India

ഉത്തര്‍പ്രദേശില്‍ ശവസംസ്‌കാര ചടങ്ങിനിടെ മേല്‍ക്കൂര തകര്‍ന്ന് വീണ് 16 പേര്‍ മരണപ്പെട്ടു. ശ്മശാനത്തിലെ കെട്ടിടത്തിന്റെ മേല്‍ക്കൂര പൊടുന്നനെ തകര്‍ന്ന് വീഴുകയായിരുന്നു. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മരണ സംഖ്യ ഇനിയും ഉയര്‍ന്നേയ്ക്കുമെന്നാണ് ലഭിക്കുന്ന വിവരം.

മുറാദ് നഗര്‍ പട്ടണത്തിലെ ശ്മശാനത്തിലാണ് വന്‍ ദുരന്തമുണ്ടായത്. ശവസംസ്‌കാര ചടങ്ങിനിടെ ആളുകള്‍ക്ക് മേലേക്ക് കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്നുവീഴുകയായിരുന്നു. കനത്ത മഴയെ തുടര്‍ന്നാണ് അപകടമുണ്ടായതെന്നാണ് ലഭിക്കുന്ന വിവരം.

അതേസമയം, കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍പ്പെട്ട 32 പേരെ രക്ഷപ്പെടുത്തി. കൂടുതല്‍ പേര്‍ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നു. അഗ്‌നിരക്ഷാ സേനയും പോലീസും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം ഇപ്പോഴും തുടരുകയാണ്. പരിക്കേറ്റവരെ സമീപത്തെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

രാജപുരം(കാസര്‍കോട്): കാസര്‍കോട് പാണത്തൂരില്‍ വിവാഹസംഘത്തിന്റെ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് ഏഴ് മരണം. രണ്ട് കുട്ടികളും രണ്ട് സ്ത്രീകളും മൂന്നു പുരുഷന്മാരുമാണ് അപകടത്തില്‍ മരിച്ചത്. കര്‍ണാടകയില്‍ നിന്നുള്ള വിവാഹസംഘം സഞ്ചരിച്ച ബസാണ് രാവിലെ 11.45 ഒാടെ അപകടത്തില്‍പ്പെട്ടത്.

അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ കാഞ്ഞങ്ങാട്ടെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. മരിച്ചവരുടെ മൃതദേഹങ്ങള്‍ പൂടംകല്ല് സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി.

കര്‍ണാടകയിലെ ഈശ്വരമംഗലത്ത് നിന്നും അതിര്‍ത്തി ഗ്രാമമായ കരിക്ക ചെത്തുകയം എന്ന സ്ഥലത്തേക്ക് വന്ന വധുവിന്റെ വീട്ടുകാര്‍ സഞ്ചരിച്ച ബസാണ് അപകടത്തില്‍പ്പെട്ടത്. ബസില്‍ 40 ഓളം പേരുണ്ടായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം.

തിരുവനന്തപുരം∙ സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നെഞ്ചുവേദനയും തലകറക്കവും അനുഭവപ്പെട്ടതിനെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം.

അതിനിടെ, സര്‍ക്കാര്‍ പ്രോജക്ടില്‍ ജോലി നേടാനായി സ്വപ്ന സുരേഷ് ഹാജരാക്കിയ വ്യാജബിരുദ സര്‍ട്ടിഫിക്കറ്റ് തയാറാക്കിയത് പഞ്ചാബിലെ സ്ഥാപനമെന്ന് പൊലീസ് കണ്ടെത്തി. തിരുവനന്തപുരം തൈക്കാടുണ്ടായിരുന്ന സ്ഥാപനം മുഖേനെ ഒരു ലക്ഷത്തോളം രൂപ മുടക്കിയാണ് സര്‍ട്ടിഫിക്കറ്റ് വാങ്ങിയത്. സ്ഥാപനത്തിന്റെ ഉടമകളെ കണ്ടെത്തി പ്രതിയാക്കാനുള്ള ശ്രമത്തിലാണ് കന്റോണ്‍മെന്റ് പൊലീസ്.

