അഹമ്മദാബാദിൽ തകർന്നു വീണ എയർ ഇന്ത്യ വിമാനത്തിൽ യുകെ മലയാളി നേഴ്സും ഉണ്ടെന്ന സൂചനകൾ പുറത്തുവന്നു. തിരുവല്ല പുല്ലാട് സ്വദേശിനി രഞ്ജിത ഗോപകുമാർ യാത്രക്കാരുടെ പട്ടികയിൽ ഉണ്ടെന്ന വേദനിപ്പിക്കുന്ന വിവരമാണ് ജില്ലാ ഭരണകൂടത്തിന് ലഭിച്ചത്. സർക്കാർ ജോലി കിട്ടിയതിനെ തുടർന്ന് യുകെയിൽ നിന്ന് എത്തി ലീവെടുത്ത് മടങ്ങുകയായിരുന്നു എന്നാണ് ലഭ്യമായ വിവരം.
അഹമ്മദാബാദിൽ തകർന്നുവീണ വിമാനത്തിൽ ഇന്ത്യക്കാർക്ക് പുറമെ നിരവധി വിദേശി യാത്രക്കാരും. 53 ബ്രിട്ടീഷ് പൗരന്മാരും ഏഴ് പോർച്ചുഗീസ് പൗരന്മാരും ഒരു കനേഡിയൻ പൗരനുമുണ്ടായിരുന്നതായി എയർ ഇന്ത്യ പ്രസ്താവനയിൽ അറിയിച്ചു. യാത്രക്കാരിൽ മലയാളി യാത്രക്കാരിയുമുണ്ടെന്നാണ് ലഭിക്കുന്ന വിവരങ്ങൾ. ഗുജറാത്ത് മുൻമുഖ്യമന്ത്രി വിജയ് രൂപാണി അടക്കം മൊത്തം 169 ഇന്ത്യൻ പൗരന്മാണ് പട്ടികയിൽ ഉള്ളത്.
ഇന്ന് ഉച്ചയ്ക്ക് അഹമ്മദാബാദ് വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്നതിന് തൊട്ടുപിന്നാലെയാണ് അഹമ്മദാബാദ്-ലണ്ടൻ എയർ ഇന്ത്യ വിമാനം തകർന്നത്. 242 യാത്രക്കാരും പൈലറ്റുമാരടക്കം 10 ക്രൂ അംഗങ്ങളുമാണ് വിമാനത്തിൽ. ഇതുവരെ 110 പേർ മരിച്ചതായും മരണ സംഖ്യ ഇനിയും ഉയരാൻ സാധ്യതയുള്ളതായും പറയുന്നു. അഹമ്മദാബാദിൽ നിന്ന് ഉച്ചയ്ക്ക് 1.38 ന് പറന്നുയർന്ന് തൊട്ടുപിന്നാലെയാണ് അപകടമുണ്ടായതെന്ന് എയർ ഇന്ത്യ പ്രസ്താവനയിൽ പറഞ്ഞു.
പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രികളിലേക്ക് കൊണ്ടുപോയി. കൂടുതൽ വിവരങ്ങൾ നൽകുന്നതിനായി 1800 5691 444 എന്ന പ്രത്യേക യാത്രാ ഹോട്ട്‌ലൈൻ നമ്പറും സജ്ജീകരിച്ചിട്ടുണ്ട്. സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണെന്നും എല്ലാ വ്യോമയാന, അടിയന്തര പ്രതികരണ ഏജൻസികളോടും വേഗത്തിൽ നടപടിയെടുക്കാൻ നിർദ്ദേശിച്ചിട്ടുണ്ടെന്നും സിവിൽ ഏവിയേഷൻ മന്ത്രി രാം മോഹൻ നായിഡു കിഞ്ചരാപു പറഞ്ഞു.
