അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം ഇന്ന് ശക്തി പ്രാപിച്ച് ചുഴലിക്കാറ്റാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ‘വായു’ എന്നുപേരുള്ള ഈ ചുഴലിക്കാറ്റ് ശക്തിപ്രാപിച്ച് ഗുജറാത്ത് തീരത്തേക്ക് നീങ്ങുന്നതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇതേ തുടർന്ന് വടക്കൻ കേരളത്തിലും കർണാടക, ഗോവ തീരങ്ങളിലും കനത്തമഴക്ക് സാധ്യതയുണ്ട്.
മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. സംസ്ഥാനത്ത് ഒമ്പത് ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, വയനാട് എന്നിവിടങ്ങളിൽ ഒഴികെയുള്ള ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. നാളെ മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ഓറഞ്ച് അലർട്ടായിരിക്കും.
കേരള തീരത്തു നിന്ന് 300 കിലോമീറ്റർ വടക്കുപടിഞ്ഞാറു ഭാഗത്താണ് തീവ്രന്യൂനമർദ മേഖല. ഇന്നു കൂടുതൽ വടക്കോട്ടു നീങ്ങിയ ശേഷമാകും ചുഴലിക്കാറ്റായി മാറുക. ഇതിന്റെ സ്വാധീനഫലമായി ഇന്നു വടക്കൻ കേരളത്തിൽ മഴ ശക്തമാകുമെന്നാണു സൂചന. മൽസ്യത്തൊഴിലാളികൾ തെക്കു കിഴക്ക് അറബിക്കടലിലും ലക്ഷദ്വീപ്, കേരള- കർണാടക തീരങ്ങളിലും പോകരുതെന്നാണ് മുന്നറിയിപ്പ്. ആഴക്കടലിൽ മത്സ്യബന്ധനത്തിലേർപ്പെടുന്നവർ എത്രയും പെട്ടെന്ന് ഏറ്റവും അടുത്തുള്ള തീരത്ത് തിരിച്ചെത്തണമെന്നും നിർദേശിച്ചിട്ടുണ്ട്. കേരളത്തിന്റെ തീരമേഖലയിൽ കനത്ത കടൽക്ഷോഭവും അനുഭവപ്പെടുന്നുണ്ട്.
കനത്ത മഴയെത്തുടര്‍ന്ന് ജലനിരപ്പ് ക്രമാതീതമായി ഉയരുന്നതിനാല്‍ അരുവിക്കര അണക്കെട്ടിന്‍റെ ഷട്ടര്‍ തുറക്കാന്‍ സാധ്യതയുണ്ട്. ഡാം ഷട്ടര്‍ തുറക്കുകയാണെങ്കില്‍ കരമനയാറ്റില്‍ നീരൊഴുക്ക് വര്‍ധിക്കാന്‍ സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ മുന്‍കരുതല്‍ സ്വീകരിക്കണമെന്നും ഇരുവശങ്ങളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും വാട്ടര്‍ അതോറിറ്റി അരുവിക്കര അസിസ്റ്റന്‍റ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.
രാജ്യത്ത് മോദി പേടിയുള്ളത് പോലെ സംസ്ഥാനത്ത് പിണറായി പേടിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭയിൽ സംസാരിക്കവേയാണ് മുഖ്യമന്ത്രിയുടെ പ്രസ്താവന. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ വിമർശിച്ച മാധ്യമപ്രവർത്തകനെ അറസ്റ്റ് ചെയ്തത് പോലത്തെ സ്ഥിതി കേരളത്തിൽ ഇല്ലായെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. മോദിപ്പേടി പോലെ സംസ്ഥാനത്ത് പിണറായിപ്പേടിയുമുണ്ടെന്ന യുഡിഎഫ് എംഎൽഎ കെ.സി. ജോസഫ് ആരോപണത്തിന് മറുപടി നൽകുകയായിരുന്നു മുഖ്യമന്ത്രി.
