കൊച്ചി∙ നടിയെ ആക്രമിച്ച കേസിന്റെ വിചാരണക്കോടതി ഹൈക്കോടതി മാറ്റി നൽകാത്തതിന്റെ പേരിലുള്ള രാജി സാമൂഹിക പ്രതിബന്ധതയുള്ള ഒരു പ്രോസിക്യൂട്ടർക്ക് ചേർന്നതായില്ലെന്ന് ജസ്റ്റിസ് കെമാൽ പാഷ. ഇതുകൊണ്ടുള്ള നഷ്ടം ഇരയ്ക്കാണ്. എന്നാൽ ഒരാൾ രാജിവച്ചതുകൊണ്ട് കേസ് തീർന്നു പോകുകയോ നീതിന്യായ വ്യവസ്ഥ തകർന്നു പോകുകയോ ഇല്ല. സമൂഹത്തോട് കാണിക്കേണ്ട ഉത്തരവാദിത്തം അതല്ലായിരുന്നു. ദുരഭിമാനമായിരുന്നു ഇവിടെ പ്രശ്നമെന്നാണ് മനസിലാകുന്നതെന്നും അദ്ദേഹം പറഞ്ഞു.
കേസുകളിൽ നേരത്തെ വിശദീകരിച്ചിട്ടുള്ളതു പോലെ ഒരു പ്രോസിക്യൂട്ടറുടെ ജോലി കോടതിയെ സത്യം കണ്ടെത്താൻ സഹായിക്കലാണ്. ഏതെങ്കിലും ഒരു വ്യക്തിക്ക് ശിക്ഷ നേടിക്കൊടുക്കുക പ്രോസിക്യൂട്ടറുടെ ജോലിയല്ല. സ്പെഷൽ പ്രോസിക്യൂട്ടർ വിചാരിച്ചതു പോലെ ഒരു വിധി ഹൈക്കോടതിയിൽനിന്നു വന്നില്ല, മാറ്റണം എന്ന് പറഞ്ഞിട്ട് മാറ്റിയില്ല. ആ കാരണം കൊണ്ട് പ്രതിഷേധമെന്ന പോലെ രാജിവച്ച് പോകുക എന്നത് പ്രതിബദ്ധതയുള്ള പ്രോസിക്യൂട്ടർക്ക് ചേർന്നതല്ല. സ്വന്തം താൽപര്യമല്ല അവിടെ നോക്കണ്ടത്, സമൂഹത്തിന്റെ താൽപര്യമാണ്. അങ്ങനെയുള്ള ഒരാൾ ഇതു ചെയ്യില്ല.
ഇത്രയും നാൾ ഇദ്ദേഹം പഠിച്ച്, നിശ്ചിത രീതിയിൽ കേസ് നടത്തിക്കൊണ്ടുപോയിട്ട് ഇനി വേറൊരാൾ വരുമ്പോൾ തുടർന്നു വന്ന രീതിയായിരിക്കില്ല അദ്ദേഹത്തിന്റേത്. വളരെ വ്യത്യാസമുണ്ടാകും. സമൂഹത്തോടും ഇരയോടും അൽപമെങ്കിലും താൽപര്യം ഉണ്ടായിരുന്നെങ്കിൽ രാജിവച്ച് പോകാൻ പാടില്ലായിരുന്നു. കേസ് കളഞ്ഞിട്ടു പോകുകയെന്നത് ചെയ്യാൻ പാടുള്ളതല്ല. മനസിലാക്കിയതുവച്ച് ഈ ആളുടെ ജൂനിയർ ആയിരുന്നു വനിതാ ജഡ്ജി. ജൂനിയർ അദ്ദേഹം വിചാരിച്ചതു പോലെ പ്രവർത്തിച്ചില്ല എന്നതിന്റെ പരിഭവം ഉണ്ടാകാം. അത് അദ്ദേഹത്തിന്റെ സ്വന്തം കാര്യമാണ്. ഈഗോയാണ് ഇത്.
ഇരയാക്കപ്പെട്ടവർക്കും പ്രതികൾക്കുമാണ് ഈ കേസിൽ താൽപര്യമുള്ളത്. ഇവിടെ നിഷ്പക്ഷമായിനിന്ന് നീതി നടപ്പാക്കാൻ കോടതിയെ സഹായിക്കുകയായിരുന്നു പ്രോസിക്യൂട്ടർ ചെയ്യേണ്ടിയിരുന്നത്. കോടതിയിൽ പ്രോസിക്യൂഷന് സഹായകരമായ തെളിവുകൾ സംഘടിപ്പിച്ച് കൊടുക്കണം. അതാണ് പ്രോസിക്യൂട്ടറുടെ ജോലി, തെളിവുണ്ടാക്കി കൊടുക്കുകയല്ല. ഏതെങ്കിലും രീതിയിൽ തെളിവു നിർമിച്ചോ കള്ളത്തെളിവുണ്ടാക്കുകയൊ കൊടുക്കുകയൊന്നും പ്രോസിക്യൂഷന്റെ ജോലിയല്ല.
