India

ലണ്ടന്‍ ആസ്ഥാനമായി സംഘടിപ്പിക്കുന്ന യൂറോപ്പ് ഫിലിം ഫെസ്റ്റിവലില്‍ മലയാള ഹ്രസ്വ ചിത്രമായ ‘ആപ്പിള്‍’ ന് ചിത്രസംയോജനത്തിനു പ്രത്യേക ജൂറി പുരസ്‌കാരം. കണ്ണൂര്‍ സ്വദേശി പ്രിയ എസ് പിള്ളയ്ക്കാണ് പുരസ്‌കാരം ലഭിച്ചത്. കണ്ണൂര്‍ ഇരിട്ടി സ്വദേശിനിയാണ് പ്രിയ. വാഗമണ്‍ ഡി സി കോളേജിലെ മുന്‍ അധ്യാപികയായിരുന്ന പ്രിയ ആദ്യമായിയാണ് ഹ്രസ്വ ചിത്രത്തിന് ചിത്രസംയോജനം നിര്‍വ്വഹിക്കുന്നത്. ഒട്ടേറെ പുരസ്‌കാരങ്ങള്‍ കരസ്ഥമാക്കിയ ‘വാഫ്റ്റ് ‘ എന്ന ഹ്രസ്വ ചിത്രം സംവിധാനം ചെയ്ത വിഷ്ണു ഉദയനാണ് ‘ആപ്പിള്‍’ സംവിധാനം ചെയ്തിരിക്കുന്നത്.

‘പ്രിയ ആദ്യമായാണ് ഒരു ഷോര്‍ട്ട് ഫിലിം എഡിറ്റ് ചെയ്യുന്നത്. എന്നാല്‍ അതിന്റെ ഒരു പരിമിതിയും എഡിറ്റിങ്ങില്‍ ഉണ്ടായിട്ടില്ല. അവാര്‍ഡിന്റെ മാത്രമല്ല, ഈ ഷോര്‍ട്ട് ഫിലിം ഇപ്പോള്‍ കാണുന്ന രൂപത്തിലാക്കിയതിന്റെ മുഴുവന്‍ ക്രഡിറ്റും പ്രിയയ്ക്കാണ്. ഷൂട്ടിങ് സമയങ്ങളില്‍ വലിയ ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നു. പലതും വിചാരിച്ച പോലെ ഷൂട്ട് ചെയ്യാന്‍ കഴിഞ്ഞില്ല. അപ്പോഴെല്ലാം പ്രിയ തന്ന ആത്മവിശ്വാസം വലുതായിരുന്നു. സാരമില്ല നമുക്ക് എഡിറ്റ് ചെയ്തു ശരിയാക്കാം എന്നായിരുന്നു പ്രിയ ഓരോ തവണയും പറഞ്ഞുകൊണ്ടിരുന്നത്. ഇതിപ്പോള്‍ ആറ് ചലച്ചിചത്ര മേളയില്‍ ആപ്പിള്‍ എത്തിക്കഴിഞ്ഞു. ഇപ്പോള്‍ എഡിറ്റിങിന് ഒരു പരാമര്‍ശം ലഭിച്ചതില്‍ തന്നെ വലിയ സന്തോഷമുണ്ട്’. ആപ്പിളിന്റെ സംവിധായകന്‍ വിഷ്ണു ഉദയന്‍ പറയുന്നു.

‘ആപ്പിള്‍’ എന്ന പതിനഞ്ചു മിനിറ്റ് ധൈര്‍ഘ്യമുള്ള ഹ്രസ്വ ചിത്രം ആറ് മേളകളിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഹ്രസ്വ ചിത്രത്തില്‍ സുനില്‍കുമാറും ആമിയുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഇത്തവണത്തെ യൂറോപ്പ് ചലച്ചിത്രമേളയില്‍ പുരസ്‌കാരം നേടിയ രണ്ട് ഇന്ത്യന്‍ പടങ്ങളില്‍ ഒന്നാണ് ‘ആപ്പിള്‍’.

