മാധ്യമപ്രവര്‍ത്തകന്‍ എസ്.വി.പ്രദീപിന്‍റെ മരണത്തിനിടയാക്കിയ വാഹനാപകടം നാളെ പുനരാവിഷ്കരിക്കാന്‍ പൊലീസ് തീരുമാനം. കേസ് ഐ.ജിതലത്തിലുള്ള ഉദ്യോഗസ്ഥന്‍ അന്വേഷിക്കുമെന്നു പൊലീസ് മേധാവി പറഞ്ഞെങ്കിലും അന്വഷണം ഇതുവരെ തുടങ്ങിയിട്ടില്ല. അതേസമയം അന്വേഷണം ശരിയായ ദിശയിലല്ല നീങ്ങുന്നതെന്നു ചൂണ്ടികാട്ടി കൂട്ടായ്മ രുപീകരിക്കാനൊരുങ്ങുകയാണ് പ്രദീപിന്‍റെ സുഹൃത്തുക്കള്‍.
ഭാരം കയറ്റിയ ലോറി ഓടിച്ച് പരിശോധന നടത്താനാണ് പൊലീസിന്‍റെ തീരുമാനം. ഫോറന്‍സിക് വിഭാഗം അപകടം നടന്ന സ്ഥലം പരിശോധിച്ചെങ്കിലും പരിശോധനാഫലം ഇതുവരെയും ലഭിച്ചിട്ടില്ല. അറസ്റ്റിലായ ലോറി ഡ്രൈവര്‍ ജോയി, വാഹന ഉടമ എന്നിവരുടെ ഫോണ്‍രേഖകള്‍ വിശദമായി പരിശോധിക്കുന്നുണ്ടെന്നു നിലവിലെ അന്വേഷണ തലവനായ ഫോര്‍ട് എ.സി പ്രതാപ ചന്ദ്രന്‍ നായര്‍ പറഞ്ഞു. പ്രാഥമികമായി നടത്തിയ അന്വേഷണത്തില്‍ ദുരൂഹമായി ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നാണ് പൊലീസ് നിലപാട്. മരണത്തില്‍ ദുരൂഹതയുണ്ടെന്നു ആരോപണമുയര്‍ന്നതോടെ അന്വേഷണം ഐ.ജി തലത്തിലുള്ള ഉദ്യോഗസ്ഥന്‍ നടത്തുമെന്ന പ്രഖ്യാപനമുണ്ടായെങ്കിലും ഇതുവരെയും ഫലവത്തായില്ല.
ഇതുവരെയും പ്രദീപിന്‍റെ അമ്മയുടേയോ, ഭാര്യയുടേയോ മൊഴിയെടുക്കാത്തത് ദുരൂഹമാണെന്നു ചൂണ്ടികാട്ടി സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍ ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തി. അന്വേഷണത്തില്‍ തൃപ്തിയില്ലെന്നു ചൂണ്ടികാട്ടി പ്രദീപിന്‍റെ ഭാര്യയും രംഗത്തെത്തിയിരുന്നു. അതേസമയം പ്രദീപിന്‍റേത് അപകടമരണമാണെന്നു വരുത്തി തീര്‍ക്കാനാണ് പൊലീസിന്‍റെ ശ്രമമെന്നു ചൂണ്ടികാട്ടി കൂട്ടായ്മ രുപീകരിക്കാനൊരുങ്ങുകയാണ് പ്രദീപിന്‍റെ സുഹൃത്തുക്കള്‍.
യു.ഡി.എഫ് നേതൃത്വം ലീഗ് ഏറ്റെടുക്കുകയാണെന്ന മുഖ്യമന്ത്രിയുടെ ആരോപണത്തിന് മറുപടിയുമായി എം.എസ്.എഫ് അഖിലേന്ത്യ വൈസ് പ്രസിഡന്‍റ് അഡ്വ. ഫാത്തിമ തഹ്‍ലിയ. ‘യു.ഡി.എഫിനെ ലീഗ് നിയന്ത്രിച്ചാൽ തനിക്ക് എന്താണ് പ്രശ്നം മിസ്റ്റർ പിണറായി വിജയൻ?’ എന്ന തലക്കെട്ടോടെ എഴുതിയ കുറിപ്പില്‍ മുഖ്യമന്ത്രി പിണറായി വിജയനെ രൂക്ഷമായാണ് വിമര്‍ശിക്കുന്നത്.
