കണ്ണൂര്‍: സിപിഎം പ്രാദേശിക നേതാവ് ബാബുവും ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ഷനേജും കൊല്ലപ്പെട്ട സംഭവത്തില്‍ ബാബുവിനെ വെട്ടിയത് എട്ടംഗ സംഘവും ഷനേജിനെ കൊന്നത് നാലംഗ സംഘമെന്നും സൂചനകള്‍. പ്രതികളെ തിരിച്ചറിയാനുണ്ടെന്നും ബാബുവിനെ വെട്ടിയത് 2010 ല്‍ രണ്ടു ബിജെപി പ്രവര്‍ത്തകരെ കൊലപ്പെടുത്തിയ കേസിന്റെ പ്രതികാരമായിരുന്നെന്നും സൂചന.
ബാബുവിനെ കൊലപ്പെടുത്തിയ കേസില്‍ നാലുപേരാണ് പ്രതിപ്പട്ടികയില്‍. ഒ.പി. രജീഷ്, മസ്താരാജേഷ്, മഗ്നീഷ്, കാരിക്കുന്നേല്‍ സുനി എന്നിവരാണ് പ്രതിപ്പട്ടികയിലുള്ളത്. ആര്‍എസ്എസ് ബന്ധമുള്ള ഇവരുടെ പേരുകള്‍ സിപിഎം പരാതിയായി പള്ളൂര്‍ പോലീസില്‍ നല്‍കുകയായിരുന്നു. തുടര്‍ന്ന ഇവരുടെ പേരുകള്‍ വെച്ച് പ്രതിപട്ടിക തയ്യാറാക്കിയ പോലീസ് ഇവര്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജ്ജിതമാക്കി. നാലു പേരും ഒളിവിലാണ്.
ബാബുവിനെ ഒറ്റു കൊടുക്കുകയും ടാര്‍ജറ്റ് ചെയ്ത് കൊലപ്പെടുത്തുകയും ആയിരുന്നെന്നാണ്് പോലീസ് സംശയിക്കുന്നത്. 2010 ല്‍ ന്യൂമാഹി കേന്ദ്രീകരിച്ച് രണ്ടു ബിജെപിക്കാര്‍ കൊല്ലപ്പെട്ടിരുന്നു. ഈ സംഭവത്തിന് പിന്നില്‍ ബാബുവാണെന്ന ആരോപണം ബിജെപി ഉയര്‍ത്തിയിരുന്നു. സംഭവത്തിന്റെ ആസൂത്രകനെന്നായിരുന്നു ആരോപണം. ഇതിന്റെ പ്രതികാരമായിട്ടാണ് ബാബുവിനെ വെട്ടിയതെന്നാണ് സംശയം. നാലംഗ സംഘമാണ് ബാബുവിനെ വെട്ടിയതെന്നാണ് പോലീസ് കരുതുന്നത്. ഇന്നലെ രാത്രി 9.30 യോടെ പണി സ്ഥലത്തു നിന്നും വീട്ടിലേക്ക് മടങ്ങുമ്പോള്‍ ബാബുവിനെ പിന്തുടര്‍ന്ന് സംഘം പതിയിരുന്ന് ആക്രമിക്കുകയായിരുന്നു.
ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ഷനേജ് കൊല്ലപ്പെട്ടതിന് പിന്നില്‍ ആറംഗ സംഘമാണെന്നും ഇവര്‍ പ്രദേശവാസികളാണെന്നും പോലീസ് സംശയിക്കുന്നുണ്ട്. സംഭവത്തെ തുടര്‍ന്ന് പോലീസ് സ്ഥലത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങളും പരിശോധിക്കുകയാണ്. ചുരുങ്ങിയ ദൂരത്തിലാണ് ഇരയായ രണ്ടു പേരുടേയും വീടുകള്‍ സ്ഥിതി ചെയ്യുന്നത്. ഉച്ചയോടെ രണ്ടുപേരുടേയും മൃതദേഹങ്ങള്‍ വിലാപയാത്രയായി വീടുകളില്‍ എത്തിക്കും. രണ്ടു കൊലപാതകങ്ങളും നടന്നത് ഒരു സ്ഥലത്ത് ആണ് എന്നതിനാല്‍ പോലീസ് ശക്തമായ സുരക്ഷ ഒരുക്കിയിട്ടുണ്ട്. വിലാപയാത്രകള്‍ ഒരുമിച്ച് ആകാതിരിക്കാനും പോലീസ് നടപടിയെടുക്കുന്നുണ്ട്.
