പതിവുതെറ്റിക്കാതെ ഈ ക്രിസ്മസിലും മലയാളികളുടെ മദ്യ ഉപഭോഗം റെക്കോർഡിൽ. ക്രിസ്മസ് ആഘോഷ വേളയിൽ ബെവ്കോ വഴി വിറ്റഴിഞ്ഞ മദ്യത്തിന്റെ മൂല്യം 332.62 കോടി രൂപയായി. ഡിസംബർ 22 മുതൽ ക്രിസ്മസ് ദിനം വരെ നാല് ദിവസത്തിനുള്ളിലുണ്ടായ വിൽപ്പനയാണ് ഈ റെക്കോർഡായി മാറിയത്.
കഴിഞ്ഞ വർഷം (2024) ക്രിസ്മസ് കാലയളവിൽ 279.54 കോടി രൂപയുടെ മദ്യമാണ് വിറ്റുപോയത്. ഇതിനെക്കാൾ ഇത്തവണ 53.08 കോടി രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയത്. ക്രിസ്മസിന് മുൻദിനമായ ഡിസംബർ 24ന് മാത്രം മദ്യവിൽപ്പന നൂറുകോടി കടന്ന് 114.45 കോടി രൂപയിലെത്തി. ഡിസംബർ 22ന് 77.62 കോടി, 23ന് 81.34 കോടി, ക്രിസ്മസ് ദിനത്തിൽ 59.21 കോടി രൂപയുടെ മദ്യവിൽപ്പനയുമുണ്ടായി.
തൃശ്ശൂരും കോഴിക്കോടും ഉൾപ്പെടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ആരംഭിച്ച പ്രീമിയം ഔട്ട്ലെറ്റുകൾ ബെവ്കോയ്ക്ക് അധിക നേട്ടമായി മാറിയെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഉത്സവകാല ആവശ്യകതയും വിപുലമായ വിൽപ്പന സൗകര്യങ്ങളും ചേർന്നതാണ് ഈ വിൽപ്പന വർധനവിന് കാരണമായതെന്ന് അധികൃതർ വിലയിരുത്തുന്നു.
തിരുവനന്തപുരം ∙ കോർപ്പറേഷൻ മേയറായി ചുമതലയേറ്റതിന് പിന്നാലെ വി.വി. രാജേഷിന് ആദ്യ പരാതിയെത്തി. മുൻ മേയർ ആര്യ രാജേന്ദ്രന്റെ ഭരണകാലത്ത് നടന്നുവെന്ന ആരോപിക്കപ്പെടുന്ന അഴിമതികളിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ടാണ് പരാതി നൽകിയത്. മുൻ കോൺഗ്രസ് കൗൺസിലർ ശ്രീകുമാറാണ് പുതിയ മേയറിന് ഔദ്യോഗികമായി പരാതി കൈമാറിയത്.
ആര്യ രാജേന്ദ്രന്റെ കാലഘട്ടത്തിൽ നഗരസഭയിൽ നടന്ന വിവിധ പ്രവർത്തനങ്ങളിൽ അഴിമതിയും സ്വജനപക്ഷപാതവും ഉണ്ടായതായി പരാതിയിൽ ആരോപിക്കുന്നു. പ്രത്യേകിച്ച് താൽക്കാലിക നിയമനങ്ങളിൽ പാർട്ടി ബന്ധം മുൻനിർത്തിയുള്ള ഇടപെടലുകൾ നടന്നുവെന്നും ഇതിൽ വിശദമായ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
എസ്.എസ്.ടി ഫണ്ട് തട്ടിപ്പ്, നിയമനങ്ങൾക്ക് പാർട്ടി സെക്രട്ടറിയേറ്റിൽ നിന്ന് പട്ടിക ആവശ്യപ്പെട്ട് നടത്തിയെന്ന ആരോപിക്കുന്ന പിൻവാതിൽ നിയമനം, കെട്ടിട നികുതി തട്ടിപ്പ്, വാഹന ഇൻഷുറൻസ്–മെയിന്റനൻസ് തട്ടിപ്പ് തുടങ്ങിയ വിഷയങ്ങളിൽ സമഗ്ര അന്വേഷണം നടത്തണമെന്ന് ശ്രീകുമാർ പരാതിയിൽ ആവശ്യപ്പെട്ടു.
