Kerala

 

കൊച്ചി: സീറോ മലബാര്‍ സഭയിലെ വിവാദ ഭൂമിയിടപാടില്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ കേസെടുക്കാന്‍ കാലതാമസം വന്നതില്‍ വിശദീകരണം ആവശ്യപ്പെട്ട് ഹൈക്കോടതി. പോലീസ് മേധാവി നേരിട്ടെത്തി കാരണങ്ങള്‍ ബോധിപ്പിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. ആലഞ്ചേരിക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിക്കാന്‍ ഉത്തരവുണ്ടായിട്ടും എജിയുടെ ഉപദേശത്തിനായി കാത്തിരുന്നതിനുള്ള കാരണവും ഡിജിപി വ്യക്തമാക്കണമെന്ന് കോടതി പറഞ്ഞു. ജസ്റ്റിസ് കെമാല്‍ പാഷയുടെതാണ് നിര്‍ദേശം.

വിവാദ ഭൂമി ഇടപാട് നടത്തിയ ആലഞ്ചേരിക്കും കേസില്‍ ഉള്‍പ്പെട്ട മറ്റുള്ളവര്‍ക്കുമെതിരെ പോലീസ് നടപടികള്‍ ആരംഭിക്കാന്‍ കോടതി നിര്‍ദേശിച്ച സമയത്തേക്കാള്‍ ആറ് ദിവസം വൈകിയിരുന്നു. ഈ കാലതാമസം ആരുടെ നിര്‍ദേശപ്രകാരമാണ് ഉണ്ടായിരിക്കുന്നതെന്ന് കോടതിയെ അറിയിക്കണമെന്നും ജസ്റ്റിസ് കെമാല്‍ പാഷ ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യുഷന്‍ നാളെ നേരിട്ട് ഹാജരായി വിശദികരണം നല്‍കണം. കേസ് നാളെ വീണ്ടും പരിഗണിക്കാനിരിക്കുകയാണ്.

സഭ 27.15 കോടി രൂപ വില നിശ്ചയിച്ചിരുന്ന ഭൂമി വെറും 13.51 കോടി രൂപയ്ക്ക് വിറ്റുവെന്നാണ് ജോര്‍ജ് ആലഞ്ചേരിക്കെതിരെ ഉയര്‍ന്നിരിക്കുന്ന ആരോപണം. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെ കൂടാതെ ഫാദര്‍ ജോഷി പുതുവ, ഫാദര്‍ സെബാസ്റ്റ്യന്‍ വടക്കുംമ്പാടന്‍, ഇടനിലക്കാരന്‍ സാജു വര്‍ഗീസ് എന്നിവര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. ചേര്‍ത്തല സ്വദേശി ഷൈന്‍ വര്‍ഗീസ് നല്‍കിയ പരാതിയെ തുടര്‍ന്നാണ് എറണാകുളം സെന്‍ട്രല്‍ പോലീസ് കേസെടുത്തിരിക്കുന്നത്. കുറ്റകരമായ ഗൂഢാലോചനക്ക് സെക്ഷന്‍ 120 ബി, വിശ്വാസവഞ്ചന, ചതി എന്നിവയ്ക്ക് ഐപിസി 406, 415 എന്നീ വകുപ്പുകളും ചേര്‍ത്താണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ജാമ്യമില്ലാ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.

ഉപ്പുതറ : സൗദി എയര്‍ലൈന്‍സിന്റെ വിമാനത്തില്‍ ദേഹാസ്വാസ്ഥ്യമുണ്ടായ യാത്രക്കാരന് പ്രാഥമികചികിത്സ നല്‍കി ജീവന്‍ രക്ഷിച്ച മലയാളി നഴ്‌സുമാര്‍ക്ക് സൗദി സര്‍ക്കാരിന്റെ അംഗീകാരം.

