യപിക്കുന്നതിനിടെ വാക്കേറ്റമുണ്ടായതായി പ്രതി പോലീസിനോടു പറഞ്ഞു.
തുടര്‍ന്ന് ടാപ്പിങ് കത്തി കൊണ്ട് സുശീലയുടെ കഴുത്തിലും ശരീരത്തിലും കുത്തി വീഴ്ത്തി. മരിച്ചുവെന്ന് ഉറപ്പായപ്പോള്‍ പ്ലാസ്റ്റിക് ഷീറ്റും തുണിയും മറ്റും കൊണ്ട് പൊതിഞ്ഞു കെട്ടി സ്വന്തം ഓട്ടോയില്‍ കയറ്റിക്കൊണ്ടു പോയി ഉപേക്ഷിക്കുകയായിരുന്നു. ഇതിന് ശേഷം ഇയാള്‍ ഒളിവില്‍ പോയി. പ്രതിയെപ്പറ്റി സൂചന ലഭിച്ച പോലീസ് ടവര്‍ ലൊക്കേഷന്‍ നോക്കി അടൂര്‍ ഭാഗത്തുണ്ടെന്ന് കണ്ടെത്തി. പ്രൈവറ്റ് ഓട്ടോ ആയതിനാല്‍ തിരിച്ചറിയാന്‍ പോലീസിന് എളുപ്പമായിരുന്നു.
കസ്റ്റഡിയിലായ പ്രതി ആദ്യം കുറ്റം സമ്മതിച്ചില്ല. വിശദമായ ചോദ്യം ചെയ്യലിലാണ് നടന്നതൊക്കെ പറഞ്ഞത്. ഓട്ടോറിക്ഷ ഡ്രൈവിംഗും ടാപ്പിംഗുമാണ് പ്രതിയുടെ തൊഴില്‍. പത്തനംതിട്ടയില്‍ നിന്നു വിരലടയാള വിദഗ്ദ്ധ ഷൈലജകുമാരി, സികെ രവികുമാര്‍, ഫോറന്‍സിക് വിഭാഗത്തിലെ സയന്റിഫിക് ഓഫീസര്‍ രമ്യ, ഡോഗ് സ്‌ക്വാഡ് എന്നിവരെത്തി തെളിവെടുത്തു.
ജില്ലാ പോലീസ് മേധാവി കെ.ജി സൈമണിന്റെ നേതൃത്വത്തില്‍ അടൂര്‍ ഡിവൈഎസ്പി ആര്‍. ബിനു, സ്‌പെഷല്‍ ബ്രാഞ്ച് ഡിവൈഎസ്പി ആര്‍. ജോസ്, പന്തളം എസ്എച്ച്ഒ ശ്രീകുമാര്‍, എസ്‌ഐ. ശ്രീകുമാര്‍ എന്നിവരുള്‍പ്പെടെയുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.
മലയാളികളുടെ പ്രിയപ്പെട്ട ഗായികയാണ് വൈക്കം വിജയലക്ഷ്മി. വെള്ളിത്തിരയില്‍ പാട്ടുകളുടെ വിസ്മയം തീര്‍ത്ത വൈക്കം വിജയലക്ഷ്മിക്ക് കാഴ്ച ശക്തി തിരിച്ചു കിട്ടുമെന്ന വാര്‍ത്തയാണ് ഇപ്പോള്‍ ആരാധകരെ സന്തോഷത്തിലാഴ്ത്തിയിരിക്കുന്നത്. ഒരു യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് മാതാപിതാക്കള്‍ ഇക്കാര്യം വെളിപ്പെടുത്തുന്നത്.
