യാത്രക്കാരന് ഹൃദയസ്തംഭനമുണ്ടായതിനെത്തുടർന്ന് ഇന്ത്യയിലേക്ക് പുറപ്പെട്ട വിമാനം പാകിസ്ഥാനിൽ അടിയന്തര ലാൻഡിംഗ് നടത്തി. കറാച്ചിയിലെ ജിന്ന അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് വിമാനം ഇറക്കിയത്. യാത്രക്കാരൻ മരിച്ചുവെന്ന് റിപ്പോർട്ടുകൾ ഉണ്ട്.
ഉത്തർപ്രദേശിലെ ബറേലി സ്വദേശിയായ മുഹമ്മദ് നൗഷാദിനാണ് ഹൃദയസ്തംഭനമുണ്ടായത്.മുപ്പതുകാരനായ നൗഷാദിന്റെ ആരോഗ്യനില വഷളായതിനെത്തുടർന്ന് വിമാനം കറാച്ചിയിൽ അടിയന്തര ലാൻഡിംഗ് നടത്തുകയായിരുന്നെന്ന് പാക് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
റിയാദിൽ നിന്ന് ന്യൂഡൽഹിയിലേക്ക് പുറപ്പെട്ട ഗോ എയർ (6658) വിമാനമാണ് കറാച്ചിയിൽ ഇറക്കിയത്. വിമാനത്തിൽ 179 യാത്രക്കാരുണ്ടായിരുന്നു.ഇന്ധനം നിറച്ച ശേഷമാണ് വിമാനം കറാച്ചിയിൽ നിന്ന് പുറപ്പെട്ടതെന്ന് റിപ്പോർട്ടുകൾ ഉണ്ട്.
തൃശൂര്‍ കൊരട്ടിയില്‍ യുവാവിനെ ദുരൂഹ സാഹചര്യത്തിൽ കനാലിൽ മരിച്ച നിലയിൽ കണ്ടെത്തി. തിരുമുടിക്കുന്ന് സ്വദേശി എബിന്റെ മൃതദേഹമാണ് കനാലില്‍ നിന്ന് കണ്ടെടുത്തത്.
കൊരട്ടി പടിഞ്ഞാറെ അങ്ങാടിയിലെ കട്ടപ്പുറം, കാതിക്കുടം ഇറിഗേഷന്‍ കനാലില്‍ ആയിരുന്നു മൃതദേഹം. തിരുമുടിക്കുന്ന് വലിയവീട്ടില്‍ ഡേവിസിന്റെ മകന്‍ എബിന്‍റെ മൃതദേഹമാണ് ദുരൂഹ സാഹചര്യത്തില്‍ കണ്ടെത്തിയത്. മുപ്പത്തിമൂന്നു വയസായിരുന്നു. ഒട്ടേറെ ക്രിമിനല്‍ കേസുകളില്‍ പ്രതിയായിരുന്നു. ശരീരത്തില്‍ മര്‍ദ്ദനമേറ്റ രീതിയില്‍ ചില അടയാളങ്ങള്‍ കണ്ടെത്തിയതാണ് സംശയത്തിനിടയാക്കിയത്.
അടിവസ്ത്രം മാത്രമേ ധരിച്ചിരുന്നുള്ളൂ. മുണ്ടും ഷര്‍ട്ടും സമീപത്തു നിന്ന് കിട്ടി. ഡോഗ് സ്ക്വാഡും ഫൊറന്‍സിക് വിദഗ്ധരും സ്ഥലത്ത് എത്തി പരിശോധന നടത്തിയിരുന്നു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയാല്‍ മാത്രമേ മരണകാരണം വ്യക്തമാകൂ. എബിനോടൊപ്പം കഴിഞ്ഞ ദിവസം കണ്ടതായി പറയുന്ന യുവാക്കളെക്കുറിച്ച് പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
താൻ വിവാഹംചെയ്യാൻ പോകുന്ന സ്ത്രീയുമായി അവിഹിത ബന്ധം പുലർത്തിയ വ്യവസായിയെ യുവാവും കൂട്ടാളികളും ചേർന്ന് കൊലപ്പെടുത്തി മൃതദേഹം ഉപേക്ഷിച്ചു. ഡൽഹിയിലെ വ്യവസായിയായ നീരജ് ഗുപ്ത(46)ആണ് കൊല്ലപ്പെട്ടത്. കേസിൽ ഫൈസൽ (29), ഷഹീൻ നാസ് (45), ജുബെർ (28) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.