കണ്ണൂർ ∙ റീൽസ് ചിത്രീകരണത്തിനായി ഓടിക്കൊണ്ടിരുന്ന ട്രെയിൻ നിർത്തിച്ച സംഭവത്തിൽ രണ്ട് പ്ലസ് ടു വിദ്യാർഥികളെ റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച പുലർച്ചെ തലശ്ശേരിക്കും മാഹിക്കും ഇടയിൽ എറണാകുളം–പുണെ എക്സ്പ്രസാണ് വിദ്യാർഥികൾ നിർത്തിച്ചത്.
ട്രാക്കിൽ ചുവപ്പ് വെളിച്ചം കത്തിച്ചു കാണിച്ചാണ് വിദ്യാർഥികൾ ട്രെയിൻ നിർത്തിച്ചത്. ഇത് അപായസിഗ്നലാണെന്ന് കരുതിയ ലോക്കോ പൈലറ്റ് ട്രെയിൻ നിർത്തുകയായിരുന്നു. റീൽസ് ചിത്രീകരിക്കാനായിരുന്നു വിദ്യാർഥികളുടെ ശ്രമമെന്ന് അന്വേഷണത്തിൽ വ്യക്തമായി.
സംഭവത്തിൽ കേസെടുത്ത ശേഷം വിദ്യാർഥികളെ ജാമ്യത്തിൽ വിട്ടയച്ചു. ഇവർ ചിത്രീകരിച്ച വിഡിയോ റെയിൽവേ പൊലീസ് പിടിച്ചെടുത്തു. എന്നാൽ ഇത്തരം പ്രവൃത്തികൾ മറ്റുള്ളവർ അനുകരിക്കാനുള്ള സാധ്യത കണക്കിലെടുത്ത് ദൃശ്യങ്ങൾ പുറത്തുവിടേണ്ടതില്ലെന്ന നിലപാടിലാണ് പൊലീസ്.
സംസ്ഥാനത്തെ ആറ് കോർപ്പറേഷനുകളിലെ മേയർ–ഡെപ്യൂട്ടി മേയർ തിരഞ്ഞെടുപ്പ് ഡിസംബർ 26ന് നടക്കും. രാവിലെ 10ന് മേയർമാരെയും ഉച്ചയ്ക്ക് 2.30ന് ഡെപ്യൂട്ടി മേയർമാരെയും തിരഞ്ഞെടുക്കും. കണ്ണൂർ, തൃശ്ശൂർ, കൊച്ചി കോർപ്പറേഷനുകളിൽ മേയർസ്ഥാനം വനിതകൾക്കായി സംവരണം ചെയ്തിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, കൊച്ചി, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ എന്നീ കോർപ്പറേഷനുകളിലായി മുന്നണികൾ സ്ഥാനാർഥികളെ പ്രഖ്യാപിച്ചുകഴിഞ്ഞു; ചിലിടങ്ങളിൽ ഭൂരിപക്ഷം ലഭിക്കാത്തതിനാൽ ഫലം അനിശ്ചിതത്വവും നിലനിൽക്കുന്നു.
തിരുവനന്തപുരം കോർപ്പറേഷനിൽ 101 അംഗങ്ങളിൽ 50 അംഗങ്ങളുള്ള എൻഡിഎ ഏറ്റവും വലിയ ഒറ്റക്കക്ഷിയായിട്ടുണ്ടെങ്കിലും കേവലഭൂരിപക്ഷം ലഭിച്ചിട്ടില്ല. ബിജെപിയുടെ മേയർ സ്ഥാനാർഥിയായി വി.വി. രാജേഷിനെയും ഡെപ്യൂട്ടി മേയർ സ്ഥാനാർഥിയായി ആശാ നാഥിനെയും പ്രഖ്യാപിച്ചു. യുഡിഎഫിൽ കെ.എസ്. ശബരീനാഥനും മേരി പുഷ്പവും, എൽഡിഎഫിൽ ആർ.പി. ശിവജിയും മത്സരിക്കും. കൊല്ലത്ത് 56 അംഗ കോർപ്പറേഷനിൽ 29 പേരുടെ പിന്തുണ ലഭിക്കാതെ മൂന്ന് മുന്നണികളും കാത്തുനിൽക്കുന്ന സാഹചര്യത്തിലാണ്. യുഡിഎഫിന്റെ മേയർ സ്ഥാനാർഥിയായി എ.കെ. ഹഫീസിനെ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഡെപ്യൂട്ടി മേയർ സ്ഥാനത്ത് സസ്പെൻസ് തുടരുന്നു.
