India

കേരളത്തിൽ ഇന്ന് 10 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. എട്ട് പേരാണ് രോഗമുക്തി നേടിയത്. കാസറഗോഡ് പുതിയ കേസുകളില്ല. ഇടുക്കിയിൽ നാല് കേസുകൾ റിപ്പോർട്ട് ചെയ്തു. കോട്ടയം, കോഴിക്കോട് ജില്ലകളിൽ രണ്ട് വീതവും കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ ഒന്ന് വീതവും കേസുകളാണ് ഇന്ന് സ്ഥിരീകരിച്ചത്. നാല് പേർ ഇതര സംസ്ഥാനങ്ങളിൽ നിന്ന് വന്നവരും രണ്ട് പേർ വിദേശത്ത് നിന്ന് വന്നവരുമാണ്. 129 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 21334 സാമ്പിളുകൾ പരിശോധിച്ചതിൽ 20336 സാമ്പിളുകൾ നെഗറ്റീവ് ആണ്. ഇന്ന് 148 പേരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

പുതിയ പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്ത കോട്ടയവും ഇടുക്കിയും ഗ്രീൻ സോണിൽ നിന്ന് മാറ്റി ഓറഞ്ച് സോണിലാക്കിയതായി മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു. കാസറഗോഡ്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം ജില്ലകളാണ് നിലവിൽ റെഡ് സോണിലുള്ളത്. ബാക്കി 10 ജില്ലകൾ ഓറഞ്ച് സോണിലാണ്. ഓറഞ്ച് എ, ബി വിഭജനം ഒഴിവാക്കി ഒറ്റ സോണാക്കി. റെഡ് സോണിൽ പരിശോധന കൂടുതൽ കർശനമാക്കും.

23876 പേർ നിരീക്ഷണത്തിലാണ്. 23439 പേർ വീടുകളിലും 437 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.

സംസ്ഥാനത്ത് മൂന്നാംഘട്ട വ്യാപനം (സമൂഹവ്യാപനം) ഉണ്ടായില്ല. അതേസമയം സമൂഹവ്യാപന ഭീഷണി ഇല്ലാതായിട്ടില്ല.

രോഗപരിശോധന വേഗത്തിലാക്കാൻ നടപടി – 10 ആർടി പിസിആർ മെഷിനുകൾ വാങ്ങും. നിലവിൽ 14 സർക്കാർ ലാബുകളിലും രണ്ട് സ്വകാര്യ ലാബുകളിലും സംസ്ഥാനത്ത് കോവിഡ് പരിശോധന നടക്കുന്നു.

അതിർത്തികളിൽ പരിശോധന കർശനമാക്കും. ആളുകളെ കടത്താൻ ശ്രമിക്കുന്നത് തടയും. അതിർത്തികടന്നുവന്ന ഡോക്ടറേയും ഭർത്താവിനേയും ക്വാറൻ്റൈൻ ചെയ്തിട്ടുണ്ട്. ഇരുവർക്കുമെതിരെ പകർച്ചവ്യാധി നിയമപ്രകാരം കേസെടുത്തു.

അടിയന്തര സാഹചര്യങ്ങളിൽ ജില്ല കടന്നുള്ള യാത്രകൾക്ക് പൊലീസിൻ്റെ എമർജൻസി പാസ് വാങ്ങണം.

ഹോട്ട് സ്പോട്ടുകളായ പഞ്ചായത്തുകൾ അടച്ചിടും.

ക്വാറികൾക്ക് പ്രവർത്തിക്കാം. കേന്ദ്ര സർക്കാരിൻ്റെ മാർഗനിർദ്ദേശങ്ങൾക്ക് അനുസരിച്ച് പ്രവർത്തിക്കണം.

മൂന്നാറിൽ ഭിന്നശേഷിക്കാർക്ക് റേഷൻ നിഷേധിച്ചെന്ന പരാതി പരിശോധിക്കും.

നിസാമുദ്ദീൻ സമ്മേളനത്തിൽ പങ്കെടുത്ത എല്ലാവരേയും കണ്ടെത്തി പരിശോധനയ്ക്ക് വിധേയരാക്കി.

പൊലിസുകാരേയും ഹോം ഡെലിവറി നടത്തുന്നവരേയും പരിശോധനയ്ക്ക് വിധേയരാക്കും.

3,30,216 പേർ സന്നദ്ധസേനയിൽ രജിസ്റ്റർ ചെയ്തു.