ഗുജറാത്തിലെ അഹമ്മദാബാദ് സർദാർ വല്ലഭായി പട്ടേൽ വിമാനത്താവളത്തിൽ നിന്നും ലണ്ടനിലേക്ക് പുറപ്പെട്ട എയർ ഇന്ത്യയുടെ എഐ 171 വിമാനം പറന്നുയർന്ന ഉടൻ തകർന്നു വീണു. ബോയിങ് 787-8 ഡ്രീംലൈനർ വിഭാഗത്തിൽ പെട്ട വിമാനത്തിൽ 130 യാത്രക്കാരും 12 ജീവനക്കാരുമായി 242 യാത്രക്കാരുണ്ടായിരുന്നു.
വിമാനം ടെയ്ക്ക് ഓഫ് ചെയ്ത ഉടൻ പൈലറ്റ് മെയ് ഡേ അപായ സിഗ്നൽ എയർ ട്രാഫ്ക് കൺട്രോളിന് കൈമാറിയതായാണ് വിവരം. പറന്നുയർന്ന് ഉടൻ താഴേക്ക് പറന്ന വിമാനം ജനവാസ മേഖലയിലാണ് തകർന്നുവീണത്.
വിമാനത്താവളത്തിന് അടുത്തുള്ള മഹാനി നഗറിലാണ് വിമാനം തകർന്നു വീണത്. സംഭവസ്ഥലത്ത് വൻതോതിൽ പുക ഉയരുന്നുണ്ട്. പതിനഞ്ചോളം ഫയർഫോഴ്സ് യൂണിറ്റുകൾ സ്ഥലത്ത് രക്ഷാപ്രവർത്തനം നടത്തുന്നുണ്ട്. ഉച്ചയ്ക്ക് 1.10നായിരുന്നു വിമാനം അഹമദാബാദിൽനിന്ന് ടേക്ക് ഓഫ് ചെയ്തത്. പത്ത് മിനിറ്റുകൾക്കുള്ളിൽ തന്നെ അപകടം ഉണ്ടായതായാണ് വിവരം.
നിലമ്പൂരിൽ ഉപതെരഞ്ഞെടുപ്പ് പ്രചാരണം അവസാനലാപ്പിലേക്ക്. ഇന്ന് മുതൽ എം സ്വരാജിനെതിരെ പ്രചാരണത്തിന് ആശ വർക്കർമാരും രംഗത്തുണ്ട്. രാവിലെ പത്തിന് ചന്തക്കുന്നിൽ നിന്ന് പിഡബ്ല്യുഡി ഗസ്റ്റ് ഹൗസിലേക്ക് പ്രകടനം നടത്തും. ഗൃഹ സന്ദർശനം നടത്തി പ്രചാരണം തുടങ്ങും. യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്ത് കരുളായി പഞ്ചായത്തിലും മരുതയിലും പ്രചാരണത്തിനിറങ്ങും. കെസി വേണുഗോപാൽ ഉൾപ്പെടെയുള്ള നേതാക്കൾ മണ്ഡലത്തിലുണ്ട്.
നഗരസഭ പരിധിയിലാണ് ഇടത് സ്ഥാനാർത്ഥി എം സ്വരാജിൻ്റെ പ്രചാരണം. വൈകീട്ട് മൂന്നിന് നിലമ്പൂർ ടൗണിൽ മഹാ വിദ്യാർത്ഥി റാലി സംഘടിപ്പിക്കും. ഏഴ് മന്ത്രിമാർ മണ്ഡലത്തിലുണ്ട്. എടക്കര, വഴിക്കടവ് പഞ്ചായത്തുകളിലാണ് എൻഡിഎ സ്ഥാനാർത്ഥി മോഹൻ ജോർജിൻ്റെ പര്യടനം. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ മണ്ഡലത്തിലുണ്ട്. പതിവു പോലെ പ്രധാന നേതാക്കളെയും വോട്ടർമാരെയും നേരിൽ കണ്ടാണ് പിവി അൻവറിൻ്റെ നീക്കങ്ങൾ.