വർഗീയ ചേരിതിരിവിന് ആഹ്വാനം ചെയ്ത മാധ്യമപ്രവർത്തകർ സംസ്ഥാനത്ത് ഉണ്ടായിരുന്നു എന്നും എന്നാൽ അവർക്കെതിരെ ആരും ഇറങ്ങിയില്ലായെന്നും മുഖ്യമന്ത്രി പറഞ്ഞു. അവർ ആ ജോലി ഇപ്പോഴും തുടരുന്നതായും പിണറായി വിജയൻ കൂട്ടിച്ചേർത്തു.
അതേസമയം പെരിയ ഇരട്ടകൊലപാതക കേസ് അന്വേഷണം സിബിഐയ്ക്ക് വിടില്ലെന്നും പിണറായി നിയമസഭയിൽ വ്യക്തമാക്കി. ഇപ്പോള്‍ നടക്കുന്ന അന്വേഷണം നിഷ്പക്ഷവും ശരിയായ ദിശയിലുള്ളതുമാണ്. മറിച്ചുള്ളത് രാഷ്ട്രീയ ആരോപണം മാത്രമാണെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. ക്രൈംബ്രാഞ്ച് സമർപ്പിച്ച കുറ്റപത്രത്തിൽ ഗുരുതര പിഴവുകളുള്ളതായി ആക്ഷേപമുയർന്നിരിക്കുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ പ്രസ്താവന.
തിരുവനന്തപുരം: കുട്ടികള്‍ക്കുനേരെയുള്ള ലൈംഗിക അതിക്രമങ്ങള്‍ തടയാന്‍ ഇന്റര്‍പോളുമായി സഹകരിക്കാനൊരുങ്ങി കേരളാ പോലീസ് . എ ഡി ജി പി മനോജ് ഏബ്രഹാം തലവനായുള്ള സൈബര്‍ഡോമാണ് ഇന്റര്‍പോളുമായും കാണാതാവുകയും ചൂഷണത്തിന് വിധേയരാവുകയും ചെയ്യുന്ന കുട്ടികള്‍ക്കു വേണ്ടിയുള്ള രാജ്യാന്തര സെന്ററുമായും (ഐ സി എം സി) സഹകരിക്കുക .
ഐ സി എം സിയുടെ ലോ എന്‍ഫോഴ്‌സ്‌മെന്റ് ട്രെയിനിങ് ആന്‍ഡ് ടെക്‌നോളജി ഡയറക്ടര്‍ ഗില്ലര്‍മോ ഗാലറാസയും ക്യൂന്‍സ്‌ലാന്‍ഡ് പോലീസ് സര്‍വീസിലെ മുതിര്‍ന്ന കുറ്റാന്വേഷകന്‍ ജോണ്‍ റൗസും തിങ്കളാഴ്ച എ ഡി ജി പി മനോജ് ഏബ്രഹാമുമായി കൂടിക്കാഴ്ച നടത്തി . തങ്ങളുടെ ഏറ്റവും പുതിയ സൈബര്‍ കേസ് അന്വേഷണ സങ്കേതങ്ങള്‍ കേരളാ പോലീസിന് ഇന്റര്‍പോള്‍ ലഭ്യമാക്കി കഴിഞ്ഞിട്ടുണ്ടെന്ന് കേരളാ പോലീസ് ട്വിറ്ററില്‍ വ്യക്തമാക്കി.
യാത്രക്കാരന്റെ ഡബിൾ ബെൽ കേട്ട് പുറപ്പെട്ട കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസ് 18 കിലോമീറ്റർ കണ്ടക്ടർ ഇല്ലാതെ ഓടി. ബത്തേരിയിൽ നിന്ന് കോട്ടയത്തേക്കു പുറപ്പെട്ട ആർഎസ്കെ 644 നമ്പർ ബസാണ് ശനി രാത്രി പത്തോടെ നിറയെ യാത്രക്കാരുമായി മൂവാറ്റുപുഴ മുതൽ കൂത്താട്ടുകുളം വരെ കണ്ടക്ടറില്ലാതെ ഓടിയത്. ഇടയ്ക്ക് രണ്ടിടങ്ങളിൽ ആളിറങ്ങാനും പുറപ്പെടാനും ബെല്ലടിച്ചതും ഡബിൾ ബെല്ലടിച്ചതും യാത്രക്കാർ തന്നെ. കൂത്താട്ടുകുളത്ത് എത്തിയിട്ടും കണ്ടക്ടർ ഇല്ലെന്ന വിവരമറിയാതെ ഡ്രൈവർ ബസുമായി യാത്ര തുടരാൻ തുടങ്ങിയപ്പോൾ ഡിപ്പോ അധികൃതർ ബസ് പിടിച്ചിടുകയായിരുന്നു.
