ന്യൂഡല്‍ഹി: രാജ്യത്ത് പക്ഷിപ്പനി വ്യാപിക്കുന്നു. പത്തു സംസ്ഥാനങ്ങളിലാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. പക്ഷിപ്പനി വ്യാപിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനങ്ങള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് കേന്ദ്രം നിര്‍ദ്ധേശിച്ചു.
രാജസ്ഥാനിലും ഉത്തരാഖണ്ഡിലും രോഗം സ്ഥിരീകരിച്ചതോടെയാണ് രാജ്യത്ത് പക്ഷിപ്പനി സ്ഥിരീകരിച്ച സംസ്ഥാനങ്ങളുടെ എണ്ണം പത്തായത്. ഹരിയാനയില്‍ ഇതുവരെ നാല് ലക്ഷം പക്ഷികളെയാണ് ചത്തനിലയില്‍ കണ്ടെത്തിയത്. മഹാരാഷ്ട്രയിലെ പര്‍ഭാനി ജില്ലയില്‍ 800 ഇറച്ചിക്കോഴികളെ ചത്തനിലയില്‍ കണ്ടെത്തി. ഇവിടെ വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചതോടെ ഇറച്ചികോഴികളെ നശിപ്പിക്കാനുള്ള നടപടി തുടങ്ങി. ഡല്‍ഹിയില്‍ ചത്തനിലയില്‍ കണ്ടെത്തിയ താറാവിലും കാക്കയിലുമാണ് വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചത്.
പല സംസ്ഥാനങ്ങളിലും കാക്കകള്‍ കൂട്ടത്തോടെ ചത്തൊടുങ്ങിയിരുന്നു. ഇതേത്തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്.
മാസങ്ങളായി അടഞ്ഞു കിടക്കുന്ന തിയേറ്ററുകൾ ജനുവരി 13 മുതൽ തുറക്കാൻ ധാരണയായതോടെ, വിജയ് ചിത്രം ‘മാസ്റ്ററി’നെ വരവേൽക്കാൻ ഒരുങ്ങുകയാണ് ആരാധകരും പ്രേക്ഷകരും തിയേറ്റർ ഉടമകളും. മുഖ്യമന്ത്രിയുമായി പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് രഞ്ജിത്ത്, ജനറല്‍ സെക്രട്ടറി ആന്റോ ജോസഫ്, ഹംസ, ഫിലിം ചേംബര്‍ പ്രസിഡന്റ് വിജയ കുമാര്‍, ഫിയോക്ക് ജനറല്‍ സെക്രട്ടറി ബോബി എന്നിവര്‍ നടത്തിയ കൂടികാഴ്ചയ്ക്ക് ഒടുവിലാണ് ഇന്ന് തിയേറ്ററുകൾ തുറക്കാൻ ധാരണയായത്.
കൂടികാഴ്ചയ്ക്ക് ശേഷം തിയേറ്റര്‍ ഉടമകളുടെയും നിര്‍മ്മാതാക്കളുടെയും ഉപാധികള്‍ മുഖ്യമന്ത്രി അംഗീകരിക്കുകയും പ്രതിസന്ധിയിൽ ആയിരുന്ന സിനിമാ വ്യവസായത്തെ കരകയറ്റാൻ ഉതകുന്ന രീതിയിലുള്ള ഇളവുകൾ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് തിയേറ്ററുകൾ തുറക്കാൻ ധാരണയായത്. വിനോദ നികുതി ഒഴിവാക്കാനും തിയറ്ററുകള്‍ അടഞ്ഞുകിടന്ന പത്തുമാസത്തെ വൈദ്യുതി ഫിക്സഡ് ചാര്‍ജ്ജ് 50 ശതമാനമാക്കി കുറയ്ക്കാനും ധാരണയായിരുന്നു.
തിയറ്ററുകൾ തുറക്കാനുള്ള അവസരം ഒരുക്കിയ മുഖ്യമന്ത്രിക്ക് സിനിമാലോകം ഒന്നടങ്കം നന്ദി രേഖപ്പെടുത്തി. നടൻമാരായ മമ്മൂട്ടി, മോഹൻലാൽ, പൃഥ്വിരാജ്, ദിലീപ്, ടൊവിനോ തോമസ് തുടങ്ങിയവരും നടിമാരായ മഞ്ജു വാര്യർ, റിമ കല്ലിങ്കൽ തുടങ്ങിയവരും മുഖ്യമന്ത്രി നന്ദി പറഞ്ഞു.
‘പ്രതിസന്ധിയിൽ ആയിരുന്ന മലയാള സിനിമാ വ്യവസായത്തെ കരകയറ്റാൻ മുന്നോട്ട് വന്ന ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയന് സ്നേഹാദരങ്ങൾ,’ മമ്മൂട്ടി കുറിച്ചു
‘മലയാള സിനിമയ്ക്ക് ഊർജ്ജം പകരുന്ന ഇളവുകൾ പ്രഖ്യാപിച്ച ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി ശ്രീ.പിണറായി വിജയന് സ്നേഹാദരങ്ങൾ,’ എന്നാണ് മോഹൻലാൽ പ്രതികരിച്ചത്.
ഈരാറ്റുപേട്ടയിലെ മുസ്ലിം സമൂഹത്തിനെതിരെ നടത്തിയ പരാർമശത്തിൽ മാപ്പുപറഞ്ഞ് പൂഞ്ഞാർ എംഎൽഎ പിസി ജോർജ്. തന്റെ വാക്കുകൾ സമുദായത്തെ വേദനിപ്പിച്ചെന്ന് മനസ്സിലായെന്നും അതിനാൽ പരസ്യമായി മാപ്പുപറയുകയാണെന്നും അദ്ദേഹം പറഞ്ഞു.