കൂടത്തായി കൊലപാതക കേസ് പ്രതി ജോളിക്ക് ജാമ്യം. ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. മറ്റ് കേസുകളിൽ ജാമ്യം അനുവദിക്കാത്തതിനാൽ ജോളിക്ക് പുറത്തിറങ്ങാൻ കഴിയില്ല. കൊലപാതക പരമ്പരയിലെ അന്നമ്മ തോമസ് വധക്കേസിലാണ് ജാമ്യം ലഭിച്ചത്. നേരത്തെ സിലി വധക്കേസിലും ജോളിക്ക് ജാമ്യം ലഭിച്ചിരുന്നു.

കൂടത്തായി പൊന്നാമറ്റം വീട്ടിൽ റോയ് തോമസിന്റെ സഹോദരൻ നൽകിയ പരാതിയിൽ നടത്തിയ അന്വേഷണമാണ് കേരളത്തെ ഞെട്ടിച്ച കൊലപാതക പരമ്പരയുടെ ചുരുളഴിച്ചത്. പൊന്നാമറ്റത്തെ സ്വത്ത് തട്ടിയെടുക്കാൻ റോയ് തോമസിന്റെ ഭാര്യയായിരുന്ന ജോളി വ്യാജ ഒസ്യത്ത് തയ്യാറാക്കിയതിന് എതിരെയുളള രഹസ്യ അന്വേഷണത്തിലാണ് കൊലപാതക പരമ്പരയുടെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തായാത്. അന്നമ്മ തോമസ്, ടോം തോമസ്, റോയ് തോമസ്, മഞ്ചാടിയിൽ മാത്യു, സിലി, സിലിയുടെ മകൾ രണ്ടര വയസുകാരി ആൽഫൈൻ എന്നിവരാണ് കൊല്ലപ്പെട്ടത്.

സജ്നയുടെ ബിരിയാണി തേടിയെത്തി നടൻ സന്തോഷ് കീഴാറ്റൂർ. തൊട്ടുപിന്നാലെ മുൻ മന്ത്രി കെ. ബാബു. ഇതിനൊപ്പം ബിരിയാണി വാങ്ങി പിന്തുണച്ച് വഴിയാത്രക്കാരും. അങ്ങനെ കേരളം ആ കണ്ണീരിന് മുന്നിൽ ഐക്യദാർഢ്യം പ്രകടിപ്പിക്കുകയാണ്. ബിരിയാണി വാങ്ങി കഴിക്കുകയും ഒരു പിടി സജ്നയ്ക്ക് നീട്ടുകയും ചെയ്താണ് സന്തോഷ് പിന്തുണ പ്രഖ്യാപിച്ചത്.

ഇതിനൊപ്പം വിൽപ്പനയ്ക്കും താരം ഒപ്പം കൂടി. ഇതിനിടയിലാണ് കെ.ബാബു സ്ഥലത്തെത്തുന്നതും സജ്നയോട് സംസാരിക്കുന്നതും. ട്രാൻസ്ജെന്റർ സമൂഹം നേരിടുന്ന അവഗണന ബാബുവിനോട് അവർ പങ്കുവച്ചു. വിഡിയോ കാണാം.

ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചർക്കും രമേശ് ചെന്നത്തലയ്ക്കും ജയസൂര്യയ്ക്കും നന്ദി പറഞ്ഞ് ഇന്നലെ സജ്ന ഫെയ്സ്ബുക്കിൽ വിഡിയോ പങ്കിട്ടിരുന്നു. കോട്ടയം സ്വദേശി സജ്ന ഷാജി 13 വർഷം മുൻപാണ് കൊച്ചിയിലെത്തുന്നത്. നിലനിൽപിനായി ട്രെയിനിൽ ഭിക്ഷയെടുത്ത് തുടങ്ങിയ ജീവിതം. വർഷങ്ങൾക്കിപ്പുറം ഒരാൾക്ക് മുന്നിലും കൈ നീട്ടാതെ അന്തസ്സായി ജോലിയെടുത്ത് ജീവിക്കുന്ന സജ്നയെ കോവിഡ് പ്രതിസന്ധിയും തളർത്തിയിരുന്നില്ല. കൂടെ ഉള്ളവരുടെ കൂടി പട്ടിണി അകറ്റാനാണ് മൂന്ന് മാസം മുൻപ് തൃപ്പുണിത്തുറ ഇരുമ്പനത്ത് വഴിയോര ബിരിയാണി കച്ചവടം തുടങ്ങിയത്. പരിസരത്ത് കച്ചവടം നടത്തിയവരാണ് സജ്നയുട ബിരിയാണി കച്ചവടം അവസാനിപ്പിക്കാൻ ലക്ഷ്യമിട്ടു ക്രൂരതക്ക് മുതിർന്നത്