കൊച്ചിയിൽ 76 അംഗ കോർപ്പറേഷനിൽ യുഡിഎഫ് വൻഭൂരിപക്ഷം നേടിയെങ്കിലും മേയർസ്ഥാനത്തെച്ചൊല്ലി ഉണ്ടായ വിവാദങ്ങൾക്കൊടുവിൽ അഡ്വ. വി.കെ. മിനിമോളും ഷൈനി മാത്യുവും രണ്ടരക്കൊല്ലം വീതം മേയർ സ്ഥാനം വഹിക്കുമെന്ന് ധാരണയായി. തൃശ്ശൂരിൽ 56 അംഗ കോർപ്പറേഷനിൽ യുഡിഎഫ് 33 സീറ്റുകൾ നേടി അധികാരത്തിലേക്ക്; ഡോ. നിജി ജസ്റ്റിനാണ് മേയർ സ്ഥാനാർഥി. കോഴിക്കോട് എൽഡിഎഫ് 34 സീറ്റുകളോടെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായിരിക്കെ ഒ. സദാശിവനും ഡോ. എസ്. ജയശ്രീയും മേയർ–ഡെപ്യൂട്ടി മേയർ സ്ഥാനാർഥികളായി. കണ്ണൂരിൽ 56 അംഗ കോർപ്പറേഷനിൽ 36 സീറ്റുകൾ നേടി യുഡിഎഫ് ആധികാരികവിജയം നേടി; പി. ഇന്ദിര മേയറായും കെ.പി. താഹിർ ഡെപ്യൂട്ടി മേയറായും മത്സരിക്കും.
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ വിചാരണ കോടതി ശിക്ഷ വിധിച്ച രണ്ടാം പ്രതി മാർട്ടിൻ ഹൈക്കോടതിയെ സമീപിച്ചു. കേസിലെ ശിക്ഷ റദ്ദാക്കണമെന്ന ആവശ്യവുമായാണ് ഹർജി. ആക്രമണം നടന്ന വാഹനത്തിൽ താൻ ഉണ്ടായിരുന്നില്ലെന്നും, ഗൂഢാലോചനയിൽ പങ്കുണ്ടെന്ന ആരോപണം മാത്രമാണ് തനിക്കെതിരെയുണ്ടായിരുന്നതെന്നും മാർട്ടിൻ ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. സമാന ആരോപണങ്ങൾ നേരിട്ട എട്ടാം പ്രതി നടൻ ദിലീപിനെ കോടതി വെറുതെ വിട്ട സാഹചര്യത്തിൽ, അതേ ആനുകൂല്യം തനിക്കും നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.
യുവനടിയെ ആക്രമിച്ച് ദൃശ്യങ്ങൾ പകർത്തിയ കേസിൽ ഒന്നുമുതൽ ആറുവരെയുള്ള പ്രതികൾക്ക് കോടതി ശിക്ഷ വിധിച്ചിരുന്നു. അതേസമയം, കേസിലെ പ്രതികളായ ചാർലി തോമസ്, നടൻ ദിലീപ്, സുഹൃത്ത് ശരത്ത് എന്നിവരെ കോടതി വെറുതെ വിട്ടു. ദിലീപിനെതിരായ ഗൂഢാലോചനയുടെയും തെളിവ് നശിപ്പിച്ചതിന്റെയും കുറ്റങ്ങൾ തെളിയിക്കാൻ മതിയായ തെളിവില്ലെന്ന് കോടതി കണ്ടെത്തിയിരുന്നു.
