ഗുണ്ടാ നേതാവ് ഓംപ്രകാശുമായി ബന്ധപ്പെട്ട ലഹരിക്കേസില്‍ നടന്‍ ശ്രീനാഥ് ഭാസിയെ വീണ്ടും ചോദ്യം ചെയ്‌തേക്കും. കേസില്‍ ഉള്‍പ്പെട്ട ബിനു ജോസഫിന്റേയും ശ്രീനാഥ് ഭാസിയുടേയും സാമ്പത്തിക ഇടപാടുകളില്‍ സംശയമുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. ഇതില്‍ വ്യക്തത വരുത്താനാണ് നടനെ വീണ്ടും വിളിക്കാന്‍ അന്വേഷണ സംഘം ആലോചിക്കുന്നത്.
താരങ്ങളുടെ മൊഴികള്‍ പരിശോധിച്ചുവരികയാണ്. അതേസമയം പ്രയാഗയുടെ മൊഴി തൃപ്തികരമെന്നമാണ് പൊലീസ് വ്യക്തമാക്കുന്നത്. നക്ഷത്ര ഹോട്ടലില്‍ പോയത് സുഹൃത്തുക്കളുടെ നിര്‍ബന്ധ പ്രകാരമാണെന്നും അവിടെ ലഹരി പാര്‍ട്ടി നടന്നത് അറിഞ്ഞില്ലെന്നുമാണ് പ്രയാഗ പറയുന്നത്. ശ്രീനാഥ് ഭാസിക്കൊപ്പമാണ് ഹോട്ടലില്‍ എത്തിയത്. ബിനു ജോസഫും സുഹൃത്തുക്കള്‍ക്കൊപ്പമുണ്ടായിരുന്നതായും നടി വ്യക്തമാക്കി.
കൂടാതെ ലഹരി പരിശോധനയ്ക്കായി രക്ത പരിശോധന നടത്താന്‍ താരങ്ങള്‍ സന്നദ്ധരായി. നിലവില്‍ അതിന്റെ ആവശ്യമില്ലെന്ന നിലപാടിലാണ് പൊലീസ്. ഇന്നലെയാണ് താരങ്ങള്‍ ചോദ്യം ചെയ്യലിന് ഹാജരായത്.
മട്ടാഞ്ചേരിയില്‍ എല്‍കെജി വിദ്യാർത്ഥിയായ മൂന്നരവയസുകാരനെ ക്രൂരമായി മർദിച്ച സംഭവത്തില്‍ അധ്യാപികയെ അറസ്റ്റ് ചെയ്തു.
പ്ലേ സ്കൂള്‍ അധ്യാപിക സീതാലക്ഷ്മിയെയാണ് മട്ടാഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തത്. ഇവരെ കോടതിയില്‍ ഹാജരാക്കുവാൻ കൊണ്ടുപോയിരിക്കുകയാണ്. ചോദ്യങ്ങള്‍ക്ക് മറുപടി പറയാത്തതിനെ തുടർന്ന് അധ്യാപിക കുഞ്ഞിനെ ചൂരല്‍ ഉപയോഗിച്ച് പുറത്ത് മർദിക്കുകയായിരുന്നു.
മട്ടാഞ്ചേരി പാലസ് റോഡിലെ സ്മാർട്ട് കിഡ് എന്ന സ്ഥാപനത്തില്‍ ഇന്നലെയാണ് സംഭവം. കുഞ്ഞിന്റെ പുറത്ത് ചൂരല്‍ കൊണ്ട് മർദനമേറ്റതിന്റെ പാടുകള്‍ ദൃശ്യങ്ങളില്‍ കാണാം.
സംഭവത്തില്‍ അധ്യാപികയെ സസ്പെൻ്റ് ചെയ്തതായി സ്ഥാപനം അറിയിച്ചിരുന്നു. മാതാപിതാക്കളുടെ പരാതിയില്‍ മട്ടാഞ്ചേരി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു.