നേരത്തെ മൂവാറ്റുപുഴയിൽ ബസിൽ നിന്ന് പുറത്തിറങ്ങിയ കണ്ടക്ടർ തിരികെ കയറും മുൻപ് യാത്രക്കാരിൽ ഒരാൾ ഡബിൾ ബെല്ലടിച്ചതാണ് കാര്യമറിയാതെ ബസ് യാത്ര തുടരുന്നതിന് കാരണമായതെന്ന് പറയുന്നു. നിറയെ യാത്രക്കാർ ഉണ്ടായിരുന്നതിനാൽ കണ്ടക്ടർ ഇല്ലെന്ന വിവരം ഡ്രൈവറും യാത്രക്കാരിൽ ഭൂരിപക്ഷം പേരും അറിഞ്ഞില്ല. തിരികെ കയറാനെത്തിയ കണ്ടക്ടർ ബസ് കാണാതായതോടെ ഡിപ്പോയിൽ അറിയിക്കുകയായിരുന്നു. ബസ് കൂത്താട്ടുകുളത്ത് എത്തുന്നതിനു മുൻപ് ഇവിടേക്ക് സന്ദേശം എത്തി. മൂവാറ്റുപുഴയിൽ നിന്ന് കണ്ടക്ടറെ മറ്റൊരു ഡ്രൈവർ ബൈക്കിൽ കൂത്താട്ടുകുളത്ത് എത്തിച്ചതോടെ വൈകാതെ തന്നെ ബസ് കോട്ടയത്തേക്കു യാത്ര തുടരുകയും ചെയ്തു.
2 ദിവസം മുൻപ് കോട്ടയത്തേക്കു പോവുകയായിരുന്ന കെഎസ്ആർടിസി ബസ് മൂവാറ്റുപുഴയിൽ ഇറങ്ങിയ വനിതാ കണ്ടക്ടറെ കയറ്റാതെ 7 കിലോമീറ്റർ ഓടിയ സംഭവവും ഉണ്ടായി. ബസ് മീങ്കുന്നത്ത് എത്തിയപ്പോഴാണ് കണ്ടക്ടർ ഇല്ലെന്ന വിവരം ഡ്രൈവർ അറിഞ്ഞത്. നിർത്തിയിട്ട് കാത്തു കിടന്ന ബസ് കണ്ടക്ടർ എത്തിയ ശേഷമാണ് യാത്രതുടർന്നത്. യാത്രക്കാരിൽ ആരുടെയോ കൈ തട്ടി ബെൽ മുഴങ്ങിയതാണ് ഇവിടെയും കണ്ടക്ടറെ വഴിയിലാക്കിയത്.
,
വീടിന്റെ മതിലിൽ ചോരയൊലിച്ചു തൂങ്ങിക്കിടന്ന ആ 13 വയസ്സുകാരന്റെ കരച്ചിലാണ് അപകടത്തെക്കുറിച്ചു പറയുമ്പോൾ തണ്ണിശ്ശേരി പെരിയക്കാട് പി.വിജയന്റെയും ഭാര്യ നളിനിയുടെയും വാക്കുകളിൽ. ആംബുലൻസിലുണ്ടായിരുന്ന ആ 13 വയസ്സുകാരന്റെ ജീവൻ മാത്രമാണു രക്ഷിക്കാനായത്. തണ്ണിശ്ശേരി പോസ്റ്റ് ഓഫിസ് മുക്കിലെ ഇവരുടെ വീടിനു മുന്നിലായിരുന്നു അപകടം. അപകടം കണ്ട് ആദ്യമെത്തിയതും ഇവരായിരുന്നു. ഉച്ചയ്ക്ക് ടിവിയിൽ ക്രിക്കറ്റ് കളി കണ്ടുകൊണ്ടിരിക്കുമ്പോഴാണു വലിയ ശബ്ദംകേട്ട് ഇരുവരും പുറത്തിറങ്ങി നോക്കുന്നത്.