നോമ്പുകാലത്ത് പാഴ്സൽ, ഹോം ഡെലിവറി എന്നിവയ്ക്കായി റസ്റ്റോറൻ്റുകൾക്ക് രാത്രി 10 മണി വരെ സമയം നീട്ടി നൽകും.

ക്രിസ്ത്യൻ വിവാഹച്ചടങ്ങുകളിൽ 20 പേർക്ക് പങ്കെടുക്കാം.

കേരളത്തിലെ വ്യവസായികൾ പിപിഇ കിറ്റുകളും എൻ 95 മാസ്കുകളും നിർമ്മിക്കുന്നുണ്ട്.

വിദേശത്തേയ്ക്ക് മരുന്ന് പാഴ്സലായി അയയ്ക്കാം.

അവശ്യസാധനങ്ങൾ ആവശ്യപ്പെട്ടത് അനുസരിച്ച് ഡെലിവറി ചെയ്യാനെത്തിയ യുവാവിനോട് വിദ്വേഷപരമായി പെരുമാറിയ ഉപഭോക്താവിനെ അറസ്റ്റ് ചെയ്തു. ഡെലിവറി ബോയി മുസ്ലിം സമുദായത്തിൽപ്പെട്ടതിനാൽ ഡെലിവറി സ്വീകരിക്കാൻ വിസമ്മതിച്ച ആളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. മഹാരാഷ്ട്രയിലെ താനെയിലാണ് സംഭവം.

ഡെലിവറി ബോയിയുടെ പരാതിയെ തുടർന്ന് ഗജനൻ ചതുർവേദി എന്ന ആളെ കാശിമിറ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഐപിസി സെക്ഷൻ 295(എ) പ്രകാരമാണ് ഗജനൻ ചതുർവേദിക്കെതിരെ കേസെടുത്തതെന്ന് കാശിമിറ പോലീസ് സ്റ്റേഷൻ സീനിയർ പോലീസ് ഇൻസ്‌പെക്ടർ സഞ്ജയ് ഹസാരെ പറഞ്ഞു.

പ്രതിയെ താനെ സെഷൻസ് കോടതിയിൽ ഹാജരാക്കി 15,000 രൂപ ജാമ്യത്തിൽ വിട്ടയച്ചു. ചൊവ്വാഴ്ച വൈകുന്നേരമാണ് സാധനങ്ങൾ ഡെലിവറി ചെയ്യാനായി ഡെലിവറി ബോയി എത്തിയത്. സാധനങ്ങൾ വാങ്ങിക്കാൻ ഗേറ്റിനടുത്തെത്തിയ ചതുർവേദി ഡെലിവറി ബോയിയോട് പേര് ചോദിച്ചു. മുസ്ലിം സമുദായത്തിൽപ്പെട്ട ആളാണെന്നറിഞ്ഞതോടെ സാധനങ്ങൾ വാങ്ങിക്കാൻ ചതുർവേദി തയ്യാറായില്ല. താൻ മുസ്‌ലിങ്ങളുടെ കയ്യിൽ നിന്ന് സാധനങ്ങൾ വാങ്ങാറില്ലെന്നായിരുന്നു ചതുർവേദി പറഞ്ഞത്.

അതേസമയം, ലോക്ക്ഡൗൺ കാലത്ത് കൊവിഡ് പടരാനുള്ള സാധ്യതപോലും തള്ളി കളഞ്ഞ് താൻ ജീവൻ പണയം വെച്ചാണ് അവർക്ക് സാധനം എത്തിച്ചത്. പക്ഷേ ഈ ആപത്ഘട്ടത്തിൽ അവർക്ക് തന്റെ മതമാണ് വിഷയം. അദ്ദേഹത്തിന്റെ പെരുമാറ്റം ശരിക്കും എന്നെ ഞെട്ടിച്ചെന്ന് ഡെലിവറി ബോയി പ്രതികരിച്ചു.

 

നോയിഡയില്‍ ഒരു മലയാളി നഴ്‌സിന് കൂടി കൊവിഡ് ബാധ സ്ഥിരീകരിച്ചു. ഒപ്പം കുടുംബത്തിലെ എല്ലാവര്‍ക്കും വൈറസ് ബാധ സ്ഥിരീകരിച്ചു. എന്നാല്‍ 14 ദിവസം മാത്രം പ്രായമായ കുഞ്ഞിന് വൈറസ് ബാധയേറ്റിട്ടില്ല.

