Kerala

കൊച്ചി: എറണാകുളം നഗരത്തിലെ ഒരു ലോഡ്ജിൽ അനാശാസ്യ പ്രവർത്തനം നടത്തിയെന്ന പരാതിയിൽ മൂന്ന് യുവതികളടക്കം അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കൊൽക്കത്ത സ്വദേശികളായ മൂന്ന് യുവതികളും ഇടപാടുകാരനായ പാലക്കാട് സ്വദേശിയും ലോഡ്ജിലെ ഒരു ജീവനക്കാരനുമാണ് സെൻട്രൽ പൊലീസിന്റെ പിടിയിലായത്. എറണാകുളം നഗരമധ്യത്തിൽ പ്രവർത്തിക്കുന്ന ലോഡ്ജിൽ നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.

വളഞ്ഞമ്പലം ഭാഗത്ത് സ്വകാര്യ ആശുപത്രിക്ക് സമീപമുള്ള ലോഡ്ജിൽ സെൻട്രൽ എസ്.എച്ച്.ഒ അനീഷ് ജോയിയുടെ നേതൃത്വത്തിൽ നടത്തിയ മിന്നൽ പരിശോധനയിലാണ് നടപടി. എറണാകുളം സൗത്ത് മേഖലയിൽ ചില ലോഡ്ജുകൾ കേന്ദ്രീകരിച്ച് അനാശാസ്യ പ്രവർത്തനങ്ങൾ നടക്കുന്നുവെന്ന പരാതിയെ തുടർന്നായിരുന്നു റെയ്ഡ്. പൊലീസ് എത്തുമ്പോൾ ഒരു മുറിയിൽ പാലക്കാട് സ്വദേശിയും ഒരു യുവതിയും ഉണ്ടായിരുന്നതായി കണ്ടെത്തി. മറ്റ് രണ്ട് യുവതികൾ ഇടപാടുകാർക്കായി കാത്തിരിക്കുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. മണിക്കൂർ അടിസ്ഥാനത്തിലായിരുന്നു ഇടപാടുകൾ.

അറസ്റ്റിലായ യുവതികളെ അഭയ കേന്ദ്രത്തിലേക്ക് മാറ്റുമെന്നും മറ്റ് പ്രതികളെ കോടതിയിൽ ഹാജരാക്കുമെന്നും പൊലീസ് അറിയിച്ചു. റെയ്ഡ് സമയത്ത് ലോഡ്ജ് ഉടമ സ്ഥലത്തുണ്ടായിരുന്നില്ല. ഇയാൾക്കെതിരെ അനാശാസ്യ കേന്ദ്രം നടത്തിയതടക്കമുള്ള കുറ്റങ്ങൾ ചുമത്തും. നേരത്തെ താക്കീത് നൽകിയിട്ടും സമീപ പ്രദേശങ്ങളിൽ ഇത്തരം പ്രവർത്തനങ്ങൾ തുടരുന്നതായും, ചില ചെറുകിട ലോഡ്ജുകളിൽ മണിക്കൂർ നിരക്കിൽ സൗകര്യം ഒരുക്കുന്നതായും പൊലീസ് വ്യക്തമാക്കി.

ഇടുക്കി: ഇടുക്കി നാരകക്കാനത്ത് വിനോദസഞ്ചാരികളുടെ ബസ് അപകടത്തിൽപ്പെട്ടു. തിരുവനന്തപുരത്തുനിന്ന് ഇടുക്കിയിലേക്ക് വിനോദയാത്രക്കെത്തിയ സംഘത്തിന്റെ ബസാണ് നിയന്ത്രണം നഷ്ടപ്പെട്ട് റോഡരികിലെ തിട്ടയിൽ ഇടിച്ചത്. അപകടത്തിൽ 18 പേർക്ക് പരിക്കേറ്റു.

പരിക്കേറ്റവരെ ഉടൻ തന്നെ ഇടുക്കി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. എല്ലാവരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് ആശുപത്രി വൃത്തങ്ങൾ അറിയിച്ചത്. അപകട വാർത്ത അറിഞ്ഞ് നാട്ടുകാരും രക്ഷാപ്രവർത്തനത്തിന് രംഗത്തെത്തി.