പക്ഷപാതപരമല്ലാത്ത സമീപനം ഉണ്ടാകണം. ഇരയ്ക്ക് നീതി കിട്ടത്തക്കവിധമുള്ള എല്ലാ തെളിവുകളും സ്വരുക്കൂട്ടി കൊടുക്കുകയാണ് വേണ്ടത്. അദ്ദേഹം ഇത് വ്യക്തിപരമായി എടുക്കാൻ പാടില്ലായിരുന്നു. എന്തായാലും കേസിലെ വളരെ കാതലായ സാക്ഷികളെ വിസ്തരിച്ച് കഴിഞ്ഞതാണ്. കോടതിയിൽ ജഡ്ജി എന്തെങ്കിലും ചോദിച്ചു എന്നതാണു കുറ്റമെങ്കിൽ ജഡ്ജിമാർ ചോദ്യങ്ങൾ ചോദിക്കണം എന്നാണ് നിയമം. മൗനമായി ഒരിക്കലും ജഡ്ജി ഇരിക്കാൻ പാടില്ല. ട്രയലിൽ സജീവമായി ഇടപെടണം എന്നാണ് സുപ്രീം കോടതിയും പറഞ്ഞിരിക്കുന്നത്. ജസ്റ്റിസ് കെ.ടി. തോമസിന്റെ 1996ലെ വിധിന്യായത്തിൽ ഇത് വ്യക്തമായി പറഞ്ഞിട്ടുണ്ട്.
അതിനു മുൻപു സുപ്രീം കോടതിയും പറഞ്ഞിട്ടുണ്ട്. ന്യായാധിപൻ മന്ദബുദ്ധിയെപോലെ ഇരിക്കുകയല്ല വേണ്ടത്. ആക്ടീവായി ഇടപെടാതിരുന്നാൽ നടപടിക്രമങ്ങൾക്ക് ദോഷമുണ്ടാകും. അങ്ങനെ ചോദ്യം ചോദിച്ചാൽ പ്രോസിക്യൂഷനും പ്രതിഭാഗവും പ്രകോപിതരാകാൻ പാടില്ല. അഭിഭാഷകരും പ്രകോപിതരാകാൻ പാടില്ല. എല്ലാവരും കൂടി ചേർന്ന് വേണം മുന്നോട്ട് കൊണ്ടു പോകാൻ. അങ്ങനെ കൊണ്ടു പോകണമെന്ന് ഹൈക്കോടതി പറഞ്ഞപ്പോൾ അതിനെ ധിക്കരിച്ചതു പോലെയായിട്ടുണ്ട് രാജി.
സുപ്രീം കോടതി കേസിന് സമയപരിധി നിശ്ചയിച്ച് കൊടുത്തിട്ടുണ്ട്. അതിനകം വിചാരണ പൂർത്തിയാക്കി വിധി പറയണം. അങ്ങനെ ഒരു സാഹചര്യത്തിൽ ഒരു പ്രോസിക്യൂട്ടർ ഇങ്ങനെ ചെയ്തത് ശരിയല്ല. നീതിന്യായ വ്യവസ്ഥയ്ക്ക് ഭൂഷണവുമല്ല. കേസിൽ ഒരു സ്പെഷൽ പ്രോസിക്യൂട്ടർ തന്നെ വേണമെന്ന് നിർബന്ധമില്ല. വേറെ പ്രോസിക്യൂട്ടറില്ലെങ്കിൽ പ്രധാന പ്രോസിക്യൂട്ടർ പോയി കേസ് നടത്തിക്കൊടുക്കണം എന്നാണ്. വേറെ പ്രോസിക്യൂട്ടർ ഇല്ലെങ്കിൽ സർക്കാർ വേറെ സ്പെഷൽ പ്രോസിക്യൂട്ടറെ കണ്ടെത്തേണ്ടതില്ല. അല്ല, ഇനി ഇരയ്ക്ക് പ്രത്യേക പ്രോസിക്യൂട്ടർ വേണം എന്ന അപേക്ഷയുണ്ടെങ്കിൽ സർക്കാരിന് വച്ചുകൊടുക്കാം.
അതു പക്ഷെ വഴിയിൽ കളഞ്ഞിട്ട് പോകുന്നവരാകരുത്. ഇവിടെ ഒരു സർക്കാർ പ്രോസിക്യൂട്ടറായിരുന്നെങ്കിൽ ഇങ്ങനെ കളഞ്ഞിട്ടു പോകില്ലായിരുന്നു. ഇവർക്ക് വേറെ കേസില്ലാത്തതിനാലാണ് ഇട്ടിട്ടു പോകുന്നത്. ഇവിടുത്തെ സീനിയർ പ്രോസിക്യൂട്ടർമാർ ആരെങ്കിലും പോയി കേസ് നടത്തണം എന്നാണ് നിയമം. എന്തായാലും അതിന്റെ പേരിൽ നടപടികൾ അനന്തമായി നീണ്ടു പോകില്ല.
കേസ് പഠിച്ചെടുക്കാൻ ഒരു സമയം വേണ്ടി വരും. ആർക്കായാലും പരമാവധി ഒരാഴ്ച കൊണ്ട് പഠിച്ചെടുക്കാം. സാധാരണ നിലയിൽ മൂന്നു നാലു ദിവസം മതിയാകും. നീതി നടത്താൻ അവർ ഇറങ്ങണം. ഒരാൾ രാജിവച്ചതുകൊണ്ട് കേസ് തീർന്നു പോകുകയൊ നീതിന്യായ വ്യവസ്ഥ തകർന്നു പോകുകയൊ ഇല്ല. സമൂഹത്തോട് കാണിക്കേണ്ട ഉത്തരവാദിത്തം അതല്ലായിരുന്നു എന്ന് ഓർപ്പിച്ചതേ ഉള്ളൂ എന്നും കെമാൽ പാഷ പറഞ്ഞു.
