ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം
കാലാവസ്ഥാ വ്യതിയാനം തടയാനുള്ള പദ്ധതികൾക്കായി ലോകരാജ്യങ്ങൾ ഗ്ലാസ്ഗോയിൽ ഒത്തുകൂടിയിരിക്കുകയാണ്. ഒക്ടോബർ 31ന് സ്കോട്ട്ലൻഡിൽ ആരംഭിച്ച ആഗോള കാലാവസ്ഥാ സമ്മേളനം ഇന്ന് അവസാനിക്കും. ഉച്ചകോടിയുടെ അവസാനം പുറത്തുവരുന്ന പ്രഖ്യാപനങ്ങൾക്കായി ലോകം കാത്തിരിക്കുകയാണ്. ഭൂമിയുടെ നിലനിൽപ്പ് എന്നാൽ മനുഷ്യരാശിയുടെ മുഴുവൻ നിലനിൽപ്പാണ്. ഗ്ലാസ്ഗോയിലെ കാലാവസ്ഥാ ഉച്ചകോടിയിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സംഘത്തിലുള്ള മലയാളി വൈദികനാണ് ഫാ.ഡോ.സിജി നൂറോകാരിയിൽ. ഇക്കോജസ്യൂട്ട് സൗത്ത് ഏഷ്യയുടെ കോ-ഓർഡിനേറ്ററായ ഫാ.ഡോ.സിജി നൂറോകാരിയിൽ, കോട്ടയം കുറുപ്പുന്തറ മാൻവെട്ടം സ്വദേശിയാണ്. ഡിസാസ്റ്റർ മാനേജ്മെന്റിൽ മുംബൈ ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസിൽ നിന്നും പിഎച്ച്ഡി കരസ്ഥമാക്കിയ ഫാ. സിജി ഈശോ സഭയിലെ അംഗമാണ്. ഉച്ചകോടിയിൽ പങ്കെടുക്കുന്ന ഏക മലയാളിയായ ഫാ.ഡോ.സിജി നൂറോകാരിയിൽ മലയാളംയുകെയോട് മനസ്സ് തുറക്കുന്നു. അഭിമുഖം രണ്ടാം ഭാഗം.
❓ലോകത്തിൽ പ്ലാസ്റ്റിക് ഒരു പ്രധാന പ്രശ്നമായി മാറുകയാണ്. വർഷം തോറും 1.1 കോടി മെട്രിക് ടൺ പ്ലാസ്റ്റിക് സമുദ്രത്തിൽ എത്തുന്നു. അതുപോലെ തന്നെയാണ് എണ്ണ ചോർച്ചയും. ചർച്ചകൾക്കുപരിയായി ഈയൊരു ഭീഷണി ഇല്ലാതാക്കാൻ നാം ഓരോരുത്തരും പരിശ്രമിക്കേണ്ടതല്ല?
തീർച്ചയായും. നെറ്റ് സീറോ എന്ന ലക്ഷ്യം ആർജിക്കാനുള്ള ഉത്തരവാദിത്തം ഓരോ പൗരന്റെയുമാണ്. വ്യക്തിഗത തിരഞ്ഞെടുപ്പാണ് ഇവിടെ പ്രധാനം. ഗ്ലാസ്ഗോയിൽ എല്ലാ പ്രതിനിധികൾക്കും വാഹനഗതാഗതം സൗജന്യമാണെങ്കിലും എങ്ങനെ യാത്ര ചെയ്യണമെന്നത് ഓരോരുത്തരുടെയും തീരുമാനമാണ്. അതുപോലെ തന്നെ ഒരു സ്കൂളിൽ പ്ലാസ്റ്റിക് നിരോധിക്കണമെന്ന തീരുമാനം അധികാരികൾക്ക് കൈകൊള്ളാം. ചർച്ചകൾ ആരംഭിച്ച ശേഷം പ്രവൃത്തി ഉണ്ടാവുന്നില്ലെങ്കിൽ നിരാശയാവും ഫലം. ഇന്ത്യയിലും പ്ലാസ്റ്റിക്കിന്റെ ഉപയോഗം കൂടിവരുന്നുണ്ട്. കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ ഇന്ത്യക്കാരുടെ പ്രതികരണശേഷി കുറയുന്നതായി തോന്നുന്നു. കാലാവസ്ഥ വ്യതിയാനം മൂലം കൃഷി നശിക്കുന്നത് ഇന്ത്യയിലെ പതിവ് കാഴ്ചയായി മാറികഴിഞ്ഞു. State of India’s Environment (SoE) ന്റെ 2021ലെ റിപ്പോർട്ട് പ്രകാരം ഇന്ത്യയിൽ പ്രതിദിനം 28 കർഷക ആത്മഹത്യകൾ നടക്കുന്നുണ്ട്. 2018ലും 2019ലും 5000ത്തിലേറെ മരണങ്ങൾ. മഹാരാഷ്ട്രയിൽ ഈ വർഷം ജൂണിനും ഒക്ടോബറിനും ഇടയിൽ ഉണ്ടായ മിന്നൽപ്രളയം 13.59 മില്യൺ ഏക്കർ കൃഷിയാണ് ഇല്ലാതാക്കിയത്. ഇത്തരം കാലാവസ്ഥ പ്രശ്നങ്ങൾ പരിഹരിക്കാൻ കൂട്ടായ ശ്രമം ആവശ്യമാണ്. അതുപോലെ സ്വയം മാറാനും തയ്യാറാകണം.
❓ഗ്ലാസ്ഗോ സമ്മേളന വേദിയ്ക്ക് സമീപം പ്രതിഷേധിക്കുന്ന പരിസ്ഥിതി പ്രവർത്തകരെ കാണാൻ കഴിയും. നിലവിലെ പ്രവർത്തനങ്ങൾക്കപ്പുറം കൂടുതൽ ഫലപ്രദമായ നടപടികൾ ആവശ്യപ്പെട്ടാണ് പ്രതിഷേധം. ഈ പ്രതിഷേധങ്ങൾ എത്രമാത്രം പ്രസക്തമാണ്?
സമ്മേളന വേദിക്ക് പുറത്ത് നടക്കുന്ന പ്രതിഷേധങ്ങളിലാണ് കൂടുതൽ പ്രവർത്തനം ഉണ്ടാകുന്നത്. കഴിഞ്ഞ ദിവസം നടന്ന പ്രതിഷേധത്തിൽ ഒരു ലക്ഷത്തിലേറെ പരിസ്ഥിതി പ്രവർത്തകർ അണിനിരന്നു. അവർ റോഡിലുന്നയിക്കുന്ന ഒരുപാട് ശക്തമായ കാര്യങ്ങളുണ്ട്. അതുപോലെ അവരുടെ പ്രതിനിധികൾ സന്നദ്ധസംഘടനകളുടെ രൂപത്തിൽ ഉച്ചകോടിയിൽ പങ്കെടുത്ത് ആവശ്യങ്ങൾ ഉന്നയിക്കുകയും ചെയ്യുന്നു.
