Kerala

മണിപ്പാല്‍:  മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ടി.വി.ആര്‍.ഷേണായി(77) അന്തരിച്ചു. മണിപ്പാലിലെ ആശുപത്രിയില്‍ വൈകുന്നേരം ഏഴരയോടെയായിരുന്നു അന്ത്യം. മൃതദേഹം ബുധനാഴ്ച്ച വൈകിട്ട് ഡല്‍ഹിയിലേക്ക് കൊണ്ടുപോകും. വ്യാഴാഴ്ച്ചയാണ്‌ സംസ്‌കാരച്ചടങ്ങുകള്‍ നടക്കുക.

എറണാകുളം ചെറായി സ്വദേശിയാണ് അദ്ദേഹം. പ്രമുഖ മാധ്യമപ്രവര്‍ത്തകനും കോളമിസ്റ്റുമായിരുന്ന ഷേണായിയെ 2003ല്‍ രാജ്യം പത്മഭൂഷണ്‍ നല്‍കി ആദരിച്ചിട്ടുണ്ട്. അഞ്ച് പതിറ്റാണ്ട് നീണ്ട പത്രപ്രവര്‍ത്തക ജീവിതത്തിനിടെ വിദേശപത്രങ്ങളിലടക്കം നിരവധി പ്രസിദ്ധീകരണങ്ങളില്‍ കോളങ്ങള്‍ എഴുതിയിട്ടുണ്ട്.

ഇന്ത്യന്‍ എക്‌സ്പ്രസിലൂടെയായിരുന്നു പത്രപ്രവര്‍ത്തനരംഗത്തേക്കുള്ള അദ്ദേഹത്തിന്റെ കടന്നുവരവ്. ദ് വീക്ക്  എഡിറ്ററായും പ്രസാര്‍ഭാരതി നിര്‍വ്വഹണസമിതിയംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 1995 മുതല്‍ സ്വതന്ത്രപത്രപ്രവര്‍ത്തനത്തിലേക്ക് തിരിഞ്ഞു.

സാമ്പത്തിക-രാഷ്ട്രീയനിരീക്ഷകനുമായിരുന്നു അദ്ദേഹം. ഓക്‌സ്‌ഫോര്‍ഡ് സര്‍വ്വകലാശാലയിലടക്കം നിരവധി വേദികളില്‍ പ്രഭാഷണങ്ങള്‍ നടത്തിയിട്ടുണ്ട്. മൊറോക്കോ രാജാവില്‍ നിന്ന് ഉന്നത ബഹുമതിയായ അലാവിറ്റ കമാണ്ടര്‍ വിസ്ഡം പുരസ്‌കാരവും ലഭിച്ചിച്ചുണ്ട്.

സരോജമാണ് ഭാര്യ. സുജാത,അജിത് എന്നിവര്‍ മക്കളാണ്.

ടി.വി.ആര്‍. ഷേണായിയുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനായ ടി.വി.ആര്‍. ഷേണായിയുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. ദേശീയ- അന്തര്‍ദേശീയ തലങ്ങളില്‍ ഏറ്റവും ശ്രദ്ധിക്കപ്പെട്ട മലയാളി പത്രപ്രവര്‍ത്തകനായിരുന്നു ടി.വി.ആര്‍. ഷേണായി എന്ന്  മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചനക്കുറിപ്പില്‍ പറഞ്ഞു.

ഗഹനമായ ദേശീയ-അന്തര്‍ദേശീയ പ്രശ്നങ്ങള്‍ വായനക്കാര്‍ക്കു മുമ്പില്‍ ലളിതമായും ഉള്‍ക്കാഴ്ചയോടെയും അവതരിപ്പിക്കുന്നതില്‍ അദ്ദേഹം അന്യാദൃശമായ പാടവം പ്രകടിപ്പിച്ചു. അഞ്ച് പതിറ്റാണ്ട് ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ച അദ്ദേഹം കേരളത്തിന്റെ അംബാസിഡറായാണ് അറിയപ്പെട്ടത്.

അദ്ദേഹത്തിന്റെ രാഷ്ട്രീയ നിലപാടുകളോട് വിയോജിപ്പുള്ളവര്‍ പോലും പത്രപ്രവര്‍ത്തന മേഖലയ്ക്ക് അദ്ദേഹം നല്‍കിയ സംഭാവനകളെ വിലമതിക്കും. പത്രപ്രവര്‍ത്തനരംഗത്തെ പുതുതലമുറയ്ക്ക് ഗുരുസ്ഥാനീയനയാണ് നഷ്ടപ്പെട്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ടി.വി.ആര്‍.ഷേണായിയുടെ നിര്യാണത്തില്‍ പ്രതിപക്ഷ നേതാവ് രമേശ്  ചെന്നിത്തല അനുശോചിച്ചു.