ഹെലിക്കോപ്റ്ററിൽ പറന്നിറങ്ങിയ വധുവിനെ കണ്ടപ്പോൾ നാട്ടുകാർക്ക് കൗതുകം. തിങ്കളാഴ്ച ഉച്ചയോടെയാണ് പഴശ്ശിരാജാ കോളേജ് ഗ്രൗണ്ടിൽ ഹെലിക്കോപ്റ്റർ ഇറങ്ങിയത്. നാട്ടുകാർ ആദ്യം കരുതിയത് രാഹുൽ ഗാന്ധി എംപി വന്നെന്നാണ്. പിന്നീടാണ് ന്യൂജെൻ കല്യാണത്തിന് വധുവിന്റെ മാസ് എൻട്രിയായിരുന്നു അതെന്ന് മനസിലായത്.
വിഐപി ആരെന്നറിയാൻ ഓടിയെത്തിയ നാട്ടുകാരുടെ മുമ്പിലൂടെ ഹെലിക്കോപ്റ്ററിൽ നിന്നിറങ്ങിയ വധുവും ബന്ധുക്കളും വിവാഹം നടക്കുന്ന ആടിക്കൊല്ലി ദേവാലയത്തിലേക്ക് പോയി.
കോവിഡിന്റെ പശ്ചാത്തലത്തിൽ വയനാട്ടിലെ വിവാഹ വേദിയിലേക്ക് മകളെ ഹെലികോപ്റ്ററിൽ എത്തിച്ച് വിവാഹം നടത്തി കർഷകൻ. വണ്ടൻമേട് ചേറ്റുകുഴി ആക്കാട്ടുമുണ്ടയിൽ ബേബിച്ചനാണ് മകൾ മരിയ ലൂക്കയെ വയനാട്ടിൽ എത്തിച്ച് പുൽപള്ളി കക്കുഴി വൈശാഖുമായുള്ള വിവാഹം നടത്തിയത്. വധുവിനൊപ്പം ബേബിച്ചനും ഭാര്യ ലിസിയും ഉൾപ്പെടെയുള്ളവർ ഇന്നലെ രാവിലെ ആമയാറിൽ നിന്നു ഹെലികോപ്റ്ററിൽ വയനാട്ടിലേക്കു പുറപ്പെട്ടു.
ബന്ധുക്കൾ ഞായറാഴ്ച രാവിലെ റോഡ് മാർഗം വയനാട്ടിൽ എത്തി വിവാഹത്തിൽ പങ്കെടുത്തു. മേയിൽ വിവാഹം നടത്താൻ തീരുമാനിച്ചിരുന്നെങ്കിലും കോവിഡ് വ്യാപനത്തെത്തുടർന്ന് മാറ്റിവയ്ക്കേണ്ടി വന്നു. വയനാട്ടിലേക്കു 14 മണിക്കൂർ യാത്ര വേണ്ടിവരുമെന്നതും കോവിഡ് പ്രതിസന്ധിയുമാണ് വെല്ലുവിളിയായത്. തുടർന്നാണ് നാലര ലക്ഷം രൂപയോളം മുടക്കി ഹെലികോപ്റ്റർ വാടകയ്ക്ക് എടുക്കാൻ തീരുമാനിച്ചത്.
ഗണേഷ് കുമാര്‍ എംഎല്‍എയുടെ ഓഫീസ് സെക്രട്ടറി പ്രദീപ് കുമാര്‍ അറസ്റ്റില്‍. കൊച്ചിയില്‍ പ്രമുഖ നടിയെ ആക്രമിച്ച കേസില്‍ സാക്ഷിയെ ഭീഷണിപ്പെടുത്തിയ സംഭവത്തിലാണ് അറസ്റ്റ്. പത്തനാപുരത്ത് നിന്ന് ബേക്കല്‍ പോലീസാണ് പ്രദീപിനെ അറസ്റ്റ് ചെയ്തത്.
നടിയെ ആക്രമിച്ച കേസിലെ സാക്ഷി ബേക്കല്‍ മലാംകുന്ന് സ്വദേശി വിപിന്‍ലാലിന്റെ പരാതിയിലാണ് ബേക്കല്‍ പോലീസ് കേസെടുത്തത്. കെ.ബി. ഗണേഷ്കുമാര് എം.എല്‍.എ.യുടെ പ്രൈവറ്റ് സെക്രട്ടറിയാണ് പ്രതി പ്രദീപ്കുമാര്‍ കോട്ടത്തല.പ്രദീപ് കുമാര്‍ കോട്ടത്തലയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കാസര്‍കോട് സെഷന്‍സ് കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു.
മൂന്നുദിവസമായി നടന്ന വാദത്തിനുശേഷമാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയത്. അന്വേഷണം പ്രാരംഭഘട്ടത്തിലാണെന്നും പ്രതിയെ കസ്റ്റഡിയിലെടുത്ത് തെളിവ് ശേഖരിക്കണമെന്നുമുള്ള പ്രോസിക്യൂഷന് വാദം കോടതി അംഗീകരിച്ചു. സെഷന്‍സ് കോടതി ജഡ്ജി എസ്.എച്ച്. പഞ്ചാപകേശനാണ് കേസ് തീര്‍പ്പാക്കിയത്.