❓ഉച്ചകോടിയിൽ ചർച്ച ചെയ്ത്, തീരുമാനങ്ങൾ കൈകൊണ്ട് ലോകനേതാക്കൾ മടങ്ങിയാൽ ഈ പദ്ധതികൾ എത്രത്തോളം യാഥാർഥ്യമായി വരും എന്ന ഭയം എല്ലാവർക്കുമുണ്ട്. ഇതിനെ എങ്ങനെ നോക്കികാണുന്നു?
അത്തരമൊരു ഭയമുണ്ടെങ്കിലും ചർച്ചകളിലെ നല്ല വശങ്ങളെ നാം പരിഗണിക്കേണ്ടതുണ്ട്. ലോക നേതാക്കൾ വന്ന് ചർച്ചകൾ നടത്തി രണ്ടാം ദിവസം മടങ്ങുന്നു. ബാക്കിയുള്ള ദിനങ്ങളിലാണ് പ്രധാനപ്പെട്ട, വിപുലമായ ചർച്ചകൾ നടക്കുന്നത്. ആളുകൾ ചോദ്യമുന്നയിക്കുന്നുണ്ട്. അടിയന്തിര സാഹചര്യത്തിൽ ജനങ്ങളുടെ കൂടുതൽ സമ്മർദ്ദം ചെലുത്തുന്നു. വികസിത രാജ്യങ്ങളുടെ മനോഭാവത്തിലുണ്ടായ മാറ്റം ഇവിടെ പ്രകടമാണ്. ആദിവാസി സമൂഹം, തീരദേശ നിവാസികൾ പോലെ ഭീഷണി നേരിടുന്നവരെ സഹായിക്കാൻ സാമ്പത്തിക സഹകരണം ഉണ്ടാകുന്നു. 151 രാജ്യങ്ങൾ പരിസ്ഥിതി പ്രവർത്തനവുമായി ബന്ധപ്പെട്ട വിവരങ്ങൾ കോപ്26 ൽ സമർപ്പിച്ചു. എട്ട് രാജ്യങ്ങൾ സമർപ്പിക്കാമെന്ന് സന്നദ്ധത അറിയിച്ചു. 2050ഓടെ 90 ശതമാനം ആഗോള ഉദ്വമനം കുറയ്ക്കുമെന്നാണ് പ്രഖ്യാപനം. കൽക്കരി ഉപയോഗം നിർത്തലാക്കുമെന്ന് 42 രാജ്യങ്ങൾ അറിയിച്ചു. ‘ഗ്രീൻ ജോബ്സ് &ഗ്രീൻ ഗ്രോത്ത്’ എന്ന ആശയം തികച്ചും സ്വാഗതാർഹമാണ്. സർക്കാരുകൾ ഒരു വലിയ ലക്ഷ്യം മുന്നോട്ട് വയ്ക്കുന്നത് തന്നെ പ്രചോദനം ആവുന്നുണ്ട്.
❓അതുപോലെ ഫണ്ടിങ്ങും ഒരു പ്രശ്നമായി നിലകൊള്ളുന്നു. കാലാവസ്ഥ വ്യതിയാനം തടയാനുള്ള ആഗോള പദ്ധതികൾക്ക് പണം ആര് മുടക്കും എന്നതൊരു ചോദ്യമാണ്. വികസിത രാജ്യങ്ങൾ വാഗ്ദാനം ചെയ്യുന്ന പണം ദ്വീപ് രാജ്യങ്ങളിൽ എത്തുന്നില്ലെന്ന വാദം നേതാക്കൾ ഉയർത്തി കഴിഞ്ഞു. ഇതൊരു പ്രതിസന്ധിയായി മാറുകയല്ലേ?
ആഗോള പ്രതിസന്ധി പരിഗണിക്കുമ്പോൾ സാമ്പത്തിക സഹായം കുറവാണെന്ന വാദം കോപ്26ൽ ഉയരുന്നുണ്ട്. വികസിത രാജ്യങ്ങൾ നൽകുന്ന സാമ്പത്തിക സഹായം നിയന്ത്രിക്കുന്നത് കോർപ്പറേറ്റ് കമ്പനികളാണെന്ന വാദം ഉയർന്നുകേട്ടു. പലരും തങ്ങളുടെ ബിസിനസിന് കൂടുതൽ പ്രചാരണം ലഭിക്കുന്ന രീതിയിലാവും സാമ്പത്തിക സഹായം നൽകുന്നത്. ഇത് വലിയ രീതിയിൽ ചോദ്യം ചെയ്യപ്പെടുന്നു. നിലനിൽപ്പ് ഭീഷണി നേരിടുന്ന ചെറുരാജ്യങ്ങളുടെ കൂട്ടായ്മയായ സ്‌മോൾ ഐലൻഡ് ഡെവലപിങ് സ്‌റ്റേറ്റ്സ്, കടൽക്ഷോഭം, ഭൂചലനം, ചുഴലിക്കാറ്റ് തുടങ്ങിയവ ചെറുക്കുന്ന നിർമാണ പദ്ധതിക്ക് നവംബർ 2 തുടക്കമിട്ടിരുന്നു. ഇതിന് പണവും സാങ്കേതികവിദ്യയും നൽകുന്നത് യുകെ ആണ്. എന്നാൽ ചെറുരാജ്യങ്ങളുടെ ശബ്ദം അധികം ഉയർന്നു കേൾക്കുന്നില്ല. ഔദ്യോഗിക കണക്കുകൾ അനുസരച്ച് ബംഗ്ലാദേശിലെ തീരപ്രദേശങ്ങളുടെ 28 % സമുദ്രനിരപ്പ് ഉയരുന്നത് മൂലം ഭീഷണി നേരിടുകയാണ്. 2050ഓടെ 11% കര ഇല്ലാതാവുമെന്ന് മുന്നറിയിപ്പ് ഉണ്ട്. ഇത് 150 ലക്ഷം ജനങ്ങളുടെ നിലനിൽപ്പിനു ഭീഷണിയാവും. ദുർബല സമൂഹങ്ങളെ താങ്ങേണ്ടത് അത്യാവശ്യമാണ്. അതിനാൽ തന്നെ ചെറുരാജ്യങ്ങൾ അവരുടെ ആവശ്യങ്ങൾ ശക്തമായി അവതരിപ്പിക്കണം. ഒപ്പം സമ്പന്ന രാജ്യങ്ങൾ നൽകുന്ന ഉറപ്പ് അവർ പാലിക്കുകയും വേണം.
❓കാലാവസ്ഥ വ്യതിയാനം തടയുന്നതിൽ മതങ്ങൾക്കുള്ള പങ്കിനെക്കുറിച്ച്?