കൊച്ചി തീരത്തിനടുത്ത് മുങ്ങിയ എൽസ-3 കപ്പലിന്റെ ഉടമസ്ഥരായ എംഎസ്‌സിയുടെ പേരിൽ കേസെടുക്കേണ്ടതില്ലെന്ന നിലപാടിൽനിന്ന് സർക്കാർ മലക്കംമറിഞ്ഞത് രാഷ്ട്രീയ തിരിച്ചടി ഭയന്ന്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ മത്സ്യത്തൊഴിലാളികളെ പിണക്കുന്നതിലെ അപകടം സിപിഎം തിരിച്ചറിഞ്ഞു.
കണ്ടെയ്‌നർ അവശിഷ്ടങ്ങളും വീപ്പകളും തട്ടി വള്ളവും വലയും നശിക്കുമ്പോഴും സർക്കാർ മൃദുസമീപനം സ്വീകരിക്കുന്നത് വിമർശനത്തിനിടയാക്കി. നഷ്ടപരിഹാരത്തിനുള്ള നടപടികൾ പുരോഗമിക്കുമ്പോൾ സർക്കാരിന്റെ ഭാഗത്തുനിന്ന് കടുത്ത നടപടികൂടി വേണമെന്ന ആവശ്യവുമുയർന്നു. മറ്റൊരു കപ്പലപകടംകൂടി ഉണ്ടായതും ഇരുകേസുകളിലും വ്യത്യസ്തനിലപാടുകൾ സ്വീകരിക്കുന്നതിലെ അപകടവും മാറിച്ചിന്തിക്കാൻ പ്രേരിപ്പിച്ചു.
ഇതിനിടെ പരാതിലഭിച്ചാൽ കേസെടുക്കാൻ കഴിയുമെന്ന നിയമോപദേശം അഡ്വക്കേറ്റ് ജനറലിൽനിന്ന് ലഭിച്ചു. സിപിഎം ഏരിയാസെക്രട്ടറിയും ഇടത് മത്സ്യത്തൊഴിലാളി സംഘടനാഭാരവാഹിയുമായ സി. ഷാംജി ബുധനാഴ്ച ഇ-മെയിൽ പരാതി അയച്ചതോടെയാണ് കേസെടുക്കാൻ വഴിതെളിഞ്ഞത്. എഫ്‌ഐആറിന്റെ പകർപ്പ് മുഖ്യമന്ത്രി സാമൂഹികമാധ്യത്തിൽ പങ്കുവെക്കുകയും ചെയ്തു.
നഷ്ടപരിഹാരം ഈടാക്കാൻ സിവിൽ കേസെടുക്കാനാണ് ആദ്യം എജി നിയമോപദേശം നൽകിയത്. ഇതിലെ പരിമിതികൾ കണക്കിലെടുത്താണ് കപ്പലപകടം ബാധിച്ചിട്ടുള്ളവർ ആരെങ്കിലും പരാതിനൽകിയാൽ ക്രിമിനൽ കേസെടുക്കാമെന്ന് തീരുമാനിച്ചത്. അദാനിയുമായി കപ്പൽ കമ്പനിക്ക് ബന്ധമുണ്ടെന്ന തരത്തിലും ആരോപണവും വിവാദമായിരുന്നു.
ഹണിമൂണിനിടെ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതിയായ സോനം രഘുവംശി പോലീസിന് മുന്നില്‍ കുറ്റസമ്മതം നടത്തിയതായി റിപ്പോര്‍ട്ട്. മേഘാലയ പോലീസിന്റെ പ്രത്യേക അന്വേഷണസംഘത്തിന് മുന്നിലാണ് പൊട്ടിക്കരഞ്ഞുകൊണ്ട് സോനം കുറ്റംസമ്മതിച്ചത്. കാമുകനായ രാജ് കുശ്വാഹയ്‌ക്കൊപ്പം ചേര്‍ന്ന് ഭര്‍ത്താവ് രാജാ രഘുവംശിയെ കൊലപ്പെടുത്താനുള്ള പദ്ധതി ആസൂത്രണംചെയ്തതിലും തനിക്ക് പങ്കുണ്ടെന്നും യുവതി പോലീസിനോട് സമ്മതിച്ചു.