മതിലിൽ ചോരയൊലിച്ചു കിടന്ന ഷാഫിയെയാണ് ആദ്യം കണ്ടത്. ഷാഫിയെ വീടിന്റെ വരാന്തയിൽ കിടത്തി നളിനി വെള്ളം നൽകി. പിന്നീടുള്ള കാഴ്ച ഞെട്ടിക്കുന്നതായിരുന്നു. പൂർണമായും തകർന്ന ആംബുലൻസിനിടയിൽ ചോരയൊലിച്ചു കിടന്ന 8 പേർ. ശരീര അവശിഷ്ടങ്ങൾ റോഡിൽ ചിതറിക്കിടക്കുന്നു. നിലവിളിച്ച് സമീപവാസികളെ കൂട്ടി രക്ഷാപ്രവർത്തനം നടത്തി. അഗ്നിരക്ഷാസേനയും സൗത്ത്, പുതുഗനരം പൊലീസും ചേർന്ന് നാട്ടുകാരുടെ സഹായത്തോടെ ആംബുലൻസ് വെട്ടിപ്പൊളിച്ച് മൃതദേഹങ്ങൾ പുറത്തെടുത്തു.
ലോറിയിലുണ്ടായിരുന്നവരെയും ഷാഫിയെയും സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. പോസ്റ്റ് ഓഫിസ് മുക്കിലെ ചെറിയ വളവുള്ള ഈ സ്ഥലം സ്ഥിരം അപകടമേഖലയാണെന്ന് വിജയൻ പറയുന്നു. ഈ വർഷം 2 തവണ നിയന്ത്രണംവിട്ട ലോറിയും കാറും ഇടിച്ച് ഇവരുടെ വീടിന്റെ മതിൽ തകർന്നിരുന്നു. ഇതിനു 300 മീറ്റർ അകലെ പെട്രോൾ പമ്പിനു സമീപവും സ്ഥിരം അപകടമേഖലയാണെന്നു പറയുന്നു.
അവശനിലയിലായിരുന്ന യുവാവിനെ ജില്ലാ ആശുപത്രിയിലേക്കു കൊണ്ടുപോകാൻ വന്ന ആംബുലൻസിൽ ജംഷീർ ഒഴികെയുള്ളവർ കയറി. സ്ഥലമില്ലാത്തതിനാൽ ജംഷീറിനു വാഹനത്തിൽ കയറാൻ പറ്റിയില്ല. ആംബുലൻസ് ജില്ലാ ആശുപത്രിയിലേക്കു വരുന്നതിനിടെ തണ്ണിശ്ശേരിയിൽ അപകടത്തിൽപ്പെട്ട് ഷാഫി ഒഴികെയുള്ള 8 പേർ മരിച്ചു. അപകട വിവരം അറിഞ്ഞെത്തിയ വീട്ടുകാരോടൊപ്പം മറ്റൊരു വാഹനത്തിൽ ജില്ലാ ആശുപത്രിയിലെത്തിയപ്പോഴാണ് കൂടെയുണ്ടായിരുന്നവരെ മരണം കവർന്നെടുത്തത് ജംഷീർ അറിയുന്നത്.