കൊച്ചി: സ്വർണക്കടത്ത് കേസിലെ പ്രതികൾക്ക് അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സംഘവുമായി ബന്ധമുണ്ടെന്ന് എൻ.ഐ.എ. ഇതിന്റെ സൂചനകൾ ലഭിച്ചതായി അന്വേഷണസംഘം കോടതിയിൽ ബോധിപ്പിച്ചു.

കേസിലെ പ്രധാന പ്രതികളിലൊരാളായ കെ.ടി. റമീസ് വിദേശത്തുനിന്ന് ആയുധങ്ങൾ കേരളത്തിലേക്കു കടത്തിയിട്ടുണ്ട്. പ്രതികളുടെ ജാമ്യഹർജികളുടെ വാദത്തിനിടയിലാണ് എൻ.ഐ.എ. ഇക്കാര്യങ്ങൾ ബോധിപ്പിച്ചത്. പ്രതികളുടേത് ഗുരുതര ക്രിമിനൽ പ്രവൃത്തിയാണെന്നു നിരീക്ഷിച്ച കോടതി ഇവർക്കുമേൽ യു.എ.പി.എ. ചുമത്താനുള്ള കാര്യങ്ങൾ വിശദമാക്കാൻ ആവശ്യപ്പെട്ടു.

അന്വേഷണത്തിന്റെ ഭാഗമായി 90-ഓളം ഡിജിറ്റൽ തെളിവുകൾ ശേഖരിച്ചിട്ടുണ്ടെന്ന് എൻ.ഐ.എ. അറിയിച്ചു. ഇതിൽ 22 ഡിജിറ്റൽ ഉപകരണങ്ങളിൽനിന്നുള്ള രേഖകൾ മാത്രമേ തിരിച്ചെടുക്കാൻ സാധിച്ചിട്ടുള്ളൂ. കേസ് രജിസ്റ്റർ ചെയ്തശേഷവും ചില പ്രതികൾ തെളിവുകൾ നശിപ്പിക്കാൻ ശ്രമിച്ചു. അവ തിരിച്ചെടുക്കുന്നതിൽ ബുദ്ധിമുട്ട് നേരിടുന്നുണ്ടെന്നും എൻ.ഐ.എ. പറഞ്ഞു.

അതിഗുരുതര സ്വഭാവമുള്ള കേസായിട്ടുപോലും പിടിച്ചെടുത്ത ഡിജിറ്റൽ ഉപകരണങ്ങളുടെ ഫൊറൻസിക് പരിശോധനാഫലം സമയബന്ധിതമായി ലഭിക്കുന്നില്ലെന്ന്‌ പ്രോസിക്യൂട്ടർ കോടതിയെ അറിയിച്ചു. പരിശോധനാ ഫലത്തിനായി ഒരു മാസംമുമ്പ് അപേക്ഷ നൽകിയിട്ടും ഇതുവരെ റിപ്പോർട്ട് ലഭിച്ചില്ലെന്നും പ്രോസിക്യൂട്ടർ ധരിപ്പിച്ചു.

