വയനാട് ലോക്സഭ മണ്ഡലത്തിലും പാലക്കാട്, ചേലക്കര നിയമസഭാ മണ്ഡലങ്ങളിലും നവംബര്‍ 13ന് ഉപതിരഞ്ഞെടുപ്പ്. വോട്ടെണ്ണല്‍ നവംബര്‍ 23ന് നടക്കും. മഹാരാഷ്ട്രയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നവംബര്‍ 20നാണ്. ഒറ്റ ഘട്ടമായാണ് തിരഞ്ഞെടുപ്പ്. വോട്ടെണ്ണല്‍ നവംബര്‍ 23 ന്. പത്രികാ സമര്‍പ്പണം ഈ മാസം 29 മുതല്‍. ജാര്‍ഖണ്ഡില്‍ നിയമസഭാ തിരഞ്ഞെടുപ്പ് രണ്ട് ഘട്ടമായാണ്. നവംബര്‍ 13നും 20നും. വോട്ടെണ്ണല്‍ നവംബര്‍ 23ന്. മഹാരാഷ്ട്രയില്‍ 288 സീറ്റുകളിലേക്കും ജാര്‍ഖണ്ഡില്‍ 90 സീറ്റുകളിലേക്കുമാണ് തിരഞ്ഞെടുപ്പ്.
രാഹുല്‍ ഗാന്ധി റായ് ബറേലി നിലനിര്‍ത്തിയതോടെയാണ് വയനാട് ലോക്സഭാ മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. രാഹുല്‍ ഒഴിയുന്ന വയനാട്ടില്‍ പ്രിയങ്കാഗാന്ധിയെ മല്‍സരിപ്പിക്കാന്‍ കോണ്‍ഗ്രസ് നേരത്തെ തന്നെ തീരുമാനം എടുത്തിരുന്നു. സിപിഐയുടെ സീറ്റായ വയാനാട്ടില്‍ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ആനി രാജയാണ് മല്‍സരിച്ചത്. ഇക്കുറി ഇടത് സ്ഥാനാര്‍ഥിയാരാകുമെന്ന കാര്യത്തില്‍ ഉടന്‍ തീരുമാനമുണ്ടാകും.
പാലക്കാട് എം.എല്‍.എ ആയിരുന്ന ഷാഫി പറമ്പില്‍ ലോക്സഭാ തിരഞ്ഞെടുപ്പില്‍ വടകരയില്‍ നിന്ന് വിജയിച്ചതോടെയാണ് പാലക്കാട് ഉപതിരഞ്ഞെടുപ്പിലേക്ക് പോകുന്നത്. ചേലക്കരയിലെ എം.എല്‍.എ ആയിരുന്ന കെ. രാധാകൃഷ്ണന് ആലത്തൂര്‍ ലോക്സഭാ മണ്ഡലത്തില്‍ നിന്ന് വിജയിച്ചിരുന്നു. അദ്ദേഹം എം.എല്‍.എ സ്ഥാനം ഒഴിഞ്ഞതോടെയാണ് ഈ മണ്ഡലത്തിലും ഉപതിരഞ്ഞെടുപ്പിനെ കളമൊരുങ്ങിയിരിക്കുന്നത്.
പാലക്കാട് മണ്ഡലത്തില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെയും ചേലക്കരയില്‍ രമ്യ ഹരിദാസിനെയും സ്ഥാനാര്‍ഥികളാക്കാന്‍ കെ.പി.സി.സി ശുപാര്‍ശ ചെയ്യും. രണ്ട് മണ്ഡലങ്ങളിലേക്കും ഒറ്റ പേരുള്ള പട്ടിക ഹൈക്കമാന്‍ഡിന് നല്കാന് സംസ്ഥാന നേതൃത്വത്തില്‍ ധാരണയായി.
നിയമസഭാ ഉപതിരഞ്ഞെടുപ്പിനുള്ള സി.പി.എമ്മിന്റെ സ്ഥാനാര്‍ഥി നിര്‍ണയം അന്തിമമാക്കുക, യു.ഡി.എഫ് സ്ഥാനാര്‍ഥികളുടെ ചിത്രം തെളിഞ്ഞ ശേഷമായിരിക്കും. ചേലക്കരയിലും പാലക്കാടും സ്ഥാനാര്‍ഥികളെ ഏറക്കുറെ പാര്‍ട്ടി അന്തിമമാക്കിയിട്ടുണ്ടെങ്കിലും യു.ഡി.എഫ് സ്ഥാനാര്‍ഥികളുടെ ചിത്രം വ്യക്തമായിട്ട് മതി പ്രഖ്യാപനം എന്നാണ് സി.പി.എമ്മിന്റെ നിലപാട്.
