India

വിവിധ ഗള്‍ഫ് രാജ്യങ്ങളിലിരുന്ന് സോഷ്യല്‍ മീഡിയയില്‍ വിദ്വേഷ പോസ്റ്റുകളിടുന്ന ഇന്ത്യക്കാരുടെ ശ്രദ്ധക്ക്. കര്‍ശനമായ നടപടിയായിരിക്കും നിങ്ങളെ കാത്തിരിക്കുന്നതെന്നാണ് വിവിധ ഗള്‍ഫ് രാജ്യങ്ങള്‍ മുന്നറിയിപ്പ് നല്‍കുന്നത്. കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ മുസ്ലീങ്ങള്‍ക്കെതിരെ വ്യാപകമായ വിധത്തില്‍ വിദ്വേഷ പോസ്റ്റുകള്‍ ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന ഇന്ത്യക്കാര്‍ പ്രചരിപ്പിക്കുന്നു എന്നാണ് ആരോപണം. ഇക്കൂട്ടത്തില്‍ മലയാളികളും ഉള്‍പ്പെടും.

മുസ്ലീങ്ങളാണ് കൊവിഡ് പരത്തുന്നത് എന്ന രീതിയിലുള്ള പ്രചരണം ഇന്ത്യയിലെ സമൂഹ മാധ്യമങ്ങളില്‍ ഒരു വിഭാഗം വലിയ പ്രചാരണം നടത്തുന്നുണ്ട്. ഇതിനൊപ്പമാണ് വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന ഇന്ത്യാക്കാരും മതവിദ്വേഷം പ്രചരിപ്പിക്കുന്നത്. കൊറോണ വൈറസ് ബാധയ്ക്ക് മുമ്പ് തന്നെ ഇത്തരത്തില്‍ വിദ്വേഷ പ്രചരണം നടക്കുകയും ചിലര്‍ അറസ്റ്റിലാവുക വരെ ചെയ്തിരുന്നു. എന്നാല്‍ കൊവിഡിന്റെ വരവോടെ ഇന്ത്യയില്‍ ഒരുവിഭാഗം നടത്തുന്ന വിദ്വേഷ പ്രചരണത്തിന് സഹായകമാകുന്ന വിധത്തിലാണ് ഗള്‍ഫ് രാജ്യങ്ങളിലുള്ളവരും ഈ പ്രവര്‍ത്തിക്ക് മുതിരുന്നത്. എന്നാല്‍ ഇവര്‍ക്കെതിരെ കര്‍ശന നടപടിയെന്നാണ് ഇപ്പോള്‍ ഈ രാജ്യങ്ങളിലെ അധികൃതര്‍ വ്യക്തമാക്കുന്നത്.

യു.എ.ഇയിലെ രാജകുടുംബാംഗവും പ്രമുഖ എഴുത്തുകാരിയുമായ ശൈഖ ഹിന്ദ് ബിന്‍ത് ഫൈസല്‍ അല്‍ ഖാസ്മി തന്നെ ഇക്കാര്യം ഇന്നലെ സൂചിപ്പിച്ചു. യുഎഇയില്‍ വംശീയ വിദ്വേഷവും വിവേചനവും കാണിക്കുന്നവര്‍ പിഴയൊടുക്കേണ്ടി വരുമെന്നും രാജ്യത്തു നിന്ന് പുറത്താക്കുമെന്നും അവര്‍ ട്വീറ്റ് ചെയ്തു. സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ട്വീറ്റുകള്‍ ചൂണ്ടിക്കാട്ടിയായിരുന്നു അവരുടെ പ്രതികരണം.

ഇതിനു പിന്നാലെ ഗാന്ധിജിയുടെ വാക്കുകള്‍ ഉദ്ധരിച്ചു കൊണ്ട് അവര്‍ വിദ്വേഷ പ്രചരണത്തിനും വംശീയഹത്യക്കുമെതിരായും സംസാരിക്കുന്നുണ്ട്. “വംശഹത്യയുടെ തുടക്കം വിദ്വേഷ പ്രചാരണത്തില്‍ നിന്നാണ്. ‘കണ്ണിനു കണ്ണ് എന്നതു മൂലം സംഭവിക്കുക ലോകം മുഴുവന്‍ അന്ധകാരരരത്തിലാകും എന്നതാണ്’. ഇപ്പോള്‍ സിനിമയായും ചിത്രങ്ങളായുമൊക്കെ നാം രേഖപ്പെടുത്തിയിട്ടുള്ള ആ രക്തപങ്കിലമായ ചരിത്രത്തില്‍ നിന്ന് പഠിക്കേണ്ടതുണ്ട്. മരണത്തിന് മരണം മാത്രമേ കൊണ്ടുവരാന്‍ കഴിയൂ, അതുപോലെ സ്‌നേഹത്തിന് സ്‌നേഹവും”, അവര്‍ പറയുന്നു.