ശബരിമലയിൽ നഷ്ടപ്പെട്ട വോട്ടുകൾ തിരിച്ചു പിടിക്കാൻ പിണറായി വിജയൻ വർഗീയ കാർഡുമായി ഇറങ്ങിയിരിക്കുകയാണെന്നും ‘മുസ്‍ലിം ലീഗ് യു.ഡി.എഫിനെ നിയന്ത്രിക്കുന്നേ’ എന്ന് പറഞ്ഞു ഭീതി പരത്തി വർഗീയ ധ്രുവീകരണം ഉണ്ടാക്കാനാണ് സംഘി വിജയൻ ശ്രമിക്കുന്നതെന്നും അഡ്വ. ഫാത്തിമ തഹ്‍ലിയ കുറ്റപ്പെടുത്തുന്നു. കേരള പൊലീസിനെ ആര് നിയന്ത്രിക്കുന്നു എന്നതിനെ കുറിച്ചാണ് പിണറായി വിജയൻ വ്യാകുലപ്പെടേണ്ടതെന്നും സ്വന്തം ഓഫിസിനെ ഒരു ദിവസമെങ്കിലും പിണറായി വിജയൻ നിയന്ത്രിച്ചു കാണിച്ചിട്ട് മതി ലീഗിന്‍റെ മെക്കിട്ട് കയറുന്നതെന്നും കുറിപ്പില്‍ വിമര്‍ശിച്ചു.
ഗുജറാത്തിൽ കോണ്‍ഗ്രസ് ജയിച്ചാൽ അഹമ്മദ് പട്ടേൽ മുഖ്യമന്ത്രി ആകും എന്ന് പറഞ്ഞു ധ്രുവീകരണം ഉണ്ടാക്കിയ അതേ ആര്‍.എസ്.എസ് തന്ത്രമാണ് പിണറായി വിജയൻ പയറ്റുന്നതെന്നും ഫാത്തിമ തഹ്‍ലിയ കുറിപ്പില്‍ കുറ്റപ്പെടുത്തി. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ഫാത്തിമ തഹ്‍ലിയ മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമര്‍ശനമുന്നയിച്ചത്.
സ്വന്തം ലേഖകൻ
കൊച്ചി : ട്വന്റി – ട്വന്റി യുടെ നേതാവ് സാബു ജേക്കബിനെ അറസ്റ്റു ചെയ്‌തെന്നും , കിറ്റെക്‌സ് കമ്പനിയിൽ ആദായനികുതി വകുപ്പ് നടത്തിയ റെയ്‌ഡിൽ കോടികളുടെ നികുതി വെട്ടിപ്പ് കണ്ടെത്തിയെന്നും , ട്വന്റി – ട്വന്റി നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ കേസ് ഫയൽ ചെയ്‌തെന്നും , സാബു ജേക്കബിന്റെ തീവ്രവാദ ബന്ധങ്ങൾ അന്വേഷിക്കാൻ കേന്ദ്ര അന്വേഷണ ഏജൻസികൾ എത്തുന്നുവെന്നും , ട്വന്റി – ട്വന്റിയിൽ നിന്ന് കൂട്ട രാജിയെന്നും , സാബു ജേക്കബ് മറ്റൊരു അംബാനിയും അദാനിയുമാണെന്നും , സാബു ജേക്കബിന്റെ അവിശുദ്ധ ബന്ധങ്ങൾ എന്നും തുടങ്ങുന്ന തലക്കെട്ടുകളിൽ കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങളിലും , സോഷ്യൽ മീഡിയയിലും ഉടൻ തന്നെ ഇത്തരം വ്യാജ വാർത്തകൾ പ്രതീക്ഷിക്കാം.
കാരണം കഴിഞ്ഞ അഞ്ച് വർഷം സ്വപ്‍ന തുല്യമായ ഭരണം നടത്തി കിഴക്കമ്പലത്തെ ജനങ്ങളുടെ ഹ്ര്യദയം കീഴടക്കിയ ട്വന്റി – ട്വന്റി എന്ന രാഷ്ട്രീയ പ്രസ്ഥാനം കിഴക്കമ്പലവും കടന്ന് തൊട്ടടുത്തുള്ള നാല് പഞ്ചായത്തിലേയ്ക്ക് വളരുകയും , അതോടൊപ്പം വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കും എന്ന് പ്രഖ്യാപിച്ചതോടും കൂടി കേരളത്തിലെ ചില മാധ്യമങ്ങൾക്കും , പരമ്പരാഗത രാഷ്രീയ പാർട്ടി നേതാക്കൾക്കും വല്ലാത്തൊരു ഭയം വന്നു തുടങ്ങിയിരിക്കുന്നു.
