Kerala

നടൻ സിദ്ദിഖിനെതിരെ ലൈംഗികാരോപണ പരാതി ഉയർന്നതിൽ പ്രതികരണവുമായി സിനിമയിലെ വനിതാ കൂട്ടായ്മയായ ഡബ്ല്യുസിസി രംഗത്ത്. സംഭവത്തിൽ സിദ്ദിഖിന്റെ പ്രതികരണം അപമാനകരമാണെന്നാണ് ഇവർ പറയുന്നത്. ‘തല മുതിർന്ന ഒരു സ്വഭാവ നടനിലേക്കാണ് ഇത്തവണ വിരൽ ചൂണ്ടപ്പെട്ടിരിക്കുന്നത്. ചലച്ചിത്ര നടന്മാരുടെ സംഘടനയുടെ ഭാരവാഹികളിൽ പ്രമുഖനും നേതൃത്വപരമായ പങ്കുവഹിക്കുന്ന ഒരാളമായ ഇദ്ദേഹത്തിൽ നിന്നുണ്ടായ ഈ പ്രതികരണം അപമാനകരമാണ്. ഇതിന്റെ ന്യായാന്യായങ്ങൾ എതെന്ന് അന്വേഷിച്ച് കണ്ടെത്തപ്പെടട്ടെ.’ ഡബ്ല്യുസിസിയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവച്ചിരിക്കുന്ന കുറിപ്പിൽ പറയുന്നു.

നടൻ സിദ്ദിഖ് അപമര്യാദയായി പെരുമാറിയതിന്റെ അനുഭവം വെളിപ്പെടുത്തി യുവനടി രേവതി സമ്പത്താണ് രംഗത്തെത്തിയത്. തന്റെ ഇരുപത്തിയൊന്നാം വയസ്സിൽ തിരുവനന്തപുരം നിള തിയറ്ററിൽ വെച്ച് താരത്തിൽ നിന്ന് മോശം അനുഭവം ഉണ്ടായെന്നായിരുന്നു തുറന്നുപറച്ചിൽ.സിദ്ദിഖിന്റെ പെരുമാറ്റം വലിയ മാനസിക പ്രയാസത്തിലേക്ക് തള്ളിയിട്ടെന്നും അതിന്റെ ആഘാതം ഇപ്പോഴും ഓർമ്മയിലുണ്ടെന്നും രേവതി ഫെയ്സ്ബുക്കിൽ കുറിച്ചു.
2016ൽ സുഖമായിരിക്കട്ടെ എന്ന ചിത്രത്തിന്റെ പ്രിവ്യു ചടങ്ങിനിടെയാണ് സിദ്ദിഖ് ലൈംഗികമായി അപമാനിക്കാൻ ശ്രമിച്ചെന്ന് രേവതി പറയുന്നു. സ്വന്തം മകൾക്ക് ഇങ്ങനെയൊരു അവസ്ഥ വന്നാൽ നിങ്ങൾ എങ്ങനെ പ്രതികരിക്കുമെന്നും രേവതി കുറിപ്പിലൂടെ ചോദിച്ചു. എന്നാൽ ആരോഹഫം നിഷേധിച്ച് സിദ്ദിഖും രംഹത്തെത്തിയിരുന്നു.
ഡബ്ല്യുസിസിയുടെ കുറിപ്പ് വായിക്കാം:
വീണ്ടും അടുത്ത പരാതിയുമായി മലയാള സിനിമയിൽ ഒരു സ്ത്രീ മുന്നോട്ട് വന്നിരിക്കുന്നു. തല മുതിർന്ന ഒരു സ്വഭാവ നടനിലേക്കാണ് ഇത്തവണ വിരൽ ചൂണ്ടപ്പെട്ടിരിക്കുന്നത്. എന്നാൽ ഏതോ ഒരു സിനിമയിൽ നിന്നും ഒഴിവാക്കപ്പെട്ട ഒരു സീനിന്റെ ക്ലിപ്പിങ് കൊണ്ടാണ് ആ നടൻ ഇതിനോട് പ്രതികരികരിച്ചതായി കാണുന്നത്. ചലച്ചിത്ര നടന്മാരുടെ സംഘടനയുടെ ഭാരവാഹികളിൽ പ്രമുഖനും നേതൃത്വപരമായ പങ്കുവഹിക്കുന്ന ഒരാളമായ ഇദ്ദേഹത്തിൽ നിന്നുണ്ടായ ഈ പ്രതികരണം അപമാനകരമാണ്. ഇതിന്റെ ന്യായാന്യായങ്ങൾ എതെന്ന് അന്വേഷിച്ച് കണ്ടെത്തപ്പെടട്ടെ.