മറ്റൊരു ട്വീറ്റില്‍ അവര്‍ വീണ്ടും ഇക്കാര്യം ആവര്‍ത്തിച്ചു. “വെറുപ്പ് എന്നത് കത്തിക്കൊണ്ടിരിക്കുന്ന ഒരു കല്‍ക്കരി കൈയില്‍ എടുക്കുന്നതു പോലെയാണ്. അത് എടുത്തിരിക്കുന്നവര്‍ക്കും പൊള്ളും. അഭിമാനത്തോടെ പറയട്ടെ, ഞാനൊരു യുഎഇക്കാരിയാണ്. ഇവിടേക്ക് വരികയും ഇവിടെ താമസിക്കുകയും ചെയ്യുന്ന ഏതൊരു മതസ്ഥരേയും ഞങ്ങള്‍ സഹിഷ്ണുതയോടെ മാത്രമേ കാണൂ. ദയയിലും നീതിയിലും സന്തോഷഭരിതമായ ഒരു താമസസ്ഥലവും അടിസ്ഥാനപ്പെടുത്തി ഭരിക്കുന്ന, വികസിച്ചു കൊണ്ടിരിക്കുന്ന ഒരു നാടാണിത്” എന്നും അവര്‍ പറയുന്നു.

“എനിക്ക് ഇന്ത്യ ഇഷ്ടമാണ്. ഞാന്‍ അവിടെ വന്നിട്ടുണ്ട്. എന്റെ ‘ഗുരുജി’യെ സന്ദര്‍ശിച്ചിട്ടുണ്ട്. ഇന്ത്യക്കാരും അറബ് വംശജരും തമ്മില്‍ ഒരു പ്രത്യേക തരത്തിലുള്ള ബന്ധമുണ്ട്. ആ പഴയ ഹൃദ്യമായ ബന്ധം പഴയകാലത്തുള്ളവര്‍ക്ക് നന്നായി അറിയാം. മതത്തിന്റെയോ സമ്പത്തിന്റെയോ അടിസ്ഥാനത്തിലല്ലാതെ ഇന്ത്യക്ക് ഒരു പ്രത്യേക സൗന്ദര്യമുണ്ട്. അതുകൊണ്ടാണ് എനിക്ക് ആ പേരിട്ടിരിക്കുന്നത്” എന്നും ഇന്ത്യ സന്ദര്‍ശിക്കാന്‍ ക്ഷണിച്ച ഒരാളോട് അവര്‍ പറയുന്നു.

ഇക്കഴിഞ്ഞ ആഴ്ചയാണ് കര്‍ണാടക സ്വദേശിയായ രാകേഷ് ബി. കിട്ടൂര്‍മത് എന്നയാള്‍ വിദ്വേഷ പ്രസംഗത്തിന്റെ പേരില്‍ ദുബായില്‍ പോലീസ് നടപടി നേരിട്ടത്. സോഷ്യല്‍ മീഡിയയില്‍ കൂടി ഇസ്ലാമിനെ അപമാനിക്കുകയായിരുന്നു അവിടുത്തെ ഒരു മാനേജ്‌മെന്റ് കമ്പനിയില്‍ ജോലി ചെയ്യുന്ന ഇയാള്‍. ഇയാളെ കമ്പനിയില്‍ നിന്നു പിരിച്ചു വിട്ടതായും ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. കൊറോണ വൈറസുമായി ബന്ധപ്പെട്ട് ഫേസ്ബുക്കില്‍ കൂടി മുസ്ലീങ്ങള്‍ക്കെതിരെ വിദ്വേഷ പ്രചരണം നടത്തിയതാണ് ഇയാള്‍ നടപടി നേരിടാന്‍ കാരണം.

ഇതിന് ഒരാഴ്ച മുമ്പ് അബുദാബിയില്‍ താമസിച്ചിരുന്ന മിതേഷ് ഉദ്ദേശി എന്നയാളെയും ഫേസ്ബുക്കില്‍ വിദ്വേഷ പ്രചരണം നടത്തിയതിന് ജോലിയില്‍ നിന്ന് പിരിച്ചു വിട്ടിരുന്നു. ദുബായില്‍ ജോലി തേടിയെത്തിയ ഇന്ത്യയില്‍ നിന്നുള്ള ഒരു മുസ്ലീം യുവാവിനോട് പാക്കിസ്ഥാനിലേക്ക് പോകാന്‍ പറഞ്ഞതിന് സമീര്‍ ഭണ്ഡാരി എന്ന ഇവന്റ് മാനേജ്‌മെന്റ് കമ്പനി നടത്തുന്നയാള്‍ക്കെതിരെയും പോലീസില്‍ പരാതി എത്തിയിരുന്നു. വംശീയ, മത വിദ്വേഷം പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശനമായ നടപടികള്‍ സ്വീകരിക്കാനുള്ള നിയമം 2015-ല്‍ യുഎഇ പാസാക്കിയിരുന്നു.