കാൽവരി മൗണ്ടിൽ നിന്ന് രാമക്കൽമേട്ടിലേക്ക് യാത്ര ചെയ്യുന്നതിനിടെയാണ് അപകടം ഉണ്ടായത്. ഗൂഗിൾ മാപ്പ് പിന്തുടർന്ന് ഇടുങ്ങിയ വഴിയിലൂടെ സഞ്ചരിക്കുന്നതിനിടെയാണ് ബസ് തിട്ടയിൽ ഇടിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. ഇടുക്കി പൊലീസ് സ്ഥലത്തെത്തി രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.

ശബരിമല: ശബരിമലയിലെ ദ്വാരപാലക ശില്പങ്ങളിൽ പൊതിഞ്ഞിരുന്ന സ്വർണ്ണത്തിന്റെ അളവിൽ ഗണ്യമായ കുറവുണ്ടെന്ന നിർണ്ണായക കണ്ടെത്തലുമായി വിക്രം സാരാഭായ് സ്‌പേസ് സെന്റർ (വിഎസ്എസ്സി) തയ്യാറാക്കിയ ശാസ്ത്രീയ പരിശോധനാ റിപ്പോർട്ട്. 1998ൽ ശില്പങ്ങളിൽ പൊതിഞ്ഞ സ്വർണ്ണത്തിന്റെ ഭാരവും നിലവിലെ ഭാരവും തമ്മിൽ വലിയ വ്യത്യാസമുണ്ടെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. പ്രത്യേകിച്ച് ദ്വാരപാലക ശില്പങ്ങളിലും കട്ടിള പാളികളിലാണ് സ്വർണ്ണക്കുറവ് കണ്ടെത്തിയത്. 1998ൽ സ്വർണം പൊതിഞ്ഞ മറ്റ് പാളികളുമായി നടത്തിയ താരതമ്യ പരിശോധനയിലാണ് ഈ കണ്ടെത്തൽ.

ദ്വാരപാലക ശില്പങ്ങൾ, കട്ടിള പാളികൾ തുടങ്ങിയ 15 സാമ്പിളുകളുടെ പരിശോധനാഫലമാണ് റിപ്പോർട്ടിലുള്ളത്. ചെമ്പുപാളികളിലെ സ്വർണ്ണത്തിന്റെ അളവും അതിന്റെ പഴക്കവും വിലയിരുത്തിയ പഠനം ശബരിമലയിൽ വലിയ തോതിലുള്ള സ്വർണ്ണക്കൊള്ള നടന്നിട്ടുണ്ടെന്ന സംശയം ശക്തിപ്പെടുത്തുന്നു. അയ്യപ്പന്റെ മുന്നിൽ കാവൽ നിൽക്കുന്ന ശില്പങ്ങളിൽ പൊതിഞ്ഞിരുന്ന പഴയ സ്വർണ്ണമാണ് കാണാതായതെന്നതാണ് പ്രധാന കണ്ടെത്തൽ.

വിഎസ്എസ്സി സീൽ ചെയ്ത കവറിൽ നൽകിയ പരിശോധനാഫലം കഴിഞ്ഞ ദിവസം കൊല്ലം വിജിലൻസ് കോടതിയിൽ സമർപ്പിച്ചിരുന്നു. പിന്നീട് കോടതി റിപ്പോർട്ട് പ്രത്യേക അന്വേഷണ സംഘത്തിന് (SIT) കൈമാറി. ഈ റിപ്പോർട്ട് നാളെ ഹൈക്കോടതിയിൽ സമർപ്പിക്കും. കാണാതായ യഥാർത്ഥ സ്വർണ്ണം എവിടേക്ക് പോയി, പകരം വെച്ചിരിക്കുന്നത് പുതിയ സ്വർണ്ണമാണോ തുടങ്ങിയ കാര്യങ്ങളാണ് ഇനി അന്വേഷണ സംഘം കണ്ടെത്തേണ്ടത്. കേസിന്റെ തുടർനടപടികൾ തീരുമാനിക്കുന്നതിൽ ഈ റിപ്പോർട്ട് നിർണ്ണായകമാകും.