യു.എ.ഇ., ടാൻസാനിയ എന്നിവിടങ്ങളിലും ആഴത്തിൽ അന്വേഷണം നടത്തേണ്ട കേസാണിത്. ഇതിനാവശ്യമായ സമയം ലഭിക്കണം. ഈ സാഹചര്യത്തിൽ പ്രതികൾക്ക്‌ ജാമ്യം നൽകരുതെന്ന് എൻ.ഐ.എ. പ്രോസിക്യൂട്ടർ അർജുൻ അമ്പലപ്പറ്റ അഭ്യർഥിച്ചു. കേസിലെ 10 പ്രതികൾ സമർപ്പിച്ച ജാമ്യാപേക്ഷകളിൽ വ്യാഴാഴ്ച വാദം തുടരും.

ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. അമ്മയെ ഷാളു കൊണ്ട് കെട്ടിത്തൂക്കിയതിനു പിന്നാലെ മകന്‍ തൂങ്ങിമരിച്ചു. വൈക്കം ചെമ്ബ് മത്തുങ്കല്‍ ആശാരിത്തറയില്‍ പരേതനായ തങ്കപ്പന്റെ ഭാര്യ 70 വയസുള്ള കാര്‍ത്ത്യായനിയാണ് കൊല്ലപ്പെട്ടത്.

ല്‍പ്പത്തിയഞ്ച് വയസുള്ള മകന്‍ ബിജുവാണ് അമ്മയെ കട്ടിലില്‍ ഷാളു കൊണ്ട് കഴുത്തു ഞെരുക്കി കൊന്നത്. അമ്മയെ കൊന്നതിനു പിന്നാലെ ബിജു തൂങ്ങിമരിക്കുകയും ചെയ്തു. പണിക്കു പോയ സിജു ഉച്ചയ്ക്ക് ഭക്ഷണം കഴിക്കുന്നതിനായി വീട്ടിലെത്തിയപ്പോഴാണ് അമ്മയെ കട്ടിലില്‍ മരിച്ചുകിടക്കുന്ന നിലയില്‍ കണ്ടെത്തിയത്. അടുത്ത മുറിയില്‍ തന്നെ ബിജുവിനെ തൂങ്ങിമരിച്ച നിലയിലും കണ്ടെത്തി.

മൃതദേഹങ്ങള്‍ കണ്ട് സിജു അലമുറയിട്ടതു കേട്ട് അയല്‍ക്കാര്‍ ഓടിയെത്തുകയായിരുന്നു. സംഭവം അറിഞ്ഞ് പൊലീസും ഉടന്‍ തന്നെ സ്ഥലത്തെത്തി. പക്ഷേ,അപ്പോഴേക്കും ഇരുവരുടെയും മരണം സംഭവിച്ചിരുന്നു. അഞ്ച് മക്കള്‍ ഉള്‍പ്പെടുന്ന കുടുംബമായിരുന്നു ഇത്. വളരെ സന്തോഷത്തോടെയും സമാധാനത്തോടെയും ആയിരുന്നു കുടുംബം മുന്നോട്ട് പോയിരുന്നത്. എന്നാല്‍ കഴിഞ്ഞ കുറച്ചു നാളുകളായി ബിജു മദ്യത്തിനടിമ ആയിരുന്നു.

തുടര്‍ന്ന്പണിക്ക് പോകുന്നതും നിര്‍ത്തി. വീട്ടുമുറ്റത്തു നിന്ന മരം കഴിഞ്ഞയിടെ വെട്ടി വിറ്റിരുന്നു. ഇതിന്റെ പണം അമ്മയോട്ബിജു ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, പണം നല്‍കാന്‍ അമ്മ തയ്യാറാകാതിരുന്നത് കൊലപാതകത്തിലേക്ക് നയിച്ചെന്നാണ്കരുതുന്നതെന്ന് പൊലീസ് പറഞ്ഞു. ബിജു മദ്യത്തിന് അടിമപ്പെട്ടതോടെ കുടുംബത്തില്‍ പ്രശ്നങ്ങള്‍ ആരംഭിക്കുകയായിരുന്നു.

ജ്ഞാനപീഠം ജേതാവ്‌ മഹാകവി അക്കിത്തം അച്യുതന്‍ നമ്പൂതിരി വിടവാങ്ങി. 94 വയസ്സായിരുന്നു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന്‌ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിരിക്കെ വ്യാഴാഴ്ച രാവിലെ 8.10 ഓടെയാണ് അന്ത്യം സംഭവിച്ചത്‌.