കേസിൽ ആകെ പത്ത് പ്രതികളായിരുന്നു ഉണ്ടായിരുന്നത്. പൾസർ സുനി ഒന്നാം പ്രതിയും മാർട്ടിൻ ആന്റണി രണ്ടാമനുമായിരുന്നു. ബലാത്സംഗം, ഗൂഢാലോചന, മാനഭംഗം, സ്ത്രീത്വത്തെ അപമാനിക്കൽ, അന്യായ തടങ്കൽ, തെളിവ് നശിപ്പിക്കൽ, അശ്ലീല ദൃശ്യങ്ങൾ പകർത്തൽ, പ്രചരിപ്പിക്കൽ തുടങ്ങിയ ഗുരുതര കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയത്. 2017 ഫെബ്രുവരി 17ന് അങ്കമാലിക്കും കളമശേരിക്കും ഇടയിൽ ഓടിക്കൊണ്ടിരുന്ന വാഹനത്തിനുള്ളിലാണ് നടിയെ ആക്രമിച്ചത്.
രാജാക്കാട് (ഇടുക്കി): നടുമറ്റത്ത് പട്ടാപ്പകൽ വീട്ടിൽ കയറി വയോധികയെ കെട്ടിയിട്ട് പണവും സ്വർണവും കവർന്ന കേസിൽ രണ്ട് പ്രതികളെ കൂടി രാജാക്കാട് പോലീസ് അറസ്റ്റ് ചെയ്തു. പന്നിയാർകൂട്ടി കൊല്ലപ്പിള്ളിൽ സൈബു തങ്കച്ചൻ (33)യും സുഹൃത്തായ കാഞ്ഞിരപ്പള്ളി സ്വദേശിനി അനിലാ ജോസ് (31) ഉം ആണ് പിടിയിലായത്. ആക്രമണത്തിനിരയായ സ്ത്രീയുടെ മകളുടെ മകനാണ് സൈബു. ഇയാൾ മുൻപ് കഞ്ചാവ് കേസിൽ പ്രതിയായിരുന്നുവെന്നും പൊലീസ് അറിയിച്ചു.
കഞ്ചാവ് കേസുമായി ബന്ധപ്പെട്ടാണ് സൈബു പുതിയ കേസിലെ പ്രധാന പ്രതിയായ അൽത്താഫിനെ പരിചയപ്പെട്ടത്. അൽത്താഫ് ഇപ്പോഴും ഒളിവിലാണ്. ഒളിവിൽ കഴിഞ്ഞിരുന്ന സൈബുവിനെയും അനിലാ ജോസിനെയും പാലക്കാട് നിന്നാണ് രാജാക്കാട് എസ്എച്ച്ഒ വി. വിനോദ്കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം പിടികൂടിയത്. കേസിലെ മറ്റൊരു പ്രതിയായ സരോജ (സോണിയ)യെ മണർകാടുനിന്ന് പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
ഡിസംബർ 16-നാണ് നടുമറ്റം പാലക്കുന്നേൽ ടോമിയുടെ വീട്ടിൽ കവർച്ച നടന്നത്. അന്ന് ടോമിയുടെ മാതാവ് മറിയക്കുട്ടി (80) മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ. മറിയക്കുട്ടിയെ തുണി ഉപയോഗിച്ച് ഊണ് മേശയിൽ കെട്ടിയിട്ട ശേഷം പ്രതികൾ പണവും സ്വർണവും കവർന്നു. അറസ്റ്റിലായ പ്രതികളെ അടിമാലി കോടതി റിമാൻഡ് ചെയ്തു.
കൊച്ചി: മേയർസ്ഥാനത്തേക്കുള്ള തീരുമാനത്തിൽ പല ഘടകങ്ങളും പരിഗണിച്ച കോൺഗ്രസ് നേതൃത്വം, പാർട്ടിയിലെ മുതിർന്ന വനിതാ നേതാവായ കെപിസിസി ജനറൽ സെക്രട്ടറി ദീപ്തി മേരി വർഗീസിനെ ഒഴിവാക്കാൻ തീരുമാനിച്ചു. മുൻ കൗൺസിലറായിരുന്ന ദീപ്തി മേയർ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുമെന്നായിരുന്നു പ്രവർത്തകരുടെ പ്രതീക്ഷ. എന്നാൽ ലത്തീൻ സമുദായത്തിന് നഗരത്തിൽ ശക്തമായ സ്വാധീനമുള്ള സാഹചര്യത്തിൽ, തങ്ങളുടെ പ്രതിനിധിയെ മേയറാക്കണമെന്ന സഭാ നേതൃത്വത്തിന്റെ പരസ്യമായ ആവശ്യം കോൺഗ്രസിനെ വേറൊരു വഴിക്ക് ചിന്തിക്കാൻ നിർബന്ധിതമാക്കി. ഗ്രൂപ്പ് പരിഗണനകളും ശക്തമായതോടെ, കൗൺസിലർമാരുടെ അഭിപ്രായം തേടിയാണ് നേതൃത്വം അന്തിമ തീരുമാനത്തിലേക്ക് നീങ്ങിയത്.