‘എന്റെ പഞ്ചായത്തായ ഈരാറ്റുപേട്ടയിലെ മുസ്ലീം വിഭാഗവുമായിട്ട് ചെറിയ ഒരു പ്രശ്‌നമുണ്ട്. എനിക്കെതിരേ ഒരു പ്രചരണം നടന്നു. അതെന്നെ വേദനിപ്പിച്ചപ്പോൾ അതിനെതിരേ ശക്തമായി പ്രതികരിച്ചു. അത് ഞാൻ വളരെയധികം സ്‌നേഹിക്കുന്ന മുസ്ലീം സഹോദരങ്ങൾക്ക് വേദനയുണ്ടാക്കിയിട്ടുണ്ട്. ആരെയെങ്കിലും വേദനിപ്പിച്ചുകൊണ്ട് രാഷ്ട്രീയം കൊണ്ടുനടക്കുന്നത് മര്യാദയല്ല. എന്റെ ഭാഗത്ത് നിന്നുണ്ടായ തെറ്റിന് പരസ്യമായി ഞാൻ ക്ഷമ ചോദിക്കുന്നു.’- പിസി ജോർജ് പറഞ്ഞു.
തുടർന്നങ്ങോട്ട് ഒറ്റക്കെട്ടായി പോകുമെന്നും അല്പം മുതിർന്ന രാഷ്ട്രീയ പ്രവർത്തകനായ താൻ അല്പം കൂടി ആത്മസംയമനം പാലിക്കേണ്ടതായിരുന്നുവെന്നും പിസി ജോർജ് സ്വയം വിമർശനം നടത്തി.ഈരാറ്റുപേട്ടയിലെ മുസ്ലിം ജനവിഭാഗം വേഗം പൊരുത്തപ്പെടുന്നവരാണ്. ഇതിനോടകം പൊരുത്തപ്പെട്ടതാണെന്നും നിലവിൽ പ്രശ്‌നങ്ങളില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു.
2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് കാലത്താണ് പിസി ജോർജ്ജിന്റെ വിവാദമായ ഫോൺ സംഭാഷണം പുറത്തുവന്നത്. മുസ്ലീങ്ങൾ തീവ്രവാദികളായി മാറുന്നുവെന്നായിരുന്നു പിസി ജോർജിന്റെ പരാമർശം.
സിസ്റ്റര്‍ അഭയ കള്ളനെ പേടിച്ച് ഓടിയപ്പോള്‍ കിണറ്റില്‍ വീണതാണെന്ന് മുരിങ്ങൂര്‍ ഡിവൈന്‍ റിട്രീറ്റ് സെന്റര്‍ സ്ഥാപകന്‍ ഫാ. മാത്യു നായ്ക്കംപറമ്പില്‍. അല്ലാതെ അഭയയെ ആരും കൊന്നതല്ലെന്നും അഭയയ്ക്ക് പുരുഷന്മാരെ പേടിയായിരുന്നെന്നും ഫാ.മാത്യു നായ്ക്കംപറമ്പില്‍ പറഞ്ഞു.
ചെറുപ്പത്തില്‍ തന്നെ ദുരുപയോഗിക്കപ്പെട്ട വ്യക്തിയാണ് അഭയ. അതിനാല്‍ പുരുഷന്മാരെ കാണുമ്പോള്‍ പേടിയായിരുന്നെന്നും അഭയയുടെ ആത്മാവ് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയതായുള്ള ഒരാളുടെ വാട്സ്ആപ്പ് സന്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഇക്കാര്യങ്ങള്‍ പറയുന്നതെന്നും ഫാ.മാത്യു നായ്ക്കംപറമ്പില്‍ കൂട്ടിച്ചേര്‍ത്തു.
‘അടുത്ത ദിവസങ്ങളില്‍ ഒരു വാട്‌സ്ആപ്പ് വാര്‍ത്ത കണ്ടിരുന്നു. മരിച്ച സിസ്റ്റര്‍ അഭയയെ കുറിച്ച് വന്ന വാര്‍ത്ത ഇങ്ങനെയായിരുന്നു, ഒരാളുടെ അടുത്ത് ചെന്ന് അഭയ പറഞ്ഞ കാര്യമാണ്. എന്നെ ആരും കൊന്നതുമല്ല, ഞാനൊട്ട് ആത്മഹത്യ ചെയ്തതുമല്ല.
ഞാന്‍ ഒരു കാലത്ത് ദുരുപയോഗിക്കപ്പെട്ട ഒരു വ്യക്തിയാണ്. പുരുഷന്മാരാല്‍ ദുരുപയോഗിക്കപ്പെട്ട്, പുരുഷന്മാരെ കാണുമ്പോള്‍ പേടി. പല ധ്യാനങ്ങള്‍ കൂടിയിട്ടും ആന്തരികസൗഖ്യം കിട്ടിയില്ല. അങ്ങനെ ഞാന്‍ കന്യാസ്ത്രീയായെങ്കിലും ഒരു കള്ളനെ കണ്ട് ഞാന്‍ പേടിച്ചോടിയപ്പോള്‍ കിണറ്റില്‍ വീണതാണ്. കിണറ്റില്‍ വീണ് മരിച്ചു’ ഫാ.മാത്യു നായ്ക്കംപറമ്പില്‍ കൂട്ടിച്ചേര്‍ത്തു.
അന്ന് തൊട്ട് കൊലപാതകമാണെന്നാണ് പറയുന്നത്. 28 കൊല്ലമായി ഒരാളും എനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്നില്ലെന്നും സിസ്റ്റര്‍ അഭയ പറഞ്ഞു. അത് കേട്ടപ്പോള്‍ എനിക്ക് വളരെ സന്തോഷമായി. വിശ്വസിക്കാന്‍ കൊള്ളാവുന്ന ഒരു സന്ദേശമാണെന്ന് എനിക്ക് മനസ്സിലായി.’ ഫാ.മാത്യു നായ്ക്കംപറമ്പില്‍ പറഞ്ഞു.
ഈ സന്ദേശം പലര്‍ക്കും അയച്ചുകൊടുക്കാന്‍ താന്‍ നിര്‍ദേശം നല്‍കിയെന്നും അങ്ങനെ മഠങ്ങളില്‍ സിസ്റ്റര്‍ അഭയക്കായി പ്രാര്‍ത്ഥനകള്‍ നടത്തിയെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ഫാ.മാത്യുവിന്റെ പ്രസംഗത്തിനെതിരെ വ്യാപകപ്രതിഷേധമുയര്‍ന്നിട്ടുണ്ട്.