മാപ്പുസാക്ഷിയായ വിപിന്‍ കുമാറിന്റെ മൊഴിമാറ്റണമെന്ന് ആവശ്യവുമായി പ്രദീപ്കുമാര്‍ വീട്ടിലെത്തുകയായിരുന്നു. എന്നാല്‍ ആരേയും കാണാന്‍ സാധിച്ചില്ല. തുടര്‍ന്ന് അയല്‍വാസികള്‍ പറഞ്ഞതനുസരിച്ച് അമ്മാവന് ജോലി ചെയ്യുന്ന കാസര്‍കോട് ജുവലറിയിലേക്കെത്തി.
അവിടെ വെച്ച് അമ്മാവന്റെ മൊബൈല്‍ ഫോണില്‍ നിന്ന് വിപിന്‍ കുമാറിന്റെ അമ്മയെ വിളിച്ച് മൊഴിമാറ്റണമെന്ന ആവശ്യം പ്രദീപ് കുമാര്‍ ഉന്നയിച്ചു. തുടര്‍ന്ന് വിവിധ തരത്തിലുളള ഭീഷണിക്കത്തുകളും ഭീഷണികളും വിപിന്‍ കുമാറിന് നേരിടേണ്ടി വന്നു. പിന്നീട് സെപ്റ്റംബര്‍ മാസത്തില്‍ ഇയാള്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
നികേഷിനും സോനുവിനും പിന്നാലെ കേരളത്തിൽ വിവാഹിതരായ ഗേ ദമ്പതികളാണ് നിവേദും റഹീം. ഇരുവരുടെയും പ്രീ വെഡിംഗ് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഒരു സ്വകാര്യ സ്ഥാപനത്തിൽ ക്ലയിന്റ് കോർഡിനേറ്ററായി ജോലി ചെയ്യുകയാണ് നിവേദ്. എന്നാലിപ്പോൾ ഇരുവരും വേർപിരിഞ്ഞ റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.
നീണ്ട 6 വർഷത്തോളം പ്രണയിച്ചു, ഒന്നായി ജീവിച്ചു. അന്നൊക്കെ എന്റെ സ്വപ്നങ്ങൾക്ക് കൂട്ടായിരുന്ന റഹീം വിവാഹശേഷം എന്റെ സ്വപ്നങ്ങളെ തകർത്തുവെന്ന് നിവേദ് പറഞ്ഞു. ഒരു സ്വകാര്യമാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.
ആ തകർച്ചയെ തുടർന്ന് ലൈംഗിക ജീവിതവും, കുടുംബ ജീവിതവും തകർന്നു, എന്നാൽ തങ്ങളെ കണ്ട് ഒരുമിച്ചവർക്ക് ഇതൊന്നും ഒരു പ്രശ്നമാകരുതെന്നും നിവേദ് പറയുന്നു. ഒരു കുഞ്ഞ് വേണമെന്നും അഡോപ്റ്റ് ചെയ്യാമെന്നുമുള്ള എന്റെ ആഗ്രഹത്തെ റഹീം അതിശക്തിയായി എതിർത്തു , എന്റെ സ്വപ്നങ്ങളെ തകർത്തെന്നും നിവേദ് വേദനയോടെ പറയുന്നു.
അവസാന കാലമായപ്പോൾ തങ്ങൾ തമ്മിൽ ഫിസിക്കൽ റിലേഷൻ പോലും ഇല്ലായിരുന്നുവെന്നും റഹീം പോയപ്പോൾ താങ്ങായി അവന്റെ കുടുംബം ഒപ്പം നിന്നുവെന്നും അങ്ങനെ പതിയെ ഈ സങ്കടക്കടലിൽ നിന്നും കരകയറി, ഇപ്പോൾ ഒരാളുമായി റിലേഷനിലാണ്, സമയം ഒത്തു വന്നാൽ അത് അന്നേരം പറയാമെന്നും നിവേദ് കൂട്ടിച്ചേർത്തു.
ജോസ് വേങ്ങത്തടം മലയാളം യുകെ ന്യൂസ്
കരുതലിന്റെ ഒരു കരം ചേര്‍ത്ത് പിടിക്കാനുണ്ടെന്ന അനുഭവം ജീവിതത്തില്‍ നല്കുന്ന അര്‍ത്ഥം ചെറുതല്ല. ഈ കരുതലിനൊരുദാഹരണമാണ് ബംഗളൂരുവിലെ മത്തിക്കര സെന്റ് സെബാസ്റ്റ്യന്‍ ഫൊറോനാ ഇടവക. തല ചായ്ക്കാന്‍ ഇടമില്ലാത്ത ഇടവകയിലെ ഏഴ് കുടുംബങ്ങള്‍ക്ക് അത്താണിയായിരിക്കുകയാണ് ഈ ഇടവക. ഇടവകയില്‍ അവശത അനുഭവിക്കുന്ന സഹോദരങ്ങള്‍ക്ക് ആശ്വാസം ഏകുന്ന സംരംഭത്തിന്റെ പൂര്‍ത്തീകരണമാണ് സെബാസ്റ്റ്യന്‍ വില്ലയുടെ സാക്ഷാത്കാരം. ക്ലരീഷ്യന്‍ സന്യാസ സഭാംഗമായ ഇടവക വികാരി റവ. ഫാ. മാത്യൂ പനക്കകുഴി CMFന്റെ നേതൃത്വത്തില്‍ ഇടവകാംഗങ്ങള്‍ ചേര്‍ന്ന്
സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്നവര്‍ക്ക് വീട് നല്കി ബംഗളൂരുവിലെ മത്തിക്കര കത്തോലിക്കാ ഇടവക ലോകത്തിനു തന്നെ മാതൃകയായിരിക്കുകയാണ്. മത്തിക്കര സെന്റ്. സെബാസ്റ്റ്യന്‍ ഫൊറോനാ ദേവാലയത്തിലെ നിര്‍ദ്ധനരായ ഏഴ് കുടുംബങ്ങള്‍ക്ക് നിര്‍മിച്ചു നല്കിയ സെബാസ്റ്റ്യന്‍ വില്ല എന്ന ഭവന സമുച്ചയം കഴിഞ്ഞ ശനിയാഴ്ച്ച മാണ്ട്യ രൂപതാധ്യക്ഷന്‍ അഭിവന്ദ്യ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത് ആശീര്‍വാദ കര്‍മ്മം നടത്തി.