കോൺഗ്രസിന് 42 കൗൺസിലർമാരാണുള്ളത്. ഇതിൽ 22 പേർ എ വിഭാഗക്കാരായതിനാൽ അവർ ഷൈനി മാത്യുവിനെയാണ് മേയർ സ്ഥാനത്തേക്ക് നിർദേശിച്ചത്. ഐ വിഭാഗത്തിലെ 17 പേർ വി.കെ. മിനിമോൾ മേയറാവണമെന്ന നിലപാട് അറിയിച്ചു. കെ.സി. വേണുഗോപാൽ വിഭാഗക്കാരിയായി അറിയപ്പെടുന്ന ദീപ്തി മേരി വർഗീസിന് വേണ്ടി മൂന്ന് പേർ മാത്രമാണ് അഭിപ്രായം രേഖപ്പെടുത്തിയത്. കെപിസിസി ജനറൽ സെക്രട്ടറിയെ മേയർ സ്ഥാനത്ത് നിന്ന് മാറ്റിനിർത്തേണ്ടിവന്ന സാഹചര്യത്തിൽ, ദീപ്തിക്ക് മെട്രോപൊളിറ്റൻ കമ്മിറ്റി ചെയർപേഴ്സൺ സ്ഥാനം നൽകാമെന്ന ഉറപ്പാണ് നേതൃത്വം മുന്നോട്ടുവച്ചത്.
ഷൈനി മാത്യുവിന് കൗൺസിലർമാരിൽ കൂടുതൽ പിന്തുണ ലഭിച്ചിരുന്നെങ്കിലും, ജില്ലയിലെ മുതിർന്ന നേതാക്കളുടെ അഭിപ്രായം കൂടി പരിഗണിച്ചാണ് മേയർസ്ഥാനം വീതംവയ്ക്കാനും ആദ്യ അവസരം വി.കെ. മിനിമോൾക്ക് നൽകാനും തീരുമാനിച്ചത്. ഐ വിഭാഗക്കാരിയായ മിനിമോളിന് മേയർ സ്ഥാനം നൽകിയതിനെ തുടർന്ന്, ഡെപ്യൂട്ടി മേയർ സ്ഥാനത്തേക്ക് എ വിഭാഗത്തിൽ നിന്നുള്ള ദീപക് ജോയിയെ പരിഗണിച്ചു. തുടർന്ന് ഐ വിഭാഗത്തിലെ മുതിർന്ന നേതാവ് കെ.വി.പി. കൃഷ്ണകുമാറിന് ഡെപ്യൂട്ടി മേയർ സ്ഥാനത്ത് രണ്ടാമൂഴവും ലഭിക്കുമെന്നാണ് തീരുമാനമായത്.
തിരുവനന്തപുരം: തദ്ദേശ ഭരണ തിരഞ്ഞെടുപ്പിൽ നേടിയ മുന്നേറ്റത്തിന്റെ ആത്മവിശ്വാസത്തിൽ, നിയമസഭ തിരഞ്ഞെടുപ്പിലും അധികാരം പിടിക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് യുഡിഎഫ്. ഇടതുമുന്നണിക്ക് നൽകിയ ‘ഷോക്ക്’ തുടരുമെന്നും, ഇനി പിണറായി സർക്കാരിന്റെ പടിയിറക്കം സമയത്തിന്റെ മാത്രം കാര്യമാണെന്നും യുഡിഎഫ് നേതാക്കൾ തുറന്നുപറയുന്നു. അതിനുള്ള പടയൊരുക്കങ്ങൾ ആരംഭിച്ചു കഴിഞ്ഞതായും നേതാക്കൾ അവകാശപ്പെടുന്നു.
