കലവൂരിൽ വനിതാ ഡോക്ടർക്ക് നേരെ യുവാവിന്റെ അതിക്രമം. മണ്ണഞ്ചേരി സ്വദേശി സുനിലിനെ പോലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ ജനറൽ ആശുപത്രിയിലെ ഡോക്ടർ അഞ്ജുവിന് അക്രമത്തിൽ പരിക്കേറ്റു. മതിൽ ചാടിയെത്തിയ യുവാവ് അടുക്കളയിൽ പാചകം ചെയ്യുകയായിരുന്ന വനിതാ ഡോക്ടറെ പിന്നിൽ നിന്നും ആക്രമിക്കുകയായിരുന്നു.
യുവാവ് അടുക്കള ഭാഗത്ത് അതിക്രമിച്ചുകയറിയപ്പോൾ അഞ്ജുവിന്റെ ഭർത്താവും കുഞ്ഞും മുൻവശത്തെ മുറയിലായിരുന്നു. അക്രമി ഡോക്ടറുടെ തൊണ്ടയിൽ കുത്തി പിടിച്ചതിനാൽ ശബ്ദമുണ്ടാക്കാൻ സാധിച്ചില്ല. ബലം പ്രയോഗിച്ച് പ്രതിയെ തള്ളിമാറ്റി ബഹളം വച്ചതോടെ ഭർത്താവ് ഓടിയെത്തി അക്രമിയെ കീഴ്പ്പെടുത്തുകയായിരുന്നു. കഴുത്തിൽ നഖക്ഷതങ്ങൾ ഏറ്റതിനെ തുടർന്ന് വനിതാ ഡോക്ടർ ആലപ്പുഴ ജനറൽ ആശുപത്രിയിൽ ചികിത്സ തേടി.
പോലീസ് പിടികൂടിയ പ്രതി സുനിലിനെ ചോദ്യം ചെയ്തെങ്കിലും അക്രമത്തിന് പിന്നിലെ കാരണമെന്തെന്ന് വ്യക്തമായിട്ടില്ല. പ്രതി ലഹരിക്കടിമയാണോയെന്നതുൾപ്പെടെയുള്ള കാര്യങ്ങൾ പോലീസ് അന്വേഷിച്ചുവരികയാണ്.
കുടുംബവഴക്കിനെത്തുടർന്ന് പുരവഞ്ചിയിൽനിന്നു (ഹൗസ്‌ബോട്ട്) കായലിലേക്കുചാടിയ മകളെ രക്ഷിക്കാൻ ശ്രമിച്ച പിതാവ് മുങ്ങിമരിച്ചു. തമിഴ്‌നാട് തിരുനെൽവേലി ലെവഞ്ചിപുരം പഞ്ചായത്ത് രണ്ടാം വാർഡിൽ കോയിൽതെണ്ട തെരുവിൽ ജോസഫ് ഡി. നിക്‌സൺ (58) ആണ് മരിച്ചത്.
ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നിന് ആർ ബ്ലോക്കിനുസമീപത്തെ ചിത്തിരക്കായലിലാണ് സംഭവം. തിരുനെൽവേലിയിൽനിന്നെത്തിയ ബന്ധുക്കളടങ്ങുന്ന 13 അംഗ സംഘമാണ് പുരവഞ്ചിയിലുണ്ടായിരുന്നത്. യാത്രയ്ക്കിടെ കുടുംബാംഗങ്ങളുമായി വഴക്കിട്ട സഭയ ബിനിഷ (30) പുരവഞ്ചിയിൽനിന്ന് കായലിലേക്കു ചാടി. ഇവരെ രക്ഷിക്കാനായി ജോസഫും മകനും കായലിലേക്കു ചാടി.
നിലവിളികേട്ട് ഓടിയെത്തിയ പുരവഞ്ചി ജീവനക്കാർ ജോസഫിനെയും മകനെയും രക്ഷപ്പെടുത്തി സ്പീഡ് ബോട്ടിൽ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജോസഫിനെ രക്ഷിക്കാനായില്ല. മകന് കാര്യമായ പരിക്കില്ല.
വെള്ളത്തിൽനിന്നു കരയ്ക്കുകയറാൻ കൂട്ടാക്കാതിരുന്ന യുവതിയെ ബന്ധുക്കളും ജീവനക്കാരുംചേർന്ന് ബലമായി കരയ്ക്കുകയറ്റി വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിക്കുകയായിരുന്നു. ഇവർ അത്യാഹിതവിഭാഗത്തിൽ ചികിത്സയിലാണ്. ജോസഫിന്റെ മൃതദേഹം വണ്ടാനം മെഡിക്കൽ കോളേജിൽ. പുളിങ്കുന്ന് പോലീസ് കേസെടുത്തു.
നടൻ ജാഫർ ഇടുക്കിക്കെതിരേ ലൈംഗിക അതിക്രമ പരാതിയുമായി ആലുവ സ്വദേശിയായ നടി. വര്‍ഷങ്ങള്‍ക്ക് മുമ്പാണ് സംഭവം നടന്നതെന്ന് യുവതിയുടെ പരാതിയില്‍ പറയുന്നു. ഡിജിപിക്കും പ്രത്യേക അന്വേഷണ സംഘത്തിനും ഓണ്‍ലൈനായി നടി പരാതി നല്‍കി.
നേരത്തെ മുകേഷ്, ജയസൂര്യ, ബാലചന്ദ്രമേനോൻ എന്നിവരടക്കം ഏഴു പേർക്കെതിരെ പീഡനപരാതി ആരോപിച്ച് നടി രംഗത്തുവന്നിരുന്നു. ‘ദേ ഇങ്ങോട്ട് നോക്കിയേ’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് ജാഫർ ഇടുക്കിയും മോശമായി പെരുമാറിയതെന്ന് നടിയുടെ പരാതിയിൽ പറയുന്നു. ഇത് സംബന്ധിച്ച വിവരങ്ങൾ നേരത്തെ സാമൂഹിക മാധ്യമങ്ങളിലെ അഭിമുഖങ്ങളിലൂടെ നടി പങ്കുവച്ചിരുന്നു. ഇതേ അഭിമുഖത്തിലാണ് ബാലചന്ദ്രമേനോനെതിരേയും നടി പീഡന പരാതി ഉന്നയിച്ചത്.
തുടർന്ന് സാമൂഹിക മാധ്യമങ്ങളിലൂടെ അപമാനിക്കാനും ബ്ലാക്ക്മെയിൽ ചെയ്യാനും ശ്രമിച്ചുവെന്ന് കാണിച്ച് നടിക്കും അഭിഭാഷകനും ചാനലിനും എതിരേ ബാലചന്ദ്രമേനോൻ മേനോൻ ഡി.ജി.പിക്ക് പരാതി നൽകി. ഇതിന് പിന്നാലെ യൂട്യൂബ് ചാനലുകൾക്കെതിരേ ഐടി ആക്ട് പ്രകാരം കൊച്ചി പോലീസ് കേസെടുക്കുകയും ചെയ്തിരുന്നു.
പ്രായപൂർത്തിയാകാത്ത ബാലികയെ പീഡിപ്പിച്ച കേസിൽ എരുമേലി പുഞ്ചവയൽ ഭാഗത്ത് കണ്ടൻകേരിൽ വീട്ടിൽ തോമസ് കെ.കെ (76) എന്നയാൾക്ക് ശിക്ഷ വിധിച്ചു.
പോക്സോ കേസിൽ പ്രതിക്ക് 77 വർഷം കഠിന തടവും 80,000 രൂപ പിഴയുമാണ് ഈരാറ്റുപേട്ട ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ( പോക്സോ ) ശിക്ഷ വിധിച്ചത്. ജഡ്ജ് ശ്രീമതി റോഷൻ തോമസ് ആണ് വിധി പ്രസ്താവിച്ചത്. പ്രതി പിഴ അടച്ചാൽ 70,000 രൂപ അതിജീവിതയ്ക്ക് നൽകുന്നതിനും ഉത്തരവായിട്ടുണ്ട്.
ഇന്ത്യൻ ശിക്ഷാനിയമത്തിലെയും പോക്സോ ആക്റ്റിലെയും വിവിധ വകുപ്പുകൾ പ്രകാരമാണ് ശിക്ഷ. 2024 ജനുവരി ഒന്നുമുതൽ ഫെബ്രുവരി 27വരെയുള്ള വരെയുള്ള കാലയളവില്‍ പ്രതി അതിജീവിതയെ പീഡിപ്പിക്കുകയായിരുന്നു.
പരാതിയെ തുടർന്ന് മുണ്ടക്കയം സ്റ്റേഷൻ എസ്.എച്ച്.ഓ ആയിരുന്ന ത്രിദീപ് ചന്ദ്രനാണ് പ്രതിയെ അറസ്റ്റ് ചെയ്ത് കുറ്റപത്രം തയ്യാറാക്കി കോടതിയിൽ സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വക്കേറ്റ്. ജോസ് മാത്യു തയ്യിൽ ഹാജരായി.
ബലാത്സംഗക്കേസില്‍ നടന്‍ സിദ്ദിഖിന് സുപ്രീംകോടതി അനുവദിച്ചത് ഇടക്കാല ജാമ്യം. മ്യൂസിയം പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ചെയ്ത ബലാത്സംഗക്കേസില്‍ സിദ്ദിഖിനെ അറസ്റ്റ് ചെയ്താല്‍ ജാമ്യത്തില്‍ വിടണമെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചു. ജാമ്യവ്യവസ്ഥ വിചാരണക്കോടതിക്ക് തീരുമാനിക്കാമെന്നും സുപ്രീംകോടതി അറിയിച്ചു.
ജസ്റ്റിസ് ബേല എം. ത്രിവേദി, സതീഷ് ചന്ദ്ര ശര്‍മ്മ എന്നിവരടങ്ങിയ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. കേസ് ഇനി പരിഗണിക്കുന്നതിനുമുമ്പ് അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുമ്പോള്‍ അവര്‍ക്കുമുന്നില്‍ സിദ്ദിഖ് ഹാജരാകണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചിട്ടുണ്ട്. സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി ഒക്ടോബര്‍ 22-ന് കോടതി പരിഗണിക്കും.
സിദ്ദിഖിന് ലഭിച്ചത് അറസ്റ്റില്‍നിന്നുള്ള പരിരക്ഷ മാത്രമാണെന്നായിരുന്നു നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നത്. എന്നാല്‍, ഇടക്കാല ജാമ്യമാണ് സിദ്ദിഖിന് ലഭിച്ചതെന്നാണ് ഉത്തരവിന്റെ പൂര്‍ണരൂപം പുറത്തുവരുമ്പോള്‍ വ്യക്തമായിരിക്കുന്നത്. സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ രണ്ടാഴ്ചയ്ക്ക് ശേഷം സുപ്രീംകോടതി പരിഗണിക്കും. കേസിലെ എതിര്‍കക്ഷികളായ സംസ്ഥാന സര്‍ക്കാരിനും അതിജീവിതയ്ക്കും സുപ്രീംകോടതി നോട്ടീസ് അയച്ചിട്ടുണ്ട്.
സീനിയര്‍ അഭിഭാഷകന്‍ മുകുള്‍ റോത്തഗി, അഭിഭാഷകരായ രഞ്ജീത റോത്തഗി, ഫിലിപ്പ് വര്‍ഗീസ്, സുജേഷ് മേനോന്‍ എന്നിവരാണ് സുപ്രീംകോടതിയില്‍ സിദ്ദിഖിനുവേണ്ടി ഹാജരായത്. സംസ്ഥാന സര്‍ക്കാരിനുവേണ്ടി അഡീഷണല്‍ സോളിസിസ്റ്റര്‍ ജനറല്‍ ഐശ്വര്യ ഭട്ടി, സ്റ്റാന്‍ഡിങ് കോണ്‍സല്‍ നിഷേ രാജന്‍ ഷൊങ്കര്‍ എന്നിവരും അതിജീവിതയ്ക്കുവേണ്ടി പ്രമുഖ അഭിഭാഷക വൃന്ദ ഗ്രോവറും ഹാജരായി.
തന്നെ വർഗീയവാദിയാക്കാനുള്ള പരിശ്രമമാണ് നടക്കുന്നതെന്ന് നിലമ്പൂർ എം.എല്‍.എ പി.വി അന്‍വര്‍. ഏതൊരാളും മതവിശ്വസി ആയതുകൊണ്ട് അയാൾ വർഗീയവാദിയാകുന്നില്ല. മറ്റുമതങ്ങളെ എതിർക്കുകയും അവരോട് വെറുപ്പ് കാണിക്കുകയും ചെയ്യുന്നതാണ് വർഗീയവാദം. അതുരണ്ടും വേർതിരിയേണ്ടതുണ്ടെന്നും അൻവർ പറഞ്ഞു. മുഖ്യമന്ത്രിയെയും സി.പി.എമ്മിനെയും വെല്ലുവിളിച്ച് നിലമ്പൂരിൽ നടത്തിയ രാഷ്ട്രീയവിശദീകരണ യോഗത്തിലാണ് പി.വി അൻവറിന്റെ പ്രതികരണം. കഴിഞ്ഞ ദിവസം അന്തരിച്ച കൂത്തുപറമ്പ് സമരനായകന്‍ പുഷ്പനെ അനുസ്മരിച്ചാണ് അന്‍വര്‍ പ്രസംഗം ആരംഭിച്ചത്.
ആര്‍ക്കുവേണ്ടിയാണോ പോരാട്ടം നടത്തിയത് അവരെ തന്നെ തെരുവിലിറക്കിയിരിക്കുകയാണ് ഈ പ്രസ്ഥാനമെന്നും ഈ രീതിയില്‍ നിങ്ങളെ അഭിമുഖീകരിക്കേണ്ടിവരുമെന്ന് കരുതിയതല്ലെന്നും അദ്ദേഹം പറഞ്ഞു. മനുഷ്യനെ വർഗീയമായി കാണുന്ന നിലയിലേക്ക് കേരളവും നീങ്ങുകയാണ്. ഒരാൾ ഒരു വിഷയം ഉന്നയിച്ചാൽ അതിലേക്ക് നോക്കുന്നതിന് പകരം അവന്റെ പേരെന്താണ് എന്നതാണ് ആദ്യത്തെ നോട്ടം. എന്റെ പേര് അൻവർ ആയതുകൊണ്ട് മുസ്ലിം വർഗീയ വാദിയാക്കാനുള്ള പരിശ്രമമാണ്. അഞ്ചുനേരം നമസ്കരിക്കുന്നവരാണ് എന്നതാണ് ഇപ്പോൾ വലിയ ചർച്ച.- അൻവർ കൂട്ടിച്ചേർത്തു
നിലമ്പൂരില്‍ ചന്തക്കുന്നിലെ ബസ്സ്റ്റാന്‍ഡിനടുത്താണ് വന്‍ ജനാവലി പങ്കെടുത്ത യോഗം നടക്കുന്നത്. സിപിഎം മുൻ പ്രാദേശിക നേതാവും അന്‍വറിനൊപ്പം വേദിയിലെത്തി. സിപിഎം മരുത മുന്‍ ലോക്കല്‍ സെക്രട്ടറി ഇ.എ സുകുവാണ് വേദിയിലെത്തി യോഗത്തിന് സ്വാഗതം പറഞ്ഞത്.
പടപ്പറമ്പില്‍ കാറും ടാങ്കര്‍ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ എയര്‍ബാഗ് മുഖത്തമര്‍ന്നതിനെത്തുടര്‍ന്ന് മാതാവിന്റെ മടിയിലിരുന്ന രണ്ടു വയസ്സുകാരി ശ്വാസംമുട്ടി മരിച്ചു. പൊന്മള ചാപ്പനങ്ങാടി തെക്കത്ത് നസീറിന്റെയും റംഷീനയുടേയും മകള്‍ ഇഫയാണ് മരിച്ചത്.
ശനിയാഴ്ച ഉച്ചയ്ക്ക് മൂന്നുമണിക്ക് പടപ്പറമ്പ് പുളിവെട്ടിയില്‍ കുഞ്ഞും കുടുംബവും സഞ്ചരിച്ച കാറും എതിരേവന്ന ടാങ്കര്‍ ലോറിയും കൂട്ടിയിടിക്കുകയായിരുന്നു. മാതാവിന്റെ മടിയിലിയിരുന്ന കുട്ടി എയര്‍ ബാഗ് മുഖത്തമര്‍ന്നും സീറ്റ് ബെല്‍റ്റ് കഴുത്തില്‍ കുരുങ്ങിയും ശ്വാസംമുട്ടി മരിക്കുകയായിരുന്നു.
കുട്ടിയുടെ പിതാവ് രണ്ടുദിവസം മുന്‍പാണ് വിദേശത്തുനിന്ന് വന്നത്. കുട്ടിയുടെ പിതൃസഹോദരന്റെ വിവാഹം ഞായറാഴ്ച നടക്കാനിരിക്കെയാണ് അപകടം. അപകടത്തില്‍ മറ്റാര്‍ക്കും പരിക്കില്ല.
സഹോദരങ്ങള്‍: റൈഹാന്‍, അമീന്‍. കൊളത്തൂര്‍ പോലീസ് എത്തി നടപടികള്‍ സ്വീകരിച്ചു. കുട്ടിയുടെ മൃതദേഹം പടപ്പറമ്പ് ആശുപത്രിയില്‍ നിന്ന് പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഞായറാഴ്ച രാവിലെ മൃതദേഹം വീട്ടിലെത്തിക്കും. പതിനൊന്നുമണിക്ക് പറങ്കിമൂച്ചിക്കല്‍ മസ്ജിദ് കബറിസ്താനില്‍ കബറടക്കും.
കൂത്തുപറമ്പ് വെടിവെപ്പിൽ പരിക്കേറ്റ് കിടപ്പിലായിരുന്ന പുഷ്പൻ (54) അന്തരിച്ചു. സി.പി.എം. അണികൾക്കിടയിൽ ജീവിക്കുന്ന രക്തസാക്ഷിയെന്ന് അറിയപ്പെട്ടിരുന്ന പുഷ്പൻ, കൂത്തുപറമ്പ് വെടിവെപ്പിൽ പരിക്കേറ്റ് കഴിഞ്ഞ 30 വർഷമായി കിടപ്പിലായിരുന്നു. കഴിഞ്ഞ കുറച്ചുദിവസങ്ങളായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ശനിയാഴ്ച ഉച്ചയോടെയായിരുന്നു അന്ത്യം.
1994 -ൽ സ്വാശ്രയ കോളേജിനെതിരായ സമരത്തിനിടെയാണ് പുഷ്പന് വെടിയേൽക്കുന്നത്. 1994 നവംബര്‍ 25-ന് തലശ്ശേരിക്കടുത്ത് കൂത്തുപറമ്പില്‍ മന്ത്രി എംവി രാഘവനെ തടയാനെത്തിയ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസ് വെടിവെപ്പ് നടത്തുകയായിരുന്നു. കൂത്തുപറമ്പിലെ അര്‍ബന്‍ സഹകരണബാങ്കിന്റെ സായാഹ്നശാഖയുടെ ഉദ്ഘാടനത്തിനെത്തിയതായിരുന്നു മന്ത്രി.
വെടിവെപ്പില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരായ കെ.കെ. രാജീവന്‍, മധു, ഷിബുലാല്‍, ബാബു, റോഷന്‍ എന്നിവര്‍ കൊല്ലപ്പെട്ടു. പുഷ്പന്‍ അടക്കം ആറോളം പ്രവര്‍ത്തകര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.
കൂത്തുപറമ്പില്‍ വെടിയേറ്റുവീണ പുഷ്പന്‍ പിന്നീടൊരിക്കലും എഴുന്നേറ്റില്ല. സിപിഎം അണികള്‍ക്ക് പുഷ്പന്‍ ജീവിച്ചിരിക്കുന്ന രക്തസാക്ഷിയായിരുന്നു. പ്രവർത്തകരുടെ ആവേശവും വികാരവുമായിരുന്നു. അപൂര്‍വ്വം അവസരങ്ങളില്‍ തിരഞ്ഞെടുപ്പ് പരിപാടികളിലും പാര്‍ട്ടിവേദികളിലും പ്രവര്‍ത്തകര്‍ക്ക് ആവേശമായി പുഷ്പന്‍ എത്തിയിരുന്നു.
എഴുപതാമത് നെഹ്‌റു ട്രോഫി വള്ളം കളിയില്‍ പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ കാരിച്ചാല്‍ ചുണ്ടന്‍ ജേതാവായി. കാരിച്ചാലിനിത് പതിനാറാമത്തെ വിജയമാണിത്. പള്ളാത്തുരുത്തി ബോട്ട് ക്ലബിന്റെ തുടര്‍ച്ചയായ അഞ്ചാമത്തെ വിജയം കൂടിയാണിത്.
ഫൈനലില്‍ വില്ലേജ് ബോട്ട് ക്ലബ്ബിന്റെ വിയപുരം, നിരണം ബോട്ട് ക്ലബ്ബിന്റെ നിരണം ചുണ്ടന്‍, കുമരകം ബോട്ട് ക്ലബ്ബിന്റെ നടുഭാഗം ചുണ്ടന്‍ എന്നീ വള്ളങ്ങളെ മറികടന്നാണ് കാരിച്ചാലിന്റെ വിജയം.
ആവേശോജ്ജ്വലമായ മത്സരത്തിന് ശേഷമാണ് കാരിച്ചാല്‍ ചുണ്ടന്‍ കപ്പില്‍ മുത്തമിട്ടത്. ഉച്ചയ്ക്ക് 2.15 ന് ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് പതാക ഉയര്‍ത്തിയതോടെയാണ് നെഹ്‌റു ട്രോഫി വള്ളം കളിക്ക് ഔദ്യോഗിക തുടക്കമായത്.
ഹീറ്റ്‌സ് മത്സരങ്ങളില്‍ റെക്കോഡ് സമയം കുറിച്ചാണ് കാരിച്ചാല്‍ ചുണ്ടന്‍ ഒന്നാമതെത്തിയത്. നെഹ്‌റു ട്രോഫി വള്ളം കളിയുടെ ചരിത്രത്തിലെ മികച്ച സമയമാണ് ഹീറ്റ്‌സില്‍ പള്ളാത്തുരുത്തി ബോട്ട് ക്ലബ് ഫൈനല്‍ യോഗ്യത ഉറപ്പിച്ചത്. 4.14.35 മിനിറ്റിലായിരുന്നു ഫിനിഷിങ്.
അഞ്ച് ഹീറ്റ്‌സ് മത്സരങ്ങളിലായി 19 ചുണ്ടന്‍ വള്ളങ്ങളാണ് പങ്കെടുത്തത്. ഒന്നാം ഹീറ്റ്‌സ് മത്സരത്തില്‍ കൊല്ലം ജീസസ് ക്ലബ് തുഴഞ്ഞ ആനാരി ചുണ്ടന്‍ ജേതാക്കളായി.
രണ്ടാം ഹീറ്റ്‌സില്‍ പുന്നമട ബോട്ട് ക്ലബ്ബിന്റെ ചമ്പക്കുളം ചുണ്ടനും മൂന്നാം ഹീറ്റ്‌സില്‍ യുബിസി കൈനകരിയുടെ തലവടി ചുണ്ടനും ജേതാക്കളായി. നാലാം ഹീറ്റ്‌സില്‍ വിബിസി കൈനകരിയുടെ വിയപുരം ചുണ്ടന്‍ ഒന്നാമതെത്തി. ഹീറ്റ്‌സ് അഞ്ചില്‍ കാരിച്ചാല്‍ ചുണ്ടനും ഒന്നാമതെത്തി.
ലൂസേഴ്‌സ് ഫൈനലില്‍ തലവടി ചുണ്ടന്‍ വിജയി ആയി. രണ്ടാം ലൂസേഴ്‌സ് ഫൈനലില്‍ വലിയ ദിവാന്‍ജിയും മൂന്നാം ലൂസേഴ്‌സ് ഫൈനലില്‍ ആയാപറമ്പ് പാണ്ടി ചുണ്ടനും ജേതാക്കളായി.
നടന്‍ ബാല മുന്‍ഭാര്യയും ഗായികയുമായ അമൃത സുരേഷും തമ്മിലുള്ള വിവാദത്തില്‍ പുതിയ ട്വിസ്റ്റ്. കഴിഞ്ഞ ദിവസം ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ബാല പറഞ്ഞ വാക്കുകള്‍ വിവാദമായിരുന്നു. പിന്നാലെ മകള്‍ അവന്തിക എന്ന പാപ്പു ബാലയ്‌ക്കെതിരെ രംഗത്തെത്തിയിരുന്നു. തുടര്‍ന്ന് ബാല പങ്കുവച്ച വീഡിയോയും വാര്‍ത്തയായി മാറി.
ഈ വിവാദം ഇപ്പോള്‍ കത്തി നില്‍ക്കുമ്പോള്‍ ബാലയുടെയും അമൃതയുടെയും ഡ്രൈവറായിരുന്ന ഇര്‍ഷാദ് വെളിപ്പെടുത്തലുമായി രംഗത്ത് എത്തിയിരിക്കുകയാണ്.
14 വർഷത്തെ നിശബ്ദതയ്ക്ക് അവസാനം കുറിച്ചതിനു ഒരുപാട് നന്ദി അനിയാ, എന്ന ക്യാപ്ഷനോടെ അമൃതയാണ് ഇര്‍ഷാദിന്‍റെ ഇന്‍സ്റ്റഗ്രാം വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. അമൃതയെ അന്ന് ബാല ഉപദ്രവിക്കാറുണ്ടെന്നാണ് ഇര്‍ഷാദ് വീഡിയോയില്‍ പറയുന്നു.
അമൃത നടത്തിയ ആരോപണങ്ങള്‍ ശരിവയ്ക്കുന്ന രീതിയിലാണ് ഇര്‍ഷാദിന്‍റെ വെളിപ്പെടുത്തല്‍. ബാല അമൃത വിവാഹം കഴിഞ്ഞത് മുതല്‍ അവര്‍ പിരിയും വരെ അവരുടെ ഡ്രൈവറായി ഞാന്‍ പ്രവര്‍ത്തിച്ചിരുന്നു. പല കാര്യങ്ങളും ഞാന്‍ കണ്ടിട്ടുണ്ട്.
പിരിഞ്ഞ ശേഷം ഞാന്‍ ചേച്ചിക്കൊപ്പമാണ് പോയത്. അമൃത ചേച്ചിയെ പുള്ളിക്കാരന്‍ പലപ്പോഴും മര്‍ദ്ദിക്കുന്നത് കണ്ടിട്ടുണ്ട്. അന്ന് 18 വയസുള്ള എന്നെ ബാല മര്‍ദ്ദിച്ചിട്ടുണ്ട്. മൂക്കില്‍ നിന്നും വായയില്‍ നിന്നും ചോര വന്നിട്ടുണ്ട്. അന്ന് ചെറുതായിരുന്നു തിരിച്ച് പ്രതികരിക്കാനുള്ള ശേഷി ഉണ്ടായിരുന്നില്ല.
ചേച്ചി എന്നെ ഒരു അനിയനെപ്പോലെയാണ് കണ്ടത്. അതാണ് ചേച്ചിക്കൊപ്പം പോയത്. ഇപ്പോള്‍ വീഡിയോ ഇടാനുള്ള കാരണം. ഇന്നലെ പാപ്പുവിന്‍റെ വീഡിയോ കണ്ടു അതിന്‍റെ അടിയില്‍ പാപ്പുവിനെകൊണ്ട് പറഞ്ഞ് ചെയ്യിച്ചതാണെന്ന കമന്‍റ് പലയിടത്തും കണ്ടു ഒരിക്കലും ചേച്ചിയോ, അമ്മയോ, അഭിയോ അങ്ങനെ ചെയ്യില്ല. അങ്ങനെ പറഞ്ഞ് ചെയ്യിപ്പിക്കാനാണെങ്കില്‍ പണ്ടെ ചെയ്യിപ്പിക്കാമായിരുന്നു.
പതിനാല് കൊല്ലമായി ഇതിനെല്ലാം സാക്ഷിയായ എന്നോട് ഇതൊക്കെ തുറന്നു പറഞ്ഞുടെയെന്ന് ചേച്ചിയോ കുടുംബമോ എന്നോട് പറഞ്ഞിട്ടില്ല.
നിങ്ങള്‍ വിചാരിക്കും ഇത്രയും നാള്‍ എവിടെയായിരുന്നുവെന്ന് ഇത്രയും നാള്‍ മിണ്ടാതിരുന്നതാണ്. ഇപ്പോള്‍ പാപ്പുവിന്‍റെയും ചേച്ചിയുടെയും വീഡിയോ കണ്ട് വിഷമമായതിനാലാണ് ഇങ്ങനെ വീഡിയോ ചെയ്യുന്നത്. ഈ വീഡിയോ ഇടുന്നത് പോലും അവര്‍ക്ക് അറിയില്ല.
അവര്‍ വീഡിയോയില്‍ പറഞ്ഞതെല്ലാം സത്യമാണ്. അവര്‍ മൂന്ന് സ്ത്രീകളും കുട്ടിയും അടങ്ങുന്ന ചെറിയ കുടുംബമാണ് അവരെ ദ്രോഹിക്കരുത്. ബാലയുടെ കൂടെയുള്ളവര്‍ വലിയ ദ്രോഹമാണ് അവരോട് ചെയ്യുന്നത്.
ഇത് തുടര്‍ന്നാല്‍ വീണ്ടും വീഡിയോകള്‍ ചെയ്യേണ്ടിവരും. സത്യസന്ധമായ കാര്യമാണ് ചേച്ചിയും പാപ്പുവും പറയുന്നത് – ഇര്‍ഷാദ് വീഡിയോയില്‍ പറയുന്നു.
അമൃതയുടെ മകളുടെ ജന്മദിനത്തില്‍ മകള്‍ ചെയ്ത വീഡിയോയാണ് പ്രശ്നങ്ങളിലേക്ക് നയിച്ചത്. തുടര്‍ന്ന് ഇരുഭാഗത്ത് നിന്നും ആരോപണങ്ങളുമായി നിരന്തരം സോഷ്യല്‍ മീഡിയയില്‍ ഇത് വന്‍ വിവാദമായി മാറി.