അഭയ കേസിലെ പ്രതികളെ രക്ഷപ്പെടുത്താന്‍ വേണ്ടി ന്യായീകരണ തൊഴിലാളികള്‍ ആയിട്ടുള്ള ചിലര്‍ നുണ ഫാക്ടറി നിര്‍മിക്കുന്നവരാണ് എന്ന് പറഞ്ഞിരുന്നു. അത് അക്ഷരം പ്രതി ശരി വെക്കുന്നതാണ് മുരിങ്ങൂര്‍ ധ്യാന കേന്ദ്രത്തിലെ ഫാ.മാത്യു നായ്ക്കംപറമ്പില്‍ വിശ്വാസികളെ പറ്റിക്കുന്ന വീഡിയോയെന്ന് അഭയ ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനര്‍ ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ പറഞ്ഞു.
വിവാദ കാർഷിക നിയമങ്ങളെ പിന്തുണച്ച് ഹരിയാനയിൽ മുഖ്യമന്ത്രി മനോഹർലാൽ ഖട്ടർ നടത്താനിരുന്ന ‘മഹാപഞ്ചായത്തി’െൻറ കൂറ്റൻ പന്തലും വേദിയും ആയിരക്കണക്കിന് കർഷകർ കൈയേറി അടിച്ചുതകർത്തു. വേദിയിലുണ്ടായിരുന്ന സംസ്ഥാന മന്ത്രിമാർ അടക്കമുള്ള ബി.ജെ.പി നേതാക്കളെ ഓടിച്ച കർഷകർ മുഖ്യമന്ത്രിക്കായി ഒരുക്കിയ പ്രസംഗപീഠവും പുറത്തേക്കെറിഞ്ഞു. പൊലീസിെൻറ കണ്ണീർ വാതക -ജല പീരങ്കി പ്രയോഗങ്ങൾ വകവെക്കാതെ മുന്നേറിയ കർഷകരുടെ രോഷത്തിനു മുന്നിൽ മഹാപഞ്ചായത്ത് റദ്ദാക്കലേ ഖട്ടറിന് മാർഗമുണ്ടായിരുന്നുള്ളൂ.
അതിർത്തിയിലെ കർഷക സമരത്തെ നേരിടാൻ ഹരിയാനയിൽ കർണാലിനടുത്ത കെംല ഗ്രാമത്തിലാണ് ബി.ജെ.പി സർക്കാർ പരിപാടി സംഘടിപ്പിച്ചത്. നാല് കിലോമീറ്റർ ദൂരത്തിൽ ബാരിക്കേഡുകൾ കെട്ടി ആയിരത്തിലേറെ പേർക്ക് ഇരിപ്പിടങ്ങളൊരുക്കി സജ്ജമാക്കി വെച്ച ‘മഹാപഞ്ചായത്തി’ലേക്ക് വയലുകൾക്കിടയിലൂടെയാണ് ആയിരക്കണക്കിന് കർഷകർ ആർത്തുവിളിച്ച് ഓടിയെത്തിയത്. സമരക്കാരെ തടയാൻ ഹൈവേയിൽ ബാരിക്കേഡുകളും ട്രെയ്ലറുകളും കൊണ്ട് വിലങ്ങിട്ടിരുന്നെങ്കിലും ഫലമുണ്ടായില്ല.
സംസ്ഥാന മന്ത്രിമാർക്കും മുതിർന്ന ബി.ജെ.പി നേതാക്കൾക്കും വേണ്ടി ഒരുക്കിവെച്ച വി.ഐ.പി കസേരകളെല്ലാം പ്രതിഷേധക്കാർ എറിഞ്ഞുതകർത്തു. തെൻറ കസേര എറിഞ്ഞുതകർക്കുന്നത് കണ്ടാണ് മന്ത്രി ജംഗഡ് സ്ഥലം വിട്ടത്. പരിപാടിയുടെ ശബ്ദസംവിധാനങ്ങളും മാധ്യമങ്ങൾക്കായി ഒരുക്കിയ കമ്പ്യൂട്ടറുകളും പ്രിൻററുകളും എല്ലാം പ്രതിഷേധക്കാർ അടിച്ചുതകർത്തു.
അയൽ ജില്ലകളിൽനിന്ന് പോലും പൊലീസിനെ വരുത്തി വൻ സുരക്ഷസന്നാഹങ്ങളൊരുക്കിയ കർണാൽ പൊലീസ് സൂപ്രണ്ടിനും ഡെപ്യൂട്ടി സൂപ്രണ്ടിനും ഇതെല്ലാം കണ്ടുനിൽക്കേണ്ടിവന്നു. പന്തലും വേദിയുമൊരുക്കിയ വെള്ളിയാഴ്ചതന്നെ തദ്ദേശീയരായ പ്രതിഷേധക്കാരും ബി.ജെ.പി പ്രവർത്തകരും തമ്മിൽ സംഘർഷമുണ്ടായിരുന്നു. പ്രതിഷേധക്കാരെ ‘മഹാ പഞ്ചായത്തി’ലേക്ക് കടക്കാൻ അനുവദിക്കില്ലെന്ന് പറഞ്ഞ് പ്രാദേശിക ബി.ജെ.പി നേതാക്കൾ തടഞ്ഞതാണ് സംഘർഷത്തിനിടയാക്കിയത്.
പഞ്ചാബിൽനിന്ന് സമരവുമായി പ്രവേശിച്ചപ്പോൾ തടഞ്ഞതു മുതൽ കർഷകരുമായി നിരന്തരം ഏറ്റുമുട്ടലിെൻറ പാതയിലാണ് ഹരിയാന സർക്കാർ. നേരത്തേ കർഷകരുടെ കരിെങ്കാടി പ്രതിഷേധത്തിൽനിന്ന് പാടുപെട്ടാണ് മുഖ്യമന്ത്രി മനോഹർലാൽ ഖട്ടറിനെ പൊലീസ് രക്ഷിച്ചത്. അന്ന് പ്രതിഷേധിച്ചവർക്കെതിരെ വധശ്രമം അടക്കമുള്ള കുറ്റങ്ങൾ ചുമത്തിയെങ്കിലും കർഷകർ പിന്തിരിഞ്ഞില്ല.