ഇതിനിടെ, യുഡിഎഫ് അധികാരത്തിലെത്തിയാൽ അടുത്ത മുഖ്യമന്ത്രി ആരാകുമെന്ന ചർച്ചയും സജീവമാണ്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എന്നീ മൂന്ന് പേരുകളാണ് പ്രധാനമായും ഉയർന്നു കേൾക്കുന്നത്. ഭരണത്തിൽ എത്തിയാൽ ഈ മൂവരിൽ ഒരാൾ മുഖ്യമന്ത്രിയാകുമെന്നതിൽ ഏകദേശ ധാരണയുണ്ടെങ്കിലും, ആരെന്ന കാര്യത്തിൽ ഐക്യം ഉണ്ടാകുമോയെന്ന ആശങ്കയും മുന്നണിക്കുള്ളിലുണ്ട്.
2026ൽ ഭരണം ലഭിക്കുമെന്ന കണക്കുകൂട്ടലിലാണ് കോൺഗ്രസ് നേതൃത്വം. തദ്ദേശ തിരഞ്ഞെടുപ്പിലെ മുന്നേറ്റം ആത്മവിശ്വാസം വർധിപ്പിച്ചെന്നും, 89 സീറ്റുകളിൽ വരെ സാധ്യതയുണ്ടെന്നുമാണ് കോർ കമ്മിറ്റി വിലയിരുത്തൽ. ഭൂരിപക്ഷം ലഭിച്ചാൽ മുഖ്യമന്ത്രിയെ പാർലമെന്ററി പാർട്ടി തെരഞ്ഞെടുക്കുമെങ്കിലും അന്തിമ തീരുമാനം ഹൈക്കമാൻഡിന്റേതായിരിക്കും. നിയമസഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, യുഡിഎഫിനകത്ത് രാഷ്ട്രീയ നീക്കങ്ങളും കണക്കുകൂട്ടലുകളും കൂടുതൽ സജീവമാകുകയാണ്.
അങ്കമാലി: വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ അബദ്ധത്തിൽ കിണറ്റിൽ വീണ് മരണത്തിന്റെ വക്കിലെത്തിയ രണ്ടുവയസ്സുകാരന് അങ്കമാലി അപ്പോളോ അഡ്ലക്സ് ആശുപത്രിയിൽ അത്ഭുതകരമായ രക്ഷ. കൊടകര മാഞ്ഞൂക്കാരൻ വീട്ടിൽ പ്രിൻസിന്റെയും ഷൈബിയുടെയും മകൻ ആദം ജോൺ ആണ് വിദഗ്ധ ചികിത്സയിലൂടെ ജീവിതത്തിലേക്ക് മടങ്ങിയെത്തിയത്. സംഭവം കണ്ട അസം സ്വദേശിയായ മുൻസീർ സ്വന്തം ജീവൻ പണയപ്പെടുത്തി കിണറ്റിലിറങ്ങി കുട്ടിയെ പുറത്തെടുത്തതോടെയാണ് രക്ഷാപ്രവർത്തനങ്ങൾക്ക് തുടക്കമായത്.
ശ്വാസകോശത്തിൽ വെള്ളം കയറി ശ്വാസം നിലച്ച നിലയിലും അപസ്മാര ലക്ഷണങ്ങളോടെയും അബോധാവസ്ഥയിലുമാണ് കുട്ടിയെ ആശുപത്രിയിൽ എത്തിച്ചത്. രക്തത്തിലെ ഓക്സിജൻ അളവ് ഗുരുതരമായി കുറഞ്ഞതിനെ തുടർന്ന് ഉടൻ പീഡിയാട്രിക് ഐസിയുവിൽ പ്രവേശിപ്പിച്ചു. പീഡിയാട്രിക്സ് വിഭാഗം എച്ച്ഒഡിയും സീനിയർ കൺസൾട്ടന്റുമായ ഡോ. രമേഷ് കുമാർ, ഡോ. ദിനേശ് ആർ.പി., ഡോ. തരുൺ സി. വർഗീസ്, ഡോ. അരുൺ ഗ്രേസ് റോയ് എന്നിവരുടെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘം ശ്വാസകോശ പരുക്ക്, ശ്വസനതടസ്സം, അണുബാധ, വൃക്ക തകരാർ, അപസ്മാരം തുടങ്ങിയ സങ്കീർണ്ണാവസ്ഥകൾ നേരിട്ടു.