മറ്റൊരു വിവാഹം കഴിച്ച നീരജ് യുവതിയുമായി വിവാഹേതരബന്ധം സ്ഥാപിക്കുകയായിരുന്നു. ഇതിനിടെ, തന്റെ ഭാവിവധുവുമായി നീരജ് ബന്ധം പുലർത്തുന്നുണ്ടെന്ന് കണ്ടെത്തിയതോടെ പ്രകോപിതനായ യുവാവ് ആസൂത്രണം ചെയ്ത് കൊലപാതകം നടപ്പാക്കുകയായിരുന്നു. കൊലയ്ക്ക് ശേഷം മൃതദേഹം പെട്ടിയിലാക്കി ട്രെയിനിൽ കൊണ്ടുപോയി ഗുജറാത്തിലെ ഭറൂച്ചിൽ തള്ളി. നോർത്ത്‌വെസ്റ്റ് ഡൽഹിയിലെ വീട്ടിൽ വച്ച് യുവതിയുടെ അമ്മയും ഭാവിവരനും കൊല്ലപ്പെട്ട നീരജ് ഗുപ്തയും തമ്മിൽ തർക്കം നടന്നിരുന്നു.
തർക്കത്തിനിടെ ഗുപ്തയെ പ്രതി ഇഷ്ടിക ഉപയോഗിച്ച് തലയ്ക്കടിക്കുകയും മൂന്ന് തവണ കത്തികൊണ്ട് കുത്തിയ ശേഷം മരണമുറപ്പിക്കാനായി കഴുത്തറുക്കുകയും ചെയ്തുവെന്ന് പോലീസ് പറഞ്ഞു. കൊലപാതകത്തിന് ശേഷം മൃതദേഹം ഉപേക്ഷിക്കാൻ സ്ത്രീയും അമ്മയുമാണ് പ്രതിയെ സഹായിച്ചത്.
നീരജ് ഗുപ്തയെ കാണാനില്ലെന്ന പരാതിയുമായി ഇയാളുടെ ഭാര്യയാണ് പോലീസിനെ സമീപിച്ചത്. ഭർത്താവിന്റെ തിരോധാനത്തിന് പിന്നിൽ യുവതിക്ക് പങ്കുണ്ടോയെന്ന സംശയിക്കുന്നതായും ഇവർ പോലീസിനോട് പറഞ്ഞിരുന്നു. തുടർന്ന് പോലീസ് വിശദമായി ചോദ്യം ചെയ്തതോടെയാണ് യുവതിയും അമ്മയും കുറ്റം സമ്മതിച്ചത്.
പഠിച്ചത് എം.എസ്സി. ഇലക്ട്രോണിക്സ്, തൊഴിൽ മീൻപിടുത്തം, സ്വന്തമായി ഒരു യൂട്യൂബ് ചാനൽ അതാണ് കോട്ടയം കുടമാളൂരുകാരൻ സെബിൻ സിറിയക്. എം.എസ്സി ഇലക്ട്രോണിക്സ് ബിരുദധാരിയായ സെബിൻ കാനഡയിലേക്ക് പറക്കാനൊരുങ്ങി നിൽക്കവെയാണ് ഒരു നേരമ്പോക്കിനായി ചൂണ്ടയിട്ട് മീൻ പിടിക്കുന്ന വീഡിയോ പകർത്തി ഇന്റർനെറ്റിലിട്ടത്. കിട്ടിയത് മികച്ച പ്രതികരണം അന്നു തോന്നിയ ആശയം കാനഡയിലേക്കുള്ള പോക്ക് റദ്ദാക്കുന്നതിൽ വരെ സെബിനെ എത്തിച്ചു.
