Kerala

കാട്ടാനശല്യം കൊണ്ട് പൊറുതി മുട്ടിയിരിക്കുകയായിരുന്നു ഷോളയൂര്‍ ദീപ്തി കോണ്‍വെന്റിലെ അന്തേവാസികള്‍. ഒരു മാസത്തിനിടെ 10 തവണയാണ് ഇവരുടെ കോണ്‍വെന്റ് വളപ്പില്‍ കാട്ടാനയെത്തിയത്. അവസാനം ഗതികെട്ടപ്പോഴാണ് കോണ്‍വെന്റിലെ അന്തേവാസിയായ സിസ്റ്റര്‍ റിന്‍സി മന്ത്രി കെ രാജുവിന്റെ വാഹനം ഒറ്റക്ക് തടഞ്ഞത്. ഷോളയൂരില്‍ ക്ഷീര കര്‍ഷക സംഗമം ഉദ്ഘാടനം ചെയ്യാനെത്തിയ മന്ത്രിയെ വേദിയിലേക്കുള്ള റോഡിലാണ് സിസ്റ്റര്‍ റിന്‍സി തടഞ്ഞത്. ഷോളയൂര്‍ അങ്ങാടിക്കടുത്ത് പ്രധാന റോഡരികിലാണ് കോണ്‍വെന്റ് സ്ഥിതി ചെയ്യുന്നത്. അഞ്ച് തവണയാണ് കാട്ടാന കോണ്‍വെന്റിന്റെ ഗേറ്റ് തകര്‍ത്തത്. ചുമരും കന്നുകാലിത്തൊഴുത്തും തകര്‍ത്തു. കപ്പ, തെങ്ങ് കൃഷികളും നശിപ്പിച്ചു. സമീപത്തെ വീടുകളിലും സമാന സ്ഥിതിയാണ്.

കോണ്‍വെന്റിനു മുമ്പിലാണ് മന്ത്രിയുടെ വാഹനം തടഞ്ഞ് സിസ്റ്റര്‍ അദ്ദേഹത്തോട് പരാതി പറഞ്ഞത്. മന്ത്രിയോട് ആന നശിപ്പിച്ച സ്ഥലം കാണണമെന്ന് ആവശ്യപ്പെട്ടു. മന്ത്രി പരാതി കേള്‍ക്കുമെന്നും അങ്ങോട്ട് വരുമെന്നും സുരക്ഷ ഉദ്യോഗസ്ഥര്‍ പറഞ്ഞെങ്കിലും സിസ്റ്റര്‍ ചെവിക്കൊണ്ടില്ല. കാറില്‍ ഇരുന്നാല്‍ കാണാന്‍ പറ്റില്ലെന്നും മന്ത്രി പുറത്തിറങ്ങണമെന്നും സിസ്റ്റര്‍ ആവശ്യപ്പെട്ടു. എന്നാല്‍, മന്ത്രി പുറത്തിറങ്ങാന്‍ തയ്യാറായില്ല. പ്രശ്‌നങ്ങള്‍ സംഗമം നടക്കുന്നിടത്ത് അവതരിപ്പിക്കാന്‍ അവസരം നല്‍കാമെന്നുപറഞ്ഞ് ബ്ലോക്ക് പ്രസിഡന്റ് ഈശ്വരിരേശന്‍ വിഷയത്തില്‍ ഇടപെട്ട് മന്ത്രിയുടെ വാഹനം കടത്തിവിട്ടു. എന്നാല്‍ സിസ്റ്റര്‍ മന്ത്രിയെ തടയുന്ന വീഡിയോ ഫെയ്‌സ്ബുക്കില്‍ വൈറലായി.

കടപ്പാട് : ദീപിക ന്യൂസ്

കൊടുങ്ങല്ലൂര്‍: യുവാവിനെ മുറിയില്‍ പൂട്ടിയിട്ട് മര്‍ദ്ദിച്ച് പണം തട്ടിയ സംഘം പിടിയില്‍. തലശ്ശേരി സ്വദേശിയായ മുപ്പത്തിരണ്ടുകാരനെ യുവതിയുടെ നേതൃത്വത്തില്‍ വിളിച്ചുവരുത്തി സദാചാര പോലീസ് ചമഞ്ഞായിരുന്നു തട്ടിപ്പ്. തട്ടിപ്പിന് നേതൃത്വം നല്‍കിയ യുവതി ഒളിവിലാണ്. ഇവര്‍ക്കായി ഊര്‍ജിതമായ അന്വേഷണം ആരംഭിച്ച് കഴിഞ്ഞതായി പോലീസ് വ്യക്തമാക്കി. കേസില്‍ വള്ളിവട്ടംതറ ഇടവഴിക്കല്‍ ഷെമീന (26), ചേറ്റുപുഴ മുടത്തോളി അനീഷ് മോഹന്‍ (34), വെളപ്പായ ചൈനബസാര്‍ കുണ്ടോളില്‍ ശ്യാംബാബു (25), അവണന്നൂര്‍ വരടിയം കാക്കനാട്ട് വീട്ടില്‍ സംഗീത് (26) എന്നിവരെയാണ് ഇരിങ്ങാലക്കുട പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇവരെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

കേസിലെ ഒന്നാം പ്രതിയായ വയനാട് വൈത്തിരി സ്വദേശി നസീമ തലശ്ശേരി സ്വദേശിയായ യുവതിയുമായി ഏറെ നാളത്തെ സൗഹൃദമുണ്ട്. ഇവരുവരും സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ടവരാണ്. പതിനായിരം രൂപ കൊടുത്താല്‍ മറ്റൊരു പെണ്‍കുട്ടിയെ പരിചയപ്പെടുത്തിക്കൊടുക്കാമെന്ന വ്യാജേന യുവാവിനെ കൊടുങ്ങല്ലൂരിലെത്തിച്ച ശേഷം ഷെമീനയെ പരിചയപ്പെടുത്തി. ഷെമീനയ തലശ്ശേരി സ്വദേശിയുടെ കാറില്‍ കയറുകയും പതിനായിരം രൂപ വാങ്ങുകയും ചെയ്തു.

