Kerala

നെയ്യാറ്റിൻകരയിൽ ശമ്പളം ആവിശ്യപെട്ടതിനെ തുടർന്ന് ജീവനക്കാരിയായ പെൺകുട്ടിയെ മുറിയി പൂട്ടിയിട്ട് മർദ്ധിച്ചതായി പരാതി. വീട്ടുപയോഗ സാധനങ്ങൾ വിൽപ്പന നടത്തുന്ന സ്ഥാപനത്തിന്റെ ഉടമയാണ് പെൺകുട്ടിയെ പൂട്ടിയിട്ട് ക്രൂരമായ മർദ്ദനത്തിന് ഇരയാക്കിയത്. നിന്നെയൊക്കെ തല്ലിയാൽ ആരുണ്ടെടി ചോദിക്കാൻ എന്ന് പറഞ്ഞാണ് ഇയാൾ പെൺകുട്ടിയെ ക്രൂര മർദ്ദനത്തിന് ഇരയാക്കിയത്.

നെയ്യാറ്റിൻകര ഇരുമ്പിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിൽ ജോലി ചെയ്ത് വരികയായിരുന്ന വയനാട് സ്വദേശിനിയായ പെൺകുട്ടിയാണ് മർദ്ദനത്തിന് ഇരയായത്. സ്ഥാപനത്തിന്റെ ഉടമയ്‌ക്കെതിരെ പെൺകുട്ടി പോലീസിൽ പരാതി നൽകി. സംഭവത്തിൽ കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചു.

കട്ടപ്പനയിൽ വീട്ടിലെ ജലസംഭരണിയിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. കമ്പംമെട്ട് ചെന്നാക്കുളം സ്വദേശി സുനിലിന്റെ ഭാര്യ സുമിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ശനിയാഴ്ച ഉച്ചയോടെ സുമിയെ കാണാതായിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.

പോലീസ് സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്ത് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ഓട്ടോ ഡ്രൈവർമാരെ യൂട്യൂബർ മർദ്ധിച്ചെന്ന പരാതിക്ക് പിന്നാലെ ഓട്ടോ ഡ്രൈവർമാർ ക്രൂരമായി ആക്രമിച്ചെന്ന പരാതിയുമായി യൂട്യൂബർ രംഗത്ത്. മർദ്ദനമേറ്റ ദൃശ്യങ്ങൾ കൊച്ചി സ്വദേശിയായ യൂട്യൂബർ പുറത്ത് വിട്ടു. മർദ്ദനത്തിൽ കണ്ണിനും മുഖത്തും പരിക്കേറ്റതായി യൂട്യൂബർ പറയുന്നു. നേരത്തെ ആലുവ മെട്രോ സ്റ്റേഷന് താഴെ യുട്യൂബ് അവതരികയേയും ക്യമറാമാനെയും ഓട്ടോ ഡ്രൈവർമാർ കയ്യേറ്റം ചെയ്തിരുന്നു. ഇതിന്റെ തുടർച്ചയായാണ് ആക്രമണമെന്ന് യൂട്യൂബർ പറഞ്ഞു.

അതേസമയം യൂട്യൂബർ മദ്യപിച്ചാണ് ആക്രമണം നടത്തിയതെന്ന് ഓട്ടോ ഡ്രൈവർമാർ ആരോപിച്ചു. എന്നാൽ താൻ മദ്യപിച്ചില്ലെന്നും രണ്ട് ബീയർ മാത്രമാണ് കഴിച്ചതെന്നും യൂട്യൂബർ പറഞ്ഞു. തന്നെ ആക്രമിച്ചത് പ്രത്യേക മതവിഭാഗക്കാരാണെന്നും സുന്നത്തിനെ കുറിച്ച് ജനങ്ങളുടെ അഭിപ്രായം ചോദിച്ചതാണ് ആ മതക്കാരെ പ്രകോപിപ്പിച്ചതെന്നും യൂട്യൂബർ പറയുന്നു.

മലപ്പുറത്ത് നിന്നും ചില പ്രത്യേക മതക്കാർ തന്നെ ഇല്ലാതാക്കുമെന്ന് ഫേസ്‌ബുക്കിലൂടെ മെസേജ് അയച്ചതായും യൂട്യൂബർ ആരോപിച്ചു. അക്രമികൾ ക്യാമറയും മൊബൈൽ ഫോണും തകർത്തതായി യൂട്യൂബർ ആരോപിക്കുന്നു. കണ്ണിനും മുഖത്തും പരിക്കേറ്റ യൂട്യൂബർ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.