അതിന്റെ ലക്ഷണങ്ങളാണ് റിസൾട്ട് വന്നതിനു ശേഷമുള്ള ദിവസങ്ങളിൽ ട്വന്റി – ട്വന്റി ക്കെതിരെ നടന്ന മാധ്യമ വിചാരണകളിൽ നിന്നും സോഷ്യൽ മീഡിയ ആക്രമങ്ങളിൽ നിന്നും മനസ്സിലാകുന്നത്. ചാനൽ ചർച്ചകളിൽ വന്ന് വാചക കസ്സർത്ത് നടത്തുന്ന മാധ്യമ – രാഷ്ട്രീയ തൊഴിലാളികളുടെ കപട വിശദീകരണങ്ങൾ കാണുമ്പോൾ ഓർമ്മ വരുന്നത് ആം ആദ്മി പാർട്ടി എന്ന പ്രസ്ഥാനത്തേയും , അരവിന്ദ് കെജ്രിവാൾ എന്ന വ്യക്തിയേയും ഇല്ലാതാക്കാൻ മാധ്യമ – രാഷ്രീയ അവിശുദ്ധ കൂട്ടുകെട്ട് നടത്തിയ നീചമായ ശ്രമങ്ങളെയാണ്. അതിന് സമാനമായ രീതിയിലാണ് ഇപ്പോൾ ട്വന്റി – ട്വന്റിക്കെതിരെയും ഇവർ ഒന്നിക്കുന്നത്.
വലിയ രീതിയിലുള്ള കപ്രചരണങ്ങളാണ് കുറഞ്ഞ ദിവങ്ങൾക്കുള്ളിൽ തന്നെ ട്വന്റി – ട്വന്റി ക്കെതിരെയും , സാബു ജേക്കബിനെതിരെയും പല പാർട്ടികളാലും നിയന്ത്രിക്കപ്പെടുന്ന മാധ്യമങ്ങളിൽ കൂടിയും , യൂ ട്യൂബ് , ഫേസ്‌ബുക്ക് , വാട്സ്ആപ് , ട്വിറ്റർ തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ കൂടിയും വന്നു കൊണ്ടിരുന്നത്. സാബു ജേക്കബ് മറ്റൊരു അംബാനിയാണെന്നും , കമ്പനി ഭരണമാണ് നടത്തുന്നതെന്നും , ജനാധിപത്യം ഇല്ലാതാക്കാൻ പോകുന്നുവെന്നും ഒക്കെയുള്ള കപട പ്രചാരണങ്ങൾ നടത്തി കഴിഞ്ഞു.
എന്നാൽ ഈ കുപ്രചാരണങ്ങളെ ഒക്കെ തള്ളി പറഞ്ഞുകൊണ്ട് ട്വന്റി – ട്വന്റിക്കും , സാബു ജേക്കബിനും പൂർണ്ണ പിന്തുണ അറിയിച്ചുകൊണ്ട് ലക്ഷകണക്കിന് ആളുകളാണ് ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നായി ദിനംപ്രതി മുന്നോട്ട് വന്നു കൊണ്ടിരിക്കുന്നത് . ട്വന്റി – ട്വന്റിയുടെയും , സാബു ജേക്കബിന്റെയും വികസന പ്രവർത്തനങ്ങൾ അടങ്ങുന്ന ചിത്രങ്ങളും വാർത്തകളും വാട്‌സ് ആപ്പ് , ഫേസ്ബുക്ക് പോലെയുള്ള സോഷ്യൽ മീഡിയ പ്ലാറ്റുഫോമുകളിൽ കൂടി കൂടുതൽ ആളുകളിലേക്ക് പ്രചരപ്പിച്ചുകൊണ്ടാണ് അവർ ഈ കപട കൂട്ട് കെട്ടിന് മറുപടി നൽകി കൊണ്ടിരിക്കുന്നത്.