തിരുവനന്തപുരം: എൻഎസ്എസ്–എസ്എൻഡിപി ഐക്യ നീക്കം വീണ്ടും സജീവമാകുന്നു. വെള്ളാപ്പള്ളി നടേശനും എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരും ഉടൻ കൂടിക്കാഴ്ച നടത്തുമെന്നാണ് സൂചന. കൂടിക്കാഴ്ചയ്ക്ക് ശേഷം ഐക്യവുമായി ബന്ധപ്പെട്ട അന്തിമ തീരുമാനമെടുക്കുന്നത് എൻഎസ്എസ് ഡയറക്ടർ ബോർഡായിരിക്കും. സംഘടനയുടെ അടിസ്ഥാന തത്വങ്ങൾ ഉറപ്പാക്കണം എന്നതാണ് എൻഎസ്എസിന്റെ പൊതുനിലപാട്. അതേസമയം, വെള്ളാപ്പള്ളിയുടെ ചില പരാമർശങ്ങളോട് എൻഎസ്എസിന് യോജിപ്പില്ലെങ്കിലും, സുകുമാരൻ നായർ അനുകൂല നിലപാട് സ്വീകരിച്ചതിൽ എസ്എൻഡിപിക്ക് പ്രതീക്ഷയുണ്ട്.

കഴിഞ്ഞ ദിവസം വെള്ളാപ്പള്ളി നടേശനുമായി ചർച്ചയ്ക്ക് തയ്യാറാണെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി വ്യക്തമാക്കിയിരുന്നു. വെള്ളാപ്പള്ളി ആവശ്യപ്പെടുകയാണെങ്കിൽ ചർച്ച നടത്തി ഐക്യത്തിന് തീരുമാനമെടുക്കാമെന്നും അദ്ദേഹം പറഞ്ഞു. വെള്ളാപ്പള്ളിയുടെ പ്രായത്തെ ബഹുമാനിക്കണമെന്നും, അദ്ദേഹത്തെ വിമർശിക്കുമ്പോൾ രാഷ്ട്രീയ നേതാക്കൾ ജാഗ്രത പാലിക്കണമെന്നും സുകുമാരൻ നായർ വ്യക്തമാക്കി. എന്നാൽ, അദ്ദേഹത്തിന്റെ എല്ലാ പ്രസ്താവനകളോടും യോജിപ്പില്ലെന്നും കൂട്ടിച്ചേർത്തു.

എൻഎസ്എസ്–എസ്എൻഡിപി ഐക്യം തകർത്തത് യുഡിഎഫ് ആണെന്ന വെള്ളാപ്പള്ളിയുടെ ആരോപണത്തിൽ പ്രതികരിക്കാൻ സുകുമാരൻ നായർ തയ്യാറായില്ല. നിയമസഭാ തിരഞ്ഞെടുപ്പിൽ എൻഎസ്എസ് ‘സമദൂരം’ തുടരുകയും വർഗീയതയ്‌ക്കെതിരായ നിലപാടിൽ ഉറച്ചുനിൽക്കുകയും ചെയ്യുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഐക്യ നീക്കത്തിന് പിന്നിൽ സിപിഎമ്മിന്റെ പങ്കുണ്ടെന്ന സൂചനകളും ഉയരുന്നുണ്ട്. വിഷയത്തിൽ സൂക്ഷ്മമായി നീങ്ങാനാണ് കോൺഗ്രസിന്റെ ശ്രമം.

പത്തനംതിട്ട: മൂന്നാമത്തെ ലൈംഗിക പീഡനക്കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്ക് ജാമ്യം നിഷേധിച്ചു. രാഹുലിനെതിരെ മുൻപും സമാന സ്വഭാവമുള്ള പരാതികൾ നിലനിൽക്കുന്നുവെന്ന പ്രോസിക്യൂഷൻ വാദം അംഗീകരിച്ച തിരുവല്ല മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യഹർജി തള്ളിയത്. ഇതോടെ രാഹുൽ മാവേലിക്കര ജയിലിൽ തുടരും. ജാമ്യം തേടി തിങ്കളാഴ്ച പത്തനംതിട്ട സെഷൻസ് കോടതിയെ സമീപിക്കാനാണ് പ്രതിഭാഗത്തിന്റെ തീരുമാനം.

