സ്വന്തം നാട്ടിൽ ജാതി വിവേചനം നേരിടുന്നുണ്ടെന്ന് വെളിപ്പെടുത്തി ബോളിവുഡ് നടൻ നവാസുദ്ദീൻ സിദ്ദിഖി. ജാതിചിന്ത ഗ്രാമങ്ങളിൽ ശക്തമാണ്. ജാതി വിവേചനത്തിനെതിരെ ശബ്ദമുയർത്തണമെന്നും ഉത്തർപ്രദേശ് സ്വദേശിയായ നവാസുദ്ദീൻ സിദ്ദിഖി പറഞ്ഞു.

തന്റെ മുത്തശ്ശി പിന്നാക്ക ജാതിയിൽപ്പെട്ട ആളാണ്. ഇക്കാരണത്താൽ കുടുംബത്തിലും ഗ്രാമത്തിലും ജാതിവിവേചനം നേരിടുന്നുണ്ട്. താൻ പ്രശസ്തനാണോ എന്നൊന്നും അവർക്ക് വിഷയമല്ല. ജാതി ചിന്ത അവരുടെ രക്തത്തിലുണ്ട്. ഇന്നും അവർ തങ്ങളെ അംഗീകരിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ജാതിവിവേചനമില്ലെന്നാണ് ആളുകൾ ട്വിറ്ററിൽ പറയുന്നത്. ഇതേ ആളുകൾ പുറത്തിറങ്ങി സഞ്ചരിച്ചാൽ യാഥാർത്ഥ്യം മനസിലാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഹത്‌റാസ് സംഭവത്തെക്കുറിച്ചും നവാസുദ്ദീൻ സിദ്ദിഖി പ്രതികരിച്ചു. പെൺകുട്ടിക്ക് നീതി തേടി കലാകാരന്മാരുടെ ശബ്ദം ഉയരുന്നുണ്ട്. ഇത്തരം കാര്യങ്ങളിൽ ശബ്ദയുർത്തേണ്ടത് ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.