നടന് ബാലയെ പോലീസ് അറസ്റ്റ് ചെയ്തു. മുന്‍ ഭാര്യയുടെ പരാതിയിലാണ് നടനെ പോലീസ് അറസ്റ്റ് ചെയ്തത്. സാമൂഹിക മാധ്യമങ്ങളിലൂടെ തന്നെയും മകളെയും അപകീര്‍ത്തിപ്പെടുത്തിയെന്ന യുവതിയുടെ പരാതിയില്‍ കടവന്ത്ര പോലീസാണ് നടനെ അറസ്റ്റു ചെയ്തത്.
മകളെയും തന്നെയും പിന്തുടര്ന്ന് ശല്യം ചെയ്തെന്നും യുവതിയുടെ പരാതിയില്‍ ആരോപിക്കുന്നുണ്ട്. നടനെതിരേ ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം ജാമ്യമില്ലാ കുറ്റം ചുമത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
ഇന്ന് പുലര്‍ച്ചെയാണ് ബാലയെ ഇടപ്പള്ളിയിലെ ഫ്ളാറ്റില്‍ നിന്ന് പോലീസ് അറസ്റ്റ് ചെയ്തത്. ഇപ്പോള്‍ കടവന്ത്ര പോലീസ് സ്റ്റേഷനിലാണ് ബാലയെ എത്തിച്ചിരിക്കുന്നത്. ബാലയും സുഹൃത്തുക്കളുമാണ് ഇപ്പോള്‍ പോലീസ് സ്റ്റേഷനിലുള്ളത്. ചോദ്യം ചെയ്യല്‍ പുരോഗമിക്കുകയാണ്. വൈകിട്ടോടെ ബാലയെ കോടതിയില്‍ ഹാജരാക്കുമെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.
മുന്‍ ഭാര്യയുടെ പരാതി ഏറെ ഗൗരവമുള്ളതാണെന്നാണ് പോലീസ് പറയുന്നത്. ബന്ധം വേര്‍പെടുത്തിയ ശേഷവും അവരെയും മകളെയും പിന്തുടര്ന്ന് ശല്യം ചെയ്തു എന്നതാണ് പരാതി. ഈ വിഷയത്തില്‍ ബാലയുടെ മകള്‍ തന്നെ പരസ്യമായി ബാലയ്ക്കെതിരെ രംഗത്തെത്തിയിരുന്നു. കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സൗത്ത് പോലീസ് സ്റ്റേഷന് പരിധിയിലായതിനാല്‍ കേസ് അങ്ങോട്ടേക്ക് കൈമാറാനുള്ള സാധ്യതയുമുണ്ട്.
കുടുംബവഴക്കിനെ തുടർന്ന് ഭാര്യ ഭർത്താവിനെ കുത്തിക്കൊന്നു. കൊച്ചി വൈപ്പിൻ നായരമ്പലത്ത് ഞായറാഴ്ച വൈകുന്നേരം ആറുമണിയോടെയാണ് സംഭവം. അറയ്ക്കൽ ജോസഫ് എന്നയാളാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭാര്യ പ്രീതിയെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
നിലവിൽ വിവാഹമോചനത്തിനുള്ള കേസ് കൊടുത്തിരിക്കുകയായിരുന്നു ദമ്പതികൾ. രണ്ട് വീടുകളിലായാണ് ഇവർ താമസിച്ചിരുന്നത്. കാറ്ററിങ് ജോലികൾ ചെയ്യുന്ന ജോസഫ് ഭാര്യ താമസിക്കുന്ന കെട്ടിടത്തിനടുത്ത് ജോലിയുമായി ബന്ധപ്പെട്ട് വരാറുണ്ടായിരുന്നു. അതുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് ലഭിക്കുന്ന വിവരം. പ്രീതിയ്ക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്നും സംശയിക്കുന്നുണ്ട്.
മദ്യലഹരിയിൽ അമിതവേഗത്തിൽ കാറോടിച്ച് സ്കൂട്ടർ യാത്രികനെ ഇടിച്ചുതെറിപ്പിച്ച സംഭവത്തിൽ നടൻ ബൈജുവിനെതിരെ കേസ്. സംഭവത്തിൽ സ്കൂട്ടർ തകരുകയും യാത്രക്കാരന് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞദിവസം രാത്രി വെള്ളയമ്പലം ജംഗ്ഷനിലായിരുന്നു സംഭവം.
