India

ലണ്ടൻ: “ആരോഗ്യപ്രവർത്തകർ തന്നെയാണ് നമ്മുടെ ഹീറോകൾ” കോവിഡ് കാലത്ത് കേരളം നടത്തിയ പ്രതിരോധ പ്രവർത്തനങ്ങൾ യുകെ മലയാളികൾക്ക് മുൻപിൽ അവതരിപ്പിച്ച കേരളത്തിന്റെ ബഹുമാന്യയായ ആരോഗ്യവകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചറാണ് ലോകത്തിന്റെ നാനാഭാഗത്തുമുള്ള ആരോഗ്യപ്രവർത്തകരെ നമ്മുടെ ഹീറോകളെന്ന് വിശേഷിപ്പിച്ചത്. ജൂൺ 27 ശനിയാഴ്ച്ച യുകെയിലെ പ്രമുഖ പുരോഗമന കലാ സാംസ്‌കാരിക സംഘടനയായ ചേതന യുകെയുടെ ഫേസ്‌ബുക്ക് ലൈവിലാണ് ടീച്ചർ യുകെ മലയാളികളെ അഭിമുഖീകരിച്ചത്.

ചേതന യുകെ നടത്തുന്ന പ്രവർത്തനങ്ങളെ അഭിനന്ദിച്ച ശൈലജ ടീച്ചർ കോവിഡ് കാലത്ത് യുകെയിലും നാട്ടിലും യുകെ മലയാളികൾ നടത്തുന്ന കരുതലിനും സ്നേഹത്തിനും നന്ദി പ്രകാശിപ്പിച്ചു. ഒപ്പം യുകെയിലെ മുഴുവൻ ആളുകളും ആരോഗ്യ സുരക്ഷാ മാനദണ്ഠങ്ങൾ പാലിച്ച് സുരക്ഷിതരായിരിക്കണമെന്നും അഭ്യർത്ഥിച്ചു. കേരളത്തിൽ ആരോഗ്യവകുപ്പ് നടത്തുന്ന കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ലൈവിൽ വിവരിച്ച ടീച്ചർ ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നുമെത്തുന്ന പ്രവാസികൾക്ക് നൽകുന്ന പിന്തുണയും വിവരിച്ചു.

കോവിഡ് ചൈനയിലെ വുഹാനില്‍ പിടിപെട്ട സമയത്ത് തന്നെ ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പിനെ തുടര്‍ന്ന് കേരളവും ശക്തമായ മുന്നൊരുക്കം നടത്തി. മുഴുവന്‍ നിരീക്ഷണ ശൃംഖലയും സജീവമാക്കി സ്‌ക്രീനിങ്, രോഗനിര്‍ണയം, പൊതുജനാരോഗ്യ ഇടപെടലുകള്‍ എന്നിവയ്ക്കുള്ള മാര്‍ഗനിര്‍ദേശങ്ങളും എസ്ഒപികളും രാജ്യാന്തര മാര്‍ഗനിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായി നടപ്പാക്കി. ഒന്നാം ഘട്ടത്തില്‍ മൂന്നു കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. എല്ലാവരേയും ചികിത്സിച്ച് ഭേദമാക്കാനായി. വ്യാപനവും മരണനിരക്കും പൂജ്യമായിരുന്നു. രണ്ടാം ഘട്ടത്തിലും ശക്തമായ പ്രതിരോധമാണ് സൃഷ്ടിച്ചത്. അണുബാധയുടെ സാധ്യതയുള്ള ഉറവിടങ്ങള്‍ കണ്ടെത്തി നിരീക്ഷണം ശക്തമാക്കുക, സമൂഹത്തില്‍ വൈറസിന്റെ അളവ് കുറയ്ക്കുക, പ്രായമായവര്‍, കുട്ടികള്‍, ഗര്‍ഭിണികള്‍, രോഗികള്‍ എന്നിവര്‍ക്കായി റിവേഴ്സ് ക്വാറന്റൈന്‍ എന്നിവ ഫലപ്രദമായി നടപ്പിലാക്കി. വൈറസിന്റെ കണ്ണി പൊട്ടിക്കാനായി കേരളം നടപ്പിലാക്കിയ ബ്രേക്ക് ദ ചെയിന് വലിയ സ്വീകാര്യത ലഭിച്ചു. ഈ മൂന്ന് പ്രധാന തന്ത്രങ്ങളിലൂടെ വൈറസിനെ ഫലപ്രദമായി തടയാനും സമ്പര്‍ക്ക വ്യാപനവും മരണനിരക്ക് 0.6 ശതമാനവും ആക്കാന്‍ സാധിച്ചുവെന്ന് മന്ത്രി വ്യക്തമാക്കി.

ഏറെ തിരക്കുകൾ മാറ്റിവച്ച് യുകെ മലയാളികൾക്കൊപ്പം ഫേസ്‌ബുക്ക് ലൈവിലെത്തിയ ടീച്ചർക്ക് ചേതന യുകെയ്ക്ക് വേണ്ടി സെക്രട്ടറി ലിയോസ് പോൾ നന്ദി പറഞ്ഞു.