 

അബുദാബിയിൽ ബന്ധുവിന്റെ കുത്തേറ്റ് പ്രവാസി മലയാളി കൊല്ലപ്പെട്ടു. മലപ്പുറം ചങ്ങരംകുളം സ്വദേശി യാസിർ (38) ആണ് കൊല്ലപ്പെട്ടത്. ബിസിനസ് സംബന്ധമായ തർക്കത്തിനിടെ യാസിർ ന്റെ ബന്ധുവായ മുഹമ്മദ് ഗസാനി കുത്തികൊലപ്പെടുത്തുകയായിരുന്നു.

യാസിർ അബുദാബിയിൽ നടത്തിയിരുന്ന ഗ്രാഫിക് ഡിസൈൻ സെന്ററിലേക്ക് രണ്ട് മാസം മുൻപാണ് നാട്ടിൽ ജോലിയൊന്നും ഇല്ലാതിരുന്ന ബന്ധുവായ മുഹമ്മദ് ഗസാനിയെ കൊണ്ടുവന്നത്. ഇരുവരും തമ്മിൽ സാമ്പത്തിക കാര്യങ്ങളെ കുറിച്ച് തർക്കം നടന്നതിന് പിന്നാലെയാണ് കൊലപതാകം നടന്നത്. കുത്തേറ്റ യാസിറിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

 

നടനും അവതാരകനുമായ മിഥുൻ രമേശ് ആശുപത്രിയിൽ. മുഖത്തിന് താൽക്കാലികമായി കോടല്‍ ഉണ്ടാക്കുന്ന ബെല്‍സ് പാൾസി എന്ന രോഗം ബാധിച്ചാണ് മിഥുൻ ആശുപത്രിയിൽ ചികിത്സ തേടിയത്. തിരുവനന്തപുരം അനന്തപുരി ആശുപത്രിയില്‍ അഡ്മിറ്റ് ആയ വിവരം മിഥുൻ തന്നെയാണ് സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചത്.

‘‘വിജയകരമായി അങ്ങനെ ആശുപത്രിയില്‍ കയറി. കഴിഞ്ഞകുറച്ചു ദിവസങ്ങളായി യാത്രകള്‍ ആയിരുന്നു. നിങ്ങള്‍ക്ക് ഇപ്പോള്‍ കാണുന്നുണ്ടോ എന്ന് എനിക്ക് അറിയില്ല. എനിക്ക് ബെല്‍സ് പാള്‍സി ചെറുതായി ബാധിച്ചിട്ടുണ്ട്. ജസ്റ്റിന്‍ ബീബറിന് ഒക്കെ വന്ന അസുഖമാണ്. ചിരിക്കുന്ന സമയം മുഖത്തിന്റെ ഒരു സൈഡ് അനക്കാന്‍ ആകില്ല, കണ്ണുകള്‍ താനേ അടഞ്ഞു പോകുന്ന അവസ്ഥ.

ഒരു കണ്ണ് അടയും. മറ്റേ കണ്ണ് വളരെ ഫോഴ്‌സ് ചെയ്‌താൽ മാത്രമാണ് അടയുക. രണ്ടുകണ്ണും ഒരുമിച്ച് അടയ്ക്കാൻ കുറച്ചു പാടുണ്ട്. മുഖത്തിന്റെ ഒരു സൈഡ്‌ പാർഷ്യൽ പാരാലിസിസ് എന്ന രീതിയിൽ എത്തിയിട്ടുണ്ട്. അസുഖം മാറും എന്നാണ് പറഞ്ഞത്. തിരുവനന്തപുരം അനന്തപുരി ആശുപത്രിയിൽ അഡ്മിറ്റ് ആയിട്ടുണ്ട്.’’–’’–മിഥുൻ പറഞ്ഞു.

കോവിഡ് മുക്തി നേടിയവരിൽ ഇപ്പോൾ ഈ രോഗാവസ്ഥ കണ്ടുവരാറുണ്ടെന്ന് ഡോക്ടര്‍മാർ നേരത്തെ വെളിപ്പെടുത്തിയിരുന്നു. ബീന ആന്റണിയുടെ ഭർത്താവ് മനോജിനും മുൻപ് ഈ അസുഖം ബാധിച്ചിരുന്നു.

