India

കൊല്‍ക്കത്ത∙ 30 വര്‍ഷം പെണ്ണായി ജീവിച്ച് ഒരു സുപ്രഭാതത്തില്‍ താന്‍ പുരുഷനാണെന്ന് അറിഞ്ഞതിന്റെ ഞെട്ടലിലാണു ബംഗാള്‍ സ്വദേശിനി. വയറു വേദനയ്ക്കു ചികിത്സയ്‌ക്കെത്തിയ സ്ത്രീ ‘പുരുഷന്‍’ ആണെന്നും അവര്‍ക്ക് വൃഷണത്തിനു കാന്‍സര്‍ ആണെന്നും ഡോക്ടര്‍മാര്‍ കണ്ടെത്തി. ബിര്‍ഭും സ്വദേശിയായ 30 വയസുകാരി ഒമ്പതു വര്‍ഷം മുന്‍പ് വിവാഹം കഴിച്ച് ദാമ്പത്യ ജീവിതം നയിച്ചുവരികയായിരുന്നു. കടുത്ത വയറു വേദനയെ തുടര്‍ന്ന് നേതാജി സുഭാഷ് ചന്ദ്രബോസ് കാന്‍സര്‍ ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിയതോടെയാണു കാര്യങ്ങള്‍ തകിടം മറിഞ്ഞത്.

ഡോ. അനുപം ഗുപ്തയും ഡോ. സൗമന്‍ ദാസും പരിശോധിച്ചതോടെ അവര്‍ ശരിക്കും പുരുഷനാണെന്നുള്ള ഞെട്ടിപ്പിക്കുന്ന വിവരം പുറത്തുവരികയായിരുന്നു. പരിശോധനയില്‍ ടെസ്റ്റിക്യുലാര്‍ കാന്‍സര്‍ ആണെന്നും തെളിഞ്ഞു. ‘ആന്‍ഡ്രജന്‍ ഇന്‍സെന്‍സിറ്റിവിറ്റി സിന്‍ഡ്രം’ എന്ന അവസ്ഥയാണ് ഇതിനു കാരണമായി ഡോക്ടര്‍മാര്‍ പറയുന്നത്. 22,000ത്തില്‍ ഒരാള്‍ക്കു സംഭവിക്കാവുന്ന അപൂര്‍വ അവസ്ഥയാണിത്. ജനിതകപരമായി പുരുഷന്‍ ആയി ജനിക്കുകയും എന്നാല്‍ സ്ത്രീയുടേതായ എല്ലാ ശാരീരിക സവിശേഷതകള്‍ ഉണ്ടായിരിക്കുകയും ചെയ്യുന്ന അവസ്ഥയാണിത്.

രൂപത്തില്‍ സ്ത്രീ തന്നെ ആയിരിക്കും. സ്ത്രീയുടെ ശബ്ദവും ശരീര അവയവങ്ങളും ഉണ്ടായിരിക്കും. ശരീരത്തിലെ സ്ത്രീ ഹോര്‍മോണുകളുടെ സാന്നിധ്യമാണ് അത്തരം ശാരീരിക ഘടന നല്‍കുന്നത്. പക്ഷേ, ജനിക്കുമ്പോള്‍ തന്നെ ഗര്‍ഭപാത്രവും അണ്ഡാശയവും ഉണ്ടായിരിക്കില്ല. പരിശോധനയില്‍ ഇവരുടെ ക്രോമസോം ഘടന സ്ത്രീകളില്‍ കാണുന്ന XX നു പകരം XY ആയിരുന്നു. കൂടാതെ, ഈ സ്ത്രീക്ക് ഇതുവരെ ആര്‍ത്തവവും ഉണ്ടായിട്ടില്ലെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.

പരിശോധനയില്‍ ഇവര്‍ക്കു ശരീരത്തിനുള്ളില്‍ വൃഷണങ്ങള്‍ ഉള്ളതായി കണ്ടെത്തി. തുടര്‍ന്നു ബയോപ്‌സി നടത്തിയപ്പോഴാണ് ഇവര്‍ക്ക് ടെസ്റ്റിക്യുലാര്‍ കാന്‍സര്‍ ആണെന്ന് കണ്ടെത്തിയത്. സെമിനോമ എന്നാണ് ഇതു പറയപ്പെടുന്നതെന്നു ഡോ. സൗമന്‍ പറഞ്ഞു. ഇവര്‍ക്കു കീമോതെറപ്പി ആരംഭിച്ചുവെന്നും ആരോഗ്യനില മെച്ചപ്പെട്ടുവെന്നും ഡോക്ടര്‍ പറഞ്ഞു. താന്‍ സ്ത്രീയല്ല പുരുഷനാണെന്നു തിരിച്ചറിഞ്ഞതിന്റെ ഞെട്ടലിലാണ് രോഗി. അവര്‍ക്കും ഭര്‍ത്താവിനും തങ്ങള്‍ കൗണ്‍സിലിങ്ങ് നല്‍കി വരികയാണെന്നും മുന്‍പ് ജീവിച്ചിരുന്നതു പോലെ തന്നെ ഇനിയുള്ള ജീവിതം മുന്നോട്ട് കൊണ്ടുപോകണമെന്ന് ഉപദേശിച്ചതായും ഡോക്ടര്‍മാര്‍ പറഞ്ഞു.

വീട്ടിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന പ്രവാസി യുവാവ് കുഴഞ്ഞുവീണു മരിച്ചു. ദുബായിൽ നിന്നു തിരിച്ചെത്തിയ കോട്ടയം കാണക്കാരി കല്ലമ്പാറ മനോഭവനിൽ മഞ്ജുനാഥാണ് (39) മരിച്ചത്. അബോധാവസ്ഥയിൽ വീട്ടിൽ കണ്ടെത്തിയ യുവാവിനെ ആശുപത്രിയിലേക്കു മാറ്റാൻ മണിക്കൂറുകൾ താമസിച്ചതായി ബന്ധുക്കൾ ആരോപിച്ചു.