ഒരു വിനോദത്തിനപ്പുറം ചൂണ്ടയിടലിനെ തന്റെ തൊഴിലായി സമീപിക്കുകയാണ് സെബിൻ. പത്ത് ലക്ഷത്തിലേറെ ഫോളോവേഴ്സുള്ള ഫിഷിങ്ങ് ഫ്രീക്സ് എന്ന യൂട്യൂബ് ചാനലിന്റെ ഉടമസ്ഥനാണ് ഇന്ന് സെബിൻ. ചെറുമീൻ, വരാൽ, വാള തുടങ്ങി കേരളത്തിലെ വിവിധയിനം മീനുകളെ എങ്ങനെ പിടിക്കാമെന്ന് സെബിൻ തന്റെ വീഡിയോകളിൽ പങ്കുവയ്ക്കുന്നു. ചൂണ്ടയിടലിന്റെ വിവിധ വശങ്ങൾ തന്റെ വീഡിയോകളിൽ അവതരിപ്പിക്കുന്നു.
കേരളത്തിലങ്ങോളം ഇങ്ങോളം മുംബൈ, മംഗലാപുരം തുടങ്ങി അന്യസംസ്ഥാനങ്ങളിലും ചുണ്ടക്കാരനായി യാത്ര ചെയ്തു കഴിഞ്ഞു സെബിൻ. വിദേശ ജോലി വേണ്ടെന്നു വച്ച് തന്റെ യൂട്യൂബ് ചാനൽ പ്രൊഫഷനാക്കിയപ്പോൾ വീട്ടുകാരും സെബിന് സപ്പോർട്ട്.
ഇപ്പോൾ ചൂണ്ടയിടൽ വീഡിയോകൾക്കപ്പുറം മറ്റ് മേഖലകളും ഉണ്ട് സെബിന്. താൻ പഠിച്ച ഇലക്ട്രോണിക്സിനപ്പുറം ചൂണ്ടയിടൽ പ്രോഫഷനിൽ നൂറു ശതമാനം വിജയം കണ്ടിരിക്കുകയാണ് സെബിൻ സിറിയക്.
കാണാതായ കുട്ടികളെ കണ്ടെത്തുന്നവർക്ക് ഏർപ്പെടുത്തിയ പ്രമോഷൻ ലഭിക്കുന്ന ഡൽഹി പൊലീസിലെ ആദ്യത്തെ ഉദ്യോഗസ്ഥയായി സീമ ധാക്ക എന്ന ഹെഡ് കോൺസ്റ്റബിൾ. ഡൽഹി പൊലീസ് കമ്മീഷണർ എസ്.എൻ ശ്രീവാസ്തവയാണ് കാണാതായ കുട്ടികളെ കണ്ടെത്തുന്നവർക്ക് ഔട്ട് ഓഫ്-ടേൺ (ഊഴത്തിന് മുമ്പേ ഉള്ള) പ്രമോഷൻ പ്രഖ്യാപിച്ചത്. സമയ് പുർ ബദ്ലി പൊലീസ് സ്റ്റേഷനിലെ (ഔട്ടർ നോർത്ത് ഡിസ്ട്രിക്റ്റ്) ഹെഡ് കോൺസ്റ്റബിളായിരുന്ന സീമ ധാക്ക, കാണാതായ 76 കുട്ടികളെയാണ് കണ്ടെത്തിയത്, ഇതിൽ 56 പേർ 14 വയസ്സിന് താഴെയുള്ളവരാണ്.