ഇന്നത്തെ മാധ്യമങ്ങളിലും , രാഷ്ട്രീയക്കാരിലുമുള്ള വിശ്വാസം കേരള ജനതയ്ക്ക് ഇല്ലാതായിരിക്കുന്നു എന്നതാണ് ഇതിൽ നിന്ന് തെളിയുന്നത്. ട്വന്റി – ട്വന്റി ഉയർത്തികൊണ്ടു വരുന്ന ഈ വിപ്ലവത്തിന് തങ്ങളുടെ പൂർണ്ണ പിന്തുണയുണ്ടെന്നും വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ മണ്ഡലങ്ങളിൽ മത്സരിച്ച് കിഴക്കമ്പലത്തെ പോലെയുള്ള വികസന പ്രവർത്തനങ്ങൾ കേരളം മുഴുവനിലും എത്തിക്കണമെന്നുമാണ് മഹാഭൂരിപക്ഷം ആളുകളും ആവശ്യപ്പെടുന്നത്.
അതുകൊണ്ട് തന്നെ സാബു ജേക്കബിനെതിരെയും , ട്വന്റി – ട്വന്റിയ്‌ക്കെതിരെയും വ്യാജ വാർത്തകൾ പ്രചരിപ്പിച്ചുകൊണ്ട് ഇതിനെ ഇല്ലാതാക്കാൻ ഈ മാധ്യമ – രാഷ്ട്രീയ കൂട്ടായ്‌മ ശ്രമിക്കുമെന്നും അവർ മുന്നറിയിപ്പ് നൽകുന്നു . എന്തായാലും ട്വന്റി – ട്വന്റിക്ക് ഇപ്പോൾ ലഭിക്കുന്ന ഈ ജനപിന്തുണ ശരിയായ രീതിയിൽ ഉപയോഗപ്പെടുത്തിയാൽ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ എറണാകുളത്തിന് പുറത്തേയ്ക്ക് വളർന്ന് ഈ പ്രസ്ഥാനം കേരള നിയമസഭയിലെ ഒരു വലിയ സാന്നിധ്യമാകാൻ കഴിയുമെന്നുറപ്പാണ് .
ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താരയും ഫഹദ് ഫാസിലും ഒന്നിക്കുന്നു. അല്‍ഫോന്‍സ് പുത്രന്‍ ഒരുക്കുന്ന ‘പാട്ട്’ എന്ന ചിത്രത്തിലാണ് ഫഹദിന്റെ നായികയായി നയന്‍താര എത്തുന്നത്. ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പങ്കുവച്ചാണ് ഇക്കാര്യം അല്‍ഫോന്‍സ് പുത്രന്‍ പുറത്തുവിട്ടിരിക്കുന്നത്. പഴയ ഓഡിയോ കാസറ്റിന്റെ മാതൃകയിലാണ് ടൈറ്റില്‍ പോസ്റ്റര്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്.
ഫഹദും നയന്‍താരയും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് പാട്ട്. യുജിഎം എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ സക്കറിയ തോമസും ആല്‍വിന്‍ ആന്റണിയും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ആനന്ദ് സി ചന്ദ്രന്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. സംവിധാനം, എഡിറ്റിംഗ്, സംഗീത സംവിധാനം എന്നിവ അല്‍ഫോന്‍സ് പുത്രന്‍ തന്നെയാണ് നിര്‍വ്വഹിക്കുന്നത്.
അഞ്ചുവര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് അല്‍ഫോന്‍സ് പുതിയ ചിത്രം ഒരുക്കുന്നത്. നേരം, പ്രേമം എന്നിങ്ങനെ രണ്ട് സൂപ്പര്‍ ഹിറ്റുകള്‍ ഒരുക്കിയ സംവിധായകനാണ് അല്‍ഫോന്‍സ് പുത്രന്‍. ചിത്രം തെന്നിന്ത്യന്‍ ഭാഷകളിലും റീമേക്ക് ചെയ്തിരുന്നു.
ലവ് ആക്ഷന്‍ ഡ്രാമയ്ക്ക് ശേഷം കുഞ്ചാക്കോ ബോബന്‍ നായകനാകുന്ന നിഴല്‍ എന്ന ചിത്രത്തിലാണ് നയന്‍താര നായികയായി എത്തുന്നത്. നെട്രികണ്‍, അണ്ണാത്തെ, കാതുവാകുല രെണ്ടു കാതല്‍ എന്നീ ചിത്രങ്ങളാണ് താരത്തിന്റെതായി ഒരുങ്ങുന്നത്. അതേസമയം, ഇരുള്‍, തങ്കം, ജോജി, മലയന്‍കുഞ്ഞ് എന്നീ ചിത്രങ്ങളാണ് ഫഹദിന്റെതായി അണിയറയില്‍ ഒരുങ്ങുന്നത്.