തിരുവനന്തപുരം: പ്രമുഖ പത്രപ്രവര്‍ത്തകന്‍ പത്മഭൂഷണ്‍ ടി വി ആര്‍ ഷേണായിയുടെ നിര്യാണത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അനുശോചിച്ചു.  ഇന്ത്യന്‍ പത്രപ്രവര്‍ത്തനരംഗത്തെ കുലപതികളൊരാളെയാണ്  അദ്ദേഹത്തിന്റെ നിര്യാണത്തോടെ നഷ്ടമായിരിക്കുന്നതെന്ന് ചെന്നിത്തല തന്റെ അനുശോചന സന്ദേശത്തില്‍ പറഞ്ഞു. താന്‍ ഡല്‍ഹിയിലെത്തിയ കാലം മുതല്‍ ഒരു  മുതിര്‍ന്ന ജ്യേഷ്ഠനെന്നപോലെ തനിക്ക് മാര്‍ഗ നിര്‍ദേശവും വഴികാട്ടിയുമായി നിലകൊണ്ട  ടി വി ആര്‍  ഷേണായിയുടെ വിയോഗം വ്യക്തിപരമായി തനിക്ക്   കനത്ത നഷ്ടമാണെന്നും അദ്ദേഹം അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

 

തിരുവനന്തപുരം: മുന്‍ റേഡിയോ ജോക്കിയും നാടന്‍ പാട്ട് കലാകാരനുമായ മടവൂര്‍ സ്വദേശി രാജേഷ് കുമാറിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രധാന പ്രതികളിലൊരാളായ സാത്താന്‍ അപ്പുണ്ണി പോലീസ് പിടിയിലായി. കായംകുളത്ത് നിന്നാണ് ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തത്. കേസിലെ പ്രധാന പ്രതികളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ അറസ്റ്റിലായിരുന്നു. മുഖ്യപ്രതി അലിഭായി എന്ന് വിളിക്കുന്ന മുഹമ്മദ് താലിഫിനെ ഖത്തറില്‍ നിന്ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിച്ചാണ് അറസ്റ്റ് ചെയ്തത്.

ആലപ്പുഴ ഭാഗത്തുള്ള സുഹൃത്തായ സ്ത്രീയുടെ വീട്ടില്‍ ഒളിച്ചു താമസിക്കുകയായിരുന്നു അപ്പുണ്ണി. ഇയാള്‍ക്കായി പോലീസ് ഇതര സംസ്ഥാനങ്ങളില്‍ വരെ തെരച്ചില്‍ നടത്തിയിരുന്നു. കേസിലെ മൂന്നാം പ്രതിയാണ് ഇയാള്‍. മടവൂരിലെ സ്വന്തം സ്റ്റുഡിയോയില്‍ വെച്ചാണ് രാജേഷിന് വെട്ടേറ്റത്. ആക്രമണം നടത്തിയ സംഘത്തിലെ കരുനാഗപ്പള്ളി സ്വദേശി ഷന്‍സീര്‍ നേരത്തേ അറസ്റ്റിലായിരുന്നു. സംഘത്തിലെ മൂന്നാമനായ അപ്പുണ്ണി രാജേഷിനെ പിടിച്ചു നിര്‍ത്തുകയും അലിഭായിയും ഷന്‍സീറും ചേര്‍ന്ന് വെട്ടുകയുമായിരുന്നു. വടിവാളുകള്‍ ഷന്‍സീറാണ് പിന്നീട് ഒളിപ്പിച്ചത്.

രാജേഷുമായി സൗഹൃദമുണ്ടായിരുന്ന ഖത്തറിലെ നൃത്താധ്യാപികയുടെ ഭര്‍ത്താവാണ് ക്വട്ടേഷന്‍ നല്‍കിയെന്നതിനു വ്യക്തമായ തെളിവ് ലഭിച്ചതായി പൊലീസ് പറഞ്ഞു. ഭര്‍ത്താവുമായി പിണങ്ങിക്കഴിയുന്ന അധ്യാപിക രാജേഷുമായി അടുത്തതും ഭാര്യ മാറിത്താമസിച്ചതോടെ ബിസിനസ് തകര്‍ന്നതുമാണ് ഇയാളെ ഇതിന് പ്രേരിപ്പിച്ചത്. മാര്‍ച്ച് 27ന് പുലര്‍ച്ചെയാണു മടവൂരിലെ സ്റ്റുഡിയോയില്‍ രാജേഷ് വെട്ടേറ്റ് കൊല്ലപ്പെട്ടത്.

മാധവ് ഗാഡ്ഗില്‍, കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകള്‍ തള്ളണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം കത്തയച്ചു. റിപ്പോര്‍ട്ടുകളില്‍ കേരളത്തിലെ വനപ്രദേശങ്ങളെ തെറ്റായാണ് രേഖപ്പെടുത്തിയിട്ടുള്ളത്. അന്തിമ വിജ്ഞാപനത്തില്‍ നിന്ന് ജനവാസമേഖലകളെ പൂര്‍ണ്ണമായി ഒഴിവാക്കണമെന്നും അല്‍ഫോണ്‍സ് കണ്ണന്താനം കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ജനവാസ മേഖലകളെ പരിസ്ഥിതി ദുര്‍ബല പ്രദേശങ്ങളായി പ്രഖ്യാപിക്കരുത്. അവയെ പൂര്‍ണ്ണമായും ഒഴിവാക്കണം. ജനങ്ങളുടെ സഹകരണത്തോടെ വനഭൂമി സംരക്ഷിക്കുന്നതില്‍ ഏറ്റവും അംഗീകാരം നേടിയ സംസ്ഥാനമാണ് കേരളം. നിലവിലെ വിജ്ഞാപനം ദുരുപയോഗപ്പെടാനുള്ള സാധ്യതയുണ്ടെന്നും അല്‍ഫോണ്‍സ് കണ്ണന്താനം കത്തില്‍ പറയുന്നു.