ഞായറാഴ്ച രാത്രി പതിനൊന്നേ മുക്കാലോടെയാണ് വെള്ളയമ്പലത്തുവെച്ച് ബൈജുവിന്റെ കാർ സ്കൂട്ടർ യാത്രികനെ ഇടിച്ച് അപകടമുണ്ടായത്. ശാസ്തമംഗലം ഭാഗത്തുനിന്നാണ് ബൈജു വന്നത്. കവടിയാർ ഭാഗത്തുനിന്നാണ് സ്കൂട്ടർ യാത്രക്കാരൻ വന്നത്. പോലീസ് ഹെഡ്ക്വാർട്ടേഴ്സിന്റെ ഭാഗത്തേക്ക് പോകേണ്ടിയിരുന്ന ബൈജു തന്റെ വാഹനം തിരിക്കാൻ തുടങ്ങിയപ്പോഴാണ് ഇവിടെ റോഡ് നിർമാണത്തിനുവേണ്ടി തടസം സൃഷ്ടിച്ച് വഴിതിരിച്ചുവിടണമെന്ന ബോർഡ് സ്ഥാപിച്ചിരിക്കുന്നതായി മനസിലാക്കിയത്. പൊടുന്നനേ അദ്ദേഹം കാർ തിരിച്ചപ്പോൾ നിയന്ത്രണംവിട്ട് കാർ സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു.
സിഗ്നൽ പോസ്റ്റിലിടിച്ച ശേഷം വീണ്ടും മറ്റൊരു പോസ്റ്റിലിടിച്ചശേഷമാണ് ബൈജുവിന്റെ വാഹനം നിന്നത്. പരിക്കേറ്റയാളെ തിരുവനന്തപുരം ജനറൽ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. രാത്രി വൈദ്യപരിശോധനയ്ക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്തസാമ്പിൾ നൽകാൻ താരം വിസമ്മതിച്ചു. തുടർന്ന് മദ്യത്തിന്റെ ഗന്ധമുണ്ടെന്നും പരിശോധനയ്ക്ക് തയ്യാറായില്ലെന്നുംകാട്ടി ഡോക്ടർ പോലീസിന് റിപ്പോർട്ട് നൽകുകയായിരുന്നു.
മദ്യപിച്ച് അമിതവേഗത്തിൽ കാറോടിച്ചതിന് മ്യൂസിയം പോലീസ് ബൈജുവിനെതിരെ കേസെടുത്തു. പരിക്കേറ്റയാൾ ഇപ്പോൾ പരാതി നൽകാത്തതിനാൽ പോലീസ് സ്വമേധയാ ആണ് കേസെടുത്തിരിക്കുന്നത്.
ഇടുക്കി ഡിഎംഒ കൈക്കൂലി വാങ്ങിയത് കൈയ്യോടെ പിടികൂടി വിജിലൻസ്. ഗൂഗിള്‍ പേ വഴിയാണ് മനോജ് കൈക്കൂലി വാങ്ങിയിരുന്നത്. ഫിനഫ്തലിന്‍ പുരട്ടിയ നോട്ടുകളും കൈമുക്കി നിറം മാറുന്ന വിദ്യയുമൊന്നും ഇത്തരക്കാരെ പൂട്ടാന്‍ സാധിക്കാത്തതുകൊണ്ടാണ് ഡിജിറ്റൽ മാർഗം ഉപയോഗിച്ചത്.
മൂന്നാറിലെ ഹോട്ടലിന് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നല്കാന് ഡിഎംഒ മനോജ് ഹോട്ടലുടമയോട് 75000 രൂപയാണ് ചോദിച്ചത്. ഫോണിലൂടെയാണ് പണം ആവശ്യപ്പെട്ടത്. പണം ഗൂഗിള്‍ പേ ചെയ്തശേഷം തെളിവായി സ്ക്രീന്‍ ഷോട്ട് അയച്ചുനല്‍കാനും നിര്‍ദേശിച്ചിരുന്നു. സംഭാഷണം ഹോട്ടലുടമ റെക്കോര്‍ഡ് ചെയ്തു. ഈ റെക്കോർഡും പണം കൈമാറിയ സ്ക്രീൻ ഷോട്ടും ഡിജിറ്റല്‍ തെളിവായി സൂക്ഷിച്ചു.
