വേളാങ്കണ്ണിയില്‍ നിന്ന് യാത്രക്കാരുമായി ചങ്ങനാശേരിയിലേക്ക് പുറപ്പെട്ട കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ഡീലക്‌സ് ബസും ലോറിയും കൂട്ടിയിടിച്ച് ഏഴ് പേര്‍ക്ക് പരിക്കേറ്റു.
ഇവരെ തഞ്ചാവൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വൈകുന്നേരം 4.20 ന് തഞ്ചാവൂരിന് 29 കിലോമീറ്റര്‍ അകലെ പൂണ്ടി എന്ന സ്ഥലത്തായിരുന്നു അപകടം. ബസില്‍ 40 യാത്രക്കാരുണ്ടായിരുന്നു.
ബസ് ഡ്രൈവര്‍ ജിമോദ് ജോസഫിന്റെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. കണ്ടക്ടര്‍ അഭിജിത്തിനും ചെറിയ പരിക്കുണ്ട്. യാത്രക്കാരുടെ പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.
അപകടത്തില്‍പെട്ട തമിഴ്‌നാട് രജിസ്‌ട്രേഷന്‍ ലോറിയുടെ ഡ്രൈവറുടെ പരിക്ക് ഗുരുതരമാണ്. കെഎസ്ആര്‍ടിസി ചങ്ങനാശേരി ഡിപ്പോയിലെ ബസാണ് അപകടത്തില്‍പ്പെട്ടത്. അപകട കാരണം വ്യക്തമല്ല.
മുതിര്‍ന്ന ഐ.എ.എസ്. ഉദ്യോഗസ്ഥന്‍ ഡോ.എ.ജയതിലകിനെതിരേ നടത്തിയ പരാമര്‍ശത്തില്‍ നടപടി വരാനിരിക്കെ തനിക്കെതിരെ ആരോപണം ഉന്നയിച്ച മുന്‍മന്ത്രി ജെ. മേഴ്‌സികുട്ടിയമ്മയെ പരിഹസിച്ച് കൃഷി വകുപ്പ് സ്‌പെഷല്‍ സെക്രട്ടറി എന്‍. പ്രശാന്ത്. മേഴ്‌സിക്കുട്ടിയമ്മ ആരാണെന്നാണ് പ്രശാന്തിന്റെ ചോദ്യം. അഡീഷനല്‍ ചീഫ് സെക്രട്ടറി ഡോ.എ.ജയതിലകിനെതിരെയുള്ള ഫെയ്‌സ്ബുക്ക് പോസ്റ്റിനു താഴെ മേഴ്‌സിക്കുട്ടിയമ്മയ്ക്ക് മറുപടിയുണ്ടോ എന്നൊരാള്‍ കമന്റിട്ടിരുന്നു. ഇതിനു മറുപടിയായായണ് ‘ഹൂ ഈസ് ദാറ്റ്’ എന്ന് പ്രശാന്ത് ചോദിച്ചത്.
ഐഎഎസ് തലപ്പത്തെ തമ്മിലടി തുടരുന്നതിനിടെയാണ് എന്‍. പ്രശാന്തിനെതിരെ സിപിഎം സംസ്ഥാന കമ്മിറ്റി അംഗം കൂടിയായ മേഴ്‌സിക്കുട്ടിയമ്മ രംഗത്തെത്തിയത്. രാഷ്ട്രീയ ഗൂഢാലോചന നടത്തുന്നതില്‍ പ്രശാന്ത് വില്ലന്റെ റോളില്‍ പ്രവര്‍ത്തിച്ചുവെന്നായിരുന്നു ആരോപണം. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ പ്രശാന്ത് യുഡിഎഫിനു വേണ്ടി ഗൂഢാലോചന നടത്തി. വഞ്ചനയുടെ പര്യായമായ സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണ് പ്രശാന്ത്. ആഴക്കടല്‍ മത്സ്യബന്ധനം അതിന്റെ തെളിവാണെന്നും മേഴ്‌സിക്കുട്ടിയമ്മ കാര്യകാരണ സഹിതം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
അതേസമയം, അഡീഷനല്‍ ചീഫ് സെക്രട്ടറി ഡോ.എ.ജയതിലകിനെതിരെ വീണ്ടും ആരോപണവുമായി എന്‍.പ്രശാന്ത് രംഗത്തെത്തിയിരുന്നു. ജൂനിയര്‍ ഉദ്യോഗസ്ഥരുടെ കരിയറും ജീവിതവും ജയതിലക് നശിപ്പിച്ചെന്നാണ് ആരോപണം. വിസില്‍ ബ്ലോവറുടെ ആനുകൂല്യം തനിക്കുണ്ട്. നിയമം പഠിച്ചിട്ടുണ്ടെന്നും ചട്ടങ്ങള്‍ തനിക്കറിയാമെന്നും പ്രശാന്ത് ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
ജയതിലകിനെയും ഗോപാലകൃഷ്ണനെയും വാര്‍ത്ത കൊടുത്തതിന് മാതൃഭൂമിയേയും വിമര്‍ശിച്ച് നേരത്തെ ഫെയ്‌സ് ബുക്ക് പോസ്റ്റില്‍ പരാമര്‍ശമുണ്ടായിരുന്നു. ഒരുപാട് പേരുടെ ജീവിതം ജയതിലക് തകര്‍ത്തെന്നാണ് പ്രശാന്തിന്റെ വിമര്‍ശനം. കൂടുതല്‍ വിവരങ്ങള്‍ പേജിലൂടെ പുറത്തുവിടുമെന്ന മുന്നറിയിപ്പുമുണ്ട്.