ലഹരിക്കേസിൽ നടൻ ശ്രീനാഥ് ഭാസിയെ പോലീസ് ചോദ്യം ചെയ്തു. രാവിലെ ഹാജരായ നടന്റെ ചോദ്യം ചെയ്യൽ വൈകീട്ടുവരെ നീണ്ടു. ഗുണ്ടാ നേതാവ് ഓംപ്രകാശ് കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ ഒരുക്കിയ ലഹരി പാർട്ടിയുമായി ബന്ധപ്പെട്ട് ശ്രീനാഥ് ഭാസിയോടും നടി പ്രയാഗ മാർട്ടിനോടും ചോദ്യംചെയ്യലിന് ഹാജരാകാൻ മരട് പോലീസ് നിർദേശിച്ചിരുന്നു. ഹോട്ടലിലെ സി.സി.ടി.വി. ദൃശ്യങ്ങളിൽ കണ്ടെത്തിയ സാഹചര്യത്തിൽ ഇരുവരും ലഹരി പാർട്ടിയിൽ പങ്കെടുത്തിരുന്നോയെന്ന് സ്ഥിരീകരിക്കുകയാണ് ലക്ഷ്യം.
കേസിൽ, നാലുപേരെക്കൂടി അന്വേഷക സംഘം ബുധനാഴ്ച ചോദ്യം ചെയ്തു. ഓംപ്രകാശിനെ ഫോണിൽ ബന്ധപ്പെട്ട തമ്മനം ഫൈസൽ, ലഹരിപ്പാർട്ടി നടന്ന ഹോട്ടലിൽ എത്തിയ ബ്രഹ്മപുരം സ്വദേശി അലോഷി പീറ്റർ, ഭാര്യ സ്നേഹ, അങ്കമാലി സ്വദേശി പോൾ ജോസ് എന്നിവരെയാണ് ചോദ്യം ചെയ്തത്. ഹോട്ടലിൽ സന്ദർശകരെയെത്തിച്ച എളമക്കര സ്വദേശി ബിനു ജോസഫുമായി ബന്ധമുള്ളവരാണിവരെന്നും സൂചനയുണ്ട്. ലഹരിപ്പാർട്ടിയിൽ പങ്കെടുത്ത മറ്റ് പതിനാലോളം പേരുടെ വിവരങ്ങൾകൂടി ലഭിച്ചിട്ടുണ്ട്. ഇവർക്ക് വരും ദിവസങ്ങളിൽ നോട്ടീസ് നൽകും. ഇതുവരെ മൂന്നുപേരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്.
സന്ദർശകരെ എത്തിച്ച ബിനു ജോസഫിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു. ഓംപ്രകാശും കൊല്ലം സ്വദേശിയായ കൂട്ടാളി ഷിഹാസുമാണ് ആദ്യം അറസ്റ്റിലായത്. ഗുണ്ടാ നേതാവ് ഭായ് നസീറിന്റെ അനുയായിയാണ് ബിനു. ഈ ബന്ധം ഉപയോഗിച്ച് ഓംപ്രകാശുമായി അടുപ്പം സ്ഥാപിക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. ലഹരിപ്പാർട്ടിക്ക് ആവശ്യമായ ലഹരി എത്തിച്ചത് ഇയാളാണെന്നാണ് നിഗമനം.
ലഹരിപ്പാർട്ടി നടന്ന പഞ്ചനക്ഷത്ര ഹോട്ടലിലെ മുറിയിൽനിന്നു കണ്ടെടുത്തത് മയക്കുമരുന്ന് തന്നെയാണെന്ന് സ്ഥിരീകരിച്ചു.പരിശോധനയിൽ മയക്കുമരുന്ന് സൂക്ഷിച്ചിരുന്ന സിപ്പ് ലോക്ക് കവറും മദ്യക്കുപ്പികളും മാത്രമേ ലഭിച്ചിരുന്നുള്ളൂ. രാസപരിശോധനയിലൂടെയാണ് സിപ്പ് ലോക്ക് കവറിൽ പുരണ്ട മയക്കുമരുന്നിന്റെ സാന്നിധ്യം ഉറപ്പിച്ചത്. ലിഫ്റ്റ്, റിസപ്ഷൻ, ഇടനാഴികൾ എന്നിവിടങ്ങളിലെ സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ചുവരുകയാണ്. ഫോൺകോളുകളുടെയും ശാസ്ത്രീയ പരിശോധനകളുടെയും ഫലം ലഭിച്ച ശേഷം വിശദമായ ചോദ്യംചെയ്യൽ ആരംഭിക്കും.