വെന്റിലേറ്റർ സഹായത്തോടെയുള്ള തീവ്രപരിചരണവും ന്യൂമോണിയ ഉൾപ്പെടെയുള്ള അണുബാധകൾക്കുള്ള കൃത്യമായ ചികിത്സയും ഫലം കണ്ടു. നാലാം ദിവസം വെന്റിലേറ്ററിൽ നിന്ന് മാറ്റിയ കുട്ടിയുടെ ആരോഗ്യനില ക്രമാതീതമായി മെച്ചപ്പെട്ടു. ഒൻപതാം ദിവസം മാതാപിതാക്കളെ തിരിച്ചറിയാനും സ്വയം ഭക്ഷണം കഴിക്കാനും തുടങ്ങിയ ആദം പൂർണ്ണ ആരോഗ്യവാനായി ആശുപത്രി വിട്ടു. മുൻസീറിന്റെ സമയോചിതമായ ഇടപെടലിനും അപ്പോളോ ആശുപത്രിയിലെ അത്യാധുനിക ചികിത്സാ സംവിധാനങ്ങൾക്കും നന്ദി അറിയിക്കുകയാണ് ആദമിന്റെ കുടുംബം.
കണ്ണൂർ: ശബരിമലയിലെ സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദം തദ്ദേശ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്കെതിരെ വോട്ടർമാരെ അകറ്റിയതായി ഇന്റലിജൻസ് റിപ്പോർട്ട്. സിപിഎം ശക്തികേന്ദ്രങ്ങളിൽപോലും എൽഡിഎഫിന് തിരിച്ചടി നേരിട്ട പശ്ചാത്തലത്തിൽ നടത്തിയ വിശദമായ പരിശോധനയുടെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് തയ്യാറാക്കിയത്. ജില്ലകളിൽനിന്ന് ശേഖരിച്ച വിവരങ്ങൾ ക്രോഡീകരിച്ച് കഴിഞ്ഞ ദിവസം ഇന്റലിജൻസ് ഡിജിപിക്ക് കൈമാറി.
സ്വർണക്കൊള്ള കേസിൽ റിമാൻഡിൽ കഴിയുന്ന എ. പദ്മകുമാറിനെയും എൻ. വാസുവിനെതിരെയും സിപിഎം നടപടിയെടുക്കാത്തത് എൽഡിഎഫ് വിരുദ്ധ വികാരം ശക്തമാക്കിയതായി റിപ്പോർട്ടിൽ പറയുന്നു. അഴിമതിക്കാരെ സംരക്ഷിക്കുന്നുവെന്ന തോന്നലിന് ഇത് ഇടയാക്കിയതായും, പ്രത്യേകിച്ച് സ്ത്രീ വോട്ടർമാരിലും അയ്യപ്പഭക്തരിലും ഈ അസന്തോഷം പ്രകടമായതായും വിലയിരുത്തുന്നു.
ശബരിമല വിവാദം ഏറ്റവും കൂടുതൽ ബാധിക്കുമെന്ന് കരുതിയ പന്തളം നഗരസഭയിൽ എൽഡിഎഫിന് ജയിക്കാൻ സാധിച്ചത് എൻഡിഎ ഭരണസമിതിക്കെതിരായ വികാരം മൂലമാണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. രാഹുൽ മാങ്കൂട്ടത്തിലിനെതിരായ വിഷയത്തിൽ സിപിഎം നടത്തിയ സംസ്ഥാനവ്യാപക സമരം ജനസമ്മതി നേടിയെങ്കിലും, സമാന സംഭവത്തിൽ പ്രതിചേർക്കപ്പെട്ട വേടന് സർക്കാർ പുരസ്കാരം നൽകി ആദരിച്ചതിലെ ഇരട്ടത്താപ്പ് ശക്തമായ വിമർശനങ്ങൾക്ക് വഴിവെച്ചുവെന്നും പറയുന്നു. കൂടാതെ എഡിഎം കെ. നവീൻബാബുവിന്റെ മരണം, പി.പി. ദിവ്യയുമായി ബന്ധപ്പെട്ട വിവാദങ്ങൾ, തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രന്റെ പ്രവർത്തനങ്ങളെച്ചൊല്ലിയ വിമർശനം എന്നിവയും വിവിധ പ്രദേശങ്ങളിൽ തിരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിച്ചതായി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.