എന്നാൽ മലയാള സിനിമാലോകം ഇത്തരമൊരു സംഭവം ഗൗരവത്തോടെ പരിഗണിക്കാൻ ഇനിയെങ്കിലും തയ്യാറാകേണ്ടതുണ്ട്. നിയമപരമായി ഏത് തൊഴിലിടത്തിലും സ്ത്രീകളുടെതായ പരാതി ഉയർന്നാൽ അത് കൈകാര്യം ചെയ്യാനുള്ള സുപ്രീംകോടതി മാർഗ്ഗ നിർദേശ പ്രകാരമുള്ള സമിതി ഉണ്ടാക്കാൻ നിയമപരമായ ഉത്തരവാദിത്വം ഉള്ളവരാണ് സംഘടനാ നേതാക്കൾ എന്ന് ഓർമ്മിക്കേണ്ടതുണ്ട്. അതിനിയും നമ്മുടെ ഇൻഡസ്ട്രിയിൽ ഇല്ലെന്നത് നാണക്കേടാണ്. അതിന് നമ്മുടെ ചലച്ചിത്രമേഖല ഇനിയെങ്കിലും തയ്യാറാകണം. അതാണ് നീതി. സ്ത്രീയുടെ പരാതിയെ പരിഹാസം കൊണ്ട് നിശബ്ദമാക്കാൻ നോക്കുന്നത് അന്യായവും നിയമവിരുദ്ധവും ശിക്ഷാർഹവുമാണ്. ഇക്കാര്യത്തിൽ ഉചിതമായ നടപടി ഉണ്ടാകണമെന്ന് ഡബ്ല്യു .സി.സി. ആവശ്യപ്പെടുന്നു!

ഇടതുസഹയാത്രിക ദീപ നിശാന്തിനെ പരിഹസിച്ച് കോൺഗ്രസ് എം.എൽ.എ അനിൽ അക്കര രംഗത്ത്. ‘എന്റെ കാളപെറ്റു, ആ കയറെടുത്തെ’ എന്ന തലക്കെട്ടോടെ തന്റെ വീട്ടിലെ കാളയുടെ ചിത്രം പങ്കുവെച്ചാണ് എംഎൽഎയുടെ പരിഹാസം. രമ്യ ഹരിദാസിനെതിരായ ദീപ നിശാന്തിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന് മറുപടിയായാണ് അനിൽ അക്കരയുടെ പോസ്റ്റ്. കേട്ടപാതി കേൾക്കാത്ത പാതി രമ്യക്കെതിരെ പോസ്റ്റിട്ട ദീപ നിശാന്തിന്റെ നടപടിയെയാണ് കോണ്‍ഗ്രസ് എംഎല്‍എ പരിഹസിക്കുന്നത്.‌