പാലക്കാട് ജില്ലയിലെ കുമരനല്ലൂരിലെ അമേറ്റൂര്‍ അക്കിത്തത്ത് മനയില്‍ 1926 മാര്‍ച്ച് 18ന് അക്കിത്തത്ത് വാസുദേവന്‍ നമ്പൂതിരിയും ചേകൂര്‍ മനയ്ക്കല്‍ പാര്‍വ്വതി അന്തര്‍ജ്ജനത്തിന്റേയും മകനായാണ് അക്കിത്തത്തിന്റെ ജനനം. ചെറുപ്പത്തില്‍ തന്നെ സംസ്‌കൃതത്തിലും സംഗീതത്തിലും ജ്യോതിഷത്തിലും അവഗാഹം നേടിയ അദ്ദേഹം 1946 മുതല്‍ മൂന്നു കൊല്ലം ഉണ്ണിനമ്പൂതിരിയുടെ പ്രസാധകനായി. ഉണ്ണിനമ്പൂതിരിയിലൂടെ സമുദായ പ്രവര്‍ത്തനത്തിലേക്ക് ഇറങ്ങിയ അദ്ദേഹം മംഗളോദയം, യോഗക്ഷേമം എന്നിവയുടെ സഹ പത്രാധിപരായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 1956 മുതല്‍ കോഴിക്കോട് ആകാശവാണി നിലയത്തില്‍ സ്‌ക്രിപ്റ്റ് എഴുത്തുകാരനായി പ്രവര്‍ത്തിച്ച അദ്ദേഹം 1975ല്‍ ആകാശവാണി തൃശ്ശൂര്‍ നിലയത്തില്‍ എഡിറ്ററായും ചുമതല വഹിച്ചിട്ടുണ്ട്. 1985ല്‍ ആകാശവാണിയില്‍ നിന്ന് വിരമിച്ചു.

കവിതകളും നാടകവും ചെറുകഥകളും ഉപന്യാസങ്ങളുമായി 46 ഓളം കൃതികള്‍ മഹാകവി അക്കിത്തത്തിന്റെ സംഭാവനയായി മലയാളത്തിന് ലഭിച്ചിട്ടുണ്ട്. ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം, ഭാഗവതം, നിമിഷ ക്ഷേത്രം, വെണ്ണക്കല്ലിന്റെ കഥ, ബലിദര്‍ശനം, മനസ്സാക്ഷിയുടെ പൂക്കള്‍, അക്കിത്തത്തിന്റെ തിരഞ്ഞെടുത്ത കവിതകള്‍, നിമിഷ ക്ഷേത്രം, പഞ്ചവര്‍ണ്ണക്കിളി, അരങ്ങേറ്റം, മധുവിധു, ഒരു കുല മുന്തിരിങ്ങ, ഇടിഞ്ഞു പൊളിഞ്ഞ ലോകം, അമൃതഗാഥിക, കളിക്കൊട്ടിലില്‍, സമത്വത്തിന്റെ ആകാശം, കരതലാമലകം, ആലഞ്ഞാട്ടമ്മ, പ്രതികാരദേവത, മധുവിധുവിനു ശേഷം, സ്പര്‍ശമണികള്‍, അഞ്ചു നാടോടിപ്പാട്ടുകള്‍, മാനസപൂജ എന്നിവയാണ് പ്രധാനകൃതികള്‍. ഉപനയനം, സമാവര്‍ത്തനം എന്നീ ഉപന്യാസങ്ങളും അദ്ദേഹത്തിന്റേതായി പുറത്തുവന്നിട്ടുണ്ട്.