വൈറ്റില മേല്‍പാലത്തിലൂടെ ഉയരമുള്ള വാഹനം കടന്നുപോയാല്‍ തട്ടുമെന്ന് പറഞ്ഞവര്‍ കൊജ്ഞാണന്‍മാരാണെന്ന പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്റെ പ്രസ്താവനയോട് രൂക്ഷ പ്രതികരണവുമായി വ്‌ളോഗര്‍ ബെന്നി ജോസഫ് ജനപക്ഷം. കൊജ്ഞാണന്‍ എന്ന് വിളിക്കുന്നവരെ ചെറ്റേയെന്ന് തിരിച്ചുവിളിക്കുമെന്ന് ബെന്നി ജോസഫ് പറഞ്ഞു. തെറിയും ചീത്തയും പറയാന്‍ ആര്‍ക്കും പ്രത്യേക അവകാശമില്ല. പക്ഷെ, കൊടിവെച്ച കാറില്‍ ഒന്നാം നമ്പര്‍ കാറില്‍ ഇങ്ങട് വന്ന് വിരട്ടിക്കളയാം എന്ന് പറഞ്ഞാല്‍ വീട്ടില്‍ ഞാന്‍ ശവപ്പെട്ടി മേടിച്ച് വെയ്ക്കും. തെറി പറഞ്ഞ് തോല്‍പിക്കാന്‍ ആകില്ലെന്നും. പച്ചയ്ക്ക് പറയല്‍ തുടരുമെന്നും ബെന്നി ഫേസ്ബുക്ക് ലൈവില്‍ പ്രതികരിച്ചു.
എന്നേക്കൊണ്ട് ഈ വാക്കൊക്കെ പറയിപ്പിക്കേണ്ട കാര്യമുണ്ടോ? കൊഞ്ഞാണന്‍ കിഞ്ഞാണന്‍ എന്നൊക്കെ വിളിക്കുക. അങ്ങനെയുള്ളവരെ ചെറ്റേ എന്നല്ലാതെ എന്ത് വിളിക്കും. എന്താ നിങ്ങള്‍ക്ക് മാത്രമാണോ തെറി പറയാനും ചീത്ത പറയാനും അവകാശം തന്നിരിക്കുന്നത്. ഒരു ആവശ്യത്തിനാണ് പോടാ പട്ടി എന്ന് പറയുന്നതെങ്കില്‍ കേള്‍ക്കും.
ബെന്നിയുടെ വാക്കുകൾ
വൈറ്റില മേല്‍പാലം കഴിഞ്ഞ സെപ്റ്റംബറില്‍ 98 ശതമാനം പണി തീര്‍ന്നിരുന്നു. പിന്നീട് ഒച്ചിഴയും വേഗത്തിലാണ് പണി നടന്നത്. നിര്‍മ്മാണം മനപൂര്‍വ്വം വൈകിപ്പിക്കുന്നു എന്നായിരുന്നു എന്റെ വീഡിയോ. ഇന്ത്യയില്‍ ഓടുന്ന എല്ലാ വാഹനങ്ങളും അഞ്ചേകാല്‍-അഞ്ചര മീറ്ററില്‍ താഴെയാണെന്ന് എനിക്കറിയാം. ആറ്, ആറേകാല്‍ മീറ്റര്‍ വെച്ചിരുന്നെങ്കില്‍ കൊച്ചി തുറമുഖത്തുനിന്നുള്ളതും എഫ്എസിടി, അപ്പോളോ ടയേഴ്‌സ്, കൊച്ചി റിഫൈനറി തുടങ്ങിയ കമ്പനികളിലേക്കുമുള്ള വലിയ മെഷീനറികള്‍ കൊണ്ടുപോകാന്‍ പറ്റുമായിരുന്നു എന്നാണ് പറഞ്ഞത്. വണ്ടി കുനിയുമോ എന്ന വീഡിയോ ഒന്നുകൂടി കാണണം.
ഞാന്‍ കൊള്ളരുതായ്മകളും അഴിമതികളും ഇത്തിരി കടുപ്പിച്ചും പച്ചയ്ക്കും തുറന്നു പറയുന്നു. എന്റെ വാര്‍ത്ത ഒരു പാര്‍ട്ടിയ്ക്കും എതിരുമല്ല, സപ്പോര്‍ട്ടുമല്ല. ഒരു വര്‍ഷത്തിനിടെ മുന്നൂറോളം എപ്പിസോഡുകള്‍ ഞാന്‍ പച്ചയ്ക്ക് പറഞ്ഞിട്ടുണ്ട്. ചിലതിനൊക്കെ സുഹൃത്തുക്കള്‍ വിളിച്ചുപറയും ‘ബെന്നിച്ചേട്ടാ ചെയ്തത് നല്ലതാണ്’ എന്ന്. എന്നാല്‍ ചില അന്തംകമ്മി, സംഘി, സുഡാപ്പികള്‍..രാഷ്ട്രീയ തൊഴിലെടുത്ത് ജീവിക്കുന്നവര്‍ മിക്ക വാട്‌സാപ്പ് ഗ്രൂപ്പിലും..അമേരിക്ക, ലണ്ടന്‍, കാനഡ, ദുബായ്, ബഹ്‌റിന്‍, ദോഹ, ഗള്‍ഫ് കണ്‍ട്രീസ് മുഴുവന്‍, ടാന്‍സാനിയ, ഉഗാണ്ട, സിംഗപ്പൂര്‍, മലേഷ്യ, കേരളത്തില്‍ കാസര്‍കോട് മുതല്‍ കന്യാകുമാരി വരെ, ഇന്ത്യയില്‍ ഡല്‍ഹി മുംബൈയിലുമൊക്കെത്തന്നെ വാട്‌സാപ്പ് ഗ്രൂപ്പില്‍ എന്റെ നമ്പര്‍ ഇട്ടിട്ട് എന്നെ തെറി പറയാന്‍ ആഹ്വാനം ചെയ്‌തേക്കുകയാണ്. ഇന്നലെ പാലം ഉദ്ഘാടനം ചെയ്തതിന് ശേഷം 24 മണിക്കൂര്‍ തികയുന്നതിനിടയില്‍ ഒരു മൂവായിരം പേരെങ്കിലും വിളിച്ച് തന്തയ്ക്കും തള്ളയ്ക്കും വിളിച്ച് തെറി പറഞ്ഞിട്ടുണ്ട്. ഞാന്‍ എടുക്കണില്ല. ഒന്ന് രണ്ട് കോള്‍ എടുക്കും. ബാക്കി കട്ട് ചെയ്യും. ആ ജാതി തെറിയാണ് ഈ പാര്‍ട്ടിക്കാര്‍ എന്നെ പറയുന്നത്. എനിക്കതില്‍ ഒരു പ്രശ്‌നവുമില്ല. ഈ തെറി മുഴുവന്‍ കേള്‍ക്കുന്നത് ഇവിടുത്തെ പുതിയ തലമുറയ്ക്ക് വേണ്ടിയാണ്.