വിജയലക്ഷ്മിക്ക് കാഴ്ച തിരികെ ലഭിക്കാനുള്ള ചികിത്സ നടന്നുകൊണ്ടിരിക്കുകയാണെന്നും കാഴ്ച തിരികെ കിട്ടുമെന്ന് ഡോക്ടര്‍ ഉറപ്പ് നല്‍കിയതായും മാതാപിതാക്കള്‍ വീഡിയോയില്‍ പറയുന്നു. ഞരമ്പിന്റെ പ്രശ്നമാണ്. ഗുളിക കഴിച്ചുകൊണ്ടിരിക്കുകയാണ്. കൊറോണ കാരണം ഒന്നും നടക്കുന്നില്ല. അമേരിക്കയിലെ സ്‌പോണ്‍സര്‍മാരാണ് എല്ലാം ചെയ്യുന്നതെന്നും സ്‌കാനിംഗ് നടക്കുന്നതായും മാതാപിതാക്കള്‍ പറയുന്നു.
സെല്ലലോയിഡ് എന്ന ചിത്രത്തിലെ ‘കാറ്റേ കാറ്റേ’ എന്ന ഗാനത്തിലൂടെ മലയാളികളുടെ മനസില്‍ ഇടം നേടിയ ഗായികയാണ് വൈക്കം വിജയലക്ഷ്മി. ഈ ഗാനത്തിലൂടെ സംസ്ഥാന സര്‍ക്കാരിന്റെ സ്പെഷ്യല്‍ ജൂറി പുരസ്‌കാരവും ‘ഒറ്റയ്ക്ക് പാടുന്ന പൂങ്കുയിലേ’ എന്ന ഗാനത്തിലൂടെ സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരവും അവര്‍ സ്വന്തമാക്കിയിരുന്നു.
മിമിക്രി കലാകാരനായ അനൂപിനെയായിരുന്നു വിജയലക്ഷ്മി ജീവിതപങ്കാളിയാക്കിയത്. 2018 ഒക്ടോബര്‍ 22നായിരുന്നു ഇവരുടെ വിവാഹം. കലാരംഗത്ത് സജീവമായ അനൂപ് കാലജീവിതത്തിന് പിന്തുണയുമായി കൂടെയുണ്ടെന്ന് മുന്‍പ് വിജയലക്ഷ്മി പറഞ്ഞിരുന്നു.
റ്റിജി തോമസ്
കേരളത്തിലെ തെരഞ്ഞെടുപ്പ് ഫലങ്ങൾ എപ്പോഴും പ്രവചനാതീതമാണ്. ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പ് ഫലം മൂന്ന് മുന്നണികളെയും ഒരുപോലെ ഞെട്ടിപ്പിക്കുന്നതായി എന്ന് പറയുന്നതാവും ശരി. തങ്ങളുടെ പ്രതീക്ഷയെക്കാൾ ഉപരിയായി ഉള്ള വിജയത്തിലൂടെ തിളക്കമാർന്ന് ഇടതുമുന്നണി നിയമസഭ തെരഞ്ഞെടുപ്പിനെ നേരിടാനുള്ള ആത്മവിശ്വാസം നേടിക്കഴിഞ്ഞു. വിവാദങ്ങളുടെ തേരിലേറി വിജയം കൊതിച്ച വലതു മുന്നണി നേതൃത്വം ഏറ്റുവാങ്ങിയ തോൽവി യുഡിഎഫ് നേതാക്കളുടെ ഉറക്കം കെടുത്തുന്നതാണ്. തദ്ദേശ തെരഞ്ഞെടുപ്പിൽ നിന്ന് എൻഡിഎയ്ക്ക് നേട്ടമുണ്ടാക്കി എന്ന് അവരുടെ നേതാക്കൾ അവകാശപ്പെടുമ്പോഴും തെരഞ്ഞെടുപ്പ് ഫലത്തിൻെറ പേരിൽ നേതൃമാറ്റം ഉൾപ്പെടെയുള്ള ആവശ്യങ്ങളുമായി കേന്ദ്ര നേതൃത്വത്തിലേയ്ക്ക് പരാതികൾ പോയി കഴിഞ്ഞു.