ഇടവക വികാരി ഫാ. മാത്യു പനക്കകുഴി CMF, അസ്സി. വികാ. ഫാ. എബി എന്നിവരുടെ നേതൃത്വത്തിൽ ട്രസ്റ്റിമാരും അടങ്ങുന്ന സംഘമാണ് നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്ക്

ഫാ. മാത്യൂ പനക്കകുഴി CMF
നേതൃത്വം നല്‍കിയത്. 1200 ചതുരശ്ര അടി വിസ്തൃതിയില്‍ ഒരു കോടി രൂപ മുതല്‍ മുടക്കുള്ള ഭവന സമുച്ചയത്തില്‍ ഏഴ് കുടുംബങ്ങള്‍ക്ക് താമസിക്കാനുള്ള സൗകര്യമാണൊരുക്കിയിരിക്കുന്നത്. മത്തിക്കര ഫൊറോനാ ഇടവകാംഗവും പ്രഥമ ട്രസ്റ്റിയുമായിരുന്ന പി ജെ തോമസ് പീനിയായിലാണ് വീട് വയ്ക്കാനുള്ള തൊണ്ണൂറ് ലക്ഷം രൂപയോളം വിലമതിപ്പുള്ള സ്ഥലം നല്‍കിയത്. ഭവന രഹിതരായവരെ സഹായിക്കാന്‍ ഇടവകയുടെ നേതൃത്വത്തില്‍ ഇതിന് മുമ്പും പരിശ്രമങ്ങള്‍ ഉണ്ടായിട്ടുണ്ട്.
രണ്ടായിരത്തി പതിനെട്ടിലെ പ്രളയത്തില്‍ വീട് നഷ്ടപ്പെട്ട ഇടുക്കി രൂപതയിലെ അടിമാലിക്കടുത്ത് മച്ചിപ്ലാവ് സെന്റ്. ഫ്രാന്‍സിസ് അസീസ്സി ചര്‍ച്ച് ഇടവകയില്‍ ആറ് ഭവനങ്ങള്‍ നിര്‍മ്മിച്ചു നല്‍കിയിരുന്നു. ഇതിന് നേതൃത്വം നല്കിയതും ക്ലരീഷ്യന്‍ സന്യാസ സഭാംഗമായ വികാരി. ഫാ. മാത്യു പനക്കകുഴിയാണ്. തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ പേരിനോ പ്രശസ്തിക്കോ അല്ലെന്നും സഭയുടെ സാമൂഹിക പ്രതിബന്ധതയുടെ ഭാഗമായാണ് തങ്ങള്‍ ഭവന പദ്ധതികള്‍ക്കായി പരിശ്രമിക്കുന്നതെന്നും ഫാ. മാത്യൂ മലയാളം യുകെ ന്യൂസിനോട് പറഞ്ഞു.
ഇടവകയുടെ ട്രസ്റ്റിമാരായ വി. വി. ജോണി, ജോസ് വേങ്ങത്തടം, സണ്ണി തോമസ്, വിനോദ് വിൻസെൻ്റ് കൺസ്ട്രക്ഷൻ കമ്മറ്റി മെമ്പേഴ്സ് എന്നിവരുടെ നിസ്വാർത്ഥമായ സേവനത്തോടൊപ്പം ഇടവകക്കാരുടെ സഹകരണത്തേയും പ്രത്യേകം അഭിനന്ദിക്കുന്നുവെന്ന് ഫാ. മാത്യൂ കൂട്ടിച്ചേർത്തു.
റായ്പൂരിൽ നിന്നും 90 കി.മീ അകലെയുള്ള അങ്കാർമോത്തി ദേവി ക്ഷേത്രത്തിലെ ആയിരങ്ങൾ പങ്കെടുക്കുന്ന ഉൽസവത്തിലാണ് വിവാഹം കഴിഞ്ഞ് കുട്ടികളില്ലാത്ത സ്ത്രീകൾക്ക് വേണ്ടിയുള്ള ഈ പ്രത്യേക ചടങ്ങ്.