നേരത്തെ കേരളത്തിന്റെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ പ്രകീർത്തിച്ച് ബ്രിട്ടന്റെ ദേശീയ മാദ്ധ്യമങ്ങളായ ബിബിസി ന്യൂസും ഗാർഡിയനും രംഗത്തെത്തിയിരുന്നു.
https://www.facebook.com/chethanauklive/videos/599453157669405/?epa=SEARCH_BOX

വന്ദേ ഭാരത് മിഷൻ നാലാം ഘട്ടത്തിന്റെ ഭാഗമായി ജൂലൈ 3 നും 15 നും ഇടയിൽ എയർ ഇന്ത്യ 170 വിമാന സർവീസുകൾ നടത്തും. 17 രാജ്യങ്ങളിലേക്കാണ് സർവീസുകൾ. കേരളത്തിലെ നാല് വിമാനത്താവളങ്ങിലേക്കായി എയർ ഇന്ത്യയുടെ 21 വിമാനസർവീസുകളുണ്ടാവും.

ഗൾഫ് രാജ്യങ്ങളിൽ സൗദിയിൽനിന്നു മാത്രമാണ് കേരളത്തിലേക്കുള്ള എയർ ഇന്ത്യയുടെ വിമാന സർവീസ്. റിയാദ്, ജിദ്ദ, ദാമാം എന്നിവിടങ്ങളിൽ നിന്ന് കേരളത്തിലേക്ക് വിമാന സർവീസുകളുണ്ടാവും. യുഎസ് അടക്കമുള്ള മറ്റ് രാജ്യങ്ങളിൽ നിന്നും കേരളത്തിലേക്ക് എയർ ഇന്ത്യ സർവീസ് നടത്തും.

കേരളത്തിൽ കൊച്ചിയിലേക്കാണ് ഏറ്റവും കൂടുതൽ വിമാന സർവീസുകൾ. 12 വിമാന സർവീസുകളാണ് കൊച്ചിയിലേക്ക്. തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിലേക്ക് മൂന്ന് വീതം വിമാന സർവീസുകളാണുള്ളത്.

റിയാദ്, ജിദ്ദ, ദാമാം എന്നിവിടങ്ങളിൽ നിന്ന് ഓരോ സർവീസുകളാണ് തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂർ വിമാനത്താവളങ്ങളിലേക്കുണ്ടാവുക. കൊച്ചിയിലേക്ക് റിയാദിൽ നിന്നും ദമാമിൽ നിന്നും ഓരോ സർവീസുകളുണ്ടാവും. ജിദ്ദയിൽ നിന്ന് സർവീസുകളുണ്ടാവില്ല. ഗൾഫ് ഇതര രാജ്യങ്ങളിൽ നിന്നാണ് കൊച്ചിയിലേക്കുള്ള 10 സർവീസുകൾ. മുംബൈ, ഡെൽഹി വിമാനത്താവളങ്ങൾ വഴിയുള്ള കണക്ഷൻ ഫ്ലൈറ്റുകളാണ് ഇവ. യുഎസിൽ നിന്ന് മൂന്ന് വിമാനങ്ങൾ കൊച്ചിയിലേക്ക് സർവിസ് നടത്തും.

വന്ദേ ഭാരത് നാലാം ഘട്ടത്തിൽ കാനഡ, യുഎസ്, ബ്രിട്ടൺ, കെനിയ, ശ്രീലങ്ക, ഫിലിപ്പീൻസ്, കിർഗിസ്ഥാൻ, സൗദി അറേബ്യ, ബംഗ്ലാദേശ്, തായ്ലൻഡ്, ദക്ഷിണാഫ്രിക്ക, റഷ്യ, ഓസ്‌ട്രേലിയ, മ്യാൻമർ, പ്പാൻ, ഉക്രെയ്ൻ, വിയറ്റ്നാം, എന്നിവിടങ്ങളിൽ നിന്നാണ് രാജ്യത്തെ വിമാനത്താവളങ്ങളിലേക്ക് എയർ ഇന്ത്യ വിമാന സർവീസ് നടത്തുക. ഇതിൽ സൗദിക്കും യുഎസിനും പുറമേ റഷ്യ, കിർഗിസ്താൻ, കാനഡ, ബ്രിട്ടൻ, ഉക്രെയ്ൻ, കെനിയ എന്നീ രാജ്യങ്ങളിൽനിന്നാണ് കൊച്ചിയിലേക്കുള്ള സർവീസുകൾ.

ഇന്ത്യയ്ക്കും സൗദി അറേബ്യയ്ക്കുമിടയിൽ 26 വിമാനങ്ങളാണ് സർവീസ് നടത്തുക. യുഎസ്, ബ്രിട്ടീഷ് വിമാനത്താവളങ്ങളുമായി ബന്ധിപ്പിച്ച് യഥാക്രമം 38 വിമാനങ്ങളും 32 വിമാനങ്ങളും സർവീസ് നടത്തും. മുഴുവൻ വിമാനങ്ങളുടെയും സമയക്രമം എയർ ഇന്ത്യ വെബ്സൈറ്റിൽ ലഭ്യമാണ് (airindia.in/images/pdf/New-format-VBM-Phase-4-updated-27Jun-20-1400-Hrs-converted.pdf).