കാണാതായ കുട്ടികളെ ഡൽഹിയിൽ നിന്ന് മാത്രമല്ല, പഞ്ചാബ്, പശ്ചിമ ബംഗാൾ തുടങ്ങിയ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്.
വീട്ടിൽ നിന്ന് കാണാതാവുന്ന കുട്ടികളെ കണ്ടെത്താനും തിരികെ കൊണ്ടുവരുന്നതിനുമായി പൊലീസ് ഉദ്യോഗസ്ഥരെ പ്രേരിപ്പിക്കുന്നതിന്, പൊലീസ് കമ്മീഷണർ 2020 ഓഗസ്റ്റ് 5 ന് ഒരു പ്രോത്സാഹന പദ്ധതി പ്രഖ്യാപിക്കുകയായിരുന്നു. “… കാണാതായ 14 വയസ്സിന് താഴെയുള്ള 50 അല്ലെങ്കിൽ അതിൽ കൂടുതൽ കുട്ടികളെ ( ഇതിൽ 15 കുട്ടികൾ 08 വയസ്സിന് താഴെയുള്ള ) 12 കലണ്ടർ മാസത്തിനുള്ളിൽ കണ്ടെത്തുന്ന ഏതെങ്കിലും കോൺസ്റ്റബിൾ അല്ലെങ്കിൽ ഹെഡ് കോൺസ്റ്റബിളിനെ ഔട്ട് ഓഫ്-ടേൺ പ്രമോഷന് പരിഗണിക്കും. കൂടാതെ, ഒരേ കാലയളവിൽ 15 ലധികം കുട്ടികളെ കണ്ടെത്തുന്നവർക്ക് ‘ആസാധാരണ് കാര്യ പുരാസ്‌കാർ’ നൽകും,” എന്നായിരുന്നു പ്രഖ്യാപനം.
കാണാതായ കുട്ടികളെ കണ്ടെത്തുന്നതിലും തിരികെ കൊണ്ട് വരുന്നതിലും ഈ ഉത്തരവ് വലിയ മാറ്റം വരുത്തി, 2020 ഓഗസ്റ്റ് മുതൽ കൂടുതൽ കുട്ടികളെ കണ്ടെത്തി.
സീമ ധാക്ക കണ്ടെത്തിയ 76 കുട്ടികളെ ഡൽഹിയിലെ വിവിധ പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്നാണ് കാണാതായത്. ആത്മാർത്ഥവും കഠിനവുമായ പരിശ്രമത്തിലൂടെ ഡൽഹിയിൽ നിന്നും മറ്റ് സംസ്ഥാനങ്ങളിൽ നിന്നും സീമ രണ്ടര മാസത്തിനുള്ളിൽ കുട്ടികളെ കണ്ടെത്തി.
2019 ലെ കണക്കുകൾ പ്രകാരം കാണാതായ 5,412 കുട്ടികളിൽ 3,336 കുട്ടികളെ കണ്ടെത്തി: അഥവാ കാണാതായ കുട്ടികളിൽ 62% പേരെ ഡൽഹി പൊലീസ് കണ്ടെത്തി.
ഈ വർഷം ഒക്ടോബർ വരെ 3507 പേരിൽ 2629 കുട്ടികളെ ഡൽഹി പൊലീസ് കണ്ടെത്തി.
തൃശൂര്‍ കയ്പമംഗലം മൂന്നുപീടികയില്‍ സ്കൂട്ടര്‍ യാത്രക്കാരിയെ ചവിട്ടിവീഴ്ത്തി സ്വര്‍ണമാല തട്ടിയെടുത്ത മൂന്നംഗ സംഘം അറസ്റ്റില്‍. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് അക്രമികളെ പൊലീസ് പിടികൂടിയത്.