ഈ പ്രശ്നത്തിൽ മതവിഭാഗങ്ങൾക്ക് വലിയ രീതിയിൽ സ്വാധീനം ചെലുത്താൻ കഴിയും. എന്നാൽ ശക്തമായ പ്രവർത്തനങ്ങളും പങ്കാളിത്തവും ഉണ്ടാവുന്നില്ലെന്നത് ഖേദകരമാണ്. 2015-ല്‍ ഫ്രാൻസിസ് മാർപാപ്പ എഴുതിയ ‘ലൗദാത്തോസി’ (ദൈവമേ അങ്ങേയ്ക്കു സ്തുതി) എന്ന പരിസ്ഥിതി ലിഖിതം ശ്രദ്ധിക്കപ്പെട്ടിരുന്നു. ഏതു തരത്തിലുള്ളൊരു ലോകമാണ് നാം വരും തലമുറയ്ക്ക് കൈമാറുവാന്‍ പോകുന്നതെന്ന ചോദ്യം ഈ ചാക്രിക ലേഖനത്തിന്‍റെ കേന്ദ്രസ്ഥാനത്തു നിൽക്കുന്നു. ജനങ്ങളുടെ ചിന്താഗതിയെ സ്വാധീനിക്കാൻ മതങ്ങൾക്ക് കഴിയും. എന്നാൽ ഇത്തരം അടിയന്തിര പ്രാധാന്യമുള്ള ചർച്ചകളിൽ അവരുടെ പങ്കാളിത്തം ശക്തമാകണം.
❓കാലാവസ്ഥ വ്യതിയാന ഉച്ചകോടിയിൽ പങ്കെടുക്കുന്ന മലയാളിയെന്ന നിലയിൽ ആഗോള മലയാളി സമൂഹത്തിന് നൽകുന്ന സന്ദേശം എന്താണ്?
ആദ്യമേ ഈ വർഷത്തെ കാലാവസ്ഥാ ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്ന യുകെയ്ക്ക് നന്ദി അറിയിക്കുന്നു. ഒരു മാതൃകയെന്നോണം ആളുകൾ യുകെയെ ഉറ്റുനോക്കുന്നു. വാക്കുകൾക്കുപരിയായി അവർ പ്രവർത്തനങ്ങൾക്ക് പ്രാധാന്യം നൽകുന്നു. കൽക്കരിയുടെ ഉപയോഗം കുറച്ച് പുനരുപയോഗിക്കാൻ കഴിയുന്ന വൈദ്യുതിയിലേക്ക് അവർ മാറുന്നു.
കോപ്26 എന്നാൽ ഞാനും നീയുമാണ്. നമ്മൾ, മനുഷ്യർക്കിടയിൽ സഹകരണ മനോഭാവം ഉണ്ടാവണം. ഭൂമിയെ സംരക്ഷിക്കാനുള്ള തീരുമാനം നമ്മൾ കൈക്കൊള്ളണം. സ്വയം ചോദ്യങ്ങൾ ഉന്നയിച്ചുകൊണ്ട് മാറാൻ കഴിയണം. വരും തലമുറകൾക്ക് വേണ്ടിയുള്ളതാണ് ഈ ഭൂമി. ഭരണനേതൃത്വത്തോടും സമൂഹത്തോടും ചോദ്യങ്ങൾ ഉന്നയിക്കണം. “വ്യക്തിഗത പ്രവർത്തനങ്ങളാണ് കൂട്ടായ ലക്ഷ്യപ്രാപ്തിയിലേക്ക് നയിക്കുക.”
ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം
കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച ലോകത്തിന്റെ ആശങ്കകൾ ആണ് സ്കോട്ട്ലൻഡിലെ ഗ്ലാസ്ഗോയിൽ നടക്കുന്ന യു. എൻ കാലാവസ്ഥാ ഉച്ചകോടി വേദിയിൽ നിറയുന്നത്. കാലാവസ്ഥാ വ്യതിയാന ഭീഷണിക്ക് ആഗോള തലത്തിൽ പ്രതികരണം ശക്തിപ്പെടുത്തുന്നതിനായി 190ലധികം രാജ്യങ്ങളിൽ നിന്നുള്ള നേതാക്കളും ഗവേഷകരും ചിന്തകരും പരിസ്ഥിതി പ്രവർത്തകരും പൗരന്മാരും ഗ്ലാസ്ഗോയിലെ സ്കോട്ടിഷ് ഇവന്റ് ക്യാമ്പസിൽ ഒത്തുകൂടിയിരിക്കുന്നു. നവംബർ 12 വരെ നീളുന്ന ഈ മഹാസമ്മേളനം വരും തലമുറയുടെ നിലനിൽപ്പിനു വേണ്ടിയുള്ളതാണ്. ഹരിതഗൃഹ വാതക ഉദ്വമനം നിയന്ത്രിച്ചുകൊണ്ട് ആഗോള താപനം കുറയ്ക്കാനുള്ള തയ്യാറെടുപ്പ് നടത്തുന്ന ലോകരാജ്യങ്ങൾ ജനങ്ങൾക്ക് നൽകുന്ന പ്രതീക്ഷ വളരെ വലുതാണ്. കാലാവസ്ഥയെ പറ്റിയുള്ള സുപ്രധാന തീരുമാനങ്ങൾ ഉണ്ടാകുന്ന ഗ്ലാസ്ഗോ ഉച്ചകോടിയിൽ ഒരു മലയാളി വൈദികനും പങ്കെടുക്കുന്നുണ്ട്. ഈശോ സഭയിലെ അംഗമായ ഫാ. സിജി നൂറോകാരിയിൽ, ഇക്കോജസ്യൂട്ടിന്റെ പ്രതിനിധികളിൽ ഒരാളായാണ് കോപ്26 ൽ പങ്കെടുക്കുന്നത്. ഗ്ലാസ്ഗോയിൽ നിന്നും ഫാ. സിജി നൂറോകാരിയിൽ മലയാളംയുകെയ്ക്ക് നൽകിയ അഭിമുഖം.
ഫാ. സിജി നൂറോകാരിയിൽ – പരിസ്ഥിതി പ്രവർത്തകനായ വൈദികൻ
കോട്ടയം കുറുപ്പന്തറയ്‌ക്ക് അടുത്തുള്ള മാൻവെട്ടം സ്വദേശിയായ ഫാ. സിജി നൂറോകാരിയിൽ ഈശോ സഭയിലെ വൈദികനാണ്. ഡിസാസ്റ്റർ മാനേജ്മെന്റിൽ മുംബൈ ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസിൽ നിന്നും പിഎച്ച്ഡി കരസ്ഥമാക്കിയ ഫാ. സിജി നൂറോകാരിയിൽ ഡെവലപ്പ്മെന്റ് ഓഫ് ദി ജസ്യൂട്ട് കോൺഫറൻസ് ഓഫ് ഇന്ത്യ & സൗത്ത് ഏഷ്യയുടെ ഡയറക്ടർ ആയി പ്രവർത്തിച്ചുവരുന്നു. ഈശോ സഭയുടെ മുൻഗണനാ വിഷയങ്ങളിൽ ഒന്നാണ് ഇക്കോളജി. ഇക്കോജസ്യൂട്ട് സൗത്ത് ഏഷ്യയുടെ കോ-ഓർഡിനേറ്ററും ഫാ. സിജി നൂറോകാരിയിൽ ആണ്. ആഗോളതലത്തിൽ പ്രവർത്തിച്ചുവരുന്ന ഇക്കോജസ്യൂട്ടിൽ നിന്ന് ഗ്ലാസ്ഗോ ഉച്ചകോടിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവരിൽ ഒരാളാണ് ഫാ. സിജി. ദുരന്തനിവാരണമാണ് പ്രധാന മേഖലയെങ്കിലും പരിസ്ഥിതി പ്രവർത്തനത്തിലും സാമൂഹിക പ്രവർത്തനത്തിലും ഫാ. സിജി ശ്രദ്ധ ചെലുത്തുന്നു. പ്ലസ്ടു പഠനം കേരളത്തിൽ പൂർത്തിയാക്കിയ ശേഷം ബീഹാറിലെ പട്ന പ്രൊവിൻസിൽ ചേർന്നു. മാതാവ് – കുഞ്ഞമ്മ. സഹോദരി സിനി ടോമിയും സഹോദരീ ഭർത്താവ് ടോമി തോമസും യുകെയിലെ റെഡിങ്ങിൽ സ്ഥിരതാമസം.