ഇന്ദോര്‍ സ്വദേശിയായ രാജാ രഘുവംശിയെ മേഘാലയയില്‍വെച്ച് കൊലപ്പെടുത്തിയ കേസിലാണ് ഭാര്യ സോനം രഘുവംശിയെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നത്. കൃത്യം നടത്തിയശേഷം മുങ്ങിയ യുവതിയെ ഉത്തര്‍പ്രദേശില്‍നിന്നാണ് പോലീസ് പിടികൂടിയത്. എന്നാല്‍, പ്രാഥമിക ചോദ്യംചെയ്യലില്‍ പ്രതി കുറ്റംസമ്മതിച്ചിരുന്നില്ല. കവര്‍ച്ചാശ്രമത്തിനിടെ തന്നെ രക്ഷിക്കാന്‍ശ്രമിക്കുന്നതിനിടെയാണ് ഭര്‍ത്താവ് കൊല്ലപ്പെട്ടതെന്നായിരുന്നു യുവതിയുടെ ആദ്യമൊഴി. തുടര്‍ന്ന് യുവതിയെ ഷില്ലോങ്ങില്‍ എത്തിച്ചെങ്കിലും ഉത്തര്‍പ്രദേശിലെ ഗാസിപൂരില്‍നിന്ന് ഷില്ലോങ് വരെയുള്ള 27 മണിക്കൂര്‍ നീണ്ട യാത്രയ്ക്കിടെ ഒരക്ഷരംപോലും യുവതി മിണ്ടിയില്ല. പിന്നീട് മേഘാലയ പോലീസിന്റെ പ്രത്യേക അന്വേഷണസംഘം നടത്തിയ ചോദ്യംചെയ്യലിലും കവര്‍ച്ചാശ്രമത്തിനിടെ നടന്ന കൊലപാതകമെന്നാണ് പ്രതി ആവര്‍ത്തിച്ചത്. പക്ഷേ, പോലീസ് സംഘം തെളിവുകള്‍ നിരത്തി ചോദ്യംചെയ്യല്‍ തുടര്‍ന്നതോടെ സോനത്തിന് പിടിച്ചുനില്‍ക്കാനായില്ല. തുടര്‍ന്ന് പൊട്ടിക്കരഞ്ഞുകൊണ്ട് ഭര്‍ത്താവിനെ കൊലപ്പെടുത്തിയത് ഏറ്റുപറയുകയായിരുന്നു.
അതിനിടെ, സോനവും കാമുകനായ രാജ് കുശ്വാഹയും തമ്മിലുള്ള പ്രണയത്തെക്കുറിച്ച് സോനത്തിന്റെ വീട്ടുകാര്‍ക്ക് നേരത്തേ അറിയാമായിരുന്നുവെന്ന് രാജാ രഘുവംശിയുടെ ബന്ധുക്കള്‍ ആരോപിച്ചു. താത്പര്യമില്ലാതെയാണ് സോനം രാജാ രഘുവംശിയെ വിവാഹം കഴിച്ചതെന്നും രാജായുടെ സഹോദരനായ വിപിന്‍ രഘുവംശി ആരോപിച്ചു.