വിദ്വേഷ പ്രചരണവുമായി ബന്ധപ്പെട്ട് ഇന്ത്യക്കാര്‍ അടുത്തിടെ നടപടി നേരിട്ട ചില വാര്‍ത്തകള്‍ ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പട്ട് ഡല്‍ഹിയില്‍ നിയമവിദ്യാര്‍ത്ഥിയായ സ്വാതി ഖന്നയ്‌ക്കെതിരെ ബലാത്സംഗ ഭീഷണി മുഴക്കിയ ദുബായിലെ റെസ്‌റ്റോറന്റില്‍ ജോലി ചെയ്യുന്ന ത്രിലോക് സിംഗ് എന്നയാളെ ഇക്കഴിഞ്ഞ മാസം പിരിച്ചു വിട്ടിരുന്നു.

ജനുവരിയിലാണ് ഇന്ത്യക്കാരനായ ജയന്ത് ഗോഖലെ എന്നയാള്‍ ജോലി നേടിയെത്തിയ മലയാളിയായ അബ്ദുള്ള എസ്.എസിനോട് ഷഹീന്‍ ബാഗ് പ്രതിഷേധക്കാരൂടെ കൂടെപ്പോയിരിക്കാന്‍ പറഞ്ഞത്.

ന്യൂസിലാന്‍ഡില്‍ നടന്ന ഭീകരാക്രണത്തെ അനുകൂലിച്ചു കൊണ്ട് ആഘോഷിച്ച ഒരു ഇന്ത്യക്കാരനെ ജോലിയില്‍ നിന്ന് പിരിച്ചു വിടുകയും നാടുകടത്തുകയും ചെയ്തത് കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ്.

സാധാരണ ഇത്തരം വിദ്വേഷ പോസ്റ്റുകള്‍ കാണുമ്പോള്‍ ഇന്ത്യക്കാരായവര്‍ തന്നെ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്താറാണ് പതിവ്. പലപ്പോഴും ഗള്‍ഫ് രാജ്യങ്ങളിലെ അധികൃതര്‍ ഇതത്ര കാര്യമാക്കാറുമില്ല. എന്നാല്‍ ഇപ്പോള്‍ സ്ഥിഗതികള്‍ മാറിയിരിക്കുന്നു എന്നാണ് വിവിധ റിപ്പോര്‍ട്ടുകള്‍. ഗള്‍ഫ് രാജ്യങ്ങളിലുള്ളവര്‍ സോഷ്യല്‍ മീഡിയകളില്‍ കൂടി വിദ്വേഷ പ്രചരണം നടത്തുന്നതിനെതിരെ കര്‍ശന നടപടിയാണ് അധികൃതര്‍ സ്വമേധയാ സ്വീകരിക്കുന്നത്. യു.എ.ഇ രാജകുടുംബാംഗം തന്നെ ഇന്ത്യക്കാരന്റെ വിദ്വേഷ പോസ്റ്റ് ചൂണ്ടിക്കാട്ടി രംഗത്തു വന്നത് ഇതിന് തെളിവാണ്.

യാതൊരു പ്രശ്‌നവുമില്ല എന്നു കരുതി വിദ്വേഷ പ്രചരണം നടത്തുകയും ഒടുവില്‍ നടപടി നേരിടേണ്ടി വരുമെന്ന ഘട്ടത്തില്‍ മാപ്പു പറയുന്നതും കുറവല്ല. കഴിഞ്ഞ ദിവസമാണ് ഇത്തരത്തില്‍ ജമാത് തബ്‌ലിഗി മര്‍ക്കസ് വിഷയത്തില്‍ മുസ്ലീം വിരോധം പ്രചരിപ്പിച്ചു കൊണ്ട് പ്രീതി ഗിരി എന്ന ഒരു കമ്പനിയുടെ എക്സിക്യുട്ടീവ്‌ ഡയറക്ടറായ, 20 വര്‍ഷമായി ദുബായില്‍ താമസിക്കുന്ന സ്ത്രീ ട്വീറ്റ് ചെയ്തത്. തബ്‌ലീഗി മുസ്ലീങ്ങള്‍ സുന്നികളാണെന്നും അമീര്‍ ഖാന്‍ തബ്‌ലീഗി ആണെന്നുമൊക്കെ പറയുന്ന ആ പോസ്റ്റിനോട് മറ്റൊരു സ്ത്രീ പ്രതികരിച്ചു. ദുബായ് പോലീസിനെ ടാഗ് ചെയ്തു കൊണ്ട് അവര്‍ ചൂണ്ടിക്കാട്ടിയ കാര്യം, ഈ വിദ്വേഷ പ്രചരണം നടത്തുന്ന ഇന്ത്യക്കാരി താമസിക്കുന്ന രാജ്യം ഭരിക്കുന്നത് സുന്നികളാണ് എന്നത് മറക്കരുത് എന്നാണ്. ഇതോടെ സമസ്താപരാധവും പറഞ്ഞ് ട്വിറ്റര്‍ അക്കൗണ്ട് തന്നെ ഈ പ്രീതി ഗിരി എന്ന സ്ത്രീ വേണ്ടെന്നുവച്ചു.