ബലിദര്‍ശനം എന്നകൃതിക്ക് 1972 ല്‍ കേരള സാഹിത്യഅക്കാദമി അവാര്‍ഡ് ലഭിച്ചു. 1973 ലെ കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ്, 1974 ലെ ഓടക്കുഴല്‍ അവാര്‍ഡ്, സഞ്ജയന്‍ പുരസ്‌കാരം, പത്മപ്രഭ പുരസ്‌കാരം, അമൃതകീര്‍ത്തി പുരസ്‌കാരം, സമഗ്രസംഭാവനയ്ക്കുള്ള 2008 ലെ എഴുത്തച്ഛന്‍ പുരസ്‌കാരം , 2008 ലെ മാതൃഭൂമി സാഹിത്യ പുരസ്‌കാരം, 2012ലെ വയലാര്‍ അവാര്‍ഡ്, 2016ലെ എഴുത്തച്ഛന്‍ പുരസ്‌കാരം, 2017ലെ പത്മശ്രീ പുരസ്‌കാരം, ജ്ഞാനപീഠ സമിതിയുടെ മൂര്‍ത്തിദേവി പുരസ്‌കാരം തുടങ്ങിയവ മഹാകവി അക്കിത്തത്തിന് ലഭിച്ചിട്ടുണ്ട്.

പതിറ്റാണ്ടുകള്‍ നീണ്ട മഹത്തായ കാവ്യജീവിതത്തിനൊടുവില്‍ 2019 ലെ ജ്ഞാനപീഠ പുരസ്‌കാരം മലയാളത്തിന്റെ മഹാകവിയെ തേടിയെത്തുകയായിരുന്നു. അതോടെ ജ്ഞാനപീഠം നേടുന്ന ആറാമത്തെ മലയാളി എഴുത്തുകാരനുമായി അക്കിത്തം മാറി. കോവിഡ് വ്യാപനം മൂലം ലളിതമായി സംഘടിപ്പിച്ച ചടങ്ങില്‍ ഭാരതത്തിലെ ഏറ്റവും മഹത്തായ പുരസ്‌കാരം ഏറ്റുവാങ്ങി ദിവസങ്ങള്‍ പിന്നിടുമ്പോഴാണ് മലയാളത്തിന്റെ ഇതിഹാസ കവി വിടവാങ്ങുന്നത്.

കാണാതായ പത്താം ക്ലാസ് വിദ്യാര്‍ഥിനിയുടെ മൃതദേഹം കടല്‍ തീരത്ത് നിന്ന് കണ്ടെത്തി. തളിക്കുളം തമ്പാന്‍ കടവ് ഇസ്‌കാക്കിരി ഗണേശന്റെ മകള്‍ നന്ദനയുടെ (15) മൃതദേഹമാണ് കണ്ടെത്തിയത്.

തളിക്കുളം സ്‌നേഹതീരം പാര്‍ക്കിന് സമീപത്തെ കടല്‍ഭിത്തിക്ക് ഇടയില്‍ നിന്നാണ് ബുധനാഴ്ച രാവിലെയോടെ മൃതദേഹം കണ്ടെത്തിയത്. മത്സ്യത്തൊഴിലാളികളാണ് രാവിലെ മൃതദേഹം കണ്ടത്. കഴിഞ്ഞ ദിവസം പുലര്‍ച്ചെയോടെ വീട്ടില്‍ നിന്നും നന്ദനയെ കാണാതാവുകയായിരുന്നു.

ആഭരണങ്ങള്‍ മുഴുവന്‍ അഴിച്ചുവെച്ചാണ് നന്ദന വീട്ടില്‍ നിന്ന് പോയത്. പിതാവിന്റെ മദ്യപാനത്തെ തുടര്‍ന്നാണ് മരിക്കുന്നത് എന്ന് എഴുതി വെച്ച കുറിപ്പ് ഡയറിയില്‍ നിന്ന് പൊലീസ് കണ്ടെത്തി. തൃത്തല്ലൂര്‍ കമലാ നെഹ്‌റു മെമ്മോറിയല്‍ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിനിയാണ് നന്ദന.

വിജയവാഡ: ആന്ധ്രപ്രദേശിൽ നഴ്സായ യുവതിയെ മുൻ കാമുകൻ തീകൊളുത്തി. ഗുരുതരമായി പൊള്ളലേറ്റ യുവതിയും മുൻകാമുകനും മരിച്ചു. വിജയവാഡ ഹനുമാൻപേട്ടിൽ തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം.