കേരളത്തിൽ കാലവർഷം സജീവമായി തുടരുന്നു. സംസ്ഥാനത്ത് മിക്കയിടങ്ങളിലും ഇന്നലെ ഉച്ചയോടെ തുടങ്ങിയ മഴ ഇന്നുരാവിലെയും തുടരുകയാണ്. ചിലയിടത്ത് വിട്ടുവിട്ടുള്ള ചാറ്റല്‍ മഴയും ലഭിക്കുന്നുണ്ട്. ലക്ഷദ്വീപിനും കേരളത്തിനുമിടയിൽ രൂപമെടുത്ത ന്യൂനമർദ്ദമാണ് മഴ ശക്തമാക്കിയത്. വരുന്ന 48 മണിക്കൂറിൽ ഇത് തീവ്ര ന്യൂനമർദ്ദമോ തുടർന്ന് ചുഴലിക്കാറ്റോ ആയേക്കാം. കടൽ പ്രക്ഷുബ്ധമായതിനാൽ മത്സ്യതൊഴിലാളികൾ കടലിൽ പോകരുതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. സംസ്ഥാനത്തെ തീരങ്ങളില്‍ കടല്‍ക്ഷോഭവും രൂക്ഷമാണ്.
അയല്‍വീട്ടില്‍ കളിക്കുകയായിരുന്ന പന്ത്രണ്ടുവയസുകാരിയുടെ മരണത്തില്‍ ദുരൂഹതയാരോപിച്ച് ബന്ധുക്കളും നാട്ടുകാരും. പന്തളംതെക്കേക്കര പാറക്കര സ്വദേശി അമൃതയെ ആണ് കഴിഞ്ഞദിവസം ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കി. അയല്‍ വീട്ടിലെ കുട്ടികളോടൊപ്പം അമൃത കളിക്കുന്നത് കണ്ടവരുണ്ട്. പിന്നീട് മരിച്ചനിലയില്‍ കട്ടിലില്‍ കിടക്കുന്നതാണ് കണ്ടത്
മരണത്തില്‍ ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കി. പൊലീസും ഫൊറന്‍സിക് വിദഗ്ധരുമെത്തി പരിശോധന നടത്തി. തട്ട എന്‍.എസ്.എസ് ഹയര്‍സക്കന്‍ഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിയാണ് മരിച്ച അമൃത. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തന് ശേഷം ബന്ധുക്കൾക്ക് വിട്ടുനല്‍കി.
പിറന്നുവീണ കുഞ്ഞുരാഹുലിനെ ആദ്യം വാരിയെടുത്ത കൈകള്‍ ഇന്ന് രാഹുല്‍ഗാന്ധിയെ വാരിപുണര്‍ന്നു. 1970 ജൂണ്‍ മാസത്തില്‍ രാഹുല്‍ഗാന്ധി ജനിച്ച ഡല്‍ഹി ഹോളിക്രോസ് ആശുപത്രിയില്‍ നേഴ്‌സ് ആയിരുന്നു രാജമ്മ. അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ പേരക്കുട്ടിയായി ജനിച്ച രാഹുല്‍ ആശുപത്രിയിലെ ഓമനയായിരുന്നു.
നേഴ്‌സ് ജോലിയില്‍ നിന്ന് വിരമിച്ച രാജമ്മ വയനാട് വിശ്രമജീവിതം നയിക്കുമ്പോഴാണ് രാഹുല്‍ഗാന്ധി യുഡിഎഫ് സ്ഥാനാര്‍ത്ഥി ആയി എത്തുന്നത്. ഇന്നിപ്പോള്‍ വിജയിച്ചു നന്ദി പറയാനായി കോണ്‍ഗ്രസ് അധ്യക്ഷന്‍ എത്തിയപ്പോള്‍ വോട്ടര്‍ കൂടിയായ രാജമ്മയെ കാണാന്‍ മറന്നില്ല. സ്‌നേഹനിര്‍ഭരമായിരുന്നു ഈ കൂടിക്കാഴ്ച. ഉറ്റവരെ എന്നും ചേര്‍ത്തുനിര്‍ത്തുന്ന രാഹുല്‍ഗാന്ധിയുടെ ഏറെ പ്രിയപ്പെട്ട ഒരാളാണ് ഈ വയനാടുകാരി. അമ്മ സോണിയാഗാന്ധിക്കും അച്ഛന്‍ രാജീവ്ഗാന്ധിക്കും മുന്നേ രാഹുല്‍ഗാന്ധിയെ തലോടിയ കൈകള്‍ തന്റേതാണെന്നു രാജമ്മ സ്‌നേഹപൂര്‍വ്വം പറയുന്നു.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് ഫോട്ടോ സഹിതം വികാരനിര്‍ഭരമായ നിമിഷങ്ങള്‍ ഫെയ്‌സ്ബുക്കിലൂടെ പങ്കുവെച്ചത്.