സൗത്ത് ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയ്യുന്ന നഴ്സിനാണ് ആദ്യം കൊവിഡ് ബാധയുണ്ടായത്. പിന്നാലെ ഇവരുടെ സഹോദരി, സഹോദരിയുടെ ഭര്‍ത്താവ് എന്നിവരുള്‍പ്പെടെ ആറ് പേര്‍ക്ക് രോഗബാധ സ്ഥിരീകരിക്കുകയായിരുന്നു. സഹോദരിയുടെ കുഞ്ഞിനാണ് വൈറസ് ബാധയേല്‍ക്കാതെയിരുന്നത്.

കൊവിഡ് ബാധിതരായവരെ വിവിധ സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അതേസമയം, ഇന്ത്യയില്‍ ഇതുവരെ 20471 പേര്‍ക്കാണ് കൊവിഡ് സ്ഥരീകരിച്ചിട്ടുള്ളത്. 24 മണിക്കൂറില്‍ 1486 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഡല്‍ഹിയില്‍ 92 പുതിയ കേസുകള്‍ ബുധനാഴ്ച റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ലോകം മുഴുവൻ നാശം വിതയ്ക്കുന്ന കോവിഡ് കാലത്തെ ദുരിതങ്ങൾക്കിടയിലും മലയാളിയെ മറക്കാതെ ഭാഗ്യദേവത! ദുബായ് ഡ്യൂട്ടി ഫ്രീ മിലേനിയം നറുക്കെടുപ്പിൽ 7.6 കോടി രൂപ സമ്മാനം മലയാളിക്ക്. പാറപ്പറമ്പിൽ ജോർജ് വർഗീസിനാണ് 10 ലക്ഷം ഡോളർ ഇന്ത്യൻ രൂപ ഏകദേശം 7,64,05,000 കോടി സമ്മാനം ലഭിച്ചത്.

328ാം സീരീസിലെ 1017 എന്ന ടിക്കറ്റാണ് സമ്മാനാർഹമായത്. അതേസമയം, സമ്മാനവിവരം അറിയിക്കാൻ ജോർജ് വർഗീസിനെ ബന്ധപ്പെടാൻ ഇതുവരെ കഴിഞ്ഞിട്ടില്ലെന്ന് ഡ്യൂട്ടി ഫ്രീ അധികൃതർ പറഞ്ഞു. നറുക്കെടുപ്പിൽ മറ്റ് മൂന്നുപേർക്ക് ആഢംബര കാറുകളും സമ്മാനമായി ലഭിച്ചു.

ഇന്ത്യക്കാരനായ രവിചന്ദ്രൻ രാമസ്വാമിക്ക് മാഗ്‌നി ആഢംബര മോട്ടോർ ബൈക്കും ബ്രിട്ടീഷ് പൗരനായ മൈക് മാക്നെയ്ക്ക് ബെന്റ്ലി ആഢംബര കാറും ലഭിച്ചു. കൊവിഡ് 19ന്റെ പശ്ചാത്തലത്തിൽ കർശന നിയന്ത്രണങ്ങളോടെയായിരുന്നു നറുക്കെടുപ്പ് നടത്തിയത്.

പ്രമേഹരോഗിയായ തബ്‌ലീഗ് പ്രവര്‍ത്തകന്‍ കൊവിഡ് നിരീക്ഷണകേന്ദ്രത്തില്‍ മരിച്ചു. നിസാമുദ്ദീനില്‍ നടന്ന തബ്‌ലീഗ് ജമാഅത്ത് സമ്മേളനത്തില്‍ പങ്കെടുത്ത് വന്നതിനു ശേഷമാണ് ഇയാളെ നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ അദ്ദേഹത്തിന് വേണ്ട ചികിത്സ നല്‍കിയില്ലെന്ന ആരോപണം ഇതിനോടകം ഉയര്‍ന്ന് കഴിഞ്ഞു. നിരീക്ഷണ കേന്ദ്രത്തില്‍ ഒപ്പമുള്ള ഒരു സംഘം ആളുകളാണ് ആരോപണവുമായി രംഗത്ത് വന്നിരിക്കുന്നതെന്ന് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ പറയുന്നു.