കേരളത്തിലേക്കുള്ള വിമാനങ്ങൾ
തിരുവനന്തപുരം

ജൂലൈ 04: റിയാദ്- തിരുവനന്തപുരം
ജൂലൈ 08: ജിദ്ദ- തിരുവനന്തപുരം
ജൂലൈ 09: ദമാം- തിരുവനന്തപുരം
കൊച്ചി

ജൂലൈ 03: നെയ്റോബി- മുംബൈ- കൊച്ചി
ജൂലൈ 04: മോസ്കോ- ഡൽഹി- കൊച്ചി
ജൂലൈ 05: ഷികാഗോ- ഡൽഹി- കൊച്ചി
ജൂലൈ 06: ദമാം- കൊച്ചി
ജൂലൈ 08: ന്യൂയോർക്ക്- ഡൽഹി- കൊച്ചി
ജൂലൈ 09: ബിഷ്കക്- ഡൽഹി- കൊച്ചി
ജൂലൈ 09: സാൻ ഫ്രാൻസിസ്കോ- ഡൽഹി- കൊച്ചി
ജൂലൈ 09: വാൻകൂവർ- ഡൽഹി- കൊച്ചി
ജൂലൈ 10: റിയാദ്- കൊച്ചി
ജൂലൈ 10: ലണ്ടൻ- മുംബൈ- കൊച്ചി
ജൂലൈ 12: കിയേവ്- ഡൽഹി- കൊച്ചി
കോഴിക്കോട്

ജൂലൈ 03: റിയാദ്- കോഴിക്കോട്
ജൂലൈ 04: ദമാം- കോഴിക്കോട്
ജൂലൈ 06: ജിദ്ദ- കോഴിക്കോട്
കണ്ണൂർ

ജൂലൈ 03: ദമാം- കണ്ണൂർ
ജൂലൈ 05: ജിദ്ദ- കണ്ണൂർ
ജൂലൈ 07: റിയാദ്- കണ്ണൂർ

താൻ പൂർണ രോഗമുക്‌തനായെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ. വീണ്ടും പൂർണ സമയ രാഷ്‌ട്രീയത്തിൽ സജീവമാകുമെന്ന് കോടിയേരി പറഞ്ഞു. രോഗവുമായി ബന്ധപ്പെട്ട് അവസാന പരിശോധന നടത്തിയെന്നും ശരീരത്തിൽ നിന്ന് രോഗാണുക്കൾ പൂർണമായി ഇല്ലാതായെന്ന് വിദഗ്‌ധ ഡോക്‌ടർമാർ അറിയിച്ചെന്നും കോടിയേരി പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിലെ ‘നമസ്‌തേ കേരളം’ പരിപാടിയിലാണ് തന്റെ ആരോഗ്യവിവരം കോടിയേരി പങ്കുവച്ചത്.

വീണ്ടും സാമൂഹ്യപ്രവർത്തനരംഗത്ത് സജീവമാകുമെന്ന് കോടിയേരി വ്യക്തമാക്കി. ചികിത്സാസമയത്ത് പാർട്ടി തനിക്കു പൂർണ പിന്തുണ നൽകിയിരുന്നു. വിശ്രമത്തിലായിരുന്നെങ്കിലും പാർട്ടിയുടെ ദെെനംദിന കാര്യങ്ങളിൽ ഇടപെട്ടിരുന്നു. പാർട്ടി നേതാക്കളെല്ലാം ചേർന്ന് കൂട്ടായ പ്രവർത്തനങ്ങളിലൂടെയാണ് കാര്യങ്ങൾ മുന്നോട്ടു നീക്കിയത്. സമൂഹത്തിനുവേണ്ടി പ്രവർത്തിക്കണമെങ്കിൽ ആരോഗ്യം വേണം. അതുകൊണ്ടാണ് വിദഗ്‌ധ ചികിത്സയ്‌ക്കു വിധേയനായതെന്നും കോടിയേരി പറഞ്ഞു.

ക്യാൻസർ ബാധിതനായിരുന്ന കോടിയേരി അമേരിക്കയിൽ വിദഗ്‌ധ ചികിത്സയ്‌ക്കു വിധേയനായിരുന്നു. അമേരിക്കയിൽ വിദഗ്‌ധ ചികിത്സയ്‌ക്കു പോയ കോടിയേരി ഫെബ്രുവരി ആദ്യ ആഴ്‌ചയിലാണ് കേരളത്തിലേക്ക് തിരിച്ചെത്തിയത്. അമേരിക്കയിൽ നിന്ന് തിരിച്ചെത്തിയ ശേഷം തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ കോടിയേരി ചികിത്സ തുടർന്നു.

വീട്ടിൽ വിശ്രമത്തിലായിരുന്നെങ്കിലും കഴിഞ്ഞ കുറച്ച് നാളുകളായി പാർട്ടി കാര്യങ്ങളിലെല്ലാം കോടിയേരി സജീവമായി ഇടപെടുന്നുണ്ട്. ഓൺലെെനായി യോഗങ്ങളിൽ പങ്കെടുത്തിരുന്നു. ഇപ്പോഴത്തെ കോവിഡ് പ്രതിസന്ധിക്കു ശേഷം പഴയപോലെ പാർട്ടി പ്രവർത്തനങ്ങളിൽ സജീവമാകാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് സിപിഎം സംസ്ഥാന സെക്രട്ടറി. തദ്ദേശ തിരഞ്ഞെടുപ്പും നിയമസഭാ തിരഞ്ഞെടുപ്പും അടുത്ത സാഹചര്യത്തിൽ കോടിയേരിക്കു കീഴിൽ പാർട്ടി പ്രചാരണം ശക്തമാക്കാനാണ് സിപിഎം തയ്യാറെടുക്കുന്നത്.