മുംബൈയില്‍ 21 നാവികസേനാംഗങ്ങള്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. വെസ്റ്റേണ്‍ നേവല്‍ കമാന്‍ഡിന്റെ ഭാഗമായ ഉദ്യോഗസ്ഥര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. അതേസമയം കപ്പലുകളിലോ മുങ്ങിക്കപ്പലുകളിലോ ഉള്ള നാവികര്‍ക്കൊന്നും കോവിഡ് ബാധിച്ചിട്ടില്ലെന്നും നേവി പ്രസ്താവനയില്‍ അറിയിച്ചു. ഐഎന്‍എസ് ആംഗ്രെയുടെ ഭാഗമായിരുന്നു ഈ 21 പേര്‍. 20 പേര്‍ നാവികരാണ്. ഏപ്രില്‍ ഏഴിന് ഒരു നാവികന് കൊറോണ പോസിറ്റീവ് കണ്ടെത്തിയിരുന്നു. ഐഎന്‍എസ് ആംഗ്രെ എന്ന സെറ്റില്‍മെന്റില്‍ ഒരേ അക്കമഡേഷന്‍ ബ്ലോക്കിലാണ് 21 പേര്‍ താമസിച്ചിരുന്നത്. പ്രോട്ടോക്കോള്‍ പ്രകാരമുള്ള എല്ലാ നടപടികളും സ്വീകരിച്ചതായി നേവി അറിയിച്ചു.

പതിനഞ്ച് വര്‍ഷം എംപിയായ മണ്ഡലമായിരുന്ന അമേഠിയിലേക്ക് കൊറോണ പ്രതിസന്ധി കാലത്ത് അഞ്ച് ട്രക്ക് നിറയെ അരിയും സാധനങ്ങളും എത്തിച്ചു നല്‍കി മുന്‍കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. അമേഠിയിലെ ജനങ്ങള്‍ ലോക്ക് ഡൗണ്‍ കാലത്ത് ബുദ്ധിമുട്ട് അനുഭവിക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് രാഹുല്‍ പറഞ്ഞതായി പാര്‍ട്ടി ജില്ലാ അധ്യക്ഷന്‍ അനില്‍ സിംഗ് പറഞ്ഞു.

മുമ്പും രാഹുല്‍ ഒരുകാലത്ത് തന്റെ മണ്ഡലമായിരുന്ന അമേഠിയിലേക്ക് അവശ്യസാധനങ്ങള്‍ എത്തിച്ചുനല്‍കിയിരുന്നു. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചസമയത്ത് ഒരു ട്രക്ക് നിറയെ പയര്‍വര്‍ഗങ്ങള്‍, ഭക്ഷ്യ എണ്ണ, സുഗന്ധവ്യഞ്ജനങ്ങള്‍ എന്നിവ രാഹുല്‍ നേരത്തേ എത്തിച്ചു തന്നതായ് അനില്‍ സിംഗ് വ്യക്തമാക്കി.

ഇതുവരെ 16,400ഓളം റേഷന്‍ കിറ്റുകള്‍ രാഹുല്‍ ഗാന്ധി വിതരണം ചെയ്തിട്ടുണ്ടെന്നും അനില്‍ കൂട്ടിച്ചേര്‍ത്തു. കൊറോണ പ്രതിസന്ധിയുടെ സമയത്ത് തന്റെ മുന്‍ മണ്ഡലമായിരുന്ന അമേഠിയില്‍ ശക്തമായ ഇടപെടല്‍ കാഴ്ച വെക്കുകയാണ് രാഹുല്‍ ഗാന്ധി.

അവശ്യസാധനങ്ങളടക്കം അടുത്ത സംസ്ഥാനങ്ങളിലേക്കും സഹായമെത്തിച്ച് കൊടുക്കുന്നതായ് രാഹുല്‍ ഗാന്ധി നേരത്തെ ട്വീറ്റ് ചെയ്തിരുന്നു. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളായ രാജസ്ഥാന്‍, പഞ്ചാബ്, ചത്തീസ്ഗഡ്, പുതുച്ചേരി എന്നിവടങ്ങളില്‍ മികച്ച പ്രവര്‍ത്തനമാണ് നടത്തുന്നതെന്നും രാഹുല്‍ നേരത്തെ ട്വീറ്റ് ചെയ്തിരുന്നു.

മഹാമാരിയായ കോവിഡ് 19 പ്രതിരോധത്തിൽ കേരളത്തിന്റെ മാതൃക രാജ്യമൊട്ടാകെ നടപ്പാക്കാനാണ് ശ്രമിക്കുന്നതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. അടച്ചിടൽ, സമ്പർക്ക പരിശോധന, രോഗപരിശോധന, ചികിത്സ തുടങ്ങിയ കാര്യങ്ങളിൽ കേരളം മികവ് കാട്ടിയത് താഴെത്തട്ടിൽ രോഗവ്യാപനം തടയുന്നതിൽ വലിയ വിജയമായെന്നും ആരോഗ്യമന്ത്രാലയം ജോയിന്റ് സെക്രട്ടറി ലവ് അഗർവാൾ പറഞ്ഞു.

രോഗികൾ ഇരട്ടിയാകുന്ന നിരക്ക് കേരളമടക്കം 19 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ദേശീയ ശരാശരിയേക്കാൾ കുറവാണ്. കേരളത്തിൽ ഇരട്ടിയാകൽ നിരക്ക് ശരാശരി 20 ദിവസമാണ്. ഒരാഴ്ചയായി ദേശീയതലത്തിൽ ഇരട്ടിയാകൽ നിരക്ക് 6.2 ദിവസമാണ്.

അടച്ചിടലിനുമുമ്പ് ഇത് മൂന്ന് ദിവസമായിരുന്നു. കേരളത്തിനു പുറമെ ഉത്തരാഖണ്ഡ്, ഹരിയാന, ഹിമാചൽ, ചണ്ഡീഗഢ്, പുതുച്ചേരി, അസം, ത്രിപുര, ബിഹാർ, ഒഡിഷ എന്നിവിടങ്ങളിലും രോഗം ഇരട്ടിക്കുന്ന നിരക്കിൽ കുറവുണ്ടായി. ഡൽഹി, യുപി, തെലങ്കാന, ആന്ധ്ര, തമിഴ്നാട്, കർണാടകം, പഞ്ചാബ് എന്നിവിടങ്ങളിൽ ദേശീയ ശരാശരിയേക്കാൾ കുറവാണ്.

മുംബൈയിലെ ധാരാവിയില്‍ ഇതുവരെ കൊവിഡ് 19 സ്ഥിരീകരിച്ചത് 101പേര്‍ക്ക്. ഇന്ന് 15 കേസുകളാണ് ധാരാവിയില്‍ പോസിറ്റീവ് ആയി കണ്ടെത്തിയത്. 10 പേരാണ് ധാരാവിയില്‍ ഇതുവരെ കൊവിഡ് മൂലം മരിച്ചത്. ഏറ്റവുമൊടുവില്‍ 62 വയസ്സുള്ള രോഗി. മാട്ടുംഗ ലേബര്‍ ക്യാമ്പില്‍ മൂന്ന് പുതിയ കേസുകള്‍ വന്നു.

8 ലക്ഷത്തിലധികം പേര്‍ താമസിക്കുന്ന, ഏഷ്യയിലെ ഏറ്റവും വലിയ ചേരിപ്രദേശമായ ധാരാവിയില്‍ സാമൂഹ്യ അകലം ഉറപ്പുവരുത്തല്‍ വലിയ വെല്ലുവിളിയാണ്. ഈ മേഖല ഹോട്ട് സ്‌പോട്ട് ആയി പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത് കണ്ടെയ്ന്‍മെന്റ് സോണുകളാണ് അധികൃതര്‍ ധാരാവിയില്‍ കണ്ടെത്തിയിരിക്കുന്നത്. പൊലീസ് ബാരിക്കേഡുകള്‍ വച്ച് എന്‍ട്രി പോയിന്റുകള്‍ തയ്യാറാക്കിയിട്ടുണ്ട്. കണ്ടെയ്ന്‍മെന്റ് സോണുകള്‍ക്ക് അകത്തേയ്‌ക്കോ ഇവിടങ്ങളില്‍ നിന്ന് പുറത്തേയ്‌ക്കോ പോകാന്‍ ആരെയും അനുവദിക്കുന്നില്ല.

മുംബൈയില്‍ മാത്രം 2073 കൊവിഡ് കേസുകളാണ് ഇതുവരെ സ്ഥിരീകരിച്ചത്. 117 പേര്‍ ഇതുവരെ മരിച്ചു. മഹാരാഷ്ട്രയില്‍ 3200ലധികം കേസുകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതുവരെ 27000ത്തിലധികം കൊവിഡ് ടെസ്റ്റുകള്‍ നടത്തിയതായി ബ്രിഹന്‍ മുംബയ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ (ബിഎംസി) അറിയിച്ചു. രാജ്യത്താകെ നടത്തിയ കൊവിഡ് ടെസ്റ്റുകളുടെ 12.59 ശതമാനത്തോളം വരും ഇത്.

ഒമാനില്‍ കൊറോണ വൈറസ് ബാധിച്ച് മലയാളി ഡോക്ടര്‍ മരിച്ചു.  ചങ്ങനാശ്ശേരി സ്വദേശി ഡോ.രാജേന്ദ്രന്‍ നായരാണ് (76) ഇന്ന് മരിച്ചത്.  മസ്‌കറ്റിലെ റോയല്‍ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു അദ്ദേഹം. മൂന്നാഴ്ച മുമ്പാണ് ഡോക്ടര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. 40 വര്‍ഷത്തിലധികമായി ഒമാനില്‍ ഡോക്ടറാണ് രാജേന്ദ്രന്‍ നായര്‍. റൂവിയിലെ ഹാനി ക്ലിനിക്കിന്റെ ഉടമയാണ്. ഒമാനില്‍ കൊവിഡ് മൂലം മരിച്ച ആറാമത്തെയാളാണ് ഡോ.രാജേന്ദ്രന്‍ നായര്‍.