നവകേരള സദസിലെ വിവാദ പരാമര്‍ശത്തില്‍ മുഖ്യമന്ത്രിക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് എറണാകുളം സിജെഎം കോടതി. എറണാകുളം സെന്‍ട്രല്‍ പൊലീസ് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.
നവകേരള സദസുമായി ബന്ധപ്പെട്ട് പല സ്ഥലങ്ങളിലായി മുഖ്യമന്ത്രി വിവാദ പ്രസ്താവന നടത്തിയതിനെതിരെയാണ് എറണാകുളം സിജെഎം കോടതി അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. നവകേരള സദസില്‍ കരിങ്കൊടി കാണിച്ച യൂത്ത് കോണ്‍ഗ്രസുകാരെ പൊലീസ് മര്‍ദിച്ചത് രക്ഷാ പ്രവര്‍ത്തനമാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രസ്താവന.
എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് നല്‍കിയ സ്വകാര്യ അന്യായം ഫയലില്‍ സ്വീകരിച്ചാണ് എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവ്.
നവകേരള സദസില്‍ മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി കാണിക്കാനെത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ക്രൂരമായി മര്‍ദിക്കുകയാണ് ചെയ്തത്. എന്നാല്‍ ഈ മര്‍ദനത്തെ രക്ഷാ പ്രവര്‍ത്തനമെന്ന് പറഞ്ഞ് മുഖ്യമന്ത്രി ന്യായീകരിക്കുകയായിരുന്നു.ഈ ന്യായീകരണം കുറ്റകൃത്യം തുടരാനുള്ള പ്രേരണയായെന്നും ഷിയാസിന്റെ സ്വകാര്യ അന്യായത്തില്‍ പറയുന്നു.
കുപ്രസിദ്ധ കുറ്റവാളി ഓംപ്രകാശ് പ്രതിയായ ലഹരിക്കേസില്‍ നടി പ്രയാഗ മാര്‍ട്ടിനെ ചോദ്യംചെയ്യും. വ്യാഴാഴ്ച ഹാജരാകാന്‍ ആവശ്യപ്പെട്ട് പോലീസ് പ്രയാഗയ്ക്ക് നോട്ടീസ് നല്‍കി. പ്രയാഗയുടെ കൊച്ചിയിലെ വീട്ടിലെത്തിയാണ് നോട്ടീസ് നല്‍കിയത്.
മരട് പോലീസ് സ്‌റ്റേഷനില്‍ ഹാജരാകാനാണ് നിര്‍ദേശം. മരട് പോലീസ് സ്‌റ്റേഷനില്‍വെച്ചുതന്നെയോ എറണാകുളം എ.സി.പിയുടെ ഓഫീസിലോ ആവും ചോദ്യംചെയ്യുക. ഓംപ്രകാശ് പ്രതിയായ ലഹരിക്കേസില്‍ പ്രയാഗാമാര്‍ട്ടിന്റേയും നടന്‍ ശ്രീനാഥ് ഭാസിയുടേയും പേരുണ്ടായിരുന്നു.
ശ്രീനാഥ് ഭാസിയേയും കേസില്‍ ചോദ്യംചെയ്‌തേക്കും. ഉടന്‍ നോട്ടീസ് നല്‍കാനാണ് സാധ്യത. നിലവില്‍ ശ്രീനാഥ് കൊച്ചിയില്‍ ഇല്ലെന്നാണ് വിവരം.
ഓംപ്രകാശിനെ മുറിയില്‍ സന്ദര്‍ശിച്ച 20 പേരില്‍ സിനിമാതാരങ്ങളുമുണ്ടെന്ന് പോലീസ് റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് വ്യക്തമാക്കിയത്. ഓം പ്രകാശ് താമസിച്ച ഹോട്ടലിലെ മൂന്നുമുറികള്‍ കേന്ദ്രീകരിച്ചായിരുന്നു പോലീസ് അന്വേഷണം. ഇതില്‍ ലഹരി പാര്‍ട്ടി നയന്നതായി പോലീസിന് വിവരം ലഭിച്ചിരുന്നു. കുണ്ടന്നൂരിലെ നക്ഷത്ര ഹോട്ടലില്‍നിന്നാണ് കുപ്രസിദ്ധ ഗുണ്ടാനേതാവ് ഓംപ്രകാശിനേയും കൂട്ടാളി ഷിഹാസിനേയും പിടികൂടിയത്.