ഐ.എ.എസുകാരുടെ ചട്ടപ്രകാരം സര്‍ക്കാരിനെയോ സര്‍ക്കാര്‍ നയങ്ങളെയോ വിമര്‍ശിക്കരുതെന്നാണെന്നും മാതൃഭൂമിയേയോ ജയതിലകിനെയോ ഗോപാലകൃഷ്ണനെയോ അല്ലെന്നും അഞ്ചുകൊല്ലം നിയമം പഠിച്ച തന്നെ പഠിപ്പിക്കാന്‍ വരണ്ടെന്നും പ്രശാന്ത് പോസ്റ്റില്‍ പറയുന്നു. ‘ഡോ. ജയതിലകുമായി സംസാരിച്ച് സന്ധിയാക്കണം എന്ന് ഭീഷണി രൂപത്തില്‍ ചിലര്‍ ഉപദേശിക്കുന്നുണ്ട്. സ്വയം അപകടം വിളിച്ച് വരുത്താതിരിക്കാന്‍ അതാണത്രെ നല്ലത്. അദ്ദേഹം നശിപ്പിച്ച ജീവിതങ്ങളുടെ പട്ടിക ചൂണ്ടിക്കാണിച്ചാല്‍, എനിക്ക് ഭയമല്ല തോന്നുക. ഇനിയെങ്കിലും ഇതിനൊരു അന്ത്യമുണ്ടാക്കി അവര്‍ക്കും നീതി നേടിക്കൊടുക്കുക എന്നേ എന്റെ ചെറിയ വാശിക്ക് തോന്നുന്നുള്ളൂ’, പ്രശാന്ത് പോസ്റ്റില്‍ പറയുന്നു.
‘പൊതുജനമധ്യത്തില്‍ സിവില്‍ സര്‍വ്വീസിന്റെ ‘വില’ കളയാതിരിക്കാന്‍ മൗനം പാലിക്കാനും ചിലര്‍ ഉപദേശിക്കുന്നു. വ്യാജ റിപ്പോര്‍ട്ടുകള്‍ സൃഷ്ടിക്കുകയും, ഫയലുകള്‍ അപ്രത്യക്ഷമാക്കുകയും, വട്സാപ്പ് ഗ്രൂപ്പുകള്‍ സൃഷ്ടിക്കുകയും അപ്രത്യക്ഷമാക്കുകയും ഒക്കെ ചെയ്യുന്ന ഒരു ഗ്രൂപ്പ് സിവില്‍ സര്‍വ്വീസില്‍ ഉണ്ട് എന്നത് ലജ്ജാവഹമാണ്. എന്നാലത് ഒളിച്ച് വെക്കുകയാണോ വേണ്ടത്? പിന്തിരിപ്പന്‍ സമൂഹങ്ങളിലെ വലിയ ഉദ്യോഗസ്ഥരുടെയും പ്രമാണിമാരുടെ വീടുകളില്‍ ‘പീഡോഫീലിയ’ പോലുള്ള ഗുരുതരമായ കുറ്റകൃത്യങ്ങള്‍ രഹസ്യമായി വെക്കാന്‍ ഉപദേശിക്കുന്ന അതേ ലോജിക്! വിവരങ്ങള്‍ പുറത്ത് വരുന്നതില്‍ എന്തിനാണ് ഭയം? ഇതേ പേജില്‍ എല്ലാ വിവരങ്ങളും വരും. നടപടിയെടുക്കാന്‍ ഒരുങ്ങുമ്പോഴും വെല്ലുവിളി തുടരുകയാണ് പ്രശാന്ത്.