കൊല്ലം സ്വദേശിയായ ദിലീപ് കുമാര്‍ അരുണ്‍തോത്തി (54) ദുബായിലും മരിച്ചു. ദുബായില്‍ സ്വന്തമായി ട്രാന്‍സ്‌പോര്‍ട്ടിംഗ് കമ്പനി നടത്തുകയായിരുന്നു ദിലീപ് കുമാര്‍. കടുത്ത ന്യുമോണിയയെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ദിലീപിന് മൂന്ന് ദിവസം മുമ്പാണ് കൊവിഡ് സ്ഥിരീകരിച്ചത്. സംസ്‌കാരം ദുബായില്‍ നടക്കും.

കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിനാല്‍ സ്വന്തം നാട്ടിലേക്ക് തിരിച്ച് വരാനാകാതെ നിരവധി പ്രവാസികളാണ് ഗള്‍ഫ് രാജ്യങ്ങളില്‍കുടുങ്ങി കിടക്കുന്നത്.ഇവര്‍ക്ക് എപ്പോള്‍ നാട്ടിലേക്ക് തിരികെ എത്താനാകും എന്ന കാര്യത്തില്‍ യാതൊരു ഉറപ്പുമില്ല. അതിനിടെ തീരാ വേദനയായി മാറുകയാണ് മറ്റ് രാജ്യങ്ങളില്‍ നടക്കുന്ന മരണങ്ങള്‍.

കൊവിഡ് കാലത്ത് ഗള്‍ഫ് നാടുകളില്‍ മരണപ്പെടുന്നവരുടെ മൃതദേഹങ്ങള്‍ നാട്ടിലേക്ക് അയക്കുമ്പോള്‍ ബന്ധുക്കള്‍ക്ക് കൂടെ പോകാന്‍ അനുമതിയില്ല. ദുബായില്‍ പത്താം ക്ലാസുകാരന്‍ ജുവല്‍ അര്‍ബുദം ബാധിച്ച് മരിച്ചത് തീരാ വേദനയായിമാറുകയാണ്.

ജുവലിന്റെ മൃതശരീരം ചരക്ക് വിമാനത്തില്‍ നാട്ടിലേക്ക് കയറ്റി അയക്കുകയായിരുന്നു. അവന്റെ മൃതദേഹം നാട്ടിലെത്തിച്ചപ്പോള്‍ അനുഗമിക്കാനോ മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കാനോ പ്രവാസികളായ ആ മാതാപിതാക്കള്‍ക്ക് സാധിച്ചില്ല. ഒടുവില്‍ പ്രിയപ്പെട്ട മകന്റെ സംസ്‌കാര ചടങ്ങുകള്‍ അവര്‍ കണ്ടത് ഫേസ്ബുക്കിലൂടെ.

ദുബായിലെ മുഹൈസിനയില്‍ താമസിക്കുന്ന പത്തനംതിട്ട മല്ലശ്ശേരി ചാമക്കാല വിളയില്‍ ജോമയുടെയും ജെന്‍സിന്റെയും മകനായ ജ്യുവല്‍(16) വെള്ളിയാഴ്ചയാണ് അര്‍ബുദം ബാധിച്ച് മരിച്ചത്.

കാലുകളെ അര്‍ബുദം കാര്‍ന്നു തിന്നുമ്പോഴും ഏറെക്കാലമായി വീല്‍ചെയറിലാണ് ജ്യുവല്‍ സ്‌കൂളില്‍ പോയിരുന്നത്. ഷാര്‍ജ ജെംസ് മില്ലെനിയം സ്‌കൂളിലെ ഏറ്റവും മികച്ച വിദ്യാര്‍ത്ഥികളിലൊരാളായിരുന്നു ജ്യുവല്‍. ഏഴുവര്‍ഷം മുമ്പാണ് ജ്യുവലിന് അര്‍ബുദം ബാധിച്ചത്. ദുഖ:വെള്ളി ദിനത്തില്‍ ദുബായ് അമേരിക്കന്‍ ഹോസ്പിറ്റലിലായിരുന്നു അന്ത്യം.

ലോക്ക് ഡൗണ്‍ ലംഘിച്ച് കൂട്ടംകൂടുന്നത് നിരീക്ഷിക്കുന്നതിനായി കേരള പോലീസ് ഡ്രോണ്‍ ക്യാമറ ഉപയോഗിച്ച് നിരന്തരം നിരീക്ഷണം നടത്തുന്നുണ്ട്. ഇത്തരത്തില്‍ പകര്‍ത്തിയ നിരവധി വീഡിയോകള്‍ ട്രോളായി സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ലോക്ക് ഡൗണ്‍ കാലത്ത് ബോര്‍ അടിച്ചിരിക്കുന്ന ആളുകള്‍ക്ക് പൊട്ടിച്ചിരിക്കാനുള്ള വകയും ഇതിലുണ്ടായിരുന്നു.

അത്തരത്തില്‍ പുതിയ ഒരു ട്രോള്‍ വീഡിയോയുമായി രംഗത്ത് വന്നിരിക്കുകയാണ് കേരള പോലീസ്. ഡ്രോണ്‍ ചരിതം മൂന്നാം ഭാഗം എന്ന കുറിപ്പോടെ ഫേസ്ബുക്കില്‍ പങ്കുവെച്ചിരിക്കുന്ന വീഡിയോ പൊട്ടി ചിരി ഉണര്‍ത്തുന്നതാണ്. വിഡി രാജപ്പന്റെ കഥാപ്രസംഗത്തിലെ ‘ഇവിടെ ആരെങ്കിലും വന്നാലോ ഇവിടെ ആരിപ്പം വരാനാ’ എന്ന ഗാനത്തിന്റെ അകമ്പടിയോടെയാണ് വീഡിയോ തയ്യാറാക്കിയിരിക്കുന്നത്.