ഐടി വകുപ്പിന്റെ നിയന്ത്രണത്തിലുള്ള സ്പേസ് പാര്‍ക്കില്‍ സ്വകാര്യ കണ്‍സല്‍ട്ടന്‍സിയായ പിഡബ്ല്യുസി വഴി ജോലി നേടിയപ്പോള്‍ സ്വപ്ന പറഞ്ഞത് ബികോം ബിരുദധാരിയെന്നായിരുന്നു. മുംബൈയിലെ ബാബാ സാഹിബ് സര്‍വകലാശലയുടെ സര്‍ട്ടിഫിക്കറ്റും ഹാജരാക്കി. ഇത് വ്യാജമെന്നുള്ള കണ്ടെത്തലിലാണ് തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസ് കേസെടുത്തതും ഉറവിടം കണ്ടെത്തിയതും.

ഭോപ്പാൽ: രാജസ്ഥാനിലെ വിവിധയിടങ്ങളില്‍ കൂട്ടമായി ചത്ത കാക്കളില്‍ പക്ഷിപ്പനി വൈറസിന്റെ സാന്നിധ്യം കണ്ടെത്തി. ഇതോടെ സംസ്ഥാനത്ത് അധികാരികള്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. രാജസ്ഥാനിലെ കോട്ടയിലും ബാരനിലും ഝാലാവാഡിലുമായി 200 ലധികം കാക്കളാണ് കഴിഞ്ഞ ദിവസങ്ങളില്‍ ചത്തൊടുങ്ങിയത്.

“ഇതുവരെ കോട്ടയില്‍ 47 കാക്കളാണ് ചത്തത്, ഝാലാവാഡില്‍ 100 കാക്കളും ബാരാണില്‍ 72 കാക്കളും ചത്തു. ബുണ്ടിയിൽ ഇതുവരെ ചത്ത കേസുകളൊന്നും റിപ്പോര്‍ട്ടു ചെയ്തിട്ടില്ല”. സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കാനും ബോധവത്കരണത്തിനുമായി അവശ്യം വേണ്ട നടപടികള്‍ കൈക്കൊള്ളുകയാണെന്നും രാജസ്ഥാന്‍ പ്രിന്‍സിപ്പള്‍ സെക്രട്ടറി കുഞ്ഞിലാല്‍ മീണ പറഞ്ഞു.

വളരെ ഗൗരതരമായ പ്രശ്‌നമാണിതെന്നും ബന്ധപ്പെട്ടവരുടെ അടിയന്തര യോഗം വിളിച്ചിട്ടുണ്ടെന്നും രാജസ്ഥാന്‍ മൃഗസംരക്ഷണ വകുപ്പ് മന്ത്രി ലാല്‍ചന്ദ് ഖട്ടരിയ പറഞ്ഞു.

ശനിയാഴ്ച 25 കാക്കളാണ് ഝാലാവാഡില്‍ ചത്തത്. ബാരാണില്‍ 19ഉം കോട്ടയില്‍ 22ഉം കാക്കകള്‍ ശനിയാഴ്ച മാത്രമായി ചത്തു. നീലപ്പൊന്‍മാനുകളും മറ്റു വർഗ്ഗത്തില്‍പെട്ട പക്ഷികളും പലയിടങ്ങളിലും ചത്തതായി റിപ്പോര്‍ട്ടുകളുണ്ട്.

പക്ഷിപ്പനിയെത്തുടര്‍ന്ന് ഝാലാവാഡില്‍ കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു. പ്രദേശത്ത് പനിലക്ഷണങ്ങളുള്ളവരെ തിരിച്ചറിയാനുള്ള ശ്രമവും അധികൃതര്‍ ആരംഭിച്ചു.

പക്ഷിപ്പനി മരണം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന പ്രദേശങ്ങളില്‍ നിന്ന് സാമ്പിളുകള്‍ ശേഖരിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

രാജസ്ഥാനിനു പുറമെ മധ്യപ്രദേശിൽ പലയിടങ്ങളിലും പക്ഷിപ്പനി മൂലം പക്ഷികള്‍ ചത്തൊടുങ്ങുന്നുണ്ട്.’മധ്യപ്രദേശിലെ ഇന്‍ഡോറിലെ ഡാലി കോളേജ് കാമ്പസില്‍ ചൊവ്വാഴ്ച 50 ഓളം കാക്കകളെ ചത്ത നിലയില്‍ കണ്ടെത്തിയിരുന്നു. ചത്ത പക്ഷികളില്‍ ചിലതിനെ സാമ്പിള്‍ പരിശോധനയ്ക്കായി ഭോപ്പാലിലേക്ക് അയച്ചു. പരിശോധനയില്‍ എച്ച് 5 എന്‍ 8 വൈറസിന്റെ സാന്നിധ്യം ഇവയില്‍ നിന്ന് കണ്ടെത്തി’, ഇന്‍ഡോര്‍ ചീഫ് മെഡിക്കല്‍, ഹെല്‍ത്ത് ഓഫീസര്‍ പൂര്‍ണിമ ഗഡാരിയ പറഞ്ഞു.

