ഓസ്‌ട്രേലിയന്‍ പ്രവാസി മലയാളികള്‍ക്ക് ലഭിച്ച അപ്രതീക്ഷിത ഓണ സമ്മാനമായി പടിഞ്ഞാറൻ ഓസ്‌ട്രേലിയ പ്രീമിയര്‍ മാര്‍ക്ക് മക്‌ഗൊവന്റെ ഓണാശംസകള്‍

‘ഇന്ത്യയില്‍ തന്നെ സവിശേഷ ശ്രദ്ധയാകര്‍ഷിക്കുന്ന സംസ്ഥാനമായ കേരളത്തിന്റെ സംസ്‌കാരവും ഭാഷയും പാരമ്പര്യവും അതിനെ മറ്റുള്ളവരില്‍ നിന്നും അതുല്യമാക്കുന്നു. ഈ സാംസ്‌കാരിക തനിമ വിളിച്ചോതുന്ന വലിയ ആഘോഷമാണ് ഓണം. ലോകത്തിന്റെ ഏത് കോണിലുമുള്ള മലയാളികള്‍ ഓണം സമൃദ്ധമായി ആഘോഷിക്കുന്നു. പടിഞ്ഞാറന്‍ ഓസ്‌ട്രേലിയയില്‍ താമസിക്കുന്ന എല്ലാ മലയാളികള്‍ക്കും ഓണാശംസകള്‍ നേരുന്നു’ – മാര്‍ക്ക് മക്‌ഗൊവന്‍ വീഡിയോ സന്ദേശത്തില്‍ പറഞ്ഞു.

സാംസ്‌കാരിക വൈവിദ്യമാണ് പടിഞ്ഞാറന്‍ ഓസ്‌ട്രേലിയയുടെ മുഖമുദ്ര. അതില്‍ മലയാളികളുടെ സംഭാവന വളരെ വലുതാണ്. ഇന്ത്യന്‍ സമൂഹം പ്രത്യേകിച്ച് മലയാളികള്‍ നമ്മുടെ സംസ്ഥാനത്തിന് നല്‍കുന്ന സേവനങ്ങള്‍ മഹത്തരമാണ്.

കോവിഡ് മഹാമാരിയുടെ കാലത്ത് ആതുര സേവന രംഗത്ത് മലയാളികള്‍ ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ ഏറെ സ്തുത്യര്‍ഹമാണ്. വെസ്റ്റേണ്‍ ഓസ്‌ട്രേലിയ സംസ്ഥാനത്തെ മഹാമാരിയില്‍ നിന്നും സംരക്ഷിച്ചു നിര്‍ത്തിയ മലയാളി സമൂഹത്തിന് ഈ അവസരത്തില്‍ നന്ദി പറയുന്നു.

വെസ്റ്റേണ്‍ ഓസ്‌ട്രേലിയയിലെ മലയാളി അസോസിയേഷനായ മാവായുടെ (മലയാളി അസോസിയേഷന്‍ ഓഫ് വെസ്റ്റേണ്‍ ഓസ്‌ട്രേലിയ) കഴിഞ്ഞ ഇരുപത്തഞ്ച് വര്‍ഷത്തെ പ്രവര്‍ത്തനങ്ങളെയും പ്രീമിയര്‍ പ്രശംസിച്ചു. മലയാളത്തില്‍ നന്ദിയും അര്‍പ്പിച്ചുകൊണ്ടാണ് മക്‌ഗൊവന്‍ തന്റെ വീഡിയോ സന്ദേശം അവസാനിപ്പിച്ചത്.