ബല്ത്തങ്ങാടിക്കു സമീപം ഉജിരെയില്‍ മലയാളി ബിസിനസുകാരന്റെ മകനെ അജ്ഞാതസംഘം തട്ടിക്കൊണ്ടുപോയി.
ഉജിരെയില്‍ സ്ഥിരതാമസമാക്കിയ മലയാളി കുടുംബത്തിലെ അംഗം ബിജോയ് അറയ്ക്കലിന്റെയും കണ്ണൂര്‍ സ്വദേശിനി ശാരിതയുടെയും മകന് എട്ടുവയസുകാരനായ അനുഭവിനെയാണ് തട്ടിക്കൊണ്ടുപോയത്.
സംഘാംഗങ്ങള്‍ പിന്നീട് കുട്ടിയുടെ അമ്മയെ ഫോണില്‍ വിളിച്ച് 17 കോടി രൂപ മോചനദ്രവ്യമായി ആവശ്യപ്പെട്ടു.
വ്യാഴാഴ്ച വൈകുന്നേരം വീടിനു മുന്നില്‍വച്ചാണ് വെള്ളനിറമുള്ള കാറിലെത്തിയ മൂന്നോ നാലോ പേരടങ്ങിയ സംഘം കുട്ടിയെ കാറില്‍ കയറ്റിക്കൊണ്ടുപോയതെന്ന് ബിജോയിയുടെ പിതാവ് ശിവന് ബെല്‍ത്തങ്ങാടി പോലീസില്‍ നല്കിയ പരാതിയില്‍ പറയുന്നു.
റിട്ട. നേവി ഉദ്യോഗസ്ഥനായ ശിവന് കുട്ടിക്കൊപ്പം സായാഹ്നസവാരി കഴിഞ്ഞ് തിരിച്ചുവരികയായിരുന്നു. വീടിന്റെ ഗേറ്റിനു സമീപത്തെത്തുമ്പോള്‍ അല്പം മുന്നിലായി നടന്നുനീങ്ങിയ കുട്ടിയെ പെട്ടെന്ന് അടുത്തെത്തിയ കാര്‍ നിര്‍ത്തി അതിലേക്ക് വലിച്ചുകയറ്റുകയായിരുന്നു.
ശിവന് പിന്നാലെ ഓടിയെങ്കിലും കാര്‍ വേഗത്തില്‍ ഓടിച്ചുപോയി. അല്പസമയം കഴിഞ്ഞാണ് ശാരിതയെ വിളിച്ച് മോചനദ്രവ്യം ആവശ്യപ്പെട്ടത്.
ശിവന്റെ മകന് ബിജോയ് ഉജിരെയില്‍ തന്നെ ബിജോയ് ഏജന്‍സീസ് എന്ന സ്ഥാപനം നടത്തുകയാണ്. ഉജിരെ രാധാ സ്ട്രീറ്റിലാണ് ഇവര്‍ താമസിക്കുന്നത്.
സംഭവത്തിനു തൊട്ടുപിന്നാലെ ബല്‍ത്തങ്ങാടി പോലീസ് അന്വേഷണം തുടങ്ങിയെങ്കിലും കുട്ടിയെക്കുറിച്ച് ഒരു വിവരവും ലഭിച്ചിട്ടില്ല.
ഇതിനിടയില്‍ സംഘാംഗങ്ങള്‍ വീണ്ടും കുട്ടിയുടെ വീട്ടില്‍ വിളിച്ച് മോചനദ്രവ്യം ബിറ്റ്കോയിനായി നല്കാന് ആവശ്യപ്പെട്ടതായും സൂചനയുണ്ട്.
ന്യൂഡൽഹി: രാജ്യം ഇതുവരെയും കാണാത്ത വിധമുള്ള ബജറ്റായിരിക്കും 2021-22 സാമ്പത്തിക വർഷത്തിൽ അവതരിപ്പിക്കുകയെന്ന് കേന്ദ്രധനമന്ത്രി നിർമല സീതാരാമൻ. ജനങ്ങൾക്ക് ഇതുമായി ബന്ധപ്പെട്ട് നിർദേശങ്ങൾ സമർപ്പിക്കാമെന്നും വെല്ലുവിളികൾ നിറഞ്ഞ സാഹചര്യത്തിലാണ് ബജറ്റ് അവതരിപ്പിക്കുന്നതെന്നും ധനമന്ത്രി വ്യക്തമാക്കി.