തന്റെ പഴ്സനൽ ഡ്രൈവർ രാഹുൽ രാജിന്റെ നമ്പറിലേക്ക് തുക ഗൂഗിൾ പേ ചെയ്യാനാണ് മനോജ് ആവശ്യപ്പെട്ടത്. പണം കൈമാറിയ വിവരം ലഭിച്ചയുടന്‍ വിജിലന്‍സ് ഡിജിറ്റലായിത്തന്നെ പണം കണ്ടെത്തി. കൈക്കൂലി വാങ്ങിയ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു.
മാനേജർ പണം അയച്ചയുടനെ ഡിഎംഒ ഓഫിസിൽ നിന്ന് ഡോ. മനോജിനെയും കട്ടപ്പന ചെമ്പകപ്പാറയിൽ നിന്നു രാഹുൽ രാജിനെയും വിജിലൻസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ആദ്യമായല്ല ഡിഎംഒ മനോജ് ഗൂഗിള്‍ പേ വഴി കൈക്കൂലി വാങ്ങുന്നതെന്നും വിജിലൻസ് കണ്ടെത്തി.
പ്രണയം നടിച്ച് യുവതിയെ ഹോട്ടൽ മുറിയിലെത്തിച്ച് പീഡന ദൃശ്യങ്ങൾ പകർത്തി സൈറ്റുകളിൽ അപ്ലോഡ് ചെയ്ത യുവാവ് അറസ്റ്റിൽ. നേമം പള്ളിച്ചൽ സ്വദേശി ശ്രീകുമാർ (33) ആണ് തുമ്പ പൊലീസിന്റെ പിടിയിലായത്. ടെക്നോ പാർക്കിൽ ഐടി ജീവനക്കാരനായ ശ്രീകുമാർ സമൂഹമാധ്യമം വഴി പരിചയപ്പെട്ട യുവതിയെ കുളത്തൂരിലെ ആഢംബര ഹോട്ടലിലെത്തിച്ചാണ് പീഡിപ്പിച്ചത് എന്ന് പൊലീസ് പറഞ്ഞു.
തുടർന്ന് യുവതിയെ നിരന്തരം പണത്തിനായി ഇയാൾ ബ്ലാക്ക്മെയിൽ ചെയ്ത് ഭീഷണിപ്പെടുത്തിയെന്നും
പണം കിട്ടാതെ വന്നതോടെയാണ് എക്സ് – ടെലഗ്രാം ഉൾപ്പടെയുള്ള സമൂഹമാധ്യമങ്ങളിലും ചില സൈറ്റുകളിലും പീഡനദൃശ്യങ്ങൾ അപ് ലോഡ് ചെയ്യുകയുമായിരുന്നു. ഇത് തിരിച്ചറിഞ്ഞ കോഴിക്കോട് സ്വദേശിനിയായ യുവതി തുമ്പ പോലീസിൽ പരാതി നൽകുകയായിരുന്നു.
ഇയാളെ കസ്റ്റഡിയിലെത്ത് ചോദ്യം ചെയ്തപ്പോൾ കുറ്റം സമ്മതിച്ചതിനെ തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തി. ഇയാളിൽ നിന്ന് ദൃശ്യങ്ങളുള്ള ലാപ് ടോപ്പും മൊബൈലും പിടിച്ചെടുത്തു. ബലാൽസംഗത്തിനും ഐടി ആക്ടും അടക്കമുള്ള വകുപ്പുകൾ പ്രകാരമാണ് കേസ്.
ലാപ്ടോപ്പും, മൊബൈലും പരിശോധിച്ചതിൽ നിന്നും സമാനമായ നിരവധി യുവതികളുടെ ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. സമാനരീതിയിൽ മറ്റു സ്ത്രീകളെയും ഇയാൾക്ക് ഇരയാക്കിയിട്ടുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. വഞ്ചിയൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
എറണാകുളത്ത് സുഹൃത്തായ യുവതിയെ റോഡിൽ തടഞ്ഞു നിർത്തി ഉപദ്രവിക്കുകയും മൊബൈൽ ഫോൺ തട്ടിയെടുക്കുകയും ചെയ്ത യുവാവിനെ പൊലീസ് പിടികൂടി. മലപ്പുറം സ്വദേശി മുഹമ്മദ് ഫൈസലിനെയാണ് പെരുമ്പാവൂർ പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ എട്ടാം തീയതിയാണ് കേസിനാസ്പദമായ സംഭവം. യുവതി സൌഹൃദത്തിൽ നിന്നും പിന്മാറിയതാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു.