തലശ്ശേരി സബ് ഡിവിഷന്‍ പരിധിയിലാണ് സുരക്ഷ കര്‍ക്കശമാക്കിയത്. മാഹിയുടെ സമീപ പ്രദേശങ്ങളായ ചൊക്‌ളി, പള്ളൂര്‍, ന്യൂമാഹി പ്രദേശങ്ങളില്‍ കൂടുതല്‍ പോലീസിനെ വിന്യസിപ്പിച്ചിട്ടുണ്ട്. എ.ആര്‍. ക്യാമ്പിലെ ഒരു കമ്പനി പോലീസിനെ ഈ മേഖലയിലേക്ക് നിയോഗിച്ചിട്ടുണ്ട്. സംഘര്‍ഷം പടരാതിരിക്കാന്‍ പോലീസ് പെട്രോളിംഗും വാഹന പരിശോധനയും നടത്തുന്നുണ്ട്. ബാബുവിന്റെ മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജിലും ഷനേജിന്റെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജിലുമാണ് സൂക്ഷിച്ചിരിക്കുന്നത്.
കോഴിക്കോട്: സംസ്ഥാനത്ത് പോലീസ് ക്രൂരതകള്‍ തുടര്‍ക്കഥയാവുന്നു. ഒമ്പത് മാസം പ്രായമുള്ള ഇരട്ടക്കുട്ടികളെ അനാഥരാക്കി പോലീസ്. കോയമ്പത്തൂര്‍ സ്വദേശിനിയായ യുവതിയെ കവര്‍ച്ചക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തതോടെയാണ് കുട്ടികള്‍ തനിച്ചായത്. ഇവരുടെ അച്ഛന്‍ കൂടെയുണ്ടെങ്കിലും ഈ പ്രായത്തില്‍ അമ്മയുടെ സാമീപ്യം കുട്ടികള്‍ക്ക് അത്യാവശ്യമാണ്. വിരമിച്ച അസിസ്റ്റന്റ് കമ്മിഷണറുടെ വീട്ടില്‍ നിന്നും മൂന്ന് വര്‍ഷം മുന്‍പ് കവര്‍ച്ച നടത്തിയതായി ആരോപിച്ചാണ് മെഡിക്കല്‍ കോളേജ് പോലീസ് ജയയെ കസ്റ്റഡിയിലെടുക്കുന്നത്.
കുട്ടികള്‍ക്ക് അസുഖമായതിനാല്‍ ആശുപത്രിയിലേക്ക് പോകുന്ന സമയത്താണ് ജയയെ പോലീസ് അറസ്റ്റ് ചെയ്യുന്നത്. കോടതിയില്‍ ഹാജരാക്കിയ സമയത്ത് കുട്ടികളുടെ കാര്യം ജഡ്ജിയില്‍ നിന്ന് മനപൂര്‍വ്വം മറച്ചു പിടിക്കുകയും ചെയ്തു. ഇവരെ കോടതി റിമാന്റ് ചെയ്തിരിക്കുകയാണ്. കുട്ടികളെയും കൊണ്ട് എന്തു ചെയ്യുമെന്നറിയാതെ വിഷമിക്കുകയാണ് ഇവരുടെ അച്ഛന്‍. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ കുട്ടികളെയും അച്ഛനെയും കോഴിക്കോട് സെയ്ന്റ് വിന്‍സെന്റ് ഹോമിലേക്കു മാറ്റിയിട്ടുണ്ട്.
ജയയെ അറസ്റ്റ് ചെയ്തത് സംബന്ധിച്ച് കൃത്യമായ വിവരങ്ങള്‍ ഭര്‍ത്താവിന് നല്‍കാന്‍ പോലീസ് തയ്യാറായിരുന്നില്ല. സ്റ്റേഷനിലെ ഫോണ്‍ നമ്പര്‍ മാത്രമാണ് നല്‍കിയത്. റെയില്‍ വേ സ്റ്റേഷനില്‍ കുട്ടികളുമായി ഇരിക്കുന്നത് കണ്ട യാത്രക്കാരാണ് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ വിവരമറിയിക്കുന്നത്. സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്ന ജോലിചെയ്യുന്ന ദമ്പതിമാരാണ് മാണിക്യവും ജയയും. കേസ് നടത്താന്‍ മാണിക്യത്തിന്റെ കയ്യില്‍ പണമില്ല. അറസ്റ്റിനിടയില്‍ പാലിക്കേണ്ട നടപടിക്രമങ്ങള്‍ കൃത്യമായി പാലിക്കാതെയാണ് പോലീസ് നടപടിയെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.