എന്നാല്‍, അധികൃതര്‍ ഈ ആരോപണം പാടെ തള്ളി കളഞ്ഞിട്ടുണ്ട്. മരിച്ചയാള്‍ തനിക്ക് പ്രമേഹമുള്ള കാര്യം അറിയിച്ചിരുന്നില്ലെന്നാണ് അധികൃതരുടെ വാദം. നിരീക്ഷണകേന്ദ്രത്തില്‍ പ്രവേശിപ്പിക്കുന്നയാളുടെ മറ്റ് രോഗങ്ങളെ കുറിച്ച് ചോദിച്ച് മനസിലാക്കാറുണ്ട്. എന്നാല്‍, മരിച്ചയാള്‍ പ്രമേഹമുണ്ടെന്ന് പറഞ്ഞിരുന്നില്ലെന്ന് അധികൃതര്‍ പറയുന്നു.

പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷം മാത്രമേ മരണകാരണം വ്യക്തമാകൂ. രാജീവ് ഗാന്ധി ആശുപത്രിയില്‍ കൊവിഡ് പരിശോധനയ്ക്ക് വിധേയനായ ശേഷം തിങ്കളാഴ്ചയാണ് ഇയാളെ നിരീക്ഷണകേന്ദ്രത്തിലേക്ക് കൊണ്ട് വന്നത്. ബുധനാഴ്ച രാവിലെ എട്ട് മണിയോടെ നെഞ്ച് വേദന അനുഭവപ്പെട്ട ഇയാളെ കേന്ദ്രത്തിലുള്ള ഡോക്ടര്‍മാര്‍ പരിശോധിച്ചു. എന്നാല്‍, പത്ത് മണിയോടെ സ്ഥിതി വഷളാവുകയും ആശുപത്രിയിലേക്ക് കൊണ്ട് പോകും മുമ്പ് മരണപ്പെടുകയുമായിരുന്നു. ഇയാളുടെ കൊവിഡ് പരിശോധനാ ഫലം വന്നിട്ടില്ല.

കോവിഡ് ബാധിച്ച് അമേരിക്കയിൽ ഒരു മലയാളി കൂടി മരിച്ചു. മിഷിഗണിൽ താമസിക്കുന്ന ചങ്ങനാശ്ശേരി വലിയ പറമ്പിൽ ജോസഫ് മാത്യു (69) ആണ് മരിച്ചത്. ഡിട്രോയിറ്റ് മലയാളി അസോസിയേഷൻ മുൻ പ്രസിഡന്റാണ്. ഇതോടെ കോവിഡ് ബാധിച്ച് വിദേശരാജ്യങ്ങളിൽ മരിച്ച മലയാളികളുടെ എണ്ണം 44 ആയി.

അമേരിക്കയിൽ ഇതുവരെ രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 47,750 ആയി. ഇതുവരെ രോഗം ബാധിച്ചത് 8,52,703 പേർക്കാണ്. കൊറോണ ബാധിച്ച് ഏറ്റവും അധികം മലയാളികൾ മരിച്ചത് അമേരിക്കയിലാണ്. ഗൾഫ് നാടുകളിലാകെ ഇതുവരെ മരിച്ചത് 16 മലയാളികളാണ്.

ആരോഗ്യ പ്രവര്‍ത്തകരുടെ സംരക്ഷണത്തിന് ഓര്‍ഡിനന്‍സ് പുറത്തിറക്കി കേന്ദ്രസര്‍ക്കാര്‍. രാജ്യത്ത് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നേരെ അക്രമങ്ങള്‍ തുടരുന്ന സാഹചര്യത്തിലാണ് അതിശക്തമായ തീരുമാനം കേന്ദ്ര മന്ത്രിസഭ കൈക്കൊണ്ടത്.1897ലെ പകര്‍ച്ചവ്യാധി നിയമം ഭേദഗതി ചെയ്താണ് ഡോക്ടര്‍മാര്‍ മുതല്‍ ആശാ പ്രവര്‍ത്തകര്‍ വരെയുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കേന്ദ്രം സുരക്ഷ ഒരുക്കുന്നത്.

ഇതേതതുടര്‍ന്ന് ആരോഗ്യപ്രവര്‍ത്തകരെ ആക്രമിച്ചാല്‍ മൂന്ന് മാസം മുതല്‍ ഏഴുവര്‍ഷം വരെ തടവ് ലഭിക്കും. ആരോഗ്യ പ്രവര്‍ത്തകരോട് വീടുകള്‍ ഒഴിയാന്‍ ആവശ്യപ്പെടുന്നതടക്കം ഇനി കുറ്റമാകും. ഇവരെ അപമാനിക്കുകയും അധിക്ഷേപിക്കുകയും ചെയ്താല്‍ 3 മാസം മുതല്‍ 5 വര്‍ഷം വരെ ശിക്ഷ നല്‍കും. 50,000 രൂപ മുതല്‍ 2 ലക്ഷം രൂപയാണ് പിഴ.