ചോദ്യങ്ങൾ
❓കോവിഡ് മഹാമാരിയെക്കാളും ലോകയുദ്ധങ്ങളെക്കാളും എത്രയോ മടങ്ങ് മാരകമായ ദുരന്തമാണ് കാലാവസ്ഥ വ്യതിയാനത്തിന്റെ രൂപത്തിൽ മനുഷ്യനെ കാത്തിരിക്കുന്നത്. വെള്ളപ്പൊക്കം, വരൾച്ച, കാട്ടുതീ, ഉഷ്ണതരംഗം തുടങ്ങിയ ദുരന്തങ്ങളുടെ വാർത്തകൾ ഇല്ലാത്ത ഒരു ദിവസം ഇന്നില്ല. ഈയൊരു സാഹചര്യത്തിൽ ഗ്ലാസ്ഗോയിൽ നടക്കുന്ന കാലാവസ്ഥ ഉച്ചകോടി എത്രമാത്രം പ്രാധാന്യമർഹിക്കുന്നു?
കോവിഡ് മഹാമാരിയുടെ നടുവിലാണ് ഇത്തവണ ഉച്ചകോടി നടക്കുന്നത്. കോവിഡ് സാഹചര്യം മനുഷ്യരാശിക്ക് ആകമാനം തിരിച്ചറിവ് നൽകിയിട്ടുണ്ട്. പരസ്പരം അകന്ന് കഴിയുമ്പോഴും രാജ്യങ്ങൾ തമ്മിലും സമൂഹങ്ങൾ തമ്മിലും ഉടലെടുത്ത സഹകരണ മനോഭാവവും ഐക്യദാർഢ്യവും ഈ ഉച്ചകോടിയിൽ നിഴലിക്കുന്നുണ്ട്. പാരിസ് ഉടമ്പടിയിൽ ആഗോള താപനില രണ്ട് ഡിഗ്രി സെൽഷ്യസിലും കൂടാതെ നോക്കാനാണ് ലക്ഷ്യമിട്ടത്. എന്നാൽ ഇത് 1.5 ഡിഗ്രി സെൽഷ്യസ് ആക്കണമെന്നാണ് ഇപ്പോഴത്തെ ആവശ്യം. സ്ഥിതി മോശമായതിനാൽ ഇത് അടിയന്തിര ചർച്ചകൾക്ക് വഴി തുറന്നു. അവിടെയാണ് ഇത്തവണത്തെ ഉച്ചകോടി പ്രാധാന്യമർഹിക്കുന്നത്. മാധ്യമങ്ങളുടെ വലിയ പങ്കാളിത്തവും ഇടപെടലും കാരണം കോപ്26 ലോക ശ്രദ്ധയാകർഷിച്ചു. കാലാവസ്ഥാ വ്യതിയാനത്തെപറ്റി ജനങ്ങളെ ബോധവൽക്കരിക്കാൻ ഇത്തരമൊരു വേദിയിലൂടെ കഴിയുന്നു. ഇരുന്നോറോളം രാജ്യങ്ങൾ, 120ലധികം ലോക നേതാക്കൾ, പരിസ്ഥിതി പ്രവർത്തകർ, സന്നദ്ധസംഘടനകൾ തുടങ്ങി വലിയൊരു സംഘമാണ് അടിയന്തിര സാഹചര്യത്തിൽ ഒത്തുകൂടിയത്.
❓യുഎൻ സ്ഥാപിച്ച Inter Governmental Panel on Climate Change (IPCC) യുടെ റിപ്പോർട്ട് നേരത്തെ തന്നെ പുറത്തുവന്നിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് ഈ ഉച്ചകോടി നടക്കുന്നത്. ആ റിപ്പോർട്ടിനെ പൂർണമായും ഉൾക്കൊണ്ടാണോ ഉച്ചകോടി നടക്കുന്നത്?
അതെ. പല ചർച്ചകളിലും ഈ റിപ്പോർട്ട് പ്രധാന വിഷയമായിട്ടുണ്ട്. ഐ.പി.സി.സി യുടെ റിപ്പോർട്ട് ആഗോളതലത്തിൽ ഒരു സമ്മർദ്ദം ചെലുത്തിയിട്ടുണ്ട്. ചൊവ്വാഴ്ച നടന്ന ‘കാലാവസ്ഥാ വ്യതിയാനവും സ്ത്രീകളും’ എന്ന സെഷനിൽ ഈ റിപ്പോർട്ട് മുന്നോട്ട് വച്ച ആശങ്കകൾ ചർച്ചാവിഷയമായി വന്നിരുന്നു. ഇത്രയുമധികം ആളുകൾ ഗ്ലാസ്ഗോയിൽ ഒത്തുകൂടാനും ചർച്ച ചെയ്യാനും ഐ.പി.സി.സി യുടെ റിപ്പോർട്ട് മൂലകാരണമായിട്ടുണ്ടെന്ന് പറയാം.
❓ഈ നൂറ്റാണ്ട് അവസാനത്തോടെ സമുദ്രനിരപ്പിൽ രണ്ട് മീറ്ററോളം വർധനവുണ്ടാകുമെന്നാണ് UNEP റിപ്പോർട്ടിൽ പറയുന്നത്. 12 ഇന്ത്യൻ നഗരങ്ങൾ മൂന്ന് അടി വരെ വെള്ളത്തിലാകുമെന്ന് നാസ മുന്നറിയിപ്പ് നൽകികഴിഞ്ഞു. ഈയൊരാവസ്ഥയെ തടഞ്ഞുനിർത്താൻ പ്രാപ്തമായ തീരുമാനങ്ങൾ Cop26 ൽ ഉണ്ടായിട്ടുണ്ടോ?