‘ദീപ ടീച്ചറേ നന്ദി’ എന്ന രമ്യ ഹരിദാസിന്റെ വ്യാജ ഫെയ്സ്ബുക്ക് പേജിൽ കുറിച്ചതോടയാണ് സംഭവങ്ങളുടെ തുടക്കം. എന്നാൽ രമ്യയുടെ പേരിൽ ആരോ തുടങ്ങിയ വ്യാജപേജിലെ പോസ്റ്റ് കണ്ട് ദീപ നിശാന്ത് രമ്യക്കെതിരെ തിരിഞ്ഞു. ‘വിജയാഹ്ലാദഭേരി മുഴക്കിക്കൊണ്ടുള്ള വാഹനങ്ങളിലെ അനൗൺസ്മെന്റ്. ശബരിമലയിൽ തെരുവുവേശ്യകളെ കയറ്റിയതിന് ഒരു നാടിന്റെ പ്രതികാരമാണീ വിജയം. നന്ദി വോട്ടർമാരേ നന്ദി. ചിരിച്ചുകൊണ്ട് കൈ വീശുന്ന ‘പെങ്ങളൂട്ടി. പെങ്ങളൂട്ടിയുടെ പേജിൽ സൈബർബുള്ളിയിങ്ങിന് വിശാലഭൂമികയൊരുക്കിക്കൊണ്ട് പെങ്ങളൂട്ടി വക ഈയുള്ളവളുടെ ചിത്രം സഹിതമുള്ള നന്ദി സമർപ്പണം. ഹൊ! കോരിത്തരിപ്പ് ഇപ്പോഴും വിട്ടിട്ടില്ല. എന്തായാലും അടുത്ത പുസ്തകത്തിന്റെ ടാഗ് ലൈൻ (തള്ള് ലൈൻ) റെഡി. ഒന്നരലക്ഷം വോട്ടിനു ഒരാളെ എം.പിയാക്കിയ ദീപാനിശാന്തിന്റെ പുതിയ പുസ്തകം. വീടിന്റെ മുന്നിൽ ഒരു ബോർഡ് തൂക്കുന്നുണ്ട്. ‘ചുരുങ്ങിയ ചിലവിൽ എം പിയാക്കിക്കൊടുക്കപ്പെടും. കടന്നു വരൂ കടന്നു വരൂ…’ ദീപ കുറിച്ചു.

എന്നാൽ വ്യാജ പേജിൽ വന്ന പോസ്റ്റിന് രമ്യക്ക് മറുപടി നൽകിയ ദീപാ നിശാന്തിന് അബദ്ധം പറ്റി. കാര്യങ്ങൾ വിശദമായി പരിശോധിക്കാതെ രമ്യക്കെതിരെ തിര‍ിഞ്ഞ ദിപ നിശാന്തിനെ പരിഹസിക്കുകയാണ് അനിൽ അക്കര എംഎൽഎ. ദീപ നിശാന്ത് തിരഞ്ഞെടുപ്പ് സമയത്ത് രമ്യയ്ക്കെതിരായി നടത്തിയ പ്രസ്താവന ഗുണം ചെയ്തെന്ന വിലയിരുത്തിലാണ് കോൺഗ്രസ് പ്രവർത്തകർ. ഇതോടെ ദീപയുടെ പേജിൽ ആശംസാപ്രവാഹം തുടങ്ങിയിരുന്നു.

വടകരയിലെ സ്വതന്ത്ര സ്ഥാനാർഥിയും മുൻ സിപിഎം പ്രാദേശിക നേതാവുമായിരുന്ന സി.ഒ.ടി നസീറിനെ വധിക്കാൻ ശ്രമിച്ച കേസിൽ രണ്ട് സിപിഎം പ്രവർത്തകർ അറസ്റ്റിൽ. പൊന്ന്യം പുല്ലോടിയിലെ അശ്വന്ത്, കൊളശേരി കളരിമുക്ക് സ്വദേശി സോജിത്ത് എന്നിവരാണ് അറസ്റ്റിലായത്. ആക്രമണത്തിൽ അശ്വന്ത് നേരിട്ട് പങ്കെടുക്കുകയും സോജിത്ത് സഹായങ്ങൾ ചെയ്ത് നല്‍കുകയുമാണ് ചെയ്തത്. സംഭവദിവസം അശ്വന്താണ് ബൈക്ക് ഓടിച്ചിരുന്നത്. ഈ ബൈക്കും പൊലീസ് കണ്ടെടുത്തു.

ആക്രമണത്തിൽ നേരിട്ട് പങ്കെടുത്ത മറ്റ് രണ്ടു പേർ ഒളിവിലാണ്. ഈ മാസം പതിനെട്ടിന് രാത്രിയിലാണ് നസീറിനെതിരെ വധശ്രമം നടന്നത്. സുഹൃത്തിനൊപ്പം സ്കൂട്ടറിൽ വീട്ടിലേക്ക് പോകുംവഴി തലശേരി കായ്യത്ത് റോഡിൽവച്ചാണ് ആക്രമണമുണ്ടായത്. സംഭവത്തിൽ പാർട്ടിക്ക് പങ്കില്ലെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ വ്യക്തമാക്കിയിരുന്നു