കണ്ണൂര്‍: മാഹിയില്‍ സി.പി.എം -ആര്‍.എസ്.എസ്. സംഘര്‍ഷത്തില്‍ രണ്ടു പേര്‍ വെട്ടേറ്റു മരിച്ചു. സിപിഎം പള്ളൂര്‍ ലോക്കല്‍ കമ്മിറ്റിയംഗവും മുന്‍ നഗരസഭാംഗവുമായ ബാബു കണ്ണിപ്പൊയില്‍, ന്യൂമാഹിയിലെ ബി.ജെ.പി പ്രവര്‍ത്തകന്‍ ഷനേജ് എന്നിവരാണു കൊല്ലപ്പെട്ടത്.
ഇന്നലെ രാത്രി 9.15ന് വീട്ടിലേക്കു പോകുന്ന വഴിയില്‍ ബാബുവിനെ ഒരു സംഘമാളുകള്‍ വാഹനത്തില്‍ മാരകായുധങ്ങളുമായി എത്തി ആക്രമിക്കുകയായിരുന്നു.
കഴുത്തില്‍ ആഴത്തില്‍ വെട്ടേറ്റ ബാബുവിനെ ആശുപത്രിയിലെത്തിക്കുമ്പോഴേക്കും മരിച്ചു. ഒരു വര്‍ഷം മുമ്പും ബാബുവിനെ അപായപ്പെടുത്താന്‍ ശ്രമം നടന്നിരുന്നു. ഇതിന്റെ തുടര്‍ച്ചയെന്നോണമാണ് ആര്‍.എസ്.എസ്. പ്രവര്‍ത്തകന്‍ ഷനേജിന് വെട്ടേറ്റത്. ഇന്നലെ രാത്രി പത്തുമണിയോടെ മാഹി പാലത്തിനടുത്തുവച്ച് വെട്ടേറ്റ ഷനേജ് കോഴിക്കോട്ടെ ആശുപത്രിയിലേക്കു കൊണ്ടുപോകുംവഴിയാണ് മരിച്ചത്.
ആര്‍.എസ്.എസ് പ്രവര്‍ത്തകരാണ് കൊലപാതകത്തിനു പിന്നിലെന്ന് സി.പി.എം ആരോപിച്ചു. കൂത്തുപറമ്പില്‍ ആര്‍.എസ്.എസിന്റെ ആയുധപരിശീന ക്യാമ്പ് കഴിഞ്ഞതിനു ശേഷമാണ് ഈ കൊലപാതകം നടന്നത്. സംഭവം ആര്‍.എസ്.എസ് ആസൂത്രണം ചെയ്‌തതാണെന്നും കൊലപാതക ഗൂഢാലോചനയെക്കുറിച്ചും പോലിസ് അന്വേഷിക്കണമെന്നും എത്രയും പെട്ടെന്ന് പ്രതികളെ പിടികൂടണമെന്നും സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. മൃതദേഹം തലശേരി ഇന്ദിരാഗാന്ധി സഹകരണാശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
സിപിഎം പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ഇന്ന് കണ്ണൂര്‍ ജില്ലയിലും മാഹിയിലും സിപിഎം ജില്ലാ കമ്മിറ്റി ഹര്‍ത്താലിന് ആഹ്വാനം ചെയ്‌തു. വാഹനങ്ങളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കി. രാവിലെ ആറു മുതല്‍ വൈകീട്ട് ആറു വരെയാണ് ഹര്‍ത്താല്‍.
നാടിന്റെ നൊമ്പരമായി 11കാരന്‍ ബിലാലിന്റെ മരണം. കടലില്‍ തിരയിലകപ്പെട്ട ബിലാലിനെ കണ്ടെത്താന്‍ പോലീസും അഗ്‌നിരക്ഷാസേനയും നാട്ടുകാരും തിരച്ചില്‍ നടത്തിയത് രണ്ട് മണിക്കൂര്‍.