മലപ്പുറം പരാമര്‍ശ വിവാദത്തില്‍ വിശദീകരണം നല്‍കാന്‍ ചീഫ് സെക്രട്ടറിയെയും ഡിജിപിയെയും രാജ്ഭവനിലേക്ക് വിളിപ്പിച്ചത് ചട്ട പ്രകാരമെന്ന് വ്യക്തമാക്കി മുഖ്യമന്ത്രിക്ക് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ മറുപടി. മുഖ്യമന്ത്രി എന്തോ ഒളിക്കുന്നു എന്ന് വിമര്‍ശനം ഉന്നയിച്ച കൈമാറിയ കത്തില്‍ രൂക്ഷമായ ഭാഷയില്‍ ഗവര്‍ണര്‍ മുന്നറിയിപ്പും നല്‍കുന്നുണ്ട്.
സാങ്കേതികത്വം പറഞ്ഞ് ക്രിമിനല്‍ പ്രവര്‍ത്തനം മറച്ചു വെക്കാന്‍ ആകില്ലെന്നും ചീഫ് സെക്രട്ടറിയെയും ഡിജിപിയെയും വിളിപ്പിച്ചത് ചട്ട പ്രകാരമാണെന്നും കത്തില്‍ ഗവര്‍ണര്‍ വ്യക്തമാക്കി. ഒപ്പം താന്‍ ചോദിച്ച കാര്യങ്ങള്‍ ബോധിപ്പിക്കാത്തത് ചട്ട ലംഘനമായും ഭരണഘടനാ ബാധ്യത നിറവേറ്റതായും കണക്കാക്കുമെന്നും വ്യക്തമാക്കുന്നു.
മുഖ്യമന്ത്രിയുടെ മലപ്പുറം പരാമര്‍ശ വിവാദം രാജ്ഭവനിലെത്തി വിശദീകരിക്കണമെന്നായിരുന്നു ഗവര്‍ണറുടെ അവശ്യം. ഇന്ന് നാല് മണിക്ക് രാജ്ഭവനിലെത്താന്‍ ചീഫ് സെക്രട്ടറിക്കും ഡിജിപിക്കും ഇന്നലെ നിര്‍ദേശം നല്‍കിയിരുന്നു.
സ്വര്‍ണക്കടത്തും ഹവാല പണവും ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നു എന്നത് അടക്കം ദ ഹിന്ദുവില്‍ വന്ന അഭിമുഖത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ഗവര്‍ണറുടെ നടപടി. ദേശവിരുദ്ധ പ്രവര്‍ത്തനം എന്താണെന്നും ദേശ വിരുദ്ധര്‍ ആരാണെന്നും അറിയിക്കണമെന്ന് ഗവര്‍ണര്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു.
ഇതിനുള്ള വിശദീകരണം കിട്ടാതിരുന്നതിനെ തുടര്‍ന്നാണ് ഗവര്‍ണര്‍ ഉദ്യോഗസ്ഥരെ വിളിപ്പിച്ചത്. തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍ അറിയാതെ ഉദ്യോഗസ്ഥരെ ഗവര്‍ണര്‍ വിളിപ്പിക്കുന്നത് ഏത് ചട്ടപ്രകാരമെന്നാണ് മുഖ്യമന്ത്രിയുടെ ചോദ്യം. ഉദ്യോഗസ്ഥര്‍ പോകേണ്ടതില്ലെന്നും തീരുമാനിച്ചിരുന്നു. ഇതോടെയാണ് രൂക്ഷ വിമര്‍ശനവുമായി ഗവര്‍ണര്‍ മുഖ്യമന്ത്രിക്ക് മറുപടിക്കത്ത് നല്‍കിയത്.
കണ്ണൂരിൽ സിബിഐ ഓഫീസർ ചമഞ്ഞ് പണം തട്ടിയ സംഘം അറസ്റ്റിൽ. തൃശൂർ ശാന്തി നഗർ സ്വദേശി ജിതിൻ ദാസ്, അലപ്പുഴ സ്വദേശി ഇർഫാൻ ഇഖ്ബാൽ എന്നിവരാണ് അറസ്റ്റിലായത്.
ചാലാട് സ്വദേശിയിൽ നിന്ന് 13 ലക്ഷത്തിലധികം രൂപയാണ് ഇവർ തട്ടിയെടുത്തത്. കഴിഞ്ഞ ഓഗസ്റ്റിലാണ് തട്ടിപ്പിന്റെ തുടക്കം. ആധാർ വിവരങ്ങൾ ഉപയോഗിച്ച് ചാലാട് സ്വദേശിയുടെ മൊബൈൽ നമ്പറും അക്കൗണ്ട് ബാലൻസും മനസ്സിലാക്കിയ തട്ടിപ്പ് സംഘം സിബിഐ ഓഫീസർ എന്ന വ്യാജേന ഫോൺ ചെയ്യുകയായിരുന്നു.
വെർച്വൽ അറസ്റ്റിലാണെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു പണം തട്ടിയത്. നാട്ടിലെത്തി അറസ്റ്റ് ചെയ്യാതിരിക്കാൻ പണം വേണമെന്ന് ഭയപ്പെടുത്തിയായിരുന്നു തട്ടിപ്പ്. സിബിഐ ഓഫീസറായി എത്തുക വടക്കേ ഇന്ത്യൻ സ്വദേശിയായിരുന്നു. ഹിന്ദിയിലും ഇംഗ്ലീഷിലും സംഭാഷണം കൂടെ ആകുമ്പോൾ ആരും വിശ്വസിക്കും.13 ലക്ഷത്തിലധികം രൂപയാണ് ചാലാട് സ്വദേശിയെ ഭയപ്പെടുത്തി തട്ടിയെടുത്തത്.
നാഗ്പൂരിൽ എസ്ബിഐ അക്കൗണ്ടിലേക്ക് പണം നൽകാനായിരുന്നു നിർദ്ദേശം. പോലീസിന്റെ അന്വേഷണത്തിലാണ് പണം നേരെ തൃശൂർ സ്വദേശി ജിതിൻ ദാസിന്റെ അക്കൗണ്ടിലേക്ക് എത്തി എന്ന് കണ്ടെത്തുന്നത്. പണം ചെക്ക് ഉപയോഗിച്ച് പിൻവലിച്ച് ഇർഫാൻ ഇക്ബാലിന് കൈമാറുകയായിരുന്നു.
തട്ടിപ്പിൽ കൂടുതൽ കണ്ണികൾ ഉണ്ടെന്നാണ് നിഗമനം. സംഘത്തിലെ മറ്റുള്ളവർക്കായുള്ള പോലീസ് അന്വേഷണം ഊർജിതമാക്കി.
കോഴിക്കോട് തിരുവമ്പാടി പൂല്ലുരാംപാറയ്ക്ക് സമീപം കെഎസ്ആര്‍ടിസി ബസ് കാളിയം പുഴയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ മരണം രണ്ടായി. ആനക്കാംപൊയില്‍ സ്വദേശി ത്രേസ്യാമ്മ മാത്യൂ(75), തിരുവമ്പാടി കണ്ടപ്പന്‍ചാല്‍ സ്വദേശി കമലം (65) എന്നിവരാണ് മരിച്ചത്.
പരിക്കേറ്റവരില്‍ മറ്റു നാല് പേരുടെ നില ഗുരുതരമായി തുടരുകയാണ്. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. അപകടത്തില്‍പ്പെട്ട കെഎസ്ആര്‍ടിസി ബസ് ഡ്രൈവറും കണ്ടക്ടറും ഓമശേരി ശാന്തി ആശുപത്രിയില്‍ ചികിത്സയിലാണ്.
തിരുമ്പാടി ലിസ ആശുപത്രിയില്‍ 12 പേരാണ് ചികിത്സയിലുള്ളത്. ഇവരുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. പരിക്കേറ്റ മറ്റുള്ളവരെ മുക്കത്തെ ആശുപത്രിയിലും കോഴിക്കോട് മിംസ് ആശുപത്രിയിലും പ്രവേശിപ്പിച്ചിട്ടുണ്ട്.
അതേസമയം അപകടത്തില്‍ ഗതാഗത മന്ത്രി കെ.ബി ഗണേശ് കുമാര്‍ റിപ്പോര്‍ട്ട് തേടി. അപകടത്തെക്കുറിച്ച് അടിയന്തരമായി അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് കെഎസ്ആര്‍ടിസി എംഡിക്ക് ഗണേഷ് കുമാര്‍ നിര്‍ദേശം നല്‍കിയത്. ബസ് പാലത്തില്‍ നിന്ന് പുഴയിലേക്ക് മറിയാനുണ്ടായ കാരണം ഉള്‍പ്പെടെ അന്വേഷിച്ച് വിശദമായ റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശം.
ബസിലുണ്ടായിരുന്ന എല്ലാവരെയും പുറത്തെത്തിച്ചുവെന്നും നിലവില്‍ രക്ഷാ പ്രവര്‍ത്തനം പൂര്‍ത്തിയായെന്നും നാട്ടുകാര്‍ അറിയിച്ചു. നാല്‍പതിലധികം പേരാണ് ബസിലുണ്ടായിരുന്നത്. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് തിരുവമ്പാടി പുല്ലൂരാംപാറയ്ക്ക് സമീപം കാളിയമ്പുഴയിലേക്ക് ബസ് മറിഞ്ഞത്. കലുങ്കില്‍ ഇടിച്ച ശേഷം ബസ് തലകീഴായി മറിയുകയായിരുന്നു.
ജലക്ഷാമത്തെ തുടര്‍ന്ന് കേരളത്തിന്റെ സ്വന്തം ജവാന്‍ നിര്‍മ്മിക്കാനാകാതെ പാലക്കാട് മേനോന്‍പാറയിലെ മലബാര്‍ ഡിസ്റ്റിലറി. സമീപത്തെ രണ്ട് പഞ്ചായത്തുകള്‍ വെള്ളം നല്‍കാനാകില്ലെന്ന നിലപാടുമായി രംഗത്തെത്തിയതോടെയാണ് മലബാര്‍ ഡിസ്റ്റിലറി പ്രതിസന്ധിയിലായത്. ചിറ്റൂര്‍ പുഴയിലെ കുന്നങ്കാട്ടുപതി റഗുലേറ്ററിലെ മുങ്കില്‍മട ശുദ്ധ ജല പദ്ധതിയില്‍ നിന്ന് പ്ലാന്റിലേക്ക് വെള്ളമെത്തിക്കാനായിരുന്നു ആദ്യ തീരുമാനം.
എന്നാല്‍ രൂക്ഷമായ ജലക്ഷാമം നേരിടുന്ന വടകരപ്പതി, എലപ്പുള്ളി പഞ്ചായത്തുകളുടെ എതിര്‍പ്പിനെ തുടര്‍ന്നാണ് ഡിസ്റ്റിലറിയ്ക്ക് വെള്ളത്തിന്റെ പ്രതിസന്ധി നേരിടേണ്ടി വന്നത്. ദിവസവും രണ്ട് ലക്ഷം ലിറ്റര്‍ വെള്ളമാണ് ജവാന്‍ മദ്യം ഉത്പാദിപ്പിക്കാന്‍ ആവശ്യമായി വരുന്നത്. നേരത്തെ വെള്ളം എത്തിക്കുന്നതിനായി 1.87 കോടി രൂപ ജലവിഭവ വകുപ്പിലേക്ക് അടയ്ക്കുകയും പൈപ്പുകളും മറ്റും വാങ്ങുകയും ചെയ്തു.
വടകരപ്പതി- എലപ്പുള്ളി പഞ്ചായത്തുകളിലെ ജലക്ഷാമമാണ് ഡിസ്റ്റിലറിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് തടസമാകുന്നത്. ഇത്രയും അളവില്‍ ജലം പൈപ്പിട്ട് ഡിസ്റ്റിലറിക്ക് നല്‍കിയാല്‍ കടുത്ത ജലക്ഷാമം ഉണ്ടാകുമെന്നാണ് ആശങ്ക. ജലലഭ്യത ഉറപ്പാക്കി എത്രയും വേഗം പ്ലാന്റ് യാഥാര്‍ഥ്യമാക്കാനുളള നീക്കത്തിലാണ് സര്‍ക്കാര്‍.