പ്രസവ ശസ്ത്രക്രിയക്കിടെ യുവതിയുടെ വയറ്റിൽ കുടുങ്ങിയ കത്രിക കോഴിക്കോട് മെഡിക്കൽ കോളേജിലേതല്ലെന്ന ആരോഗ്യവകുപ്പ് അന്വേഷണ റിപ്പോർട്ടിന് എതിരെ കോഴിക്കോട് സ്വദേശി ഹർഷിന. തന്റെ വയറ്റിൽ പിന്നെ ത്രിക എങ്ങനെ എത്തിയെന്നാണ് ഹർഷിന ചോദിക്കുന്നത്. വർഷങ്ങളോളം സമാനതകളില്ലാത്ത വേദനയാണ് ഹർഷിന അനുഭവിച്ചത്. പിന്നീടാണ് വയറ്റിനുള്ളിൽ കത്രിക കുടുങ്ങിയെന്ന് കണ്ടെത്തിയതും പരാതിയുമായി രംഗത്തെത്തിയതും.

എന്നാൽ ഹർഷിനയുടെ വയറ്റിനുള്ളിൽ നിന്നും കണ്ടെടുത്ത കത്രിക മെഡിക്കൽ കോളേജിന്റേതല്ലെന്നാണ് വിദഗ്ധസംഘം റിപ്പോർട്ട് ആരോഗ്യമന്ത്രിക്ക് സമർപ്പിച്ചിരിക്കുന്നത്.

എന്നാൽ, അന്വേഷണം അട്ടിമറിക്കാനാണ് ആരോഗ്യവകുപ്പ് ശ്രമിക്കുന്നതെന്ന് ആരോപിച്ച ഹർഷിന കത്രിക താൻ സ്വയം വിഴുങ്ങിയതാണോയെന്നും ചോദിക്കുന്നു. അതേസമയം, കോഴിക്കോട് മെഡിക്കൽ കോളേജിന് മുൻപിൽ ഹർഷിന നടത്തുന്ന സമരം നാലാംദിനം കഴിഞ്ഞും തുടരുകയാണ്. അഞ്ചുവർഷം താൻ സഹിച്ച വേദനയ്ക്ക് ഉത്തരം കിട്ടുംവരെ പോരാട്ടം തുടരുമെന്നു ഹർഷിന വ്യക്തമാക്കി.

തിരുവനന്തപുരം മെഡിക്കൽ കോളേജിലെയും, തൃശൂർ ജില്ല ആശുപത്രിയിലെയും സർജറി, ഗൈനക്കോളജി ഡോക്ടർമാർ ഉൾപ്പെട്ട സംഘമാണ് ആരോഗ്യവകുപ്പിന് വേണ്ടി അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിച്ചത്.

2017ലാണ് ഹർഷിന കോഴിക്കോട് മെഡിക്കൽ കോളേജിൽ സിസേറിയൻ ശസ്ത്രക്രിയയിലൂടെ കുഞ്ഞിന് ജന്മം നൽകിയത്. അതേസമയം, ആശുപത്രിയിലെ ഇൻസ്ട്രുമെന്റൽ റജിസ്റ്റർ പരിശോധിച്ച് കത്രിക നഷ്ടപ്പെട്ടിട്ടില്ലെന്ന് കണ്ടെത്തിയതായി റിപ്പോർട്ടിൽ പറയുന്നു. 2012ലും 2016ലും സിസേറിയൻ നടത്തിയത് താമരശേരി ആശുപത്രിയിലാണ്, എന്നാൽ അക്കാലത്ത് ഇൻസ്ട്രുമെന്റ് റജിസ്റ്റർ ഇല്ലാത്തതിനാൽ കത്രിക കുടുങ്ങിയത് എവിടെ നിന്നാണെന്ന് കണ്ടെത്താനായിട്ടില്ലെന്നാണ് റിപ്പോർട്ട്.

ആരോഗ്യവകുപ്പിലും നീതി നൽകുമെന്ന് ഫോൺവിളിച്ച് ഉറപ്പ് തന്ന ആരോഗ്യമന്ത്രിയിലും വിശ്വാസം നഷ്ടപ്പെട്ടതായി ഹർഷിന പ്രതികരിച്ചു. പോലീസ് അന്വേഷണത്തിലാണ് ഇനി പ്രതീക്ഷ.

ആലുവയിൽ മദ്യലഹരിയിലെത്തിയ യൂട്യൂബർ ഓട്ടോ ഡ്രൈവർമാരെ മർദിച്ചതായി പരാതി. ഓട്ടോ പാർക്ക് ചെയ്തതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിനൊടുവിലാണ് ആക്രമണമുണ്ടായത്. ഓട്ടോ പാർക്ക് ചെയ്തതിനെ ചോദ്യം ചെയ്ത യൂട്യൂബർ മധ്യവയസ്കനായ ഓട്ടോ ഡ്രൈവറെ ക്രൂരമായി മർദിക്കുകയായിരുന്നു. മർദ്ദനം തടയാൻ ശ്രമിച്ച മറ്റ് ഓട്ടോ ഡ്രൈവർമാരേയും യൂട്യൂബർ മർദിച്ചതായി പരാതിയിൽ പറയുന്നു.