കോവിഡ് കെയർ സെന്ററിലെ നഴ്സായ ചിന്നാരി(24) മുൻ കാമുകൻ ജി. നാഗഭൂഷണം(25) എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച രാത്രി ചിന്നാരി കോവിഡ് സെന്ററിൽനിന്ന് മടങ്ങുന്നതിനിടെയാണ് യുവാവ് തീകൊളുത്തിയത്. റോഡിൽവെച്ച് ചിന്നാരിയും നാഗഭൂഷണവും തമ്മിൽ ആദ്യം വാക്കേറ്റമുണ്ടായിരുന്നു. ഇതിനുപിന്നാലെയാണ് യുവാവ് കൈയിൽ കരുതിയ മണ്ണെണ്ണ യുവതിയുടെ ദേഹത്ത് ഒഴിച്ച് തീകൊളുത്തിയത്. എന്നാൽ ശരീരത്തിൽ തീപടർന്നതോടെ യുവതി നാഗഭൂഷണത്തെ പിടിച്ചുവെച്ച് തന്റെ ശരീരത്തോട് ചേർത്തുപിടിച്ചു. ഇതോടെ യുവാവിനും ഗുരുതരമായി പൊള്ളലേറ്റു. ചിന്നാരി സംഭവസ്ഥലത്തുവെച്ചും 80 ശതമാനത്തോളം പൊള്ളലേറ്റ നാഗഭൂഷണം ആശുപത്രിയിലുമാണ് മരിച്ചത്.

ഇരുവരും തമ്മിൽ കഴിഞ്ഞ രണ്ട് വർഷമായി പ്രണയത്തിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. മാതാപിതാക്കളുടെ നിർബന്ധം കാരണം യുവതി അടുത്തിടെ ബന്ധത്തിൽനിന്ന് പിന്മാറി. എന്നാൽ നാഗഭൂഷണം യുവതിയെ ശല്യം ചെയ്യുന്നത് തുടർന്നു. തന്നോടൊപ്പം ഒളിച്ചോടാനും യുവതിയെ നിർബന്ധിച്ചു. ശല്യം രൂക്ഷമായതോടെ രണ്ടുമാസം മുമ്പ് മുൻകാമുകനെതിരേ പരാതി നൽകി. തുടർന്ന് പോലീസ് ഇയാളെ വിളിച്ചുവരുത്തി താക്കീത് ചെയ്തു. ഇനി ശല്യം ചെയ്യില്ലെന്ന ഉറപ്പിന്മേലാണ് യുവതി പരാതി പിൻവലിച്ചത്. എന്നാൽ ഇതിനുശേഷം യുവാവ് ഏറെ വിഷമത്തിലായിരുന്നുവെന്നും ഇതാണ് ആക്രമണത്തിലേക്ക് നയിച്ചതെന്നും പോലീസ് പറഞ്ഞു.

കർഷക പ്രക്ഷോഭം പരിഹരിക്കുന്നതിന്‍റെ ഭാഗമായി കേന്ദ്ര സർക്കാർ വിളിച്ചു ചേർത്ത യോഗത്തിൽ കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിങ് തോമർ പങ്കെടുത്തില്ല. ഇതേതുടർന്ന് കർഷകർ യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയി. വിവാദമായ കാർഷിക നിയമത്തിന്‍റെ പകർപ്പുകൾ കർഷകർ മന്ത്രാലയത്തിനകത്ത് കീറിയെറിയുകയും മുദ്രാവാക്യം മുഴക്കുകയും ചെയ്തു.

കൃഷിമന്ത്രിക്ക് പകരം കേന്ദ്ര കാർഷിക സെക്രട്ടറിയാണ് യോഗത്തിൽ പങ്കെടുത്തത്. എന്നാൽ, കൃഷി മന്ത്രി പങ്കെടുത്താൽ മാത്രമേ യോഗവുമായി മുന്നോട്ടുപോകൂവെന്ന് കർഷകർ നിലപാടെടുക്കുകയായിരുന്നു. കാർഷിക നിയമത്തിനെതിരായ പ്രക്ഷോഭം ശക്തമാക്കുമെന്നും കർഷകർ വ്യക്തമാക്കി.