പരാതിക്കാരിയുമായി ഉഭയസമ്മത പ്രകാരമുള്ള ബന്ധമാണുണ്ടായിരുന്നതെന്നും ചട്ടവിരുദ്ധമായ അറസ്റ്റാണുണ്ടായതെന്നും പ്രതിഭാഗം കോടതിയിൽ വാദിച്ചു. ഇതിന് പിന്തുണയായി ശബ്ദരേഖകളും ചാറ്റ് വിവരങ്ങളും ഹാജരാക്കി. എന്നാൽ സമാന വകുപ്പുകൾ ചുമത്തിയ മറ്റ് രണ്ട് കേസുകൾ രാഹുലിനെതിരെ നിലവിലുണ്ടെന്ന ക്രൈം ബ്രാഞ്ചിന്റെ വാദം പരിഗണിച്ച കോടതി, സ്ഥിരം കുറ്റവാളിയെന്ന പ്രോസിക്യൂഷൻ ആരോപണത്തിന് പ്രാഥമികമായി കഴമ്പുണ്ടെന്ന് വിലയിരുത്തുകയായിരുന്നു.

ജാമ്യം നൽകിയാൽ എംഎൽഎ എന്ന സ്ഥാനത്തിന്റെ സ്വാധീനം ഉപയോഗിച്ച് പരാതിക്കാരിയെ ഭീഷണിപ്പെടുത്താനും തെളിവുകൾ നശിപ്പിക്കാനും സാധ്യതയുണ്ടെന്ന പ്രോസിക്യൂഷൻ വാദവും കോടതി ഗൗരവമായി പരിഗണിച്ചു. പരാതിക്കാരിയുടെ മൊഴി സിഡിയിലാക്കി പ്രോസിക്യൂഷൻ ഹാജരാക്കിയിട്ടുണ്ട്. വീഡിയോ കോൺഫറൻസിംഗ് വഴി രഹസ്യ മൊഴി രേഖപ്പെടുത്തണമെന്നാവശ്യപ്പെട്ട് പരാതിക്കാരി കോടതിയെ സമീപിച്ചിട്ടുമുണ്ട്. മജിസ്ട്രേറ്റ് കോടതിയിൽ നിന്ന് ജാമ്യം ലഭിക്കുമെന്ന പ്രതീക്ഷ പ്രതിഭാഗത്തിനില്ലായിരുന്നുവെന്നും ജില്ലാ കോടതിയിലാണ് ഇനി നിയമനടപടികൾ തുടരുകയെന്നും അറിയിച്ചു.

ആലപ്പുഴ: ശബരിമലയിലെ വാജിവാഹനം തന്ത്രിക്ക് കൈമാറിയതിന്റെ മുഴുവൻ ഉത്തരവാദിത്വവും അന്നത്തെ ദേവസ്വം ബോർഡിലെ കോൺഗ്രസ് പ്രതിനിധികളായ പ്രയാർ ഗോപാലകൃഷ്ണനും അജയ് തറയിലിനുമാണെന്ന് ദേവസ്വം ബോർഡ് മുൻ അംഗം കെ. രാഘവൻ പറഞ്ഞു. വാജിവാഹനം കൈമാറുന്നതുമായി ബന്ധപ്പെട്ട ഒരു ചർച്ച പോലും താൻ പങ്കെടുത്ത ബോർഡ് യോഗങ്ങളിൽ നടന്നിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