പിന്നീട് കൊടുങ്ങല്ലൂരിന് പടിഞ്ഞാറുള്ള അപ്പാര്‍ട്ട്മെന്റില്‍ എത്തി മുറിയില്‍ കയറി വിശ്രമിക്കുന്നതിനിടയിലാണ് നസീമയുടെയും ഷെമീനയുടെയും സുഹൃത്തുക്കളായ നാലുപേര്‍ മുറിയിലെത്തി സദാചാരപോലീസ് ചമഞ്ഞ് ഇവരെ ഭീഷണിപ്പെടുത്തിയത്. യുവതിയോടൊപ്പം നിര്‍ത്തി ഇയാളുടെ പലതരത്തിലുള്ള ഫോട്ടോകള്‍ എടുക്കുകയും ചെയ്തു. ഇത് പുറത്തുവിടാതിരിക്കണമെങ്കില്‍ മൂന്നുലക്ഷം രൂപ നല്‍കണമെന്നായിരുന്നു ആവശ്യം. യുവാവിന്റെ കൈവശമുണ്ടായിരുന്ന 25000 രൂപയോളം ഇവര്‍ കൈക്കലാക്കിയിരുന്നു. എടിഎം ഉപയോഗിച്ച് പണം തട്ടാനും ശ്രമിച്ചതായി പരാതിയില്‍ പറയുന്നു.

യുവതിയുടെ സുഹൃത്തുക്കള്‍ ക്രൂരമായി മര്‍ദ്ദിച്ചതായി പരാതിക്കാരന്‍ വ്യക്തമാക്കി. സമീപത്തുള്ള ആശുപത്രിയിലെത്തി ചികിത്സ തേടിയശേഷം കൊടുങ്ങല്ലൂര്‍ പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കി. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് തൃശ്ശൂര്‍ എല്‍ത്തുരുത്തില്‍ വാടകയ്ക്ക് താമസിച്ചിരുന്ന ഷെമീനയെ അറസ്റ്റ് ചെയ്തത്. മറ്റുള്ളവരെ ഷെമീനയെക്കൊണ്ട് വിളിപ്പിച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു.

കോഴിക്കോട്: വടകരയില്‍ ഫോര്‍മാലിന്‍ ചേര്‍ത്ത 6000 കിലോ മത്സ്യം പിടിച്ചെടുത്തു. തമിഴ്‌നാട് നാഗപട്ടണത്തുനിന്ന് കൊണ്ടുവന്ന മത്സ്യമാണ് ഭക്ഷ്യസുരക്ഷാ വകുപ്പ് പിടികൂടിയത്.

കോഴിക്കോട് മാര്‍ക്കറ്റില്‍ നിന്ന് കണ്ണൂരേക്ക് കൊണ്ടുപോയതാണ് മത്സ്യം. പഴകിയ മത്സ്യമായതുകൊണ്ട് ഇത് സ്വീകരിക്കാത്തതിനെ തുടര്‍ന്ന് കോഴിക്കോട്ടേക്കുതന്നെ തിരിച്ചുകൊണ്ടുവരുന്നതിനിടയില്‍ വടകര കോട്ടക്കടവിലെ വളവില്‍ വാഹനം തകരാറിലായി. വാഹനത്തില്‍ നിന്നും രൂക്ഷമായ ദുര്‍ഗന്ധം വന്നതിനെ തുടര്‍ന്ന് മോട്ടോര്‍ വാഹന വകുപ്പ് നടത്തിയ പരിശോധനയിലാണ് പഴകിയ മത്സ്യം കണ്ടെത്തിയത്‌.

തുടര്‍ന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ പ്രാഥമിക പരിശോധനയില്‍ ഫോര്‍മാലിന്‍ ചേര്‍ത്ത മത്സ്യമാണെന്ന് വ്യക്തമാകുകയായിരുന്നു. കൂടുതല്‍ പരിശോധനകള്‍ക്ക് ശേഷമേ മത്സ്യത്തില്‍ ചേര്‍ത്തിട്ടുള്ള മറ്റു രാസവസ്തുക്കള്‍ തിരിച്ചറിയാന്‍ സാധിക്കുകയുള്ളൂവെന്ന് ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ അറിയിച്ചു.

പഴകിയ മത്സ്യങ്ങള്‍ക്കായി ഭക്ഷ്യസുരക്ഷാവകുപ്പിന്റെ പരിശോധന സംസ്ഥാനത്തെമ്പാടും നടക്കുന്നതിനിടയിലാണ് ഇത്രയധികം പഴയ മത്സ്യം ഒന്നിച്ച് പിടിച്ചെടുത്തത്. ചെറുകിട വ്യാപാരികള്‍ക്ക് വിതരണം ചെയ്യാനെത്തിച്ചതാണ് ഇതെന്നാണ് വിവരം.

കാഞ്ഞിരപ്പള്ളി മുക്കൂട്ടുതറയില്‍ നിന്നും കാണാതായ ഡിഗ്രി വിദ്യാര്‍ഥിനി ജെസ്ന മരിയ ജയിംസിനെ സംബന്ധിച്ച നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായി സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. പക്ഷേ മുഴുവന്‍ വിവരങ്ങളും ഇപ്പോള്‍ പുറത്ത് പറയാന്‍ സാധിക്കില്ല. അതിന് കുറച്ച് കൂടി സമയം ആവശ്യമാണെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കി. ഇതേ തുടര്‍ന്ന് കേസ് പരിഗണിക്കുന്നത് അടുത്ത മാസം രണ്ടിലേക്ക് മാറ്റി.