ഗാഡ്ഗില്‍, കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകളില്‍ റബര്‍ പ്ലാന്റേഷനുകളെ വനമേഖലയായാണ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ഗാഡ്ഗില്‍ റിപ്പോര്‍ട്ട് പ്രകാരം 123 വില്ലേജുകളിലായുള്ള 13,000 ചതുരശ്ര കിലോമീറ്റര്‍ പ്രദേശമാണ് പാരിസ്ഥിതിക സംരക്ഷണ നിയമത്തിന്റെ 5ാം വകുപ്പ് പ്രകാരം പരിസ്ഥിതി ദുര്‍ബല പ്രദേശമായി വിജ്ഞാപനം ചെയ്തിരിക്കുന്നത്. കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് അനുസരിച്ച് ഇത് 9993.7 ചതുരശ്ര കിലോമീറ്ററായി കുറച്ചിട്ടുണ്ട്. വിജ്ഞാപനം ചെയ്യപ്പെട്ട വില്ലേജുകളിലെ വനപ്രദേശം തെറ്റായി കണക്കാക്കി ഡോ. ഉമ്മന്‍ വി ഉമ്മന്‍ തയ്യാറാക്കിയ പഠന റിപ്പോര്‍ട്ടിന്റെ കൂടി അടിസ്ഥാനത്തിലായിരുന്നു ഈ തീരുമാനം. അതിനാല്‍ ഗാഡ്ഗില്‍, കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകള്‍ അംഗീകരിക്കരുതെന്ന് ആവശ്യപ്പെട്ടാണ് അല്‍ഫോണ്‍സ് കണ്ണന്താനം വനം പരിസ്ഥിതി മന്ത്രിക്ക് കത്തയച്ചത്.

ന്യൂഡല്‍ഹി: എംജി സര്‍വകലാശാല വിസി സ്ഥാനത്ത് ഡോ.ബാബു സെബാസ്റ്റിയന് മെയ് 4 വരെ തുടരാന്‍ അനുമതി. സുപ്രീം കോടതിയാണ് ഈ അനുമതി നല്‍കിയത്. ബാബു സെബാസ്റ്റിയനെ തുടരാന്‍ അനുവദിക്കണമെന്ന് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.

യുജിസി മാനദണ്ഡങ്ങള്‍ അനുസരിച്ച് യോഗ്യതയില്ലെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതിയാണ് ബാബു സെബാസ്റ്റ്യനെ അയോഗ്യനാക്കിയത്. വിസിയുടെ നിയമനത്തിനായി സെര്‍ച്ച് കമ്മിറ്റി രൂപീകരിച്ചതില്‍ ക്രമക്കേടുണ്ടെന്നും വൈസ് ചാന്‍സലറെ തിരഞ്ഞെടുത്ത നടപടികളില്‍ അപാകതകളുണ്ടായിരുന്നെന്നും ഹൈക്കോടതി നിരീക്ഷിച്ചിരുന്നു.

സെര്‍ച്ച് കമ്മിറ്റിയിലെ അംഗങ്ങള്‍ക്ക് യൂണിവേഴ്സിറ്റിയുമായി ബന്ധം പാടില്ലെന്നാണ് ചട്ടം. ഇത് പാലിക്കപ്പെട്ടില്ലെന്നും ഹൈക്കോടതി കണ്ടെത്തിയിരുന്നു. കേസ് മെയ് നാലിന് വീണ്ടും പരിഗണിക്കും.

ഹര്‍ത്താലിന്റെ പേരില്‍ ആളുകള്‍ റോഡില്‍ തെമ്മാടിത്തരം കാണിക്കുകയാണെന്ന് നടി പാര്‍വതി. തന്റെ ട്വിറ്ററിലാണ് പാര്‍വതി ഇക്കാര്യം കുറിച്ചിരിക്കുന്നത്. ജമ്മു കശ്മീരിലെ കത്വയില്‍ 8 വയസുകാരയെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്ത് ചിലര്‍ രംഗത്ത് വന്നതിനെ തുടര്‍ന്ന് സംസ്ഥാനത്തെ പല ഭാഗങ്ങളിലും അക്രമം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഹര്‍ത്താല്‍ അനുകൂലികളാണ് പാര്‍വതിയുടെ വാഹനവും തടഞ്ഞിരിക്കുന്നത്.

ഹര്‍ത്താലിന്റെ പേരില്‍ ചിലര്‍ തെമ്മാടിത്തം നടത്തുകയാണ്. വഴി തടയുകയും റോഡിലിറങ്ങി ആളുകള്‍ അസഭ്യം പറയുകയും ചെയ്യുകയാണ്. കോഴിക്കോട് വിമാനത്താവളം, ചെമ്മാട്, കൊടിഞ്ഞി, താനൂര്‍ റോഡിലാണ് പ്രശ്‌നം. ഈ സന്ദേശം എത്രയും പെട്ടന്ന് ആളുകളില്‍ എത്തിക്കണമെന്നും എല്ലാവരും സുരക്ഷിതരായി ഇരിക്കണമെന്നും പാര്‍വതി ട്വീറ്റ് ചെയ്തു. പൊലീസ് സ്ഥലത്തെത്തി ആളുകളെ അറസ്റ്റ് ചെയ്യുന്നുണ്ടെന്നും ട്വീറ്റില്‍ പറയുന്നു.

സമൂഹ മാധ്യമങ്ങള്‍ വഴി നടത്തിയ ഹര്‍ത്താല്‍ പ്രചരണത്തെ തുടര്‍ന്ന് മലപ്പുറം ജില്ലയിലെ പല ഭാഗങ്ങളിലും പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു. ബസുകള്‍ തടയുകയും കടകള്‍ വ്യാപകമായി അടപ്പിക്കുകയും ചെയ്തിട്ടുണ്ട്. ചിലയിടങ്ങളില്‍ റോഡ് ഉപരോധിച്ച് ടയറുകള്‍ കത്തിച്ചു. അക്രമ സാധ്യതയുള്ള പ്രദേശങ്ങള്‍ പോലീസിനെ വിന്യസിച്ചിട്ടുണ്ട്.

കൊച്ചി: കത്വവയില്‍ 8 വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് ചിലര്‍ സോഷ്യല്‍ മീഡിയ വഴി ആഹ്വാനം ചെയ്ത വ്യാജ ഹര്‍ത്താലില്‍ വ്യാപക അക്രമം. കാസര്‍ഗോഡ് കെഎസ്ആര്‍ടിസി ബസിന് നേരെ കല്ലേറുണ്ടായി. ബസിന്റെ ചില്ലുകള്‍ പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. പരിക്കേറ്റ ഡ്രൈവറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

കോഴിക്കോട് മിഠായി തെരുവിലെ കടകള്‍ പ്രതിഷേധക്കാര്‍ ബലമായി അടപ്പിച്ചു. കണ്ണൂരിലെ പ്രതിഷേധ പ്രകടനം നടത്തിയ 15 ഹര്‍ത്താലനുകൂലികളെ പോലീസ് കസ്റ്റഡിയിലെടുത്തു. കസ്റ്റഡിയിലെടുത്തവരെ പുറത്ത് വിടണമെന്ന് ആവശ്യപ്പെട്ട് ചിലര്‍ പോലീസ് സ്റ്റേഷന് മുന്നില്‍ പ്രതിഷേധിച്ചു. കണ്ണൂര്‍ ടൗണ്‍ പരിസരങ്ങളിലെ കടകളില്‍ ഭൂരിഭാഗവും അടഞ്ഞു കിടക്കുകയാണ്.

മലപ്പുറം ജില്ലയിലെ പല ഭാഗങ്ങളിലും ഹര്‍ത്താലനുകൂലികള്‍ പ്രതിഷേധ പ്രകടനം നടത്തി. ബസുകള്‍ തടയുകയും കടകള്‍ വ്യാപകമായി അടപ്പിക്കുകയും ചെയ്തിട്ടുണ്ട്. ചിലയിടങ്ങളില്‍ റോഡ് ഉപരോധിച്ച് ടയറുകള്‍ കത്തിച്ചു. അക്രമ സാധ്യതയുള്ള പ്രദേശങ്ങള്‍ പോലീസിനെ വിന്യസിച്ചിട്ടുണ്ട്. അതേസമയം തെക്കന്‍ ജില്ലകളില്‍ പ്രതിഷേധം കുറവാണ്. ഇവിടെ കടകള്‍ തുറന്ന് പ്രവര്‍ത്തിക്കുകയും വാഹനങ്ങള്‍ നിരത്തിലിറങ്ങുകയും ചെയ്യുന്നുണ്ട്.

ന്യൂസ് ഡെസ്ക്ക്.

അങ്കമാലിക്കടുത്ത് കറുകുറ്റിക്കു സമീപം പള്ളിപ്പെരുന്നാളിനിടെയുണ്ടായ വെടിക്കെട്ടപകടത്തിൽ ഒരാൾ മരിച്ചു. കറുകറ്റി മുല്ലപ്പറമ്പൻ സാജുവിന്റെ മകൻ സൈമൺ (20) ആണു മരിച്ചത്. നാലുപേർക്കു പൊള്ളലേറ്റു. ഇതിൽ രണ്ടു പേരുടെ നില ഗുരുതരമാണ്. മെൽജോ പൗലോസ്, സ്റ്റെഫിൻ ജോസ്, ജസ്റ്റിൻ ജെയിംസ്, ജോയൽ ബിജു എന്നിവർക്കാണ് പൊള്ളലേറ്റത്. ഇവരിൽ മെൽജോ, സ്റ്റെഫിൻ എന്നിവരെ അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയിലും ജസ്റ്റിൻ, ജോയൽ എന്നിവരെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. രാത്രി എട്ടരയോടെയാണ് സംഭവം.

അങ്കമാലി കറുകുറ്റി മാമ്പ്ര അസീസി നഗർ കപ്പേളയിൽ വെടിക്കെട്ടിനിടെ പടക്ക സാമഗ്രികൾ സൂക്ഷിച്ചിരുന്ന പടക്കപ്പുരയിലേക്കു തീപടർന്നാണ് അപകടമുണ്ടായത്. രണ്ടു ദിവസമായി നടക്കുന്ന പെരുന്നാളിന്റെ സമാപനത്തോട് അനുബന്ധിച്ചാണ് വെടിക്കെട്ട് നടത്തിയത്. വെട്ടിക്കെട്ട് സാമഗ്രികൾ സൂക്ഷിച്ചിരുന്ന അസീസി ക്ലബിലേക്ക് തീ പടർന്ന് വലിയ ശബ്ദത്തോടെ പൊട്ടുകയായിരുന്നു.

കൊരട്ടി: കൊരട്ടിയിലെ സെന്റ് മേരീസ് ഫൊറോന പള്ളിയില്‍ വീണ്ടും പ്രതിഷേധം. താല്‍ക്കാലികമായി ചുമതലയേല്‍ക്കാന്‍ എത്തിയ വികാരിയെ നാട്ടുകാര്‍ തടഞ്ഞുവച്ചു. കാണിക്ക സ്വര്‍ണം വിറ്റതില്‍ പള്ളിയ്ക്കു നഷ്ടപ്പെട്ട തുക തിരിച്ചടയ്ക്കാതെ ഒത്തുതീര്‍പ്പിന് ഇല്ലെന്ന കടുത്ത നിലപാടിലാണ് ഇടവക വിശ്വാസികള്‍.
കൊരട്ടി സെന്റ് മേരീസ് ഫൊറോന പള്ളിയിലേക്ക് രൂപത താല്‍ക്കാലികമായി നിയോഗിച്ച വികാരി ഫാ.ജോസഫ് തെക്കിനിയത്തിനെ വിശ്വാസികള്‍ മണിക്കൂറുകളോളം തടഞ്ഞുവച്ചു. രാവിലെ അഞ്ചേക്കാലിന് വികാരി കുര്‍ബാന ചൊല്ലിയെങ്കിലും മറ്റുള്ള കുര്‍ബാനയ്ക്കു വിശ്വാസികള്‍ സമ്മതിച്ചില്ല. രണ്ടു കാര്യങ്ങളാണ് വിശ്വാസികള്‍ ഉയര്‍ത്തുന്നത്. കാണിക്ക സ്വര്‍ണം വിറ്റതിലെ ക്രമക്കേടിലൂടെ പള്ളിയ്ക്കു നഷ്ടമായ പണം തിരിച്ചുകിട്ടണം. പള്ളിയുടെ സ്വര്‍ണവും പണവും തട്ടിയെടുത്തവര്‍ക്ക് ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തണം. ഈ ആവശ്യങ്ങള്‍ നടപ്പാക്കാതെ കൊരട്ടി പള്ളിയില്‍ യാതൊരു ഒത്തുതീര്‍പ്പിനും വിശ്വാസികള്‍ ഇല്ല. മൂന്നും നാലും മാസം കഴിഞ്ഞ ശേഷം നടപടിയെടുക്കാമെന്ന നിലപാടിലാണ് രൂപത നേതൃത്വം. കാലതാമസം വരുത്തി പ്രശ്നം മയപ്പെടുത്തി കൊണ്ടുവരാനുള്ള രൂപതയുടെ ശ്രമവും ഇതോടെ പാളി.

വികാരി മാത്യു മണവാളനെ രൂപത നേതൃത്വം കഴിഞ്ഞ ദിവസം മാറ്റിയിരുന്നു. പകരം താല്‍ക്കാലികമായി എളംകുളം പള്ളിയിലെ വികാരിയെ കൊരട്ടിയിലേയ്ക്കു നിയോഗിക്കുകയായിരുന്നു. വികാരിയെ മാറ്റിയതോടെ പ്രശ്നങ്ങള്‍ അവസാനിക്കുമെന്ന പ്രതീക്ഷയിലായിരുന്നു രൂപത നേതൃത്വം. പള്ളിയ്ക്കു നഷ്ടപ്പെട്ട സ്വര്‍ണവും പണവും പകരം വയ്ക്കാതെ, പ്രശ്നങ്ങള്‍ തീരില്ലെന്ന് ഇതോടെ ഉറപ്പായി. കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയ്ക്കെതിരെ പരസ്യമായി മാധ്യമങ്ങളില്‍ വിമര്‍ശനം ഉന്നയിച്ച വൈദികനാണ് മാത്യു മണവാളന്‍. മാധ്യമങ്ങളുമായി കൊരട്ടി പള്ളിയിലെ പ്രശ്നം ചര്‍ച്ച ചെയ്യരുതെന്ന് രൂപത നേതൃത്വം വിശ്വാസികളോട് ആവശ്യപ്പെട്ടിരുന്നു. കര്‍ദ്ദിനാളിനെതിരെ വൈദികര്‍ക്ക് മാധ്യമങ്ങളോട് പറയാമെങ്കില്‍ കൊരട്ടി പള്ളിയിലെ പ്രശ്നങ്ങളും പറയുമെന്നാണ് വിശ്വാസികളുടെ നിലപാട്.

കഴിഞ്ഞ മാര്‍ച്ച് 22 നാണ് മുക്കൂട്ടുതറ കുന്നത്ത് വീട്ടില്‍ ജെയിംസ് ജോസഫിന്റെ മകള്‍ ജെസ്‌നയെ (20) രാവിലെ 9.30 മുതല്‍ കാണാതായത്. എന്നാല്‍ കാണാനില്ലെന്ന് ചുണ്ടിക്കാട്ടി ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കി 25 ദിവസം പിന്നിടുമ്പോഴും ജെസ്‌ന എവിടെ എന്ന ചോദ്യത്തിനുള്ള ഉത്തരം ഇരുട്ടില്‍ത്തന്നെ.

കാണാതായ ദിവസം രാവിലെ എട്ടു മണിയോടെ ജെസ്ന വീടിന്റെ വരാന്തയിലിരുന്നു പഠിക്കുന്നത് അയല്‍ക്കാര്‍ കണ്ടതാണ്. പിതാവ് ജെയിംസ് ജോലി സ്ഥലത്തേക്ക് പോയി. മൂത്ത സഹോദരി ജെഫിമോളും സഹോദരന്‍ ജെയ്സും കോളജിലേക്കും പോയി. ഒമ്പതു മണിയോടെ മുക്കൂട്ടുതറയിലുള്ള അമ്മായിയുടെ വീട്ടിലേക്കു പോവുകയാണെന്ന് അയല്‍ക്കാരോടു പറഞ്ഞാണ് ജെസ്ന വീട്ടില്‍ നിന്നിറങ്ങുകിയത്. ഒരു ഓട്ടോറിക്ഷയിലാണ് മുക്കൂട്ടുതറ ടൗണില്‍ എത്തിയത്. പിന്നീട് ജെസ്നയെ കുറിച്ച് വിവരമൊന്നും ഇല്ല. കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക് കോളജില്‍ രണ്ടാംവര്‍ഷ ബികോം വിദ്യാര്‍ഥിനിയാണ് ജെസ്ന. അധികം ആരോടും സംസാരിക്കാത്ത പ്രകൃതമായതിനാല്‍ ജെസ്നയ്ക്ക് അടുത്ത സുഹൃത്തുക്കളും കുറവാണ്.

ജെസ്നയെ കാണാതായതോടെ അന്നു രാത്രി ഏഴരയോടെ പിതാവ് ജെയിംസ് എരുമേലി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. ജെസ്ന ഉപയോഗിച്ചിരുന്ന ഫോണും കോള്‍ലിസ്റ്റും പൊലീസ് ശാസ്ത്രീയമായി പരിശോധിച്ചെങ്കിലും അസ്വാഭാവികതയൊന്നും കണ്ടെത്താനായില്ല. അതിനാല്‍ തന്നെ കേസ് ഏറെക്കുറേ വഴിമുട്ടിയ അവസ്ഥയിലാണ് മുന്നോട്ട് പോകുന്നത്. വീട്ടില്‍ നിന്നിറങ്ങുമ്പോല്‍ ജെസ്‌ന കയ്യില്‍ ഒന്നും കരുതിയിട്ടുമില്ല.

ജെസ്‌നയുടെ തിരോധാനവുമായി ബന്ധപ്പെട്ട് ദീപ മനോജ് എന്ന് സാമൂഹ്യ പ്രവര്‍ത്തക ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പും ശ്രദ്ധ നേടിയിരിക്കുകയാണ്.

ദീപ മനോജിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്;

പ്രിയപ്പെട്ടവരേ… കഴിഞ്ഞ മാർച്ച്‌ 22 നു Jesna Maria James എന്ന ഈ കൊച്ചു മിടുക്കിയെ കാണാതായിട്ട് ഇന്ന് 20 ദിവസങ്ങൾ പിന്നിട്ടിരിക്കുന്നു.. ഇന്ന് അവളുടെ പപ്പയോടും ചേച്ചിയോടും സംസാരിക്കാൻ എനിക്കായി.. എന്റെ പാപ്പൻ വഴി ഞാൻ ജെയിംസ് ചേട്ടന്റെ നമ്പർ മേടിച്ചു..

കണ്ണീരോടെ ജെയിംസ് ചേട്ടൻ മകളുടെ വരവിനായി കാത്തിരിക്കുന്നു.. കാഞ്ഞിരപ്പള്ളി st. ഡൊമിനിക് കോളേജിലെ രണ്ടാം വർഷ ബികോം വിദ്യാർത്ഥിനി ആണ് ജെസ്‌ന . കൂട്ടുകെട്ടുകളോ അനാവശ്യ സംസാരമോ ഒന്നുമില്ലാത്ത ഈ കൊച്ചു മിടുക്കി പഠനത്തിൽ മാത്രം ശ്രദ്ധ പുലർത്തിയിരുന്നു എന്നാണ് അറിയാൻ കഴിഞ്ഞത്.. അവളുടെ ചേച്ചി ഗദ്ഗദങ്ങൾക്കു നടുവിൽ പറഞ്ഞു തന്ന കഥയാണ് നിങ്ങളോട് പങ്കു വക്കുന്നത്.. അവരുടെ അമ്മ ന്യുമോണിയ ബാധിച്ചു 9 മാസം മുൻപ് ഇഹലോക വാസം വെടിഞ്ഞു.. ആ വേദന ഈ കുഞ്ഞുങ്ങളെ വല്ലാതെ തളർത്തിയിരുന്നു.. ചേച്ചി എറണാകുളത്തു പഠിക്കുന്നു.. സഹോദരൻ അമൽ ജ്യോതിയിലും.. അമ്മയുടെ മരണശേഷം വീട്ടിൽ പപ്പക്കും സഹോദരനും ആഹാരം ഉണ്ടാക്കാൻ കഴിയാത്തതിൽ തന്റെ ഹോസ്റ്റൽ ജീവിതം അവസാനിപ്പിച്ചു അവൾ വീട്ടിൽ നിന്നും കോളേജിൽ പോയി വരികയായിരുന്നു….
സാമ്പത്തികമായും ഭദ്രമായ കുടുംബമായിരുന്നു കുന്നത് ജെയിംസ് ചേട്ടന്റേത്.. കൺസ്ട്രക്ഷൻ ജോലികളിൽ തിരക്കാണെങ്കിലും ഭാര്യയുടെ വിയോഗത്തിന് ശേഷം മക്കളുടെ കാര്യത്തിൽ ഒരമ്മയുടെ സ്നേഹം കൂടി നൽകാൻ ജെയിംസ് ചേട്ടൻ ശ്രദ്ധിച്ചിരുന്നു എന്ന് നാട്ടുകാരും മക്കളും സാക്ഷ്യം നൽകുന്നു..

ഇവൾ എവിടെ ?? 20 ദിവസങ്ങൾ കഴിഞ്ഞിട്ടും ജെയിംസ് ചേട്ടൻ മുഖ്യമന്ത്രിക്ക് നേരിട്ട് പരാതി കൊടുത്തിട്ടും ഇവളെ എന്ത് കൊണ്ടു കണ്ടെത്താൻ കഴിഞ്ഞില്ല.. FIR ഫയൽ ചെയ്തിട്ടും അന്വേഷണം എങ്ങും എത്തിയില്ല…

ദയവായി നിങ്ങൾ share ചെയ്യൂ.. ഇവളെ കണ്ടെത്താൻ നിങ്ങളുടെ ഒരു share നാകുമെങ്കിൽ നമുക്കതു ചെയ്യാം… തളർന്ന കുടുംബത്തെ കൈ പിടിച്ചു ഉയർത്താൻ നിങ്ങൾ എന്നെ സഹായിക്കില്ലേ ???

ഫാദര്‍ പോള്‍ തേലക്കാട്ടിന്റെ തോമാശ്ലീഹാ ഇന്ത്യയില്‍ വന്നതിന് തെളിവില്ലെന്ന നിലപാട് വസ്തുതാ വിരുദ്ധമെന്ന് സീറോ മലബാര്‍ സഭ. തോമാശ്ലീഹാ ഇന്ത്യയില്‍ വന്നിട്ടുണ്ട്. ചരിത്ര രേഖകള്‍ ഇത് തെളിയിക്കുന്നുവെന്നും സീറോ മലബാര്‍ സഭ വ്യക്തമാക്കുന്നു. സീറോ മലബാര്‍ സഭയുടെ ഉത്ഭവം തോമാശ്ലീഹായുടെ സുവിശേഷ പ്രഘോഷണത്തില്‍ നിന്നുമാണ്. വിയോജിക്കുന്നവര്‍ ന്യൂനപക്ഷം മാത്രമെന്നും കൂരിയ ബിഷപ് മാര്‍ വാണിയപ്പുരയ്ക്കല്‍ പറഞ്ഞു.

ചില ചരിത്രകാരന്മാരും ക്രൈസ്തവ സഭകളും പ്രചരിപ്പിക്കുന്നതുപോലെ തോമാശ്ലീഹ കേരളത്തില്‍ വന്നിട്ടില്ലെന്ന് സീറോ മലബാര്‍ സഭയുടെ മുന്‍ വക്താവ് ഫാദര്‍ പോള്‍ തേലക്കാട്ട് പറഞ്ഞിരുന്നു. ക്രൈസ്തവ സഭകളില്‍ ജാതി നിര്‍ണ്ണായക ഘടകമാണെന്നും തേലക്കാട് പറഞ്ഞിരുന്നു. തോമാശ്ലീഹ ബ്രാഹ്മണരെ ക്രിസ്ത്യാനികളാക്കിയെന്ന തരത്തിലുള്ള മിത്തുകള്‍ തകര്‍ക്കപ്പെടണമെന്ന് യാക്കോബായ സഭ നിരണം ഭദ്രാസനാധിപന്‍ ഗീവര്‍ഗ്ഗീസ് മാര്‍ കൂറിലോസിന്റെ ഫെയ്‌സ്ബുക് പോസ്റ്റിനെക്കുറിച്ച് പ്രതികരിക്കവേയായിരുന്നു ഫാദര്‍ പോള്‍ തേലക്കാട്ടിന്റെ നിര്‍ണായക വെളിപ്പെടുത്തല്‍.

”ഒന്നാം നൂറ്റാണ്ടില്‍ ഇവിടെ തോമാശ്ലീഹാ വന്ന് ബ്രാഹ്മണരെ മാമോദീസാ മുക്കിയെന്ന് പറയുന്നത് ശുദ്ധ അസംബന്ധം തന്നെയാണ്. അക്കാര്യം ബെനഡിക്ട് മാര്‍പാപ്പ പോലും ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ കേരളത്തിലെ ചില മതമേധാവികള്‍ അതംഗീകരിക്കാന്‍ തയ്യാറായില്ല. തോമാശ്ലീഹാ കേരളത്തിലെത്തിയെന്നതിന് വ്യക്തമായ തെളിവില്ല,” തേലക്കാട്ട് പറഞ്ഞിരുന്നു

ക്രൈസ്തവ സഭകളില്‍ മെത്രാനെ തിരഞ്ഞെടുക്കുമ്പോള്‍ ജാതി നിര്‍ണ്ണായക ഘടകമാണെന്ന് തേലക്കാട് പറഞ്ഞിരുന്നു. ”ബ്രാഹ്മണ്യത്തിന്റെ കേരളത്തിലേക്കുള്ള വരവോടെയാണ് ക്രൈസ്തവര്‍ക്കിടയില്‍ ജാതിയുടെ വേര്‍തിരിവുകള്‍ കടന്നു വന്നത്. അത് ഇന്നും നിലനില്‍ക്കുന്നു. സുറിയാനി ക്രിസ്ത്യാനികളും ലത്തീന്‍ ക്രിസ്ത്യാനികളും തമ്മില്‍ സാമൂഹ്യപരമായ അന്തരം ഇന്നും നിലനില്‍ക്കുന്നുവെന്നത് യാഥാര്‍ത്ഥ്യമല്ലേ?” ”മാര്‍ക്‌സിസത്തിലും ക്രൈസ്തവതയിലും സവര്‍ണ്ണ ജാതിബോധം കടന്നു വന്നതോടെയാണ് രണ്ടിലും ജാതി കാഴ്ചപ്പാടുകള്‍ വേരോടിത്തുടങ്ങിയത്. ഇഎംഎസും പി. ഗോവിന്ദപ്പിള്ളയും പേരിനൊപ്പം വാല്‍ ചേര്‍ക്കുന്നത് ഈ സവര്‍ണ ജാതി ബോധം കൊണ്ടു തന്നെയാണെന്നതില്‍ സംശയമില്ല,” തേലക്കാട്ട് വിശദീകരിക്കുന്നു.

യാക്കോബായ സഭാ ബിഷപ്പ് ഗീവര്‍ഗീസ് മാര്‍ കൂറിലോസ്, താന്‍ ഇനി കുടുംബയോഗ വാര്‍ഷികങ്ങളില്‍ പങ്കെടുക്കില്ലെന്നും സഭയില്‍ ജാതിമേധാവിത്തവും സ്വത്വവും പാരമ്പര്യവും ഊട്ടിയുറപ്പിക്കുന്ന കലപാരിപാടികളാണ് കുടുംബ യോഗങ്ങളെന്നും ഫെയ്‌സ്ബുക്കില്‍ എഴുതിയിരുന്നു. ബ്രാഹ്മണരെ തോമശ്ലീഹ മതം മാറ്റിയെന്നത് അബദ്ധമാണെന്നും ബിഷപ് എഴുതിയിരുന്നു.

ഇനി മുതല്‍ കുടുംബയോഗ വാര്‍ഷികം എന്ന പേരില്‍ കേരളത്തില്‍ മെയ്, ഡിസംബര്‍ മാസങ്ങളില്‍ നടക്കുന്ന പരിപാടികളില്‍ പങ്കെടുക്കില്ല. കൃത്രിമമായി സൃഷ്ടിച്ചെടുത്ത ‘മേല്‍ജാതി’ സ്വത്വവും പാരമ്പര്യവും ഊട്ടി ഉറപ്പിക്കുവാനുള്ള കലാപരിപടികളാണ് ഇവയില്‍ ഒട്ടേറെയും. ഒന്നുകില്‍ പകലോമറ്റം, അല്ലെങ്കില്‍ കള്ളിയാങ്കല്‍ ഇങ്ങിനെ പോകും ഇവരുടെ എല്ലാവരുടെയും വേരുകള്‍! അവിടെയെല്ലാം ഉണ്ടായിരുന്ന ‘ഇല്ലങ്ങളി’ലെ ബ്രാഹ്മണരെ തോമാശ്ലീഹ ക്രിസ്ത്യാനികളാക്കിയവരാണ് ഈ കുടുംബങ്ങളുടെയെല്ലാം പൂര്‍വ്വികര്‍ പോലും! ഇത്തരം അബദ്ധങ്ങള്‍ എല്ലാം ചേര്‍ത്ത് കുടുംബ ചരിത്രം പുസ്തകവുമാക്കി വക്കും. അടിസ്ഥാന രഹിതവും സവര്‍ണ്ണ ജാതിബദ്ധവും പ്രതിലോമകരവുമായ ഈവിധ മിത്തുകള്‍ തകര്‍ക്കപ്പെടണം വ്യക്തിപരമായ അടുപ്പങ്ങള്‍ കൊണ്ട് ഇത്തരം പല പരിപാടികളിലും പങ്കെടുക്കേണ്ടി വന്നിട്ടുണ്ട്: കുറ്റബോധമുണ്ട്. ഇനി ആവില്ല, ബിഷപ് ഫെയ്‌സ്ബുക്കില്‍ കുറിച്ചിരുന്നു.

RECENT POSTS
Copyright © . All rights reserved