സമൂഹമാധ്യമങ്ങളിൽ ഇന്നലെ വൈറലായ ഒരു ചിത്രം. മാസങ്ങൾക്ക് മുൻപ് നടന്ന കാര്യങ്ങൾ കൂടി ആലോചിച്ചാവണം ട്രോളായും കുറിപ്പായും ചിത്രം വലിയ ഹിറ്റായി. സൈബർ ഇടങ്ങളിൽ ചിരിക്കൊപ്പം ചര്‍ച്ചയും പടർത്തി ലൈക്കേറ്റുകയാണ് ഇൗ സൗഹൃദച്ചിരി. ഇന്നലെ തൃശൂരിലാണ് സംഭവം. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഗുരുവായൂർ ദർശനത്തിനിടയിലാണ് തൃശൂർ സിറ്റി പൊലീസ് കമ്മിഷണർ യതീഷ് ചന്ദ്ര ബിജെപി നേതാക്കൾക്ക് കൈകൊടുത്തത്. കെ. സുരേന്ദ്രനും എ.എൻ. രാധാകൃഷ്ണനും കമ്മിഷണർക്ക് ഒപ്പം ഒരുമിച്ച് നിൽക്കുന്ന ചിത്രമാണ് ശ്രദ്ധനേടുന്നത്.
മാസങ്ങൾക്ക് മുൻപ് ശബരിമല ദർശനത്തിന് നിലയ്ക്കലില്‍ എത്തിയ കേന്ദ്ര മന്ത്രി പൊന്‍രാധാകൃഷ്ണന്‍ പമ്പയിലേക്ക് സ്വകാര്യ വാഹനങ്ങളെല്ലാം കടത്തി വിടണമെന്ന് ആവശ്യപ്പെട്ട് യതീഷ് ചന്ദ്രയുമായി തര്‍ക്കത്തിലേര്‍പ്പെട്ടിരുന്നു. എന്നാല്‍ മന്ത്രിയുടെ ഔദ്യോഗിക വാഹനങ്ങള്‍ മാത്രം കടത്തിവിടാമെന്നായിരുന്നു പൊലീസിന്റെ നിലപാട്. ഇതിനിടെ സ്വന്തം ജോലി ചെയ്യാതെ മന്ത്രിയെ ചോദ്യം ചെയ്യുകയാണോ എന്ന് ഒപ്പമുണ്ടായിരുന്ന ബിജെപി നേതാവ് എ.എൻ രാധാകൃഷ്ണന്‍ യതീഷ് ചന്ദ്രയോട് ചോദിച്ചു. മന്ത്രി ഉത്തരവിട്ടാല്‍ തനിക്ക് യാതൊരു പ്രശ്നവുമില്ലെന്നും അദ്ദേഹം മറുപടി നൽകി. ഇത് അന്ന് ബി.ജെ.പിയെ ചൊടിപ്പിച്ചിരുന്നു. യതീഷ് ചന്ദ്രക്കെതിരെ കർശന നടപടി ഉണ്ടാകുമെന്നാണ് അന്ന് എ.എൻ രാധാകൃഷ്ണൻ താക്കീത് നൽകിയിരുന്നു. ഇതിന് ശേഷമാണ് ബിജെപി നേതാക്കളും യതീഷ് ചന്ദ്രയും തമ്മിലുള്ള ഇൗ സൗഹൃദചിരി ചിത്രം ശ്രദ്ധേ നേടുന്നത്
ശ്രീവത്സം ഗസ്റ്റ് ഹൗസിന് മുന്നിൽ വച്ചായിരുന്നു ഇൗ കൂടിക്കാഴ്ച. കെ.സുരേന്ദ്രനും എ.എൻ രാധാകൃഷ്ണനും യതീഷ് ചന്ദ്രയും നേർക്കുനേർ കണ്ടപ്പോൾ പമ്പയിലും നിലയ്ക്കലും കണ്ട പിണക്കമൊന്നും മൂവരും കാണിച്ചില്ല. നിറഞ്ഞ ചിരിയോടെ കൈകൊടുത്താണ് മൂവരും പിരിഞ്ഞത്.