കൊച്ചി: ശബരിമല സ്ത്രീ പ്രവേശനം സംബന്ധിച്ച വിധിയും തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങളും എല്‍.ഡി.എഫിനെ തെരഞ്ഞെടുപ്പില്‍ വലിയ തിരിച്ചടിയുണ്ടാക്കിയെന്ന് കേരള കോണ്‍ഗ്രസ് (ബി) ചെയര്‍മാന്‍ ആര്‍.ബാലകൃഷ്ണപിള്ള. ശബരിമല വിഷയം തെരഞ്ഞെടുപ്പില്‍ നേരിട്ട് പ്രതിഫലിച്ചില്ലെങ്കിലും ഇടതുപക്ഷത്തിന് വിഷയം പ്രതികൂല സാഹചര്യം സൃഷ്ടിച്ചു. കേരളത്തിലെ മോദി വിരോധികളെല്ലാം കോണ്‍ഗ്രസിനാണ് വോട്ട് ചെയ്തതെന്നും അദ്ദേഹം വ്യക്തമാക്കി.

1957 മുതല്‍ തെരഞ്ഞെടുപ്പ് രംഗങ്ങളില്‍ സജീവമായി നിന്ന വ്യക്തിയാണ് ഞാന്‍. ഇതുപോലെ ആര്‍ക്കും ഊഹിക്കാന്‍ കഴിയാത്ത തെരഞ്ഞെടുപ്പ് മുന്‍പെങ്ങും ഉണ്ടായിട്ടില്ല. ചില വിഭാഗങ്ങള്‍ ഒരുഭാഗത്ത് ജാതി പറയുമ്പോള്‍ സ്വാഭാവികമായും എതിര്‍ഭാഗവും സംഘടിക്കും. അതും ഇവിടെയുണ്ടായി. മോദി പുറത്താകണമെന്ന് അത്യാഗ്രഹമുള്ളവരാണ് കേരളത്തിലെ ആളുകള്‍. ന്യൂനപക്ഷങ്ങള്‍ പ്രത്യേകിച്ചും. കോണ്‍ഗ്രസിന് എണ്ണം കൂടിയാലേ പ്രധാനമന്ത്രിയാകാന്‍ രാഹുലിനെ ക്ഷണിക്കൂ എന്ന പ്രചാരണം ശക്തമായിരുന്നു. അതു വിശ്വസിച്ച ജനം കേരളത്തില്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്തുവെന്നും പിള്ള പറഞ്ഞു.

ശബരിമല വിഷയത്തില്‍ എന്‍എസ്എസിനെ പൂര്‍ണ്ണമായും പിള്ള പിന്തുണയ്ക്കുകയും ചെയ്തു. എന്‍എസ്എസ് ശബരിമല വിഷയത്തിലെടുത്തത് ശരിയായ നിലപാടായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. കൂടാതെ ശബരിമല വിഷയത്തില്‍ ഇടതുപക്ഷം എടുത്ത തീരുമാനം തെറ്റായിരുന്നുവെന്നും അതാണ് തിരിച്ചടിക്ക് കാരണമെന്നും പിള്ള കൂട്ടിച്ചേര്‍ത്തു.

പാലക്കാട്: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പാലക്കാട് നേരിട്ട വന്‍ പരാജയത്തിനു പിന്നില്‍ ഗൂഢാലോചനയെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം.ബി.രാജേഷ്. അപ്രതീക്ഷിത തിരിച്ചടിയാണ് മണ്ഡലത്തിലുണ്ടായത്. മണ്ണാര്‍ക്കാട്ടെ വോട്ടു ചോര്‍ച്ച എല്ലാവരേയും ഞെട്ടിക്കുന്നതായിരുന്നു. അത്രത്തോളം മുന്നേറ്റം പാലക്കാട് മണ്ഡലത്തില്‍ മറ്റെവിടെയും ഉണ്ടായില്ല. പട്ടാമ്പിയിലും വോട്ടുചോര്‍ച്ചയുണ്ടായി.