ദുബായിൽ നിന്നും 21ാം തീയതി എത്തിയ മഞ്ജുനാഥ് വീട്ടിൽ ഒറ്റയ്ക്കു ക്വാറന്റീനിൽ കഴിയുകയായിരുന്നു. ഇന്നലെ രാവിലെ 10ന് സഹോദരൻ ഭക്ഷണവുമായി എത്തിയപ്പോൾ നേരത്തേ നൽകിയ ഭക്ഷണം എടുക്കാത്തത്് ശ്രദ്ധയിൽപെട്ടു. തുടർന്നു പരിശോധിച്ചപ്പോഴാണ് അബോധാവസ്ഥയിൽ കണ്ടെത്തിയത്. ഉടൻ കാണക്കാരി പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ അറിയിച്ചു.

ആരോഗ്യ വകുപ്പ് അധികൃതർ വീട്ടിൽ എത്തിയെങ്കിലും യുവാവ് നിരീക്ഷണത്തിലായതിനാൽ മെഡിക്കൽ കോളജിൽ കൊണ്ടുപോകണമെന്ന് നിർദേശിച്ചു. രാവിലെ അറിയിച്ചെങ്കിലും വൈകിട്ട് നാലോടെയാണ് ആംബുലൻസ് എത്തിയതെന്ന് ബന്ധുക്കൾ ആരോപിച്ചു.

ഇന്നലെ വൈകിട്ടോടെ മെഡിക്കൽ കോളജിൽ എത്തിച്ച് രാത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലേക്കു മാറ്റിയെങ്കിലും രക്ഷിക്കാനായില്ല. യുവാവിന്റെ സ്രവം പരിശോധനയ്ക്കായി എടുത്തിട്ടുണ്ട്.

യുവാവ് അബോധാവസ്ഥയിലാണെന്ന് അറിഞ്ഞപ്പോൾ തന്നെ കൊറോണ സെല്ലിൽ അറിയിച്ചിരുന്നതായി കാണക്കാരി പ്രാഥമികാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫിസർ ഡോ. ധന്യ സുശീലൻ പറഞ്ഞു. മഞ്ജുനാഥിന്റെ ഭാര്യ: ഗായത്രി. മക്കൾ: ശിവാനി, സൂര്യകിരൺ.

കൊവിഡ് ടെസ്റ്റ് ശരാശരിയിൽ കേരളം പിന്നിലാണെന്ന് വാദിക്കാൻ ഇന്ത്യയിൽ 35 സംസ്ഥാനങ്ങളുണ്ടെന്ന വിചിത്ര വാദവുമായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. കേന്ദ്രസർക്കാർ കേരളത്തിന് എഴുതിയ കത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫീസിനെ വിമർശിക്കുന്നതിനിടെയായിരുന്നു വി മുരളീധരന്റെ പരാമർശം. ഇന്ത്യയിൽ കൊവിഡ് പരിശോധനയുടെ കാര്യത്തിൽ കേരളത്തിന് 28ാം സ്ഥാനം മാത്രമാണ് ഉള്ളതെന്നും കേരളത്തിന് പിറകിൽ ഏഴ് സംസ്ഥാനങ്ങൾ മാത്രമേ ഉള്ളൂവെന്നുമാണ്‌വി മുരളീധരൻ പറഞ്ഞത്.

‘ഇന്നലത്തെ കണക്കിൽ ടെസ്റ്റിങ് ആവറേജിൽ കേരളം നിൽക്കുന്നത് 28ാം സ്ഥാനത്താണ്. കാരണം കേരളത്തിൽ ഒരു ലക്ഷത്തിന് 372 പേരെയാണ് ടെസ്റ്റ് ചെയ്യുന്നത്. ദേശീയ ശരാശരി 553 ആണ്. ദേശീയ ശരാശരിയിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന, നമ്മളേക്കാൾ മുന്നിൽ നിൽക്കുന്ന 27 സംസ്ഥാനങ്ങൾ ഉണ്ട്. നമ്മളുടെ പിന്നിൽ നിൽക്കുന്ന ആറേഴ് സംസ്ഥാനങ്ങളേ ഉള്ളൂ. ഉത്തർപ്രദേശ്, ലക്ഷദ്വീപ്, ബീഹാർ, തെലങ്കാന, മേഘാലയ തുടങ്ങിയ സംസ്ഥാനങ്ങൾ, ഇവരേ നമ്മുടെ പിന്നിൽ നിൽക്കുന്നുള്ളൂ. പക്ഷേ ഈ മുന്നിൽ നിൽക്കുന്ന 27 സംസ്ഥാനക്കാർ അവരാരും ഞങ്ങൾക്ക് ഈ ടെസ്റ്റിങ്ങ് നടത്തേണ്ട ആവശ്യമില്ല എന്ന് പറയാറില്ല. അതുകൊണ്ട് തന്നെ പ്രതിദിനമുള്ള ടെസ്റ്റുകൾ വർധിപ്പിക്കണമെന്നാണ് പറയാനുള്ളത്’- എവി മുരളീധരൻ പറഞ്ഞതിങ്ങനെ.

ജൂൺ 24 ന് കേന്ദ്രം കേരളത്തിന് എഴുതിയ കത്തിൽ കേരളത്തിനായി പ്രത്യേക മാർഗനിർദേശം പ്രായോഗികമല്ലെന്ന് അറിയിച്ചിരുന്നു. എന്നാൽ കേന്ദ്രം അയച്ച കത്ത് അഭിനന്ദനമാണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് തെറ്റിദ്ധരിച്ചു. കിറ്റും കൊവിഡ് പരിശോധനയും വേണ്ടെന്നും മാസ്‌കും ഫേസ്ഷീൽഡും മതിയെന്നും കേരളം കത്തിൽ പറഞ്ഞിരുന്നു. അതിന് അയച്ച മറുപടിയാണ് ഇന്നലെ നിങ്ങൾക്ക് കിട്ടിയത്. കിറ്റും കൊവിഡ് പരിശോധനയും വേണമെന്ന അപ്രയോഗിക സമീപനം മാറ്റിവെച്ച് പ്രായോഗികസമീപനം സ്വീകരിക്കുന്നത് നല്ലതാണ് എന്നാണ് കത്തിൽ പറഞ്ഞത്. മണ്ടത്തരം പറ്റിയത് മനസിലാക്കിയതിൽ സന്തോഷം എന്നാണ് കത്തിൽ പറഞ്ഞത്. ഇതെങ്ങനെയാണ് അഭിനന്ദമാകുന്നത്. കോംപ്ലിമെന്റും കൺഗ്രാജുലേഷനും തമ്മിലുള്ള അർത്ഥ വ്യത്യാസം അറിയാത്തവരാണോ മുഖ്യമന്ത്രിയുടെ ഓഫീസിൽ ഇരിക്കുന്നത്. വിദേശകാര്യ സെക്രട്ടറി എഴുതിയ കത്തിൽ കൊവിഡ് പരിശോധനയെയും പിപിഇ കിറ്റിനെയും സംബന്ധിച്ച ഒരു പരാമർശവും ഇല്ല. പകരം ആദ്യം സ്വീകരിച്ച അപ്രായോഗിക സമീപനം തിരുത്തിയതിനാണ് കേന്ദ്രം അഭിനന്ദിച്ചതെന്നും മുരളീധരൻ പറഞ്ഞു.

എന്നാൽ വി മുരളീധരന് മറുപടിയുമായി മന്ത്രി എകെ ബാലൻ. സംസ്ഥാന സർക്കാരിന് കേന്ദ്രത്തിൽ നിന്ന് ലഭിച്ചത് അഭിനന്ദനം തന്നെയെന്ന് എകെ ബാലൻ പറഞ്ഞു. വി മുരളീധരൻ കോംപ്ലിമെന്റിന്റെ അർത്ഥം ചോദിച്ച് മനസ്സിലാക്കണമെന്നും സംസ്ഥാന സർക്കാരുമായി സഹകരിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. കേന്ദ്ര നിർദേശം അനുസരിക്കുന്ന സർക്കാരാണ് കേരളത്തിലേതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രവാസികൾക്ക് കിറ്റും കൊവിഡ് പരിശോധനയും വേണ്ടെന്നും മാസ്‌കും ഫേസ്ഷീൽഡും മതിയെന്നും കേരളം നേരത്തെ കേന്ദ്രത്തിന് അയച്ച കത്തിൽ പറഞ്ഞിരുന്നു. അതിന് മറുപടിയായി അയച്ച കത്താണ് ഇന്നലെ സർക്കാരിന് കിട്ടിയതെന്നും അഭിനന്ദനമല്ലെന്നുമായിരുന്നു വി മുരളീധരൻ ഇന്ന് മാധ്യമങ്ങളോട് പറഞ്ഞത്. കോംപ്ലിമെന്റും കൺഗ്രാജുലേഷനും തമ്മിലുള്ള വ്യത്യാസം അറിയാത്തവരാണോ മുഖ്യമന്ത്രിയുടെ ഓഫീസിലുള്ളതെന്നും മുരളീധരൻ പരിഹസിച്ചിരുന്നു.

യുഎൻ വെബിനാറിൽ പങ്കെടുത്തത് പോലും സർക്കാർ പിആർ വർക്കിന് ഉപയോഗിച്ചെന്നും കത്ത് ഇടപാടുകളിൽ ഔപചാരികമായ വാക്കുകൾ ഉപയോഗിച്ചതിനെയാണ് തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ ഉപയോഗിക്കുന്നതെന്നും മുരളീധരൻ കുറ്റപ്പെടുത്തിയിരുന്നു. ഇതിനുള്ള മറുപടിയുമായി രംഗത്തെത്തുകയായിരുന്നു മന്ത്രി എകെ ബാലൻ.

കുട്ടികളുടെ പെയിന്റിംഗ് വിവാദം ചൂടേറുന്നു. അറസ്റ്റ് രേഖപ്പെടുത്താന്‍ പോലീസ് വീട്ടിലെത്തിയതിനുപിന്നാലെ പ്രതികരണവുമായി രഹ്ന ഫാത്തിമ. എന്റെ ശരീരവും എന്റെ പേരുമാണ് ഒരു വിഭാഗത്തിന്റെ പ്രശ്‌നം. മക്കള്‍ വരച്ചപ്പോള്‍ മാത്രമല്ല, ജെസ്‌ല മാടശേരി തന്റെ ശരീരത്ത് ബോഡി ആര്‍ട് ചെയ്തപ്പോഴും ഇതേ മുറവിളി ഉയര്‍ന്നിരുന്നു. ശരീരം എന്റെ രാഷ്ട്രീയം പറയാനുള്ള ഉപകരണമാണെന്നു ഞാന്‍ നേരത്തേ പറഞ്ഞിട്ടുള്ളതാണ്. സംശയമുള്ളവര്‍ക്ക് അന്നത്തെ വിഡിയോ എടുത്തു നോക്കിയാല്‍ അതിന്റെ കമന്റുകള്‍ കാണാം. ഒരു സ്ത്രീയുടെ നെഞ്ചിലെ വസ്ത്രം മാറിക്കിടന്നാല്‍ അതില്‍ അശ്ലീലം കാണുന്നവര്‍ അറിയണം, അശ്ലീലം കാണുന്നവന്റെ കണ്ണുകളിലാണെന്നും രഹ്ന പറയുന്നു.

അമ്മയുടെ ശരീരത്തില്‍ മകന്‍ ചിത്രം വരച്ചാല്‍ അതില്‍ എന്ത് ലൈംഗികതയാണ് നിയമത്തിനു കാണാനാകുക എന്നറിയില്ല. ഞാന്‍ നേരത്തേ പറഞ്ഞിട്ടുള്ളതു പോലെ ശരീരമാണ് എന്റെ രാഷ്ട്രീയം പറയാനുള്ള ഉപകരണം. അതു തുടക്കം മുതല്‍ പറയുന്നതാണ്. ഇനിയും പറയും. സ്ത്രീയുടെ ശരീരത്തെ വെറും ലൈംഗികതയ്ക്കുവേണ്ടി മാത്രമുള്ള ഉപകരണമായി കാണുന്നവരോടുള്ള എന്റെ പ്രതികരണമാണ് ശരീരത്തിലൂടെ പറയുന്നത്. ഒരു വിഡിയോയിലൂടെ ആകാശം ഇടിഞ്ഞു വീണെന്നു കരുതുന്നവരെ നിയമപരമായിത്തന്നെ നേരിടാനാണ് തീരുമാനം. ആരെയും ഭയന്ന് നിലപാടുകളില്‍നിന്ന് പിന്നാക്കം പോകാനില്ല.

ഒരു സ്ത്രീശരീരം കണ്ടാലുടന്‍ അതില്‍ എല്ലായിടത്തും ലൈംഗികത കാണുന്ന, സെക്ഷ്വലി ഫ്രസ്ട്രേറ്റഡ് ആയ സമൂഹത്തില്‍ വെറും വസ്ത്രങ്ങള്‍ക്കുള്ളില്‍ മാത്രം ഒരു സ്ത്രീ സുരക്ഷിതയല്ല. സ്ത്രീശരീരം എന്താണെന്നും ലൈംഗികത എന്താണെന്നും തുറന്നു പറയുകയും കാട്ടുകയും വേണം. അത് വീട്ടില്‍നിന്നു തന്നെ തുടങ്ങിയാലേ സമൂഹത്തില്‍ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ കഴിയൂ. സ്ത്രീശരീരം ലൈംഗികതയ്ക്കും മക്കളെ നിര്‍മിക്കാനും മാത്രമുള്ളതാണെന്നു കരുതുന്ന സദാചാര ഫാഷിസ്റ്റ് സമൂഹത്തില്‍, അവര്‍ ഒളിച്ചിരുന്നു മാത്രം കാണാന്‍ ആഗ്രഹിക്കുന്ന കാഴ്ചകള്‍ തുറന്നുകാട്ടുന്നതും ഒരു രാഷ്ട്രീയ പ്രവര്‍ത്തനമാണെന്നാണ് നിലപാട്. നഗ്നതയെ കുറിച്ചോ ലൈംഗികതയെ കുറിച്ചോ പറയാന്‍ പോലും പറ്റാത്തവിധം സ്ത്രീകളുടെ നാവുകള്‍ക്ക് നിരവധി വിലക്കുകളാണ്. ആരെങ്കിലും അതു തുറന്നു പറഞ്ഞാല്‍ അവരെ ഒറ്റപ്പെടുത്തുകയും കുറ്റപ്പെടുത്തുകയും ചെയ്യുന്ന സമൂഹമാണ് നമ്മുടേത്. അവിടെ എന്റെ പ്രവൃത്തി ധീരമായ രാഷ്ട്രീയ പ്രവര്‍ത്തനമാണ് എന്നുതന്നെയാണ് പറയാനുള്ളത്.

യഥാര്‍ഥത്തില്‍ സംഭവിച്ചത്, എനിക്കു കണ്ണിനു സുഖമില്ലാതെ കിടക്കുമ്പോള്‍ ആശ്വസിപ്പിക്കാനെത്തിയ അവന്‍ പെയിന്റുകൊണ്ട് ശരീരത്തില്‍ വരച്ചപ്പോള്‍ അതിന് അനുവദിക്കുകയായിരുന്നു. മുമ്പും ശരീരത്തില്‍ ബോഡി ആര്‍ട് ചെയ്തിട്ടുള്ളതാണ്. അത് അവന്‍ കണ്ടിട്ടുമുണ്ട്. അതുകൊണ്ടുതന്നെ അവന്‍ താല്‍പര്യപ്പെട്ടപ്പോള്‍ നിരുല്‍സാഹപ്പെടുത്തിയില്ല. മകന്‍ നന്നായി ചിത്രം വരയ്ക്കും. വീട്ടില്‍ ഭിത്തികളിലും കുപ്പികളിലുമെല്ലാം വരച്ചിട്ടുണ്ട്. എന്റെ ശരീരത്തില്‍ വരച്ചപ്പോള്‍ അത് വിഡിയോയില്‍ പകര്‍ത്തി. നാലു പേര്‍ അവന്റെ കഴിവു കാണട്ടെ എന്നു കരുതിത്തന്നെയാണ് ചാനലില്‍ പോസ്റ്റ് ചെയ്തത്.

നടന്‍ ശ്രീനിവാസന്‍ മാപ്പ് പറയണമെന്നാവശ്യവുമായി അങ്കണവാടി പ്രവര്‍ത്തകര്‍. ശ്രീനിവാസന്‍ അങ്കണവാടി അധ്യാപകരെ അധിക്ഷേപിച്ച് സംസാരിച്ചെന്നാരോപിച്ച് അങ്കണവാടി വര്‍ക്കേഴ്സ് ആന്‍ഡ് ഹെല്‍പേഴ്സ് യുണിയന്റെ നേതൃത്വത്തില്‍ പ്രതിഷേധം നടന്നു.

ശ്രീനിവാസന്റെ വീടിനുമുന്നിലാണ് പ്രതിഷേധം നടന്നത്. നടന്‍ ശ്രീനിവാസനെതിരെ നിയമ നടപടി സ്വീകരിക്കണമെന്നും നടന്‍ മാപ്പു പറയണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. കണ്ടനാട് കവലയില്‍ നിന്നും ആരംഭിച്ച മാര്‍ച്ചില്‍ 40 ഓളം അങ്കണവാടി പ്രവര്‍ത്തകര്‍ പങ്കെടുത്തു.

അതേസമയം സംഭവത്തെ കുറിച്ച് പ്രതികരിക്കാന്‍ ശ്രീനിവാസന്‍ തയാറായില്ല. സിനിമ ചര്‍ച്ചകളിലാണെന്നും അതിനാല്‍ ഇപ്പോള്‍ പ്രതികരിക്കുന്നില്ലെന്നുമാണ് നടന്‍ അറിയിച്ചത്.

നടി ഷംന കാസിമിന് എതിരെ നടന്ന തട്ടിപ്പു കേസില്‍ സിനിമാ മേഖലയിൽ ഉള്ളവരുടെ പങ്ക് അന്വേഷിക്കുമെന്ന് കൊച്ചി ഡിസിപി പൂങ്കുഴലി. തട്ടിപ്പിന്റെ ആസൂത്രണത്തിൽ സിനിമ മേഖലയിലെ ആർക്കെങ്കിലും പങ്ക് ഉണ്ടോ എന്നാണ് അന്വേഷിക്കുക. നടിയുടെ വിശദാംശങ്ങൾ എങ്ങനെ കിട്ടി എന്നതിൽ അന്വേഷണം ഉണ്ടാകും. കൂടുതൽ പേര് തട്ടിപ്പിന് ഇരയായിട്ടുണ്ടെന്നും ഡിസിപി കൂട്ടിച്ചേർത്തു.

ഉയർന്ന സാമ്പത്തിക സാഹചര്യമുള്ളവർ എന്നു പരിചയപ്പെടുത്തിയാണ് തട്ടിപ്പുകാർ നടിമാരുടെ ബന്ധുക്കളുമായി അടുക്കുന്നതെന്നും പൊലീസ് പറയുന്നു. ബന്ധുക്കളുമായി ബന്ധം ഉണ്ടായി കഴിഞ്ഞാൽ നടിമാരെ വിവാഹം ആലോചിക്കുകയും എന്തെങ്കിലും പ്രൊജക്ട് ചെയ്തുകൊണ്ടിരിക്കുകയാണെന്ന് ബോധ്യപ്പെടുത്തുകയും ചെയ്യും. ഇതിന്റെ ആവശ്യത്തിലേയ്ക്ക് പിന്നീട് പണം ചോദിക്കുന്നതാണ് പതിവ്. ഒരു തവണ പണമോ സ്വർണമൊ ലഭിച്ചു കഴിഞ്ഞാൽ പിന്നെ ഫോൺ നമ്പർ മാറ്റും. വിളിച്ചാൽ കിട്ടാതാകുകയും ചെയ്യും.

ഈ സമയം ഇവർ വേറെ ഇരകളെ തേടി പോയിട്ടുണ്ടാകും. സംഘത്തിൽ ഏഴു പേരുണ്ടെന്നാണ് പൊലീസിന് ലഭിച്ച വിവരം. ഇതിൽ നാലു പേർ പിടിയിലായിട്ടുണ്ട്. ബാക്കിയുള്ളവരെ കൂടി പിടികൂടുന്നതിനുള്ള അന്വേഷണം പുരോഗമിക്കുകയാണ്. കൂടുതൽ പേർ സംഘത്തിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന കാര്യത്തിലും അന്വേഷണം നടക്കുന്നുണ്ടെന്ന് വിജയ് സാഖറെ അറിയിച്ചു. നടിയെ ഭീഷണിപ്പെടുത്തിയ സംഘത്തിന് സ്വര്‍ണ്ണക്കടത്തുമായി ബന്ധമുണ്ടെന്ന് പൊലീസിന് വ്യക്തമായിട്ടുണ്ട്.

ഷംന കാസിമിന് പൂർണ്ണ പിന്തുണയാണ് താരസംഘടന ‘അമ്മ’ നല്‍കിയിരിക്കുന്നത്. നിയമനടപടികൾക്ക് ആവശ്യമെങ്കിൽ സഹായം നൽകുമെന്നും അമ്മ നേതൃത്വം അറിയിച്ചു. നേരത്തെ, തട്ടിപ്പിന്‍റെ വിവരം നടി ഷംന കാസിം വെളിപ്പെടുത്തിയതിന് പിന്നാലെ പ്രതികള്‍ക്കെതിരെ കൂടുതല്‍ പെണ്‍കുട്ടികള്‍ രംഗത്ത് വന്നിരുന്നു. മറ്റൊരു നടിയെയും ഒരു മോഡലിനെയും ഇതേ പ്രതികള്‍ ബ്ലാക്‌മെയില്‍ ചെയ്തതായാണ് വിവരം. ഇവരില്‍ നിന്ന് പ്രതികള്‍ പണവും സ്വർണവും തട്ടിയെടുത്തു. ഇരുവരും പൊലീസിനെ സമീപിച്ചിട്ടുണ്ട്. പരാതികളില്‍ പൊലീസ് ഇന്ന് കേസെടുക്കും.

ഷംന കാസിമില്‍ നിന്ന് പ്രതികള്‍ 10 ലക്ഷം രൂപ തട്ടിയെടുക്കാന്‍ ലക്ഷ്യമിട്ടതായാണ് വിവരം. ദുബായിലെ ബിസിനസ് അത്യാവശത്തിന് പണം ആവശ്യപ്പെടാന്‍ ആയിരുന്നു പദ്ധതി. പ്രതി ഷംനയെ വിളിച്ചത് അന്‍വര്‍ എന്ന പേരിലായിരുന്നു. പൊലീസ് അറസ്റ്റ് ചെയ്ത റഫീഖ് ആണ് അന്‍വര്‍ ആയി അഭിനയിച്ചത്. ഇയാള്‍ രണ്ട് കുട്ടികളുടെ അച്ഛന്‍ ആണെന്ന് പൊലീസ് പറഞ്ഞു. മാന്യത നടിച്ചാണ് തട്ടിപ്പുകാര്‍ ഇടപെട്ടതെന്ന് ഷംന പറയുന്നു. കുടുംബം വഴി വന്ന വിവാഹാലോചന ആയതിനാല്‍ ആദ്യം സംശയിച്ചില്ല. എന്നാല്‍ പെട്ടെന്ന് പണം ആവശ്യപ്പെട്ടപ്പോള്‍ സംശയം തോന്നിയെന്നും ഷംന വിശദീകരിക്കുന്നു. ദുബായില്‍ സ്വര്‍ണ്ണക്കടയുണ്ടെന്ന് പ്രതികള്‍ പറഞ്ഞു. വീഡിയോ കോള്‍ വിളിക്കാൻ ഷംന ആവശ്യപ്പെട്ടതോടെ പ്രതി ഫോൺ സ്വിച്ച് ഓഫ്‌ ആക്കി. പിന്നീടാണ് ഭീഷണി തുടങ്ങിയതെന്നും ഷംന പറഞ്ഞു.

വിവാഹ ആലോചനയ്‍ക്കെന്ന പേരിലാണ് പ്രതികൾ ഷംനയുടെ കുടുംബവുമായി ബന്ധപ്പെടുന്നത്. കോഴിക്കോട് സ്വദേശികളെന്ന് പരിചയപ്പെടുത്തിയ ഇവർ തങ്ങൾ കുടുംബത്തിലെ അംഗങ്ങളാണെന്നാണ് അവകാശപ്പെട്ടത്. വിശ്വസനീയമായി തോന്നിയതിനാലാണ് വീട്ടിൽ വരുന്നത് എതിർക്കാഞ്ഞതെന്ന് ഷംനയുടെ കുടുംബം ഇന്നലെ വ്യക്തമാക്കിയിരുന്നു. എന്നാൽ ജൂൺ മൂന്നിന് വരന്‍റെ ബന്ധുക്കളെന്ന് പരിചയപ്പെടുത്തി കുറച്ചുപേർ വീട്ടിൽ വന്നപ്പോൾ പെരുമാറ്റത്തിൽ പന്തികേട് തോന്നി. ഇവർ വീടിന്‍റെയും വാഹനങ്ങളുടെയും ഫോട്ടോയും വിഡിയോയുമെടുത്തതും സംശയമുണ്ടാക്കുകയായിരുന്നു.

പിതാവിനോടും സഹോദരനോടും എല്ലാം സംസാരിച്ചിരുന്നു. തുടർന്ന് ഒരാഴ്ചയ്ക്കു ശേഷം വരനായി എത്തിയ ആൾ ചെയ്തുകൊണ്ടിരിക്കുന്ന പ്രൊജക്ടിലേയ്ക്ക് പണത്തിന് ഷോട്ടേജുണ്ടെന്നും വരുന്ന സുഹൃത്തിന്റെ പക്കൽ ഒരു ലക്ഷം രൂപ നൽകണം എന്നും ആവശ്യപ്പെടുകയായിരുന്നു. നടി ഇത് നിരസിക്കുകയും മാതാവിനെ വിവരം ധരിപ്പിക്കുകയും ചെയ്തതോടെയാണ് പൊലീസിൽ പരാതി എത്തുന്നത്. തുടർന്ന് അന്വേഷിച്ചപ്പോഴാണ് തട്ടിപ്പ് വ്യക്തമായതെന്നും ഷംനയുടെ അമ്മ ഇന്നലെ പറഞ്ഞിരുന്നു. സംഭവത്തിൽ തട്ടിപ്പ് മണത്ത മരട് പൊലീസ് അന്വേഷണം നടത്തി പ്രതികളെ പിടികൂടിയതോടെ വിവരം പുറത്തറിയുകയായിരുന്നു.

ന്യൂഡൽഹി∙ പത്ത്, പന്ത്രണ്ട് ക്ലാസുകളിലേക്കു ജൂലൈയിൽ നിശ്ചയിച്ചിരുന്ന പരീക്ഷകൾ റദ്ദാക്കുകയാണെന്നു സുപ്രീം കോടതിയിൽ സിബിഎസ്ഇയും സിഐസിഎസ്ഇയും. സിബിഎസ്ഇ അവശേഷിക്കുന്ന പത്താംക്ലാസ് പരീക്ഷ പൂർണമായും റദ്ദാക്കുമ്പോൾ, പന്ത്രണ്ടാം ക്ലാസ് വിദ്യാർഥികൾക്ക് പിന്നീട് പരീക്ഷ എഴുതണോ വേണ്ടയോ എന്നു തീരുമാനിക്കാൻ അവസരമുണ്ടാകും. അഡ്മിഷൻ അടക്കമുള്ള കാര്യങ്ങളിൽ സഹായിക്കുംവിധം മൂല്യനിർണയം ഉടനടി നടത്തും.

കോവിഡ് സാഹചര്യം മെച്ചപ്പെട്ടാൽ പിന്നീടു പരീക്ഷയുമെന്നതാണ് രീതി. ഇതിൽ ഏതു വേണമെന്നു വിദ്യാർഥികൾക്കു തീരുമാനിക്കാം. ഇതേരീതി തന്നെ തങ്ങളും പിന്തുടരാമെന്നു ഐസിഎസ്ഇയും വ്യക്തമാക്കി. മൂല്യനിർണയം സംബന്ധിച്ചു അവ്യക്തയുണ്ടെന്നും ഇതൊഴിവാക്കി, ഫലപ്രഖ്യാപനത്തിന്റെ സമയക്രമം അടക്കം വ്യക്തമാക്കുന്ന വിജ്ഞാപനം വേണമെന്നു നിർദേശിച്ച കോടതി ഹർജിയിൽ നാളെ 10.30ന് അന്തിമ വിധി പറയും.

ലോക്ഡൗൺ മൂലം മാറ്റിവച്ച പരീക്ഷകൾ ജൂലൈ 1 മുതൽ 15 വരെ നടത്താനായിരുന്നു സിബിഎസ്ഇ തീരുമാനം. എന്നാൽ കോവിഡ് ആശങ്ക നിലനിൽക്കുന്നതിനാൽ പരീക്ഷ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഒരുവിഭാഗം രക്ഷിതാക്കൾ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. നിശ്ചയിച്ച പരീക്ഷ റദ്ദാക്കുകയാണെന്നും പകരം ഉന്നതപഠനത്തിന് അടക്കം സഹായിക്കുംവിധം അസെസ്മെന്റ് ജൂലൈ 15നകം പ്രസിദ്ധീകരിക്കാമെന്നും സിബിഎസ്ഇ കോടതിയെ അറിയിച്ചു. പന്ത്രണ്ടാം ക്ലാസിൽ, ഓരോ വിഷയത്തിലെയും അവസാന 3 പരീക്ഷകളിലെ മാർക്കും പത്താംക്ലാസിലെയും അടക്കം മാർക്ക് വിലയിരുത്തി മൂല്യനിർണയം എന്നാണ് സിബിഎസ്ഇ വച്ച നിർദേശം.

ഇക്കാര്യത്തിൽ ആശയക്കുഴപ്പമുണ്ടെന്നും കൂടുതൽ വ്യക്തത വേണമെന്നും കോടതി നിർദേശിച്ചു. പരീക്ഷകളിൽ പ്രാക്ടിക്കൽ ഭാഗം കഴിഞ്ഞതാണെന്നും ഇതിന്റെ ശരാശരി അടിസ്ഥാനമാക്കി മൊത്തം മാർക്ക് നൽകണമെന്ന് ഹർജിക്കാർ വാദിച്ചെങ്കിലും ഇക്കാര്യത്തിൽ സിബിഎസ്ഇയോട് നിർദേശം നൽകാനാവില്ലെന്നും കോടതി വ്യക്തമാക്കി. മൂല്യനിർണയത്തിനു പുതിയൊരു സംവിധാനം തന്നെ രൂപപ്പെടുത്തുമെന്നും വിദഗ്ധർ ഇക്കാര്യം തീരുമാനിക്കുമെന്നും സിബിഎസ്ഇ അറിയിച്ചു. ഇതോടെയാണ് വ്യക്തമായ രൂപരേഖ സമർപ്പിക്കാൻ ആവശ്യപ്പെട്ടത്. ഇതു പരിഗണിച്ചു നാളെ രാവിലെ 10.30ന് വിധി പറയുമെന്നാണ് കോടതി അറിയിച്ചിരിക്കുന്നത്.

10, 12 ക്ലാസുകളിലേക്കു ജൂലൈയിൽ നിശ്ചയിച്ചിരിക്കുന്ന പരീക്ഷ റദ്ദാക്കാമെന്നും സിഐസിഎസ്ഇയും വ്യക്തമാക്കി. മൂല്യനിർണയത്തിന്റെ കാര്യത്തിൽ സിബിഎസ്ഇ നിലപാട് പിന്തുടരാമെന്നും സിഐസിഎസ്ഇയ്ക്കു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ജയദീപ് ഗുപ്ത അറിയിച്ചു. സാഹചര്യം മെച്ചപ്പെട്ടാൽ പിന്നീടു പരീക്ഷ നടത്തുന്ന കാര്യവും പരിഗണിക്കാമെന്നു ജയദീപ് ഗുപ്ത പറഞ്ഞെങ്കിലും ഇക്കാര്യത്തിൽ കോടതി സംശയം പ്രകടിപ്പിച്ചു. ഓരോ സംസ്ഥാനത്തും ഓരോ സാഹചര്യമാണെന്നും പരീക്ഷ നടത്താൻ കഴിയില്ലെന്നാണ് മഹാരാഷ്ട്രയുടെ നിലപാടെന്നും കോടതി ചൂണ്ടിക്കാട്ടി. ചുരുക്കത്തിൽ സിബിഎസ്ഇ പരീക്ഷ സംബന്ധിച്ച വിധിയെ ആശ്രയിച്ചാവും ഐസിഎസ്ഇ, ഐഎസ്ഇ ക്ലാസ് വിദ്യാർഥികളുടെ പരീക്ഷ.

മറ്റ് പല പ്രവേശന പരീക്ഷകളും സമീപദിവസങ്ങളിൽ നടക്കാനുണ്ടെന്നും ഡൽഹിയിലെ സ്ഥിതി അതിരൂക്ഷമാണെന്നും മുതിർന്ന അഭിഭാഷകരിലൊരാൾ കോടതിയെ അറിയിച്ചെങ്കിലും ഇടപെടാൻ കോടതി വിസമ്മതിച്ചു. ഇക്കാര്യവും സിബിഎസ്ഇയും സർക്കാരും പരിഗണിക്കുമെന്നു കോടതി പറഞ്ഞപ്പോൾ റോത്തക്ക് ഐഐഎമ്മിലെ പ്രവേശന പരീക്ഷ ഈ 28നാണ് അഭിഭാഷൻ ചൂണ്ടിക്കാട്ടി. പരാതിക്കാർക്ക് നേരിട്ട് കോടതിയെ സമീപിക്കാമെന്നും സിബിഎസ്ഇ ഇവിടെ തന്നെയുണ്ടെന്നുമായിരുന്നു കോടതിയുടെ മറുപടി. ഇക്കാര്യം പ്രത്യേക കേസായി പരിഗണിക്കണമെന്ന് അഭിഭാഷകൻ അഭ്യർഥിച്ചെങ്കിലും കോടതി അനുവദിച്ചില്ല. കോടതിയിലിരുന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾ പ്രവർത്തിപ്പിക്കാൻ കഴിയില്ലെന്നും തങ്ങളുടെ തീരുമാനങ്ങൾ തുടർച്ചാ സ്വഭാവമുള്ളതാണെന്നും കോടതി. ബോർഡ് പരീക്ഷാ വിഷയമാണ് ഇപ്പോൾ പരിഗണനയില്ലെന്നും മറ്റൊന്നും ഇപ്പോഴില്ലെന്നും കോടതി പറഞ്ഞു.

കൊച്ചി∙ നടി ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ചവർക്കെതിരെ കൂടുതൽ വെളിപ്പെടുത്തലുമായി യുവതി. ഷൂട്ടിങ്ങിനെന്ന പേരിൽ വിളിച്ച് എട്ടു ദിവസം പാലക്കാട് രഹസ്യ കേന്ദ്രത്തിൽ താമസിപ്പിച്ചു. സ്വർണക്കടത്തിനു വരെ പ്രേരിപ്പിച്ചെന്ന് നടിയുടെ വെളിപ്പെടുത്തൽ.

എട്ടു ദിവസവും പെൺകുട്ടികളോട് കാണിക്കേണ്ട ഒരു പരിഗണനയും നൽകാതെ ഭക്ഷണം നൽകാതെ മനഃസാക്ഷിയില്ലാതെയാണ് പെരുമാറിയതെന്നും ഇവർ വെളിപ്പെടുത്തി. ഒരു കൂട്ടുകാരി വിളിച്ചതനുസരിച്ചാണ് ഷൂട്ടിനു പോയത്. പലതവണ പോയിട്ടുണ്ട്. എന്നാല്‍ ഒരു തവണ പോയപ്പോള്‍ ഒരു വീട്ടില്‍ തടവിലാക്കുകയായിരുന്നു. ഇപ്പോൾ പൊലീസിന്റെ പിടിയിലുള്ളതിനേക്കാൾ കൂടുതൽ പേർ സംഘത്തിൽ ഉണ്ട്. ഷംന കാസിമിനെ ഭീഷണിപ്പെടുത്തിയ സംഘത്തിലെ റഫീക്കിനെ കണ്ടിരുന്നുവെന്നും യുവതി പറഞ്ഞു.

ലോകത്തെ കീഴടക്കുന്ന മഹാമാരി കൊവിഡിനെതിരെ പരീക്ഷണ അടിസ്ഥാനത്തില്‍ നല്‍കുന്ന മരുന്നായ റെംഡെസിവിര്‍ അഞ്ച് സംസ്ഥാനങ്ങളിലേയ്ക്ക് അയച്ചു. രോഗം പിടിമുറുക്കിയ മഹരാഷ്ട്ര, ഡല്‍ഹി, തമിഴ്നാട്, ഗുജറാത്ത്, തെലങ്കാന എന്നിവിടങ്ങളിലേയ്ക്ക് ആണ് മരുന്ന് അയച്ചത്.

റെംഡെസിവിറിന്റെ ജനറിക് പതിപ്പ് നിര്‍മ്മിക്കാനും വിപണനം ചെയ്യാനും അനുമതിയുള്ള ഹൈദരബാദ് ആസ്ഥാനമായുള്ള ഹെറ്റെറോ എന്ന കമ്പനിയാണ് 20,000 കുപ്പി മരുന്ന് സംസ്ഥാനങ്ങളിലേക്കയച്ചിരിക്കുന്നത്. കോവിഫോര്‍ എന്ന പേരിലാണ് ഇത് ഇന്ത്യയില്‍ വിപണനം ചെയ്യുന്നത്.

100 മില്ലിഗ്രാം മരുന്നുള്ള ഒരു കുപ്പിക്ക് 5,400 രൂപയാണ് വിലയെന്ന് അധികൃതര്‍ അറിയിച്ചു. അടുത്ത മൂന്ന് നാല് ആഴ്ചകള്‍ക്കുള്ളില്‍ ഒരു ലക്ഷം കുപ്പി മരുന്ന് കമ്പനി നിര്‍മിക്കുമെന്നും ഹെറ്റെറോ കൂട്ടിച്ചേര്‍ത്തു. കേരളമടക്കമുള്ള സംസ്ഥാനങ്ങളിലേക്ക് രണ്ടാംഘട്ടമായിട്ടാണ് മരുന്ന് ലഭിക്കുക. തിരുവനന്തപുരം, കൊച്ചി, കൊല്‍ക്കത്ത, ഇന്‍ഡോര്‍, ഭോപ്പാല്‍, ലഖ്നൗ, പട്ന, ഭുവനേശ്വര്‍, റാഞ്ചി, വിജയവാഡ, ഗോവ എന്നിവിടങ്ങളിലേക്കാകും രണ്ടാം ഘട്ടത്തില്‍ മരുന്ന് അയക്കുക.

ആശുപത്രികള്‍ക്കും സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കുമാകും മരുന്ന് ലഭ്യമാകുക. ചില്ലറ വിപണയില്‍ ലഭ്യമാകില്ലെന്നും ഹെറ്റെറോ മാനേജിങ് ഡയറക്ടര്‍ വംശി കൃഷ്ണ ബന്ദി പറഞ്ഞു.

പ്രശസ്ത സിനിമ സീരിയൽ താരം ആർദ്ര ദാസിന്റെ വീട് തകർത്ത സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. തിരുവില്ലാമലയിലെ വീട് കഴിഞ്ഞ ശനിയാഴ്ച്ചയാണ് ആക്രമി സംഘം ആക്രമിച്ചത്. വീടിന്റെ പുറമെ ഉള്ള വസ്തുക്കളും വീട്ടിന്റെ ഉള്ളിലെ ഉപകരണങ്ങളും നശിപ്പിച്ചുവെന്നാണ് പൊലീസിന് നൽകിയ പരാതിയിൽ പറയുന്നത്.

വീട്ടിൽ അക്രമം നടത്തിയ സംഘം നടിയുടെ മാതാവിനെയും മർദിച്ചിരുന്നു. നടിയുടെ വീട്ടിലേ ഇലക്ട്രോണിക് ഉപകരണങ്ങളും വീട്ടിലെ ചെടി ചട്ടികളും അക്രമികൾ നശിപ്പിച്ചിരുന്നു.

ആർദ്രയുടെ മാതാവ് ശിവകുമാരിയെ ദേഹോപദ്രവം ഏല്പിക്കുക അസഭ്യം പറയുക തുടങ്ങിയ പരാതിയിലാണ് പോലീസ് അന്വേഷണം ആരഭിച്ചിരിക്കുന്നത്. വീട്ടിൽ അക്രമ സംഘം എത്തിയപ്പോൾ നടിയും പിതാവും സ്ഥലത്തിലായിരുന്നു.

എന്നാൽ ആക്രമണത്തിന് പിന്നിൽ ആർദ്രയുടെ അയൽവാസിയാണ് എന്നും ആരോപണങ്ങൾ ഉയരുന്നു.ഇതിനോടകം തന്നെ കണ്ടാൽ അറിയാവുന്ന 10 പേർക്ക് എതിരെ പോലീസ് കേസ് എടുത്തിട്ടുണ്ട്.

എന്നാൽ ആർദ്രയുടെ അമ്മ ശിവകുമാരിക്ക് എതിരെയും പോലീസ് കേസ് എടുത്തിട്ടുണ്ട് അയൽവാസിയെ അക്രമിച്ചെന്ന പരാതിയിലാണ് കേസ്. മദ്യപിച്ചു എത്തുന്ന ആളുകൾ സ്ഥിരം പ്രശ്‌നക്കാരാണെന്നും ആർദ്ര പറഞ്ഞു

RECENT POSTS
Copyright © . All rights reserved