ലോറിയും ആംബുലൻസും കൂട്ടിയിടിച്ച് എട്ടു പേർ മരിച്ചതിന്റെ ആഘാതത്തിലാണു പാലക്കാട് തണ്ണിശ്ശേരി. ഞായറാഴ്ച വൈകിട്ട് മൂന്നോടെയായിരുന്നു അപകടം. നെല്ലിയാമ്പതിയിലെ കൊക്കയിലേക്കു മറിഞ്ഞ കാറിൽ നിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ടവരിൽ രണ്ടു പേരുടെ ജീവൻ മണിക്കൂറുകൾക്കുള്ളിൽ റോഡിൽ പൊലിഞ്ഞു. പട്ടാമ്പി വാടാനാംകുറിശ്ശി സ്വദേശികളായ ഫവാസ്, ഉമറുൽ ഫാറൂഖ് എന്നിവരാണു കാറപകടത്തിൽ നിന്നു രക്ഷപ്പെട്ടതിനു പിന്നാലെ ആംബുലൻസ് അപകടത്തിൽ മരിച്ചത്.
ഷൊർണൂരിൽ നിന്ന് നെല്ലിയാമ്പതിയിലേക്കു വിനോദയാത്ര വന്ന സംഘത്തിലുണ്ടായിരുന്നവരാണ് മരിച്ചവർ. ഇവർ വന്നിരുന്ന കാർ ഉച്ചയ്ക്കു മരപ്പാലത്തിനു സമീപം കൊക്കയിലേക്കു മറിഞ്ഞിരുന്നു. പരുക്കേറ്റവരെ നാട്ടുകാരാണ് കെഎസ്ആർടിസി ബസിൽ നെന്മാറയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. ഇവിടെ നിന്ന് സ്കാനിങ് ഉൾപ്പെടെയുള്ള കൂടുതൽ പരിശോധനകൾക്കായി പാലക്കാട് ജില്ലാ ആശുപത്രിയിലേക്കു കൊണ്ടുപോകുമ്പോഴായിരുന്നു അപകടം.
സുഹൃത്തുക്കളായ ഫവാസ്, ഉമറുൽ ഫാറൂഖ്, ഇദ്ദേഹത്തിന്റെ സഹോദരൻ ജംഷീർ, വെളുത്തേരിൽ ഷാഫി എന്നിവർ രാവിലെ നെല്ലിയാമ്പതിക്കു പുറപ്പെട്ടതാണ്. കാഴ്ചകൾ കണ്ടു മടങ്ങുന്നതിനിടെ കുണ്ട്റചോലയ്ക്കടുത്തുവച്ച് ഇവർ സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം വിട്ടു കൊക്കയിലേക്കു മറിഞ്ഞു. അൻപതടിയിലേറെ താഴ്ചയിലുള്ള മരത്തിൽ കാർ കുടുങ്ങി. കാറിനു പിന്നാലെ വന്ന കെഎസ്ആർടിസി ബസിലെ ജീവനക്കാരും യാത്രക്കാരും ചേർന്നാണു രക്ഷിച്ചത്.