മുമ്പില്ലാത്തവിധം അസാധാരണനിലയിലേക്കാണ് ഐഎഎസ് പോര് മാറുന്നത്. ജയതിലകിനെ മനോരോഗി എന്ന് വിശേഷിപ്പിച്ച എന്‍ പ്രശാന്തിനെതിരെ സസ്‌പെന്‍ഷന്‍ അടക്കമുള്ള നടപടിക്കാണ് സര്‍ക്കാര്‍ നീക്കം. പക്ഷെ ജയതിലകിനെയും ഗോപാലകൃഷ്ണനെയും വിടാതെ പരസ്യവിമര്‍ശനം തുടരുകയാണ് പ്രശാന്ത്. ജയതിലക് കല്‍പ്പിക്കുന്ന രീതിയില്‍ ഫയലും നോട്ടുമെഴുതാത്ത സത്യസന്ധരായ നിരവധി ഉദ്യോഗസ്ഥരുടെ കരിയറും ജീവിതവും ജയതിലക് നശിപ്പിച്ചെന്നാണ് പുതിയ ആരോപണം. സര്‍ക്കാറിനെയോ സര്‍ക്കാര്‍ നയങ്ങളെയോ വിമര്‍ശിക്കരുതെന്നാണ് സര്‍വ്വീസ് ചട്ടം, ജയതിലകിനെയോ ഗോപാലകൃഷ്ണനയോ വിമര്‍ശിക്കരുതെന്നല്ലെന്ന് പറഞ്ഞാണ് പ്രശാന്തിന്റെ വെല്ലുവിളി. ഒരു ഒത്ത് തീര്‍പ്പിനുമില്ലാതെ വാശിയോടെ വെല്ലുവിളിയുമായി മുന്നോട്ട് പോകുമെന്നാണ് പ്രശാന്തിന്റെ ഭീഷണി. പോസ്റ്റിന് താഴെയുള്ള കമന്റുകളില്‍ ജയതിലകിന്റെ വ്യക്തിപരമായ കാര്യങ്ങള്‍ വരെ പറഞ്ഞാണ് പ്രശാന്തിന്റെ വിമര്‍ശനം.
വീട്ടിൽ മുലപ്പാൽ കൊടുത്തു കൊണ്ടിരുന്ന യുവതിയുടെ ചിത്രവും വീഡിയോയും പകർത്തിയ യുവാവ് പിടിയിൽ. കഠിനംകുളം പുതുകുറിച്ചി സ്വദേശിയായ നിശാന്ത് (31) നെയാണ് കഠിനംകുളം പോലീസ് അറസ്റ്റ് ചെയ്തത്. ശനിയാഴ്ച പുലര്‍ച്ചെ രണ്ടരയ്ക്ക് ആയിരുന്നു സംഭവം.
വീടിന്‍റെ മതിൽ ചാടി കടന്നശേഷം തുറന്നിട്ടിരുന്ന ജനാല വഴിയാണ് പ്രതി യുവതി കുഞ്ഞിന് മുലപ്പാൽ കൊടുക്കുന്ന ദൃശ്യങ്ങള്‍ പകർത്തിയത്. മൊബൈലിന്‍റെ ഫ്ലാഷ് ലൈറ്റ് കണ്ട യുവതി നിലവിളിച്ചതിനെ തുടർന്ന് പ്രതി ഓടി രക്ഷപ്പെട്ടു.
പരാതിയെ തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. സ്ത്രീകൾക്കു മേലുള്ള അതിക്രമത്തിനും പുറമേ ഐടി ആക്ട് വകുപ്പ് പ്രകാരവും പോലീസ് കേസ് രജിസ്റ്റർ ചെയ്തു. നിലവിൽ വിവിധ സ്റ്റേഷനുകളിലായി സ്ത്രീകളെ അതിക്രമിച്ചതിനും പിടിച്ചുപറിക്കും ഉൾപ്പെടെയുള്ള കേസുകളിൽ പ്രതിയാണ്. ഫോട്ടോയെടുക്കാൻ ഉപയോഗിച്ച മൊബൈൽ ഫോണും പോലീസ് കസ്റ്റഡിയിൽ എടുത്തു.