വലിയ മഹാമാരിക്ക് ശേഷമുള്ള ബജറ്റ് വ്യത്യസ്തമാവും. ഇന്ത്യയുടെ ജനസംഖ്യ പരിഗണിക്കുമ്പോൽ രാജ്യത്തിന് നല്ല വളർച്ചയുണ്ട്. ആഗോള വളർച്ചയ്ക്ക് ഇന്ത്യ വലിയ സംഭാവന നൽകുന്നുണ്ട്. അടിസ്ഥാന സൗകര്യ വികസനത്തിനായി കൂടുതൽ പണം വിലയിരുത്തും. സ്വകാര്യ മേഖലയുടെ സഹകരണത്തോടെ ആശുപത്രികൾ വികസിപ്പിക്കുമെന്നും നിർമല സീതാരാമൻ വ്യക്തമാക്കി. ഫെബ്രുവരി ഒന്നിനാണ് 2021-22 സാമ്പത്തിക വർഷത്തിലെ ബജറ്റ് അവതരിപ്പിക്കുന്നത്.
തലയും ഉടലും വേര്‍പെട്ട നിലയില്‍ മൃതദേഹം കണ്ടെത്തി. ഇളവംപാടം കളപുരയ്ക്കല്‍ ജോസിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. അമ്പത്തിയാറ് വയസ്സായിരുന്നു. കിഴക്കഞ്ചേരി ഇളവംപാടത്തെ വായനശാലയുടെ സമീപത്തെ പറമ്പിലാണു മൃതദേഹം കണ്ടത്.
ആത്മഹത്യാശ്രമത്തിനിടെയാണ് ശരീരം വേര്‍പെട്ടതെന്നാണ് പോലീസ് കരുതുന്നത്. പറമ്പിലുണ്ടായിരുന്ന 20 അടി ഉയരമുള്ള മാവില്‍ കയറി തൂങ്ങിമരിക്കാന്‍ കഴുത്തില്‍ കയറിട്ടു താഴേക്കു ചാടിയപ്പോഴുള്ള ആഘാതത്തില്‍ തലയും ഉടലും വേര്‍പെട്ടതാകാമെന്നു പൊലീസ് പറഞ്ഞു.
ഇന്നലെ രാവിലെ സമീപത്തെ ആളുകളാണു പറമ്പില്‍ മൃതദേഹം കണ്ടത്. തുടര്‍ന്ന് വിവരം പോലീസില്‍ അറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ പോലീസ് മൃതദേഹത്തില്‍ പരിശോധന നടത്തി. തുടര്‍ന്ന് മൃതദേഹത്തില്‍നിന്ന് ആത്മഹത്യാകുറിപ്പും കണ്ടെത്തി.
ആഴ്ചകള്‍ക്കു മുന്‍പ് ഇദ്ദേഹത്തെ വിഷം ഉള്ളില്‍ചെന്ന നിലയില്‍ കണ്ടെത്തി ആശുപത്രിയിലാക്കിയിരുന്നതായി പൊലീസ് പറഞ്ഞു. വര്‍ഷങ്ങളായി കുടുംബവുമായി അകന്നു കഴിയുകയാണ്. മംഗലംഡാം പൊലീസ് മൃതദേഹം ജില്ലാ ആശുപത്രിയിലേക്കു മാറ്റി.കോവിഡ് പരിശോധനയ്ക്കു ശേഷം ശവസംസ്‌കാരം നടക്കും.
കൊച്ചിയില്‍ ലുലു മാളില്‍ വെച്ച് യുവനടിയെ അപമാനിച്ച യുവാക്കളുടെ ദൃശ്യങ്ങള്‍ പോലീസ് പുറത്തുവിട്ടു. കുടുംബത്തോടൊപ്പം ഷോപ്പിംഗിന് എത്തിയപ്പോഴാണ് നടിക്ക് നേരെ ഇത്തരമൊരു ദുരനുഭവം ഉണ്ടായത്. നടിയെ അപമാനിച്ചത് പിടിയിലായവര്‍ തന്നെയാണോയെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് പോലീസ് ദൃശ്യങ്ങള്‍ പുറത്തുവിട്ടത്.