സ്ഥാപനത്തിലെ ജീവനക്കാരനായ രാജ് കുശ്വാഹയുമായുള്ള പ്രണയത്തെക്കുറിച്ച് സോനം അമ്മയോട് പറഞ്ഞിരുന്നു. രാജാ രഘുവംശിയെ വിവാഹം കഴിക്കാന്‍ താത്പര്യമില്ലെന്നും പറഞ്ഞു. എന്നാല്‍, അമ്മ മകളുടെ പ്രണയത്തെ അംഗീകരിച്ചില്ല. രാജാ രഘുവംശിയെ വിവാഹം കഴിക്കാനും നിര്‍ബന്ധിച്ചു. ഒടുവില്‍ സോനം അമ്മയുടെ നിര്‍ബന്ധത്തിന് വഴങ്ങിയെങ്കിലും വിവാഹത്തിന് മുന്‍പ് അമ്മയെ ഭീഷണിപ്പെടുത്തിയിരുന്നു. ‘ഞാന്‍ അയാളോട് ചെയ്യാന്‍പോകുന്നത് എന്താണെന്ന് നിങ്ങള്‍ കാണുമെന്നും എല്ലാവരും അനുഭവിക്കും’ എന്നുമായിരുന്നു സോനത്തിന്റെ ഭീഷണി. എന്നാല്‍, ആ ഭീഷണി രാജാ രഘുവംശിയെ കൊലപ്പെടുത്തുമെന്നുള്ള ഭീഷണിയാണെന്ന് കരുതിയില്ലെന്നും വിപിന്‍ രഘുവംശി പ്രതികരിച്ചു.
രാജ്യത്ത് യുപിഐ ഇടപാടുകളില്‍ പുതിയ മാറ്റങ്ങള്‍ വരുന്നു. 3000 രൂപയ്ക്ക് മുകളിലുള്ള യുപിഐ ഇടപാടുകള്‍ക്ക് മെര്‍ച്ചന്റ് ഡിസ്‌കൗണ്ട് റേറ്റ് (എംഡിആര്‍) പുനസ്ഥാപിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നത്.
ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡ് യുപിഐ വഴി പണം സ്വീകരിക്കുന്നതിന് വ്യാപാരികള്‍ ബാങ്കുകള്‍ക്കും യുപിഐ സേവന ദാതാക്കള്‍ക്കും നെറ്റ്വര്‍ക്ക് പ്രൊവൈഡര്‍മാര്‍ക്കും നല്‍കേണ്ട തുകയാണ് എംഡിആര്‍.
യുപിഐ സേവന ദാതാക്കളെയും ബാങ്കുകളെയും പിന്തുണക്കുന്നതിന് വേണ്ടിയാണ് നയം മാറ്റം. ഓണ്‍ലൈന്‍ ഇടപാടുകള്‍ വര്‍ധിച്ചതോടെ ബാങ്കുകള്‍ക്കും സേവന ദാതാക്കള്‍ക്കും അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനും പ്രവര്‍ത്തന ചെലവ് കണ്ടെത്തുന്നതിനും ഈ തുക സഹായകമാകുമെന്നാണ് വിലയിരുത്തല്‍.
2020 മുതല്‍ ഇന്ത്യയിലെ യുപിഐ ഇടപാടുകള്‍ക്ക് എംഡിആര്‍ ഈടാക്കുന്നില്ല. ഡിജിറ്റല്‍ ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടിയായിരുന്നു കേന്ദ്രത്തിന്റെ തീരുമാനം.
എന്നാല്‍ എംഡിആര്‍ ഏര്‍പ്പെടുത്തുന്നത് വ്യാപാരികള്‍ക്ക് അധിക ബാധ്യതയാകുമെന്ന സംശയവും ഉയര്‍ന്നിട്ടുണ്ട്. സര്‍ക്കാര്‍ പിന്തുണയുണ്ടെങ്കിലും യുപിഐ ഇക്കോ സിസ്റ്റത്തിന്റെ പ്രവര്‍ത്തനത്തിന് പ്രതിവര്‍ഷം 10,000 കോടി രൂപയെങ്കിലും വേണ്ടി വരുമെന്നാണ് ഈ രംഗത്തെ കമ്പനികള്‍ പറയുന്നത്.