ഉപ്പുതറ വാളികുളം കരോള്‍ ഫ്രാന്‍സിസിന്റെ ഭാര്യ എ.പി.ജോമോള്‍, എറണാകുളം സ്വദേശിനി നീനാ ജോസ് എന്നിവരെയാണ് സൗദി സര്‍ക്കാര്‍ പ്രശസ്തിപത്രം നല്‍കി അനുമോദിച്ചത്. കഴിഞ്ഞ ശനിയാഴ്ച വൈകീട്ട് ആറിന് കൊച്ചിയില്‍നിന്ന് ജിദ്ദയിലേക്കു പോയ സൗദി എയര്‍ലൈന്‍സിലെ യാത്രക്കാരന്‍ വാഴക്കാട് സ്വദേശി മുഹമ്മദിനാണ് (77) ദേഹാസ്വാസ്ഥ്യമുണ്ടായത്. വിവരം ശ്രദ്ധയില്‍പ്പെട്ടയുടന്‍ ഇരുവരുംചേര്‍ന്നു പ്രാഥമികചികിത്സ നല്‍കി. തുടര്‍ന്ന് വിമാനം അടിയന്തരമായി മുംബൈ വിമാനത്താവളത്തിലിറക്കി മുഹമ്മദിനെ ആശുപത്രിയിലാക്കി.

സൗദി കുന്‍ഷുദ ഗവ. ആശുപത്രിയിലെ നഴ്‌സുമാരാണ് ജോമോളും നീനാ ജോസും. അവധിക്കു വീട്ടിലെത്തി മടങ്ങുകയായിരുന്നു ഇരുവരും. മലയാളി നഴ്‌സുമാരുടെ സമയോചിതമായ ഇടപെടല്‍ കാരണം യാത്രക്കാരന്റെ ജീവന്‍ രക്ഷിക്കാനായ വിവരം എയര്‍ലൈന്‍സ് അധികൃതരാണ് സൗദി സര്‍ക്കാരിനെ അറിയിച്ചത്. തുടര്‍ന്ന് ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഷാമി അല്‍ അദിഖി ആശുപത്രിയിലെത്തി പ്രശസ്തിപത്രം നല്‍കി.

തിരുവനന്തപുരം: കന്യാകുമാരിക്ക് തെക്കുവശത്തായി ശ്രീലങ്കക്ക് പടിഞ്ഞാറ് രൂപപ്പെട്ട ന്യൂനമര്‍ദ്ദം തീവ്രമര്‍ദ്ദമായി അറബിക്കടിലേക്ക് നീങ്ങുന്നു. തിരുവനന്തപുരത്തിന് 390 കിലോ മീറ്റര്‍ തെക്കുപടിഞ്ഞാറ് ഭാഗത്തായാണ് ന്യൂനമര്‍ദ്ദം രൂപപ്പെട്ടത്. തിരുവനന്തപുരം ജില്ലയില്‍ ഇതിന്റെ ഭാഗമായി ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നത്.

കാറ്റിന്റെ വേഗം മണിക്കൂറില്‍ 65 കിലോമീറ്റര്‍വരെ ആകാമെന്ന് മുന്നറിയിപ്പ് പറയുന്നു. മൂന്നു മീറ്റര്‍ ഉയരത്തില്‍ തിരമാല ഉയര്‍ന്നേക്കാമെന്ന മുന്നറിയിപ്പും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കുന്നു. കേരളത്തിലും തെക്കന്‍ തമിഴ്നാട്ടിലും ലക്ഷദ്വീപിലും കനത്ത ജാഗ്രത പാലിക്കാന്‍ നിര്‍ദേശം നല്‍കി. അടുത്ത 48 മണിക്കൂറില്‍ കേരള തീരത്ത് ശക്തമായ മഴയും കാറ്റും ഉണ്ടാകുമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഈ സാഹചര്യത്തില്‍ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ തിരുവനന്തപുരത്ത് അടിയന്തര യോഗം ചേര്‍ന്നു. റവന്യൂ, ദുരന്ത നിവാരണ അതോറിറ്റി, കോസ്റ്റല്‍ പോലീസ് തുടങ്ങിയ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്‌

കൊച്ചി:  സുരക്ഷയൊരുക്കാനെത്തിയ പോലീസുകാരോട് അവജ്ഞതയോടെ പെരുമാറിയെന്ന് പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട നിയമ വിദ്യാര്‍ഥിനി ജിഷയുടെ അമ്മ രാജേശ്വരിയ്‌ക്കെതിരെ പരാതി.