കഴിഞ്ഞ മാര്‍ച്ച് 22 നാണ് മുക്കൂട്ടുതറ കുന്നത്ത് വീട്ടില്‍ ജെയിംസ് ജോസഫിന്റെ മകള്‍ ജെസ്നയെ (20) രാവിലെ 9.30 മുതല്‍ കാണാതായത്. എന്നാല്‍ കാണാനില്ലെന്ന് ചുണ്ടിക്കാട്ടി ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കി മാസങ്ങള്‍ പിന്നിടുമ്പോഴാണ് ജെസ്ന എവിടെ എന്ന ചോദ്യത്തിനുള്ള ഉത്തരം സംബന്ധിച്ച് നിര്‍ണായക വിവരം ലഭിച്ചതായി സര്‍്ക്കാര്‍ വെളിപ്പെടുത്തിയിരിക്കുന്നത്.

കാണാതായ ദിവസം രാവിലെ എട്ടു മണിയോടെ ജെസ്‌ന വീടിന്റെ വരാന്തയിലിരുന്നു പഠിക്കുന്നത് അയല്‍ക്കാര്‍ കണ്ടതാണ്. പിതാവ് ജെയിംസ് ജോലി സ്ഥലത്തേക്ക് പോയി. മൂത്ത സഹോദരി ജെഫിമോളും സഹോദരന്‍ ജെയ്‌സും കോളജിലേക്കും പോയി. ഒമ്പതു മണിയോടെ മുക്കൂട്ടുതറയിലുള്ള അമ്മായിയുടെ വീട്ടിലേക്കു പോവുകയാണെന്ന് അയല്‍ക്കാരോടു പറഞ്ഞാണ് ജെസ്‌ന വീട്ടില്‍ നിന്നിറങ്ങുകിയത്. ഒരു ഓട്ടോറിക്ഷയിലാണ് മുക്കൂട്ടുതറ ടൗണില്‍ എത്തിയത്. പിന്നീട് ജെസ്‌നയെ കുറിച്ച് വിവരമൊന്നും ഇല്ല. കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക് കോളജില്‍ രണ്ടാംവര്‍ഷ ബികോം വിദ്യാര്‍ഥിനിയാണ് ജെസ്‌ന. അധികം ആരോടും സംസാരിക്കാത്ത പ്രകൃതമായതിനാല്‍ ജെസ്‌നയ്ക്ക് അടുത്ത സുഹൃത്തുക്കളും കുറവാണ്.

ജെസ്‌നയെ കാണാതായതോടെ അന്നു രാത്രി ഏഴരയോടെ പിതാവ് ജെയിംസ് എരുമേലി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. ജെസ്‌ന ഉപയോഗിച്ചിരുന്ന ഫോണും കോള്‍ലിസ്റ്റും പൊലീസ് ശാസ്ത്രീയമായി പരിശോധിച്ചെങ്കിലും അസ്വാഭാവികതയൊന്നും കണ്ടെത്താനായില്ല. അതിനാല്‍ തന്നെ കേസ് ഏറെക്കുറേ വഴിമുട്ടിയ അവസ്ഥയിലാണ് മുന്നോട്ട് പോകുന്നത്. വീട്ടില്‍ നിന്നിറങ്ങുമ്പോല്‍ ജെസ്ന കയ്യില്‍ ഒന്നും കരുതിയിട്ടുമില്ല

ചെമ്മണ്ണ് ടീ എസ്റ്റേറ്റ് ലയവും ഏലപ്പാറയും ഇന്നലെ ഉറങ്ങിയിട്ടില്ല. സന്തോഷം നിറഞ്ഞുനിന്ന വൈകുന്നേരം ആകാംക്ഷ നിറഞ്ഞ രാത്രിയിലേക്കും കൂട്ടക്കരച്ചിലിന്റെ പുലരിയിലേക്കും ചെന്നെത്തിയത് വളരെ പെട്ടെന്നായിരുന്നു. ഗ്രാമത്തിലെ മൂന്നു യുവാക്കൾക്ക് ഒരുമിച്ചു വിദേശത്തു ജോലി തരപ്പെട്ടതിന്റെ സന്തോഷത്തിലായിരുന്നു എല്ലാവരും. ജിബിൻ, തോമസ് മൈക്കിൾ, വിഷ്ണു എന്നിവരെ നെടുമ്പാശേരി വിമാനത്താവളത്തിലാക്കാൻ ബുധനാഴ്ച രാത്രി ഏഴരയോടെയാണ് ബന്ധുക്കളും സുഹൃത്തുക്കളും അഞ്ചു വാഹനങ്ങളിൽ പുറപ്പെട്ടത്.

തോമസും വിഷ്ണുവും കുടുംബാംഗങ്ങൾക്കൊപ്പം ആദ്യം പുറപ്പെട്ട രണ്ടു വാഹനങ്ങളിലായി പോയി. ജിബിൻ, സഹോദരൻ ജെറിനും മറ്റ് അഞ്ചു സുഹൃത്തുക്കൾക്കുമൊപ്പം ഏറ്റവും അവസാനത്തെ വാഹനത്തിലും. രണ്ടു മണിയോടെയാണു വിമാനത്താവളത്തിൽ എത്തേണ്ടിയിരുന്നത്. ആദ്യം പുറപ്പെട്ട വാഹനങ്ങൾ കൃത്യസമയത്തു തന്നെ വിമാനത്താവളത്തിലെത്തി. ജിബിൻ എത്താത്തത് എന്താണെന്ന് അന്വേഷിക്കുന്നതിനിടെ ചെറിയൊരു അപകടമുണ്ടായെന്നും ജിബിന് എത്താൻ കഴിയില്ലെന്നും വിമാനത്താവളത്തിലെ ബന്ധുക്കൾക്കു ഫോൺ സന്ദേശമെത്തി.

