India

ഡിപ്ലോമാറ്റിക് ബാഗേജിലൂടെ സ്വര്‍ണക്കടത്ത് നടത്തിയ സംഭവത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച മുഖ്യ കണ്ണികളിലൊരാളെക്കുറിച്ച് അന്വേഷകര്‍ക്ക് വിവരം കിട്ടിയതായി റിപ്പോര്‍ട്ട്. തിരുവനന്തപുരം കോണ്‍സുലേറ്റിലെ മുന്‍ ജീവനക്കാരിയായ സ്വപ്ന സുരേഷിനും ഈ ഇടപാടില്‍ പങ്കാളിത്തമുണ്ടെന്ന് നിലവില്‍ അന്വേഷകരുടെ പിടിയിലുള്ള സരിത്ത് വെളിപ്പെടുത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. സ്വപ്നം ഇപ്പോള്‍ ഒളിവിലാണ്. ഇവരാണ് സ്വര്‍ണക്കടത്തിന്റെ മുഖ്യ ആസൂത്രകയെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നുണ്ട്.

ഒരു ഇടപാട് വിജയകരമായി പൂര്‍ത്തിയാക്കിയാല്‍ ഇരുവര്‍ക്കും 25 ലക്ഷം രൂപ വരെ ലഭിച്ചിരുന്നെന്നാണ് വിവരം. നേരത്തെയും പലതവണ ഇവര്‍ ഡിപ്ലോമാറ്റിക് ബാഗേജുകളില്‍ നിറച്ച് സ്വര്‍ണം കടത്തിയിരുന്നെന്നും സൂചനകളുണ്ട്. സ്വപ്ന നിലവിൽ സംസ്ഥാന ഐ.ടി വകുപ്പിന് കീഴിലുള്ള സ്ഥാപനമായ കേരള സ്റ്റേറ്റ് ഇൻഫർമേഷൻ ടെക്നോളജി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡില്‍ (KSITIL) ജോലി ചെയ്തു വരികയായിരുന്നു. സ്ഥാപനത്തില്‍ ഓപ്പറേഷൻസ് മാനേജരാണ് സ്വപ്ന. ഐടി മേഖലയില്‍ മുന്‍പരിചയമില്ലാത്ത സ്വപ്ന എങ്ങനെ ഈ പദവിയിലെത്തിയെന്നതിലും ദുരൂഹതയുണ്ട്. ഈ സ്ഥാപനത്തിലെത്തി മാസങ്ങൾക്കകം തന്നെ സ്പേസ് പാർക്ക് പ്രോജക്ട് മാനേജരായി മാറി. സ്വപ്നയുടെ കരാര്‍ കാലാവധി അവസാനിച്ചിട്ടും ഇവര്‍ സ്ഥാപനത്തില്‍ തുടരുന്നത് സ്പേസ് പാര്‍ക്കിന്റെ ചുമതലയുള്ളതു കൊണ്ടാണെന്നാണ് ഐടി വകുപ്പിന്റെ വിശദീകരണം.

നേരത്തെ കോണ്‍സുലേറ്റില്‍ ജോലി ചെയ്തിരുന്ന സരിത്തിനെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടിരുന്നു. ചില വഴിവിട്ട ബന്ധങ്ങളുടെ പുറത്തായിരുന്നു പിരിച്ചുവിടലെന്നാണ് വിവരം. എങ്കിലും കോണ്‍സുലേറ്റിലെ പിആര്‍ഒ എന്ന നിലയിലാണ് ഇയാള്‍ അറിയപ്പെട്ടിരുന്നത്. കോണ്‍സുലേറ്റിലെ ചില ജീവനക്കാരുമായുള്ള ബന്ധം മുതലെടുത്ത് നിരവധി പേരെ കബളിപ്പിച്ചതായും റിപ്പോര്‍ട്ടുണ്ട്. യുഎഇ കോൺസുലേറ്റിന്റെ പേരിൽ തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തുന്ന പല ബാഗേജുകളും സരിത് കൈപ്പറ്റിയിരുന്നു. വിമാനത്താവളത്തിനു പുറത്തേക്ക് ബാഗേജ് എത്തിക്കുകയെന്ന ചുമതലയാണ് സരിത്തിനുണ്ടായിരുന്നത്.