വി ഫോര്‍ അവിടെ തകിട് വലിച്ചുമാറ്റിയതിനോട് ഞാന്‍ യോജിക്കുന്നില്ല. ഞാനോ ഞാന്‍ അറിയുന്നവരോ ആണ് അത് ചെയ്തത് എങ്കില്‍ ഏറ്റെടുക്കാന്‍ പറയും. അതാണ് ഗാന്ധിജി പറഞ്ഞ രാഷ്ട്രീയം. തെറ്റായ നിയമങ്ങള്‍ ലംഘിക്കാനുള്ളതാണ്. എല്ലാ നിയമങ്ങളും അനുസരിക്കാനുള്ളതല്ല.
ചെറുപ്പക്കാര്‍ വിദ്യാഭ്യാസം കഴിഞ്ഞ് കട്ടും മോഷ്ടിച്ചുമല്ല ഇവിടെ ജീവിക്കേണ്ടത്. അന്തസായി പണിയെടുത്ത് വേറൊരുത്തനെ പറ്റിക്കാതെ ജീവിക്കാന്‍ വേണ്ടിയാണ് ഞാന്‍ പച്ചയ്ക്ക് പറയുന്നത്. ഇവിടുത്തെ മുഖ്യമന്ത്രിയും പിഡബ്ലിയുഡി മിനിസ്റ്ററും ഉദ്ഘാടനത്തിന് പറഞ്ഞത് എന്താണ്. ഞങ്ങള്‍ ചെയ്യുന്നത് അരാഷ്ട്രീയ വാദമാണെന്ന്. അഴിമതിയും കൊള്ളയും തുറന്നുകാട്ടുന്നത് അരാഷ്ട്രീയവാദമാണെങ്കില്‍ അതിനെ സ്വാഗതം ചെയ്യുന്നു. മന്ത്രിമാര്‍ രാജാവ് അല്ല എന്ന് തെളിയിക്കാനും ഉദ്യോഗസ്ഥര്‍ക്കും പൊലീസിനും എന്തും ചെയ്യാമെന്നുള്ള ധാര്‍ഷ്ട്യം അവസാനിപ്പിക്കാനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്. 30 വര്‍ഷം യുഡിഎഫും എല്‍ഡിഎഫും മാറി മാറി ഭരിച്ചിട്ടും കൊച്ചിയിലെ വെള്ളക്കെട്ട് മാറിയോ?
ഒരു അബദ്ധം സംഭവിച്ചാല്‍ തിരുത്താന്‍ തയ്യാറാണ്. പക്ഷെ, 2500 പേര്‍ എന്നെ കൊല്ലുമെന്ന് പറഞ്ഞാല്‍, എന്റെ കൈ കാല്‍ വെട്ടുമെന്ന് പറഞ്ഞാല്‍ നിങ്ങള്‍ക്ക് തോന്നുന്നുണ്ടോ വിഡ്ഡികളേ ഞാനിത് നിര്‍ത്തുമെന്ന്. 61 വയസുവരെ ഈ നശിച്ച രാഷ്ട്രീയത്തില്‍ എനിക്ക് ജീവിക്കാമെങ്കില്‍ ഇനി ഒരു മണിക്കൂര്‍ പോലും വേണ്ട. എന്നെ പാര്‍ട്ടിക്കാര്‍ വെട്ടിക്കൊല്ലണം. അല്ലെങ്കില്‍ ആ ശവം നിങ്ങളെടുത്ത് തിന്നണം. ഇത് നെഞ്ചില്‍ തട്ടിയാണ് പറയണത്. എനിക്ക് മൂന്നുമക്കളാണ്. അവരേയും കൂടി ബലി കഴിപ്പിച്ചിട്ടാണ് ഞാന്‍ ഈ പണി തുടങ്ങിയേക്കണത്. മൂന്ന് നാല് തലമുറയ്ക്ക് തിന്നാന്‍ സ്വത്തുണ്ടായിട്ട് ഞാന്‍ ഈ പണിയ്ക്ക് ഇറങ്ങുന്നത് എന്തിന് വേണ്ടിയാണ്? ഉടുതുണിയ്ക്ക് മറുതുണിയില്ലാതെ തെണ്ടിത്തിരിഞ്ഞ് നടന്നവരല്ലേ കൂടുതലും രാഷ്ട്രീയത്തിലും വരുന്നത്. അവരെ മോശപ്പെടുത്തി പറയുന്നതല്ല. പക്ഷെ അങ്ങനെ വരുന്നവര്‍ പെട്ടെന്ന് കോടീശ്വരന്‍മാരാകുന്നു. ജനങ്ങളുടെ ഇടയില്‍ സത്യവും നീതിയും നിയമവും ഭരണഘടനയും അനുസരിച്ച് ജീവിക്കുന്ന എന്നെ എങ്ങനെയാണ് നിങ്ങള്‍ തെറി പറഞ്ഞ് തോല്‍പിക്കുന്നത്? അണികളേ. തല്ലിപ്പൊളി സഖാക്കളെ രാഷ്ട്രീയ പ്രവര്‍ത്തകരേ. നിങ്ങള്‍ക്ക് നാണില്ലേ? കുറെ തെറി പറഞ്ഞാല്‍ ഞാന്‍ തോറ്റുപോകുമെന്ന് വിചാരിച്ചോ? നിങ്ങള്‍ക്ക് എന്നെ അങ്ങനെ തോല്‍പിക്കാന്‍ പറ്റില്ലെടാ. തെറ്റുണ്ടെങ്കില്‍ കുഞ്ഞുകുട്ടിയാണെങ്കിലും മാപ്പ് പറയും. തെറ്റ് ചെയ്തിട്ടില്ലെങ്കില്‍ ജയിലില്‍ പോകാനോ മരിക്കാനോ തയ്യാറായിക്കൊണ്ട് എവനാണെങ്കിലും പോടാ പുല്ലേ എന്ന് പറഞ്ഞിരിക്കും. കാരണം, മതിയായി. സമസ്ത മേഖലയിലും അഴിമതിയും കൈക്കൂലിയും.