കൂടാതെ, ഇവരെ ആക്രമിക്കുകയോ, മുറിവേല്‍പ്പിക്കുകയോ ചെയ്താല്‍ ശിക്ഷ 6 മാസം മുതല്‍ 7 വര്‍ഷം വരെയാകും. ഒരു ലക്ഷം മുതല്‍ 5 ലക്ഷം രൂപ വരെ പിഴ ഈടാക്കുകയും ചെയ്യും. വാഹനങ്ങളോ, വീടുകളോ തകര്‍ത്താല്‍ ജയില്‍ ശിക്ഷക്കൊപ്പം വലിയ നഷ്ടപരിഹാരവും നല്‍കേണ്ടിവരും.

ചെന്നൈയില്‍ മരിച്ച ഡോക്ടറുടെ സംസ്‌കാരം നടത്താന്‍ ജനക്കൂട്ടം അനുവദിക്കാത്തത് രാജ്യമാകെയുള്ള ആരോഗ്യപ്രവര്‍ത്തകരുടെ രോഷത്തിനിടയാക്കിയിരുന്നു.

റിപ്പബ്ലിക് ടിവിയുടെ ചീഫ് എഡിറ്റര്‍ അര്‍ണാബ് ഗോസ്വാമിക്കും ഭാര്യക്കും നേരെ ആക്രമണം. ഏപ്രില്‍ 22ന് രാത്രി 10 മണിക്ക് നടന്ന ചാനല്‍ ചര്‍ച്ചകള്‍ക്ക് ശേഷം അര്‍ദ്ധരാത്രി 12.30ന് വീട്ടിലേക്ക് മടങ്ങുമ്പോഴാണ് സംഭവം.

ഗോസ്വാമിയും ഭാര്യയും കാറില്‍ സഞ്ചരിക്കവെയാണ് മോട്ടോര്‍ ബൈക്കില്‍ എത്തിയ രണ്ട് പേര്‍ ചേര്‍ന്ന് ആക്രമിച്ചത്. ആക്രമണകാരികള്‍ അര്‍ണാബ് ഗോസ്വാമിയുടെ കാറിന് മുന്നില്‍ ബൈക്ക് ഇടിച്ചു നിര്‍ത്തിയെന്നാണ് റിപ്പബ്ലിക്ക് ടിവി റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഇതോടെ ബൈക്കിനെ ഇടിക്കുമെന്ന ചിന്തയില്‍ അര്‍ണാബ് കാര്‍ നിര്‍ത്തുകയായിരുന്നു. തുടര്‍ന്ന് ഇരുവരും ചാടിയിറങ്ങി ആക്രമിക്കുകയും ചെയ്തു. കാറിന്റെ ചില്ലുകള്‍ തകര്‍ക്കാന്‍ അവര്‍ ശ്രമിക്കുകയും കാറിനു നേരെ ആക്രമണം ആരംഭിക്കുകയും ചെയ്തു.

പിന്നീട് അക്രമികള്‍ കാറിന് മുകളില്‍ കരി ഓയില്‍ ഒഴിച്ചു രക്ഷപ്പെടാന്‍ ശ്രമിച്ചുവെന്നും അര്‍ണാബ് പറയുന്നു. അതേസമയം, ആക്രമണത്തിന് പിന്നില്‍ കോണ്‍ഗ്രസ് ഗുണ്ടകളാണ് എന്നാണ് അര്‍ണാബ് ആരോപിക്കുന്നത്.

സോണിയാ ഗാന്ധിയും വദ്രാ കുടുംബവുമാണ് ആക്രമണത്തിന് പിന്നിലെന്ന് അര്‍ണാബ് പിന്നീട് ആരോപിച്ചു. സോണിയ ഗാന്ധിക്കെതിരെ പരാതി നല്‍കും എന്നാണ് അര്‍ണാബ് പറയുന്നു.

ആ അച്ഛന് മകളെ അവസാനമായി കണ്ട് യാത്രയാക്കാന്‍ ലോക്ഡൗണും തടസ്സമായില്ല. കേരളവും തമിഴ്‌നാടും ഒരുമിച്ച് നിന്ന് വഴിയൊരുക്കി കൊടുത്തു, ശാന്തന്
മകള്‍ക്ക് അന്തിമോപചാരം അര്‍പ്പിക്കാന്‍ ഓടിയെത്തി.