കൊല്ലം ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു എക്സ്പോർട്ടിംഗ് കമ്പനിയും സ്വർണക്കടത്തിന് പിന്നിൽ പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും വിവരമുണ്ട്.അതെസമയം സ്വപ്ന സുരേഷിനെ ഐടി വകുപ്പ് പിരിച്ചുവിട്ടതായി മാധ്യമം ഓണ്‍ലൈന്‍ പോര്‍ട്ടല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

സ്വപ്നയും സരിത്തും ചേര്‍ന്ന് 2019 മുതല്‍ 100 കോടിയിലേറെ രൂപയുടെ സ്വര്‍ണം കടത്തിയെന്നാണ് സരിത്തിന്റെ മൊഴികളില്‍ നിന്നും കസ്റ്റംസ് ഉദ്യോഗസ്ഥര്‍ മനസ്സിലാക്കുന്നത്. ആര്‍ക്കാണ് സ്വര്‍ണം എത്തിച്ചേരുന്നതെന്ന് സരിത്തിന് അറിയില്ല. സ്വര്‍ണം വിമാനത്താവളത്തിനു പുറത്തെത്തിക്കുന്നതോടെ തന്റെ ജോലി കഴിയുന്നുവെന്നാണ് സരിത്തിന്റെ വിശദീകരണം. സ്വപ്ന എയർപോർട്ട് ഉദ്യോഗസ്ഥരുമായി നടത്തിയ ഫോൺ സംഭാഷണത്തിന്റെയും വാട്സ്ആപ് ചാറ്റിന്റെയും വിവരങ്ങൾ കസ്റ്റംസിന് ലഭിച്ചിട്ടുണ്ട്. ഐ.ബി, റോ ഉദ്യോഗസ്ഥർ സരിത്തിനെ ചോദ്യം ചെയ്യുകയാണ്.

അഞ്ച് പേരെ ഉപയോഗിച്ചാണ് ഈ സ്വര്‍ണക്കടത്ത് നടത്തിയിരുന്നതെന്നാണ് വിവരം. ഇവരിലൊരാളാണ് സ്വപ്ന സുരേഷ്.ഞായറാഴ്ചയാണ് വിമാനത്താവളത്തിലെ ഡിപ്ലോമാറ്റിക് ബാഗേജിലൊളിപ്പിച്ച 30 കിലോ സ്വര്‍ണം കസ്റ്റംസ് പിടികൂടിയത്. നയതന്ത്ര ഉടമ്പടി പ്രകാരം കോണ്‍സുലേറ്റിലേക്ക് വരുന്ന ഡിപ്ലോമാറ്റിക് ബാഗേജുകള്‍ പരിശോധിക്കാന്‍ പാടില്ല. ഇനി പരിശോധിക്കണമെങ്കില്‍ കേന്ദ്ര അനുമതി നിര്‍ബന്ധമാണ്. കൂടാതെ കോണ്‍സുലേറ്ററുടെ സാന്നിധ്യത്തില്‍ മാത്രമേ ഇത്തരമൊരു പരിശോധന നടത്താനാകൂ. കഴിഞ്ഞദിവസം നടത്തിയ പരിശോധനയും കോണ്ഡസലേറ്ററുടെ സാന്നിധ്യത്തിലായിരുന്നു.

മുംബൈ: കോവിഡ് 19 പശ്ചാത്തലത്തില്‍ വെളിച്ചെണ്ണയുടെ ഗുണഗണങ്ങള്‍ വീണ്ടും ആരോഗ്യമേഖലയില്‍ ചര്‍ച്ചയാവുന്നു. രാജ്യത്തെ പ്രശസ്തമായ മെഡിക്കല്‍ ജേണലുകളിലൊന്നായ ജേണല്‍ ഓഫ് അസോസിയേഷന്‍ ഓഫ് ഫിസീഷ്യന്‍സിലാണ് വെളിച്ചെണ്ണയുടെ ആരോഗ്യവശങ്ങളെ പ്രതിപാദിക്കുന്ന ലേഖനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

രോഗാണുക്കള്‍ക്കെതിരെയുള്ള വെളിച്ചെണ്ണയുടെ ഇമ്മ്യൂണോമോഡുലേഷന്‍ ഗുണങ്ങളെ കുറിച്ചാണ് അവലോകനം. വെളിച്ചെണ്ണയില്‍ പൂരിത ഫാറ്റി ആസിഡായ ലോറിക് ആസിഡ് അടങ്ങിയിട്ടുണ്ടെന്ന് അവലോകനത്തിന്റെ പ്രധാന രചയിതാക്കളിലൊരാളായ ഡോ. ശശാങ്ക് ജോഷി പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ കോവിഡ് ടാസ്‌ക്‌ഫോഴ്‌സിലെ അംഗവും ഇന്ത്യന്‍ കോളേജ് ഓഫ് ഫിസീഷ്യന്‍സിലെ ഡീനുമാണ് ഡോ.ജോഷി.