പഴയ കൊടിമരം മാറ്റി പുതിയത് സ്ഥാപിക്കാനുള്ള തീരുമാനം താൻ ബോർഡിൽ അംഗമാകുന്നതിന് മുൻപാണ് എടുത്തതെന്നും ആ യോഗങ്ങളിൽ താൻ ഉണ്ടായിരുന്നില്ലെന്നും രാഘവൻ പറഞ്ഞു. അന്നത്തെ ഭരണ ചുമതല പ്രയാറിനും അജയ് തറയിലിനുമായിരുന്നു. വാജിവാഹനം കൈമാറലോ കൊടിമര നിർമ്മാണമോ സംബന്ധിച്ച വിഷയങ്ങൾ ബോർഡ് യോഗങ്ങളിൽ എത്തിയിട്ടില്ല. സിപിഎം പ്രതിനിധിയായിരുന്ന തനിക്ക് ഇതുസംബന്ധിച്ച് യാതൊരു അറിവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ, വാജിവാഹനം കീഴ്‌വഴക്കമനുസരിച്ചും രാഘവന്റെ അറിവോടെയുമാണ് കൈമാറിയതെന്നായിരുന്നു അജയ് തറയിലിന്റെ മുൻ വിശദീകരണം. കോൺഗ്രസ് പ്രതിനിധികൾക്ക് ബോർഡിൽ ഭൂരിപക്ഷമുണ്ടായിരുന്നതിനാൽ പല തീരുമാനങ്ങളും താനറിയാതെയെടുത്തതാകാമെന്നും രാഘവൻ പ്രതികരിച്ചു.

ദേവസ്വം ബോർഡിന്റെ വസ്തുവകകൾ പുറത്തേക്ക് കൊണ്ടുപോകരുതെന്ന കർശന ഉത്തരവ് നിലനിൽക്കെയാണ് വാജിവാഹനം തന്ത്രിക്ക് കൈമാറിയതെന്നാണ് ആരോപണം. ശബരിമലയിലെ സ്വർണ്ണക്കൊള്ള കേസുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുന്ന പ്രത്യേക സംഘം ഈ വിഷയവും പരിശോധിക്കുന്നുണ്ട്. വാജിവാഹനം തന്റെ പക്കലുണ്ടെന്നും തിരികെ നൽകാൻ തയ്യാറാണെന്നും തന്ത്രി നേരത്തെ അറിയിച്ചിരുന്നു. പ്രയാർ ഗോപാലകൃഷ്ണൻ അന്തരിച്ച സാഹചര്യത്തിൽ, അജയ് തറയിലിന്റെ വിശദീകരണം നിർണായകമാകുമെന്നാണ് വിലയിരുത്തൽ. അതേസമയം, ഫീനിക്‌സ് ഗ്രൂപ്പ് പൂർണ്ണമായി സ്‌പോൺസർ ചെയ്ത കൊടിമരത്തിന്റെ പേരിൽ പ്രത്യേക പണപ്പിരിവ് നടന്നതായും ആരോപണമുണ്ട്.

കൊച്ചി: പോണേക്കര പെരുമനത്താഴത്ത് വാടകയ്ക്ക് താമസിച്ചിരുന്ന ആലപ്പുഴ പാണാവള്ളി ആഞ്ഞിലിത്തുരുത്ത് വീട്ടിൽ പവിശങ്കർ (33)യും ആറുവയസ്സുള്ള മകൾ വാസുകിയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. പവിശങ്കറിനെ തൂങ്ങിയ നിലയിലും വാസുകിയെ കട്ടിലിൽ ചലനമറ്റ നിലയിലുമാണ് കണ്ടെത്തിയത്. മകളെ കൊലപ്പെടുത്തിയ ശേഷം പവിശങ്കർ ആത്മഹത്യ ചെയ്തതാകാമെന്ന സംശയത്തിലാണ് പോലീസ്.

വെള്ളിയാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം പുറത്തറിഞ്ഞത്. എറണാകുളത്തെ ഒരു സ്വകാര്യ കമ്പനിയിൽ സെയിൽസ് എക്സിക്യുട്ടീവായിരുന്നു പവിശങ്കർ. ഭാര്യ സ്നാഷ കൊച്ചിയിലെ ഒരു മാളിലെ കോസ്മെറ്റിക്സ് സ്ഥാപനത്തിൽ ജോലി ചെയ്യുന്നു. കഴിഞ്ഞ ദിവസം വൈകിട്ട് സ്നാഷ പൂത്തോട്ടയിലെ വീട്ടിലേക്ക് പോയിരുന്നു. പിന്നാലെ താനും മകളും വരുമെന്ന സന്ദേശം പവിശങ്കർ അയച്ചതിനെ തുടർന്ന് സ്നാഷ രാത്രിയിൽ തന്നെ പോണേക്കരയിലെ വീട്ടിലെത്തിയെങ്കിലും വാതിൽ പൂട്ടിയ നിലയിലായിരുന്നു.