കോളേജ് സ്ഥിതിചെയ്യുന്ന പ്ലഷ് റെസിഡന്‍സി മേഖലയുടെ അഞ്ച് കിലോമീറ്റര്‍ ചുറ്റളവില്‍ ജലദോഷം, ചുമ, പനി എന്നിവയുള്ളവരെ കണ്ടെത്താന്‍ സര്‍വേ നടത്തി വരികയാണ്. സംശയമുള്ള രോഗികളുടെ സാമ്പിളുകള്‍ പരിശോധിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

കോവിഡ് വലിയ ആഘാതം സൃഷ്ടിച്ച മേഖലകളിലൊന്നാണ് മധ്യപ്രദേശിലെ ഇന്‍ഡോര്‍.

കൊൽക്കത്ത∙ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുൻ ക്യാപ്റ്റനും ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) പ്രസിഡന്റുമായ സൗരവ് ഗാംഗുലിയെ നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊൽക്കത്തയിലെ വുഡ്‌ലാൻഡ്സ് ആശുപത്രിയിലാണ് ഗാംഗുലി ചികിത്സയിലുള്ളത്. വാർത്താ ഏജൻസികളായ പിടിഐയും എഎൻഐയുമാണ് ഇക്കാര്യം ആദ്യം റിപ്പോർട്ട് ചെയ്തത്. താരത്തിന് ഹൃദയാഘാതം സംഭവിച്ചതായി ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി ട്വീറ്റ് ചെയ്തു. ഗാംഗുലിയെ നില തൃപ്തികരമാണെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ അറിയിച്ചു.

നാൽപ്പത്തെട്ടുകാരനായ ഗാംഗുലിയെ ആൻജിയോപ്ലാസ്റ്റിക്ക് വിധേയനാക്കേണ്ടി വരുമെന്നാണ് വിവരം. ശനിയാഴ്ച രാവിലെ നെഞ്ചുവേദനയുണ്ടെന്ന് പറഞ്ഞതിനു തൊട്ടുപിന്നാലെ ഗാംഗുലിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നുവെന്ന് അദ്ദേഹവുമായി അടുത്ത വൃത്തങ്ങൾ എഎൻഐയോടു വെളിപ്പെടുത്തി. ആൻജിയോപ്ലാസ്റ്റി വേണ്ടിവരുമെന്ന കാര്യവും ഇവർ തന്നെയാണ് വെളിപ്പെടുത്തിയത്. രാവിലെ പതിവ് വ്യായാമത്തിനിടെയാണ് താരത്തിന് നെ‍‍‍ഞ്ചുവേദന അനുഭവപ്പെട്ടത്.

ഗാംഗുലിയുടെ ചികിത്സയിക്കായി ആശുപത്രി അധികൃതർ ഡോക്ടർമാരുടെ വിദഗ്ധ സംഘത്തെ ചുമതലപ്പെടുത്തിയിട്ടുണ്ട്. വിശദ പരിശോധനകൾക്കായി എസ്എസ്കെഎം ആശുപത്രിയിൽനിന്ന് ഹൃദ്രോഗ വിദഗ്ധന്റെ സഹായവും തേടി.

‘ഹൃദയാഘാതത്തെ തുടർന്ന് സൗരവ് ഗാംഗുലിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ച വാർത്ത വേദനാജനകമാണ്. എത്രയും വേഗം അദ്ദേഹം പൂർണമായും സുഖപ്പെടട്ടെ എന്ന് ആശംസിക്കുന്നു. അദ്ദേഹത്തെയും കുടുംബാംഗങ്ങളെയും എന്റെ പ്രാർഥനകള്‍ അറിയിക്കുന്നു’ – മുഖ്യമന്ത്രി മമതാ ബാനർജി ട്വീറ്റ് ചെയ്തു.

‘സൗരവ് ഗാംഗുലി എത്രയും വേഗം സുഖപ്പെടട്ടെ എന്ന് പ്രാർഥിക്കുന്നു. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുമായി സംസാരിച്ചു. ദാദയുടെ നില തൃപ്തികരമാണെന്നാണ് അറിയിച്ചത്. മരുന്നുകളോട് അദ്ദേഹം തൃപ്തികരമായ വിധത്തിൽ പ്രതികരിക്കുന്നുണ്ട്’ – ജയ് ഷാ ട്വീറ്റ് ചെയ്തു.

ഇന്ത്യയിൽ ആഭ്യന്തര ക്രിക്കറ്റ് മത്സരങ്ങൾ പുനഃരാരംഭിക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന സയ്യിദ് മുഷ്താഖ് അലി ടൂർണമെന്റിന്റെ ഒരുക്കങ്ങൾ ബിസിസിഐ പ്രസിഡന്റ് കൂടിയായ ഗാംഗുലി കഴിഞ്ഞ ദിവസം വിലയിരുത്തിയിരുന്നു. ടൂർണമെന്റിന്റെ വേദികളിലൊന്നായ കൊൽക്കത്ത ഈഡൻ ഗാർഡൻസിലെത്തിയാണ് ഗാംഗുലി ഒരുക്കങ്ങൾ നേരിട്ട് വിലയിരുത്തിയത്.

രാജ്യത്ത് കോവിഡ് പ്രതിരോധ മരുന്നിന്റെ വിതരണവുമായി ബന്ധപ്പെട്ട് ഡ്രൈ റൺ ഇന്ന് നടക്കും. കേരളം അടക്കം മുഴുവൻ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ഇതിനായുള്ള ഒരുക്കങ്ങൾ പൂർത്തിയായി. രാവിലെ ഒമ്പത് മുതൽ വൈകീട്ട് അഞ്ച് മണി വരെയാണ് ഡ്രൈ റൺ നടക്കുക.

വാക്സിൻ കുത്തിവെപ്പ് ഒഴികെയുള്ള വിതരണത്തിലെ എല്ലാ ഘട്ടങ്ങളും ഡ്രൈ റണിൽ പരിശോധിക്കും. വാക്സിൻ വിതരണത്തിൽ പാളിച്ചയുണ്ടോ എന്ന് കണ്ടെത്തുകയാണ് ഡ്രൈ റണിന്റെ ലക്ഷ്യം. ഒരോ കുത്തിവെപ്പ് കേന്ദ്രത്തിൽ ഇരുപത്തിയഞ്ച് ആരോഗ്യ പ്രവർത്തകർക്കാണ് മോക്ക് വാക്സിൻ നൽകുന്നത്.

അതേ സമയം കോവിഡ് പ്രതിരോധ വാക്സിന് ഇന്ത്യയിൽ അടിയന്തര ഉപയോഗത്തിനുള്ള അപേക്ഷ സംബന്ധിച്ച് തീരുമാനം എടുക്കാൻ ചേർന്ന വിദഗ്ധ സമിതി യോഗം ബ്രിട്ടനിലെ ഓക്സ്ഫഡ് സർവകലാശാല വികസിപ്പ് ഇന്ത്യയിൽ പൂണെ സിറം ഇൻസ്റ്റിറ്റ്യൂട്ട് ഉത്പാദിപ്പിക്കുന്ന കൊവിഷീൽഡ് വാക്സിൻ്റെ ഉപയോഗത്തിന് ശിപാർശ ചെയ്തു.

വാക്സിൻ്റെ നിയന്ത്രിത ഉപയോഗത്തിനാണ് ശിപാർശ.വിദഗ്ധ സമിതിയുടെ ശുപാർശയുടെ അടിസ്ഥാനത്തിൽ ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ വാക്സിൻ വിതരണത്തിന് അന്തിമ അനുമതി നൽകും. അതേ സമയം ഇന്ത്യ തദ്ദേശീയമായി വികസിപ്പിക്കുന്ന കൊവാക്സിൻ്റെ നിർമ്മാതാക്കളായ ഭാരത് ബയോടെക്കിനോട് മൂന്നാം ഘട്ട പരീക്ഷണത്തിൻ്റെ ഇടക്കാല റിപ്പോർട്ട് വിദഗ്ധ സമിതി ആവശ്യപ്പെട്ടു. ഇത് സമർപ്പിച്ചതിന് ശേഷം അടുത്ത യോഗത്തിൽ അനുമതി സംബന്ധിച്ചുള്ള ശിപാർശയിൽ തീരുമാനം എടുക്കും.

തൃശൂർ തോട്ടപ്പടി ദേശീയപാതയിൽ വോൾവോ ബസ് മറിഞ്ഞ് 19 പേർക്ക് പരുക്കേറ്റു. കൊച്ചി വൈറ്റിലയിൽ നിന്ന് ചെന്നൈയിലേയ്ക്ക് പോകുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്.

രാത്രി പത്തരയോടെയായിരുന്നു അപകടം. കൊച്ചി വൈറ്റിലയിൽ നിന്ന് ചെന്നൈയിലേയ്ക്ക് പോകുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്.

മുന്നിൽ പോയ ബൈക്കിൽ തട്ടാതിരിക്കാൻ വെട്ടിച്ചപ്പോൾ ഡിവൈഡറിൽ കയറി ബസ് മറിയുകയായിരുന്നു. 19 യാത്രക്കാർ ഉണ്ടായിരുന്നു. രണ്ട് സ്ത്രീകളുടെ തലയ്ക്ക് പരുക്കേറ്റു. ഇവരെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലേയ്ക്ക് മാറ്റി.

അപകടം നടന്നയുടൻ നാട്ടുകാർ ഇടപെട്ടു. യാത്രക്കാരെ പല വണ്ടികളിൽ ആശുപത്രിയിലേയ്‌ക്ക് മാറ്റിയത് നാട്ടുകാരാണ്. സ്ഥിരം അപകടമേഖലയാണിത്. കഴിഞ്ഞ ദിവസം ലോറി ഇവിടെ മറിഞ്ഞിരുന്നു. സംഭവസ്ഥലത്ത് മണ്ണുത്തി പൊലീസ് എത്തി ഗതാഗതം സാധാരണ നിലയിലാക്കി.

മലപ്പുറം: മലപ്പുറം പന്താവൂരില്‍ യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസില്‍ സുഹൃത്തുക്കള് അറസ്റ്റില്‍. പന്താവൂര്‍ കാളാച്ചാല്‍ സ്വദേശി ഇര്‍ഷാദിനെയാണ് ആറു മാസം മുന്‍പ് തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്. വട്ടംകുളം സ്വദേശികളായ എബിന്‍, അധികാരിപ്പടി ഹൗസില്‍ സുഭാഷ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പ്രതികളും മരിച്ച ഇര്‍ഷാദും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പ്രാഥമിക നിഗമനം.

ഇര്‍ഷാദിന്റെ മൃതദേഹം പ്രദേശത്തെ കിണറ്റില്‍ തള്ളിയതായാണ് സൂചന. മൃതദേഹം കണ്ടെത്താനുള്ള ശ്രമം പോലീസ് തുടങ്ങി. സുഹൃത്തുക്കളായിരുന്ന മരിച്ച ഇര്‍ഷാദും പ്രതികളും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളാണ് കൊലപാതകത്തില്‍ കലാശിച്ചത്. സ്വര്‍ണ വിഗ്രഹം തരാമെന്ന് പറഞ്ഞ് പ്രതികള്‍ ഇര്‍ഷാദില്‍ നിന്നും പണം വാങ്ങി. വിഗ്രഹം കൊടുക്കാന്‍ കഴിയാതെ വന്നപ്പോള്‍ ഇര്‍ഷാദ് പണം തിരിച്ചു ചോദിച്ചു. അതോടെ കൊന്ന് കിണറ്റില്‍ തള്ളിയെന്നാണ് പ്രതികളുടെ കുറ്റസമ്മതം.

റിയാലിറ്റി ഷോകളിൽ കൂടി ജനശ്രദ്ധ പിടിച്ച് പറ്റിയ ഗായികയാണ് അമൃത സുരേഷ്, ഇപ്പോൾ പ്രശസ്ത പിന്നണി ഗായികയായി മാറിയിരിക്കുകയാണ് അമൃത. അമൃതയും സഹോദരി അഭിരാമിയും ഏറെ പ്രശസ്തരായി മാറിയിക്കുകയാണ്. അമൃതം ഗമയ എന്ന മ്യൂസിക് ബാൻഡ് ഇവർ ഈ അടുത്ത കാലത്ത് ചെയ്തിരുന്നു, മികച്ച സ്വീകാര്യത ആണ് ഇതിനു ലഭിക്കാച്ചത്. ഐഡിയ സ്റ്റാർ സിംഗറിൽ കൂടി ആണ് അമൃത പ്രേക്ഷകരിലേക്ക് എത്തി ചേർന്നത്. പിന്നീട് അമൃതയെ തേടി നിരവധി അവസരങ്ങൾ എത്തി.

പിന്നാലെ തമിഴ് നടൻ ബാലയുമായി വിവാഹം നടത്തുകയായിരുന്നു, ഏറെ ചർച്ച ചെയ്യപ്പെട്ട വിവാഹം ആയിരുന്നു ഇവരുടേത്. കഴിഞ്ഞ വര്‍ഷമാണ് താരം വിവാഹമോചിതയാകുന്നത്. കുടുംബ ജീവിതത്തില്‍ ഉണ്ടായ അസ്വാരസ്യങ്ങളെ തുടര്‍ന്നാണ് അമൃത വിവാഹ ബന്ധം വേർപ്പെടുത്തറിയാത്. വിവാഹ ബന്ധം വേർപ്പെടുത്തിയത് അമൃതക്ക് നേരെ ചില വിമർശനങ്ങൾ ഒക്കെ ഉണ്ടാക്കി. ബിഗ്‌ബോസിൽ അമൃതയും സഹോദരിയും എത്തിയത് വലിയ വാർത്ത ആയിരുന്നു. ഇപ്പോള്‍ സഹോദരി അഭിരാമിയുമായി ചേര്‍ന്ന് യൂട്യൂബില്‍ വ്ളോഗും അമൃത ചെയ്യുന്നുണ്ട്. മകളുടെ വിശേഷങ്ങളും ചിത്രങ്ങളുമൊക്കെ അമൃത സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്.

അതേസമയം അമൃത പങ്കുവെച്ച ഒരു വീഡിയോ കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളില്‍ വൈറലായി മാറിയിരുന്നു. ബിഗ് ബോസ് താരം ഗായകനും വോക്കലിസ്റ്റുമായ സാംസണ്‍ സില്‍വക്ക് ഒപ്പമുളള ഒരു വീഡിയോ ആണ് പോസ്റ്റ് ചെയ്തത്. വീഡിയോയ്ക്ക് ക്യാപ്ഷനായി ഞങ്ങടെ സംസണ്‍ എന്നായിരുന്നു ഗായിക കുറിച്ചത്. പിന്നാലെ കമന്റുകളുമായി നിരവധി പേരാണ് നടിയുടെ പോസ്റ്റിന് താഴെ എത്തിയത്. അമൃത ഇത്ര തരം താഴരുത്, ഒരു കോലം കണ്ടോ, ആ ബാല എത്ര ഭാഗ്യവാന്‍ ആണ് ഈ മാരണം തലയില്‍ നിന്ന് പോയതിന് ദൈവത്തോട് നന്ദി പറയണം ബാല എന്നൊക്കെയാണ് വിമര്‍ശകരുടെ കമന്‌റുകള്‍. ഇതിന് പ്രതികരണമൊന്നും ഗായികയുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല.

ലോകത്തെ മുപ്പതോളം നഗരങ്ങളിൽ ഒറ്റ രാത്രികൊണ്ട് ഉയർന്ന് പൊങ്ങിയ ലോഹത്തൂൺ ഇന്ത്യയിൽ കണ്ടെത്തി. അഹമ്മദാബാദിലാണ് ലോഹത്തൂൺ ഉയർന്നിരിക്കുന്നത്.

ആറ് അടി നീളമുള്ള ലോഹത്തൂൺ താൽതേജിലെ സിംഫണി പാർക്കിലാണ് കണ്ടെത്തിയിരിക്കുന്നത്. നിഗൂഢ ലോഹത്തൂൺ എന്നാണ് പ്രദേശവാസികൾ ഇതിന് നൽകിയിരിക്കുന്ന പേര്.

മണ്ണിൽ നിന്ന് ഉയർന്ന നിലയിലാണ് ലോഹത്തൂണെങ്കിലും ഭൂമി കുഴിച്ചതിന്റെ അടയാളങ്ങളൊന്നും ഇല്ല. വൈകീട്ട് ജോലി കഴിഞ്ഞ് പോകുന്നത് വരെ പാർക്കിൽ ഇത്തരമൊരു തൂൺ ഉണ്ടായിരുന്നില്ലെന്ന് പരിപാലകൻ മാധ്യമങ്ങളോട് പറഞ്ഞു. അടുത്ത ദിവസം ജോലിക്കെത്തിയപ്പെഴാണ് ലോഹത്തൂൺ കാണുന്നത്.

ആദ്യം യൂടായിലാണ് ലോഹത്തൂൺ കണ്ടെത്തിയത്. പിന്നാലെ റൊമാനിയയിലും ലോഹത്തൂൺ കണ്ടെത്തി.

Copyright © . All rights reserved