വീണ്ടും വിവാഹിതനാകുന്നു എന്ന വ്യാജ വാര്‍ത്തക്കെതിരെ പ്രതികരണവുമായി നടന്‍ ബാല. ചെന്നൈയില്‍ അച്ഛന്‍ സുഖമില്ലാതെ കിടക്കുകയാണ്. കോവിഡ് പശ്ചാത്തലത്തില്‍ അവിടെ എത്താന്‍ കഴിയാത്തതിന്റെ വേദനയിലാണ് താന്‍ അതിനിടെയാണ് വിവാഹത്തെ സംബന്ധിച്ചുള്ള വ്യാജ വാര്‍ത്തയെന്ന് ബാല പറയുന്നു. ഫെയ്‌സ്ബുക്ക് ലൈവിലൂടെയാണ് ബാലയുടെ പ്രതികരണം.

”ഇതെന്റെ അവസാനത്തെ മുന്നറിയിപ്പാണ്. എന്റെ ആരാധകരെ ഞാന്‍ ശരിക്കും സ്‌നേഹിക്കുന്നു അവരെ തെറ്റിദ്ധരിപ്പിക്കുന്നവരെ ആദ്യം എതിര്‍ക്കുന്നത് ഞാനാണ്. ഇതാണ് സത്യം” എന്ന കുറിപ്പോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

ബാലയുടെ വാക്കുകള്‍:

അച്ഛന്‍ തീരെ വയ്യാതിരിക്കുകയാണ് ചെന്നൈയില്‍. ചെന്നൈ പൂര്‍ണ്ണ ലോക്ക്ഡൗണില്‍ ആണ്. എങ്ങനെയും ചെന്നൈയില്‍ എത്തണമെന്നാണ് ഓരോ നിമിഷവും ഞാന്‍ ചിന്തിക്കുന്നത്. പക്ഷേ നിലവിലെ സാഹചര്യത്തില്‍ വാഹനടിച്ച് അത്രദൂരം പോകുന്നതിലെ സുരക്ഷിതത്വമില്ലായ്മ സുഹൃത്തുക്കള്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഈ വിഷമമെല്ലാം മനസില്‍ വച്ചാണ് ഓരോ നിമിഷവും ഇവിടെ ഇരിക്കുന്നത്. ഫോണില്‍ സംസാരിക്കുന്നതു മാത്രമാണ് അമ്മയുടെ ആശ്വാസം.

ഇത്രയും ടെന്‍ഷനില്‍ നില്‍ക്കുമ്പോള്‍ ഇന്നലെ ഒരു വാര്‍ത്ത കിട്ടി. വളരെ തെറ്റായിട്ടുള്ള ഒരു വാര്‍ത്ത. പിന്നെയും ഞാന്‍ വിവാഹജീവിതത്തിലേക്ക് പോകുന്നു. ഇതുകണ്ട് എന്നെ വിളിക്കാത്ത ആളുകളില്ല. ഇതേക്കുറിച്ച് എനിക്ക് ഒരു പിടിയുമില്ല. ഒരു ഇന്റര്‍വ്യൂവും ഞാന്‍ കൊടുത്തിട്ടില്ല. വൈകുന്നേരം മുതല്‍ മെസേജുകള്‍ ആയിരുന്നു. രാത്രി ഒരുപാട് ഫോണ്‍കോളുകളും. വീട്ടില്‍ എന്തെങ്കിലും അടിയന്തിര സാഹചര്യം വന്നാലോ എന്നുകരുതിയാണ് ഫോണ്‍ രാത്രി അരുകില്‍ വെക്കുന്നത്. എനിക്ക് രാത്രി ഉറങ്ങാന്‍ പറ്റിയിട്ടില്ല. എന്നെ ഒരുപാട് സ്‌നേഹിക്കുന്നവരാണ് വിളിച്ചത്. ആരാധകരും സുഹൃത്തുക്കളും സിനിമയിലെ സുഹൃത്തുക്കളുമൊക്കെ സമയം നോക്കാതെയാണ് എന്നെ വിളിച്ചുകൊണ്ടിരുന്നത്. വെളുപ്പിന് നാലു മണിക്ക് ഞാന്‍ ഉറങ്ങിപ്പോയി.

ആ സമയത്ത് എന്റെ അമ്മ വിളിച്ചു. അച്ഛന് തീരെ വയ്യാ എന്ന് പറയാന്‍ വിളിച്ചതാണ്. പക്ഷേ 15 മിനിറ്റ് ഞാന്‍ ഉറങ്ങിപ്പോയി. ആ പതിനഞ്ച് മിനിറ്റ് എന്നു പറയുമ്പോള്‍ അവര്‍ക്ക് ഒന്നര ദിവസത്തിന്റെ വേദനയും ടെന്‍ഷനുമായിരിക്കും. ഇതുപോലെ വ്യാജ വാര്‍ത്തകള്‍ കൊടുക്കുന്നവരെ എന്തുചെയ്യണം? ഇതൊരു മുന്നറിയിപ്പാണ്. ഇത് അവസാനത്തേതായിരിക്കണം. ഞാന്‍ ഇങ്ങനെ ദേഷ്യപ്പെട്ടു സംസാരിക്കുന്ന മനുഷ്യനല്ല, പക്ഷേ ഇന്നലെ എനിക്ക് ഇതാണ് സംഭവിച്ചത്.