കർഷകനെ കുത്തകകളുടെ അടിമയാക്കുന്ന വിവാദ കാർഷിക നിയമങ്ങൾക്കെതിരെ പഞ്ചാബ്, ഹരിയാന തുടങ്ങിയ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ശക്തമായ പ്രക്ഷോഭം തുടരുകയാണ്. കേന്ദ്ര സർക്കാർ കർഷകരുടെ പ്രശ്നങ്ങളെ അതീവ ലാഘവത്തോടെയാണ് കാണുന്നതെന്ന് ചൂണ്ടിക്കാട്ടി ഒരുവിഭാഗം കർഷക സംഘടനകളുടെ കൂട്ടായ്മ നേരത്തെ ചർച്ചക്ക് പങ്കെടുക്കാനില്ലെന്ന് അറിയിച്ചിരുന്നു.

ന്യൂഡൽഹി. ആളോഹരി ജിഡിപിയിൽ ഇന്ത്യ ബംഗ്ലദേശിനും താഴെപ്പോകുമെന്ന് രാജ്യാന്തര നാണയ നിധി (ഐഎംഎഫ്). ജിഡിപിയിൽ 10.3% ഇടിവു രേഖപ്പെടുത്തുമെന്നാണ് ഐഎംഎഫ് ചൊവ്വാഴ്ച പുറത്തുവിട്ട ‘വേൾഡ് ഇക്കണോമിക് ഔട്ട്ലുക്ക്’ റിപ്പോർട്ടിൽ പറയുന്നത്.  ജിഡിപിയിലെ ഈ കയറ്റി ഇറക്കം രൂപയുടെ മൂല്യത്തെ സാരമായി ബാധിക്കും. രൂപയുടെ മൂല്യം കുറയുന്നത് യുകെ മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസികൾക്ക് നേട്ടമായി തീരും

ഈ സാമ്പത്തിക വർഷം അവസാനിക്കുന്ന 2021 മാർച്ച് 31 ആകുമ്പോൾ ഇന്ത്യയുടെ ആളോഹരി ജിഡിപി 1877 യുഎസ് ഡോളർ ആയി ഇടിയുമെന്നാണ് പ്രവചനം. ജൂണിലെ പ്രവചനത്തിൽ 4.5% ഇടിവുണ്ടാകുമെന്നു മാത്രമാണ് പറഞ്ഞിരുന്നത്. അതേസമയം, ബംഗ്ലദേശിന്റെ ആളോഹരി ജിഡിപി 1888 യുഎസ് ഡോളറായി വർധിക്കുമെന്നും ഐഎംഎഫിന്റെ റിപ്പോർട്ടിൽ പറയുന്നു.

എന്നാൽ ഏഷ്യയിലെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായ ഇന്ത്യ 2021ൽ 8.8% വളർച്ച നേടി തിരിച്ചെത്തുമെന്നും അങ്ങനെ പെട്ടെന്നു വളരുന്ന സമ്പദ്‌വ്യവസ്ഥയായി ഇന്ത്യ മാറുമെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. നിലവിൽ ചൈനയ്ക്ക് 8.2% വളർച്ചയാണ് പ്രവചിച്ചിരിക്കുന്നത്. ഇതിനെയും മറികടന്നായിരിക്കും ഇന്ത്യയുടെ വളർച്ചയെന്നും റിപ്പോർട്ടിൽ പറയുന്നു.

ആഗോള തലത്തിൽ സമ്പദ്‌വ്യവസ്ഥ ഈ വർഷം 4.4% ചുരുങ്ങുമെന്നും 2021ൽ 5.2 ശതമാനമായി വർധിക്കുമെന്നും ഐഎംഎഫ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

RECENT POSTS
Copyright © . All rights reserved