അങ്ങനെ തോമസും വിഷ്ണുവും പ്രിയ സുഹൃത്തുക്കൾക്ക് സംഭവിച്ചതറിയാതെ ഒമാനിലേക്കു യാത്രയായി. ‘ആദ്യം പുറപ്പെട്ട വാഹനത്തിലാണ് മകൻ തോമസ് മൈക്കിളും ഞാനും ബന്ധുക്കളുമുൾപ്പെടെ 12 പേർ ഉണ്ടായിരുന്നത്. ഞങ്ങൾ നെടുമ്പാശേരിയിലെത്തി ജിബിനെ കാത്തുനിൽക്കുമ്പോഴാണ് ചെറിയൊരു അപകടമുണ്ടായതായി ഫോൺവിളിയെത്തിയത്. അങ്ങനെ തോമസും വിഷ്ണുവും പോകാൻ തീരുമാനിക്കുകയായിരുന്നു. അവരെ അയച്ച ശേഷം ആശുപത്രിയിലെത്തിയപ്പോഴാണ് സംഭവിച്ചതെന്താണെന്നു മനസ്സിലായത്’– തോമസ് മൈക്കിളിന്റെ മാതാവ് ഡെയ്സി പറഞ്ഞു.

ജ്യേഷ്ഠനെ യാത്രയാക്കാൻ പോയി: അനുജൻ യാത്രയായി….

ചെമ്മണ്ണ് പുത്തൻപുരയ്ക്കൽ വീട്ടിൽ യേശുദാസ് (യേസൻ), ഭാര്യ ക്രിസ്റ്റീന എന്നിവർ ബന്ധുക്കൾക്കൊപ്പം ഒരു വാഹനത്തിലും, വിദേശത്തേക്കു പോകേണ്ട മൂത്ത മകൻ ജിബിനും അനുജൻ ജെറിനും സുഹൃത്തുക്കൾക്കൊപ്പം മറ്റൊരു വാഹനത്തിലുമായിരുന്നു. പാതിവഴിയിൽ മുടങ്ങിയ യാത്രകഴി‍ഞ്ഞു വീട്ടിൽ മടങ്ങിയെത്തുമ്പോൾ ജെറിൻ ഇനിയില്ല. പണിതീരാത്ത കൊച്ചുവീടിനുള്ളിലെ കസേരയിൽ യേശുദാസും തൊട്ടരികിൽ താഴെ വിരിച്ച പായയിൽ ഭാര്യ ക്രിസ്റ്റീനയും കരഞ്ഞു തളർന്ന് ഇരുന്നു. രാവിലെ മുതൽ വീട്ടിലേക്കെത്തിയ ബന്ധുക്കൾക്കും അയൽവാസികൾക്കും ആശ്വസിപ്പിക്കാൻ വാക്കുകളില്ലായിരുന്നു.

ഏതു വാക്കുകൾക്കാകും ഇവരെ ആശ്വസിപ്പിക്കാൻ

യുവാക്കളുടെ വേർപാടിൽ വിതുമ്പി ഗ്രാമം. ലയത്തിലെ ഒറ്റ മുറി വീട്ടിൽ തിങ്ങിനിന്ന ബന്ധുക്കൾക്കും നാട്ടുകാർക്കും ഉണ്ണിയുടെ മുത്തശ്ശി മേരിയെയും അമ്മയെയും എങ്ങനെ ആശ്വസിപ്പിക്കുമെന്നറിയില്ലായിരുന്നു. ലയത്തിലെ ആരുടെയും എന്താവശ്യത്തിനും ആദ്യം ഓടിയെത്തുമായിരുന്നു ഉണ്ണി. സുഹൃത്തുക്കളെ യാത്രയാക്കാൻ രാത്രിയിൽ ഇങ്ങനെ ഓടിയിറങ്ങിയതാണ്. ‘എന്നും വഴക്കുമാത്രമല്ലേ പറഞ്ഞിട്ടുള്ളു ഞാൻ’ എന്ന് പറഞ്ഞുള്ള മുത്തശ്ശിയുടെ കരച്ചിലിൽ ഇനി നല്ലതുപറയാനും അവൻ ഇല്ലെന്ന സങ്കടം തുളുമ്പി. ഹിരണിന്റെ വീട്ടിലും കണ്ണീർ തോർന്നിട്ടില്ല. ചെമ്മണ്ണിലെ ടീ എസ്റ്റേറ്റ് ലയത്തിൽ നിന്നു മാറി കുടുംബം സ്വന്തമായി അഞ്ചു സെന്റ് സ്ഥലത്ത് വീടു വച്ചിട്ട് ഒരു വർഷം തികഞ്ഞിട്ടില്ല. ഒമാനിൽ ജോലി കിട്ടി അമ്മ സുധ അവിടേക്കു പോയി. മൂത്ത മകൻ സുജിത്തും ചെറിയൊരു ജോലിയുമായി ഒമാനിലാണ്. എന്നാൽ കൊച്ചു വീടിന്റെ പണി പോലും ഇതുവരെ പൂർത്തിയാക്കാനായിട്ടില്ല.