സിപിഎം നേതൃത്വം നൽകുന്ന ഗവൺമെൻറിനെതിരെ വിവാദങ്ങളും അന്വേഷണ ഏജൻസികളുടെ വരിഞ്ഞുമുറുക്കലുകളും പ്രതിപക്ഷ പാർട്ടികളുടെ സമരഘോഷവും എല്ലാം ഉണ്ടായെങ്കിലും ജനങ്ങൾ ഇടതുപക്ഷം ശരിപക്ഷം എന്ന് കരുതുവാൻ എന്താകും കാരണം? സമാനമായ വിവാദങ്ങളുടെ പെരുമഴയിൽ കഴിഞ്ഞ നിയമസഭ ഇലക്ഷനിൽ യുഡിഎഫ് തകർന്നടിഞ്ഞതിന് കേരള രാഷ്ട്രീയം സാക്ഷ്യം വഹിച്ചതാണ്. കഥാപാത്രങ്ങൾ മാറിയെങ്കിലും കഥയും തിരക്കഥയും ഏകദേശം സമാനസ്വഭാവമുള്ളത് തന്നെയായിരുന്നു. എന്നാൽ കേരളജനത വിവാദങ്ങളും പത്രവാർത്തകളും ചാനൽ ചർച്ചകൾക്കും അപ്പുറം ഇടതുപക്ഷത്തോടൊപ്പം നിന്നു. വിജയത്തിൻറെ ഒന്നാമത്തെ ക്രെഡിറ്റ് ബൂത്ത് തലം മുതൽ ചിട്ടയായ പ്രവർത്തനത്തിലൂടെ ജനങ്ങളുമായി സംവേദിച്ച ഇടതുപക്ഷ രാഷ്ട്രീയ പ്രവർത്തകർക്ക് അവകാശപ്പെടാൻ ഉള്ളത് തന്നെയാണ്. കാരണം രാഷ്ട്രീയത്തിനപ്പുറം സ്ഥാനാർഥികളുടെ വ്യക്തിബന്ധങ്ങൾ ജയപരാജയങ്ങൾ നിർണയിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ ജനങ്ങളുമായുള്ള ഇഴയടുപ്പവും ജനകീയ പ്രശ്നങ്ങളിൽ സജീവമായി ഇടപെടലുകളും എൽഡിഎഫ് നടത്തിയത് ഈ തിരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിച്ചു എന്നത് വ്യക്തമാണ്.
വലതുപക്ഷ മുന്നണിയുടെ പല സ്ഥാനാർഥികളും ജനങ്ങൾക്ക് അന്യരായിരുന്നു എന്ന യാഥാർത്ഥ്യം തോൽവിയിലേയ്ക്ക് വഴിതെളിയിച്ചു എന്ന് പറയേണ്ടിവരും. സ്ഥാനാർഥിയും പ്രവർത്തകരും തെരഞ്ഞെടുപ്പ് പ്രചാരണത്തിൻെറ ഭാഗമായി വീടുകളിൽ ചെന്ന് വോട്ടർപട്ടികയിൽ സമ്മതിദായകരുടെ പേര് തപ്പി വശം കെടുന്ന കാഴ്ചയിൽ നിന്ന് യുഡിഎഫിന് ഈ പ്രാവശ്യവും കരകയറാനാവത്തത് തോൽവിയുടെ ആക്കംകൂട്ടി. കേരള കോൺഗ്രസ് തർക്കം യുഡിഎഫിൻെറ കെട്ടുറപ്പിനെ ബാധിക്കാതെ നോക്കേണ്ട ചുമതല മുന്നണി നേതൃത്വത്തിനുണ്ടായിരുന്നു. നിയമസഭ സീറ്റ് മോഹികളായ ചില കോൺഗ്രസ് നേതാക്കളുടെ ചരടുവലികളാണ് പരിഹരിക്കാവുന്ന പ്രശ്നങ്ങളുടെ പേരിൽ ജോസ് വിഭാഗത്തെ മുന്നണിക്ക് വെളിയിലാക്കിയത് എന്നത് വരും കാലങ്ങളിൽ കോൺഗ്രസ് രാഷ്ട്രീയത്തിൽ നീറി പിടിക്കുന്ന വിഷയമായി തീരാം. അതോടൊപ്പം ജോസ് വിഭാഗത്തെ പുറംതള്ളുന്നതുകൊണ്ട് കോൺഗ്രസിലെ എ വിഭാഗത്തിൻെറ സീറ്റുകളുടെ എണ്ണം കുറച്ച് ദുർബലമാക്കാനുള്ള ചരടുവലികളും ഗ്രൂപ്പ് പോരിൻെറ ഭാഗമായി ഉണ്ടായി എന്ന് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നു. തങ്ങളുടെ സീറ്റുകൾ കുറയാൻ കാരണം കോൺഗ്രസുകാർ കാലുവാരിയതാണെന്ന ആക്ഷേപം പിജെ ജോസഫ് ഉന്നയിച്ചു കഴിഞ്ഞു.സ്വാർത്ഥ താൽപര്യത്തിനായി ഇരിക്കുന്ന കൊമ്പ് മുറിക്കുന്ന പ്രവർത്തന രീതിയിലൂടെ തിരിച്ചു വരാനാവാത്ത വിധം രാഷ്ട്രീയ ആത്മഹത്യയിലേക്ക് യുഡിഎഫ് പോകുന്നുണ്ടോ എന്ന് മുന്നണിയെ നയിക്കുന്നവർ ചിന്തിക്കേണ്ടിയിരിക്കുന്നു.
കേന്ദ്രത്തിലെ ഭരണകക്ഷി നയിക്കുന്ന എൻഡിഎ മുന്നണിക്ക് അവരുടെ ദേശീയതലത്തിലെ രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങളെ പേരിൽ കേരളത്തിൽ വേരുറപ്പിക്കാൻ കഴിയില്ല എന്ന് ഈ തെരഞ്ഞെടുപ്പും തെളിയിച്ചിരിക്കുന്നു. ബിജെപി മുന്നണിയിലെ തല മുതിർന്ന പല നേതാക്കളെയും നിഷ്കരുണം പരാജയപ്പെടുത്തുക വഴിയായി എൻഡിഎ മുന്നണിക്ക് വ്യക്തമായ സൂചനകൾ നൽകാൻ തദ്ദേശ തെരഞ്ഞെടുപ്പിലൂടെ കേരളത്തിലെ ജനങ്ങൾക്കായി. നേതൃതലത്തിലെ അസ്വാരസ്യങ്ങൾ എൻഡിഎയുടെ പരാജയത്തിന് ആക്കം കൂട്ടിയെന്ന് സമ്മതിക്കേണ്ടിയിരിക്കുന്നു.
കിഴക്കമ്പലം മോഡൽ ട്വൻറി -20 യുടെ വിജയം എല്ലാവരെയും അത്ഭുതപ്പെടുത്തുന്നതായി. രാഷ്ട്രീയത്തിനതീതമായി വികസന കുതിപ്പിനെ ജനങ്ങൾ പിന്തുണച്ചു എന്നുവേണം കരുതാൻ. സമൂഹ മാധ്യമത്തിലൂടെയും മറ്റ് സാധ്യമായ രീതിയിലും തങ്ങൾ നടപ്പിലാക്കിയതും നടപ്പാക്കാൻ ഉദ്ദേശിക്കുന്നതുമായ കാര്യങ്ങളെക്കുറിച്ച് ജനങ്ങളുമായി സംവേദിക്കാൻ ട്വൻറി-20യ്ക്ക് കഴിഞ്ഞത് അവരുടെ വിജയത്തിന് കാരണമായി. ഇരുമുന്നണികളും ഒന്നിച്ച് എതിർത്തിട്ടും ഇത്രയും സ്ഥലങ്ങളിൽ വിജയക്കുതിപ്പ് നടത്താൻ ട്വൻറി-20 കഴിഞ്ഞത് നല്ല അവസരങ്ങൾ വന്നാൽ ജനങ്ങൾ മാറി ചിന്തിക്കാൻ തയ്യാറാകുമെന്നതിൻെറ സൂചനയാണ്. ട്വൻറി-20യുടെ അനുഭാവികളെ ബൂത്തിൽ വോട്ടെടുപ്പിൽ നിന്ന് തടയുകയും മർദിക്കുകയും ചെയ്തതായിട്ടുള്ള റിപ്പോർട്ടുകൾ രാഷ്ട്രീയ കേരളത്തിന് നാണക്കേടുണ്ടാക്കുന്ന സംഭവമാണ്.