രാത്രി മുഴുവൻ കാത്തിരുന്നിട്ടും പ്രതികരണം ലഭിക്കാത്തതിനെ തുടർന്ന് രാവിലെ ബന്ധുവിനെ വിളിച്ചുവരുത്തി വാതിൽ തുറന്നപ്പോഴാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടത്. വിവരം അറിയിച്ചതിനെ തുടർന്ന് എളമക്കര പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടത്തി മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി. കളമശ്ശേരി മെഡിക്കൽ കോളേജിൽ പോസ്റ്റ്‌മോർട്ടത്തിനുശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകും. വാസുകി ഒന്നാം ക്ലാസ് വിദ്യാർഥിനിയായിരുന്നു. പവിശങ്കറിന്റെ അച്ഛൻ മുരളിയും അമ്മ ഷൈലജയും സഹോദരി പ്രവീണയുമാണ്.

കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസുമായി ബന്ധപ്പെട്ട് വിഎസ്എസ്‌സി നടത്തിയ ശാസ്ത്രീയ പരിശോധനയുടെ റിപ്പോർട്ട് ഇന്ന് അന്വേഷണ സംഘത്തിന് കൈമാറും. ഇന്നലെയാണ് വിഎസ്എസ്‌സിയിൽ നിന്നുള്ള പരിശോധനാഫലം സീൽ ചെയ്ത കവറിൽ കൊല്ലം വിജിലൻസ് കോടതിയിൽ സമർപ്പിച്ചത്. കോടതിയിൽ ലഭിച്ച ഈ റിപ്പോർട്ട് ഇന്ന് പ്രത്യേക അന്വേഷണ സംഘത്തിന് (എസ്ഐടി) കൈമാറും.

റിപ്പോർട്ട് വിശദമായി പരിശോധിച്ചതിന് ശേഷമായിരിക്കും തുടർനടപടികൾ തീരുമാനിക്കുക. പത്തൊൻപതാം തീയതി ഹൈക്കോടതിയിൽ സമർപ്പിക്കേണ്ട അന്വേഷണ പുരോഗതി റിപ്പോർട്ടിൽ ഈ ശാസ്ത്രീയ പരിശോധനാ ഫലവും ഉൾപ്പെടുത്തും. അന്വേഷണത്തിന്റെ ദിശ തന്നെ നിർണ്ണയിക്കുന്ന നിർണായക രേഖയാണിതെന്ന് അന്വേഷണ സംഘം വ്യക്തമാക്കി.

ശബരിമലയിൽ ഉപയോഗിച്ച സ്വർണ്ണപാളികൾ മാറ്റിയിട്ടുണ്ടോയെന്നും ഇപ്പോൾ ഉള്ളത് പഴയ പാളികളാണോ പുതിയതാണോയെന്നും പാളികളിലെ സ്വർണ്ണത്തിന്റെ അളവ് എത്രയാണെന്നും വ്യക്തമാക്കുന്നതാണ് നടത്തിയ പരിശോധന. അതേസമയം, തിരുവനന്തപുരം സ്വകാര്യ ആശുപത്രിയിൽ റിമാൻഡിൽ കഴിയുന്ന മുൻ ദേവസ്വം ബോർഡ് അംഗം കെപി ശങ്കരദാസിനെ ഇന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റും. ജയിൽ ഡോക്ടറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് മാറ്റം.