നവംബര്‍ പത്തിന് രാത്രി എട്ടു മണിയോടെയായിരുന്നു സംഭവം. വാടാനപ്പള്ളിയില്‍ നിന്ന് ജോലി കഴിഞ്ഞ് വീട്ടിലേക്ക് സ്കൂട്ടറില്‍ മടങ്ങുകയായിരുന്ന കയ്പമംഗലം സ്വദേശിനി രമയാണ് ആക്രമിക്കപ്പെട്ടത്. സ്കൂട്ടറില്‍ ചവിട്ടിയ ഉടനെ രമ നിലത്തുവീണു. ഈ സമയം, കഴുത്തിലെ മാല പൊട്ടിച്ചോടുകയായിരുന്നു അക്രമി സംഘം. ഒട്ടേറെ സ്ഥലങ്ങളിലെ സിസിടിവി കാമറകള്‍ പൊലീസ് പരിശോധിച്ചപ്പോള്‍ അക്രമികള്‍ എത്തിയ ബൈക്ക് തിരിച്ചറിഞ്ഞു. ബൈക്കിന്റെ നമ്പര്‍ പിന്‍തുടര്‍ന്നാണ് പ്രതികളിലേക്ക് എത്തിയത്. നാട്ടിക സ്വദേശികളായ അഖിലും പ്രജീഷും വലപ്പാട് സ്വദേശി സുധീഷുമാണ് പിടിയിലായത്.
പെരിഞ്ഞനത്തും വലപ്പാടും സ്ത്രീകള്‍ നടത്തുന്ന കടകളില്‍ കയറി മുളകുപൊടിയെറിഞ്ഞ് മാല അപഹരിച്ചതും ഇതേസംഘമാണ്. മോഷണമുതലുകള്‍ പൊലീസ് കണ്ടെടുത്തിട്ടുണ്ട്. പ്രതികള്‍ സമാന രീതിയില്‍ മറ്റിടങ്ങളിലും മോഷണം നടത്തിയതായി സംശയിക്കുന്നുണ്ടെന്നു കൂടുതല്‍ അന്വേഷണം നടത്തിവരികയാണെന്നും പൊലീസ് പറഞ്ഞു.
ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെതിരെ ജയിൽ ഡി.ജി.പി ഋഷിരാജ് സിംഗ് രംഗത്ത്. ജയിൽ വകുപ്പിനെതിരെ വ്യാജ പ്രചാരണങ്ങൾ നടത്തുന്നത് സുരേന്ദ്രൻ അവസാനിപ്പിക്കണമെന്ന് ഋഷിരാജ് സിംഗ് ആവശ്യപ്പെട്ടു. സ്വർണക്കടത്ത് കേസിലെ പ്രതിക്ക് ജയിലിൽ അനധികൃതമായി സന്ദർശക സൗകര്യം നൽകിയിട്ടില്ല. വസ്തുതാവിരുദ്ധമായ പ്രസ്താവനകൾ പിൻവലിച്ച് ഖേദം പ്രകടിപ്പിച്ചല്ലെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്നും ഋഷിരാജ് സിംഗ് സുരേന്ദ്രന് അയച്ച കത്തിൽ മുന്നറിയിപ്പ് നൽകി.
മുഖ്യമന്ത്രിക്കും ധനമന്ത്രിക്കും വേണ്ടി സ്വർണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷിനെ പലരും ജയിലിൽ സന്ദർശിച്ചെന്ന് കെ സുരേന്ദ്രൻ ആരോപിച്ചിരുന്നു. കൂടിക്കാഴ്ചയ്ക്ക് ജയിൽ സൂപ്രണ്ട് കൂട്ടുനിന്നുവെന്നും കസ്റ്റംസിന്റെ അനുമതി ഇല്ലാതെയായിരുന്നു ഈ കൂടിക്കാഴ്ചകളെന്നുമായിരുന്നു സുരേന്ദ്രന്റെ ആരോപണം.