ഞാന്‍ പറഞ്ഞ വീഡിയോയില്‍ തെറ്റുണ്ടെങ്കില്‍ ഞാന്‍ വന്ന് എന്റെ ചെരുപ്പ് ഊരിത്തരാം. എന്നെ തല്ലാന്‍. അടര്‍ത്തി മാറ്റി ഒട്ടിച്ചത് കാണരുത്. പച്ചയ്ക്ക് പറയല്‍ തുടരും. ഞാന്‍ ഭാര്യയോടും മക്കളോടും അനുവാദം വാങ്ങിച്ചു. അവരും ചാകാന്‍ തയ്യാറാണ്. വെട്ടിക്കൊല്ലട്ടേ എന്നാണ് പറയുന്നത്. എത്ര പേരെ നിങ്ങള്‍ വെട്ടിക്കൊന്നു. നിങ്ങളുടെ ചോരക്കൊതി തീര്‍ന്നില്ലേ? ഒന്നുകില്‍ ദൈവം എന്റെ ശബ്ദം എടുക്കണം. അല്ലെങ്കില്‍ നിങ്ങള്‍ എന്നെ കൊല്ലണം. വി ഫോര്‍ കൊച്ചി പോല, ട്വന്റി ട്വന്റി കിഴക്കമ്പലം പോലെ ഒഐഒപി പോലെ ഏത് സംഘടന വന്നാലും ഞാന്‍ അവര്‍ക്ക് സാമ്പത്തിക സഹായം കൊടുക്കും. ശാരീരികസഹായം കൊടുക്കും. എന്നേക്കൊണ്ട് ചെയ്യാന്‍ പറ്റുന്നതെല്ലാം കൊടുക്കും. കാരണം, കോണ്‍ഗ്രസും കമ്മ്യൂണിസ്റ്റും ബിജെപിയും നന്നാകണം. പക്ഷെ, കൊടിവെച്ച കാറില്‍ ഒന്നാം നമ്പര്‍ കാറില്‍ ഇങ്ങട് വന്ന് വിരട്ടിക്കളയാം എന്ന് പറഞ്ഞാല്‍ വീട്ടില്‍ ഞാന്‍ ശവപ്പെട്ടി മേടിച്ച് വെയ്ക്കും. ഒരുത്തനും ഇനി പെട്ടി അന്വേഷിച്ച് പോകണ്ട.
എന്നേക്കൊണ്ട് ഈ വാക്കൊക്കെ പറയിപ്പിക്കേണ്ട കാര്യമുണ്ടോ? കൊഞ്ഞാണന്‍ കിഞ്ഞാണന്‍ എന്നൊക്കെ വിളിക്കുക. അങ്ങനെയുള്ളവരെ ചെറ്റേ എന്നല്ലാതെ എന്ത് വിളിക്കും. എന്താ നിങ്ങള്‍ക്ക് മാത്രമാണോ തെറി പറയാനും ചീത്ത പറയാനും അവകാശം തന്നിരിക്കുന്നത്. ഒരു ആവശ്യത്തിനാണ് പോടാ പട്ടി എന്ന് പറയുന്നതെങ്കില്‍ കേള്‍ക്കും.
റോഡില്‍ വെറുതെ നില്‍ക്കുന്നവനെ, സമരം ചെയ്യുന്നവനെ കൊഞ്ഞാണന്‍ എന്ന് വിളിക്കുക. ഇതൊക്കെ ശരിയാണോ? നിങ്ങള്‍ കണ്ണാടിയില്‍ നോക്കി സംസാരിക്കൂ. ഒരു ദിവസം. ഞാന്‍ പറയാത്ത കാര്യം പ്രചരിപ്പിക്കുന്നത് എന്ത് ഊച്ചാളി രാഷ്ട്രീയമാണ്. ഇതാണോ അന്തം കമ്മികള്‍ ചെയ്യേണ്ടത്. എനിക്ക് എന്റെ ജീവിതം മതിയായി. നാട്ടിലെ അഴിമതി കണ്ട് മടുത്തു. പെട്ടെന്ന് എന്നെ ദൈവം വിളിച്ചാല്‍ മതിയെന്നാണ് പ്രാര്‍ത്ഥിക്കുന്നത്.
തിരുവനന്തപുരം ശ്രീകാര്യത്ത് സ്വകാര്യ സ്‍കൂളിലെ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്‍തു. ശ്രീകാര്യം സ്വദേശി ശ്രീകുമാർ ആണ്ആത്മഹത്യ ചെയ്തത്. ജോലിയിൽ നിന്ന് പിരിച്ചു വിട്ടതാണ് ആത്മഹത്യക്ക് കാരണമെന്നാണ് ആരോപണം. ഓട്ടോറിക്ഷയ്ക്കുള്ളില്‍ കയറി പെട്രോള്‍ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. ഇന്ന് രാവിലെയാണ് സംഭവം നടന്നത്.
ലോക്ഡൌണിന് മുമ്പേ ശ്രീകുമാറിനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടിരുന്നു. സ്കൂളിലെ മാനേജ്മെന്റ് മാറി പുതിയ മാനേജ്മെന്റ് ഏറ്റെടുത്തതിന് ശേഷം ജീവനക്കാരെ പിരിച്ചുവിടുകയായിരുന്നു. തുടര്‍ന്ന് നിരവധി പ്രതിഷേധങ്ങള്‍ സ്കൂളിനെതിരെ നടന്നിരുന്നു. പക്ഷേ തീരുമാനമൊന്നും ഉണ്ടായിരുന്നില്ല.