ചൈനയുടെ പീപ്പിൾസ് ലിബറേഷൻ ആർമി (പി‌എൽ‌എ) പതിനായിരത്തിലധികം സൈനികരെ ലൈൻ ഓഫ് ആക്ചവൽ കണ്ട്രോളിൽ (എൽ‌എസി) അണിനിരത്തിയതിനെത്തുടർന്ന് കിഴക്കൻ ലഡാക്കിൽ നിലനിൽക്കുന്ന തർക്കം പരിഹരിക്കുന്നതിനായി വർക്കിംഗ് മെക്കാനിസം ഫോർ കൺസൾട്ടേഷൻ ആന്റ് കോർഡിനേഷൻ (ഡബ്ല്യുഎംസിസി) യോഗത്തിൽ ഇന്ത്യയും ചൈനയും ആഴ്ചതോറും ചർച്ച നടത്താൻ തീരുമാനമായി.

ഡബ്ല്യുഎംസിസി യോഗത്തിൽ ഇരുരാജ്യങ്ങളും ചർച്ച നടത്താൻ തീരുമാനിച്ചതായി ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു. കഴിഞ്ഞയാഴ്ച വീഡിയോ കോൺഫറൻസിംഗിലൂടെ നടന്നതും വിദേശകാര്യ മന്ത്രാലയത്തിലെ ഒരു ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലുള്ളതും പോലെ ആയിരിക്കും ചർച്ച.

ചൈനീസ് ഭാഗവുമായുള്ള ചർച്ച സ്ഥിതിഗതികൾ മെച്ചപ്പെടുത്താനും അതിർത്തിയിൽ നിന്നും ചൈന പട്ടാളത്തെ മോചിപ്പിക്കുന്നതിനും ഇടയാക്കുമെന്ന് സർക്കാർ വൃത്തങ്ങൾ പറഞ്ഞു. ഗാൽവാൻ താഴ്‌വര ഉൾപ്പെടെ ഒന്നിലധികം സ്ഥലങ്ങളിൽ ചൈന നടത്തിയ ആക്രമണത്തെത്തുടർന്ന് അതിർത്തിയെ ചൊല്ലി ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധത്തിൽ വിള്ളൽ വീണ സാഹചര്യമാണുള്ളത്.

നിലമ്പൂര്‍: ചാലിയാര്‍ കടക്കാന്‍ പാലമില്ലാത്തതിനാല്‍ ആശുപത്രിയിലെത്താന്‍ വൈകി, ആദിവാസി യുവതി ചാലിയാറിന്റെ തീരത്തു പ്രസവിച്ചു. മുണ്ടേരി വനത്തില്‍ വാണിയംപുഴ കോളനിയിലെ ഇരുപത്തേഴുകാരി ബിന്ദുവാണ് ഇരുട്ടുകുത്തിക്കടവിനു സമീപം പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്.

ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് പ്രസവ വേദന അനുഭവപ്പെട്ടത്. വനം വകുപ്പിന്റെ സ്ട്രക്ച്ചര്‍ സംഘടിപ്പിച്ച് വനത്തിലൂടെ ഒന്നര കിലോമീറ്ററോളം ഏറ്റിയാണ് പുഴയുടെ അക്കരെ ഇരുട്ടുകുത്തി കടവിലെത്തിച്ചത്. ബിന്ദുവിന്റെ കുടുംബം താമസിക്കുന്ന സ്ഥലത്തേക്ക് വാഹനം എത്താന്‍ മാര്‍ഗമില്ല.

ചങ്ങാടത്തില്‍ യാത തുടങ്ങിയപ്പോഴേക്കും സ്ഥിതി വഷളായി. ഇതോടെ ഒപ്പമുണ്ടായിരുന്നവര്‍ തുണികൊണ്ട് മറയുണ്ടാക്കി പ്രസവമുറി ഒരുക്കി. പിന്നീട് ആംബുലന്‍സ് എത്തിയതോടെ ഒപ്പമുണ്ടായിരുന്ന നഴ്‌സ് പൊക്കിള്‍ക്കൊടി മുറിച്ചുമാറ്റി ആംബുലന്‍സില്‍ കയറ്റി. പ്രാഥമിക ചികില്‍സ നല്‍കിയ ശേഷം നിലമ്പൂര്‍ ജില്ലാശുപത്രിയിലേക്ക് മാറ്റി.

കഴിഞ്ഞ വര്‍ഷത്തെ പ്രളയത്തില്‍ പാലം ഒലിച്ചുപോയതോടെ ഒറ്റപ്പെട്ടിരിക്കുകയാണ് മുണ്ടേരി വാണിയംപുഴ ആദിവാസി കോളനി.

മധ്യപ്രദേശിൽ ​ഗോ സംരക്ഷക സേന ജില്ലാ നേതാവിനെ നടുറോഡിൽ വെടിവെച്ചു കൊന്നു. ഭോപ്പാലിൽ നിന്ന് 150 കിലോമീറ്റർ അകലെ പിപാരിയ ടൗണിൽ ശനിയാഴ്ചയാണ് സംഭവം.

വിശ്വഹിന്ദു പരിഷത്തിന്റെ ഗോ രക്ഷക് വിഭാഗം ജില്ലാ ചുമതല വഹിച്ചിരുന്ന രവി വിശ്വകർമ (35)നെയാണ് ആക്രമികൾ കൊലപ്പെടുത്തിയത്. കൊലപാതകം ദൃശ്യങ്ങൾ ചിലർ മൊബൈൽ ക്യാമറയിൽ ചിത്രീകരിച്ച് സോഷ്യൽമീഡിയയിൽ പ്രചരിപ്പിച്ചു.