കോവിഡ് 19 അല്ല വെളിച്ചെണ്ണയെ കുറിച്ചുളള പുതിയ പഠനത്തിലേക്ക് നയിച്ചതെന്നും എന്നാല്‍ വെളിച്ചെണ്ണ ധാരാളമായി ഉപയോഗിക്കുന്ന മലയാളികള്‍ക്ക് കോവിഡ് 19-നെ പ്രതിരോധിക്കാന്‍ ഒരു പരിധിവരെ സാധിക്കുന്നുണ്ടെന്നും ഡോ.ജോഷി ചൂണ്ടിക്കാട്ടി.

എന്നാല്‍ കോവിഡിനെ പ്രതിരോധിക്കാന്‍ വെളിച്ചെണ്ണയ്ക്ക് സാധിക്കുമെന്ന വാദത്തെ എതിര്‍ത്തും ചില ഡോക്ടര്‍മാര്‍ രംഗത്തെത്തിയിട്ടുണ്ട്. കോവിഡ് 19 പോലെയുള്ള മഹാമാരിയില്‍നിന്ന് വെളിച്ചെണ്ണ സംരക്ഷിക്കുമെന്ന് പറയുന്നതിന് യാതൊരു അടിസ്ഥാനവുമില്ലെന്നാണ് അവരുടെ വാദം. പ്രതിരോധശേഷി വര്‍ധിപ്പിക്കാനായി കോവിഡ് രോഗികള്‍ക്ക് നല്‍കുന്ന സിങ്ക് വെളിച്ചെണ്ണയില്‍ അടങ്ങിയിട്ടുണ്ടെന്നുള്ളത് ശരിയാണെന്നും എന്നാല്‍ വെളിച്ചെണ്ണയിലടങ്ങിയിരിക്കുന്ന ഇവ മനുഷ്യശരീരത്തിന് എത്രമാത്രം ആഗിരണം ചെയ്യാന്‍ സാധിക്കുമെന്ന് അറിയില്ലെന്നും ഡല്‍ഹിയിലെ ഒരു ഡോക്ടര്‍ പറയുന്നു.

വെളിച്ചെണ്ണയ്ക്ക് പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സാധിക്കുമെങ്കില്‍ അത് വളരെ നല്ലതാണെന്നും എന്നാല്‍ വളരെ കുറച്ച് ഡേറ്റവെച്ച് അത്തരമൊരു നിഗമനത്തിലെത്തിച്ചേരാന്‍ കഴിയില്ലെന്നും എന്‍ഡോക്രിനോളജിസ്റ്റ് ഡോ. അനൂപ് മിശ്ര പറഞ്ഞു

കുവൈത്ത് സിറ്റി∙ കരട് പ്രവാസി ക്വോട്ട ബിൽ ഭരണഘടനാപരമാണെന്ന് ദേശീയ അസംബ്ലിയുടെ നിയമ, നിയമനിർമാണ സമിതി അംഗീകരിച്ചു. ബിൽ അതാത് കമ്മിറ്റിക്ക് കൈമാറേണ്ടതിനാൽ സമഗ്രമായ ഒരു പദ്ധതി തയാറാക്കാനും തീരുമാനിച്ചു.

ഇതുപ്രകാരം വിദേശി ജനസംഖ്യ, സ്വദേശി ജനസംഖ്യക്ക് സമാനമായി പരിമിതപ്പെടുത്തും. ഇതോടെ ഇന്ത്യൻ ജനസംഖ്യ 15 ശതമാനത്തിൽ കൂടാൻ അനുവദിക്കില്ല. ഫലത്തിൽ കുവൈത്തിൽനിന്ന് 8 ലക്ഷത്തോളം ഇന്ത്യക്കാർ ഒഴിവാക്കപ്പെടുമെന്നാണ് കരുതുന്നത്. 14.5 ലക്ഷം ഇന്ത്യക്കാരാണ് ഇവിടെയുള്ളത്.

കുവൈത്തിലെ ഏറ്റവും വലിയ പ്രവാസി സമൂഹം ഇന്ത്യക്കാരാണ്. കോവിഡിന്റെ ആരംഭഘട്ടത്തിൽ രാജ്യത്തെ ഒട്ടേറെ നിയമവിദഗ്ധരും സർക്കാർ ഉന്നതോദ്യോഗസ്ഥരും കുവൈത്തിലെ വർധിച്ച പ്രവാസി സാന്നിധ്യത്തിനെതിരെ ശബ്ദമുയർത്തിയിരുന്നു.

കഴിഞ്ഞ മാസം കുവൈത്ത് പ്രധാനമന്ത്രി ഷെയ്ഖ് സബാഹ് അൽ ഖാലിദ് അൽ സബാഹ് രാജ്യത്തെ ആകെ ജനസംഖ്യയിൽനിന്ന് പ്രവാസികളുടെ എണ്ണം 70 ശതമാനത്തിൽനിന്ന് 3 ശതമാനമാക്കാൻ ആഹ്വാനവും ചെയ്യുകയുമുണ്ടായി. കുവൈത്തിലെ നിലവിലെ ജനസംഖ്യ 43 ലക്ഷമാണ്. ഇതിൽ 13 ലക്ഷം സ്വദേശികളും 30 ലക്ഷം വിദേശികളുമാണുള്ളത്.

മകൻ മരിച്ചതോടെ ഒറ്റയ്ക്കായ മരുമകളെ വിവാഹം ചെയ്ത് ഭർതൃപിതാവ്. ഛത്തീസ്ഗഡിലെ ബിലാസ്പുരിലാണ് യുവതിയുടേയും സമുദായാംഗങ്ങളുടേയും സമ്മതത്തോടെ വിവാഹം നടന്നത്. കൃഷ്ണസിങ് രാജ്പുത് എന്ന മധ്യവയസ്‌കനാണ് മകന്റെ വിധവയായ ആരതി എന്ന 22കാരി യുവതിയെ വിവാഹം ചെയ്തത്.

2016 ലായിരുന്നു അന്ന് 18 വയസുകാരിയായിരുന്ന ആരതിയും കൃഷ്ണസിങിന്റെ മകനായ ഗൗതം സിങും തമ്മിലുള്ള വിവാഹം. രണ്ട് വർഷം കഴിഞ്ഞ് 2018ൽ ഗൗതം മരണമടഞ്ഞു. തുടർന്ന് കഴിഞ്ഞ രണ്ട് വർഷമായി ഭർതൃപിതാവിൻറെ സംരക്ഷണയിൽ കഴിഞ്ഞുവരികയായിരുന്നു യുവതി. പിന്നീട് വിധവകളുടെ പുനർവിവാഹം നടത്തുന്നതിൽ എതിർപ്പില്ലാത്ത ഇവരുൾപ്പെട്ട രാജ്പുത് ക്ഷത്രിയ മഹാസഭ യുവതിയുടെ ഭാവി ജീവിതത്തിൽ ആശങ്ക അറിയിച്ച് രംഗത്തെത്തിയിരുന്നു. തുടർന്നുള്ള ചർച്ചകളിലാണ് വിവാഹക്കാര്യത്തിൽ തീരുമാനമായത്.

ആരതിയുടെ വിവാഹം നടത്താൻ ആലോചനകൾ ആരംഭിക്കുകയും ഇതിനായി സംഘടന പ്രസിഡന്റ് ഹോരി സിങ് ദൗദിന്റെ നേതൃത്വത്തിൽ ചർച്ചയും നടത്തിയിരുന്നു. ഈ ചർച്ചയ്ക്കിടെ ആരതിയെ വിവാഹം ചെയ്യാൻ തയ്യാറാണെന്ന് ഭർതൃപിതാവായ കൃഷ്ണ സിങ് അറിയിച്ചു. ആരതിയും സമ്മതം അറിയിച്ചതോടെ സംഘടന അംഗങ്ങളുടെ നേതൃത്വത്തിൽ ആചാരപൂർവം വിവാഹച്ചടങ്ങുകൾ നടത്തുകയായിരുന്നു.

കൊവിഡ് പശ്ചാത്തലത്തിൽ പ്രോട്ടോക്കോൾ പാലിച്ച് അടുത്ത ബന്ധുക്കളും സംഘടനയിലെ ചില അംഗങ്ങളും മാത്രമാണ് വിവാഹച്ചടങ്ങിൽ പങ്കെടുത്തത്.

മോഡി മന്ത്രി സഭയില്‍ വന്‍ അഴിച്ചുപണി. ധനകാര്യം, റെയില്‍വേ തുടങ്ങിയ മന്ത്രാലയങ്ങളില്‍ അക്കാദമിക് വൈദഗ്ധ്യമുള്ളവരെ നിയമിച്ചേക്കും. ചില പ്രധാനപ്പെട്ട മന്ത്രാലയങ്ങളില്‍ രാഷ്ട്രീയനേതാക്കളെ ഒഴിവാക്കി വിദഗ്ധരെ നിയമിക്കണമെന്ന പ്രധാനമന്ത്രിയുടെ താത്പര്യം മന്ത്രിസഭാ പുനഃസംഘടനയില്‍ പ്രതിഫലിച്ചേക്കാം.

നിലവിലുള്ള മന്ത്രിമാരുടെ പ്രവര്‍ത്തനവും പ്രകടനവും പുനഃസംഘടനയില്‍ നിര്‍ണായകഘടകമാകും. ഭരണമികവില്ലാത്ത മന്ത്രിമാരെ ഒഴിവാക്കി പാര്‍ട്ടി പ്രവര്‍ത്തനത്തിന് നിയോഗിക്കാനാണ് സാധ്യത. ഇതിനായി മന്ത്രിമാരുടെ പ്രകടനം വിലയിരുത്താനുള്ള നടപടികള്‍ ബി.ജെ.പി.യും പ്രധാനമന്ത്രിയും ആരംഭിച്ചിട്ടുണ്ട്.

സര്‍ക്കാരിന്റെ പൊതുനയത്തോടുള്ള സമീപനം, പ്രധാന പദ്ധതികളുടെ നിര്‍വഹണം, വകുപ്പില്‍ പുതുതായി ആവിഷ്‌കരിച്ച പദ്ധതികള്‍, പുതിയ സമീപനങ്ങള്‍ തുടങ്ങിയ ഘടകങ്ങള്‍ മന്ത്രിമാരെക്കുറിച്ചുള്ള വിലയിരുത്തലിനുള്ള മാനദണ്ഡങ്ങളായിരിക്കും.

വിദേശകാര്യ വകുപ്പിന്റെ ചുമതല മുന്‍ വിദേശകാര്യ സെക്രട്ടറി എസ്. ജയ്ശങ്കറിനെ ഏല്‍പിച്ചിരുന്നു. ഇതിന് സമാനമായി ധനകാര്യം, റെയില്‍വേ തുടങ്ങിയ മന്ത്രാലയങ്ങളില്‍ അക്കാദമിക് വൈദഗ്ധ്യമുള്ളവരെ നിയമിക്കുന്നതിനെക്കുറിച്ചാണ് നിലവില്‍ ആലോചിക്കുന്നത്.

അടുത്തിടെ കോണ്‍ഗ്രസില്‍നിന്ന് പാര്‍ട്ടിയിലെത്തിയ ജ്യോതിരാദിത്യ സിന്ധ്യയെയും ടി.എം.സി.യില്‍നിന്ന് എത്തിയ മുകുള്‍ റോയിയെയും മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താനിടയുണ്ട്. സിന്ധ്യയുടെ വിശ്വസ്തരെ മധ്യപ്രദേശ് മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തി കഴിഞ്ഞദിവസം ബി.ജെ.പി. ഉറപ്പ് പാലിച്ചിരുന്നു.

അതേസമയം, ശിവസേന കൈകാര്യം ചെയ്തിരുന്ന വകുപ്പുകളില്‍ പുതിയ മന്ത്രിമാരെ നിയോഗിക്കുമെന്നാണ് സൂചന. അതേസമയം, ജനുവരി 20-ന് ജെ.പി. നഡ്ഡയെ ദേശീയ അധ്യക്ഷനായി തിരഞ്ഞെടുത്തെങ്കിലും ദേശീയ ജനറല്‍ സെക്രട്ടറിമാരെയും സെക്രട്ടറിമാരെയും നിശ്ചയിച്ചിരുന്നില്ല. ഈ ഒഴിവുകളും നികഴ്ത്തും.

ആഗോളതലത്തില്‍ കൊവിഡ് ഇത്രയും വ്യാപിക്കാന്‍ കാരണം ചൈനയുടെ രഹസ്യ സ്വഭാവവും വഞ്ചനയും മറച്ചു വയ്ക്കലും മൂലമാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. കൊറോണ വൈറസ് ബാധിക്കുന്നത് വരെ നല്ല രീതിയിലാണ് രാജ്യം മുന്നോട്ട് പോയിക്കൊണ്ടിരുന്നതെന്നും ട്രംപ് പറഞ്ഞു. അമേരിക്കയുടെ 244ാം സ്വാതന്ത്ര്യ ദിനത്തില്‍ സല്യൂട്ട് റ്റു അമേരിക്ക റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവേയാണ് ട്രംപ് ഇത്തരത്തില്‍ പ്രതികരിച്ചത്.

‘കാലങ്ങളായി അമേരിക്കയെ മുതലെടുത്തു കൊണ്ടിരുന്ന പല വിദേശരാജ്യങ്ങളും കോടിക്കണക്കിന് ഡോളര്‍ അമേരിക്കയുടെ ഖജനാവിലേക്ക് നല്‍കുന്ന അവസ്ഥ എത്തിയിരുന്നു. എന്നാല്‍ അതിനിടെയാണ് ചൈനയില്‍ നിന്ന് കൊറോണ വൈറസ് എത്തുകയും രാജ്യത്തെ ബാധിക്കുകയും ചെയ്തത്. ഇപ്പോള്‍ അമേരിക്ക മാസ്‌കുകള്‍, ഗൗണുകള്‍, ശസ്ത്രക്രിയ ഉപകരണങ്ങള്‍ എന്നിവ നിര്‍മ്മിക്കുന്നു. ഇവയെല്ലാം മറ്റ് വിദേശരാജ്യങ്ങളിലാണ് നിര്‍മ്മിച്ചു കൊണ്ടിരുന്നത്. പ്രത്യേകിച്ച് ചൈനയില്‍. ചൈനയില്‍ നിന്ന് തന്നെയാണ് വൈറസ് ആരംഭിച്ചത് എന്നതാണ് മറ്റൊരു വിരോധാഭാസം’ എന്നാണ് ഡൊണാള്‍ഡ് ഡ്രംപ് പറഞ്ഞത്.

ആഗോളതലത്തില്‍ ഈ വൈറസ് ഇത്രയും രൂക്ഷമായി ബാധിക്കാന്‍ കാരണം ചൈനയുടെ രഹസ്യസ്വഭാവവും വഞ്ചനയും മറച്ചു വയ്ക്കലും മൂലമാണെന്നും വൈറസ് വ്യാപനത്തിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം ചൈനയ്ക്കാണെന്നും ട്രംപ് കുറ്റപ്പെടുത്തി. അതേസമയം അമേരിക്ക ഇപ്പോള്‍ അവിശ്വസനീയമായ വിധത്തില്‍ പ്രവര്‍ത്തിക്കുകയാണെന്നും കൊറോണയ്‌ക്കെതിരെയുള്ള വാക്‌സിന്‍ പരീക്ഷണങ്ങള്‍ നടന്നു കൊണ്ടിരിക്കുകയാണെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

അതേസമയം അമേരിക്കയില്‍ വൈറസ് ബാധിതരുടെ എണ്ണം മുപ്പത് ലക്ഷത്തോട് അടുക്കുകയാണ്. ഇതുവരെ 2,981,002 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി 42,604 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. വൈറസ് ബാധമൂലം ഇതുവരെ 132,552 പേരാണ് മരിച്ചത്.

തലശ്ശേരി സബ് കളക്ടറുടെ ഐഎഎസ് റദ്ദാക്കാൻ കേന്ദ്രത്തിന്റെ ശുപാർശ. തലശ്ശേരി സബ് കളക്ടർ ആസിഫ് കെ യൂസഫിന്റെ ഐഎഎസ് പദവി റദ്ദാക്കാനാണ് കേന്ദ്ര പേഴ്‌സണൽ മന്ത്രാലയം ചീഫ് സെക്രട്ടറിക്ക് കത്തയച്ചത്. ആസിഫ് വ്യാജ സർട്ടിഫിക്കറ്റുകൾ നൽകി ഐഎഎസ്. നേടിയെന്ന പരാതിക്കു പിന്നാലെയാണ് നടപടി.

ആസിഫിന് സംവരണം ഉറപ്പു നൽകിയ ഒബിസി സർട്ടിഫിക്കറ്റും വരുമാന സർട്ടിഫിക്കറ്റും റദ്ദാക്കണമെന്നും നിർദേശം നൽകിയിട്ടുണ്ട്. ആസിഫ് കെ യൂസഫിനെതിരെ ഓൾ ഇന്ത്യ സർവീസ് പ്രൊബേഷൻ നിയമത്തിലെ ചട്ടം 12 പ്രകാരം നടപടിയെടുക്കാനാണ് നിർദേശം. ആസിഫ് വ്യാജ സർട്ടിഫിക്കറ്റുകൾ നൽകിയാണ് ഐഎഎസ് നേടിയതെന്ന് അന്വേഷണത്തിൽ ബോധ്യപ്പെട്ടുവെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

ഒബിസി സംവരണം ലഭിക്കാൻ പരീക്ഷ എഴുതുന്നതിന് തൊട്ടു മുമ്പുള്ള മൂന്ന് സാമ്പത്തിക വർഷത്തിൽ ഏതെങ്കിലും ഒരു വർഷം കുടുംബത്തിന്റെ വാർഷിക വരുമാനം ആറുലക്ഷത്തിൽ താഴെയാകണമെന്നതാണ് മാനദണ്ഡം. എന്നാൽ മൂന്നു സാമ്പത്തിക വർഷങ്ങളിലും ആസിഫിന്റെ കുടുംബത്തിന്റെ വാർഷിക വരുമാനം ആറുലക്ഷത്തിൽ കൂടുതലാണെന്ന് തെളിഞ്ഞിരുന്നു.