രാജേശ്വരി തികഞ്ഞ അവജ്ഞയോടെയാണ് പെരുമാറിയിരുന്നതെന്ന് ഇവര്‍ക്കുവേണ്ടി സുരക്ഷയൊരുക്കിയ വനിതാ പോലീസുകാര്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയ പരാതിയില്‍ പറയുന്നു.

24 മണിക്കൂറും രണ്ടു വനിതാ പൊലീസുകാരുടെ സുരക്ഷയാണ് രാജേശ്വരിക്ക് ഏര്‍പ്പെടുത്തിയിരുന്നത്. വീട്ടിലും ആശുപത്രിയിലും മാത്രമല്ല രാജേശ്വരി പോകുന്നിടത്തെല്ലാം പൊലീസുകാരും കൂടെപ്പോകുമായിരുന്നു.

കോടനാട് പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് രാജേശ്വരിയുടെ വീട്. എങ്കിലും റൂറല്‍ ജില്ലയിലെ വിവിധ സ്റ്റേഷനുകളില്‍ നിന്നുള്ള വനിതാ പൊലീസുകാരെ മാറിമാറി ഡ്യൂട്ടിക്ക് നിയോഗിക്കുകയായിരുന്നു പതിവ്.

ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുമ്പോള്‍ രാജേശ്വരി കിടന്ന കട്ടിലിന്റെ ചുവട്ടില്‍ നിലത്താണ് പൊലീസുകാരെ കിടത്തിയിരുന്നത്. വിസമ്മതിച്ചാല്‍ മോശമായി പെരുമാറിയെന്നു പരാതി നല്‍കുമെന്നു ഭീഷണിപ്പെടുത്തിയിരുന്നതായും പൊലീസുകാര്‍ പരാതിയില്‍ ചൂണ്ടിക്കാട്ടി.

ജിഷ കേസിലെ പ്രതിയെ കോടതി വധശിഷ വിധിച്ചു ജയിലില്‍ അടച്ചതിനാല്‍ രാജേശ്വരിക്കു നിലവില്‍ ഭീഷണിയില്ലെന്നും സുരക്ഷാ ജോലി ഒഴിവാക്കണമെന്നും വനിതാ പൊലീസുകാര്‍ ഒന്നടങ്കം ആവശ്യപ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന് ഇവരുടെ സുരക്ഷ പിന്‍വലിക്കുകയും ചെയ്തു.

കൊച്ചി: കേരള സമൂഹത്തെ ഒന്നാകെ ഞെട്ടിച്ച നടി ആക്രമണ കേസിന്റെ വിചാരണ നടപടികള്‍ നാളെ ആരംഭിക്കും. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലായിരിക്കും വിചാരണ ആരംഭിക്കുക. കേസില്‍ ഉള്‍പ്പെട്ടിട്ടുള്ള മുഴുവന്‍ പ്രതികളും വിചാരണ ആരംഭിക്കുന്ന ദിവസം ഹാജരാകണമെന്ന് കോടതി നിര്‍ദേശിച്ചിട്ടുണ്ട്. വിചാരണ ദിവസം ഹാജരാകാന്‍ നിര്‍ദേശിച്ചുകൊണ്ട് എല്ലാ പ്രതികള്‍ക്കും കോടതി സമന്‍സ് കൈമാറി. പ്രാരംഭ വിചാരണ നടപടിക്രമങ്ങളായിരിക്കും നാളെ നടക്കുക. പ്രതികളെ കുറ്റപത്രം വായിച്ചു കേള്‍പ്പിക്കുക തുടങ്ങിയ നടപടികള്‍ ആദ്യഘട്ടത്തില്‍ നടക്കും.