യുവനടിയെ കഴിഞ്ഞദിവസമായിരുന്നു ഇരുവരും മാളില്‍ വച്ച് അപമാനിച്ചത്. ഷോപ്പിംഗ് മാളില്‍ വെച്ച് രണ്ട് ചെറുപ്പക്കാര്‍ തന്നെ അപമാനിക്കാന്‍ ശ്രമിച്ചെന്ന് നടിയാണ് വെളിപ്പെടുത്തിയത്. സംഭവ സമയത്ത് പ്രതികരിക്കാന്‍ കഴിയാത്തതില്‍ ഖേദമുണ്ടെന്നും ഇത്തരക്കാരുടെ മുഖത്തടിക്കേണ്ടതാണെന്നും നടി പറഞ്ഞിരുന്നു.
മെട്രോ സ്റ്റേഷനില്‍ നിന്നുള്ള ദൃശ്യങ്ങളാണ് പൊലീസ് പുറത്തുവിട്ടത്. രണ്ടു പേര്‍ക്കും പ്രായം 25 വയസില്‍ താഴെയാണെന്ന് പൊലീസ് അറിയിച്ചു. ഇവര്‍ ലുലു മാളിലേക്ക് എത്തിയത് മെട്രോ റെയില്‍ വഴിയാണ്. സംഭവശേഷവും ഇവര്‍ മെട്രോയില്‍ തന്നെ സൗത്ത് സ്റ്റേഷനിലേക്ക് പോയി.
ഇതിന്റെ ദൃശ്യങ്ങളാണ് പൊലീസ് പുറത്തുവിട്ടത്. ഇവര്‍ എറണാകുളം ജില്ലയ്ക്ക് പുറത്തുള്ളവരാണെന്നാണ് പൊലീസിന്റെ പ്രാഥമികനിഗമനം. ഇതിന്റെ അടിസ്ഥാനത്തില്‍ സമീപജില്ലകളിലെ പൊലീസ് സ്റ്റേഷനുകളിലേക്കും ദൃശ്യങ്ങള്‍ അയച്ചു.
യുവാക്കള്‍ നഗരത്തിലെ മറ്റു സ്ഥലങ്ങളിലേക്ക് പോയിട്ടുണ്ടോയെന്ന് അറിയാന്‍ കൂടുതല്‍ സിസി ടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിക്കും. എറണാകുളം ജില്ല വിടാന്‍ ഇവര്‍ മറ്റു മാര്‍ഗങ്ങള്‍ സ്വീകരിച്ചോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.
കൊവിഡ് പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് അടച്ചിട്ട കോളജുകള്‍ ജനുവരി നാലിന് തുറക്കും. ഡിഗ്രി അഞ്ചും ആറും സെമസ്റ്ററിനും പോസ്റ്റ് ഗ്രാജുവേഷന്‍ കോഴ്‌സുകള്‍ക്കുമാണ് ആദ്യ ഘട്ടത്തില്‍ ക്ലാസ് തുടങ്ങുക. ഒരേ സമയം അന്‍പതു ശതമാനത്തില്‍ താഴെ വിദ്യാര്‍ഥികള്‍ക്കു മാത്രമായിരിക്കും ക്ലാസ്.
പ്രാക്ടിക്കല്‍ പഠനത്തിലും ഓണ്‍ലൈന്‍ പഠനത്തില്‍ ഉള്‍പ്പെടുത്താന്‍ കഴിയാതിരുന്ന വിഷയങ്ങളിലും ഊന്നയായിരിക്കും ക്ലാസുകള്‍ ക്രമീകരിക്കുക. ഓരോ കോളേജിലെയും വിദ്യാര്‍ഥികളുടെ എണ്ണം കണക്കാക്കി ആവശ്യമെങ്കില്‍ പ്രിന്‍സിപ്പല്‍മാര്‍ ഷിഫ്റ്റ് ഏര്‍പ്പെടുത്തണം.തല്‍ക്കാലം ഹാജര്‍ നിര്‍ബന്ധമാക്കില്ല.
ശനിയാഴ്ചകളില്‍ കോളേജുകള്‍ക്കു പ്രവൃത്തി ദിനം ആയിരിക്കും. രാവിലെ എട്ടര മുതല്‍ അഞ്ചര വരെയായിരിക്കും പ്രവൃത്തിസമയം. ശാരീരീക അകലം പാലിക്കലും മാസ്‌കും കാംപസില്‍ നിര്‍ബന്ധമാക്കണം.എന്നാല്‍ തെര്‍മല്‍ സ്‌ക്രീനിങ് നിര്‍ബന്ധമല്ല.