ആസിഫിന്റെ ഒബിസി സർട്ടിഫിക്കറ്റും വരുമാന സർട്ടിഫിക്കറ്റും റദ്ദാക്കണമെന്നും നിർദേശമുണ്ട്. വ്യാജ സർട്ടിഫിക്കറ്റ് നൽകിയ കണയന്നൂർ തഹസിൽദാർമാർക്കെതിരെ നടപടി എടുക്കാനും നിർദേശമുണ്ട്. നിലവിൽ ആസിഫിന് ഇതുവരെ ഐഎഎസ് നൽകി സ്ഥിരപ്പെടുത്തിയിട്ടില്ല. സംസ്ഥാന സർക്കാരിൽനിന്ന് വിജിലൻസ് ക്ലിയറൻസ് കിട്ടാത്തതിനാലാണ് ആസിഫ് പ്രൊബേഷനിൽ തുടരുന്നതെന്നാണ് സൂചന. അതിനാൽ കൂടുതൽ അന്വേഷണം ആവശ്യമില്ലെന്നും സംസ്ഥാന സർക്കാരിനു തന്നെ നടപടി എടുക്കാമെന്നും കേന്ദ്ര പേഴ്‌സണൽ മന്ത്രാലയത്തിന്റെ നിർദേശത്തിൽ പറയുന്നു.

പ്രസവിച്ചതിന്റെ തൊട്ടടുത്ത ദിവസം പെൺകുഞ്ഞിനെ മരുതിമൂട് സെന്റ് ജോർജ് കത്തോലിക്ക പള്ളിക്ക് മുന്നിൽ ഉപേക്ഷിച്ച സംഭവത്തിൽ മാതാവും കാമുകനും അറസ്റ്റിലായി. ഏനാദിമംഗലം മാരൂർ മംഗലത്ത് പുത്തൻവീട്ടിൽ എ.ൃ അജയ് ( 32) കുട്ടിയുടെ മാതാവ് മാരൂർ ഒഴുകുപാറ കിഴക്കേതിൽ ലിജ (33) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ജൂൺ 30ന് പുലർച്ച കുരിശടിയിൽ മെഴുകുതിരി കത്തിക്കാനെത്തിയവരാണ് കുഞ്ഞിനെ തുണിയിൽ പുതപ്പിച്ച് കിടത്തിയ നിലയിൽ കണ്ടത്.

വിവരമറിഞ്ഞ് പോലീസും ജില്ല ശിശുക്ഷേമ സമിതി ചെയർമാൻ പ്രഫ. കെ മോഹൻകുമാറും സ്ഥലത്തെത്തി കുഞ്ഞിനെ ഏറ്റെടുത്ത് അടൂർ ജനറൽ ആശുപത്രിയിൽ വൈദ്യപരിശോധനക്കുശേഷം ജില്ല ശിശുക്ഷേമ സമിതിക്ക് കൈമാറുകയായിരുന്നു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇരുവരും പിടിയിലായത്.

പള്ളിയുടെ മുൻവശത്തെ ക്യാമറ പ്രവർത്തന രഹിതമായത് അന്വേഷണത്തെ ബാധിച്ചെങ്കിലും പത്തനാപുരം മുതൽ അടൂർവരെയുള്ള ഭാഗങ്ങളിലെ വ്യാപാര സ്ഥാപനങ്ങളുടെയും വീടുകളുടെയും മുന്നിൽ സ്ഥാപിച്ചിരുന്ന ക്യാമറകളിലെ ദൃശ്യങ്ങൾ പരിശോധിച്ച് നടത്തിയ നിരീക്ഷണത്തിലാണ് അജയ് ഓടിച്ച ഓട്ടോ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ ചെന്നെത്തിയത്.

ആദ്യവിവാഹം വേർപിരിഞ്ഞ് നിന്ന ഇരുവരും ഏറെ നാളായി അടുപ്പത്തിലായിരുന്നുവെന്നും ഗർഭിണിയായ ശേഷം ലിജ പുറത്തിറങ്ങാതെ വീട്ടിൽ തന്നെ കഴിയുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു. ലിജയുടെ വീട്ടിൽ പ്രസവിച്ച കുട്ടിയെ ഇരുവരും ചേർന്ന് പള്ളിക്ക് മുന്നിൽ ഉപേക്ഷിക്കുകയായിരുന്നു. സിഐ യു ബിജു, എസ്‌ഐ അനൂപ്, വനിത സീനിയർ സിവിൽ പോലീസ് ഓഫിസർ റഷീദ ബീഗം, സിവിൽ പോലീസ് ഓഫീസർമാരായ അനുരാഗ് മുരളീധരൻ, ശരത്, സുരേഷ് എന്നിവർ അന്വേഷണത്തിന് നേതൃത്വം നൽകി.

വെട്ടുക്കിളി ആക്രമണത്തില്‍ ഇന്ത്യക്ക് മുന്നറിയിപ്പുമായി യുഎന്‍ രംഗത്ത്. അടുത്ത നാലാഴ്ച നിര്‍ണായകമാണ്. ഇന്ത്യയുടെ പല സ്ഥലങ്ങളിലും വെട്ടുക്കിളി ആക്രമണം റിപ്പോര്‍ട്ട് ചെയ്തു കഴിഞ്ഞു. കഴിഞ്ഞ മൂന്നുമാസമായി ഇതു തുടരുനന്നു.

ഇന്ത്യക്ക് പുറമെ പാകിസ്ഥാന്‍, സുഡാന്‍, എത്യോപ്യ, ദക്ഷിണ സുഡാന്‍, സൊമാലിയ എന്നിവിടങ്ങളിലും ജാഗ്രത പാലിക്കാന്‍ മുന്നറിയിപ്പുണ്ട്. അതേസമയം മുന്നറിയിപ്പിന്റെ ഭാഗമായി ഇന്ത്യന്‍ ഗവണ്‍മെന്റ് വേണ്ട നടപടിക്രമങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. വെട്ടുകിളി ആക്രമണത്തെ തടയാനായി ഏറ്റവും പുതിയ ടെക്നോളജിയായ ഡ്രോണുകളും ഹെലികോപ്റ്ററുകളും ഉപയോഗിക്കാന്‍ തീരുമാനിച്ചു. വെട്ടുകിളി വിരുദ്ധ ഓപ്പറേഷനില്‍ വ്യോമസേന ആദ്യമായി രണ്ട് എം ഐ 17 ഹെലികോപ്റ്ററുകള്‍ വിന്യസിച്ചിരുന്നു.

രാജ്യത്ത് ഏറ്റവും കൂടുതല്‍ വെട്ടുകിളി ആക്രമണമുണ്ടായ സംസ്ഥാനമാണ് രാജസ്ഥാന്‍. മധ്യപ്രദേശ്, പഞ്ചാബ്, ഗുജറാത്ത്, ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, ഛത്തീസ്ഗഢ്, ഹരിയാന, ബീഹാര്‍ എന്നീ സംസ്ഥാനങ്ങളിലും വെട്ടുകിളി ആക്രമണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ഇന്ത്യ-പാകിസ്ഥാന്‍ അതിര്‍ത്തിയില്‍ ഇപ്പോള്‍ തന്നെ വെട്ടുകിളികളുമട പ്രജനനം നടക്കുന്നുണ്ട്. ജൂലൈയോടെ ഇവയുടെ മുട്ടകള്‍ വിരിയുകയും സംഘങ്ങളായി തിരിയുകയും ചെയ്യും. ഓഗസ്റ്റ് പകുതിയോടെ വെട്ടുകിളിക്കൂട്ടങ്ങള്‍ രൂപംകൊള്ളുമെന്നും യു എന്‍ ഭക്ഷ്യവകുപ്പ് പറഞ്ഞു.

കോഴിക്കോട് നഗരത്തില്‍ അഞ്ച് പേര്‍ക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചു. നവജാത ശിശുക്കളും സ്ത്രീകളും അടക്കമുള്ളവര്‍ക്കാണ് കോവിഡ് ബാധിച്ചത്. നഗരത്തിലെ കണ്ടയ്ന്‍മെന്റ് സോണില്‍ ഒരേ ഫ്‌ളാറ്റില്‍ താമസിക്കുന്നവര്‍ക്കാണ് രോഗം. കോഴിക്കോട് ഡിഎംഒ ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

തൂങ്ങിമരിച്ച ശേഷം കോവിഡ് ബാധ സ്ഥിരീകരിക്കപ്പെട്ടയാള്‍ ജോലിചെയ്തിരുന്ന ഫ്‌ളാറ്റില്‍ താമസിക്കുന്നവര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നതെന്നാണ് വിവരം. എന്നാല്‍ ഇവരുടെ രോഗബാധയുടെ ഉറവിടം എന്താണെന്ന് സ്ഥിരീകരിച്ചിട്ടില്ല. നഗരത്തോട് ചേര്‍ന്ന പ്രദേശത്തുള്ള ഫ്‌ളാറ്റിലാണ് കോവിഡ് സ്ഥിരീകരിച്ചത്. കോഴിക്കോട് നഗരത്തില്‍ ഉറവിടമറിയാത്ത നാല് കേസുകള്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു.

RECENT POSTS
Copyright © . All rights reserved