ഇരുപത് ലക്ഷത്തിന് മുകളില്‍ വാര്‍ഷിക വരുമാനമുള്ള വ്യാപാരികളില്‍ നിന്ന് 0.3 ശതമാനം എംഡിആര്‍ ഈടാക്കണമെന്നാണ് കമ്പനികള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്. എന്നാല്‍ വ്യാപാരികളുടെ വരുമാനത്തിന്റെ അടിസ്ഥാനത്തില്‍ ഫീസ് തീരുമാനിക്കേണ്ടതില്ലെന്നും പകരം സ്വീകരിക്കുന്ന തുകയുടെ അടിസ്ഥാനത്തില്‍ മതിയെന്നുമാണ് സര്‍ക്കാര്‍ നിലപാട്.
സംസ്ഥാനത്ത് അടുത്ത 7 ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യത. ജൂൺ 14–16 തീയതികളിൽ ഒറ്റപ്പെട്ട അതിതീവ്ര മഴയ്ക്കും ജൂൺ 12 -16 വരെ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ജൂൺ 14 ന് കേരളത്തിന് മുകളിൽ മണിക്കൂറിൽ പരമാവധി 50 -60 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് ശക്തമാകാനും സാധ്യത.
12ന് കണ്ണൂർ, കാസർകോട്. 13ന് കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്. 14ന് ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്. 14ന് കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട് ആണെങ്കിലും റെഡ് അലർട്ടിന് സമാനമായ അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ട്.
ഇന്ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെലോ അലർട്ട്. നാളെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെലോ അലർട്ട്.
കേരളാ തീരത്തിന് സമീപത്ത് തീപിടിച്ച വാൻഹായ് 503 ചരക്ക് കപ്പലിലെ അപകടത്തിൽ നിന്ന് രക്ഷപ്പെട്ട 18 പേരെയും മംഗളൂരുവിലെത്തിച്ചു. പരിക്കേറ്റ 6 ജീവനക്കാരെ മംഗളൂരു എജെ ആശുപത്രിയിലെത്തിച്ചു.
ഇവരിൽ 2 പേരുടെ നില അതീവ ഗുരുതരമാണ്. പൊള്ളലേറ്റതിനെ തുടർന്നുള്ള പരിക്കുകളാണുള്ളത്. പ്രാഥമിക ശുശ്രൂഷയ്ക്ക് ശേഷമാണ് ഇവരെ ആശുപത്രിയിലേക്ക് എത്തിച്ചിരിക്കുന്നത്. 6 പേര്‍ക്ക് മാത്രമാണ് പരിക്കേറ്റിട്ടുള്ളത്.
ബാക്കിയുള്ളവരെ ഹോട്ടലിലേക്ക് മാറ്റിയിരിക്കുകയാണ്. ഗുരുതരമായി പൊള്ളലേറ്റവര്‍ക്ക് 40 ശതമാനമാണ് പൊള്ളലേറ്റിരിക്കുന്നത്. ചികിത്സ നടപടികള്‍ പുരോഗമിക്കുകയാണെന്ന് ഡോക്ടര്‍ അറിയിച്ചു.
അതേ സമയം,ചരക്ക് കപ്പലിലെ കണ്ടെയ്നറുകൾ തീരത്തടിയുമെന്ന് മുന്നറിയിപ്പ് പുറത്ത് വന്നിട്ടുണ്ട്. അടുത്ത 3 ദിവസത്തിനുള്ളിൽ കൊച്ചിക്കും കോഴിക്കോടിനുമിടയിൽ കണ്ടെയ്നറുകൾ തീരത്തടിയുമെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നു.
കപ്പലിൽ നിന്നുള്ള എണ്ണപ്പാട കേരളതീരത്തിന്റെ സമാന്തരദിശയിൽ നീങ്ങാൻ സാധ്യതയുണ്ട്. കണ്ടെയ്നറുകൾ തെക്ക്- തെക്ക് കിഴക്കൻ ദിശയിൽ നീങ്ങാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പും പുറത്തുവരുന്നുണ്ട്.