പാലക്കാട് നിയമസഭാ മണ്ഡലം യു.ഡി.എഫിനെ പിന്തുണക്കുന്ന മേഖലയാണ്. അവിടെ ആ മുന്നേറ്റം അത്രത്തോളം പ്രതിഫലിച്ചുമില്ല. ഇക്കാര്യം വിശദമായി പരിശോധിക്കുമെന്നും രാജേഷ് പറഞ്ഞു. യു.ഡി.എഫ് സ്ഥാനാര്‍ഥി വി.കെ ശ്രീകണ്ഠന്‍ 11637 വോട്ടിനാണ് പാലക്കാട് വിജയിച്ചത്. മണ്ഡലത്തില്‍ ഗൂഢാലോചനയുണ്ടെന്ന കാര്യം നേരത്തേ പറഞ്ഞതാണ്. ചെര്‍പ്പുളശ്ശേരി പാര്‍ട്ടി ഓഫീസിലെ പീഡനകഥ ഗൂഢാലോചനയുടെ തെളിവാണ്. ഒരു സ്വാശ്രയ കോളേജ് മുതലാളിയാണ് അതിന് പിന്നിലെന്നും എം.ബി രാജേഷ് പറഞ്ഞു.

കേരളത്തില്‍ മൊത്തത്തിലുണ്ടായ യുഡിഎഫ് തരംഗം പാലക്കാട്ടും പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും എം.ബി രാജേഷ് പറഞ്ഞു. പാലക്കാട്, പട്ടാമ്പി, മണ്ണാര്‍ക്കാട് മണ്ഡലങ്ങളില്‍ നിന്നാണ് യുഡിഎഫ് സ്ഥാനാര്‍ഥി വി കെ ശ്രീകണ്ഠന് കൂടുതല്‍ വോട്ടുകള്‍ ലഭിച്ചത്.

ചങ്ങനാശേരി: പ്രധാനമന്ത്രിയാകുന്ന നരേന്ദ്രമോദിക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുക്കാനുള്ള നിയോഗം മാവേലിക്കര എം.പി. കൊടിക്കുന്നിൽ സുരേഷിന്‌ ലഭിച്ചേക്കും. പ്രോ ടേം സ്പീക്കറാണ് പ്രധാനമന്ത്രിക്ക് സത്യപ്രതിജ്ഞ ചൊല്ലിനൽകേണ്ടത്. ലോക്‌സഭാംഗങ്ങളിൽ സീനിയോറിറ്റിയുള്ള ആളാണ് പ്രോ ടേം സ്പീക്കറാകേണ്ടത്. കഴിഞ്ഞ സഭയിൽ കർണാടകയിൽനിന്നുള്ള മുനിയപ്പയായിരുന്നു സീനിയർ അംഗം. ഇക്കുറി മുനിയപ്പ ജയിക്കാത്തതിനാൽ കൊടിക്കുന്നിൽ പ്രോ ടേം സ്പീക്കറാകാൻ സാധ്യത ഏറെയാണ്. അങ്ങനെയായാൽ മോദിയെ പ്രതിജ്ഞ ചൊല്ലിക്കേണ്ട ചുമതല കൊടിക്കുന്നിലിനാകും.

അമ്പലപ്പുഴ: നിർമ്മാണ പ്രവർത്തനത്തിനിടെ മറിഞ്ഞുവീണ മിക്സ്ചർ മെഷിന്റെ അടിയിൽപ്പെട്ട് യുവാവു മരിച്ചു. പുന്നപ്ര വടക്കു പഞ്ചായത്ത് രണ്ടാം വാർഡ് കൂനംപുര വെളിയിൽ അനിൽകുമാറിന്‍റെ  മകൻ അഭിജിത്ത് (24) ആണ് അടിമാലിയിലുണ്ടായ അപകടത്തിൽ മരിച്ചത്. മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ. വെള്ളിയാഴ്ച പുലർച്ചെ പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം പുന്നപ്രയിലെ വീട്ടിലെത്തിക്കും.

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് കാലത്ത് പന്തയം വയ്ക്കലും ഒരു കലാപരിപാടിയാണ്. സ്ഥാനാര്‍ത്ഥികള്‍ ജയിക്കുമെന്ന് പറഞ്ഞു തുടങ്ങുന്നവര്‍ വലിയ പന്തയങ്ങള്‍ക്കും മടിക്കാറില്ല. പലരും വാക്ക് പാലിക്കാറില്ലെന്നതാണ് മറ്റൊരു കാര്യം. എന്നാല്‍ പന്തയത്തില്‍ പരാജയപ്പെട്ടതിനുപിന്നാലെ വാക്ക് പാലിച്ചിരിക്കുകയാണ് സംവിധായകന്‍ അലി അക്ബര്‍.