വ്യക്തമായ ധാരണയില്ലാതെ ജയില്‍ വകുപ്പിനെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിൽ മാധ്യമങ്ങളില്‍ അടിസ്ഥാനരഹിതമായ വാര്‍ത്ത നല്‍കി, വാര്‍ത്തകള്‍ക്ക് ദൃശ്യമോ ഭൗതികമോ ആയ തെളിവുകളുടെ പിന്‍ബലമില്ലാത്തതാണ്, ജയില്‍ വകുപ്പിന് മനപ്പൂര്‍വ്വം അവമതിപ്പുണ്ടാക്കുന്ന വാര്‍ത്ത നല്‍കുന്നതിന് മുമ്പ് അതിന്റെ നിജസ്ഥിതി വകുപ്പ് അധ്യക്ഷനായ തന്നില്‍നിന്നും മനസിലാക്കാമായിരുന്നെന്നും ഋഷിരാജ് സിംഗ് വ്യക്തമാക്കി.
ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിൽ എംബിബിഎസ് വിദ്യാർത്ഥി ആത്മഹത്യ ചെയ്തു. അവസാന വർഷ എംബിബിഎസ് വിദ്യാർത്ഥി രാഹുൽ രാജ് (24) ആണ് മരിച്ചത്.
ഹോസ്റ്റൽ മുറിയിൽ തൂങ്ങി മരിച്ച നിലയിലാണ് രാഹുൽ രാജിനെ കണ്ടെത്തിയത്. കണ്ണൂർ സ്വദേശിയാണ്.
ഉച്ചയ്ക്ക് 12 മണിയോടെയാണ് മരിച്ചനിലയിൽ വിദ്യാർത്ഥിയെ കണ്ടെത്തിയത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെടുത്തിട്ടുണ്ട്.
നടിയും ബിജെപി നേതാവുമായ ഖുശ്ബു സുന്തര്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു. തമിഴ്‌നാട്ടിലെ മേല്‍മാവത്തൂരില്‍ വെച്ചാണ് അപകടം. ഗൂഡല്ലൂരിലെ വേല്‍യാത്രയില്‍ പങ്കെടുക്കാന്‍ പോകവെയാണ് കാര്‍ അപകടത്തില്‍പ്പെട്ടത്.
അതേസമയം, താന്‍ സുരക്ഷിതയാണെന്നും പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും നടി ട്വീറ്റ് ചെയ്തു. ഒരു ട്രക്ക് ഞങ്ങളുടെ കാറില്‍ ഇടിച്ചു കയറുകയായിരുന്നു. വേല്‍യാത്രയില്‍ പങ്കെടുക്കാന്‍ കൂടല്ലൂരിലേക്കുള്ള യാത്ര തുടരുമെന്നും ഖുശ്ബു അറിയിച്ചു. വേല്‍ മുരുഗന്‍ തങ്ങളെ രക്ഷിച്ചുവെന്നും മുരുഗനില്‍ തന്റെ ഭര്‍ത്താവ് അര്‍പ്പിച്ചിട്ടുള്ള വിശ്വാസത്തിന്റെ ദൃഷ്ടാന്തമാണിതെന്നും താരം കൂട്ടിച്ചേര്‍ത്തു.
അതേസമയം, കരുതിക്കൂട്ടി വരുത്തിവെച്ച അപകടമാണോ എന്നും ഖുശ്ബു കൂട്ടിച്ചേര്‍ത്തു. താന്‍ സഞ്ചരിച്ച കാറില്‍ ഒരു ട്രക്ക് വന്നിടിക്കുകയായിന്നു. കാര്‍ ശരിയായ ദിശയിലൂടെ തന്നെയാണ് സഞ്ചരിച്ചിരുന്നത്. കരുതിക്കൂട്ടി വരുത്തിയ അപകടമാണോ എന്നറിയാന്‍ ഡ്രൈവറെ പോലീസ് ചോദ്യം ചെയ്യുകയാണ്- ഖുശ്ബു കുറിക്കുന്നു.