ജാതിമത സങ്കുചിത രാഷ്ട്രീയത്തിനപ്പുറം ജനങ്ങളുടെ മനസ്സ് അറിഞ്ഞ് പെരുമാറാൻ യുഡിഎഫ് നേതൃത്വത്തിന് അലംഭാവമുണ്ടായി . സംവരണ വിഷയത്തിൽ ക്രിസ്ത്യൻ മതവിഭാഗത്തെ എൽഡിഎഫിലേയ്ക്ക് അടുപ്പിച്ചതിൽ യുഡിഎഫിൻെറ ഘടകകക്ഷിയായ മുസ്‌ലിംലീഗിൻെറ നിലപാടുകളും കാരണമായി എന്ന് വിലയിരുത്തപ്പെടുന്നു.
കുറെ തെറ്റുകൾ ഉണ്ടെങ്കിലും കുറെയേറെ ശരികളിലൂടെ ജനങ്ങളുടെ പ്രതീക്ഷയ്‌ക്കൊത്ത് ഇറങ്ങിച്ചെല്ലാൻ ഇടത് മുന്നണിയ്ക്കായി എന്നാണ് തദ്ദേശ തെരഞ്ഞെടുപ്പ് വിജയം സൂചിപ്പിക്കുന്നത്.
കൊച്ചി: കിഴക്കമ്പലത്ത് വോട്ടെടുപ്പു ദിവസം പോളിങ് ബൂത്തില്‍വെച്ച് മര്‍ദനമേറ്റിട്ടും മടങ്ങിയെത്തി വോട്ട് രേഖപ്പെടുത്തിയ ദമ്പതിമാര്‍ക്ക് അനുമോദനവുമായി ട്വന്റി-20.
വയനാട് സ്വദേശികളും 14 വര്‍ഷമായി കിഴക്കമ്പലത്ത് താമസക്കാരുമായ പ്രിന്റു, ബ്രിജിത്ത ദമ്പതിമാര്‍ക്കാണ് ഒരുലക്ഷം രൂപയുടെ ചെക്ക് ട്വന്റി-20 കൈമാറിയത്. ട്വന്റി-20 ചീഫ് കോ ഓര്‍ഡിനേറ്റര്‍ സാബു ജേക്കബാണ് ഇരുവര്‍ക്കും ചെക്ക് കൈമാറിയത്.
വോട്ട് രേഖപ്പെടുത്താന്‍ എത്തിയപ്പോള്‍ പ്രമുഖ പാര്‍ട്ടി പ്രവര്‍ത്തകരില്‍നിന്ന് പ്രിന്റുവിനും ബ്രിജിത്തയ്ക്കും ആക്രമണമേല്‍ക്കുകയായിരുന്നു. തുടര്‍ന്ന് പോളിങ് ബൂത്തില്‍നിന്ന് മടങ്ങിയ ഇരുവരും ഉച്ചയ്ക്കു ശേഷമെത്തി പോലീസ് സഹായത്തോടെ വോട്ട് ചെയ്തു.
വാടകയ്ക്ക് താമസിക്കുന്നവരെ വോട്ട് രേഖപ്പെടുത്താന്‍ അനുവദിക്കില്ലെന്നും വോട്ട് രേഖപ്പെടുത്താന്‍ ആധാര്‍ കാര്‍ഡ് മതിയാവില്ലെന്നും തിരഞ്ഞെടുപ്പ് കമ്മിഷന്റെ കാര്‍ഡ് വേണമെന്നും പറഞ്ഞായിരുന്നു ഇവരെ പാര്‍ട്ടി പ്രവര്‍ത്തകര്‍ ആക്രമിച്ചത്.