ഞായറാഴ്ചയാണ് പട്ടഞ്ചേരി മാങ്ങോട് ശാന്തന്‍ വല്‍സല ദമ്പതികളുടെ മകളായ അനുശ്രീ(10) മരിച്ചത്. ശ്വാസകോശ സംബന്ധമായ അസുഖത്തെത്തുടര്‍ന്നു ചികിത്സയിലായിരുന്ന അനുശ്രീ. അച്ഛന്‍ ശാന്തന് തമിഴ്‌നാട്ടിലെ കരൂരില്‍ ഇലക്ട്രീഷ്യനായിരുന്നു. ലോക്ഡൗണിനെത്തുടര്‍ന്ന് ശാന്തന് നാട്ടിലെത്താനായില്ല.

മകളുടെ മരണ വിവരം അറിഞ്ഞു ശാന്തന്‍ കരൂര്‍ ജില്ലാ കലക്ടറെ നേരില്‍ കണ്ടു കേരളത്തിലെത്താനുള്ള അനുമതി വാങ്ങി. മീനാക്ഷിപുരം അതിര്‍ത്തി ചെക്‌പോസ്റ്റില്‍ ശാന്തനെ കൂട്ടാന്‍ ആരോഗ്യ വകുപ്പ് നല്‍കിയ സുരക്ഷാ വസ്ത്രമണിഞ്ഞു ബൈക്കില്‍ സുഹൃത്ത് കാത്തുനിന്നു.

ശാന്തനും സുരക്ഷാ വസ്ത്രങ്ങള്‍ ധരിച്ചാണു വീട്ടിലെത്തിയത്. സുരക്ഷാ മുന്‍കരുതല്‍ നല്‍കി ആരോഗ്യ പ്രവര്‍ത്തകരും ശാന്തന്റെ വീട്ടിലുണ്ടായിരുന്നു. ചടങ്ങുകള്‍ ഒഴിവാക്കി ചിറ്റൂര്‍ ശോക ശാന്തിവനം വാതക ശ്മശാനത്തില്‍ സംസ്‌കാരം നടത്തി. തുടര്‍ന്നു നാട്ടുകാരുടെ സഹായത്തോടെ വീടും പരിസരവും അണുവിമുക്തമാക്കി. ചടങ്ങിന് ശേഷം കുടുംബാംഗങ്ങളെല്ലാം ക്വാറന്റീനിലായി.
സഹോദരന്‍: അഖില്‍

ചെലവ് ഏറിയ കൊവിഡ് പരിശോധനകൾക്ക് ഇനി വിട. കുറഞ്ഞ ചെലവിൽ കൊറോണ വൈറസ് പരിശോധന നടത്താവുന്ന സംവിധാനം ഇന്ത്യൻ ഗവേഷകർ വികസിപ്പിച്ചെടുത്തിരിക്കുകയാണ്. ഒരു മണിക്കൂറിൽ താഴെ സമയം മാത്രമേ ഈ പരിശോധനയ്ക്ക് ആവശ്യമുള്ളൂ.

സിഎസ്‌ഐആറിന്റെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജീനോമിക്‌സ് ആൻഡ് ഇന്റഗ്രേറ്റീവ് ബയോളജിയിലെ ശാസ്ത്രജ്ഞരാണ് പുതിയ സംവിധാനം വികസിപ്പിച്ചത്. ഇതിഹാസ ചലച്ചിത്രകാരൻ സത്യജിത് റേയുടെ കഥകളിലെ ഡിറ്റക്ടീവ് കഥാപാത്രമായ ‘ഫെലൂദ’യുടെ പേരിലാണ് ഇത് അറിയപ്പെടുക.

ദേബ്‌ജ്യോദി ചക്രവർത്തിയും സൗവിക് മൗതിയും ചേർന്നാണ് രോഗാണുവിന്റെ സാന്നിദ്ധ്യം കണ്ടെത്തുന്ന സംവിധാനം വികസിപ്പിച്ചതെന്ന് ഐജിഐബി ഡയറക്ടർ അനുരാഗ് അഗർവാൾ പറഞ്ഞു. കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രാലയത്തിന് കീഴിലുള്ള വകുപ്പാണ് സിഎസ്‌ഐആർ.

RECENT POSTS
Copyright © . All rights reserved