കൊക്കയിലേക്കു വീണിട്ടും കാറിലുണ്ടായിരുന്നവർക്കു കാര്യമായ പരുക്കുകൾ പറ്റിയില്ല. ഇവരെ കെഎസ്ആർടിസിയിൽ നെന്മാറ സാമൂഹികാരോഗ്യ കേന്ദ്രത്തിലെത്തിച്ചു. ഇവിടെ പ്രഥമ ശുശ്രൂഷ നൽകി വിട്ടപ്പോഴേക്കും വിവരമറിഞ്ഞു നാട്ടിൽ നിന്നു ബന്ധുക്കളായ ഓട്ടോ ഡ്രൈവർ നാസറും വ്യാപാരി സുബൈറും എത്തി. പാലക്കാട്ടേക്കു ബസ് കുറവായതിനാൽ എങ്ങനെ പോകുമെന്നു ചിന്തിക്കുമ്പോഴാണ്, അവശനിലയിലുള്ള രോഗിയുമായി പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് ആംബുലൻസ് പോകുന്ന വിവരമറിഞ്ഞത്.
ജംഷീർ ഒഴികെ എല്ലാവരും ഇതിൽ കയറി. എന്നാൽ അതു ദുരന്തത്തിലേക്കു മടക്കമില്ലായാത്രയായി. ആംബുലൻസിൽ സ്ഥലമില്ലാത്തതിനാൽ മാറി നിന്ന ജംഷീറും പരുക്കുകളോടെ ആശുപത്രിയിൽ കഴിയുന്ന ഷാഫിയും (13) മാത്രം രക്ഷപ്പെട്ടു.
ജീവന്റെ ഒരു തുടിപ്പു ബാക്കിയുണ്ടെങ്കിൽ അവരെ രക്ഷിച്ചെടുക്കാൻ സർവസജ്ജരായി കാത്തുനിന്ന ജില്ലാ ആശുപത്രിയിലേക്കു വന്നത് അപകടത്തിൽ മരിച്ചവരുടെ ചേതനയറ്റ ശരീരങ്ങൾ. തണ്ണിശ്ശേരിയിൽ അപകടം ഉണ്ടായെന്ന വിവരം അറിഞ്ഞയുടൻ ട്രോമാ കെയർ സജ്ജമായിരുന്നു. ഓരോരുത്തരെ കൊണ്ടുവരുമ്പോഴും ഡോക്ടർമാരടക്കമുള്ളവർ ഓടിയെത്തിയെങ്കിലും ഒന്നും ചെയ്യാനില്ലായിരുന്നു.
ജില്ലാ ആശുപത്രി പൊലീസ് സർജൻ ഡോ.പി.ബി.ഗുജറാളും ആശുപത്രി സൂപ്രണ്ട് ഡോ.കെ.രമാദേവിയും ഉടൻ ആശുപത്രിയിലെത്തി. മൃതദേഹങ്ങൾ തിരിച്ചറിഞ്ഞ ഉടൻ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി പോസ്റ്റ്മോർട്ടം ആരംഭിച്ചു. വൈകിട്ടു 4 കഴിഞ്ഞാൽ പോസ്റ്റ്മോർട്ടം പതിവുള്ളതല്ല. ഇത്തരം സാങ്കേതിക പ്രശ്നങ്ങൾ മാറ്റിവച്ചാണ് ആരോഗ്യവകുപ്പും പൊലീസും ഒരുപോലെ സഹായവുമായി എത്തിയത്.
നിയുക്ത എംപി വി.കെ.ശ്രീകണ്ഠൻ, എംഎൽഎമാരായ ഷാഫി പറമ്പിൽ, കെ.ഡി.പ്രസേനൻ, നഗരസഭാധ്യക്ഷ പ്രമീളാ ശശിധരൻ, കലക്ടർ ഡി.ബാലമുരളി, മുൻ എംപി എം.ബി.രാജേഷ് ഉൾപ്പെടെയുള്ളവർ ആശുപത്രിയിലെത്തി. ഡിവൈഎസ്പി ജി.ഡി.വിജയകുമാറിന്റെ നേതൃത്വത്തിലായിരുന്നു പൊലീസ് നടപടികൾ.