കേസിന്റെ വിചാരണ നടപടികള്‍ നീട്ടിവെക്കണമെന്നാവശ്യപ്പെട്ട് കേസിലെ എട്ടാം പ്രതിയായ നടന്‍ ദിലീപ് സമര്‍പ്പിച്ച ഹര്‍ജി കഴിഞ്ഞ ദിവസം കോടതി തള്ളിയിരുന്നു. വിചാരണ നടപടിക്രമങ്ങള്‍ നീട്ടിവെക്കാന്‍ കഴിയില്ലെന്ന് ദിലീപിന്റെ അഭിഭാഷകരെ കോടതി അറിയിച്ചു. കേസിലെ ഒന്നാം പ്രതിയായ പള്‍സര്‍ സുനി എന്നറിയപ്പെടുന്ന സുനില്‍ കുമാര്‍ ഉള്‍പ്പെടെ ആറു പ്രതികള്‍ ഇപ്പോഴും റിമാന്റില്‍ തുടരുകയാണ്. എട്ടാം പ്രതിയായ ദിലീപ് അടക്കമുള്ള ഏഴുപേര്‍ക്ക് ഹൈക്കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു.

പ്രധാന പ്രതിയായ പള്‍സര്‍ സുനി ദിലീപിനെതിരെ പരസ്യ പ്രസ്താവനകള്‍ ഉന്നയിക്കാന്‍ സാധ്യതയുള്ളതിനാല്‍ ഇയാളുമായി ഇപ്പോള്‍ നേരിട്ട് കൂടിക്കാഴ്ച നടത്തേണ്ടെതില്ലെന്നാണ് ദിലീപിന്റെ തീരുമാനമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. അങ്ങനെയാകുമ്പോള്‍ നാളെ ആരംഭിക്കുന്ന വിചാരണ വേളയില്‍ ദിലീപ് കോടതിയില്‍ ഹാജരാകാന്‍ സാധ്യതയില്ല. അഭിഭാഷകന്‍ മുഖേന അവധി അപേക്ഷ നല്‍കാനുള്ള ശ്രമത്തിലാണ് ദിലീപെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. പോലീസ് ഹാജരാക്കിയിരിക്കുന്ന തെളിവുകള്‍ ആവശ്യപ്പെട്ട് ദിലീപ് സമര്‍പ്പിച്ച ഹര്‍ജി ഇപ്പോഴും കോടതിയുടെ പരിഗണയിലാണ്.

കൊച്ചി: കൊതുക് നിവാരണ നടപടികള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടത്തി കൊച്ചിയിലെ ജനങ്ങളെ പകര്‍ച്ചവ്യാധികളില്‍ നിന്നും സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് മാര്‍ച്ച് 14 ബുധനാഴ്ച രാവിലെ 9.30 മുതല്‍ വൈകിട്ട് 6 മണി വരെയും കൊച്ചി കോര്‍പ്പറേഷന് മുന്നില്‍ ആം ആദ്മികള്‍ കൊതുക് വല കെട്ടി ധര്‍ണ്ണ നടത്തുന്നു. ആം ആദ്മി സംസ്ഥാന കണ്‍വീനര്‍ സി.ആര്‍ നീലകണ്ഠന്‍ പരിപാടിയുടെ ഉദ്ഘാടനം നിര്‍വ്വഹിക്കും. കൊച്ചി, ഇന്ന് കൊതുക് ശല്യം ഏറ്റവും രൂക്ഷമായി അനുഭവപ്പെടുന്ന കേരളത്തിലെ ഒരേയൊരു പ്രദേശമാണ്. ഇക്കാരണത്താല്‍ നിസ്സഹായരായ ജനങ്ങള്‍ അനുഭവിക്കുന്ന ക്ലേശങ്ങള്‍ ഒട്ടനവധിയാണ്.

അസഹ്യമായ വേനല്‍ ചൂട് അനുഭവപ്പെടുന്ന ഈ സമയത്തു കൊതുക് ശല്യം അധികരിച്ചപ്പോള്‍ സുഖനിദ്ര ലഭിക്കാതെ, പകല്‍ കാര്യക്ഷമമായ് ജോലി ചെയ്യുന്നതിനോ, യാത്ര ചെയ്യുന്നതിനോ മറ്റു കാര്യങ്ങള്‍ നിര്‍വഹിക്കുന്നതിനോ ആവാതെ ജനങ്ങള്‍ കഠിന ദുരിതമനുഭവിക്കുകയാണ്. കൊതുക് പരത്തുന്ന സാംക്രമിക രോഗങ്ങള്‍ ജനങ്ങളെ മരണത്തിലേക്ക് വരെ നയിക്കുന്നു. അശാസ്ത്രീയമായ കാനനിര്‍മാണവും കാനയുടെ കാര്യക്ഷമമായ ശുചീകരണമില്ലായ്മയും കാനകളില്‍ കൃത്യമായി മരുന്ന് തളിക്കാതെ മുക്കിലും മൂലയിലും വരെ മാലിന്യങ്ങള്‍ കുന്ന് കൂടി ജീവിതം ദുസ്സഹമാക്കി നാടാകെ വൃത്തിഹീനമായിരിക്കുന്നു.