കേരള പോലീസ് തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെയാണ് വീഡിയോ പങ്കുവെച്ചത്. വീഡിയോ ഇതിനോടകം തന്നെ വൈറലായിക്കഴിഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റ്:

കൊവിഡ് തീവ്രബാധിത മേഖലയായ കർണാടകത്തിലെ കലബുറഗിയിൽ ലോക്ക് ഡൗൺ നിർദ്ദേശങ്ങൾ ലംഘിച്ച് രഥോത്സവം. ഇരുനൂറോളം പേരാണ് രാവൂർ സിദ്ധലിംഗേശ്വര ക്ഷേത്രത്തിലെ ആഘോഷത്തിൽ പങ്കെടുത്തത്. ലോക്ക് ഡൗൺ നിർദ്ദേശം ലംഘിച്ചതിന് ക്ഷേത്ര ഭാരവാഹികൾക്കെതിരെ പൊലീസ് കേസെടുത്തു. സാമൂഹിക അകലം പാലിക്കണമെന്ന നിർദേശം അവഗണിച്ച് ഉത്സവാഘോഷത്തിൽ ആളുകൾ തോളോടുതോൾ ചേർന്ന്​ തേരുവലിക്കുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

അതേസമയം ചത്ത ജെല്ലിക്കെട്ട്‌ കാളയെ അന്ത്യയാത്ര അയക്കാന്‍ മധുരയ്‌ക്ക്‌ അടുത്തുള്ള അളങ്കാനല്ലൂരില്‍ തടിച്ചു കൂടിയത്‌ ആയിരങ്ങളാണ്. ലോക്ക്‌ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിച്ചതിനെ തുടര്‍ന്ന്‌ 3000 പേര്‍ക്കെതിരെ പൊലീസ്‌ കേസെടുത്തു. മുതുവര്‍പ്പട്ടി ഗ്രാമത്തിലാണ്‌ സംഭവം. നിരവധി ജെല്ലിക്കെട്ട്‌ മത്സരങ്ങളില്‍ പങ്കെടുത്ത്‌ സമ്മാനങ്ങള്‍ നേടിയിട്ടുള്ള മൂളി എന്ന കാള ബുധനാഴ്‌ചയാണ്‌ ചത്തത്‌. മൂളിയുടെ ജഡം അലങ്കരിച്ച്‌ പൊതുദര്‍ശനത്തിന്‌ വെച്ചു.

ഇവിടുത്തെ സെല്ലായി അമ്മന്‍ ക്ഷേത്രത്തിന്റെ കാള കൂടിയാണ്‌ മൂളി. കോവിഡ്‌ റെഡ്‌ സോണ്‍ ആണ്‌ മധുര. 41 പേര്‍ക്കാണ്‌ ഇവിടെ കോവിഡ്‌ സ്ഥിരീകരിച്ചിട്ടുള്ളത്‌. കോവിഡ്‌ 19ന്റെ മുന്‍കരുതല്‍ ഒന്നും സ്വീകരിക്കാതെയാണ്‌ ആയിരക്കണക്കിന്‌ ആളുകള്‍ ഒത്തുകൂടിയതും വിലാപ യാത്രയില്‍ പങ്കെടുത്തതും.

ലോക്ക്ഡൗണുമായി ബന്ധപ്പെട്ട് തൃശൂർ പൂരം റദ്ദാക്കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഇൻസ്റ്റ​ഗ്രാമിൽ എഴുതിയ കുറിപ്പിൽ വിമർശനവുമായി എത്തിയ ആൾക്ക് കിടിലൻ മറുപടി നൽകി ഉണ്ണി മുകുന്ദൻ. ഇത് രണ്ടാം തവണ ആണ് തൃശൂർ പൂരം ഉപേഷിക്കുന്നതെന്നും, ആദ്യത്തേത് ഇന്ത്യ ചൈന യുദ്ധ കാലത്ത് ആയിരുന്നുവെന്നും താരം പറഞ്ഞു. ഇന്നും നമ്മൾ കടന്നു പോകുന്നത് അത്തരം യുദ്ധ സമാനമായ ഒരു സാഹചര്യത്തിലൂടെയാണെന്നും അദ്ദേഹം ഓർമപ്പെടുത്തി. ഈ കുറിപ്പിനു താഴെയായിരുന്നു യുവാവിന്റെ വിമർശനം. ഇത്രയും കഥയുടെ ആവശ്യം എന്താ, പൂരം ഉപേക്ഷിച്ചു എന്ന് പറഞ്ഞാ പോരെ’ എന്നാണ് ഹിമാവാൻ എന്ന് പേരുള്ള യുവാവിന്റെ ചോദ്യം. അതിനും വിശദീകരിച്ചു തന്നെ ഉണ്ണി മറുപടി കൊടുക്കുന്നുണ്ട്.