മലപ്പുറം: കരുവാരക്കുണ്ടിൽ നിന്ന് കാണാതായ പതിനാലുകാരിയുടെ മൃതദേഹം റെയിൽവേ ട്രാക്കിൽ നിന്ന് കണ്ടെത്തി. പാണ്ടിക്കാട് റെയിൽവേ ട്രാക്കിന് സമീപത്താണ് മൃതദേഹം കണ്ടെത്തിയത്. കൈകൾ കൂട്ടിക്കെട്ടിയ നിലയിലായിരുന്ന മൃതദേഹത്തിൽ സ്കൂൾ യൂണിഫോം ധരിച്ചിരുന്നതായും പോലീസ് അറിയിച്ചു.

കഴിഞ്ഞ ദിവസമാണ് കരുവാരക്കുണ്ടിൽ നിന്ന് ഒൻപതാം ക്ലാസ് വിദ്യാർഥിനിയെ കാണാതായത്. ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിരുന്നു. തിരച്ചിലിനിടെയാണ് റെയിൽവേ ട്രാക്കിന് സമീപം മൃതദേഹം കണ്ടെത്തിയത്.

സംഭവത്തിൽ കൊലപാതകമാണെന്ന നിഗമനത്തിലാണ് പോലീസ്. കേസുമായി ബന്ധപ്പെട്ട് പതിനാറ് വയസുള്ള ഒരു ബാലനെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ വ്യക്തമാക്കാൻ അന്വേഷണം പുരോഗമിക്കുകയാണ്.

കൊല്ലം: ശാസ്താംകോട്ടയിൽ മാനസിക ദൗർബല്യമുള്ള യുവാവിനെ അച്ഛനും സഹോദരനും ചേർന്ന് കൊലപ്പെടുത്തിയതായി പോലീസ് സ്ഥിരീകരിച്ചു. മാലീത്തറ ഉന്നതിയിൽ രാമകൃഷ്ണന്റെ മകൻ സന്തോഷ് (35) ആണ് വീട്ടിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സന്തോഷ് മാനസിക രോഗത്തിനുള്ള ചികിത്സയിലായിരുന്നു എന്നും സ്ഥിരമായി മരുന്ന് കഴിച്ചുവരികയാണെന്നും പോലീസ് അറിയിച്ചു.

സംഭവസമയത്ത് വീട്ടിൽ രാമകൃഷ്ണനും മൂത്ത മകൻ സനലും (36) സന്തോഷും മാത്രമാണ് ഉണ്ടായിരുന്നത്. സഹോദരങ്ങൾ തമ്മിലുണ്ടായ സംഘർഷം നിയന്ത്രിക്കാൻ ശ്രമിക്കുന്നതിനിടെയാണ് സംഭവം ഉണ്ടായതെന്ന് പോലീസ് പറഞ്ഞു. സന്തോഷിന്റെ ആക്രമണം സഹിക്കാൻ കഴിയാതെയാണ് രാത്രി കമ്പിവടി ഉപയോഗിച്ച് തലയ്ക്കടിച്ചതെന്നാണ് പിതാവായ രാമകൃഷ്ണന്റെ മൊഴി.

പലതവണ തടയാൻ ശ്രമിച്ചെങ്കിലും സന്തോഷ് കൂടുതൽ അക്രമാസക്തനായതോടെ അച്ഛനും സഹോദരനും ചേർന്ന് ഇയാളെ കട്ടിലിൽ പിടിച്ചുകിടത്തി കെട്ടിയിട്ടുവെന്നും, ബഹളം അടങ്ങാതായപ്പോൾ കണ്ണിൽ മുളകുപൊടി ഇടുകയും വീണ്ടും തലയ്ക്ക് അടിക്കുകയും ചെയ്തുവെന്നും പോലീസ് വ്യക്തമാക്കി. മൂന്നാമത്തെ അടിയിലാണ് തലക്ക് ഗുരുതരമായി പരിക്കേറ്റതെന്ന് പറയുന്നു. രാവിലെയാണ് സംഭവം പുറത്തറിഞ്ഞത്. സ്ഥലത്തെത്തിയ പോലീസ് രാമകൃഷ്ണനെയും സനലിനെയും കസ്റ്റഡിയിലെടുത്ത് തുടർനടപടികൾ ആരംഭിച്ചു.

RECENT POSTS
Copyright © . All rights reserved