പല പദ്ധതികള്‍ വഴി ഒട്ടേറെ പണം ആവശ്യത്തിനും അനാവശ്യത്തിനും ചെലവഴിച്ചിട്ടും കൊതുക് നിര്‍മാര്‍ജനം സാധ്യമാകാത്തത് ഉദ്യോഗസ്ഥരുടെ അഴിമതിയും കെടുകാര്യസ്ഥതയുമാണെന്ന് ആം ആദ്മി പാര്‍ട്ടി പറയുന്നു. ബന്ധപെട്ട അധികാരികള്‍ സത്വര നടപടികള്‍ കൈകൊള്ളാത്തതും മേല്‍നോട്ടംകാര്യക്ഷമമായി നിര്‍വഹിക്കാത്തതും താല്പര്യക്കുറവും ജനങ്ങളെ കഷ്ടപെടുത്തുകയാണ്. മാലിന്യ നിര്‍മാജനത്തിനായി കോടികള്‍ ചെലവഴിച്ചു വാങ്ങിയ ഷാസികള്‍ വെയിലും മഴയും ഏറ്റു നശിച്ചു പോകുന്ന വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. ഈ വിഷയത്തില്‍ നടപടികളൊന്നും സ്വീകരിക്കാത്ത് കൊച്ചി കോര്‍പ്പറേഷനില്‍ തിരഞ്ഞെടുക്കപ്പെട്ട ഭരണ പക്ഷവും പ്രതിപക്ഷവും ജനങ്ങളോട് ചെയ്യുന്ന വഞ്ചന എടുത്തു കാട്ടുന്നുവെന്ന് ആം ആദ്മി പാര്‍ട്ടി ആരോപിച്ചു.

തിരുവനന്തപുരം: സംസ്ഥാനത്ത് വനങ്ങളിലെ ട്രെക്കിംഗിന് നിരോധനം. കുരങ്ങിണി മലയിലെ കാട്ടുതീ ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് നിരോധനം ഏര്‍പ്പെടുത്തിയത്. വന്യജീവി സങ്കേതങ്ങളിലെ ട്രെക്കിംഗിനാണ് താല്‍ക്കാലിക നിരോധനമേര്‍പ്പെടുത്തിയിരിക്കുന്നത്. ഇത് സംബന്ധിച്ച് സംസ്ഥാന ചീഫ് സെക്രട്ടറി നിര്‍ദേശം നല്‍കി.

ഇതിനൊപ്പം വനമേഖലകളിലെ വിനോദ സഞ്ചാരത്തിനും നിരോധനമേര്‍പ്പെടുത്തിയിട്ടുണ്ട്. തേനിയില്‍ നിന്ന് കുരങ്ങിണിമല വഴി ട്രെക്കിംഗിനെത്തിയവര്‍ വനംവകുപ്പിന്റെ അനുമതിയില്ലാതെയാണ് കാട്ടില്‍ പ്രവേശിച്ചത്. സംസ്ഥാനത്ത് പല ഭാഗങ്ങളിലും കാട്ടുതീ പടര്‍ന്നു പിടിക്കുന്നതും തീരുമാനത്തിന് കാരണമായിട്ടുണ്ട്.

സംസ്ഥാനത്ത് വനമേഖലകളില്‍ വിനോദസഞ്ചാരികളെ കൊണ്ടുപോകുന്നതിന് നിയന്ത്രണം വേണമെന്ന് ടൂര്‍ ഓപ്പറേറ്റര്‍മാര്‍ക്കും പാക്കേജ് ഓപ്പറേറ്റര്‍മാര്‍ക്കും ടൂറിസം വകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. വേനല്‍ കടുത്തതോടെ കാട്ടുതീ പടരാനുള്ള സാധ്യത, മൃഗങ്ങള്‍ ജലാശയങ്ങള്‍ തേടി പുറത്തേക്കു വരാനുള്ള സാധ്യത തുടങ്ങിയവയും പരിഗണിച്ചാണ് ട്രെക്കിംഗിന് നിരോധനം ഏര്‍പ്പെടുത്തിയത്.