മട്ടാഞ്ചേരി സ്മാർട്ട് കിസ്ഡ് പ്ലേ സ്കൂളില്‍ മൂന്നര വയസ്സുകാരന് മർദ്ദനമേറ്റ സംഭവത്തില്‍ കർശന നടപടി ഉണ്ടാകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി.
സംസ്ഥാനത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രവർത്തിക്കേണ്ടത് കെ.ഇ.ആർ. ചട്ടപ്രകാരവും കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമപ്രകാരവുമാണ്. അടുത്ത കാലത്തായി ഈ നിബന്ധനകള്‍ പാലിക്കാതെ ചില വിദ്യാലയങ്ങള്‍ പ്രവർത്തിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. അത്തരത്തിലുള്ള ഒരു സ്കൂളാണ് മട്ടാഞ്ചേരി കൊച്ചിൻ ഗുജറാത്തി മഹാജൻ എഡ്യൂക്കേഷണല്‍ ട്രസ്റ്റിന്റെ കീഴില്‍ പ്രവർത്തിക്കുന്ന മട്ടാഞ്ചേരി സ്മാർട്ട് കിഡ്സ് പ്ലേ സ്കൂളെന്ന് മന്ത്രി പറഞ്ഞു.
ഈ സ്കൂളില്‍ സീതലക്ഷ്മി എന്ന അധ്യാപിക പ്രീ-കെജി യില്‍ പഠിക്കുന്ന വിദ്യാർത്ഥിയെ ചൂരല്‍ വടി കൊണ്ട് മർദ്ദിച്ചു എന്ന സംഭവം ശ്രദ്ധയില്‍പ്പെട്ടു. ഈ സംഭവം കേരളീയ സംസ്കാരത്തിനും മനസ്സാക്ഷിയ്ക്കും നിരക്കാത്തതും അധ്യാപക വൃത്തിക്ക് അപമാനകരവുമാണ്. സംഭവുമായി ബന്ധപ്പെട്ട് അധ്യാപികയെ പോലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്. അംഗീകാരമില്ലാതെ വലിയ ഫീസ് വാങ്ങി മതിയായ അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലാതെ ലാഭം മാത്രം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കെതിരെയും ഇതിനായി കെട്ടിടം വിട്ടു നല്കുന്ന ഉടമസ്ഥർക്കെതിരെയും നിയമാനുസൃതമായ നടപടിയുണ്ടാകും.
മട്ടാഞ്ചേരി സ്മാർട്ട് കിഡ്സ് പ്ലേ സ്കൂളിന്റെ പ്രവർത്തനം നിർത്തി വെയ്ക്കാൻ നോട്ടീസ് നല്കാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് മന്ത്രി വി. ശിവൻകുട്ടി നിർദ്ദേശം നല്കി. വിദ്യാഭ്യാസ അവകാശ നിയമം 2009 സെക്ഷൻ 18 പ്രകാരവും കേരള വിദ്യാഭ്യാസ ആക്ട് 1958 സെക്ഷൻ 3 (iii)(b) and (c) പ്രകാരവും കേരള വിദ്യാഭ്യാസ റൂള്‍സ് അധ്യായം 5 റൂള്‍ (3) പ്രകാരവും തുടർ നടപടി സ്വീകരിക്കും. സംസ്ഥാനത്ത് നിയമാനുസൃതമല്ലാതെയും അംഗീകാരമില്ലാതെയും പ്രവർത്തിക്കുന്ന വിദ്യാലയങ്ങള്‍ ഉണ്ടോ എന്ന് പരിശോധിച്ച് ഒരു മാസത്തിനകം റിപ്പോർട്ട് നല്കാൻ പൊതുവിദ്യാഭ്യാസ ഡയറക്ടറെ മന്ത്രി വി. ശിവൻകുട്ടി ചുമതലപ്പെടുത്തി.