തലസ്ഥാന നഗരത്തില്‍ കുമ്മനം രാജശേഖരന്‍ ജയിക്കുമെന്നായിരുന്നു അക്ബറിന്‍റെ വാദം. കുമ്മനം പരാജയപ്പെട്ടാല്‍ തല മൊട്ടയടിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. തെരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ കുമ്മനം ശശി തരൂരിന്‍റെ പ്രഭാവത്തിന് മുന്നില്‍ എട്ടുനിലയില്‍ പൊട്ടുകയായിരുന്നു. ഇതോടെയാണ് വാക്ക് പാലിച്ച് അലി അക്ബര്‍ രംഗത്തെത്തിയത്. സോഷ്യല്‍ മീഡിയയിലൂടെ ഫോട്ടോ പങ്കുവച്ച് അദ്ദേഹം സംഘി ഡാ എന്നും കുറിച്ചു.

അലി അക്ബറിന്‍റെ കുറിപ്പ്

പ്രിയ കുമ്മനം എന്ന യോഗീശ്വരനെ തിരുവനന്തപുരംകാർ തോൽപ്പിക്കുമെന്ന് കരുതിയിരുന്നില്ല, പറഞ്ഞ വാക്ക് പാലിക്കുന്നു മൊട്ടയടിച്ചു,എത്ര തന്തക്കുപിറന്നവൻ എന്ന്‌ ചോദിക്കുന്നവരോട് പറയാം ഒറ്റത്തന്തയ്ക്ക്, ഇതേപോലെ പലതും പലരും പറഞ്ഞിരുന്നു അവരോടും ചോദിക്കണം എത്ര തന്തയ്ക്ക് പിറന്നവനെന്നു…
കൂടെ നിന്നവരോടും, മോദിയെ വീണ്ടും തിരഞ്ഞെടുത്തവർക്കും നന്ദി, കേരളത്തിൽ ബിജെപി എത്രവോട്ട് അധികമായി നേടി എന്നതൊക്കെ നമുക്ക് വഴിയേ വിലയിരുതതാം… കമ്മികൾ തോറ്റതിൽ ആഹ്ളാദിക്കാം..

ലോക്സഭാ തെരഞ്ഞെടുപ്പില്‍ നാല് എംഎല്‍എമാർ ജയിച്ചുകയറിയതോടെ സംസ്ഥാനത്ത് ആറ് നിയമസഭാ മണ്ഡലങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ് വരിക. എംഎല്‍എമാര്‍ ജയിച്ച വട്ടിയൂര്‍ക്കാവ്, എറണാകുളം, കോന്നി, അരൂര്‍ എന്നിവയ്ക്ക് പുറമേ നേരത്തേ ഒഴിവ് വന്ന പാലാ, മഞ്ചേശ്വരം എന്നി നിയമസഭാ മണ്ഡലങ്ങളിലുമാണ് വരുന്ന സെപ്റ്റംബർ, ഒക്ടോബോർ മാസത്തോടെ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പിൽ തകർന്നുതരിപ്പണമായിപ്പോയ എൽഡിഎഫിന് മുന്നിലെ മറ്റൊരു വെല്ലുവിളിയാകും ഈ ഉപതെരഞ്ഞെടുപ്പുകൾ.