മുനമ്പം സമരത്തിന് പൂർണ പിന്തുണയുമായി സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ സമരവേദിയിലെത്തി. സമരത്തോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതായും സമരത്തിൽ നിങ്ങൾ ഒറ്റയ്ക്കല്ലെന്നും മാർ റാഫേൽ തട്ടിൽ സമരക്കാരോട് പറഞ്ഞു.
‘സമരത്തിൽ ഏത് അറ്റം വരെ പോകേണ്ടിവന്നാലും കൂടെ ഞാനുണ്ടാകും. നിങ്ങളുടെ മരണം വരെ, അവസാനത്തെ പോരാളി മരിച്ചു വീഴുന്നത് വരെ ഞാനുണ്ടാകും കൂടെ. ഗാന്ധിജിയുടെ സത്യഗ്രഹ മാതൃകയിൽ പോരാട്ടം നടത്തും. അക്രമസക്തമായ രീതിയിൽ അല്ല’- മാർ റാഫേൽ തട്ടിൽ പറഞ്ഞു.
ക്രൈസ്തവ പുരോഹിതർ വർഗീയത പറയുന്നുവെന്ന വഖഫ് മന്ത്രി വി അബ്ദുറഹിമാന്റെ പരാമർശത്തിനും മാർ റാഫേൽ മറുപടി നൽകി. ‘മന്ത്രി പറയുന്നത് കേട്ട് എന്റെ ഈ ളോഹ ഊരി മാറ്റാൻ കഴിയുമോ? ഞാൻ നിൽക്കുന്ന ആശയങ്ങൾ മാറ്റുമെന്ന് കരുതുന്നുണ്ടോ? ഞങ്ങൾ സമരക്കാരുടെ ഇടയന്മാർ ആണ്. ജനങ്ങളുടെ കൂടേ നിൽക്കുന്നില്ല എങ്കിൽ ഒറ്റുകാരാകും. ളോഹ ഊരിമാറ്റി ഖദർ ഷർട്ട് ഇട്ട് സമര പന്തലിൽ വന്നു നിൽക്കാനാകില്ല’- മാർ റാഫേൽ തട്ടിൽ പറഞ്ഞു.
മാർ റാഫേൽ തട്ടിൽ സമരപ്പന്തലിൽ
മനുഷ്യത്വരഹിതമായ രീതിയിൽ സമരക്കാരുടെ ആവശ്യങ്ങളെ കൈകാര്യം ചെയ്യുന്നത് ശരിയല്ലെന്നും മുനമ്പംകാർക്ക് മനുഷ്യത്വപരമായി നീതിയും സുരക്ഷിതത്വവും ഉറപ്പാക്കണമെന്നും മാർ റാഫേൽ തട്ടിൽ കൂട്ടിച്ചേർത്തു.
അതേസമയം മുനമ്പം വിഷയത്തിൽ സമരം കൂടുതൽ ശക്തമാക്കാനൊരുങ്ങുകയാണ് കത്തോലിക്കാ സഭ. മുനമ്പം ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഞായറാഴ്ച എല്ലാ പള്ളികളിലും പ്രതിഷേധ റാലികൾ സംഘടിപ്പിക്കാൻ കത്തോലിക്കാ കോൺഗ്രസ് ആഹ്വാനം ചെയ്തു.
610 കുടുംബങ്ങളുടെ റവന്യൂ അവകാശങ്ങൾ പുനസ്ഥാപിക്കണമെന്നും വഖഫ് ബോർഡിന്റെ അവകാശവാദം ഉപക്ഷേിക്കണമെന്നുമാണ് കെസിബിസിയുടെയും കെആർഎൽസിസിയുടെയും ആവശ്യം. മുനമ്പത്തെ 610 കുടുംബങ്ങൾ നിയമാനുസൃതം സ്വന്തമാക്കിയിട്ടുള്ള സ്ഥലം വഖഫ് ഭൂമിയാണെന്ന അവകാശവാദമാണ് ഒരു ജനതയെ സമര മുനമ്പത്ത് എത്തിച്ചത്.