നിയമസഭാ തെരഞ്ഞെടുപ്പിൽ തൃശ്ശൂരിൽ നേട്ടം കൊയ്യാനാകുമെന്ന പ്രതീക്ഷയിൽ ബിജെപി. ബിജെപി തയ്യാറാക്കിയ എ ക്ലാസ് മണ്ഡലങ്ങളുടെ പട്ടികയിലാണ് തൃശ്ശൂർ ജില്ലയുള്ളത്. ജില്ലയിൽ നിന്നുള്ള ഒമ്പത് മണ്ഡലങ്ങളിലാണ് പാർട്ടിക്ക് പ്രതീക്ഷ. ഈ മണ്ഡലങ്ങളിലേക്ക് ഏറ്റവും ശക്തരായ നേതാക്കളെയാണ് പരിഗണിക്കുന്നത്. അതുകൊണ്ടുതന്നെ സംസ്ഥാന നേതാക്കൾ തൃശ്ശൂരിനായി ചരടുവലികളുമായി രംഗത്തെത്തിയിട്ടുമുണ്ട്.
കഴിഞ്ഞതവണ മത്സരിച്ച് നേട്ടമുണ്ടാക്കിയ മണലൂർ മണ്ഡലത്തിൽ നിന്നു തന്നെ ജനവിധി തേടാൻ എഎൻ രാധാകൃഷ്ണൻ ശ്രമിക്കുകയാണ്. തൃശ്ശൂർ നിയമസഭാ മണ്ഡലത്തിലേക്ക് രണ്ട് പേരുകളാണ് ഉയർന്നുകേൾക്കുന്നത്. ബി ഗോപാലകൃഷ്ണനും സന്ദീപ് വാര്യറും. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഗോപാലകൃഷ്ണനാണ് തൃശ്ശൂരിൽ നിന്ന് മത്സരിച്ചത്. തൃശ്ശൂരിൽ സ്ഥാനാർത്ഥിയായില്ലെങ്കിൽ കൊടുങ്ങല്ലൂർ മണ്ഡലത്തിൽ ഗോപാലകൃഷ്ണൻ സ്ഥാനാർത്ഥിയാകാൻ സാധ്യതയുണ്ട്.
മഹിള മോർച്ച സംസ്ഥാന പ്രസിഡന്റ് നിവേദിത ഗുരുവായൂരിൽ മത്സരിച്ചേക്കും. ഴിഞ്ഞ തവണയും നിവേദിതയായിരുന്നു ഗുരുവായൂരിൽ സ്ഥാനാർത്ഥി. ബിജെപി മുൻ ജില്ലാ പ്രസിഡന്റും ഇപ്പോൾ സംസ്ഥാന സെക്രട്ടറിയുമായ എ നാഗേഷ് പുതുക്കാട് മണ്ഡലത്തിൽ മത്സരിച്ചേക്കും. കുന്നംകുളത്ത് കെകെ അനീഷ് കുമാർ സ്ഥാനാർത്ഥിയാകുമെന്നാണ് റിപ്പോർട്ട്.
അതേസമയം, സ്ഥാനാര്‍ത്ഥി നിര്‍ണ്ണയവുമായി ബന്ധപ്പെട്ട ഇപ്പോള്‍ ഉയര്‍ന്നുകേള്‍ക്കുന്ന പേരുകളിലൊന്നാണ് നടന്‍ സുരേഷ്‌ഗോപിയുടേത്. ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി അദ്ദേഹം തിരുവനന്തപുരത്ത് മത്സരിക്കുന്നുവെന്ന് ചില മാധ്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി. അവരത് സ്ഥിരീകരിച്ച മട്ടാണ്.
എന്നാല്‍ ഞങ്ങളുടെ അന്വേഷത്തിലും ലഭിച്ച വിവരങ്ങളുടെയും അടിസ്ഥാനത്തില്‍ സുരേഷ്‌ഗോപി നിയമസഭയിലേയ്ക്ക് മത്സരിക്കുന്നില്ല.
നിലവില്‍ അദ്ദേഹം ബി.ജെ.പിയുടെ നോമിനേറ്റഡ് രാജ്യസഭാംഗമാണ്. ഇനിയും രണ്ട് വര്‍ഷത്തെ കാലാവധി കൂടി അവശേഷിക്കുന്നുണ്ട്. രാജ്യസഭാംഗമായി ഒരവസരംകൂടി നല്‍കാനുള്ള നീക്കങ്ങളും നടക്കുന്നുണ്ട്. കേന്ദ്രമന്ത്രിസഭാ പുനസംഘടനയില്‍ അദ്ദേഹത്തിന്റെ പേരും സജീവ പരിഗണനയിലാണ്.
വരനെ ആവശ്യമുണ്ട് എന്ന സിനിമയുടെ വിജയത്തിനുശേഷം നിരവധി സിനിമകളുടെ ഭാഗമാണ് സുരേഷ്‌ഗോപി. നിഥിന്‍ രഞ്ജിപണിക്കരുടെ കാവല്‍ പൂര്‍ത്തിയായി. ജോഷി, മേജര്‍ രവി, മാത്യുതോമസ് എന്നിവരുടെ പ്രോജക്ടുകളും അദ്ദേഹം കമ്മിറ്റ് ചെയ്തിട്ടുണ്ട്. ജൂണിലാണ് മാത്യു തോമസിനുള്ള ഡേറ്റുകള്‍ നല്‍കിയിരിക്കുന്നത്.
രാഷ്ട്രീയത്തോടൊപ്പം സിനിമയിലും സജീവമാകാന്‍ അദ്ദേഹം തീരുമാനമെടുത്തുകഴിഞ്ഞു. അതുകൊണ്ടുതന്നെ നിയമസഭാ ഇലക്ഷനില്‍ സുരേഷ്‌ഗോപി മത്സരിക്കില്ല. പക്ഷേ ബി.ജെ.പിയുടെ താരപ്രചാരകനായി സംസ്ഥാനമൊട്ടാകെയുള്ള പ്രചാരണ പരിപാടികളില്‍ അദ്ദേഹം പങ്കെടുക്കും. തല്‍ക്കാലം അദ്ദേഹത്തെ ബി.ജെ.പി. ലിസ്റ്റില്‍ ഉള്‍പ്പെടുത്താനുള്ള നീക്കങ്ങളില്‍നിന്ന് മാധ്യമങ്ങള്‍ ഒഴിഞ്ഞുനില്‍ക്കുന്നതാണ് നല്ലത്.