ഞായറാഴ്ച രാവിലെ ഏഴുമണിയോടെയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. നായനാര്‍ കോളനി കണ്ണോത്ത് ഹൗസില്‍ എ. നസിറുദ്ദീന്‍- ആബിദ ദമ്പതികളുടെ മകന്‍ മുഹമ്മദ് ബിലാല്‍ (11) ആണ് മരിച്ചത്. കടല്‍ത്തീരത്ത് പന്തിനു പിറകെ ഓടിയപ്പോള്‍ തിരയില്‍പെടുകയായിരുന്നു. കൂട്ടുകാര്‍ക്കൊപ്പം വീടിനു മുമ്പിലെ കടല്‍ത്തീരത്ത് ഫുട്‌ബോള്‍ കളിക്കുകയായിരുന്നു.
കൂട്ടുകാരന്‍ ആഷിഖ് രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ഒമ്ബതു മണിയോടെയാണ് കടല്‍പാലത്തിന് സമീപത്തുനിന്നും കുട്ടിയെ കണ്ടെത്തിയത്. ഉടന്‍ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. ചാലിയ യുപി സ്‌കൂള്‍ ഏഴാം ക്ലാസ് വിദ്യാര്‍ഥിയാണ്. സഹോദരങ്ങള്‍: മുഹമ്മദ് അഫ്‌സല്‍, ഹമ്‌ന ഫാത്തിമ.
ചെങ്ങാലൂര്‍ കുണ്ടുകടവില്‍ ഭാര്യയെ തീവച്ചു കൊന്നതിന്റെ കാരണങ്ങള്‍ വ്യക്തമാക്കി പ്രതി ബിരാജു. കൊല്ലപ്പെട്ട ജീതുവിന് വിവാഹത്തിനു മുമ്പ് മറ്റൊരാളുമായുണ്ടായിരുന്ന ബന്ധം താന്‍ അറിഞ്ഞിരുന്നെന്നും പലവട്ടം മുന്നറിയിപ്പ് നല്‍കിയിട്ടും ഇതില്‍നിന്നു പിന്മാറാന്‍ തയാറാകാത്തതാണു കൊലപാതകത്തിലേക്കു നയിച്ചതെന്നും പ്രതി പറഞ്ഞു. കഴിഞ്ഞ 25ന് രാത്രി ജീതുവിനെ കാമുകനോടൊപ്പം പിടികൂടിയ ബിരാജു പുതുക്കാട് പോലീസില്‍ പരാതി നല്‍കിയിരുന്നു. പോലീസിന്റെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയില്‍ വിവാഹമോചനത്തിന് തീരുമാനിക്കുകയായിരുന്നു. അതിനുശേഷം ജീതു കാമുകനൊപ്പം സമയം ചെലവിടുന്നതും ജോലിസ്ഥലത്തേക്കു ബൈക്കില്‍ പോകുന്നതും ബിരാജു അറിഞ്ഞിരുന്നു.
താന്‍ ഗള്‍ഫിലേക്കു പോകുന്നതുവരെ ബന്ധം പാടില്ലെന്ന് ബിരാജു പറഞ്ഞിരുന്നെങ്കിലും ജീതു വകവയ്ക്കാതിരുന്നത് വൈരാഗ്യത്തിന് ആക്കം കൂട്ടി. വിവാഹം കഴിഞ്ഞ് ആറു വര്‍ഷത്തിലേറെയായിട്ടും ദമ്പതികള്‍ക്കു കുട്ടികളില്ലായിരുന്നു. ഇതേച്ചൊല്ലിയും വഴക്കു നടക്കാറുണ്ടായിരുന്നു.കുടുംബശ്രീ അക്കൗണ്ടന്റായിരുന്ന ജീതു തുക കൈവശം വച്ചതുമായി ബന്ധപ്പെട്ട് കുടുംബശ്രീ അംഗങ്ങളുമായും തെറ്റിയിരുന്നു. ഇക്കാര്യം അറിഞ്ഞ ബിരാജു ചോദ്യം ചെയ്തത് പ്രശ്‌നം രൂക്ഷമാക്കി. സംഭവദിവസം ജീതുവിനെ കൊല്ലാനുദ്ദേശിച്ചിരുന്നില്ല. പെട്രോളൊഴിച്ച് ഭീഷണിപ്പെടുത്തി അവിഹിതബന്ധം പരസ്യമായി സമ്മതിപ്പിക്കാനായിരുന്നു ലക്ഷ്യമിട്ടത്.
