ബ്രിട്ടണില്‍ നിന്ന് ചെന്നൈയില്‍ മടങ്ങി എത്തിയ ഒരു യാത്രക്കാരന് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു. ജനിതക മാറ്റം വന്ന വൈറസ് ബാധയാണോ ഇത് എന്ന് പരിശോധിക്കുന്നതിനായി സാമ്പിള്‍ എന്‍ഐവി പൂനെയിലേക്ക് അയച്ചിരിക്കുകയാണ്. രോഗി നിരീക്ഷണത്തിലാണ്. അതേസമയം നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് തമിഴ്നാട് ആരോഗ്യ വിഭാഗം അറിയിച്ചത്.

അതേസമയം ബ്രിട്ടണില്‍ കണ്ടെത്തിയ ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസിനെതിരെയുള്ള പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ശരിയായ രീതിയിലാണ് നീങ്ങുന്നതെന്നാണ് ലോകാരോഗ്യ സംഘടന വ്യക്തമാക്കിയത്. പുതിയ കൊറോണ വൈറസിന്റെ വ്യാപനത്തോത് കൂടുതലാണെങ്കിലും നിലവിലെ പ്രതിരോധമാര്‍ഗങ്ങള്‍ വൈറസിനെ നിയന്ത്രിക്കാന്‍ പര്യാപ്തമാണെന്നാണ് ലോകാരോഗ്യ സംഘടന കഴിഞ്ഞ ദിവസം അറിയിച്ചത്.

അതേസമയം ജനിതക മാറ്റം വന്ന കൊറോണ വൈറസ് വ്യാപനം റിപ്പോര്‍ട്ട് ചെയ്തതിന്റെ പശ്ചാത്തലത്തില്‍ യുകെയിലേക്കുള്ള വിമാന സര്‍വീസുകള്‍ താല്‍ക്കാലികമായി റദ്ദാക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടി ഇന്ന് അര്‍ധരാത്രി പ്രാബല്യത്തില്‍ വരും. മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി യുകെയിലേക്ക് ഡിസംബര്‍ 31 വരെയാണ് വിമാന സര്‍വീസുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ബ്രിട്ടണില്‍ നിന്ന് ഇന്ത്യയിലേക്ക് എത്തുന്ന യാത്രക്കാര്‍ നിര്‍ബന്ധമായും വിമാനത്താവളങ്ങളില്‍ വെച്ച് ആര്‍ടിപിസിആര്‍ പരിശോധനക്ക് വിധേയമാകണമെന്നും ക്വാറന്റൈനില്‍ കഴിയണമെന്നും നിര്‍ദേശമുണ്ട്.