പാർട്ടി നിർബന്ധിക്കുകയാണെങ്കിൽ തിരുവനന്തപുരത്തെ ഏതെങ്കിലും മണ്ഡലം താരം പരിഗണിച്ചേക്കും.
ലോകത്തെ ഏറ്റവും ദൈർഘ്യമേറിയ വ്യോമപാതയിലൂടെ വിമാനം നിയന്ത്രിച്ച് ഇന്ത്യൻ വനിതകളുടെ ചരിത്ര നേട്ടം. ഇവർ പറത്തിയ വിമാനം കർണാടകയിൽ സുരക്ഷിതമായി ലാൻഡ് ചെയ്തു. നാല് വനിതകളാണ് എയർ ഇന്ത്യയുടെ ബോയിങ് 777 വിമാനം 16,000 കി.മീ നിയന്ത്രിച്ചത്. ലോകത്ത് തന്നെ ആദ്യമായാണ് വനിതകൾ മാത്രം നിയന്ത്രിക്കുന്ന വിമാനം ഇത്ര ദൂരം മറ്റെവിടെയും നിർത്താതെ പറന്ന് യാത്ര പൂർത്തിയാക്കുന്നത്.
ചരിത്രനേട്ടത്തിൽ എയർ ഇന്ത്യ വിമാനത്തെ നിയന്ത്രിച്ചത് ക്യാപ്റ്റൻ സോയ അഗർവാൾ, ക്യാപ്റ്റൻ പാപഗിരി തന്മയ്, ക്യാപ്റ്റൻ അകാൻഷ സോനാവനേ, ക്യാപ്റ്റൻ ശിവാനി മൻഹാസ് എന്നിവരായിരുന്നു.
എയർ ഇന്ത്യയുടെ ബോയിങ് 777 വിമാനം സാൻഫ്രാൻസിസ്‌കോയിൽ നിന്നും 16,000 കിമീ പിന്നിട്ടാണ് ബംഗളൂരു വിമാനത്താവളത്തിൽ പറന്നിറങ്ങിയത്. തുടർച്ചയായി 17 മണിക്കൂർ നിർത്താതെ പറന്നാണ് വിമാനം ബംഗളൂരുവിലെത്തിച്ചേർന്നത്.ചരിത്രത്തിന്റെ ഭാഗമായതിൽ അഭിമാനമെന്നു ക്യാപ്റ്റൻ സോയ അഗർവാൾ പ്രതികരിച്ചു. സാൻഫ്രാൻസിസ്‌കോയിൽ നിന്നും ബംഗളുരുവിലേക്ക് മറ്റെവിടെയും നിർത്താതെ വന്ന ആദ്യ വിമാനം കൂടിയാണിത്.
#FlyAI : Welcome Home
Capt Zoya Agarwal, Capt Papagiri Thanmei, Capt Akanksha & Capt Shivani after completing a landmark journey with touchdown @BLRAirport.Kudos for making Air India proud.
We also congratulate passengers of AI176 for being part of this historic moment. pic.twitter.com/UFUjvvG01h
— Air India (@airindiain) January 10, 2021
പന്തീരാങ്കാവിൽ കഴിഞ്ഞ ദിവസം യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം. യുവാവ് മരിച്ചത് സുഹൃത്തിന്റെ ചവിട്ടേറ്റാണെന്ന് പന്തീരങ്കാവ് പോലീസ് പറഞ്ഞു. മദ്യലഹരിയിലുള്ള തർക്കത്തിനിടെ സുഹൃത്ത് മജിത് വിപിനെ വയറിൽ ചവിട്ടിയതാണ് മരണകാരണമെന്ന് പോലീസ് പറയുന്നു. പ്രതിയെ കോടതി റിമാൻഡ് ചെയ്തു. ഇക്കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് പന്തീരാങ്കാവ് ജ്യോതി ബസ്റ്റോപ്പിന് സമീപത്തെ വീട്ടിൽ വിപിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.
വിപിൻ വീണുകിടന്ന സ്ഥലത്ത് രക്തക്കറയുണ്ടായിരുന്നു. അതുകൊണ്ട് തന്നെ മരണം കൊലപാതമാണെന്ന് സംശയം ഉയർന്നിരുന്നു. ഒടുവിൽ പോസ്റ്റുമോർട്ടം റിപ്പോർട്ട് കിട്ടിയതോടെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞു. വിപിന്റെ വയറ്റിനേറ്റ ശക്തിയായ ചവിട്ടാണ് മരണകാരണമെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്. ശക്തമായ ചവിട്ടിൽ ആന്തരീകാവയവയങ്ങൾക്കേറ്റ് പരിക്കേറ്റതായും പോസ്റ്റുമോർട്ടം റിപ്പോർട്ടിലുണ്ട്.
പോസ്റ്റുമോർട്ടം റിപ്പോർട്ട് കിട്ടുന്നതിന് മുമ്പ് തന്നെ വിപിന്റെ മരണത്തിന് പിന്നിൽ സുഹൃത്ത് മജിത്താണെന്ന് പോലീസിന് സൂചന ലഭിച്ചിരുന്നു. സംഭവം നടന്ന ദിവസം മജിത് വിപിന്റെ വീട്ടിൽ വന്നിരുന്നതായും വിപിനുമായി തർക്കമുണ്ടായിരുന്നതായും പോലീസിന് വിവരം കിട്ടിയിരുന്നു. നേരത്തെ ഗൽഫിലായിരുന്ന പ്രതി മജിതും വിപിനും തമ്മിൽ സാമ്പത്തിക തർക്കം നിലനിന്നിരുന്നു. സംഭവദിവസം വിപിന്റെ വീട്ടിലെത്തിയ മജിത് മദ്യലഹരിയിലായിരുന്നു.
ഇരുവരും തമ്മിലുള്ള തർക്കം സംഘർഷത്തിൽ കലാശിക്കുകയായിരുന്നു. ഇതിനിടെ മജിത് വിപിന്റെ വയറിൽ ആഞ്ഞ് ചവിട്ടി. മജിത് കൊല്ലണമെന്ന ഉദ്ദേശത്തോടെയാണോ ചെയ്തത് എന്ന കാര്യത്തിൽ കൂടുതൽ അന്വേഷണം നടത്തുകയാണ് പന്തീരങ്കാവ് പോലീസ്.