കുണ്ടുകടവില്‍ കുടുംബശ്രീയുടെ യോഗത്തിനെത്തിയ ജീതുവും അംഗങ്ങളുമായി വാക്കേറ്റവും തര്‍ക്കവും നടന്നിരുന്നു. ഇതില്‍ ബിരാജുവിന്റെ ബന്ധുക്കളും ഉള്‍പ്പെട്ടിരുന്നു. ജീതുവിന്റെ പെരുമാറ്റത്തില്‍ പ്രകോപിതനായാണ് തീകൊളുത്തിയതെന്നും ബിരാജു പറഞ്ഞു
താലികെട്ടും കഴിഞ്ഞു കൈയും കഴുകി ഉണ് കഴിക്കാൻ വന്നപ്പോൾ കണ്ട കാഴ്ച ഇങ്ങനെ ! ജീവിതത്തിൽ അതുപോലെയൊരു അവസ്ഥ വന്നാലുള്ള അവസ്ഥ ചിന്തിക്കാൻ പോലുമാകില്ല. പാചകക്കാരൻ കാരണം കൊച്ചി പനങ്ങാട്ടുള്ള രക്ഷിതാവിനാണ് ഈ ചതി പറ്റിയത്. മകളുടെ കല്യാണം ആഘോഷമാക്കാൻ വേണ്ടതെല്ലാം അവർ ചെയ്തു. 50,000 രൂപ സദ്യയ്ക്ക് അഡ്വാൻസും കൊടുത്തു. 900 പേർക്കുള്ള സദ്യ വധുവിന്റെ വീട്ടുകാർ ഏർപ്പാടാക്കുകയും ചെയ്തു. പക്ഷെ വധുവും വരനും കതിർമണ്ഡപത്തിൽ കയറിയിട്ടും കലവറക്കാർ എത്തിയില്ല.
വധുവിന്റെ വീടു സ്ഥിതിചെയ്യുന്ന പനങ്ങാട്ടെ ഹാളിൽ ആയിരുന്നു സൽക്കാരം.രാവിലെ കെട്ടു കഴിഞ്ഞ് വധൂവരൻമാർ ഹാളിൽ എത്തിയിട്ടും കലവറക്കാർ എത്തിയില്ല. വിളിച്ചിട്ടു ഫോൺ എടുക്കാതായതോടെ പനങ്ങാട് സെൻട്രൽ റസിഡന്റ്സ് അസോസിയേഷൻ പ്രവർത്തകർ കേറ്ററിങ് കേന്ദ്രത്തിലെത്തിയപ്പോൾ കണ്ട കാഴ്ച ഞെട്ടിക്കുന്നതായിരുന്നു. സദ്യ സാമഗ്രികൾ എല്ലാം അരിഞ്ഞ നിലയിൽ കൂട്ടിയിട്ടിരിക്കുന്നു. ഒന്നും പാചകം ചെയ്തിട്ടില്ല.
ജീവനക്കാരെ വിളിച്ചപ്പോൾ ഉടമസ്ഥനിൽനിന്നു നിർദേശം കിട്ടാതിരുന്നതിനാൽ ഒന്നും ചെയ്തില്ല എന്നു മറുപടിയായിരുന്നു. വധുവിന്റെ മാതാപിതാക്കൾ ഇതോടെ ബോധംകെട്ടു വീണു. റസിഡന്റ്സ് അസോസിയേഷൻ പ്രവർത്തകർ ഉണർന്നു പ്രവർത്തിച്ചു. ഒരു നിമിഷം വൈകാതെ പ്രദേശത്തെ കിട്ടാവുന്ന കാറ്ററിങ്ങുകാരോടും ഹോട്ടലുകാരോടും പറഞ്ഞു പരമാവധി ഊണ് എത്തിച്ചു. സദ്യ പ്രതീക്ഷിച്ച് എത്തിയവർക്ക് ചിക്കൻ ബിരിയാണി കിട്ടി. സദ്യയില്ലെന്ന് അറിഞ്ഞതോടെ കുറേ പേർ മടങ്ങി.