കാണാതായ താലൂക്ക് ഓഫീസിലെ ഡെപ്യൂട്ടി തഹസില്‍ദാര്‍ പി.ബി. ചാലിബ് വീട്ടില്‍ തിരികെയെത്തി. വെള്ളിയാഴ്ച രാത്രി 12 മണിയോടെയാണ് ചാലിബ് തിരികെയെത്തിയത്. മാനസികപ്രയാസം മൂലമാണ് താന്‍ നാട് വിട്ടതെന്ന് അദ്ദേഹം പറഞ്ഞതായി ബന്ധുക്കള്‍ പറഞ്ഞു .
കഴിഞ്ഞ ദിവസം ചാലിബ് ഭാര്യയെ ഫോണില്‍ ബന്ധപ്പെട്ടെന്ന് വിവരം ലഭിച്ചിരുന്നു. താന്‍ സുരക്ഷിതനാണെന്നും വീട്ടിലേക്ക് തിരിച്ചുവരികയാണെന്നും അദ്ദേഹം ഭാര്യയോട് പറഞ്ഞിരുന്നു. എവിടെയാണെന്ന ചോദ്യത്തിന് ദൂരെയാണെന്നും ഇപ്പോള്‍ ബസ്സ്റ്റാന്റിലാണുള്ളതെന്നും വ്യക്തമാക്കിയ അദ്ദേഹം, സംസാരിക്കാന്‍ പറ്റിയ സാഹചര്യത്തിലല്ലെന്നാണ് പ്രതികരിച്ചിരുന്നത്. ചാലിബിന്റെ ടവര്‍ ലൊക്കേഷന്‍ കര്‍ണാടകയിലെ ഉഡുപ്പിയിലാണ് കാണിച്ചിരുന്നത്. ഇതേ തുടര്‍ന്ന് പോലീസ് കര്‍ണാടകയിലേക്ക് അന്വേഷണം വ്യാപിപ്പിച്ചിരുന്നു.
തിരൂര്‍ മാങ്ങാട്ടിരി പൂക്കൈത സ്വദേശി പി.ബി. ചാലിബിനെ ബുധനാഴ്ച വൈകീട്ട് ഓഫീസില്‍നിന്ന് വരുന്നവഴിയാണ് കാണാതായത്. ഓഫീസില്‍നിന്ന് അദ്ദേഹം വൈകീട്ട് അഞ്ചേകാലോടെ ഇറങ്ങിയതായി സഹപ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു. അതിനുശേഷം ഭാര്യ വിളിച്ചപ്പോള്‍ തിരിച്ചെത്താന്‍ വൈകും എന്നാണ് അറിയിച്ചത്. പിന്നീട് വാട്‌സാപ്പില്‍ വളാഞ്ചേരി ഇരിമ്പിളിയത്ത് ഒരു റെയ്ഡ് ഉണ്ടെന്നും കൂടെ പോലീസ്, എക്സൈസ് ടീം ഉണ്ടെന്നും പറഞ്ഞു.
രാത്രി 11 വരെ കാണാത്തതിനെത്തുടര്‍ന്ന് ബന്ധുക്കള്‍ തിരൂര്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. രാത്രി 12.18-ന് ഓഫ് ആയ ഫോണ്‍ പിന്നീട് രാവിലെ 6.55-ന് അല്‍പസമയം ഓണ്‍ ആയതായി കണ്ടിരുന്നു. ആദ്യഘട്ടത്തില്‍ അവസാന മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ കോഴിക്കോട് പാളയം ഭാഗത്താണെന്നാണ് കാണിച്ചിരുന്നത്. പിന്നീട് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായില്ല. ദേശീയപാത മണ്ണെടുപ്പ് പ്രശ്നത്തില്‍ ഇരിമ്പിളിയത്ത് ഇദ്ദേഹം സര്‍വേക്ക് പോയിരുന്നു.
കാണാതായെന്ന പരാതി ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരുന്നു. തിരൂര്‍ സബ് കളക്ടര്‍ ദിലീപ് കെ. കൈനിക്കര വീട്ടിലെത്തി വിവരങ്ങള്‍ ശേഖരിക്കുകയും പോലീസ് വീട്ടുകാരുടെ മൊഴിയെടുക്കുകയും ചെയ്തു.
സംവിധായകൻ രഞ്ജിത്തിനെതിരായ പീഡനപരാതി നൽകിയ യുവാവിനെ ബെംഗളൂരുവിലെ വിവിധ താജ് ഹോട്ടലുകളിൽ എത്തിച്ച് തെളിവെടുക്കും. വിമാനത്താവളത്തിന് അടുത്തുള്ള താജ് ഹോട്ടലിൽ വെച്ച് തന്നെ ആണോ രഞ്ജിത്തിനെ കണ്ടതെന്ന് ഉറപ്പില്ലെന്ന് പരാതിക്കാരൻ മൊഴി നൽകിയിരുന്നു.
സംഭവം നടന്നിട്ട് 9 വർഷത്തോളം ആയതിനാൽ ഏത് ഹോട്ടൽ ആണെന്ന് ഫോട്ടോ കാണിച്ചപ്പോൾ തിരിച്ചറിയാൻ കഴിഞ്ഞില്ലെന്ന് പരാതിക്കാരൻ വ്യക്തമാക്കി. ഇന്നലെയാണ് പരാതിക്കാരന്റെ മൊഴി ദേവനഹള്ളി പോലീസ് വിശദമായി രേഖപ്പെടുത്തിയത്.
നഗരത്തിൽ ആകെ ഉള്ളത് നാല് താജ് ഹോട്ടലുകളാണ്. വിമാനത്താവളത്തിന് അടുത്തുള്ള താജ് അല്ലാതെ നഗരത്തിൽ മൂന്ന് താജ് ഹോട്ടലുകൾ ഉണ്ട്.
ഇതിൽ യശ്വന്തപുര താജിലും വെസ്റ്റ് എൻഡ് താജിലും എത്തിച്ചാണ് തെളിവ് എടുക്കുക. ഇതിന് ശേഷമാകും രഞ്ജിത്തിന് ഹാജരാകാൻ നോട്ടീസ് നൽകുകയെന്നാണ് വിവരം.
തഹസില്‍ദാര്‍ പദവയില്‍നിന്ന് മാറ്റം വേണമെന്ന് ആവശ്യപ്പെട്ട് റവന്യൂവകുപ്പിന് അപേക്ഷ നല്‍കി എ.ഡി.എം നവീന്‍ബാബുവിന്റെ ഭാര്യ മഞ്ജുഷ. സ്വതന്ത്രവും ഗൗരവമേറിയതും ഏറെ ഉത്തരവാദിത്വമുള്ളതുമാണ് തഹസില്‍ദാല്‍ ജോലി. ഇത് നിറവേറ്റാനുള്ള മാനസികാവസ്ഥയിലൂടെയല്ല കടന്നുപോകുന്നതെന്നും സമാന പദവിയായ കളക്ടറേറ്റിലെ സീനിയര്‍ സൂപ്രണ്ട് തസ്തികയിലേക്ക് മാറ്റിത്തരണമെന്നുമാണ് അപേക്ഷയിലുള്ളത്.
നിലവില്‍ കോന്നി തഹസില്‍ദാരാണ് മഞ്ജുഷ. അവധി കഴിഞ്ഞ് ഡിസംബര്‍ ആദ്യവാരം ജോലിയില്‍ തിരികെ പ്രവേശിക്കേണ്ടതുമാണ്. ഈ സാഹചര്യത്തിലാണ് പദവി മാറ്റിത്തരണമെന്ന അപേക്ഷ മഞ്ജുഷ റവന്യൂവകുപ്പിന് നല്‍കിയിരിക്കുന്നത്.
മഞ്ജുഷയുടെ അപേക്ഷയില്‍ റവന്യൂവകുപ്പ് അനുകൂലമായ തീരുമാനമെടുക്കുമെന്നാണ് പ്രതീക്ഷ. മാത്രമല്ല സര്‍വീസ് സംഘടനകള്‍ക്കും മഞ്ജുഷയുടെ താത്പര്യത്തിന് ഒപ്പം നില്‍ക്കമെന്ന അഭിപ്രായമാണ്. അങ്ങനെയാണെങ്കില്‍ അടുത്തമാസം ജോലിയില്‍ പ്രവേശിക്കുമ്പോള്‍ പുതിയ പദവിയിലായിരിക്കും മഞ്ജുഷയുണ്ടാവുക.
ഒക്ടോബര്‍ 16-ന് പുലര്‍ച്ചെയായിരുന്നു കണ്ണൂര്‍ എ.ഡി.എം ആയിരുന്ന പത്തനംതിട്ട മലയാപ്പുഴ സ്വദേശി നവീന്‍ ബാബുവിനെ ക്വാര്‍ട്ടേഴ്‌സില്‍ മരിച്ചനിലയില്‍ കാണപ്പെട്ടത്. പത്തനംതിട്ട എ.ഡി.എം ആയി നാട്ടിലേക്ക് പോകാനിരിക്കെ സഹപ്രവര്‍ത്തര്‍ നല്‍കിയ യാത്രയയപ്പ് ചടങ്ങിനിടെ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി.പി ദിവ്യ നടത്തിയ അപമാനകരമായ പരാമര്‍ശം ആത്മഹത്യയിലേയ്ക്ക് നയിച്ചെന്നാണ് ആരോപണം. കേസില്‍ പി.പി ദിവ്യയ്ക്ക് കഴിഞ്ഞ ദിവസം ജാമ്യം ലഭിച്ചിരുന്നു.
സര്‍ക്കാര്‍ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന വൈദികരുടേയും കന്യാസ്ത്രീകളുടേയും ശമ്പളത്തില്‍ നിന്ന് നികുതി ഈടാക്കാമെന്ന് സുപ്രീം കോടതി. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ, ജസ്റ്റിസുമാരായ ജെ.ബി പര്‍ഡിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്.
വൈദികരുടേയും കന്യാസ്ത്രീകളുടേയും ശമ്പളത്തില്‍ നിന്ന് നികുതി പിരിക്കുന്നതിനെതിരെ കത്തോലിക്ക സഭയിലെ വൈദികരും കന്യാസ്ത്രീകളും നല്‍കിയ 93 അപ്പീലുകള്‍ തള്ളിക്കൊണ്ടാണ് സുപ്രീം കോടതിയുടെ വിധി.
ദാരിദ്ര്യവ്രതം ജീവിതചര്യയായി സ്വീകരിച്ചിരിക്കുന്ന വൈദികരുടേയും കന്യാസ്ത്രീകളുടേയും ശമ്പളം കൈപ്പറ്റുന്നത് അവരുടെ രൂപതകളോ ഭദ്രാസനങ്ങളോ ആണ്. ലഭിക്കുന്ന ശമ്പളം വ്യക്തിപരമായി ഉപയോഗിക്കുന്നില്ലെന്ന് മുഖ്യ പരാതിക്കാരായ ഫ്രാന്‍സിസ്‌കന്‍ മിഷനറീസ് അപ്പീല്‍ ഹര്‍ജിയില്‍ വ്യക്തമാക്കിയിരുന്നു.
എന്നാല്‍ ശമ്പളം വ്യക്തികള്‍ക്കാണ് ലഭിക്കുന്നതെന്നും ആ പണം അവരുടെ അക്കൗണ്ടിലേക്കാണ് എത്തുന്നതെന്നുമായിരുന്നു ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റെ നിരീക്ഷണം.
പള്ളിയോ, ഭദ്രാസനമോ, രൂപതയോ ആണ് പണം ചിലവാക്കുന്നത് എന്ന് പറയുന്നതില്‍ അര്‍ത്ഥമില്ലെന്നും ശമ്പളമായി ലഭിക്കുന്ന തുകയ്ക്ക് നികുതി പിടിക്കുന്നതില്‍ തെറ്റില്ലെന്നുമായിരുന്നു കോടതി നിരീക്ഷണം. നിയമം എല്ലാവര്‍ക്കും തുല്യമാണ്. ശമ്പളം കൈപ്പറ്റുന്ന എല്ലാവരും നികുതി കൊടുക്കാന്‍ ബാധ്യസ്ഥരാണെന്നും ചീഫ് ജസ്റ്റിസ് ഉത്തരവില്‍ പറഞ്ഞു.
ഒരു സ്ഥാപനം വ്യക്തിക്ക് ശമ്പളം നല്‍കുന്നത് ശമ്പള ഇനമായിട്ടാണ് കണക്കില്‍ രേഖപ്പെടുത്തുന്നത്. വ്യക്തിക്ക് നല്‍കുന്ന ശമ്പളം മറ്റാര്‍ക്കെങ്കിലും കൊടുക്കുന്നു എന്ന് പറഞ്ഞ് നികുതി ഈടാക്കുന്നതില്‍ നിന്ന് ഒഴിവാക്കാനാവില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
അതേസമയം 1940 മുതല്‍ നികുതി പിരിക്കാറില്ല എന്നത് കോടതി അംഗീകരിച്ചില്ല. കൃത്യമായ നിയമമില്ലാതെ നികുതി പിരിവില്‍ നിന്ന് ഒഴിവാക്കാനാവില്ലെന്നായിരുന്നു ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് വ്യക്തമാക്കിയത്.
എഡിഎംകെ നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പിപി ദിവ്യയ്ക്ക് ജാമ്യം. തലശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജ് നിസാര്‍ അഹമ്മദ് ആണ് വിധി പ്രസ്താവിച്ചത്. റിമാന്‍ഡിലായി 11 ദിവത്തിന് ശേഷമാണ് ദിവ്യയ്ക്ക് ജാമ്യം ലഭിച്ചത്.
എഡിഎമ്മിന്റെ യാത്രയയപ്പ് യോഗത്തിലെ സംസാരം ഒഴിവാക്കേണ്ടതായിരുന്നുവെന്ന് ജാമ്യാപേക്ഷയില്‍ കഴിഞ്ഞ തവണ വാദത്തിനിടെ പ്രതിഭാഗം കോടതിയില്‍ സമ്മതിച്ചിരുന്നു. ദിവ്യയ്ക്ക് ജാമ്യം നല്‍കിയാല്‍ കേസിലെ സാക്ഷികളെ സ്വാധീനിക്കുമെന്ന് പ്രോസിക്യൂഷനും നവീന്‍ ബാബുവിന്റെ കുടുംബവും കോടതിയില്‍ വാദിച്ചു.
എഡിഎമ്മിന്റെ മരണത്തില്‍ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തിയ ദിവ്യയെ ഒക്ടോബര്‍ 29 നാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയതിനെത്തുടര്‍ന്ന് പൊലീസിന് മുമ്പാകെ കീഴടങ്ങുകയായിരുന്നു. 11 ദിവസമായി ദിവ്യ കണ്ണൂര്‍ വനിതാ ജയിലില്‍ റിമാന്‍ഡിലാണ്.
കണ്ണൂര്‍ എഡിഎം ആയിരുന്ന കെ. നവീന്‍ ബാബുവിന്റെ മരണത്തില്‍ പ്രതിക്കൂട്ടിലായ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റും സിപിഎം ജില്ലാ കമ്മിറ്റി അംഗവുമായിരുന്ന പി.പി ദിവ്യയ്‌ക്കെതിരേ ഒടുവില്‍ പാര്‍ട്ടി നടപടി. എല്ലാ പദവികളില്‍ നിന്നും ദിവ്യയെ നീക്കാന്‍ തീരുമാനിച്ച സിപിഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഇരിണാവ് കമ്മിറ്റി ബ്രാഞ്ചിലേക്ക് അവരെ തരംതാഴ്ത്തി.
സംസ്ഥാന കമ്മിറ്റിയുടെ അംഗീകാരത്തിനായി ഇത് നല്‍കും. നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് നിലവില്‍ ദിവ്യ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. കേസെടുത്ത് ഇരുപത് ദിവസങ്ങള്‍ക്ക് ശേഷമാണ് ഇപ്പോള്‍ അവര്‍ക്കെതിരേ പാര്‍ട്ടി നടപടി ഉണ്ടായിരിക്കുന്നത്.
അടിയന്തരമായി ചേര്‍ന്ന ജില്ലാ കമ്മിറ്റി യോഗത്തിലാണ് തീരുമാനം. ഗുരുതര വീഴ്ചയാണ് ദിവ്യയുടെ ഭാഗത്ത് നിന്ന് ഉണ്ടായിരിക്കുന്നതെന്നാണ് ജില്ലാ കമ്മിറ്റി വിലയിരുത്തി. നവീന്‍ ബാബുവിന്റെ മരണത്തില്‍ ദിവ്യയെ പ്രതി ചേര്‍ത്തതിന് പിന്നാലെ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കിയിരുന്നു.
എന്നാല്‍ പാര്‍ട്ടി നടപടിയിലേക്ക് തല്‍കാലം പോകേണ്ടതില്ല എന്ന നിലപാടിലായിരുന്നു. ഇതില്‍ വലിയ സമ്മര്‍ദ്ദം സിപിഎം ജില്ലാ നേതൃത്വത്തിന് ഉണ്ടായതോടെയാണ് പാര്‍ട്ടി നടപടി ഉണ്ടായിരിക്കുന്നതെന്നാണ് സൂചന. ദിവ്യയ്‌ക്കെതിരേ നടപടി വേണമെന്ന ആവശ്യവുമായി പത്തനംതിട്ട സിപിഎം ജില്ലാ നേതൃത്വം ശക്തമായി രംഗത്തെത്തിയിരുന്നു.