സംഭവത്തിൽ 10 പേർക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും പ്രതികൾക്കായുള്ള അന്വേഷണം ഊർജ്ജിതമാക്കിയെന്നും പൊലീസ് വ്യക്തമാക്കി. ആസൂത്രണം ചെയ്താണ് കൊലപാതകം നടന്നതെന്നും പ്രതികളെ എത്രയും പെട്ടെന്ന് പിടികൂടണമെന്നും വിഎച്ച്പി ആവശ്യപ്പെട്ടു.

 

തൂത്തുക്കുടിയില്‍ അതിക്രൂരമായ കസ്റ്റഡി പീഡനങ്ങള്‍ക്കൊടുവില്‍ മരിച്ച ജയരാജ്, ബെന്നിക്സ് എന്നിവരെ പരിശോധിച്ച് കോവൈപട്ടി സബ് ജയില്‍ ഡോക്ടര്‍ നല്‍കിയ റിപ്പോര്‍ട്ട് പുറത്തുവന്നു. ഇരുവര്‍ക്കും പീഡനമേറ്റതിന്റെ പരിക്കുകള്‍ ശരീരത്തിലുണ്ടെന്ന് ഈ റിപ്പോര്‍ട്ടിലുണ്ട്. പൊലീസ് കസ്റ്റഡിയില്‍ നിന്നും സബ് ജയിലിലെത്തിച്ചതിന്റെ തൊട്ടടുത്ത ദിവസം തയ്യാറാക്കിയ റിപ്പോര്‍ട്ടാണിത്.

ആശുപത്രി റെക്കോര്‍ഡുകളിലും ഇരുവര്‍ക്കും സാരമായ പരിക്കുകളേറ്റത് വിവരിക്കുന്നുണ്ട്. 58കാരനായ ജയരാജന്റെ ഗുദഭാഗത്ത് നിരവധി മുറിവുകളുണ്ടെന്ന് ഈ റെക്കോര്‍ഡ് വ്യക്തമാക്കുന്നു. 31കാരനായ ബെന്നിക്സിന്റെ ഗുദഭാഗത്തും മുറിവുകളുണ്ടെന്ന് റെക്കോര്‍ഡ് പറയുന്നുണ്ട്. ഇരുവരുടെയും ഗുദത്തില്‍ പൊലീസ് ലാത്തി കയറ്റിയാണ് പീഡിപ്പിച്ചത്. രണ്ടുപേരെയും മജിസ്ട്രേറ്റിനു മുമ്പില്‍ ഹാജരാക്കുമ്പോഴും ഗുദത്തില്‍ നിന്നും രക്തം വാര്‍ന്നു പോകുന്നുണ്ടായിരുന്നു. മജിസ്ട്രേറ്റ് ഡി സരവണന്‍ പക്ഷെ പൊലീസ് കസ്റ്റഡിയില്‍ വിടുകയാണുണ്ടായത്.

കോവില്‍പട്ടി സബ് ജയിലിലെ അഡ്മിഷന്‍ റെക്കോര്‍ഡുകളിലും ഗുദത്തിലെ പരിക്കുകള്‍ സംബന്ധിച്ച് വിവരമുണ്ട്. കാലിലും കൈയിലും നീര് കെട്ടിയിരുന്നെന്നും റെക്കോര്‍‌‍ഡില്‍ വ്യക്തമാക്കുന്നു.

ജൂണ്‍ 19നാണ് തൂത്തുക്കുടിയിലെ സാത്തന്‍കുളം പൊലീസ് സ്റ്റേഷനില്‍ ക്രൂരമായ പീഡനം അരങ്ങേറിയത്. എട്ട് പൊലീസുകാര്‍ ചേര്‍ന്ന് ജയരാജനെയും ബെന്നിക്സിനെയും പീഡിപ്പിക്കുകയായിരുന്നു. കാലിന്റെ ചിരട്ടകള്‍ തല്ലിത്തകര്‍ത്തു. ഗുദത്തിലേക്ക് ലാത്തികള്‍ കയറ്റി. ബെന്നിക്സിന്റെ നെഞ്ചിലെ രോമം മുഴുവന്‍ പറിച്ചെടുത്തു. ഈ സംഭവങ്ങള്‍ നടക്കുന്ന നേരമത്രയും സുഹൃത്തുക്കള്‍ക്ക് പൊലീസ് സ്റ്റേഷനു വെളിയില്‍ നിസ്സഹായരായി കാത്തു നില്‍ക്കേണ്ടി വന്നു. ആരില്‍ നിന്നും സഹായം കിട്ടില്ലെന്നതായിരുന്നു സ്ഥിതി.

സംഭവത്തിലുള്‍പ്പെട്ട പൊലീസുകാരെ രക്ഷിക്കുന്നതിനുള്ള നീക്കങ്ങള്‍ ശക്തമായി നടക്കുകയാണ്. സസ്പെന്‍ഷനില്‍ കാര്യങ്ങളൊതുക്കാനാണ് സര്‍ക്കാരിന്റെ നീക്കം. വകുപ്പുതല നടപടികള്‍ മാത്രമാണ് ഇവര്‍ക്കെതിരെ ഉണ്ടാവുക എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

കൊവിഡ് ഭീഷണിക്കിടെ ഡല്‍ഹിയില്‍ വെട്ടുകിളി ആക്രമണവും. ഡല്‍ഹിയുടെ തെക്കു പടിഞ്ഞാറന്‍ ജില്ലകളിലാണ് വെട്ടുകിളി ആക്രമണം.ഈ പശ്ചാത്തലത്തില്‍ ജനങ്ങള്‍ക്ക് മുന്‍കരുതല്‍ നിര്‍ദേശങ്ങള്‍ നല്‍കി. ജനലുകളും വാതിലുകളും അടച്ചിടണമെന്നും പാത്രങ്ങളും മറ്റും കൊട്ടി ശബ്ദമുണ്ടാക്കമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

വിമാന പൈലറ്റുമാര്‍ക്ക് ഡല്‍ഹി എയര്‍ ട്രാഫിക് കണ്ട്രോള്‍ മുന്‍കരുതല്‍ നല്‍കി. വെട്ടുകിളി ഭീഷണിയുള്ളതിനാല്‍ ടേക്ക് ഓഫിന്റെയും ലാന്‍ഡിങിന്റെയും സമയത്ത് പൈലറ്റുമാര്‍ മുന്‍കരുതലെടുക്കണമെന്ന് ഡല്‍ഹി എയര്‍ ട്രാഫിക് കണ്ട്രോള്‍ നിര്‍ദേശിച്ചു. പാടശേഖരങ്ങളില്‍ വന്‍ നാശം വിതച്ച, ഉത്തരേന്ത്യയുടെ ഉറക്കം കെടുത്തിയ വെട്ടുകിളികള്‍ ഗുരുഗ്രാമില്‍ രാവിലെയാണ് പ്രത്യക്ഷപ്പെട്ടത്. ഫരീദാബാദിലേയ്ക്കും ഡല്‍ഹിയുടെ തെക്കന്‍ മേഖലകളിലേയ്ക്കും പ്രവേശിച്ചു.

കാറ്റിന്റെ ഗതി കാരണം ന്യൂഡല്‍ഹി ഉള്‍പ്പെടെ നഗരമേഖലകളിലേയ്ക്ക് പ്രവേശിച്ചില്ല. യുപിയിലേയ്ക്ക് നീങ്ങുമെന്നാണ് മുന്നറിയിപ്പ്. കീടനാശിനികള്‍ തളിക്കാന്‍ പമ്പുകള്‍ തയ്യാറാക്കിവയ്ക്കണമെന്ന് കര്‍ഷകരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ജനലുകളും വാതിലുകളും അടച്ചിടണമെന്നും പാത്രങ്ങളും മറ്റും കൊട്ടി ശബ്ദമുണ്ടാക്കമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആളുകളെ ബോധവല്‍ക്കരിക്കാന്‍ ഉദ്യോഗസ്ഥരെ നിയോഗിച്ചു.

കേന്ദ്ര സര്‍ക്കാര്‍ കണ്ട്രോള്‍ റൂമുകള്] സജ്ജമാക്കിയിട്ടുണ്ട്. വെട്ടുകിളി ആക്രമണം നേരിടുന്ന കര്‍ഷകര്‍ക്കും സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര സര്‍ക്കാര്‍ സഹായം നല്‍കണമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. രാജസ്ഥാന്‍, ഹരിയാന, മധ്യപ്രദേശ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളില്‍ ഏറെ ഭീഷണിയുയര്‍ത്തിയ ശേഷമാണ് വെട്ടുകിളികള്‍ മഹാരാഷ്ട്ര, യുപി, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലേയ്ക്ക് നീങ്ങിയിരിക്കുന്നത്.

കാഴ്ച്ചയില്‍ കുഞ്ഞരെങ്കിലും കാര്‍ഷിക മേഖലയില്‍ വലിയ നാശമുണ്ടാക്കാന്‍ വെട്ടുകിളി കൂട്ടത്തിനാവും. ചെടികളുടെയും മരങ്ങളുടേയും ഇല, പൂവ്, തോല്‍, തടി, വിത്തുകള്‍, പഴങ്ങള്‍ തുടങ്ങി എന്തും ഇവ ആഹാരമാക്കും. നെല്ല്, ചോളം, ഗോതമ്പ്, ബാര്‍ലി, പരുത്തി, കരിമ്പ്, ഈന്തപ്പന, അക്കേഷ്യ, വാഴ, പൈന്‍, പുല്ല് തുടങ്ങി എല്ലാ ചെടികളും മരങ്ങളും വിളകളും ഇവ ആഹാരമാക്കാറുണ്ട്.

പാകിസ്താനോട് ചേര്‍ന്നുള്ള അതിര്‍ത്തികളില്‍ സാധാരണ ജൂലൈ- ഒക്ടോബര്‍ മാസങ്ങളിലാണ് വെട്ടുകിളി കൂട്ടങ്ങളുടെ ആക്രമണമുണ്ടാവാറ്. എന്നാല്‍ ഇത്തവണ എല്ലാ പ്രതീക്ഷയും തെറ്റിച്ചാണ് ഇവയുടെ വരവ്. രാജസ്ഥാനോട് ചേര്‍ന്നുള്ള പാകിസ്താനിലെ പ്രദേശങ്ങള്‍ വെട്ടുകിളികളുടെ പ്രജനന കേന്ദ്രങ്ങളായെന്നാണ് ഗവേഷകരില്‍ പലരുടേയും വിലയിരുത്തല്‍. ഏപ്രില്‍ 11 മുതലാണ് രാജസ്ഥാനിലേക്ക് വെട്ടുകിളി കൂട്ടം എത്തിയതായി ശ്രദ്ധയില്‍ പെട്ടത്.