വരന്റെ പാർട്ടിയിൽ പെട്ടവർക്ക് മരടിലെ ഒരു വെജിറ്റേറിയൻ ഹോട്ടലിൽ ഭക്ഷണം ഏർപ്പാടാക്കിയെങ്കിലും ബന്ധുക്കൾ നിജസ്ഥിതി മനസ്സിലായതോടെ വധുവിന്റെ വീട്ടുകാരുമായി സഹകരിച്ചു കാര്യങ്ങൾ മംഗളമാക്കി. ധനനഷ്ടത്തിനും മാനഹാനിക്കും പാചകക്കാരനിൽനിന്നു 10 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് റസിഡന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ പനങ്ങാട് പൊലീസിൽ പരാതി നൽകി. പരാതിയെ തുടർന്ന് പൊലീസ് കേറ്ററിങ് സ്ഥലത്തെത്തി പരിശോധന നടത്തി. കല്യാണം കുളമാക്കിയ പാചകക്കാരൻ മുങ്ങിയിരിക്കുകയാണ്. ഇയാളെ ഉടൻ പിടികൂടുമെന്ന് പൊലീസ് പറഞ്ഞു.
തെരുവുനായ്ക്കളും വളർത്തുപൂച്ചയും കീരിയും അക്രമകാരികളായപ്പോൾ കണ്ണൂരിൽ പരുക്കുകളോടെ ആശുപത്രിയിലായത് പത്തുപേർ. ചെമ്പിലോട് കോമത്തുകുന്നുമ്മലിൽ ആറുപേർക്കാണു നായയുടെ കടിയേറ്റത്. ഏഴോം കണ്ണോത്ത് മൂന്നുപേരെ കീരി കടിച്ചു. കണ്ണാടിപ്പറമ്പിൽ വളർത്തുപൂച്ചയാണു വീട്ടമ്മയെ കടിച്ചത്.
ചെമ്പിലോട് കോമത്തുകുന്നുമ്മൽ നടുക്കോത്ത് സവിതയ്ക്കു വീടിന്റെ പരിസരത്തുനിന്നാണ് വൈകിട്ട് കടിയേറ്റത്. തുടർന്ന് ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. പ്രദേശത്തെ മറ്റൊരാളും നായയുടെ കടിയേറ്റ് ചികിത്സ തേടിയിരുന്നു. ഞായറാഴ്ച രാവിലെ പാലുമായി അടുത്തുള്ള സൊസൈറ്റിയിലേക്കു പോകവേ സവിതയുടെ അമ്മ ജാനകിയെയും ഇതേ നായ കടിച്ചു. ജാനകിയമ്മയെ നായ കടിച്ചത് അറിഞ്ഞ് വീട്ടിലെത്തിയ ഇവരുടെ ബന്ധു ഹേമന്ദിനും തിരികെപ്പോകുന്ന വഴി കടിയേറ്റു.
ജാനകിയമ്മയ്ക്കും സവിതയ്ക്കും കടിയേറ്റത് അറിഞ്ഞ് അയൽവാസിയായ കോമത്ത് ശരീഫയും ഇവരുടെ വീട്ടിലെത്തിയിരുന്നു. മക്കൾ മദ്രസയിൽ പോയ നേരമായതിനാൽ അവർ ഒറ്റയ്ക്കു വീട്ടിലേക്കു വരുന്നത് അപകടമാവുമെന്നു പേടിച്ചാണ് ശരീഫ ജാനകിയമ്മയുടെ വീട്ടിൽ നിന്ന് ഇറങ്ങിയത്. മക്കളെ കൂട്ടിക്കൊണ്ടുവരാനായി മദ്രസയിലേക്കു പോകുംവഴി ശരീഫയ്ക്കും കടിയേറ്റു. പാലു വാങ്ങാനായി സൊസൈറ്റിയിലേക്കു പോകുന്നതിനിടെയാണു കണ്ണമ്പേത്തു വസന്തനു കടിയേറ്റത്. സവിതയെയും ജാനകിയെയും കോഴിക്കോട് മെഡിക്കൽ കോളജിലേക്കു മാറ്റാൻ ഡോക്ടർമാർ നിർദേശിച്ചു.