കോപ്26 നെ നമുക്ക് രണ്ട് രീതിയിൽ സമീപിക്കാം. ഒന്ന്, ചർച്ച ചെയ്യപ്പെടേണ്ട യഥാർത്ഥ കാര്യങ്ങൾ കടന്നുവന്നില്ല എന്ന നിലയിൽ പ്രതികൂല സ്ഥിതിയിൽ. രണ്ട്, അടിയന്തിര സാഹചര്യം മനസിലാക്കികൊണ്ട് 120ഓളം ലോക നേതാക്കൾ ഇവിടെ വന്ന് ചർച്ചകൾ നടത്തിയെന്ന അനുകൂല നിലപാടിൽ. സമുദ്ര നിരപ്പ് ഉയരുന്നത് ഇന്ന് ഗുരുതര പ്രശ്നമായി കണക്കാക്കുന്നു. തീരദേശങ്ങൾ പ്രതിസന്ധി നേരിടുകയാണ്. കൗൺസിൽ ഓൺ എനർജി, എൺവയോൺമെന്റ് ആൻഡ് വാട്ടർ നടത്തിയ പഠനത്തിൽ നിന്നും ഇന്ത്യയിലെ 25 സംസ്ഥാനങ്ങൾ (കേന്ദ്ര ഭരണ പ്രദേശങ്ങളും ഉൾപ്പെടും) കാലാവസ്ഥ വ്യതിയാനം മൂലം ഗുരുതര പ്രശ്നം നേരിടുകയാണെന്ന് വ്യക്തമായി. വെള്ളപ്പൊക്കം രൂക്ഷമാവുന്നു. സ്ഥിതി കൂടുതൽ വഷളാകാതിരിക്കാൻ ഓരോ രാജ്യങ്ങളും പരിശ്രമിക്കേണ്ടതുണ്ട്.
❓കാലാവസ്ഥാ ഉച്ചകോടിയിൽ ഇന്ത്യയുടെ പ്രധാനമന്ത്രി, നരേന്ദ്ര മോദി നടത്തിയ പ്രഖ്യാപനങ്ങളെ എങ്ങനെ നോക്കികാണുന്നു?
2030നകം ഇന്ത്യയുടെ കാർബൺ ബഹിർഗമനം 100 കോടി ടൺ കുറയ്ക്കും, ഇന്ത്യയുടെ ഫോസിൽ ഇതര ഊർജശേഷി 2030 ആകുമ്പോഴേക്കും 500 ജിഗാ വാട്ട് ആയി ഉയർത്തും, 2030 ആകുമ്പോഴേക്കും ഇന്ത്യ പുനരുപയോഗ ഊർജം 50 ശതമാനം വർദ്ധിപ്പിക്കും, നെറ്റ് സീറോ ലക്ഷ്യം 2070നകം ഇന്ത്യ ആർജിക്കും തുടങ്ങിയ പ്രഖ്യാപനങ്ങളാണ് പ്രധാനമന്ത്രി മുന്നോട്ട് വച്ചത്. ഇതിന്റെ ഗുണകരമായ വശം എന്തെന്നാൽ പ്രധാനമന്ത്രിയുടെ വാഗ്ദാനങ്ങൾ ഒരു വലിയ ലക്ഷ്യം മുന്നോട്ട് വയ്ക്കുന്നുണ്ട്. ആ ലക്ഷ്യം മുന്നിലുള്ളതിനാൽ തന്നെ ഇനി കൊണ്ടുവരുന്ന കരാറുകൾ കൂടുതൽ ശ്രദ്ധിക്കപ്പെടും. കാലാവസ്ഥാ വ്യതിയാനം ലഘൂകരിക്കാൻ പ്രകൃതിയോട് അടുത്ത് ജീവിക്കുന്ന പരമ്പരാഗത സമൂഹങ്ങളിൽനിന്നുള്ള അറിവ് സ്വീകരിക്കാനും നരേന്ദ്ര മോദി പറഞ്ഞിരുന്നു.
❓2030നകം വനനശീകരണം പൂർണമായി തടയുമെന്നാണ് പ്രഖ്യാപനം. മരം വച്ചു പിടിപ്പിക്കലും പ്ലാസ്റ്റിക് രഹിത ഇടപാടുകളും ഈ പദ്ധതിയുടെ ഭാഗമാണ്. ഈ വിഷയത്തിൽ ഇന്ത്യയുടെ നിലപാട് എന്താണ്?
ഖേദകരമായ വസ്തുത എന്തെന്നാൽ ഈ വിഷയത്തിൽ ഇന്ത്യയുടെ ഭാഗത്തു നിന്ന് ഒരു പ്രഖ്യാപനമോ നിലപാടോ ഉണ്ടായിട്ടില്ല എന്നതാണ്. 9 വർഷത്തിനുള്ളിൽ ലോകത്തെ 80% വനവും സംരക്ഷിക്കാനുള്ള 1200 കോടി യുഎസ് ഡോളർ പദ്ധതിയിൽ 110 ലോക നേതാക്കൾ ഒപ്പുവച്ചെങ്കിലും വനവൽക്കരണം നടത്തുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യയുടെ ഭാഗത്തു നിന്ന് പ്രഖ്യാപനങ്ങൾ ഉയർന്നു കണ്ടില്ല. ഇത് വിമർശനങ്ങൾക്ക് വഴി തുറന്നിട്ടുമുണ്ട്.
തുടരും.
ഹൂസ്റ്റൺ: ഹൂസ്റ്റൺ സാം ഹൂസ്റ്റൺ പാർക്ക്‌വെയിലുള്ള ഹോട്ടലിൽ എട്ടു വയസുകാരനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ മാതാവിനേയും രണ്ടാനച്ഛനേയും പൊലിസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ മാർച്ചിലായിരുന്നു സംഭവം നടന്നത്. ഇരുവരും ഹോട്ടൽ മുറിയിൽ കിടന്നുറങ്ങുമ്പോൾ മകൻ ബാത്ത്ടബിൽ വെള്ളത്തിൽ മുങ്ങി മരിക്കുകയായിരുന്നു എന്നാണു പൊലിസിനു നൽകിയ മൊഴി. എന്നാൽ മെഡിക്കൽ എക്സാമിനറുടെ പരിശോധനാഫലം പുറത്തുവന്നതോടെ കുട്ടി മാരകമായ പീഡനമേറ്റാണ് കൊല്ലപ്പെട്ടതെന്നും ഡക്ട് ടേപ്പ് ഒട്ടിച്ചശേഷം പറിച്ചെടുത്തതുമൂലം നെഞ്ചിന്റെ ഭാഗത്തെ തൊലിവരെ വിട്ടുപോയിരുന്നുവെന്നും കാലിലും ദേഹത്തും പരുക്കുണ്ടായിരുന്നുവെന്നും തെളിഞ്ഞു. ഇതോടെയാണ് കയ് ല ഹോൾസൺ ഡോർഫി(24) ഡൊമിനിക്ക് ലൂയിസ് (28) എന്നിവരെ പൊലിസ് അറസ്റ്റ് ചെയ്തത്.