സംസ്ഥാനത്തിന്‍റെ തെരഞ്ഞെടുപ്പ് ചരിത്രത്തിൽ തന്നെ ആദ്യമായിട്ടാണ് ഇത്രയുമധികം ഉപതെരഞ്ഞെടുപ്പുകൾക്ക് ഒന്നിച്ച് കളമൊരുങ്ങുന്നത്. തെക്കൻ കേരളത്തിൽ രണ്ടും മധ്യകേരളത്തിൽ മൂന്നും വടക്കൻ കേരളത്തിൽ ഒരു നിയമസഭാ മണ്ഡലത്തിലുമാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടി വരിക. തിരുവനന്തപുരം വട്ടിയൂർക്കാവ് എം എൽ എയായ കെ മുരളീധരൻ ലോക്സഭയിൽ വടകരയുടെ പ്രതിനിധിയായതോടെയാണ് ഇവിടെ ഉപതെര‌ഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. ബിജെപി ഏറെ പ്രതീക്ഷവയ്ക്കുന്നതും ഏറെ രാഷ്ട്രീയ അടിയൊഴുക്കുകൾക്ക് വിവാദങ്ങൾക്കും വളക്കൂറുളളതുമായ വട്ടിയൂർക്കാവിന്‍റെ മണ്ണിലേക്കാണ് ഉപതെരഞ്ഞെടുപ്പ് എത്തുന്നത്. ആറ്റിങ്ങലിൽ അടൂർ പ്രകാശ് ജയിച്ചതോടെയാണ് കോന്നിയിൽ ഉപതെരഞ്ഞെടുപ്പ് വേണ്ടിവരുന്നത്.

ആരിഫ് ആലപ്പുഴയിൽ ജയിച്ചു കയറിയതോടെയാണ് അരൂരിൽ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങുന്നത്. എന്നാൽ ഇത്തവണത്തെ ലോക്സഭാ തെരഞ്ഞെടുപ്പിൽ അരൂരിൽ ആരിഫ് പിന്നിലായത് ഇടതുമുന്നണിയെ ചിന്തിപ്പിക്കും. കെ എം മാണിയുടെ മരണത്തോടെ ഒഴിവുവന്ന പാലാ നിയമസഭാ മണ്ഡലമാണ് ഉപതെരഞ്ഞെടുപ്പ് കാക്കുന്ന മറ്റൊന്ന്. കെ എം മാണിയുടെ കുടുംബത്തിൽ നിന്ന് തന്നെ ആരെങ്കിലും മൽസരിക്കുമോ അതോ ജോസ് കെ മാണിയുടെ വിശ്വസ്തരാരെങ്കിലും തൽക്കാലത്തേക്ക് അങ്കക്കച്ചമുറുക്കുമോ എന്നേ അറിയേണ്ടതുളളൂ. കേന്ദ്രത്തിൽ വീണ്ടും ബിജെപി ഭരണത്തിലേറിയതോടെ രണ്ട് വർഷം മാത്രം അകലെയുളള നിയമസഭാ തെരഞ്ഞെടുപ്പിലേക്കും മാണി കുടുംബത്തിന്‍റെ ഇനിയുളള കണ്ണും കാതും.

എറണാകുളത്ത് ഹൈബി ഈ‍ഡന്‍റെ പകരക്കാരനാകാൻ കോൺഗ്രസിൽ ഇപ്പോൾത്തന്നെ ഇടി തുടങ്ങിക്കഴിഞ്ഞു. പ്രത്യേകിച്ചും ലോക്സഭാ തെരഞ്ഞെടുപ്പിൽ എറണാകുളം നിയമസഭാ മണ്ഡലത്തിൽ നിന്ന്മാത്രം യുഡിഎഫിന് കിട്ടിയ ഭൂരിപക്ഷം സ്ഥാനാർഥിമോഹികളെയെല്ലാം കളത്തിലിറക്കും. മഞ്ചേശ്വരമാണ് വടക്കൻ കേരളത്തിൽ ഉപതെരഞ്ഞെടുപ്പ് കാക്കുന്ന നിയമസഭാ മണ്ഡലം. നിലവിലെ തെരഞ്ഞെടുപ്പ് കേസ് പിൻവലിക്കാമെന്ന് കെ സുരേന്ദ്രൻ സമ്മതിച്ചതോടെ ഹൈക്കോടതിയുടെ അന്തിമ അനുമതിയേ ശേഷിക്കുന്നുളളു. എന്തായാലും രണ്ടുവർഷം ഇനിയും ശേഷിക്കുന്ന എൽഡിഎഫ് സർക്കാരിന് മുന്നില്‍ ഈ ഉപതെരഞ്ഞെടുപ്പുകൾ വെല്ലുവിളിയാകും എന്ന് ഉറപ്പാണ്.