നിനക്ക് കിട്ടിയ തേപ്പിന്റെ കഥയല്ല ഞാൻ എഴുതിയത്… അതുകൊണ്ട് രണ്ടു മൂന്ന് വാക്കിൽ ഒതുക്കാൻ പറ്റിയില്ല. ഇത് തൃശൂർ പൂരത്തെ പറ്റിയാണ്. ചില കാര്യങ്ങൾക്ക് അതിന്റേതായ മര്യാദ കൊടുക്കണം…’! ഉണ്ണി മറുപടിയായി കുറിച്ചു. ഉണ്ണിയുടെ മറുപടിക്കു ആരാധകരുടെ വൻ പിന്തുണയുമുണ്ട്.

ഉണ്ണി മുകുന്ദന്റെ കുറിപ്പ് വായിക്കാം:

നമസ്കാരം, ലോകമെമ്പാടുമുള്ള പൂര പ്രേമികൾക് നിരാശ സമ്മാനിച്ചാണ് ഇക്കൊല്ലം കടന്നു പോകുന്നത്. കേരളത്തിന്റെ സാംസ്‌കാരിക നഗരമായ തൃശ്ശൂരിന്റെ മണ്ണിൽ ജാതി മത ഭേദമെന്യേ കൊണ്ടാടുന്ന കേരള സംസ്കാരത്തിന്റെ തന്നെ പരിച്ഛേദമായ തൃശൂർ പൂരം ഈകൊല്ലം നടത്തേണ്ടതില്ല എന്ന് ദേവസ്വങ്ങൾ തീരുമാനം എടുത്തു.
എന്റെ അറിവിൽ ഇത് രണ്ടാം തവണ ആണ് തൃശൂർ പൂരം ഉപേഷിക്കുന്നത്, ആദ്യത്തേത് ഇന്ത്യ ചൈന യുദ്ധ കാലത്ത് ആയിരുന്നു.
ഇന്നും നമ്മൾ കടന്നു പോകുന്നത് അത്തരം യുദ്ധ സമാനമായ ഒരു സാഹചര്യത്തിൽ കൂടി ആണ്. ലോകമെമ്പാടും പടർന്നു പിടിച്ചിരിക്കുന്ന #Covid19 എന്ന മഹാമാരിയെ തുരത്താൻ ഉള്ള പോരാട്ടത്തിൽ ആണ് നാം.

അമേരിക്ക പോലുള്ള കരുത്തുറ്റ രാജ്യങ്ങൾ വരെ ഈ വിപത്തിനു മുൻപിൽ അടിപതറി നിൽകുമ്പോൾ 130 കോടി ജനങ്ങൾ ഉള്ള ലോകത്തിലെ തന്നെ ജനസംഖ്യയിൽ രണ്ടാമത് നിൽക്കുന്ന ഒരു രാജ്യം മുഴുവനായി അടച്ചിട്ട് മുൻ കരുതൽ എടുക്കാൻ ഒരു ഭരണ കൂടം തീരുമാനിച്ചപ്പോൾ അത് വിജയം കാണുന്നതിന്റെ പിൻ ബലം തന്നെ രാജ്യ തലപര്യം മാത്രം മുൻഗണയിൽ എടുക്കുന്ന ഭരണ സംവിധാനങ്ങളും, സംഘടനകളും, അതനുസരിക്കുന്ന ജനങ്ങളും ഉള്ളതാണ്.

അത് തന്നെ ആണ് ഭാരതത്തിന്റെ നട്ടെല്ലും. ഇങ്ങനെ ഒരു തീരുമാനം എടുത്ത തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളെയും സംസ്ഥാന സർക്കാരിനെയും ഈ അവസരത്തിൽ ഞാൻ അഭിനന്ദിക്കുന്നു. ഈ വർഷം പൂരം നടക്കേണ്ടിയിരുന്ന മെയ് 3 വരെ ആണ് പ്രധാനമന്ത്രി ലോക്ക് ഡൌൺ പ്രഖ്യാപിച്ചിട്ടുള്ളത് അന്നേ ദിവസം ക്ഷേത്രാങ്കണത്തിൽ പൂരത്തിന്റെ പ്രതീകാത്മക ശംഖുനാദം മുഴങ്ങുമ്പോൾ അത് ഈ നാട്ടിൽ നിന്നും covid 19 എന്ന മഹാ മാരി ഒഴിഞ്ഞു പോയതിന്റെ വിളമ്പരം ആയി മാറട്ടെ എന്ന പ്രത്യാശയോടെ, ഈ വർഷം നമുക്കു നഷ്ടപെട്ട എല്ലാ ആഘോഷങ്ങളും പൂർവാധികം ഭംഗിയായി അടുത്ത വർഷം നമുക്ക് കൊണ്ടാടാൻ കഴിയട്ടെ എന്ന് ജഗദീശരനോട് പ്രാർത്ഥിക്കുന്നു. 🙏

RECENT POSTS
Copyright © . All rights reserved