എസി മെക്കാനിക് ജോലി പഠിച്ച ഹിരൺ എങ്ങനെയും നല്ലൊരു ജോലി നേടുമെന്ന് പ്രതീക്ഷിച്ചിരിക്കെയാണ് അപകടം. വീട്ടിൽ അമ്മയുടെ അമ്മയും പെങ്ങളും ജ്യേഷ്ഠന്റെ ഭാര്യയും കുട്ടിയുമുണ്ട്. അമ്മയും ജ്യേഷ്ഠനും വിദേശത്തു നിന്നു മടങ്ങിയെത്തിയിട്ടുവേണം സംസ്കാരച്ചടങ്ങുകൾ. ജെനീഷിന്റെ അനുജത്തി ജെനീഷ ഇന്നു കൊച്ചിയിലെ ആശുപത്രിയിൽ നഴ്സായി ജോലിയിൽ പ്രവേശിക്കാനിരിക്കെയാണു ദുരന്തമെത്തിയത്. തിങ്കളാഴ്ചയായിരുന്നു ജെനീഷയ്ക്ക് ആശുപത്രിയിലെ കൂടിക്കാഴ്ച. ജോലി ഉറപ്പായതോടെ അച്ഛൻ സ്റ്റീഫനും ജെനീഷയും കൊച്ചി കലൂരിലെ ബന്ധുവിന്റെ വാടക വീട്ടിൽ തങ്ങുകയായിരുന്നു. ഇന്നലെ അർധരാത്രി കഴിഞ്ഞ് അവിടേക്കാണ് ദുരന്ത വിവരം അറിയിച്ചുകൊണ്ടു ഫോൺ സന്ദേശമെത്തിയത്. ചെറിയൊരു അപകടമാണെന്നു മാത്രമായിരുന്നു ആദ്യ വിവരം. ഉടൻ സാൻജോ ആശുപത്രിയിലെത്തിയ ബന്ധുക്കൾ കണ്ടത് ചേതനയറ്റ ശരീരങ്ങൾ.

തോരാമഴക്കണ്ണീർ

എറണാകുളത്ത് ആശുപത്രിയിലേക്കു പോയ നാട്ടുകാർ ഗ്രാമത്തിലേക്കു രാവിലെ മുതൽ കൃത്യമായി വിവരങ്ങൾ അറിയിച്ചുകൊണ്ടിരുന്നു. പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയ മൃതദേഹങ്ങൾ കാത്ത് വഴിക്കണ്ണുമായി ഗ്രാമം മുഴുവൻ നിന്നു. രാവിലെ മുതൽ മഴ പെയ്തു തുടങ്ങിയിരുന്നു. ഉച്ചയോടെ മഴക്കാർ കനത്തു. ശക്തമായ കാറ്റിനും കോച്ചുന്ന തണുപ്പിനുമൊപ്പം വൻമഴ പെയ്തിറങ്ങി. വൈകിട്ട് അഞ്ചുമണിയോടെ അഞ്ച് ആംബുലൻസുകൾ നിരനിരയായി ഏലപ്പാറയിലെ പൊതു ദർശന വേദിയിലേക്കെത്തുമ്പോൾ മഴത്തുള്ളികളുടെ തണുപ്പിനേക്കാൾ കണ്ണീരിന്റെ ചൂടായിരുന്നു കാത്തുനിന്നവരുടെ മുഖത്ത്.

യാത്രയായി ഒരുമിച്ച്

ചെമ്മണ്ണ് ടീ എസ്റ്റേറ്റ് ലയത്തിൽത്തന്നെ താമസിച്ചിരുന്നവരാണ് മരിച്ചവരിൽ നാലു പേരുടെ കുടുംബങ്ങളും. സ്റ്റീഫന്റെയും യേശുദാസിന്റെയും സുധയുടെയും കുടുംബങ്ങൾ പിന്നീടു സ്ഥലം വാങ്ങി വീടുവച്ചു മാറി. എന്നാലും എല്ലാ വീടുകളും ചുറ്റുവട്ടത്തു തന്നെ. എല്ലാവരും കളിക്കൂട്ടുകാർ. അതുകൊണ്ടാണ് സുഹൃത്തുക്കളെ യാത്രയാക്കാൻ ഇത്രയധികം പേർ കൂടെപ്പോയത്

കുമ്പസാര രഹസ്യം പുറത്തു വിടുമെന്ന് ഭീഷണിപ്പെടുത്തി വീട്ടമ്മയെ പീഡിപ്പിച്ച് കേസില്‍ ഒളിവിലായ വൈദികന്‍ പുറത്തു വിട്ട വീഡിയോ പുലിവാലാകുന്നു. കേസിലെ ഒന്നാം പ്രതിയായ ഫാ. ഏബ്രഹാം വര്‍ഗീസാണ് യുവതിക്കെതിരെ ആരോപണങ്ങളുമായി യൂട്യൂബില്‍ വീഡിയോ പോസ്റ്റ് ചെയ്തത്. ഇതില്‍ യുവതിക്ക് സ്വഭാവദൂഷ്യമുണ്ടെന്നും ഏബ്രഹാം വര്‍ഗീസ് പറഞ്ഞു. യുവതിയുടെ ഭര്‍ത്താവിന്റെ പേരും ഇയാള്‍ പരാമര്‍ശിച്ചിരുന്നു.

ഈ വീഡിയോ അപ്ലോഡ് ചെയ്തത് ഇയാളുടെ ബന്ധുവാണെന്നാണ് കരുതുന്നത്. അതിരുവിട്ട പരാമര്‍ശങ്ങള്‍ വൈദികന് പ്രതികൂലമായിത്തീരുമെന്ന് അന്വേഷണസംഘവും വിലയിരുത്തി. ഇതിന്റെ വിശദാംശങ്ങളെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. യൂട്യൂബിലൂടെ സ്വഭാവഹത്യ നടത്തിയെന്നാരോപിച്ച് യുവതി പരാതിയും നല്‍കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലുള്ള തുടര്‍ നടപടികളും ക്രൈംബ്രാഞ്ച് ആരംഭിച്ചു. വിശദാംശങ്ങളെക്കുറിച്ചും അന്വേഷണം തുടങ്ങിയിട്ടുണ്ട്.