ചരക്ക് കപ്പലിൽ തീ പടരുന്ന സാഹചര്യമാണ് നിലവിലുള്ളത്. കപ്പലിനെ തീ വിഴുങ്ങിയ അവസ്ഥയാണെന്ന് കോസ്റ്റ് ഗാർഡ് പറയുന്നു. കോസ്റ്റ് ഗാർഡ് ഷിപ്പുകൾക്ക് തീപിടിച്ച കപ്പലിന് അടുത്തേക്ക് എത്തിച്ചേരാൻ സാധിക്കുന്നില്ല
മങ്കരയിൽ പോലീസുദ്യോഗസ്ഥനെ തീവണ്ടിയിടിച്ച് മരിച്ചനിലയിൽ കണ്ടെത്തി. തൃശ്ശൂർ വിയ്യൂർ പാടുകാട് സ്വദേശിയും പാലക്കാട് മുട്ടിക്കുളങ്ങര കെഎപി സെക്കൻഡ് ബറ്റാലിയൻ ക്യാമ്പിലെ സിവിൽ പോലീസ് ഓഫീസറുമായ കെ.ആർ. അഭിജിത്താണ് (30) മരിച്ചത്. തിങ്കളാഴ്ച രാത്രി എട്ടരയോടെ മങ്കര റെയിൽവേ സ്റ്റേഷനുസമീപമാണ് സംഭവം. മംഗലാപുരം-ചെന്നൈ എക്സ്പ്രസാണ് ഇടിച്ചതെന്നാണ് വിവരം.
ജൂൺ രണ്ടിനാണ് അഭിജിത്ത് പരിശീലനത്തിൽ പ്രവേശിച്ചതെന്ന് പോലീസ് പറയുന്നു. ഞായറാഴ്ച വൈകീട്ട് ആറിന് പിഎസ്‌സി കംപ്യൂട്ടർ ഓപ്പറേറ്റർ പരീക്ഷയെഴുതുന്നതിനായി മുട്ടിക്കുളങ്ങര ക്യാമ്പിൽനിന്ന് നാട്ടിലേക്ക് പോയതായിരുന്നു. തിങ്കളാഴ്ച പരീക്ഷകഴിഞ്ഞ് അഭിജിത്തിനെ അച്ഛൻ രാമചന്ദ്രൻ തൃശ്ശൂരിൽനിന്ന് തിരികെ ബസ് കയറ്റിവിട്ടു. വൈകീട്ട് എട്ടുമണിക്ക് മുട്ടിക്കുളങ്ങര ക്യാമ്പിൽ തിരിച്ചെത്തേണ്ടതായിരുന്നെങ്കിലും അഭിജിത്ത് എത്താതായതോടെ ക്യാമ്പിൽനിന്ന് പോലീസുകാർ വീട്ടിലേക്ക് വിളിച്ചന്വേഷിച്ചു. ഇതോടെയാണ് വീട്ടുകാരും അഭിജിത്ത് ക്യാമ്പിലെത്തിയിട്ടില്ലെന്ന് അറിയുന്നത്. തുടർന്ന്, വീട്ടുകാർ വിയ്യൂർ പോലീസ് സ്റ്റേഷനിലും പരാതിപ്പെട്ടു.
അന്വേഷണം നടത്തുന്നതിനിടെയാണ് തീവണ്ടിയിടിച്ചുള്ള അപകടത്തെപ്പറ്റിയറിയുന്നത്. ചിന്നിച്ചിതറിയ നിലയിലായിരുന്നു മൃതദേഹം. ബാഗിലെ പേഴ്സിൽനിന്ന് കിട്ടിയ ആധാർകാർഡിൽനിന്നാണ് അഭിജിത്താണ് മരിച്ചതെന്ന് അറിഞ്ഞത്. സംഭവം ആത്മഹത്യയാണോയെന്ന് സംശയിക്കുന്നുണ്ടെങ്കിലും സ്ഥിരീകരിച്ചിട്ടില്ലെന്ന് മങ്കര പോലീസ് അറിയിച്ചു. മൃതദേഹം ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിട്ടുണ്ട്.