ആഫ്രിക്കക്കും ഏഷ്യക്കുമിടയിലാണ് സാധാരണ ഇത്തരം വെട്ടുകിളി കൂട്ടങ്ങളുടെ ശക്തമായ സാന്നിധ്യമുള്ളത്. കാലാവസ്ഥാ വ്യതിയാനം ഇവയുടെ വലിയ തോതിലുള്ള വംശ വര്‍ധനക്കും കൂടുതല്‍ പ്രദേശങ്ങളിലേക്കുള്ള വ്യാപനത്തിനും കാരണമായിട്ടുണ്ടെന്നാണ് ഗവേഷകര്‍ അഭിപ്രായപ്പെടുന്നത്. പച്ചപ്പും നനവുള്ള മണല്‍ പ്രദേശങ്ങളുമാണ് വെട്ടുകിളികളുടെ വംശവര്‍ധനവിന് ഏറ്റവും അനുയോജ്യമായ സാഹചര്യമെന്നാണ് വേള്‍ഡ് മെട്രൊളോജിക്കല്‍ ഓര്‍ഗനൈസേഷന്‍ വ്യക്തമാക്കുന്നുണ്ട്. ഒമാനില്‍ വലിയ തോതില്‍ പെരുകിയ വെട്ടുകിളികള്‍ ഭക്ഷണം തേടി ഇറാന്‍ വഴി പാകിസ്താനിലേക്കും പിന്നീട് ഇന്ത്യയിലേക്കും എത്തിയെന്നാണ് കരുതപ്പെടുന്നത്.

ഐഡിയ സ്റ്റാർ സിംഗർ എന്ന റിയാലിറ്റിഷോയിലൂടെ ഏറെ പ്രേക്ഷകശ്രദ്ധ നേടിയെടുത്ത വ്യക്തിയാണ് അമൃത സുരേഷ്. റിയാലിറ്റി ഷോ അവസാനിച്ചതോടെ അമൃതയ്ക്ക് നിരവധി അവസരങ്ങളാണ് ലഭിച്ചത്. ഇതിനിടയിൽ ആയിരുന്നു ബാലയുമായുള്ള വിവാഹം. വിവാഹത്തിനുശേഷവും സംഗീതത്തിൽ സജീവമായിരുന്നു അമൃത. എന്നാൽ വളരെ വേഗത്തിൽ തന്നെ ഇരുവരും വിവാഹമോചിതരായി. പാപ്പു എന്ന് വിളിക്കുന്ന അവന്തിക ആണ് ഇരുവരുടേയും മകൾ. ഇനിയുള്ള ജീവിതം മകൾക്ക് വേണ്ടി മാത്രമാണെന്ന് അമൃത പറഞ്ഞിരുന്നു. അമൃതംഗമയ എന്ന് ബാൻഡുമായി അമൃതയും സഹോദരി അഭിരാമിയും സജീവമാണ്.

പുതിയ കമ്പോസിങ്ങിലേക്ക് കടക്കുന്ന വേളയിലാണ് ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്തുവരുന്ന ബിഗ് ബോസ് എന്ന പരിപാടിയിലേക്ക് ഇരുവർക്കും ക്ഷണം ലഭിച്ചത്. അവസാനനിമിഷമാണ് ഒരു തീരുമാനമെടുത്തതെന്ന് അമൃത പറയുന്നു. ബിഗ് ബോസിൽ എത്തിയ ഇരുവർക്കും മികച്ച പ്രേക്ഷക പിന്തുണയാണ് ലഭിച്ചത്. ഇൻസ്റ്റഗ്രാമിൽ താരം പങ്കുവെച്ച ഒരു പോസ്റ്റ് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

‘എന്റെ ജീവിതം പരീക്ഷണങ്ങളും അനുഭവങ്ങളും ചേര്‍ന്നതാണ്. എന്റെ ജീവിതത്തില്‍ ഞാന്‍ വരുത്തിയ മനോഹരമായ തെറ്റുകള്‍. എനിക്ക് കടന്നുപോകേണ്ടി വന്ന മനോഹരമായ പരാജയങ്ങളും വിജയഗാഥകളും അതിന് പിന്നാലെ ഇന്ന് മറ്റൊരു മനോഹരമായ ദിവസത്തില്‍ ഞാന്‍ എത്തിനില്‍ക്കുന്നു. ഒരു പുതിയ പരീക്ഷണത്തിലേക്ക് കടക്കുന്നു. നിങ്ങളുടെ സ്‌നേഹത്തിനും കരുതലിനുമെല്ലാം നന്ദി, വിശദവിവരങ്ങള്‍ ഉടന്‍ തന്നെ തുറന്നുപറയുന്നതാണ്. ഐലവ് യൂ ഓള്‍ സൊ മച്ച്. എന്നാണ് അമൃത തന്റെ പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ കുറിച്ചിരിക്കുന്നത്. ഇതിനുപിന്നാലെ നിരവധി സംശയങ്ങളാണ് എത്തുന്നത്. ബാലയും ആയി വീണ്ടും ഒന്നിക്കാൻ പോവുകയാണോ എന്ന തരത്തിലുള്ള ചോദ്യങ്ങൾ വരെ ഉയർന്നിരിക്കുകയാണ്.

RECENT POSTS
Copyright © . All rights reserved