ആലപ്പുഴ: സിപിഎമ്മിന് ആശ്വാസ വിജയം നൽകി മാനം കാത്തിരിക്കുകയാണ് ആലപ്പുഴയിലെ എൽഡിഎഫ് സ്ഥാനാർഥി എഎം ആരിഫ്. സംസ്ഥാനത്തെ ഇരുപതിൽ പത്തൊൻപത് മണ്ഡലങ്ങളിലും യുഡിഎഫ് ശക്തമായ മുന്നേറ്റം നടത്തിയപ്പോഴും എഐസിസി സെക്രട്ടറി കെസി വേണുഗോപാലിന്റെ സിറ്റിംഗ് മണ്ഡലമായ ആലപ്പുഴയിൽ യുഡിഎഫ് സ്ഥാനാർഥി ഷാനിമോൾ ഉസ്മാനെ കടുത്ത മത്സരത്തിലൂടെ പരാജയപ്പെടുത്തിയാണ് എഎം ആരിഫ് വിജയക്കൊടി പാറിച്ചത്. കേരളത്തിൽ ഇടതുപക്ഷം അപ്പാടെ തകർന്നടിഞ്ഞപ്പോഴും വിപ്ലവഭൂമി തിരികെപ്പിടിച്ച ആരിഫിന് അഭിവാദ്യങ്ങളർപ്പിച്ചുകൊണ്ട് അണികളും നേതാക്കളും തോൽവിക്കിടയിലും ആശ്വാസം കണ്ടെത്തുന്നുണ്ട്.

കോൺഗ്രസ് പാർട്ടിക്ക് നിർണ്ണായകമായ തെരെഞ്ഞെടുപ്പിൽ സ്ഥാനാർഥി നിർണ്ണയം മുതലേ നേതൃത്വം വിജയം ലക്‌ഷ്യം വച്ചിരുന്നു. എൽഡിഎഫ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച ശേഷം വളരെ കരുതലോടെയാണ് കോൺഗ്രസ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്. ആലപ്പുഴയിലും ആരിഫിനെതിരെ ശക്തമായ പ്രചരണം കോൺഗ്രസ് നടത്തിയിരുന്നു. ഇതിനെയല്ലാം അതിജീവിച്ചാണ് ആരിഫ് ആലപ്പുഴയുടെ മണ്ണിൽ ചെങ്കൊടി പാറിച്ചത്. ഒളിഞ്ഞും തെളിഞ്ഞും രഹസ്യമായും പരസ്യമായും ആരിഫിനെതിരെ കോൺഗ്രസ് ആക്രമണങ്ങൾ അഴിച്ചുവിട്ടിരുന്നു. ഇവയെല്ലാം മറികടന്നാണ് ആരിഫിന്റെ വിജയം എന്നതാണ് ശ്രദ്ധേയം.

ആലപ്പുഴയിൽ വിജയിക്കാൻ എൽഡിഎഫിന് നിർണായകമായത് എസ്എൻഡിപി വോട്ടുകൾ തന്നെയാണ്. വെള്ളാപ്പള്ളി നടേശന്റെ പിന്തുണ ആലപ്പുഴയിൽ വലിയ സ്വാധീനമുണ്ടാക്കി. ബിജെപിക്കും കോൺഗ്രസിനുമെതിരെയുള്ള വെള്ളാപ്പള്ളിയുടെ വിമർശനങ്ങൾ ഏറ്റുപിടിച്ചതാണ് വോട്ടുകൾ ചോരാതെ ആരിഫിന് തന്നെ വന്നുചേർന്നു എന്നത് എൽഡിഎഫിനെ വലിയൊരപകടത്തിൽ നിന്നുമാണ് രക്ഷിച്ചത്. എന്തായാലും മുന്നണിയിലെ ഏക ജേതാവായ ആരിഫിന് പാർട്ടിയിൽ ഇനി മികച്ച സ്ഥാനമായിരിക്കും ലഭിക്കുക എന്നുറപ്പാണ്. ഇതിനൊപ്പം തന്നെ എസ്എൻഡിപി സെക്രട്ടറി വെള്ളാപ്പള്ളി നടേശനും ഇനി ഇടതുപക്ഷത്തെ പ്രധാന ഘടകമായി മാറും എന്നുള്ള കാര്യത്തിൽ സംശയമില്ല.

Copyright © . All rights reserved