കുട്ടിയെ മാരകമായി പരുക്കേൽപിച്ചതിനും തെളിവുകൾ നശിപ്പിക്കാൻ ശ്രമിച്ചതിനുമാണ്. ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്.അറസ്റ്റ് ചെയ്ത കയ് ലയെ ഡിസംബർ 8 നും ഡൊമിനിക്കിനെ നവംബർ 30നും കോടതിയിൽ ഹാജരാക്കും. കുട്ടിയുടെ സംസ്ക്കാര ചടങ്ങുകൾ കുടുംബാംഗങ്ങൾ ഗോ ഫണ്ട്മി അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. തന്റെ മകൾ ഇങ്ങനെ ചെയ്യുമെന്ന് വിശ്വസിക്കുന്നില്ലെന്നു കയ് ലയുടെ മാതാവ് പറഞ്ഞു. സത്യാവസ്ഥ പുറത്തു കൊണ്ടുവരണമെന്നും ഇവർ അഭ്യർഥിച്ചു.
ചങ്ങനാശ്ശേരി കുറിച്ചിയിൽ ദമ്പതിമാരെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ചങ്ങനാശ്ശേരി കുറിച്ചി കേളൻകവലയിലാണ് വൃദ്ധ ദമ്പതിമാരെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
കേളൻകവല കാഞ്ഞിരക്കാട്ട് വീട്ടിൽ ഗോപി ( 80 ) ഭാര്യ കുഞ്ഞമ്മ ( 78 ) എന്നിവരെയാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഗോപിയെ അടുക്കളയിൽ തൂങ്ങി മരിച്ച നിലയിലും ഭാര്യ കുഞ്ഞമ്മയെ ഹാളിനുള്ളിലും മരിച്ച നിലയിലാണ് കണ്ടെത്തിയത്.
രാവിലെ വീട്ടിൽ എത്തിയ ഇവരുടെ ബന്ധുവാണ് നാട്ടുകാരെ വിവരം അറിയിച്ചത്. നാട്ടുകാർ വിവരമറിയിച്ചതനുസ്സരിച്ച് ചിങ്ങവനം പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
51-ാമത് സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ജിയോ ബേബി സംവിധാനം ചെയ്ത ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ ആണ് മികച്ച ചിത്രം. വെള്ളം എന്ന ചിത്രത്തിലെ അഭിനയത്തിന് ജയസൂര്യ മികച്ച നടനുള്ള പുരസ്‌കാരം നേടി. കപ്പേളയിലെ അഭിനയത്തിന് അന്ന ബെന്‍ ആണ് മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടത്. മന്ത്രി സജി ചെറിയാനാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. ജൂറി അധ്യക്ഷ സുഹാസിനി മണിരത്‌നം, ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍, ജൂറി അംഗങ്ങള്‍ തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
ജിയോ ബേബി സംവിധാനം ചെയ്ത ദ് ഗ്രേറ്റ് ഇന്ത്യൻ കിച്ചനാണ് മികച്ച സിനിമ. സച്ചി സംവിധാനം ചെയ്ത അയ്യപ്പനും കോശിയും ജനപ്രിയ ചിത്രമായി മാറി. ജിയോ ബേബിയാണ് മികച്ച തിരക്കഥാകൃത്ത്. മികച്ച ചലച്ചിത്ര ലേഖനമായി ജോണ്‍ സാമുവലിന്‍റെ അടൂരിന്‍റെ അഞ്ച് നായക കഥാപാത്രങ്ങൾ തിരഞ്ഞെടുത്തു. സിദ്ധാര്‍ത്ഥ് ശിവയാണ് മികച്ച സംവിധായകന്‍ (ചിത്രം-എന്നിവര്‍) .
മികച്ച സ്വഭാവ നടന്‍ സുധീഷ്. മികച്ച സ്വഭാവനടി ശ്രീരേഖ. ഷോബി തിലകന്‍ മികച്ച ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ആണ്. മികച്ച ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് (പെണ്‍) റിയാ സൈറാ, മികച്ച മേക്കപ്പ് ആര്‍ട്ടിസ്റ്റ്- റഷീദ് അഹമ്മദ്.മികച്ച കലാസംവിധാനം-സന്തോഷ് ജോണ്‍, മികച്ച ചിത്രസംയോജകന്‍- മഹേഷ് നാരായണന്‍, മികച്ച പിന്നണി ഗായിക- നിത്യ മാമന്‍. മികച്ച സംഗീത സംവിധായന്‍-എം ജയചന്ദ്രന്‍. മികച്ച ഗാനരചിയതാവ് അന്‍വര്‍ അലി, മികച്ച തിരക്കഥാകൃത്ത്- ജിയോബേബി, മികച്ച ബാലതാരം (ആണ്‍) നിരജന്‍, മികച്ച നവാഗത സംവിധായകന്‍ – മുഹമ്മദ് മുസ്തഫ, മികച്ച ഗാനാലാപത്തിന് പ്രത്യേക അവാര്‍ഡ് നാഞ്ചിയമ്മയ്ക്കും അവാര്‍ഡ്. നളിനി ജമീലയ്ക്ക് വസ്ത്രാലങ്കാരത്തിന് പ്രത്യേക അവാര്‍ഡ്.