അതേസമയം നേരത്തെ പെൺകുട്ടികളോട് അശ്ലീല ചോദ്യങ്ങൾ ചോദിക്കാനെത്തിയ അതെ യൂട്യൂബർ പ്രതികാര ബുദ്ധിയോടെ എത്തി ബോധപൂർവം പ്രശ്‌നം ഉണ്ടാക്കി മർദിക്കുകയായിരുന്നെന്ന് ഓട്ടോ ഡ്രൈവർമാർ ആരോപിക്കുന്നു. പെൺകുട്ടികളോട് അശ്ലീല ചോദ്യങ്ങൾ ചോദിച്ചെത്തിയ യുട്യൂബ് ചാനൽ അവതാരകയെ ഓട്ടോ ഡ്രൈവർമാർ തടഞ്ഞിരുന്നു.

അഞ്ചോളം ആളുകളുമായാണ് യൂട്യൂബർ എത്തിയതെന്നും പോലീസ് എത്തിയതോടെ മറ്റുള്ളവർ ഓടി രക്ഷപ്പെട്ടെന്നും ഓട്ടോ ഡ്രൈവർമാർ പറയുന്നു. സംഭവത്തിൽ പ്രതിഷേധിച്ച് ആലുവയിൽ ഓട്ടോ ഡ്രൈവർമാർ പ്രതിഷേധ പ്രകടനം നടത്തി.

ഐഡിയ സ്റ്റാർ സിംഗർ സീസൺ ഏഴിൽ മൽസരാർത്ഥിയായി എത്തി പ്രേക്ഷകർക്കിടയിൽ സുപരിചിതയായ താരമാണ് ലക്ഷ്മി ജയൻ. മികച്ച ഗായിക എന്നതിലുപരി വയലിനിസ്റ്റ്, റേഡിയോ ജോക്കി, ടെലിവിഷൻ അവതാരക എന്നീ നിലകളിലും ലക്ഷ്മി അറിയപ്പെടുന്നു. ചെറിയ പ്രായത്തിൽ തന്നെ തന്റെ കരിയർ ജീവിതം ആരംഭിച്ച താരം ഏഷ്യാനെറ്റിലെ ബിഗ് ബോസിൽ മത്സരത്തിയായി എത്തിയപ്പോൾ നടത്തിയ ചില തുറന്നു പറച്ചിലുകളിലൂടെ ശ്രദ്ധ നേടിയിരുന്നു. വ്യത്യസ്തമായ ശബ്ദങ്ങളിലൂടെ ഗാനമാലപിക്കാനുള്ള കഴിവ് ലക്ഷ്മിക്കുണ്ട്. ചെറിയ പ്രായത്തിൽ വിവാഹിതയായ താരത്തിന്റെ വിവാഹ ജീവിതം പരാജയമായിരുന്നു. ഇപ്പോൾ മകനും അമ്മയ്ക്കുമൊപ്പമാണ് താരം കഴിയുന്നത്.

തന്റെ ജീവിതത്തിലേക്ക് ഭർത്താവ് വന്നത് ഒരുപാട് നന്മകൾകൊണ്ടായിരുന്നെന്ന് ലക്ഷ്മി പറയുന്നു. അയാൾ തന്റെ ജീവിതത്തിലേക്ക് വന്നില്ലായിരുന്നെങ്കിൽ ഇന്നു കാണുന്ന താൻ ഉണ്ടാകില്ലായിരുന്നു. താൻ കലാരംഗത് നിൽക്കുന്നത് അയാൾക്ക് ഇഷ്ടമായിരുന്നില്ല. താൻ നല്ലൊരു പാട്ടുകാരിയാണെങ്കിൽ ചിത്രച്ചേച്ചിയെ പോലെ സ്റ്റേജിൽ നല്ല പാട്ടുകൾ പാടി കഴിവ് തെളിയിക്കണം എന്നായിരുന്നു അയാൾ തന്നോട് പറഞ്ഞത്. തന്നെ സപ്പോർട്ട് ചെയ്യാൻ വേണ്ടിയാണ് ഇങ്ങനെയൊക്കെ പറയുന്നത് എന്നാണ് താൻ ആദ്യം കരുതിയിരുന്നത്. അങ്ങനെ താൻ ഭർത്താവിനെ ഇമ്പ്രെസ്സ് ചെയ്യിക്കാൻ വേണ്ടി പാട്ടൊക്കെ പാടി തുടങ്ങി. അങ്ങനെ തനിക്ക് ഒരു റിയാലിറ്റി ഷോയിൽ രണ്ടാം സ്ഥാനം കിട്ടിയെന്ന് ലക്ഷ്മി പറയുന്നു.