ക്ഷേത്രത്തിന്റെ മുറ്റത്ത് നിരന്ന് കിടക്കുന്ന സ്ത്രീകളുടെ ശരീരത്തിലൂടെ ചവിട്ടി പൂജാരി കടന്നുപോകുന്നതാണ് ചടങ്ങ്. ആചാരത്തിന്റെ ഭാഗമായി കമിഴ്ന്ന് കിടക്കുന്ന നൂറോളം സ്ത്രീകളുടെ മുകളിലൂടെയാണ് ഇങ്ങനെ പൂജാരി നടന്നുപോവുക. ഇത്തവണയും ഒട്ടേറെ സ്ത്രീകൾ ഈ ചടങ്ങിൽ പങ്കെടുത്തു. ഇതിന്റെ വിഡിയോ ഇപ്പോൾ ദേശീയ തലത്തിൽ ചർച്ചയാവുകയാണ്. ഇത്തരത്തിൽ ചടങ്ങ് പൂർത്തിയാക്കിയാൽ കുട്ടികളുണ്ടാകാനുള്ള അനുഗ്രഹം കിട്ടുമെന്നാണ് വിശ്വാസം.
ഈ മാസം 20ന് നടന്ന ചടങ്ങിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. മാസ്കോ, സാമൂഹിക അകലമോ പാലിക്കാതെ ആയിരങ്ങളാണ് ഉൽസവത്തിൽ പങ്കെടുത്തത്. അതേസമയം ഇത്തരം ആചാരങ്ങളെ താനൊരു വിധത്തിലും പിന്തുണയ്ക്കുന്നില്ലെന്നാണ് ഛത്തീസ്ഗഡ് വനിത കമ്മീഷന് ചെയർപേഴ്സൺ കിർണമയി നായിക് വ്യക്തമാക്കുന്നു. എന്നാൽ വിശ്വാസ വികാരങ്ങളെ വ്രണപ്പെടുത്താത്ത സ്ത്രീകളെ ബോധവൽക്കരിക്കാനാണ് അധികൃതരുടെ നീക്കം.
#WATCH Hundreds of people gathered at the annual Madai Mela in Chhattisgarh’s Dhamtari on 20th November, amid the ongoing COVID19 pandemic pic.twitter.com/xZuFeNNrAO
— ANI (@ANI) November 22, 2020
മഞ്ചേരി കൂമങ്കുളത്ത് കുടുംബവഴക്കിനെത്തുടർന്നു യുവതി മരിക്കാനിടയായ സംഭവത്തിൽ ഭർത്താവ് കൂമംകുളം കളത്തിൽ പ്രസാദിനെ (40) കുടുക്കിയത് മക്കൾ നൽകിയ മൊഴി. ബുധനാഴ്ച രാത്രി ഭർതൃവീട്ടിൽ വച്ച് ചുമരിൽ തലയിടിച്ചു വീണാണ് കോവിലകംകുണ്ട് കോലാർകുന്ന് ഉണ്ണിക്കൃഷ്ണന്റെ മകൾ വിനിഷ (30) മരിച്ചത്. വിനിഷയുടെ കയ്യിലുണ്ടായിരുന്ന മൊബൈൽ ഫോൺ പിടിച്ചു വാങ്ങാനുള്ള ശ്രമത്തിനിടയിൽ പ്രസാദ് പിടിച്ചു തള്ളിയപ്പോഴാണ് വിനിഷ തലയടിച്ചു വീണതെന്നു കുട്ടികൾ മൊഴി നൽകി. മഞ്ചേരി സ്വകാര്യ ആശുപത്രിയിലും അവിടെനിന്നു മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അയൽവാസികളാണ് വിനിഷയുടെ വീട്ടിൽ വിവരം അറിയിച്ചത്. സഹോദരനും പിതാവും ആശുപത്രിയിൽ എത്തിയപ്പോഴേക്കും മരിച്ചിരുന്നു. മകളുടെ മരണം െകാലപാതകമാണെന്നു സംശയിക്കുന്നുവെന്ന വിനിഷയുടെ പിതാവിന്റെ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് പ്രസാദ് അറസ്റ്റിലായത്. അമ്മയുടെ മൂക്കിൽ നിന്നും രക്തം വന്നെന്നും സ്ഥിരമായി അച്ഛൻ അമ്മയെ മർദ്ദിക്കാറുണ്ടെന്നുമുള്ള കുട്ടികളുടെ മൊഴി അയൽവാസികളും സ്ഥിരീകരിച്ചു.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്: പ്രസാദും വിനിഷയും ഇടയ്ക്കിടെ വഴക്കിടാറുണ്ടായിരുന്നു. സംഭവ ദിവസം വിനിഷയുടെ ഫോൺ പരിശോധിക്കാൻ വാങ്ങാൻ ശ്രമിക്കുന്നതിനിടെ ഇരുവരും തമ്മിൽ പിടിവലി ഉണ്ടായി. ഭാര്യയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയത്തിലാണ് പ്രസാദ് മൊബൈൽ ഫോൺ പിടിച്ചുവാങ്ങാൻ തുനിഞ്ഞതെന്നും പൊലീസ് പറയുന്നു. തർക്കത്തിനിടെ പ്രസാദ് ഭാര്യയെ പിടിച്ചു തള്ളി. വിനിഷയുടെ തല ചുമരിൽ ഇടിച്ച് ഗുരുതരമായി പരുക്കേറ്റു.
മഞ്ചേരിയിലെ സ്വകാര്യ സ്ഥാപനത്തിൽ ജീവനക്കാരിയാണ് വിനിഷ. പതിനൊന്നു വർഷം മുൻപായിരുന്നു ഇവരുടെ വിവാഹം. ഈ ബന്ധത്തിൽ ദമ്പതികൾക്കു വൈഗ (9) ആദിദേവ്(5) കിച്ചു( രണ്ടര) എന്നിങ്ങനെ മൂന്ന് മക്കൾ ഉണ്ട്.
സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷുമായി ബന്ധമുണ്ടെന്ന് ബിജു രമേശ്. ‘അച്ഛന്റെ സെക്കന്‍ഡ് കസിന്റെ മകന്റെ മകളാണ് സ്വപ്ന സുരേഷ്. എന്നാല്‍ സുകേശനുമായി എനിക്ക് ബന്ധമൊന്നുമില്ല.’ ബിജു രമേശ് പറയുന്നു. അതേസമയം, സ്വപ്ന സുരേഷ് വിളിച്ചത് കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥര്‍ക്ക് മദ്യം ആവശ്യപ്പെട്ടായിരുന്നുവെന്നും ബിജു രമേശ് കൂട്ടിച്ചേര്‍ത്തു.
സ്വപ്ന സുരേഷിനെ വിളിച്ചിട്ടുണ്ടോയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സ്വപ്ന സുരേഷ് എന്നെയും ഞാന്‍ സ്വപ്ന സുരേഷിനെയും വിളിച്ചിട്ടുണ്ട്. അത് സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ടല്ല. എംബസിയില്‍ ഇരിക്കുന്നവര്‍ക്ക് കുറച്ച് ബോട്ടില്‍ വേണം അത് കിട്ടുമോ എന്ന് ചോദിച്ചിട്ടാണ് വിളിക്കുന്നത്. പിന്നീട് നോക്കിയിട്ട് ഉണ്ടെന്ന് പറഞ്ഞ് അവരെ തിരിച്ചുവിളിച്ചിച്ചു. അതിന്റെ വില എത്രയാണെന്ന് പറയാനും വിളിച്ചിരുന്നു. പിന്നീട് സ്വപ്ന പറഞ്ഞതുപ്രകാരം പിആര്‍ഒവന്ന് പൈസയും കൊടുത്ത് സാധനം വാങ്ങിക്കൊണ്ടുപോയി. ബിജു രമേശ് വ്യക്തമാക്കി.
അച്ഛന്റെ മരണവാര്‍ത്ത അറിയിച്ചും, അച്ഛന്റെ മരണാനന്തര ചടങ്ങുമായി ബന്ധപ്പെട്ട് മദ്യം വേണമെന്നും ഉണ്ടാകുമോയെന്നും ചോദിച്ച് പിന്നീടും സ്വപ്ന വിളിച്ചിട്ടുണ്ടെന്നും ബിജു കൂട്ടിച്ചേര്‍ത്തു.
ചിയ്യാരത്ത് എഞ്ചിനീയറിങ് വിദ്യാർത്ഥിനിയായിരുന്ന നീതു (21) എന്ന പെൺകുട്ടിയെ വിവാഹാഭ്യർത്ഥന നിരസിച്ചതിന് കുത്തി പരിക്കേൽപ്പിച്ചും പെട്രോളൊഴിച്ച് തീകൊളുത്തിയും കൊലപ്പെടുത്തിയ കേസിൽ പ്രതി നിധീഷിന് ജീവപര്യന്തം തടവ് ശിക്ഷ. തടവിനൊപ്പം അഞ്ച് ലക്ഷം രൂപ പിഴയും അടയ്ക്കണം. തൃശ്ശൂർ ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് കേസിൽ ശിക്ഷ വിധിച്ചത്.
ചിയ്യാരം വത്സലാലയത്തിൽ കൃഷ്ണരാജിന്റെ മകൾ നീതുവിനെ കൊലപ്പെടുത്തിയ കേസിലാണ് പ്രതി വടക്കേക്കാട് കല്ലൂർകോട്ടയിൽ നിധീഷിനെ(27) കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. പ്രതി കുറ്റക്കാരനാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. ഇതിന് മുമ്പ് ഹൈക്കോടതി ഉൾപ്പടെ 17 തവണയാണ് പ്രതിയുടെ ജാമ്യാപേക്ഷ തള്ളിയത്. ഏപ്രിൽ നാലിന് കൊലപാതകത്തിന് തൊട്ടുപിന്നാലെ അറസ്റ്റിലായ പ്രതി നാളിതുവരെ പുറംലോകം കണ്ടിട്ടില്ല. തടവ് ശിക്ഷ വിധിച്ചതോടെ ശിക്ഷാ കാലയളവ് കഴിയും വരെ ഒരു പക്ഷെ പ്രതിക്ക് പുറത്തിറങ്ങാനാകില്ല.
2019 ഏപ്രിൽ നാലിനാണ് കേസിനാസ്പദമായ കൊലപാതകം നടന്നത്. വിവാഹാഭ്യർഥന നിരസിച്ചതിനെ തുടർന്ന് എഞ്ചിനിയറിങ് കോളേജ് വിദ്യാർത്ഥിനിയായിരുന്ന നീതുവിനെ നിധീഷ് അതിക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു. രാവിലെ 6.45ഓടെയായിരുന്നു സംഭവം.
കാക്കനാടുള്ള ഐടി കമ്പനിയിൽ ജോലി ചെയ്തിരുന്ന നിധീഷ് നീതുവിനെ കൊലപ്പെടുത്താനായി ലക്ഷ്യം വെച്ച് കത്തിയും വിഷവും കൈവശം വെച്ചാണ് സംഭവസ്ഥലത്തെത്തിയത്. കൃത്യത്തിന് ശേഷം ആത്മഹത്യ ചെയ്യാനായി വിഷവും ഇയാൾ കൈയ്യിൽ കരുതിയിരുന്നു.