പുരസ്‌കാരങ്ങള്‍ നേടിയവര്‍
മികച്ച നടൻ – ജയസൂര്യ (ചിത്രം- വെള്ളം)
മികച്ച നടി – അന്ന ബെൻ (ചിത്രം- കപ്പേള)
മികച്ച ചിത്രം – ദ ഗ്രെയ്റ്റ് ഇന്ത്യൻ കിച്ചൻ (സംവിധാനം – ജിയോ ബേബി)
മികച്ച സംവിധായകൻ – സിദ്ധാർഥ് ശിവ (ചിത്രം – എന്നിവർ)
മികച്ച രണ്ടാമത്തെ ചിത്രം – തിങ്കളാഴ്ച നല്ല നിശ്ചയം (സംവിധാനം – സെന്ന ഹെഗ്‌ഡേ)
മികച്ച നവാഗത സംവിധായകന്‍ – മുസ്തഫ (ചിത്രം – കപ്പേള)
മികച്ച സ്വഭാവ നടൻ – സുധീഷ് (ചിത്രം – എന്നിവർ, ഭൂമിയിലെ മനോഹര സ്വകാര്യം)
മികച്ച സ്വഭാവ നടി – ശ്രീരേഖ (ചിത്രം – വെയിൽ)
മികച്ച ജനപ്രിയ ചിത്രം – അയ്യപ്പനും കോശിയും (സംവിധാനം – സച്ചി)
മികച്ച ബാലതാരം ആൺ – നിരഞ്ജൻ. എസ് (ചിത്രം – കാസിമിന്റെ കടൽ)
മികച്ച ബാലതാരം പെൺ – അരവ്യ ശർമ (ചിത്രം- പ്യാലി)
മികച്ച കഥാകൃത്ത് – സെന്ന ഹെഗ്‌ഡേ (ചിത്രം – തിങ്കളാഴ്ച്ച നിശ്ചയം)
മികച്ച ഛായാഗ്രാഹകന്‍ – ചന്ദ്രു സെല്‍വരാജ് (ചിത്രം – കയറ്റം)
മികച്ച തിരക്കഥാകൃത്ത് – ജിയോ ബേബി (ചിത്രം – ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍)
മികച്ച ഗാനരചയിതാവ് – അന്‍വര്‍ അലിമികച്ച സംഗീത സംവിധായകന്‍ – എം. ജയചന്ദ്രന്‍ (ചിത്രം – സൂഫിയും സുജാതയും)
മികച്ച പശ്ചാത്തല സംഗീതം – എം. ജയചന്ദ്രന്‍ (ചിത്രം – സൂഫിയും സുജാതയും)
മികച്ച പിന്നണി ഗായകന്‍ – ഷഹബാസ് അമന്‍
മികച്ച പിന്നണി ഗായിക – നിത്യ മാമന്‍ ഗാനം – വാതുക്കല് വെള്ളരിപ്രാവ് (ചിത്രം – സൂഫിയും സുജാതയും )
ഓസ്‌ട്രേലിയന്‍ പ്രവാസി മലയാളികള്‍ക്ക് ലഭിച്ച അപ്രതീക്ഷിത ഓണ സമ്മാനമായി പടിഞ്ഞാറൻ ഓസ്‌ട്രേലിയ പ്രീമിയര്‍ മാര്‍ക്ക് മക്‌ഗൊവന്റെ ഓണാശംസകള്‍
‘ഇന്ത്യയില്‍ തന്നെ സവിശേഷ ശ്രദ്ധയാകര്‍ഷിക്കുന്ന സംസ്ഥാനമായ കേരളത്തിന്റെ സംസ്‌കാരവും ഭാഷയും പാരമ്പര്യവും അതിനെ മറ്റുള്ളവരില്‍ നിന്നും അതുല്യമാക്കുന്നു. ഈ സാംസ്‌കാരിക തനിമ വിളിച്ചോതുന്ന വലിയ ആഘോഷമാണ് ഓണം. ലോകത്തിന്റെ ഏത് കോണിലുമുള്ള മലയാളികള്‍ ഓണം സമൃദ്ധമായി ആഘോഷിക്കുന്നു. പടിഞ്ഞാറന്‍ ഓസ്‌ട്രേലിയയില്‍ താമസിക്കുന്ന എല്ലാ മലയാളികള്‍ക്കും ഓണാശംസകള്‍ നേരുന്നു’ – മാര്‍ക്ക് മക്‌ഗൊവന്‍ വീഡിയോ സന്ദേശത്തില്‍ പറഞ്ഞു.
സാംസ്‌കാരിക വൈവിദ്യമാണ് പടിഞ്ഞാറന്‍ ഓസ്‌ട്രേലിയയുടെ മുഖമുദ്ര. അതില്‍ മലയാളികളുടെ സംഭാവന വളരെ വലുതാണ്. ഇന്ത്യന്‍ സമൂഹം പ്രത്യേകിച്ച് മലയാളികള്‍ നമ്മുടെ സംസ്ഥാനത്തിന് നല്‍കുന്ന സേവനങ്ങള്‍ മഹത്തരമാണ്.
കോവിഡ് മഹാമാരിയുടെ കാലത്ത് ആതുര സേവന രംഗത്ത് മലയാളികള്‍ ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ ഏറെ സ്തുത്യര്‍ഹമാണ്. വെസ്റ്റേണ്‍ ഓസ്‌ട്രേലിയ സംസ്ഥാനത്തെ മഹാമാരിയില്‍ നിന്നും സംരക്ഷിച്ചു നിര്‍ത്തിയ മലയാളി സമൂഹത്തിന് ഈ അവസരത്തില്‍ നന്ദി പറയുന്നു.
വെസ്റ്റേണ്‍ ഓസ്‌ട്രേലിയയിലെ മലയാളി അസോസിയേഷനായ മാവായുടെ (മലയാളി അസോസിയേഷന്‍ ഓഫ് വെസ്റ്റേണ്‍ ഓസ്‌ട്രേലിയ) കഴിഞ്ഞ ഇരുപത്തഞ്ച് വര്‍ഷത്തെ പ്രവര്‍ത്തനങ്ങളെയും പ്രീമിയര്‍ പ്രശംസിച്ചു. മലയാളത്തില്‍ നന്ദിയും അര്‍പ്പിച്ചുകൊണ്ടാണ് മക്‌ഗൊവന്‍ തന്റെ വീഡിയോ സന്ദേശം അവസാനിപ്പിച്ചത്.
നടിയെ ആക്രമിച്ച കേസില്‍ നടിയും ദിലീപിന്റെ ഭാര്യയുമായ കാവ്യ മാധവന്‍ ഇന്ന് കോടതിയില്‍ ഹാജരാകും. കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയിലാണ് സാക്ഷി വിസ്താരത്തിനാണ് കാവ്യ മാധവന്‍ ഹാജരാകുന്നത്. കഴിഞ്ഞ മെയ് മാസത്തില്‍ കാവ്യ കോടതിയില്‍ ഹാജരായിരുന്നു.
നടിയെ ആക്രമിച്ച കേസില്‍ 178 പേരുടെ വിസ്താരം ഇതുവരെ പൂര്‍ത്തിയായിട്ടുണ്ട്. ആറുമാസത്തിനകം വിചാരണ പൂര്‍ത്തീകരിക്കണമെന്നാണ് സുപ്രീം കോടതി നിര്‍ദ്ദേശം. ഇനി ഒരു മാസം മാത്രമാണ് വിചാരണയ്ക്കായി ബാക്കിയുള്ളത്.
കന്നഡ സിനിമാ ചിത്രീകരണത്തിനിടെ സ്റ്റണ്ട് താരം വിവേക് ഷോക്കേറ്റു മരിച്ചു. 35 വയസ്സായിരുന്നു വിവേകിന്. ഷൂട്ടിങ്ങിനിടെ വൈദ്യുതി ലൈനിൽ തട്ടുകയായിരുന്നു. കൂടെയുണ്ടായിരുന്ന രണ്ട് സഹതാരങ്ങൾക്ക് പരിക്കേൽക്കുകയും ചെയ്തു.
രാമനഗര ബിഡദിക്കു സമീപം ജോനേഗഹള്ളിയിൽ അജയ് റാവുവും രചിതാ റാമും പ്രധാന വേഷങ്ങളിലെത്തുന്ന ലവ് യൂ രച്ചൂവിന്റെ ലൊക്കേഷനിൽ വെച്ചാണ് അപകടം. ക്രെയിനും ഇരുമ്പ് കയറും ഉപയോഗിച്ചുള്ള സംഘട്ടനരംഗം ചിത്രീകരിക്കുന്നതിനിടെ 11 കെവി വൈദ്യുതി ലൈനിൽ തട്ടുകയായിരുന്നു.