കണ്ണാടിപ്പറമ്പ് മുണ്ടേരിക്കടവ് അളവൂർകുന്നത്തുതാഴെ ദേവിക്ക് വിനയായത് സ്വന്തം വീട്ടിലെ പൂച്ച തന്നെയാണ്. രാത്രി ഭക്ഷണ ശേഷം പാത്രങ്ങൾ കഴുകുന്നതിനിടെ അടുത്തെത്തിയ പൂച്ച കയ്യിൽ കടിക്കുകയായിരുന്നു. ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയ ദേവിക്ക് അണുബാധയുള്ളതിനാൽ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറണമെന്ന് നിർദേശം ലഭിച്ചു.
ഏഴോം കണ്ണോത്തെ കീരി വയോധികരെയാണ് തിരഞ്ഞുപിടിച്ച് ആക്രമിച്ചത്. വീടിനു പുറത്തുകൂടി നടക്കവേയാണ് പടിഞ്ഞാറെവീട്ടിൽ കല്യാണി(80)യുടെ രണ്ടു കാലുകളിലും കീരി കടിച്ചത്. അനക്കിഴക്കേ വീട്ടിൽ ജനാർദ്ദനനും (70), എ.കെ.നാരായണനും (87) ഇതേ കീരിയുടെ കടിയേറ്റു. ഇവരെയും കോഴിക്കോട് മെഡിക്കൽ കോളജിലേക്കു മാറ്റാൻ ഡോക്ടർമാർ നിർദേശിച്ചു.
ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിനു മുന്നെയുള്ള മുന്നണിയിലെ പൊട്ടിത്തെറി അവസാനിപ്പിക്കാന്‍ സ്ഥാനാര്‍ഥി തന്നെ നേരിട്ട് രംഗത്തിറങ്ങി. ഇടഞ്ഞു നില്‍ക്കുന്ന എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ കാണാന്‍ എന്‍ഡിഎ സ്ഥാനാര്‍ഥി പി.എസ്. ശ്രീധരന്‍ പിള്ള നേരിട്ടെത്തി.
തെരഞ്ഞെടുപ്പില്‍ ബിഡിജെഎസിന്റെയും എസ്എന്‍ഡിപിയുടെയും പിന്തുണ തേടിയാണ് ശ്രീധരന്‍ പിള്ള എത്തിയത്. എന്നാല്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ വെള്ളാപ്പള്ളി തുറന്നടിച്ചു. ബിഡിജെഎസിനോട് ബിജെപിയ്ക്ക് അവഗണന മാത്രം. രണ്ട് വര്‍ഷമായി ഘടകകക്ഷികള്‍ക്ക് ഒന്നും നല്‍കുന്നില്ലെന്ന് വെള്ളപ്പള്ളി പറഞ്ഞു. ബിഡിജെഎസിന് പരിഗണന നല്‍കാത്തതിലുള്ള പ്രതിഷേധനം സ്ഥാനാര്‍ഥി പങ്കുവച്ചെന്ന് വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. പാര്‍ട്ടിക്ക് പരിഗണ നല്‍കാത്തതിലുള്ള അമര്‍ഷം കഴിഞ്ഞ ദിവസങ്ങളില്‍ വെള്ളാപ്പള്ളി പങ്കുവച്ചിരുന്നു. പാര്‍ട്ടി സ്വന്തമായി സ്ഥാനാര്‍ഥിയെ നിര്‍ത്തണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.
ബി.ഡി.ജെ.എസിന് കിട്ടാനുള്ളത് കിട്ടാതെ എന്‍.ഡി.എയുമായി സഹകരിക്കില്ല. അതാണ് ആണത്തമെന്നും വെള്ളാപ്പള്ളി പ്രതികരിച്ചു.തെരഞ്ഞെടുപ്പ് സംബന്ധിച്ച് സി.പി.ഐ അധ്യക്ഷന്‍ കാനം രാജേന്ദ്രറ്റേത് നല്ല നിലപാടാണ്. കോണ്‍ഗ്രസുമായുള്ള സഹകരണം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ക്രെഡിബിലിറ്റിയെ ബാധിക്കുമെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.