പീഡനത്തിനിരയായ യുവതിയുടെ വീട്ടിലെത്തിയാണ് ക്രൈംബ്രാഞ്ച് പരാതി സ്വീകരിച്ചത്. സൈബര്‍ സെല്ലിന്റെ സഹായത്തോടെ വീഡിയോയെക്കുറിച്ചുള്ള വിശദാംശങ്ങള്‍ ശേഖരിച്ചു വരികയാണ്. മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനു മുമ്പായാണ് വൈദികന്‍ വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടത്. താന്‍ ഒളിവിലല്ലെന്ന് സമര്‍ത്ഥിക്കുകയായിരുന്നു ലക്ഷ്യം.

അഭിമന്യു കൊലക്കേസുമായി ബന്ധപ്പെട്ട് മുഖ്യപ്രതിയും കാമ്പസ് ഫ്രണ്ട് മഹാരാജാസ് യൂണിറ്റ് പ്രസിഡന്റുമായ മുഹമ്മദിനെ പോലീസ് അറസ്റ്റ് ചെയ്തു.ഈ മാസം രണ്ടാം തിയതിയാണ് മഹാരാജാസ് കോളേജിലെ രണ്ടാം വർഷ കെമിസ്ട്രി വിദ്യാർത്ഥിയും എസ്എഫ്‌ഐ നേതാവുമായ അഭിമന്യു കൊല്ലപ്പെട്ടത്.

ക്യാംപസിൽ ചുമരെഴുത്തുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.എന്നാൽ അഭിമന്യുവിന്റെ വധത്തിൽ മൂന്ന് പെൺകുട്ടികൾക്ക് പങ്കുണ്ടെന്നാണ് മംഗളം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.മുഹമ്മദ് ഉൾപ്പെടെ പത്ത് പേര്‍ കൊലപാതകത്തില്‍ ഉള്‍പെട്ടിട്ടുണ്ടെങ്കിലും ഇതില്‍ നാല് പേരാണ് നേരിട്ട് പങ്കെടുത്തതെന്നാണ് വിവരം.സംഭവ ദിവസം രാത്രിയില്‍ അഭിമന്യുവിനെ കോളേജിലേക്ക് വിളിച്ച് വരുത്തിയത് മുഹമ്മദ് ആണെന്നാണ് വിവരം.എന്നാൽ കൊലപാതകത്തിൽ പോപ്പുലര്‍ ഫ്രണ്ടിന്‍റെ വിദ്യാര്‍ത്ഥിനി വിഭാഗമായ കാമ്പസ് ഫ്രണ്ടിൽ പ്രവർത്തിച്ചിരുന്ന മൂന്ന് പെൺകുട്ടികൾക്കും പങ്കുണ്ടെന്ന് സംശയം.സംഭവത്തിനു തൊട്ടുപിന്നാലെ ഇവർ പ്രതികളെ ബന്ധപ്പെട്ടു എന്നാണ് സംശയിക്കുന്നത്.

തൊടുപുഴയിലെ അധ്യാപകന്റെ കൈവെട്ടു കേസിലെ പ്രതികളുടെ പങ്കും അന്വേഷിക്കുന്നുണ്ട്.പള്ളുരുത്തി സ്വദേശി മനാഫ്, ഷമീര്‍ എന്നിവരുടെ പേരാണ് പോലീസ് സമർപ്പിച്ച റിപ്പോര്‍ട്ടില്‍ ഉള്ളത്. ഷെമീറിന്‍റെ സഹായത്തോടെയാണ് പ്രതികള്‍ രക്ഷപ്പെട്ടതെന്നാണ് സംശയം. കൈവെട്ട് കേസിലെ പ്രതികളുടെ പങ്ക് സ്ഥിരീകരിച്ച സാഹചര്യത്തില്‍ കേസ് എന്‍ഐഎ ഏറ്റെടുക്കാനുള്ള സാധ്യതയും ഉണ്ട്.തീവ്രവാദ ആഭിമുഖ്യമുള്ള വാട്സ്ആപ് ഗ്രൂപ്പായ പച്ചവെളിച്ചത്തെ കുറിച്ച് കൂടുതല്‍ അന്വേഷണം ആരംഭിച്ചതായി മംഗളം റിപ്പോര്‍ട്ട് ചെയ്തു. ഗ്രൂപ്പിനെ നിയന്ത്രിക്കുന്ന ആറ് പേർ പ്രതികൾക് സഹായം ചെയ്യുന്നുണ്ടോ എന്നും അന്വേഷിച്ചു വരികയാണ് എന്നും റിപ്പോർട്ടിൽ പറയുന്നു.

കൊച്ചി: അഭിനേതാക്കളുടെ സംഘടനയായ എഎംഎംഎ സിനിമയിലെ വനിതകളുടെ സംഘടനയായ വിമന്‍ ഇന്‍ സിനിമ കളക്ടീവിനെ ചര്‍ച്ചയ്ക്ക് ക്ഷണിച്ചു. ഓഗസ്റ്റ് 7ന് കൊച്ചിയില്‍ വെച്ചായിരിക്കും ചര്‍ച്ച നടക്കുക. ദിലീപിനെ എഎംഎംഎയില്‍ തിരിച്ചെടുക്കാനുള്ള തീരുമാനമുള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ഡബ്ല്യുസിസി താര സംഘടനയുമായി ഇടഞ്ഞിരുന്നു.

വനിതാ സംഘടന ഉയര്‍ത്തിയ പ്രശ്‌നങ്ങള്‍ ഗൗരവപൂര്‍വ്വമാണ് കാണുന്നതെന്നും ചര്‍ച്ചക്ക് തയ്യാറാണെന്നും എഎംഎംഎ പ്രസിഡന്റ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു. എന്നാല്‍ ദിലീപിന് അനുകൂലമായി നിലപാട് സ്വീകരിച്ച മോഹന്‍ലാലിന്റെ വാര്‍ത്താസമ്മേളനം പ്രതീക്ഷകള്‍ക്ക് വിപരീതവും അങ്ങേയറ്റം നിരാശാജനകവുമായിരുന്നെന്ന് ഡബ്ല്യു.സി.സി പ്രതികരിച്ചിരുന്നു.