രാജരാജേശ്വരി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും വിവേക് മരിച്ചിരുന്നു. പരുക്കേറ്റവരെയും ഇവിടെ പ്രവേശിപ്പിച്ചിട്ടുണ്ട്. നേരത്തെ അനുമതി തേടാതെ സ്വകാര്യ റിസോർട്ടിൽ ഷൂട്ടിങ് നടത്തിയതിന് ബിഡദിക്കു പോലീസ് കേസെടുത്തിട്ടുണ്ട്.
ടോക്യോ ഒളിമ്പിക്സ് പുരുഷ ഹോക്കിയിൽ വെങ്കലം നേടി ഇന്ത്യ. പതിറ്റാണ്ടുകൾ നീണ്ടു നിന്ന കാത്തിരിപ്പിന് ഒടുവിലാണ് ഇന്ത്യ ഹോക്കിയിൽ മെഡൽ നേടുന്നത്. വെങ്കലം നേടി ഇന്ത്യ ചരിത്രം എഴുതി. 5-4 ആണ് സ്കോർ
ഒന്നിനെതിരെ മൂന്ന് ഗോളിന് പിന്നിട്ടുനിന്ന ശേഷമാണ് ഇന്ത്യയുടെ ഉയർത്തെഴുനേൽപ്പ്. ഇന്ത്യയ്ക്ക് വേണ്ടി സിമ്രൻജിത് സിംഗ്, ഹാർദിക് സിംഗ്, ഹർമൻപ്രീത്, രൂപീന്ദർ സിംഗ് എന്നിവരാണ് ഗോളുകൾ നേടിയത്.
അറ്റാക്കിംഗിൽ ശ്രദ്ധയൂന്നിയാണ് ഇരുടീമുകളും കളിക്കുന്നത്. കളി തുടങ്ങുമ്പോൾ ജർമനി ഒരു ഗോളിന് മുന്നിലായിരുന്നു. തിമൂർ ഒറൂസാണ് ജർമനിക്ക് വേണ്ടി ഗോൾ നേടിയത്. ഇതിന് പിന്നാലെ ഇന്ത്യയുടെ സിമ്രൻജിത്ത് ഗോൾ നേടി. തുടർന്ന് 24-ാം മിനിറ്റിലും 25-ാം മിനിറ്റിലും നിക്ലാസ് വെലനും, ബെനെഡിക്ടും സ്കോർ ചെയ്തു. 28-ാം മിനിറ്റിൽ ഹർദിക് സിംഗ് ഗോൾ അടിച്ച് സ്കോർ 3-1 ൽ നിന്ന് 3-2 ലേക്ക് ഉയർത്തി. പിന്നീട് ഹർമൻപ്രീത് ഗോൾ വല കുലുക്കി സ്കോർ 3-3 ൽ എത്തിച്ചു. പിന്നീടുള്ള രണ്ട് ഗോളുകൾ പിറന്നത് മൂന്നാം ക്വാർട്ടറിലാണ്.
ജർമനിയുടെ 12 രണ്ട് പെനാൽറ്റി കോർണറുകളിൽ പതിനൊന്നും പി.ആർ ശ്രീജേഷും ഡിഫൻഡർമാരും ചേർന്ന് സേവ് ചെയ്തിരുന്നു.
കുമ്പളങ്ങിയിൽ മധ്യവയസ്കനെ കൊലപ്പെടുത്തിയ സംഭവത്തിൽ യുവതി ഉൾപ്പെടെ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. മധ്യവയസ്കനായ ആന്റണി ലാസറിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യ പ്രതി ബിജുവിന്റെ ഭാര്യ രാഖി, സുഹൃത്ത് സെൽവൻ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
നാല് വർഷങ്ങൾക്ക് മുൻപ് കൊല്ലപ്പെട്ട ആന്റണി ലാസറും ബിജുവും തമ്മിൽ വഴക്കുണ്ടാകുകയും ആന്റണി ലാസർ ബിജുവിനെ മർദ്ധിക്കുകയും ചെയ്തിരുന്നു. ഇതിനെ തുടർന്നുണ്ടായ വൈരാഗ്യമാണ് ക്രൂരമായ കൊലപാതകത്തിൽ കലാശിച്ചത്. കേസിലെ മുഖ്യപ്രതിയായ ബിജു സംഭവത്തിന് ശേഷം സംസ്ഥാനം വിട്ടതായി പോലീസ് പറയുന്നു.
കഴിഞ്ഞ മാസം ആന്റണി ലാസറിനെ കാണാനില്ലെന്ന് പറഞ്ഞ് സഹോദരൻ പോലീസിൽ പരാതി നൽകിയിരുന്നു. ആന്റ്ണി ലാസറിന്റെ തിരോധാനത്തിൽ ബിജുവിനെ സംശയിക്കുന്നതായും സഹോദരൻ പരാതിയിൽ പറഞ്ഞിരുന്നു. ഇതിനെ തുടർന്ന് പോലീസ് ബിജുവിനെ വിളിച്ച് ചോദ്യം ചെയ്ത് വിട്ടയക്കുകയായിരുന്നു. പോലീസ് അന്വേഷിക്കുന്നതിന് ഇടയിലാണ് ബിജുവിന്റെ വീടിന് സമീപത്തുള്ള ചതുപ്പിൽ നിന്നും ആന്റണി ലാസറിന്റെ മൃദദേഹം കണ്ടെത്തിയത്.
വഴക്ക് പറഞ്ഞ് തീർക്കാനെന്ന വ്യാജേനയാണ് ആന്റ്ണി ലാസറിനെ ബിജു വീട്ടിലേക്ക് വിളിച്ച് വരുത്തിയത്. ഇരുവരും വീട്ടിലിരുന്ന് മദ്യപിക്കുന്നതിന് ഇടയിൽ ബിജുവും സുഹൃത്തുക്കളും ചേർന്ന് ആന്റ്ണി ലാസറിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിന് ശേഷം മൃദദേഹത്തിന്റെ വയറു കീറി കല്ല് നിറയ്ക്കുകയും ചതുപ്പിൽ താഴ്ത്തുകയുമായിരുന്നു.
ബിജുവിൻറെ ഭാര്യ രാഖിയാണ് മൃദദേഹത്തിന്റെ വയറു കീറി കല്ല് നിറച്ച് ചതുപ്പിൽ താഴ്ത്താൻ നിർദേശം നൽകിയത്. കൂടാതെ ആന്തരീക അവയവങ്ങൾ കവറിലാക്കുകയും തോട്ടിൽ കൊണ്ടുപോയി ഉപേക്ഷിച്ചതും രാഖിയാണെന്ന് പോലീസ് പറയുന്നു. അതേസമയം രാഖിയുടെ ഭർത്താവും കേസിലെ ഒന്നാം പ്രതിയുമായ ബിജുവിനായുള്ള തിരച്ചിൽ ഊര്ജിതമാക്കിയിയതായും പോലീസ് പറഞ്ഞു.