കൊച്ചി: അങ്കമാലി അതിരൂപതയിലെ ഭൂമി വിവാദത്തില്‍ സീറോ മലബാര്‍ സഭാധ്യക്ഷന്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. കര്‍ദിനാളിനെ ഒന്നാം പ്രതിയാക്കിക്കൊണ്ടാണ് കേസെടുത്തിരിക്കുന്നത്. വിശ്വാസവഞ്ചന, ഗൂഢാലോചന തുടങ്ങിയവയ്ക്കാണ് കേസ്. ജാമ്യമില്ലാ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ഫാ.ജോഷി പുതുവ രണ്ടാം പ്രതിയും ഫാ. സെബാസ്റ്റ്യന്‍ വടക്കുമ്പാടന്‍ സജു വര്‍ഗീസ് എന്നിവര്‍ മൂന്നും നാലും പ്രതികളുമാകും.

കോടതിയുത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് മാര്‍ ആലഞ്ചേരി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്. ഭൂമിയിടപാട് വിവാദത്തില്‍ പേലീസിന് കേസെടുക്കാമെന്ന് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് കഴിഞ്ഞ ദിവസം വിധിച്ചിരുന്നു. ഇതിനെതിരെയാണ് മാര്‍ ആലഞ്ചേരി ഹര്‍ജി വനല്‍കിയിരിക്കുന്നത്.

നേരത്തേ കര്‍ദിനാള്‍ ആലഞ്ചേരിക്കെതിരെ രൂക്ഷ വിമര്‍ശനങ്ങളാണ് കോടതി ഉന്നയിച്ചത്. കര്‍ദിനാള്‍ രാജാവല്ലെന്നും രാജ്യത്തെ നിയമ വ്യവസ്ഥയ്ക്ക് വിധേയനാണെന്നും കോടതി വ്യക്തമാക്കിയിരുന്നു. വിധി പുറത്ത് വന്ന് മൂന്ന് ദിവസങ്ങള്‍ പിന്നിട്ടിട്ടും കേസെടുക്കാത്തതിനെത്തുടര്‍ന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കണമെന്ന ആവശ്യവുമായി പരാതിക്കാര്‍ കോടതിയെ സമീപിച്ചിട്ടുണ്ട്.

കൊച്ചി: നടി ആക്രമണത്തിനിരയായ കേസില്‍ വിചാരണ നടപടികള്‍ വൈകിപ്പിക്കാനാകില്ലെന്ന് ഹൈക്കോടതി. കേസില്‍ പ്രതിയായ ദിലീപ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി ഇക്കാര്യം വ്യക്തമാക്കിയത്. നടിയെ ആക്രമിച്ചപ്പോള്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ നല്‍കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.

ഈ ഹര്‍ജിയില്‍ തീര്‍പ്പുണ്ടാകുന്നത് വരെ വിചാരണ നീട്ടിവെക്കണമെന്നായിരുന്നു ദിലീപ് ആവശ്യപ്പെട്ടത്. എന്നാല്‍ വിചാരണ വൈകിപ്പക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി. ബുധനാഴ്ച മുതല്‍ വിചാരണ ആരംഭിക്കുമെന്നാണ് കരുതുന്നത്. എറണാകുളം ജില്ലാ സെഷന്‍സ് കോടതിയിലാണ് വിചാരണ നടക്കുക.

പ്രോസിക്യൂഷന്‍ സമര്‍പ്പിച്ച പല തെളിവുകളും ലഭിക്കാനുണ്ടെന്നും ദിലീപിന്റെ അഭിഭാഷകന്‍ അറിയിച്ചു. ദൃശ്യങ്ങളും തെളിവുകളും ലഭിക്കേണ്ടത് തന്റെ അവകാശമാണെന്നും അവ നല്‍കാതെ വിചാരണ ആരംഭിക്കരുതെന്നുമാണ് ദിലീപ് ആവശ്യപ്പെട്ടത്. ഹര്‍ജി മാര്‍ച്ച് 21ന് വീണ്ടും പരിഗണിക്കാനായി മാറ്റി. ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിനോട് കോടതി വിശദീകരണവും ആവശ്യപ്പെട്ടിട്ടുണ്ട്.

ബിജെപി തുടരുന്ന അവഗണനയില്‍ പ്രതിഷേധിച്ച് ശക്തമായ രാഷ്ട്രീയ തിരിച്ചടി നല്‍കാന്‍ തയ്യാറെടുത്ത് ബിഡിജെഎസ്. ചെങ്ങന്നൂരില്‍ ബിജെപിക്ക് കഴിഞ്ഞ തവണത്തേക്കാള്‍ വോട്ട് ശതമാനത്തില്‍ കുറവുണ്ടാകുമെന്ന് ബിഡിജെഎസ് സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി വ്യക്തമാക്കി. ഇതോടെ ഉപതെരെഞ്ഞടുപ്പില്‍ ബിഡിജെഎസ് ബിജെപിയുടെ കാലുവാരുമെന്ന് ഉറപ്പായിട്ടുണ്ട്. ബിജെപിയുടെ നിലപാടാണ് മുന്നണിയെ ശിഥിലമാക്കുന്നതെന്നും തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു.

ബോര്‍ഡ്, കോര്‍പറേഷന്‍ സ്ഥാനങ്ങള്‍ മാത്രമാണ് ബിജെപി കേന്ദ്ര നേതൃത്വത്തോട് ബിഡിജെഎസ് ആവശ്യപ്പെട്ടത്. രാജ്യസഭാ സീറ്റ് ആവശ്യപ്പെടാത്തതിനാല്‍ നിരാശയില്ലെന്നും തുഷാര്‍ വെള്ളാപ്പള്ളി മാധ്യമങ്ങളോട് പറഞ്ഞു. രാജ്യസഭാ സീറ്റിനായുള്ള ബിഡിജെഎസിന്റെ അവകാശവാദം ബിജെപി നേതൃത്വം നേരത്തെ തള്ളിയിരുന്നു. തുടര്‍ന്ന് കേരളത്തിലെ മുതിര്‍ന്ന നേതാവ് വി.മുരളീധരനെ രാജ്യസഭാ സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കുകയും ചെയ്തു. മഹാരാഷ്ട്രയില്‍ നിന്നാണ് മുരളീധരനെ രാജ്യസഭയിലെത്തിക്കാന്‍ ബിജെപി തീരുമാനിച്ചിരിക്കുന്നത്.

18 പേരടങ്ങുന്ന രാജ്യസഭാ സ്ഥാനാര്‍ഥികളുടെ പേര് വിവരങ്ങള്‍ ബിജെപി ഇതിനോടകം പുറത്തുവിട്ട് കഴിഞ്ഞു. തുഷാര്‍ വെള്ളാപ്പള്ളിക്ക് സീറ്റ് നല്‍കിയാല്‍ സംസ്ഥാന ഘടകത്തില്‍ നിന്നും കടുത്ത എതിര്‍പ്പുകളുണ്ടാകുമെന്ന സൂചനയെ തുടര്‍ന്നാണ് രാജ്യസഭാ സീറ്റിലേക്ക് വി മുരളിധരനെ കേന്ദ്രം പരിഗണിക്കുന്നത്. അതേസമയം വാഗ്ദാനം ചെയ്ത പദവികള്‍ തന്നില്ലെങ്കില്‍ മുന്നണി വിടുമെന്ന് ബിഡിജെഎസ് നിലപാടറിയിച്ചിട്ടുണ്ട്. ഇതു സംബന്ധിച്ച അന്തിമ തീരുമാനം ഈ മാസം പതിനാലിന് നടക്കുന്ന സംസ്ഥാന നേതൃയോഗത്തിന് ശേഷം പ്രഖ്യാപിക്കുമെന്ന് ബിഡിജെഎസ് വ്യക്തമാക്കി.

Copyright © . All rights reserved