സംഭവദിവസം പുലർച്ചെ ബൈക്കിൽ നീതുവിന്റെ വീടിന്റെ പിൻവശത്തെത്തിയ പ്രതി പിൻവാതിലിലൂടെ വീട്ടിൽ പ്രവേശിച്ച് കുളിമുറിയിലായിരുന്ന നീതുവിനെ ആക്രമിക്കുകയായിരുന്നു. കഴുത്തിലും നെഞ്ചിലും വയറ്റിലും കുത്തിപ്പരിക്കേൽപ്പിച്ച് പെട്രോളൊഴിച്ച് കത്തിച്ചു. നീതു തൽക്ഷണം മരിച്ചു. വിഷം കഴിച്ച് സംഭവസ്ഥലത്തു നിന്നും രക്ഷപ്പെടാൻ ശ്രമിക്കവെ നിധീഷിനെ നാട്ടുകാർ ചേർന്ന് പിടികൂടുകയും ചെയ്തു.
സിറ്റി ക്രൈംബ്രാഞ്ച് അസി. പോലീസ് കമ്മിഷണറായ സിഡി ശ്രീനിവാസനാണ് അതിവേഗത്തിൽ കേസ് അന്വേഷണം പൂർത്തിയാക്കിയത്. 90 ദിവസത്തിനുള്ളിൽ സമയബന്ധിതമായി അന്വേഷണം പൂർത്തീകരിച്ച് കുറ്റപത്രം സമർപ്പിച്ചതോടെ പ്രതിക്ക് ജാമ്യത്തിനുള്ള സാവകാശവും ലഭിച്ചില്ല. സംഭവം നടന്ന് ഒന്നര വർഷത്തിനുള്ളിൽ വിചാരണ പൂർത്തിയായതും അപൂർവമാണ്.
2020 ഓഗസ്റ്റ് 20 മുതൽ സാക്ഷിവിസ്താരം ആരംഭിച്ച കേസിൽ മൂന്നു മാസത്തിനു മുമ്പു തന്നെ വിചാരണ പൂർത്തിയാക്കി. കോവിഡ് നിയന്ത്രണങ്ങൾ ഉണ്ടായിട്ടും കാലതാമസം ഒഴിവാക്കാൻ കഴിഞ്ഞിരുന്നു. കേസിൽ പ്രോസിക്യൂഷനു വേണ്ടി ജില്ലാ പബ്ലിക് പ്രോസിക്യൂട്ടർ കെഡി ബാബു ഹാജരായി.
കോടികൾ വെട്ടിച്ച് ഉടമകൾ നാടുവിടാൻ ശ്രമിച്ച പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസിന്റെ അന്വേഷണം സിബിഐക്ക് കൈമാറും. സിബിഐയ്ക്ക് അന്വേഷണം കൈമാറാൻ നിർദേശിച്ച് ഹൈക്കോടതി ഉത്തരവ് പുറത്തിറങ്ങി. പ്രത്യേക സംഘം രൂപവത്കരിച്ച് അന്വേഷണം നടത്തണമെന്ന് ഹൈക്കോടതി നിർദേശിച്ചു.
പോപ്പുലർ ഫിനാൻസ് സ്ഥാപനത്തിന്റെ പേരിൽ 2000 കോടി രൂപയുടെ നിക്ഷേപ തട്ടിപ്പ് നടത്തിയതാണ് കേസ്. കേസിൽ പ്രധാനപ്രതികൾ പോപ്പുലർ ഫിനാൻസ് ഉടമ തോമസ് ഡാനിയേൽ, ഭാര്യ പ്രഭ. മക്കളായ റിനു, റീബ, റിയ എന്നിവരാണ്. ഓസ്ട്രേലിയയിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ ഇവരെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
ബഡ്സ് ആക്ട് (Banning of Unregulated Deposit Schemes Act)പ്രകാരം രജിസ്റ്റർ ചെയ്തിരിക്കുന്ന പോപ്പുലർ ഫിനാൻസ് തട്ടിപ്പിൽ ഇതുവരെ 1368 കേസുകളാണ് ഉള്ളത്. ഇവയിലെല്ലാം ഇനി സിബിഐ അന്വേഷണം നടത്തും. സിബിഐ അടിയന്തിരമായി കേസന്വേഷണം ഏറ്റെടുക്കണമെന്നാണ് ഹൈക്കോടതി നിർദേശിച്ചത്.
നേരത്തെ കേസന്വേഷണം ഏറ്റെടുക്കാൻ സിബിഐ വിമുഖത പ്രകടിപ്പിച്ചിരുന്നു. സംസ്ഥാന സർക്കാർ കേസ് സിബിഐക്ക് കൈമാറിക്കൊണ്ട് ഉത്തരവിറക്കിയിരുന്നെങ്കിലും കേസ് ഏറ്റെടുക്കാൻ കഴിയില്ലെന്ന നിലപാടാണ് സിബിഐ ഹൈക്കോടതിയെ അറിയിച്ചത്. എന്നാൽ ഈ നിലപാട് തള്ളിക്കൊണ്ടാണ് ഹൈക്കോടതിയുടെ ഉത്തരവ്.