ദിലീപിനെ തിരിച്ചെടുക്കാന്‍ തീരുമാനിച്ചപ്പോള്‍ ആക്രമണത്തിനിരയായ നടിയുള്‍പ്പെടെ നാലു പേര്‍ എഎംഎംഎയില്‍ നിന്ന് രാജിവെച്ചിരുന്നു. രേവതി, പാര്‍വതി, പത്മപ്രിയ തുടങ്ങിയവര്‍ സംഘടനയുടെ നടപടികളില്‍ ആശങ്കയറിയിച്ചുകൊണ്ട് ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിന് കത്തയക്കുകയും ചെയ്തു. സംഘടനയിലെ അംഗങ്ങള്‍ എന്ന നിലയില്‍ ഒരു കൂടിക്കാഴ്ചയ്ക്ക് തയ്യാറാകണമെന്നതായിരുന്നു ഇവര്‍ ഉന്നയിച്ച ആവശ്യം.

പെ​രു​മ​ഴ​യി​ൽ ന​ട്ടം​തി​രി​ഞ്ഞ ഒ​രു ഹൈ​ന്ദ​വ കു​ടും​ബ​ത്തി​നു മേ​ൽ കാ​രു​ണ്യ​മ​ഴ ചൊ​രി​ഞ്ഞ് ഒ​രു ക​ത്തോ​ലി​ക്ക ദേ​വാ​ല​യം. പെ​രു​മ​ഴ​യ്ക്കും പ്ര​ള​യ​ത്തി​നും മീ​തെ സാ​ഹോ​ദ​ര്യ​ത്തി​ന്‍റെ ന​ല്ല കാ​ഴ്ച​യൊ​രു​ക്കി​യ​ത് ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത​യി​ലെ കോ​ട്ട​യം ക​ടു​വാ​ക്കു​ളം ലി​റ്റി​ൽ ഫ്ള​വ​ർ പ​ള്ളി​യാ​ണ്. ഹൃ​ദ്രോ​ഗം​മൂ​ലം മ​രി​ച്ച ഗൃ​ഹ​നാ​ഥ​ന്‍റെ മൃ​ത​ദേ​ഹം വ​യ്ക്കാ​ൻ വെ​ള്ള​ക്കെ​ട്ടും മ​റ്റ് അ​സൗ​ക​ര്യ​ങ്ങ​ളും ത​ട​സ​മാ​യ​തോ​ടെ​യാ​ണ് വാ​ട​കവീ​ട്ടി​ൽ ക​ഴി​ഞ്ഞി​രു​ന്ന കു​ടും​ബം വി​ഷ​മ​വൃ​ത്ത​ത്തി​ലാ​യ​ത്.  പാ​റ​യ്ക്ക​ൽ ക​ട​വി​ൽ വാ​ട​ക​യ്ക്കു താ​മ​സി​ക്കു​ന്ന തോ​ട്ടു​ങ്ക​ൽ കെ.​ജി.​ രാ​ജു(59)​വി​ന്‍റെ മൃ​ത​ദേ​ഹം വ​യ്ക്കാ​നാ​ണ് ഇ​ടം​കി​ട്ടാ​തി​രു​ന്ന​ത്.

പാ​ല​ക്കാ​ട് സ്വ​ദേ​ശി​ക​ളാ​യ ഇ​ദ്ദേ​ഹ​വും കു​ടും​ബ​വും കു​റെ​ക്കാ​ല​മാ​യി മ​റി​യ​പ്പ​ള്ളി, കൊ​ല്ലാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ൽ വാ​ട​ക​യ്ക്കു താ​മ​സി​ച്ചു​വ​രി​ക​യാ​യി​രു​ന്നു. ബ​ന്ധു​ക്ക​ളും സു​ഹൃ​ത്തു​ക്ക​ളു​മൊ​ക്കെ പ​ലയിട​ത്തും അ​ന്വേ​ഷി​ച്ചെ​ങ്കി​ലും ഒ​രി​ട​ത്തും സൗ​ക​ര്യം ല​ഭി​ച്ചി​ല്ല. ഒ​ടു​വി​ൽ പ​ന​ച്ചി​ക്കാ​ട് പ​ഞ്ചാ​യ​ത്ത് മെം​ബ​ർ ആ​നി മാ​മ​ൻ ലി​റ്റി​ൽ ഫ്ള​വ​ർ പ​ള്ളി വി​കാ​രി ഫാ.​ വി​വേ​ക് ക​ള​രി​ത്ത​റ​ എംസിബിഎസിനെ വി​വ​രം അ​റി​യി​ച്ചു. അ​ദ്ദേ​ഹം കൈ​ക്കാ​രന്മാ​രു​മാ​യി ആ​ലോ​ചി​ച്ച ശേ​ഷം ഈ ​കു​ടും​ബ​ത്തെ സ​ഹാ​യി​ക്കാ​ൻ പ​ള്ളി പ​രീ​ഷ് ഹാ​ളി​നു മു​ന്നി​ൽ ഇ​ട​മൊ​രു​ക്കു​ക​യാ​യി​രു​ന്നു. ഇ​ന്ന​ലെ ഉ​ച്ച​യ്ക്കു ര​ണ്ടോ​ടെ മൃ​ത​ദേ​ഹം വ​ഹി​ച്ച ആം​ബു​ല​ൻ​സ് പ​ള്ളി​പ്പ​രി​സ​ര​ത്ത് എ​ത്തി​യ​പ്പോ​ൾ ആ​ദ​രാ​ഞ്ജ​ലി അ​ർ​പ്പി​ക്കാ​ൻ ബ​ന്ധു​ക്ക​ളും കു​ടും​ബാം​ഗ​ങ്ങ​ളും കാ​ത്തു​നി​ന്നി​രു​ന്നു.

കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സി​ബി കൊ​ല്ലാ​ട് വ​ഴി വി​വ​രം അ​റി​ഞ്ഞ തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ എം​എ​ൽ​എ​യും സ്ഥ​ല​ത്തെ​ത്തി. ഒ​രു ഹൈ​ന്ദ​വ​സ​ഹോ​ദ​ര​ന്‍റെ മൃ​ത​ദേ​ഹം വ​യ്ക്കാ​ൻ ഇ​ടംന​ൽ​കി​യ ക​ടു​വാ​ക്കു​ളം പ​ള്ളി വി​കാ​രി​യെ​യും പ​ള്ളി​ക്ക​മ്മി​റ്റി​യെ​യും അ​ദ്ദേ​ഹം ന​ന്ദി​യും അ​ഭി​ന​ന്ദ​ന​വും അ​റി​യി​ച്ചു.പു​തു​പ്പ​ള്ളി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് നി​ബു ജോണിന്‍റെ ശി​പാ​ർ​ശ​യി​ൽ മു​ട്ട​ന്പ​ലം വൈ​ദ്യു​ത​ശ്മ​ശാ​ന​ത്തി​ൽ വൈ​കു​ന്നേ​ര​ത്തോ​ടെ മൃ​ത​ദേ​ഹം സം​സ്ക​രി​ച്ചു. ബി​ജെ​പി​ പ്ര​വ​ർ​ത്ത​ക​രും സ​ഹാ​യ​വു​മാ​യി ഒപ്പമുണ്ടായിരു​ന്നു.

ജനിച്ചു ഏഴാം ദിവസം കുഞ്ഞിന്റെ ആരോഗ്യനില വഷളായി. വളര്‍ച്ച പൂര്‍ത്തിയാകും മുമ്പാണ് കുഞ്ഞിന്റെ ജനനം. ഏഴാം മാസത്തില്‍. തൃശൂര്‍ മദര്‍ ആശുപത്രിയില്‍ നിന്ന് കുഞ്ഞിനെ വിദഗ്ധ ചികില്‍സയ്ക്കായി തിരുവനന്തപുരം എസ്.എ.ടി. ആശുപത്രിയിലേക്ക് മാറ്റാന്‍ ബന്ധുക്കള്‍ തീരുമാനിച്ചു. റോഡു മാര്‍ഗമുള്ള യാത്ര സാഹസമാണെന്ന് ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കി.

പക്ഷേ, എസ്.എ.ടി. ആശുപത്രിയില്‍ എത്തി ചികില്‍സ കിട്ടിയാല്‍ കുഞ്ഞ് രക്ഷപ്പെടുമെന്ന് കുടുംബം പ്രതീക്ഷിച്ചു. വെന്റിലേറ്റര്‍ സൗകര്യമുള്ള ആംബുലന്‍സ് തരപ്പെടുത്തി. പക്ഷേ, എത്രയും വേഗം ആശുപത്രിയില്‍ എത്തിച്ചില്ലെങ്കില്‍ ആരോഗ്യനില കൂടുതല്‍ പ്രശ്നമാകും. ലൈഫ് സേവ് മിഷന്റെ ആംബുലന്‍സ് ടീ ഉത്തരവാദിത്വത്തോടെ ഈ ഉദ്യമം ഏറ്റെടുത്തു.

പത്തനംതിട്ട സ്വദേശിയായ വി.ശ്രീജിത്തായിരുന്നു ഡ്രൈവര്‍. ഒരു വര്‍ഷമായി ആംബുലന്‍സ് ഓടിക്കുന്നുണ്ട്. വെന്റിലേറ്ററിന്റേയും മറ്റും സാങ്കേതിക വിദഗ്ധരായി ഇടുക്കി സ്വദേശി റെജി മാത്യുവും പത്തനംതിട്ട സ്വദേശി സനൂപ് സോമനും. ഇവര്‍ക്ക് വഴിയൊരുക്കാന്‍ കേരള പൊലീസ് മനസലിവുകാട്ടി. ഇതിനു പുറമെ, ആയിരത്തോളം പേര്‍ വഴിയൊരുക്കാന്‍ തൃശൂര്‍ മുതല്‍ തിരുവനന്തപുരം വരെ വഴിയരികില്‍ കാത്തുനിന്നു.

കേരള ഡ്രൈവര്‍ ഫ്രീക്കേഴ്സ് കൂട്ടായ്മയിലെ അംഗങ്ങളാണ് വഴിയൊരുക്കിയത്. രാത്രി 8.30ന് ആംബുലന്‍സ് തൃശൂരില്‍ നിന്ന് പുറപ്പെട്ടു. രാത്രി 11.45ന് തിരുവനന്തപുരത്ത് എത്തി. 284 കിലോമീറ്റര്‍ പിന്നിട്ടത് 3.15 മണിക്കൂറുകൊണ്ടാണ്. അതും, കനത്ത മഴയില്‍. ഈ കൂട്ടായ്മ സമാനമായി അന്‍പതു തവണ ഇങ്ങനെ ആംബുലന്‍സില്‍ രോഗികളെ കൊണ്ടുപോയിട്ടുണ്ട്. തിരുവനന്തപുരം എസ്.എ.ടി. ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന കുഞ്ഞ് എത്രയും വേഗം സുഖപ്പെടട്ടേയെന്നാണ് ഇവരുടെ പ്രാര്‍ഥന. ട്രാഫിക് സിനിമയില്‍ രോഗിയെ കൊണ്ടുപോകാന്‍ പൊലീസ് വഴിയൊരുക്കിയ കഥയ്ക്കു സമാനമാണ് ഈ സംഭവവും

RECENT POSTS
Copyright © . All rights reserved