സംസ്ഥാനത്ത് കേരള, സി.ബി.എസ്.ഇ., ഐ.സി.എസ്.ഇ., സിലബസുകളിലുള്ള സ്കൂളുകളാണ് പ്രവർത്തിച്ചു വരുന്നത്. ഈ സ്കൂളുകള്‍ക്ക് പ്രവർത്തിക്കാനുള്ള നിരാക്ഷേപ പത്രം നല്‍കുന്നത് പൊതുവിദ്യാഭ്യാസ വകുപ്പാണ്. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ അംഗീകാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് മാത്രമേ പ്രീപ്രൈമറി മുതല്‍ ഹയർ സെക്കണ്ടറി വരെയുള്ള വിദ്യാലയങ്ങള്‍ പ്രവർത്തിപ്പിക്കാനുള്ള അവകാശമുള്ളൂവെന്ന് മന്ത്രി വ്യക്തമാക്കി.
ഗുണ്ടാ നേതാവ് ഓംപ്രകാശുമായി ബന്ധപ്പെട്ട ലഹരിക്കേസില്‍ നടന് ശ്രീനാഥ് ഭാസിയെ വീണ്ടും ചോദ്യം ചെയ്തേക്കും. കേസില്‍ ഉള്‍പ്പെട്ട ബിനു ജോസഫിന്റേയും ശ്രീനാഥ് ഭാസിയുടേയും സാമ്പത്തിക ഇടപാടുകളില്‍ സംശയമുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. ഇതില്‍ വ്യക്തത വരുത്താനാണ് നടനെ വീണ്ടും വിളിക്കാന്‍ അന്വേഷണ സംഘം ആലോചിക്കുന്നത്.
താരങ്ങളുടെ മൊഴികള്‍ പരിശോധിച്ചുവരികയാണ്. അതേസമയം പ്രയാഗയുടെ മൊഴി തൃപ്തികരമെന്നമാണ് പൊലീസ് വ്യക്തമാക്കുന്നത്. നക്ഷത്ര ഹോട്ടലില്‍ പോയത് സുഹൃത്തുക്കളുടെ നിര്‍ബന്ധ പ്രകാരമാണെന്നും അവിടെ ലഹരി പാര്‍ട്ടി നടന്നത് അറിഞ്ഞില്ലെന്നുമാണ് പ്രയാഗ പറയുന്നത്. ശ്രീനാഥ് ഭാസിക്കൊപ്പമാണ് ഹോട്ടലില്‍ എത്തിയത്. ബിനു ജോസഫും സുഹൃത്തുക്കള്‍ക്കൊപ്പമുണ്ടായിരുന്നതായും നടി വ്യക്തമാക്കി.
കൂടാതെ ലഹരി പരിശോധനയ്ക്കായി രക്ത പരിശോധന നടത്താന്‍ താരങ്ങള്‍ സന്നദ്ധരായി. നിലവില്‍ അതിന്റെ ആവശ്യമില്ലെന്ന നിലപാടിലാണ് പൊലീസ്. ഇന്നലെയാണ് താരങ്ങള്‍ ചോദ്യം ചെയ്യലിന് ഹാജരായത്.
മട്ടാഞ്ചേരിയില്‍ എല്‍കെജി വിദ്യാർത്ഥിയായ മൂന്നരവയസുകാരനെ ക്രൂരമായി മർദിച്ച സംഭവത്തില്‍ അധ്യാപികയെ അറസ്റ്റ് ചെയ്തു.
പ്ലേ സ്കൂള്‍ അധ്യാപിക സീതാലക്ഷ്മിയെയാണ് മട്ടാഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തത്. ഇവരെ കോടതിയില്‍ ഹാജരാക്കുവാൻ കൊണ്ടുപോയിരിക്കുകയാണ്. ചോദ്യങ്ങള്‍ക്ക് മറുപടി പറയാത്തതിനെ തുടർന്ന് അധ്യാപിക കുഞ്ഞിനെ ചൂരല്‍ ഉപയോഗിച്ച് പുറത്ത് മർദിക്കുകയായിരുന്നു.
മട്ടാഞ്ചേരി പാലസ് റോഡിലെ സ്മാർട്ട് കിഡ് എന്ന സ്ഥാപനത്തില്‍ ഇന്നലെയാണ് സംഭവം. കുഞ്ഞിന്റെ പുറത്ത് ചൂരല്‍ കൊണ്ട് മർദനമേറ്റതിന്റെ പാടുകള്‍ ദൃശ്യങ്ങളില്‍ കാണാം.
സംഭവത്തില്‍ അധ്യാപികയെ സസ്പെൻ്റ് ചെയ്തതായി സ്ഥാപനം അറിയിച്ചിരുന്നു. മാതാപിതാക്കളുടെ പരാതിയില്‍ മട്ടാഞ്ചേരി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു.