വ്യാജരേഖ കേസിൽ മറുനാടൻ മലയാളി ഓൺലൈൻ ചാനൽ ഉടമയും എഡിറ്ററുമായ ഷാജൻ സ്കറിയയെ പൊലീസ് അറസ്റ്റ് ചെയ്തു. തൃക്കാക്കര പൊലീസ് ആണ് ഷാജനെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയത്. ബിഎസ്എൻഎൽ ബിൽ വ്യാജമായി നിർമ്മിച്ചു എന്നാണ് പരാതി. നിലമ്പൂരിൽ ചോദ്യം ചെയ്യൽ കഴിഞ്ഞു പുറത്തു ഇറങ്ങിയപ്പോൾ ആണ് കസ്റ്റഡിയിലെടുത്തത്. ഷാജൻ സ്കറിയയെ കൊച്ചിയിൽ എത്തിക്കുമെന്നും പൊലീസ് അറിയിച്ചു. ദില്ലിയിൽ താമസിക്കുന്ന രാധാകൃഷ്ണൻ എന്നയാൾ മുഖ്യമന്ത്രിയ്ക്ക് ഇ മെയിൽ വഴി നൽകിയ പരാതിയിൽ ആണ് നടപടി എടുത്തിരിക്കുന്നത്.
മതവിദ്വേഷം വളർത്താൻ ശ്രമിച്ചെന്ന കേസില്‍ ഷാജൻ സ്കറിയ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ഹൈക്കോടതി ഇന്നലെ നിർദ്ദേശിച്ചിരുന്നു. രാവിലെ നിലമ്പൂർ എസ്എച്ച്ഒയ്ക്ക് മുന്നിൽ ഹാജരാകണം എന്നാണ് കോടതി നിര്‍ദ്ദേശിച്ചിരുന്നത്. വീഴ്ച വരുത്തിയാൽ മുൻകൂർ ജാമ്യം റദ്ദാക്കുമെന്നും ഹൈക്കോടതി അറിയിച്ചിരുന്നു. ഈ മാസം 17 -ന് ഹാജരാകാൻ ആയിരുന്നു ഷാജൻ സ്കറിയയോട് കോടതി നേരത്തെ ആവശ്യപ്പെട്ടത്.
നിലമ്പൂർ നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സ്‌കറിയ നൽകിയ പരാതിയിൽ ആയിരുന്നു ഷാജൻ സ്കറിയക്കെതിരെ പൊലീസ് കേസെടുത്തത്. കേസിലെ ചോദ്യം ചെയ്യലിന് ഹാജരാകാത്തതിനെ കോടതി നേരത്തെയും വിമർശിച്ചിരുന്നു. ഹർജിക്കാരന് കോടതിയോട് ബഹുമാനമില്ലെന്നും നിരുത്തരവാദപരമായ പെരുമാറ്റമാണ് ഷാജൻ സ്കറിയയുടേതെന്നുമായിരുന്നു ജസ്റ്റിസ് കെ ബാബു നേരത്തെ വിമർശിച്ചത്. മതവിദ്വേഷം ഉണ്ടാക്കാൻ ശ്രമിച്ചെന്ന കേസിൽ ഷാജന് ചോദ്യം ചെയ്യലിന് ഹാജരാകാനുള്ള നിർദ്ദേശത്തോടെയാണ് ഹൈക്കോടതി മുൻകൂർ ജാമ്യം നൽകിയത്. എന്നാൽ അമ്മയുടെ അസുഖം കാരണം ഹാജരാകാൻ കഴിയില്ലെന്നും മറ്റൊരു ദിവസം അനുവദിക്കണമെന്നുമായിരുന്നു ഹർജിയിൽ ഷാജൻ ആവശ്യപ്പെട്ടത്.
അതേസമയം, ഷാജന്‍ സ്കറിയയെ കണ്ടെത്താനുള്ള ശ്രമത്തിന്‍റെ ഭാഗമായി മാധ്യമപ്രവര്‍ത്തകന്‍ ജി. വിശാഖന്‍റെ ഫോണ്‍ പിടിച്ചെടുത്ത പൊലീസ് നടപടിയെ ഹൈക്കോടതി വിമർശിച്ചിരുന്നു. പ്രതി അല്ലാത്ത ആളുടെ മൊബൈൽ ഫോണ്‍ എങ്ങനെ പിടിച്ചെടുക്കുമെന്നായിരുന്നു കോടതിയുടെ ചോദ്യം. അദ്ദേഹം ഒരു മാധ്യമപ്രവർത്തകനാണ്. ക്രിമിനൽ കേസിൽ പ്രതിയാണെങ്കിൽ കോടതിക്ക് മനസിലായേനെ എന്നും കോടതി പറഞ്ഞിരുന്നു. ഫോൺ പിടിച്ചെടുത്ത നടപടിയിൽ റിപ്പോർട്ട് നൽകാനും നിർദ്ദേശം നൽകിയിരുന്നു. മാധ്യമപ്രവർത്തകന്‍റെ അടിസ്ഥാന അവകാശം ലംഘിക്കപ്പെട്ടുവെന്നും ഹൈക്കോടതി നിരീക്ഷിച്ചു.
സ്വന്തം ലേഖകൻ
ലണ്ടൻ : നോർത്താംപ്ടണിലെ ഓവർസ്‌റ്റോൺ പാർക്ക് ക്രിക്കറ്റ് ക്ലബിൽ നടന്ന ആദ്യ ജി പി ഐൽ ( GPL ) ക്രിക്കറ്റ് ട്യൂർണ്ണമെൻറ് ഗ്ലോബൽ ക്രിക്കറ്റിന്റെ ഭാഗമായി മാറി കഴിഞ്ഞു. ഗ്ലോബൽ പ്രീമിയർ ലീഗും സമീക്ഷ യുകെയും കൈകോർത്തൊരുക്കിയ ഈ ക്രിക്കറ്റ് മാമാങ്കത്തിന് ഗംഭീരമായ പരിസമാപ്‌തി. ആദ്യ GPL കപ്പിൽ മുത്തമിട്ട് ഫ്രീഡം ഫൈനാഷ്യയൽസ് സ്പോൺസർ ചെയ്ത കോവൻഡ്രി റെഡ്‌സും, രണ്ടാം സ്ഥാനക്കാരായി ടെക് ബാങ്ക് സ്പോൺസർ ചെയ്ത ഡക്സ് ഇലവൻ നോർത്താംപ്ടണും . നൂറുകണക്കിന് ക്രിക്കറ്റ് പ്രേമികൾ ഒഴുകിയെത്തിയ നോർത്താംപ്ടണിലെ ഓവർസ്‌റ്റോൺ പാർക്ക് ക്രിക്കറ്റ് ക്ലബ് സാക്ഷ്യം വഹിച്ചത് ആവേശകരമായ ഒരു ക്രിക്കറ്റ് ട്യൂർണ്ണമെന്റിനായിരുന്നു. ഗ്ലോബൽ ക്രിക്കറ്റിന്റെ ഭാഗമാകാൻ നടത്തിയ ആദ്യ ജി പി ഐൽ ( GPL ) ക്രിക്കറ്റ് ട്യൂർണ്ണമെന്റിൽ പങ്കെടുക്കുവാനായി യുകെയിലെ ക്രിക്കറ്റ് പ്രേമികളിലെ കരുത്തുറ്റരായ എട്ടോളം ടീമുകളെയാണ് തെരഞ്ഞെടുത്തത്.





ആഗസ്റ്റ് 20 ഞായറാഴ്ച രാവിലെ 8 മണി മുതൽ രാത്രി 8 മണി വരെ നടന്ന ആദ്യ ജി പി ഐൽ ( GPL ) ക്രിക്കറ്റ് ട്യൂർണ്ണമെന്റിന് ആവേശകരമായ സ്വീകരണമാണ് യുകെയിലെ മലയാളികളിൽ നിന്ന് ലഭിച്ചത്. രണ്ട് ഗ്രൗണ്ടുകളിലായി നടന്ന മത്സരങ്ങളിൽ എട്ട് ടീമുകൾ T 10 മത്സരങ്ങളിൽ ഏറ്റു മുട്ടിയപ്പോൾ ഒരു ഒരു പ്രഫക്ഷണൽ ക്രിക്കറ്റ് മത്സരത്തിന്റെ പ്രതീതിയാണ് കാണികളിൽ ഉളവാക്കിയത്.
ചെംസ്ഫോർഡിൽ നിന്നുള്ള റ്റസ്‌കറും , നോർത്താംപ്ടണിലിൽ നിന്നുള്ള ഡക്‌സ് ഇലവനും , കൊവെൻട്രിയിൽ നിന്നുള്ള റെഡ്‌സും , ഓസ്‌ഫോർഡിൽ നിന്നുള്ള ഗല്ലി ക്രിക്കറ്റേഴ്സും ഗ്രൂപ്പ് A യിലും , കെറ്ററിംഗിൽ നിന്നുള്ള കൊമ്പൻസും , ഓസ്‌ഫോർഡിൽ നിന്നുള്ള യുണൈറ്റഡും , നോർത്താംടണിൽ നിന്നുള്ള ബെക്കറ്റ്സ് , ദർഹമിൽ നിന്നുള്ള ഡി എം സി സിയും ഗ്രൂപ്പ് B യിലുമായി ഏറ്റു മുട്ടി.

ആദ്യ സെമി ഫൈനലിൽ ഏറ്റുമുട്ടിയത് കൊമ്പൻസും കോവൻഡ്രി റെഡ്‌സും , രണ്ടാമത്തെ സെമി ഫൈനലിൽ ഏറ്റുമുട്ടിയത് ഓസ്‌ഫോർഡ് യുണൈറ്റഡും നോർത്താംപ്ടൺ ഡക്സുമായിരുന്നു. ആദ്യ സെമി ഫൈനലിൽ കൊമ്പൻസിനെ തോൽപ്പിച്ച് കോവൻഡ്രി റെഡ്‌സും, രണ്ടാമത്തെ സെമി ഫൈനലിൽ ഓസ്‌ഫോർഡിൽ നിന്നുള്ള യുണൈറ്റഡിനെ തോല്പിച്ച് നോർത്താംപ്ടൺ ഡക്‌സ് ഇലവനും ഫൈനലിൽ എത്തി. കോവൻഡ്രി റെഡ്‌സും നോർത്താംപ്ടൺ ഡക്‌സും തമ്മിൽ നടന്ന ആവേശകരമായ ഫൈനൽ മത്സരത്തിൽ ആദ്യ GPL കപ്പിൽ മുത്തമിടാൻ ഭാഗ്യം ലഭിച്ചത് കോവൻഡ്രി റെഡ്‌സിനായിരുന്നു.


ആദ്യ GPL കപ്പ് നേടിയ കോവൻഡ്രി റെഡ്‌സിന് ട്രോഫിയും ഒന്നാം സമ്മാനമായ 1500 പൗണ്ടും സമ്മാനിച്ചത് GPL ഡയറക്ടറായ അഡ്വ : സുഭാഷ് മാനുവലും , ഐ പി എൽ താരം ബേസിൽ തമ്പിയും ( ഹോട്ട് ലൈൻ ), നോർത്താംപ്ടൺ എക്സ് കൗണ്ടി ക്രിക്കറ്ററും കോച്ചുമായ ഡേവിഡ് സെയിൽസും ചേർന്നായിരുന്നു.

രണ്ടാം സ്ഥാനക്കാരായ ഡക്സ് ഇലവൻ നോർത്താംപ്ടണിന് ട്രോഫിയും സമ്മാനമായ 1000 പൗണ്ടും സമ്മാനിച്ചത് സമീക്ഷ യുകെ നാഷണൽ സെക്രട്ടറി ശ്രീ : ദിനേശ് വെള്ളാപ്പള്ളിയും സമീക്ഷ യുകെ നാഷണൽ പ്രസിഡന്റ് ശ്രീ : ശ്രീകുമാർ ഉള്ളപ്പിള്ളിലും ചേർന്നായിരുന്നു.

സെമി ഫൈനലിൽ എത്തിയ കൊമ്പൻസ് ഇലവന് സമീക്ഷ യുകെ നോർത്താംപ്ടൺ സെക്രട്ടറി ശ്രീ : പ്രഭിൻ ബാഹുലേയൻ ട്രോഫിയും 250 പൗണ്ടും സമ്മാനിച്ചു , അതോടൊപ്പം സെമി ഫൈനലിൽ എത്തിയ ഓസ്‌ഫോർഡ് യുണൈറ്റഡിന് ട്രോഫിയും 250 പൗണ്ടും സമ്മാനിച്ചത് സമീക്ഷ യുകെ നാഷണൽ സെക്രട്ടറിയേറ്റ് അംഗം ശ്രീ ഉണ്ണികൃഷ്‍ണൻ ബാലനായിരുന്നു.

ആദ്യ GPL മത്സരം നടന്ന ഓവർസ്‌റ്റോൺ പാർക്ക് ക്രിക്കറ്റ് ക്ലബ് ഇതിനോടകം ചരിത്രത്തിൽ ഇടം പിടിച്ചു കഴിഞ്ഞു. യുകെയിലെ ക്രിക്കറ്റ് പ്രേമികൾക്ക് ഗ്ലോബൽ വേദികളിൽ ക്രിക്കറ്റ് കളിക്കുവാനുള്ള അവസരമൊരുക്കിയ ഈ ക്രിക്കറ്റ് മാമാങ്കം വരും വർഷങ്ങളിൽ 10 രാജ്യങ്ങളിൽ GPL എന്ന പേരിൽ ക്രിക്കറ്റ് മത്സരങ്ങൾ സംഘടിപ്പിക്കുന്നതായിരിക്കും. അഡ്വ : സുബാഷ് മാനുവൽ ജോർജ്ജും, ബേസിൽ തമ്പിയും മറ്റ് പ്രമുഖരും അടങ്ങുന്ന ഒരു ഗ്ലോബൽ ഗ്രൂപ്പാണ് GPL ൻറെ പ്രധാന സംഘാടകർ. എം ഐസ് ധോണിയും , സഞ്ജു സാംസണും ബ്രാൻഡ് അംബാസിഡർമാരായ സിംഗിൾ ഐഡിയും , ടെക് ബാങ്കുമാണ് ഗ്ലോബൽ വേദികളിൽ ഈ മത്സരങ്ങൾ സ്പോൺസർ ചെയ്യുവാനായി മുന്നോട്ട് വന്നിരിക്കുന്നത്
മനോഹരമായ ക്രിക്കറ്റ് ഗ്രൗണ്ടിൽ എൽ ഇ ഡി വാളും, ലൈവ് കമന്ററിയും , സ്വാദിഷ്‌ടമായ ഫുഡും , ചിയർ ഗേൾസും ഒക്കെ ഒരുക്കി നടത്തിയ ആദ്യ GPL ക്രിക്കറ്റ് ട്യൂർണ്ണമെന്റിന് ഒരു രാജ്യാന്തര ക്രിക്കറ്റ് മത്സരത്തിന്റെ പ്രതീതി സൃഷ്‌ടിക്കാൻ കഴിഞ്ഞുവെന്ന് നിസംശയം പറയാം.













മുണ്ടക്കയം കൃഷി ഭവന്റെയും ഗ്രാമ പഞ്ചായത്തിന്റെയും കാർഷിക വികസന സമിതിയുടെയും സർവീസ് സഹകരണ ബാങ്കുകളുടെയും സംയുക്താഭിമുഖ്യത്തിൽ ചിങ്ങം ഒന്നിന് കർഷക ദിനം ആഘോഷിച്ചു. തങ്ങളുടെ കൃഷി രീതിയിൽ മേന്മയും വ്യത്യസ്തതയും സമർപ്പണവും പ്രകടിപ്പിച്ച 12 കർഷകരെ ആദരിക്കുന്ന ചടങ്ങ് ആയിരുന്നു കർഷകദിനത്തെ വ്യത്യസ്തമാക്കിയത്. മുണ്ടക്കയം ഗ്രാമ പഞ്ചായത്ത് ഹാളിൽ വെച്ച് മുണ്ടക്കയം പഞ്ചായത്തിലെ മുതിർന്ന കർഷകനായ കെ. കെ. രാമൻ പിള്ള കൊച്ചു മാടശ്ശേരിയിലിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ അസിസ്റ്റന്റ് കൃഷി ഓഫീസർ സെബാസ്റ്റ്യൻ മാത്യു സ്വാഗതവും, കൃഷി ഓഫീസർ ഇൻ ചാർജ് അർദ്ര ആൻ പോൾ മുഖ്യപ്രഭാഷണവും കൃഷി അസിസ്റ്റന്റ് ശ്രീ ഷിബു വി. കെ നന്ദിയും പറഞ്ഞു.

മായ കുഞ്ഞുമോൾ തൈപറമ്പിൽ , ബിന്ദു പ്രഭ , അച്ചാമ്മ തോമസ് തെക്കേപറമ്പിൽ ,കെ. വി. ജോസഫ് കുരിശൂപറമ്പിൽ , വിജയൻ എസ്. ജി. സ്രമ്പിക്കൽ , പി. എം. ഇബ്രാഹിം , പി. എം. സെബാസ്റ്റ്യൻ. പൊട്ടനാനിയിൽ, ജെസ്സി ജോസഫ് ,ദേവസ്യ തോമസ് പാറയിൽ , കെ. റ്റി. തോമസ് കാരയ്ക്കാട്ട് ,ടി. ജെ. ജോൺസൻ താന്നിക്കൽ , മാസ്റ്റർ സൂര്യ ദേവ് ചൗവ്ക്കത്തറ എന്നീ 12 കർഷകരെ പൊന്നാടയും, മൊമെന്റോയും നൽകി ആദരിച്ചു .
കൃഷി ഓഫീസർ ഇൻ ചാർജ് അർദ്ര ആൻ പോൾ നയിച്ച കാർഷിക സെമിനാർ വിജ്ഞാനപ്രദമായിരുന്നു.സ്വന്തമായി പച്ചക്കറികൾ നട്ടുവളർത്തുന്നതിനെ കുറിച്ചും ഓഫീസ് ജോലികൾക്കും എത്ര തിരക്കുള്ളവർക്കും കുറച്ചു മണിക്കൂർ മാറ്റിവയ്ക്കുകയാണെങ്കിൽ പച്ചക്കറി വിളയിക്കാനുമുള്ള വഴികളെ കുറിച്ചും വള പ്രയോഗത്തിന്റെ രീതികളെ പറ്റിയും കർഷക സെമിനാറിൽ കൃഷി ഓഫീസർ ഇൻ ചാർജ് ആർദ്ര ആൻ പോൾ വിശദമായി വിവരിച്ചു.

മുതിർന്ന കർഷകർ തങ്ങളുടെ അനുഭവ സമ്പത്ത് പങ്കുവെച്ചത് വേറിട്ട അനുഭവമായി. ആദരം ലഭിച്ച മിക്ക കർഷകരും തങ്ങളുടെ അനുഭവ പരിചയം കൊണ്ട് തനതായ കൃഷി രീതികൾ വികസിപ്പിച്ചെടുത്തവരാണ് . മികച്ച കർഷകരിലൊരാളായി തിരഞ്ഞെടുത്ത കെ.റ്റി . തോമസ് കാരയ്ക്കാട്ട് കാർഷിക സർവകലാശാല ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ നിന്ന് അത്യുൽപാദനശേഷിയുള്ള വിത്തുകൾ കണ്ടെത്തിയാണ് തൻറെ കൃഷി രീതികളിൽ വ്യത്യസ്തത പുലർത്തുന്നത്. വിപണിയിൽ നിന്ന് മേടിക്കുന്ന വിഷമടിക്കുന്ന പച്ചക്കറികളുടെ ദൂഷ്യവശങ്ങളെക്കുറിച്ച് ഓഫീസ് സംബന്ധമായ ജോലി ചെയ്യുന്നവരെയും കൃഷിക്കായി സമയം കണ്ടെത്താനാകാത്തവരെയും ബോധവൽക്കരിക്കാനുള്ള പരിശ്രമം കൃഷിഭവന്റെ ആഭിമുഖ്യത്തിൽ നടത്തണമെന്ന് കെ.റ്റി. തോമസ് കാരയ്ക്കാട്ട് തന്റെ അനുഭവങ്ങൾ പങ്കുവച്ചപ്പോൾ അഭിപ്രായപ്പെട്ടു.
പുരസ്കാരം ലഭിച്ച കർഷകരുടെ കൃഷി രീതികളെ കുറിച്ച് വിശദമായി തന്നെ ടി.ജെ ജോൺസൺതാന്നിക്കൽ സദസ്സിനു പരിചയപ്പെടുത്തി. കർഷകർക്ക് പ്രയോജനപ്രദമായ വിവിധ വായ്പ പദ്ധതികളെ കുറിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഫെഡറൽ ബാങ്ക് , എച്ച്ഡിഎഫ്സി എന്നീ ബാങ്കുകളുടെ പ്രതിനിധികൾ ക്ലാസുകൾ എടുത്തു.
കർഷക ദിനത്തിന് എത്തിയ എല്ലാ കർഷകർക്കും കുടുംബാംഗങ്ങൾക്കും സ്വാദിഷ്ടമായ ഓണസദ്യ ഒരുക്കിയിരുന്നു. ചിങ്ങം ഒന്നിന് പുതുവർഷ പുലരിയിൽ പരിപാടിക്ക് എത്തിച്ചേർന്ന എല്ലാ കർഷകർക്കും പച്ചക്കറി തൈയ്യും ജൈവവളവും തികച്ചും സൗജന്യമായി കൃഷിഭവന്റെ നേതൃത്വത്തിൽ നൽകുകയും ചെയ്തു.
 
  
 
 
  
  
  
  
  
  
  
  
  
  
  
  
  
  
  
  
 
 
  
  
  
  
  
  
  
  
  
 
അവധിക്ക് കേരളത്തിലെത്തി യുകെയിലേയ്ക്ക് മടങ്ങാനിരുന്ന അമ്മയും മകളും രക്ഷപ്പെട്ടത് സമാനതകളില്ലാത്ത ദുരന്തത്തിൽ നിന്ന് . കേരളത്തിലെ ഏറ്റുമാനൂരിൽ ആണ് സംഭവം. സ്വകാര്യതയെ മാനിച്ച് മലയാളം യുകെ ന്യൂസ് വ്യക്തി വിവരങ്ങൾ വാർത്തയിൽ ഉൾപ്പെടുത്തുന്നില്ല. രാത്രി സിനിമയ്ക്ക് കൊണ്ടു പോകാതിരുന്നതിന് അമ്മയോട് പിണങ്ങി 16 വയസ്സുകാരിയായ യുകെ മലയാളി പെൺകുട്ടി വീട് വിട്ടിറങ്ങിയതാണ് സംഭവപരമ്പരകളുടെ തുടക്കം. താൻ വീടുവിട്ടിറങ്ങിയെന്നും അടിയന്തര സഹായം വേണമെന്നും പെൺകുട്ടി പോലീസിൽ വിളിച്ചുപറഞ്ഞു. പരാതി ലഭിച്ച് മിനിറ്റുകൾക്കകം പെൺകുട്ടിയെയും കൂട്ടി വീട്ടിലെത്തിയ പോലീസ് കണ്ടത് അവശനിലയിലായ അമ്മയെയാണ്.
പെൺകുട്ടി വഴക്കുണ്ടക്കി വീടുവിട്ടിറങ്ങിയതിനെ തുടർന്നുള്ള മാനസിക വിഷമത്തിൽ അമ്മ അമിതമായ അളവിൽ ഗുളികകൾ കഴിക്കുകയായിരുന്നു. പോലീസിന്റെ സമയോചിതമായ ഇടപെടൽ ഇല്ലായിരുന്നെങ്കിൽ അടുത്തദിവസം യുകെയിലേയ്ക്ക് തിരിച്ചു വരേണ്ടിയിരുന്ന കുടുംബം വലിയ ഒരു ദുരന്തത്തെ അഭിമുഖീകരിക്കുമായിരുന്നു. അൽപം വൈകിയിട്ടുണ്ടെങ്കിൽ അമ്മയുടെ ജീവൻ അപകടത്തിലാകുമായിരുന്ന എന്നാണ് മെഡിക്കൽ കോളേജ് അധികൃതർ പറഞ്ഞത്.
ഒരാഴ്ച മുമ്പ് മാത്രമാണ് അമ്മയുടെ സഹോദരൻറെ മൃതസംസ്കാരത്തിൽ പങ്കെടുക്കാനായി നാട്ടിലെത്തിയ കവൻട്രിയിൽ താമസിക്കുന്ന ജോബി മാത്യുവിന്റെയും സൗമ്യ ജോബിയുടെയും മൂത്തമകളായ ജിസ്മോൾ മൂവാറ്റുപുഴയാറ്റിൽ കുളിക്കാനിറങ്ങി മുങ്ങി മരിച്ചത്. കുടുംബം യുകെയിലേയ്ക്ക് അടുത്ത ദിവസം മടങ്ങാനിരിക്കെയാണ് ദുരന്തം വന്നു ഭവിച്ചത്.
പ്രശസ്‌ത മിമിക്രി താരവും ചാനലുകളിലെ കോമഡി ഷോ അഭിനേതാവുമായ വിതുര തങ്കച്ചന്‍ സഞ്ചരിച്ച കാർ അപകടത്തില്‍പ്പെട്ടു. പരിപാടി അവതരിപ്പിച്ചു തിരികെ പോകുമ്പോള്‍ വിതുരക്ക് സമീപം തങ്കച്ചന്‍ സഞ്ചരിച്ചിരുന്ന കാര്‍ ജെസിബിക്ക് പിന്നില്‍ ഇടിക്കുകയായിരുന്നു.
അപകടത്തില്‍ തങ്കച്ചന് നെഞ്ചിനും കഴുത്തിനും പരിക്കേറ്റു. സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വളരെ ജനപ്രീതിയുള്ള താരമാണ് വിതുര തങ്കച്ചൻ. ഫ്ലവേഴ്സ് ചാനലിലെ സ്റ്റാർ മാജിക് എന്ന ഷോയിലൂടെയാണ് തങ്കച്ചൻ ശ്രദ്ധിക്കപ്പെടുന്നത്.
സംവിധായകൻ സിദ്ദിഖ് (63) അന്തരിച്ചു. കൊച്ചി അമൃത ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. കരൾ സംബന്ധമായ രോഗത്തെ തുടർന്ന് ചികിത്സയ്ക്കായി കഴിഞ്ഞ മാസമാണ് സിദ്ദിഖിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ദിവസം ന്യുമോണിയ ബാധിച്ചു. ഈ അസുഖങ്ങൾ കുറഞ്ഞുവരുന്നതിനിടെ തിങ്കളാഴ്ച മൂന്നുമണിയോടെ ഹൃദയാഘാതം ഉണ്ടായി. ചൊവ്വാഴ്ച രാത്രിയായിരുന്നു അന്ത്യം.
മലയാള സിനിമയിലെ ഹാസ്യത്തിന് വേറിട്ട ശൈലി സമ്മാനിച്ച സംവിധായകനാണ് സിദ്ദിഖ്. ലാലിനൊപ്പവും അല്ലാതെയും അദ്ദേഹം ചെയ്ത ചിത്രങ്ങളിൽ മിക്കതും മലയാള സിനിമയിലെ എക്കാലത്തെയും സൂപ്പർഹിറ്റുകളാണ്. സിനിമയിൽ പച്ചപിടിക്കാൻ മദ്രാസിൽ അലഞ്ഞുതിരിഞ്ഞു നടന്ന കാലത്തെ പട്ടിണിയും പരിവട്ടവും നിറഞ്ഞ അനുഭവങ്ങൾ സിദ്ദിഖ്-ലാൽ തങ്ങളുടെ രചനകളിലൂടെ സിനിമയിലേക്ക് പറിച്ചുനട്ടു. അതുകൊണ്ടു തന്നെയാണ് എല്ലാതരത്തിലുമുള്ള പ്രേക്ഷകരുടെ പ്രീതി നേടാൻ ഇവരുടെ ചിത്രങ്ങൾക്ക് സാധിച്ചത്.
1960 ഓഗസ്റ്റ് 1 ന് ഇസ്മായിൽ ഹാജിയുടെയും സൈനബയുടെയും മകനായി കൊച്ചിയിലാണ് സിദ്ദിഖ് ജനിച്ചത്. സെന്റ് പോൾസ് കോളേജിൽ നിന്നാണ് ഔദ്യോഗിക വിദ്യാഭ്യാസം പൂർത്തിയാക്കിയത്. പഠനത്തേക്കാളേറെ കലയോടായിരുന്നു സിദ്ദിഖിന് താൽപര്യം. തുടർന്ന് കൊച്ചിൻ കലാഭവൻ ട്രൂപ്പിലൂടെ വിനോദരംഗത്ത് എത്തി. കലാഭവനിൽ അദ്ദേഹം എഴുതിയ സ്‌കിറ്റുകൾ വളരെ ശ്രദ്ധേയമായിരുന്നു. മിമിക്രിയും സ്‌കിറ്റുമായി വേദികളിൽ തിളങ്ങിയിരുന്ന കാലത്താണ് ഫാസിൽ സിദ്ദിഖിനെയും സുഹൃത്ത് ലാലിനെയും കണ്ടുമുട്ടുന്നതും പിന്നീട് തന്റെ കൂടെ ചേർക്കുന്നതും. തുടർന്ന് സിദ്ദിഖും ലാലും ഫാസിലിന്റെ സിനിമകളിൽ സഹസംവിധായകനായി ഏറെ കാലം പ്രവർത്തിച്ചു.
1986 ൽ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത പപ്പൻ പ്രിയപ്പെട്ട പപ്പൻ എന്ന ചിത്രത്തിലൂടെ തിരക്കഥാകൃത്തുക്കളായി സിദ്ദിഖും ലാലും അരങ്ങേറ്റം കുറിച്ചു. ഈ ചിത്രം മലയാള സിനിമയിലെ സൂപ്പർ ഹിറ്റ് ജോഡിയ്ക്ക് തുടക്കമാവുകയായിരുന്നു. മോഹൻലാൽ-ശ്രീനിവാസൻ ടീം വേഷമിട്ട് സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത നാടോടിക്കാറ്റ് ആയിരുന്നു അടുത്ത ചിത്രം. നാടോടിക്കാറ്റിന്റെ കഥ സിദ്ദിഖ്-ലാലിന്റേതായിരുന്നു. പിന്നീട് കമലിനൊപ്പം കാക്കോത്തിക്കാവിലെ അപ്പൂപ്പൻ താടികൾ എന്ന ചിത്രത്തിൽ അസോസിയേറ്റ് സംവിധായകരായി ഇരുവരും പ്രവർത്തിച്ചു.
1989 ൽ പുറത്തിറങ്ങിയ റാംജിറാവും സ്പീക്കിങ് ആയിരുന്നു സിദ്ദിഖ്-ലാൽ ജോഡിയുടെ ആദ്യ സംവിധാന സംരംഭം. ചിത്രത്തിന്റെ കഥയും തിരക്കഥയും ഇവരുടേത് തന്നെയായിരുന്നു. റാംജിറാവു ഗംഭീര വിജമായി. പിന്നീടങ്ങോട്ട് ഇൻ ഹരിഹർ നഗർ, ഗോഡ് ഫാദർ, വിയറ്റ്‌നാം കോളനി, കാബൂളിവാല തുടങ്ങിയ സൂപ്പർ ഹിറ്റുകൾ സൃഷ്ടിച്ചു. അതിൽ ഫിലോമിന, എൻ.എൻ പിള്ള, മുകേഷ്, കനക എന്നിവർ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച ഗോഡ് ഫാദർ മലയാള സിനിമയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ദിവസം തിയേറ്ററുകളിൽ പ്രദർശിപ്പിച്ച ചിത്രമാണ്. 1991 ലെ ഏറ്റവും കലാമൂല്യമുള്ള ജനപ്രിയ ചിത്രത്തിനുള്ള സംസ്ഥാന സർക്കാറിന്റെ പുരസ്‌കാരവും ഗോഡ്ഫാദറിനെ തേടിയെത്തി. ഹൽചൽ എന്ന പേരിൽ 2004 ൽ പ്രിയദർശൻ ഗോഡ്ഫാദർ ഹിന്ദിയിലേക്ക് റീമേക്ക് ചെയ്തു.
മക്കൾ മാഹാത്മ്യം, മാന്നാർ മത്തായി സ്പീക്കിങ് തുടങ്ങിയ സൂപ്പർഹിറ്റുകളുടെ കഥയും തിരക്കഥയും സിദ്ദിഖ്-ലാലിന്റേതാണ്. കമൽ സംവിധാനം ചെയ്ത അയാൾ കഥയെഴുതുകയാണ് എന്ന ചിത്രത്തിന്റെ കഥയും സിദ്ദിഖിന്റേതാണ്. ചിത്രത്തിന് തിരക്കഥ ഒരുക്കിയത് ശ്രീനിവാസനാണ്.
മാന്നാർ മത്തായിയ്ക്ക് ശേഷം സിദ്ദിഖ്- ലാൽ കൂട്ടുകെട്ട് വേർപിരിഞ്ഞു. ലാലില്ലാതെ സിദ്ദിഖ് സംവിധാനം ചെയ്ത ആദ്യ ചിത്രം ഹിറ്റ്ലറാണ്. മമ്മൂട്ടി നായകനായ ഈ ചിത്രം വൻവിജയമായി. പിന്നീട് ജയറാം, മുകേഷ്, ശ്രീനിവാസൻ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ഒരുക്കിയ ഫ്രണ്ടസ് എന്ന ചിത്രവും ബോക്‌സ് ഓഫീസിൽ വൻ തരംഗം സൃഷ്ടിച്ചു. അന്യഭാഷകളിലും വലിയ ചർച്ചയായ ഫ്രണ്ട്‌സ് 2001 ൽ തമിഴിലേക്ക് റീമേക്ക് ചെയ്തു. വിജയ്, സൂര്യ, രമേഷ് കണ്ണ എന്നിവരാണ് പ്രധാനവേഷത്തിലെത്തിയത്. മമ്മൂട്ടിയെ നായകനാക്കി 2003 ൽ സംവിധാനം ചെയ്ത ക്രോണിക് ബാച്ചിലർ എന്ന ചിത്രവും ഗംഭീര വിജയം നേടി. അതിന് ശേഷം എങ്കൾ അണ്ണാ, സാധു മിരണ്ടാ തുടങ്ങി തമിഴിൽ രണ്ട് ചിത്രങ്ങൾ ഒരുക്കി.
സിദ്ദിഖിന്റെ കരിയറിൽ ഏറ്റവും കൂടുതൽ ഭാഷകളിൽ റീമേക്ക് ചെയ്യപ്പെട്ട സിനിമയാണ് 2010 ൽ പുറത്തിറങ്ങിയ ബോഡിഗാർഡ്. ദിലീപ്, നയൻതാര എന്നിവർ പ്രധാനവേഷത്തിലെത്തിയ ചിത്രം മലയാളത്തിൽ വൻ ഹിറ്റായതോടെ തമിഴിൽ 2011 ൽ കാവലൻ എന്ന പേരിൽ റീമേക്ക് ചെയ്തു. വിജയ്, അസിൻ എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. അതേ വർഷം തന്നെ ചിത്രം ഹിന്ദിയിലും റീമേക്ക് ചെയ്തു. സൽമാൻ ഖാനും കരീന കപൂറുമാണ് ചിത്രത്തിൽ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. മലയാളത്തിന് പുറമേ തമിഴിലും ഹിന്ദിയിലുമെല്ലാം ചിത്രം ബ്ലോക് ബസ്റ്ററായി. ഹിന്ദിയിലും തമിഴിലും ഈ ചിത്രങ്ങളുടെ സംവിധാനം നിർവഹിച്ചതും സിദ്ദിഖായിരുന്നു.
ലേഡീസ് ആന്റ് ജന്റിൽ മാൻ, കിംഗ് ലയർ, ഫുക്രി, ഭാസ്‌കർ ദ റാസ്‌കൽ (തമിഴ്) തുടങ്ങിയവയാണ് പിന്നീട് സംവിധാനം ചെയ്ത ചിത്രങ്ങൾ. 2020 ൽ മോഹൻലാലിനെ നായകനാക്കി ഒരുക്കിയ ബിഗ് ബ്രദർ ആയിരുന്നു അവസാന ചിത്രം. നോക്കെത്താ ദൂരത്ത് കണ്ണും നട്ട്, പൂവിന് പുതിയ പൂന്തെന്നൽ, വർഷം 16, മാനത്തെ കൊട്ടാരം, സിനിമാ കമ്പനി, മാസ്റ്റർ പീസ്, ഇന്നലെ വരെ തുടങ്ങി ഏതാനും സിനിമകളിൽ ചെറിയ വേഷങ്ങളിൽ സിദ്ദിഖ് പ്രത്യക്ഷപ്പെട്ടിട്ടുണ്ട് .
1984 ലാണ് സിദ്ദിഖ് വിവാഹിതനാകുന്നത്. സജിതയാണ് ഭാര്യ. സുമയ്യ, സാറാ, സുകൂൻ എന്നിവർ മക്കളാണ്.
സംസ്ഥാനം വീണ്ടും ഉപതെരഞ്ഞെടുപ്പ് ചൂടിലേക്ക്. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് സെപ്റ്റംബര്‍ അഞ്ചിന് നടക്കും. വോട്ടെണ്ണല്‍ സെപ്റ്റംബര്‍ എട്ടിനാണ്. നാമനിര്‍ദേശ പത്രികാ സമര്‍പ്പണം ഓഗസ്റ്റ് 17 മുതല്‍ തുടങ്ങും.
കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഇന്നു തന്നെയുണ്ടാകും. 53 വർഷം പുതുപ്പള്ളിയുടെ ജനപ്രതിനിധിയായിരുന്ന ഉമ്മൻ ചാണ്ടിയുടെ വിയോഗത്തോടെയാണ് പുതുപ്പള്ളിയില്‍ വീണ്ടും തെരഞ്ഞെടുപ്പ് നടക്കുന്നത്.
അതിനിടെ പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിനായുള്ള ഒരുക്കങ്ങൾ വിലയിരുത്താൻ ബൂത്ത് ചുമതലക്കാരുടെ ശിൽപശാല സംഘടിപ്പിച്ച് കോൺഗ്രസ്. ഇതിനായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ചുമതലക്കാർക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകി.
മണ്ഡലത്തിലെ 8 പഞ്ചായത്തുകളുടെ ചുമതല മുൻ ഡിസിസി പ്രസിഡന്റുമാർക്കും ഐഎൻടിയുസി ഭാരവാഹികൾക്കുമുൾപ്പടെ വീതിച്ചു നൽകി. അരനൂറ്റാണ്ടോളം ഉമ്മൻചാണ്ടി പ്രതിനിധീകരിച്ച മണ്ഡലം നിലനിർത്താനുള്ള തയാറെപ്പുകളിലാണ് കോൺഗ്രസ്.
പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് ഒരുക്കങ്ങളിലേക്ക് കടന്ന് സിപിഐഎം. കഴിഞ്ഞ തവണയും ഉമ്മൻ ചാണ്ടിക്കെതിരെ സ്ഥാനാർത്ഥിയായിരുന്ന ജെയ്ക് സി തോമസിനാണ് സ്ഥാനാർത്ഥി സാധ്യതയെന്നാണ് പുറത്തുവരുന്ന വിവരം. മണ്ഡലം കേന്ദ്രീകരിച്ച് പ്രവർത്തിക്കാൻ ജെയ്കിന് നിർദ്ദേശം നൽകിയിട്ടുണ്ട്. പുതുപ്പള്ളി മണ്ഡലത്തിലെ മണർകാട് സ്വദേശിയാണ് ജെയ്ക്. സംസ്ഥാന കമ്മിറ്റിക്ക് ശേഷം എം വി ഗോവിന്ദൻ പുതുപ്പള്ളിയിൽ എത്തി യോഗം വിളിക്കും. യോഗത്തിൽ സംസ്ഥാന നേതാക്കളും ബ്രാഞ്ച് തലം വരെയുള്ള നേതാക്കളും പങ്കെടുക്കും.
ഓസ്ട്രേലിയയിൽ കാറപകടത്തിൽ മലയാളി വിദ്യാർഥി മരിച്ചു. പത്തനംതിട്ട സീതത്തോട് ചിറ്റാർ സ്വദേശി പ്ലാത്താനത്ത് ജോൺ മാത്യു (ജോജി)വിന്റെ മകൻ ജെഫിൻ (23) ആണ് മരിച്ചത്. തിങ്കളാഴ്ച പുലർച്ചെ സിഡ്നിയിലായിരുന്നു അപകടം. പൊലീസ് വിവരമറിയിച്ചത് അനുസരിച്ച് ബന്ധുക്കൾ സംഭവ സ്ഥലത്തേക്ക് തിരിച്ചു. ഓസ്ട്രേലിയയിൽ മാതാപിതാക്കളോടൊപ്പമാണ് ജെഫിൻ താമസിക്കുന്നത്. ഇവർ താമസിക്കുന്നതിന് 1,500 കിലോമീറ്റർ അകലെയായിരുന്നു അപകടം.
കേരളത്തെ നടുക്കിയ ആലുവയിലെ അഞ്ചു വയസുകാരിയുടെ കൊലപാതകത്തിൽ പ്രതി അസഫാക് ആലവുമായി പോലീസിന്റെ വിശദമായ തെളിവെടുപ്പ് പൂർത്തിയായി. കുട്ടിയെ കൊന്നു തള്ളിയ ആലുവ മാർക്കറ്റ് മുതൽ തട്ടിയെടുത്ത സ്ഥലംവരെ എല്ലായിടത്തും പ്രതി കൂസലില്ലാതെ പോലീസിനോട് കൃത്യം വിവരിച്ചു. കൊല്ലപ്പെട്ട കുട്ടിയുടെ അമ്മയും നാട്ടുകാരും ആക്രോശിച്ചുകൊണ്ട് അസ്ഫാക്കിനു നേരെ പാഞ്ഞടുത്തെങ്കിലും പോലീസ് ഇവരെ പിന്തിരിപ്പിച്ചു.
കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ സ്ഥലത്തും ജ്യൂസ് വാങ്ങിക്കൊടുത്ത കടയിലും പ്രതിയെ എത്തിച്ചു തെളിവെടുപ്പ് നടത്തി. ആലുവ മാർക്കറ്റിലേക്കാണ് പ്രതിയെ ആദ്യമെത്തിച്ചത്. മുഖം മറയ്ക്കാതെയാണ് പ്രതിയെ കൊണ്ടുവന്നത്. കഴിഞ്ഞ മാസം 28 നാണ് പ്രതി അസഫാക് ആലം അഞ്ചുവയസ്സുളള പെൺകുഞ്ഞിനെ പീഡിപ്പിച്ച്, കൊലപ്പെടുത്തിയത്. അമ്പതോളം പൊലീസുകാരുടെ കനത്ത സുരക്ഷയിലാണ് തെളിവെടുപ്പ് പൂർത്തിയാക്കിയത്.
രോഷാകുലരായ ജനക്കൂട്ടം അസഫാകിനെ കൊണ്ടുപോകുന്നതിനൊപ്പമുണ്ടായിരുന്നു. പൊലീസ് ഉദ്യോഗസ്ഥരാണ് ഇവരെ അനുനയിപ്പിച്ചത്. ആലുവ മാർക്കറ്റിന് പുറത്തുളള കടയിലും ബിവറേജ് ഔട്ട്ലെറ്റിലും പെൺകുട്ടിയുടെ വീട്ടിലും പരിസരത്തും അസഫാകിനെ എത്തിച്ചിരുന്നു. അസഫാക് ആലം മുമ്പ് താമസിച്ചിരുന്ന ഉളിയന്നൂരിലെ വീട്ടിലുമെത്തിച്ചിരുന്നു. പെൺകുഞ്ഞിനെ അരുംകൊല നടത്തിയതിന് ശേഷം ഇയാൾ കൈകാലുകളും മുഖവും കഴുകിയ സ്ഥലത്തും തെളിവെടുപ്പ് നടത്തിയിരുന്നു.
ഏറ്റവുമധികം സമയം ചെലവഴിച്ചത് പെൺകുട്ടി പീഡിപ്പിക്കപ്പെട്ട സ്ഥലത്തായിരുന്നു. ക്രൂരകൃത്യത്തെക്കുറിച്ച് യാതൊരു കൂസലുമില്ലാതെയാണ് പ്രതി പൊലീസുകാരോട് വിവരിച്ചത്. ഒന്നരമണിക്കൂർ സമയത്തെ തെളിവെടുപ്പിലൂടെ അന്വേഷണത്തിന്റെ പ്രാഥമിക ഘട്ടം പിന്നിട്ടു കഴിഞ്ഞു. ഏറ്റവുമധികം പ്രതിഷേധമുയർന്നത് ആലുവ മാർക്കറ്റിലായിരുന്നു. തീരെ പ്രതീക്ഷിക്കാത്ത സ്ഥലത്തും പൊലീസ് വാഹനം നിർത്തി തെളിവെടുപ്പ് നടത്തിയിരുന്നു.
തായിക്കാട്ടുകരയിൽ മൂന്ന് സെന്ററുകളിലാണ് പ്രതിയെ എത്തിച്ചത്. പെൺകുട്ടിയുടെ വീടിന്റെ പരിസരത്തും അസഫാക് താമസിച്ച സ്ഥലത്തും കുഞ്ഞിന് ജ്യൂസ് വാങ്ങിക്കൊടുത്ത കടയുമാണ് ഈ കേന്ദ്രങ്ങൾ. കുഞ്ഞിനെ കൂട്ടിക്കൊണ്ടുപോയ സ്ഥലത്ത് എത്തിയപ്പോൾ അലറിക്കരഞ്ഞ്, പൊട്ടിത്തെറിച്ചായിരുന്നു അമ്മയുടെ പ്രതികരണം. തെളിവെടുപ്പിന് എത്തിക്കുന്ന ദൃശ്യങ്ങൾക്കൊപ്പം തന്നെ അമ്മയുടെ നെഞ്ചുപൊട്ടിയുള്ള കരച്ചിൽ കേൾക്കാമായിരുന്നു. രണ്ടരമണിക്കൂർ നേരം സംഭവിച്ച കാര്യങ്ങളെല്ലാം തന്നെ പൊലീസ് വളരെ വ്യക്തമായി തന്നെ പ്രതിയിൽ നിന്നും ചോദിച്ചറിഞ്ഞു. ഈ മാസം 10ന് പ്രതിയുടെ കസ്റ്റഡി അവസാനിക്കും