പെൺകുട്ടിയുടെ കരൾ ഭക്ഷിച്ചാൽ കുഞ്ഞു ജനിക്കുമെന്നു വിശ്വസിച്ച് ഉത്തർപ്രദേശിൽ ഏഴു വയസ്സുകാരിയെ കൊലപ്പെടുത്തി കരൾ ചൂഴ്ന്നെടുത്തു. 1500 രൂപ പ്രതിഫലം വാങ്ങി കൊടുംക്രൂരത കാട്ടിയ പ്രതികൾ, ലൈംഗികമായി പീഡിപ്പിച്ചശേഷമാണു കുട്ടിയെ കൊലപ്പെടുത്തിയത്. ദമ്പതികളായ പരശുറാം, സുനൈന, കൊല നടത്തിയ അങ്കുൽ, ബീരാൻ എന്നിവരടക്കം 6 പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
കാൻപുരിലെ ഗതംപുരിലുള്ള ഭദ്രസ് ഗ്രാമത്തിലാണു ഞെട്ടിക്കുന്ന സംഭവം. പൊലീസ് നൽകുന്ന വിശദീകരണം ഇങ്ങനെ: വർഷങ്ങളായി മക്കളില്ലാത്ത ദമ്പതികൾ പെൺകുട്ടിയുടെ കരൾ സംഘടിപ്പിക്കാൻ ബന്ധുവായ അങ്കുലിനെ ചുമതലപ്പെടുത്തി. ഇയാൾ ബീരാനെ ഒപ്പം കൂട്ടി. അങ്കുലിന് 500 രൂപയും ബീരാന് 1000 രൂപയുമായിരുന്നു പ്രതിഫലം. 14ന് ദീപാവലി ദിവസം രാത്രിയാണു കൃത്യം നടത്തിയത്. തൊട്ടടുത്ത കടയിൽനിന്നു സാധനം വാങ്ങാൻ പോയതായിരുന്നു കുട്ടി. പടക്കം വാങ്ങിത്തരാമെന്നു പറഞ്ഞ് അങ്കുലും ബീരാനും കുട്ടിയെ കൂടെക്കൂട്ടി. ഇരുവരും മദ്യലഹരിയിലായിരുന്നു. ആളൊഴിഞ്ഞ സ്ഥലത്തു വച്ചു പീഡിപ്പിച്ചു. തുടർന്നു കൊലപ്പെടുത്തിയശേഷം കരൾ ചൂഴ്ന്നെടുത്തു മൃതദേഹം ഉപേക്ഷിച്ചു കടന്നു. ഇവർ കൊണ്ടുവന്ന കരളിന്റെ കുറച്ചു ഭാഗം ദമ്പതികൾ കഴിച്ചു. ബാക്കി നായ്ക്കൾക്കു കൊടുത്തു.
കടയിൽ പോയ കുഞ്ഞ് ഏറെനേരം കഴിഞ്ഞിട്ടും തിരികെ വരാതിരുന്നപ്പോൾ വീട്ടുകാർ അന്വേഷണം തുടങ്ങി. പിറ്റേന്നു കാലത്താണു ഗ്രാമത്തിലെ കാളിക്ഷേത്രത്തിനുസമീപം മൃതദേഹം കണ്ടെത്തിയത്. ദുർമന്ത്രവാദം നടന്നതായി ആരോപണം ഉയർന്നെങ്കിലും തിങ്കളാഴ്ച രാത്രി വൈകിയാണു പൊലീസ് കേസിന്റെ വിശദാംശങ്ങൾ പുറത്തുവിട്ടത്. പെൺകുട്ടിയുടെ കുടുംബത്തിന് 5 ലക്ഷം രൂപ യുപി സർക്കാർ സഹായധനം പ്രഖ്യാപിച്ചു.