കോഴിക്കോട്: കേരളത്തില്‍ വീണ്ടും ലോക്കപ്പ് മര്‍ദ്ദനം നടന്നതായി പരാതി. കോഴിക്കോട് അത്തോളിയില്‍ യുവാവിനെ ലോക്കപ്പില്‍ നഗ്നനാക്കി നിര്‍ത്തി മര്‍ദ്ദിച്ചുവെന്നാണ് പരാതി. ബാലുശ്ശേരി സ്വദേശി അനൂപിനാണ് പോലീസ് മര്‍ദ്ദനമേറ്റത്. കുളിമുറിയില്‍ നിന്ന് പിടിച്ചുകൊണ്ടുപോയ തന്നെ ഭിത്തിയില്‍ ചേര്‍ത്തു നിര്‍ത്തി മര്‍ദ്ദിച്ചുവെന്നും നീ തുണി ഉടുക്കേണ്ടെന്ന് പറഞ്ഞ് വസ്ത്രം ഉരിഞ്ഞ് കളഞ്ഞുവെന്നും അനൂപ് പറഞ്ഞു.
ഒരു കല്യാണവീട്ടില്‍ വെച്ച് മദ്യപിച്ച് ബഹളമുണ്ടാക്കിയ പോലീസുകാരനെ അനൂപ് ചോദ്യം ചെയ്തിരുന്നു. സംഭവത്തെ തുടര്‍ന്ന് പോലീസ് അനൂപിനെ വീട്ടിലെത്തി സ്റ്റേഷനിലേക്ക് കൊണ്ടുപോയി. സ്‌റ്റേഷനില്‍ വെച്ച് അനൂപിനെ പോലീസുകാര്‍ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. പോലീസ് ലോക്കപ്പില്‍ വെച്ച് നഗ്നനാക്കി, ചിലര്‍ തലമുടി മുടി പറിച്ചെടുത്തു, കൈവിരല്‍ ഒടിച്ചതായും അനൂപ് പറഞ്ഞു.
പൊലീസ് ജീപ്പില്‍വെച്ചും തുടര്‍ന്ന് സ്റ്റേഷനില്‍ വെച്ചും തന്നെ മര്‍ദ്ദിച്ചത് എ.എസ്.ഐ രഘുവിന്റെ നേതൃത്വത്തിലാണെന്ന് അനൂപ് പറഞ്ഞു. അനൂപിന് മര്‍ദ്ദമേറ്റതായി അദ്ദേഹത്തെ ചികിത്സിച്ച ഡോക്ടര്‍ വ്യക്തമാക്കിയിട്ടുണ്ട്. കേരളത്തില്‍ സമീപകാലത്ത് ലോക്കപ്പ് മര്‍ദ്ദനങ്ങള്‍ വര്‍ദ്ധിച്ചതായിട്ടാണ് കണക്കുകള്‍. പോലീസിന്റെ ഇത്തരം നടപടികള്‍ക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികളും മനുഷ്യാവകാശ പ്രവര്‍ത്തകരും രംഗത്ത് വന്നിരുന്നു.
വടകര: യുവകവി ജിനേഷ് മടപ്പള്ളിയെ(35) മരിച്ച നിലയില്‍ കണ്ടെത്തി. തന്റെ എഴുത്തുകളില്‍ നിറഞ്ഞ ആത്മഹത്യയെ തന്നെ ഒടുവില്‍ യുവകവി തിരഞ്ഞെടുത്തു. ജിനേഷ് ജോലി ചെയ്യുന്ന വടകര ഒഞ്ചിയം യുപി സ്‌കൂളില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു കണ്ടെത്തിയത്.
ജിനേഷ് മടപ്പള്ളിയുടെ പല കവിതകളിലും ആത്മഹത്യ തന്നെയായിരുന്നു പ്രധാന വിഷയം. 2009 ല്‍ പുറത്തിറക്കിയ കച്ചിത്തുരുമ്പാണ് ആദ്യ കവിതാസമാഹാരം. ഏറ്റവും പ്രിയപ്പെട്ട അവയവം, രോഗാതുരമായ സ്‌നേഹത്തിന്റെ 225 കവിതകള്‍ തുടങ്ങിയവയാണ് മറ്റു കവിതാസമാഹാരങ്ങള്‍. നിരവധി കവിതാപുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്.
മലയാള ഭാഷയിലും സാഹിത്യത്തിലും ബിരുദാനന്തരബിരുദം നേടിയ ജിനേഷ് കോഴിക്കോട് സ്വദേശിയാണ്. ജിനേഷിന്റെ അമ്മ രണ്ടാഴ്ച മുമ്പാണ് മരണമടഞ്ഞത്. വടകര യെരങ്ങോത്ത് സുകൂട്ടിയാണ് പിതാവ്. ജിനേഷ് അവിവാഹിതനാണ്.