ഹോസ്റ്റല്‍ മെസ്സുകളും ഇതോടൊപ്പം തുറക്കാവുന്നതാണ്. ഡൈനിങ് ഹാളില്‍ ശാരീരിക അകലം നിര്‍ബന്ധമായും പാലിക്കണം. ക്ലാസുകള്‍ തുടങ്ങുന്നതിനു മുന്നോടിയായി ഈ മാസം 28ന് അധ്യാപകരും അധ്യാപകേതര ജീവനക്കാരും കോളേജുകളില്‍ എത്തണമെന്ന് കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദേശത്തില്‍ പറയുന്നു. ക്ലാസ് മുറികളുടെ സാനിറ്റൈസേഷന്‍ ഉള്‌പ്പെടെയുള്ള കാര്യങ്ങള്‍ അന്നു ചെയ്യണമെന്നും നിര്‍ദേശമുണ്ട്.
നീണ്ടനാളത്തെ സിപിഎം ഭരണം അവസാനിപ്പിച്ച് സ്ഥാനമേറ്റ തൃണമൂൽ കോൺഗ്രസിനും മമത ബാനർജിക്കും വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് അതികഠിനമായിരിക്കുമെന്ന് തെളിയിച്ച് ബിജെപി. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ അടുത്ത വർഷം ബംഗാളിൽ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ച് നടത്തുന്ന റാലി മമതയുടെ ഹൃദയമിടിപ്പ് വർധിപ്പിക്കുകയാണ്.
9 തൃണമൂൽ എംഎൽഎമാരാണ് അമിത് ഷായുടെ സാന്നിധ്യത്തിൽ ബിജെപിയിൽ ചേർന്നത്. ഈ 9 ജനപ്രതിനിധികളടക്കം വിവിധ പാർട്ടികളിലെ 11 എംഎൽഎമാരാണ് ബിജെപി പാളയത്തിലേക്ക് കൂടുമാറിയത്. തൃണമൂലിൽ നിന്നും രാജിവെച്ച സുവേന്ദു അധികാരിയാണ് കൂട്ടത്തിലെ പ്രധാന നേതാവ്.ഒരു സിപിഎം എംഎൽഎയും ഒരു സിപിഐ എംഎൽഎയും ബിജെപിയിൽ ചേർന്നവരുടെ കൂട്ടത്തിലുണ്ട്.
മുൻമന്ത്രി കൂടിയായ സുവേന്ദു അധികാരി കാണിച്ച വഴിയിലൂടെ സഞ്ചരിച്ച് 23 പ്രമുഖ തൃണമൂൽ നേതാക്കളും ബിജെപി പാളയത്തിലേക്ക് ചേക്കേറിയിട്ടുണ്. ഇവർ അമിത് ഷായുടെ ബംഗാളിലെ റാലിയിൽ വെച്ചാണ് ബിജെപി അംഗത്വം സ്വീകരിച്ചത്.
ഇതോടെ, ആത്മവിശ്വാസം വർധിച്ച അവസ്ഥയിലാണ് ബംഗാളിലെ ബിജെപി. വരുന്ന തെരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തിൽ ബിജെപി ബംഗാൾ ഭരണം പിടിച്ചെടുക്കുമെന്ന് അമിത് ഷായും പ്രതികരിച്ചു. 200 സീറ്റുകൾ നേടി ബിജെപി അധികാരത്തിലേറുമെന്നാണ് അമിത് ഷായുടെ അവകാശവാദം. തെരഞ്ഞെടുപ്പ് കഴിയുമ്പോൾ തൃണമൂൽ കോൺഗ്രസിൽ മമത ബാനർജി മാത്രമാകും ബാക്കിയാവുക എന്നും അമിത് ഷാ അഭിപ്രായപ്പെട്ടു.ി
ബംഗാളിലെ മിഡ്‌നാപുരിലാണ് അമിത് ഷാ റാലി നയിക്കുന്നത്. നേരത്തെ ബംഗാളിലെത്തിയ ബിജെപി ദേശീയാധ്യക്ഷൻ ജെപി നഡ്ഡ ആക്രമിക്കപ്പെട്ടിരുന്നു. ഈ സാഹചര്യത്തിൽ കനത്ത സുരക്ഷാ വലയത്തിലാണ് അമിത് ഷായുടെ ബംഗാൾ സന്ദർശനം.