കുപ്രസിദ്ധ ഗുണ്ടാനേതാവ് ഓം പ്രകാശിനെതിരായ ലഹരിക്കേസിലെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ സിനിമാ താരങ്ങളുടെ പേരും.
കേസില്‍ ഓം പ്രകാശിനും ഒന്നാം പ്രതിയായ ഷിഹാസിനും എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്‌ളാസ് മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചിരുന്നു. ജാമ്യം അനുവദിക്കരുതെന്നാവശ്യപ്പെട്ട് പൊലീസ് സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് സിനിമാ താരങ്ങളുടെ പേരുമുള്ളത്.
നടന്‍ ശ്രീനാഥ് ഭാസി, നടി പ്രയാഗ മാര്‍ട്ടിന്‍ എന്നിവര്‍ ഇന്നലെ കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ ഓം പ്രകാശിന്റെ മുറി സന്ദര്‍ശിച്ചുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഓം പ്രകാശിന്റെ സുഹൃത്താണ് മുറി ബുക്ക് ചെയ്തത്.
നടിയും നടനുമടക്കം ഇരുപതോളം ആളുകളുടെ പേരുകളും റിപ്പോര്‍ട്ടിലുണ്ട്. മുറിയില്‍ ലഹരി ഉപയോഗം നടന്നുവെന്നും പൊലീസ് പറയുന്നു. ഓം പ്രകാശും സുഹൃത്തുക്കളും വിദേശത്ത് നിന്ന് ലഹരി എത്തിച്ച് കൊച്ചിയിലെ ഡിജെ പാര്‍ട്ടിയില്‍ വില്‍പന നടത്തിയെന്നും സൂചനയുണ്ട്.
ശ്രീനാഥിനെയും പ്രയാഗയെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്നും പൊലീസ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ലഹരി ഉപയോഗിച്ചതിന്റെ തെളിവുകള്‍ ഹാജരാക്കാന്‍ പൊലീസിന് സാധിച്ചില്ല. വൈദ്യ പരിശോധനയിലും ലഹരി ഉപയോഗം തെളിയിക്കാനാവാത്തതിനാലാണ് ഓം പ്രകാശിനും ഷിഹാസിനും ജാമ്യം അനുവദിച്ചത്.
കഴിഞ്ഞ ദിവസം കൊച്ചിയില്‍ നിന്ന് പിടികൂടിയ ഓം പ്രകാശിന്റെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കുകയായിരുന്നു. ലഹരിവസ്തുക്കള്‍ കൈവശം വച്ചുവെന്നതാണ് കേസ്. ഓം പ്രകാശിനൊപ്പം പിടികൂടിയ ഷിഹാസിന്റെ പക്കല്‍നിന്ന് പൊലീസ് കൊക്കൈന്‍ പിടിച്ചെടുത്തിരുന്നു.
കൊച്ചി മരട് പൊലീസാണ് ഓം പ്രകാശിനെ കസ്റ്റഡിയിലെടുത്തത്. ബോള്‍ഗാട്ടിയിലെ ഡിജെ പാര്‍ട്ടിക്ക് എത്തിയതാണെന്നായിരുന്നു ഇയാള്‍ പൊലീസിനോട് പറഞ്ഞത്.
ഓം പ്രകാശ് രണ്ട് ദിവസമായി കൊച്ചിയില്‍ ഉണ്ടെന്ന് വിവരം ലഭിച്ച പൊലീസ് പരിശോധന തുടങ്ങിയിരുന്നു. പഞ്ചനക്ഷത്ര ഹോട്ടലില്‍ ലഹരി ഇടപാട് നടക്കുന്നുണ്ടെന്ന സംശയത്തിലാണ് നാര്‍കോട്ടിക്സ് വിഭാഗം പരിശോധന നടത്തിയത്.
ആദ്യം കരുതല്‍ കസ്റ്റഡിയിലെടുത്ത ഓം പ്രകാശിനെ പിന്നീട് പൊലീസ് സ്റ്റേഷനിലും ഹോട്ടലിലും എത്തിച്ച് ചോദ്യം ചെയ്യുകയായിരുന്നു. തുടര്‍ന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.