കേരള തീരത്ത് നിന്ന് 78 നോട്ടിക്കല്‍ മൈല്‍ അകലെ അന്താരഷ്ട്ര കപ്പലില്‍ ചാലില്‍ തീപിടിച്ച വാന്‍ഹായ് 503 എന്ന ചരക്കു കപ്പലിലെ രക്ഷാ ദൗത്യം പുരോഗമിക്കുന്നു.
കോസ്റ്റ് ഗാര്‍ഡിന്റെ അഞ്ച് കപ്പലുകളും മൂന്ന് വിമാനങ്ങളുമാണ് ദൗത്യത്തില്‍ പങ്കെടുക്കുന്നത്. കോസ്റ്റ് ഗാര്‍ഡ് കപ്പലുകളായ സാഷെ, അര്‍ണ്‍വേഷ്, സമുദ്രപ്രഹ്രി, അഭിനവ്, രാജ്ദൂത് എന്നിവയ്ക്ക് ഒപ്പം മൂന്ന് സി 144 വിമാനങ്ങളുമാണ് രക്ഷാ ദൗത്യത്തില്‍ പങ്കെടുക്കുന്നത്. നാവിക സേനയുടെ ഐഎന്‍എസ് സൂറത്തും ഐഎന്‍എസ് ഗരുഡയും സഹായത്തിനുണ്ട്.
കൊളംബോയില്‍ നിന്നും നവി മുംബൈയിലേക്ക് പോയ കപ്പലില്‍ ഇന്ന് രാവിലെ 10.30 ഓടെയായിരുന്നു പൊട്ടിത്തെറിയുണ്ടായത്. പൊട്ടിത്തെറിയില്‍ പരിക്കേറ്റ കപ്പല്‍ ജീവനക്കാരില്‍ ചിലരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. കപ്പലില്‍ ഉണ്ടായിരുന്ന 22 പേരില്‍ 18 പേരെ ബോട്ടിലേക്ക് മാറ്റിയതായി കൊച്ചി ഡിഫന്‍സ് പിആര്‍ഒ അറിയിച്ചു. രണ്ട് പേരെ കാണാതായതായും റിപ്പോര്‍ട്ടുകളുണ്ട്.
കപ്പലില്‍ അപകടകരമായ വസ്തുക്കളാണുള്ളത് എന്നാണ് റിപ്പോര്‍ട്ടുകള്‍. തനിയെ തീപിടിക്കുന്നത് ഉള്‍പ്പെടെ നാല് തരത്തിലുള്ള രാസവസ്തുക്കള്‍ കപ്പലിലുണ്ട്. അതിനാല്‍ കപ്പലിലെ തീ നിയന്ത്രണ വിധേയമാക്കുന്നതിനാണ് പ്രഥമ പരിഗണനയെന്നും അധികൃതര്‍ അറിയിച്ചു.
അന്താരാഷ്ട്ര കപ്പല്‍ ചാലില്‍ കേരള തീരത്ത് ഇരുപത് നോട്ടിക്കല്‍ മൈല്‍ പടിഞ്ഞാറ് മാറി ബേപ്പൂരിനും അഴീക്കലിനും ഇടയിലാണ് കപ്പല്‍ അപകടം സംഭവിച്ചത്. കപ്പലിലെ തൊഴിലാളികളെ കേരള തീരത്ത് എത്തിച്ചാല്‍ ചികിത്സ നല്‍കാന്‍ ആവശ്യമായ തയ്യാറെടുപ്പ് നടത്താന്‍ എറണാകുളം, കോഴിക്കോട് ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കാന്‍ മുഖ്യമന്ത്രി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയോടെ നിര്‍ദേശിച്ചിട്ടുണ്ട്.