അതിനുശേഷമാണ് അയാൾ ആദ്യമായി തനിക്ക് വക്കീൽ നോട്ടീസ് അയക്കുന്നത്. അതിൽ എഴുതിയിരിക്കുന്നത് വെറും അനാവശ്യമായിട്ടുള്ള കാര്യങ്ങളായിരുന്നു. താൻ കുഞ്ഞിനെ കളയാൻ ശ്രമിച്ചു. ഛായ ഇട്ടുകൊടുത്തില്ല അങ്ങനെയുള്ള ചെറിയ കാര്യങ്ങളായിരുന്നു അതിൽ ഉണ്ടായിരുന്നത്. അത് കണ്ടാൽ തോന്നും ചൂരലിൽ രണ്ടെണ്ണം കൊടുക്കാൻ. ആ സമയത്ത് തനിക്ക് ഡിപ്രെഷൻ വന്നുവെന്ന് താരം പറയുന്നു. ഭാഗ്യത്തിന് തനിക്ക് തന്നെ തിരിച്ചറിയാൻ പറ്റിയിരുന്നു. പക്ഷെ ആരോടും മിണ്ടാൻ സാധിച്ചിരുന്നില്ല. ഇതിനിടെ ആ വയലിനെടുത്തു വായിക്കാൻ തന്റെ ചിറ്റ പറഞ്ഞു.

അങ്ങനെ താൻ വയലിൻ വായിച്ചു തുടങ്ങുകയും പ്രോഗ്രാമുകൾ ചെയ്യാനും തുടങ്ങി. പിന്നീട് എല്ലാം നല്ലതായി തുടങ്ങി. തന്റെ ജീവിതത്തിലേക്ക് ആ മനുഷ്യൻ വന്നില്ലായിരുന്നെങ്കിൽ ഇതൊന്നും സംഭവിക്കില്ലായിരുന്നെന്ന് ലക്ഷ്മി പറയുന്നു. ഇപ്പോൾ തനിക്ക് ഒറ്റയ്ക്ക് ജീവിക്കാനും യാത്ര ചെയ്യാനും ഏത് കാര്യവും നേരിടാനും സാധിച്ചു. അതിനാൽ അദ്ദേഹത്തോട് താൻ വളരെയധികം കടപ്പെട്ടിരികുനെന്നു താരം പറയുന്നു.

പനയ്ക്കപ്പാലം പ്ലാശനാൽ റൂട്ടിൽ വാഹനാപകടം. പിക്കപ്പും ബൈക്കും കൂട്ടിയിടിച്ചാണ് അപക‌ടം ഉണ്ടായത്. ബൈക്കിൽ സഞ്ചരിച്ചിരുന്ന ഒരാൾ സംഭവ സ്ഥലത്ത് തന്നെ മരിച്ചു. തലപ്പലം സ്വദേശിയായ അനന്തു(19) ആണ് മരിച്ചത്.ഒരാൾക്ക് ​ഗുരുതരമായി പരിക്കേറ്റു. പനക്കപ്പാലം പ്ലാശനാൽ റൂട്ടിൽ സെൻറ് ജോർജ് തടി മില്ലിന് സമീപമാണ് അപകടമുണ്ടായത്. ഉച്ചയ്ക്ക് 12.15-ഓടെ ആയിരുന്നു അപകടം.

റോഡിലെ വളവിൽ കോഴിത്തീറ്റയുമായി പോവുകയായിരുന്ന പിക്കപ്പ് ലോറിയിലാണ് ബൈക്ക് ഇടിച്ചത്.അപകടത്തിൽപ്പെട്ട യുവാക്കളിൽ ഒരാൾ പൂഞ്ഞാർ മുരിങ്ങപ്പുറം സ്വദേശിയാണ്. മൃതദേഹം മേരിഗിരിയിലെ സ്വകാര്യ ആശുപത്രിയിൽ.

സെലിബ്രിറ്റി ക്രിക്കറ്റ് ലീഗില്‍ നനഞ്ഞ തുടക്കമാണ് കേരള സ്‌ട്രൈക്കേഴ്‌സിന്റെത്. നടന്ന രണ്ട് മത്സരങ്ങളിലും കേരള സ്‌ട്രൈക്കേഴ്‌സ് പരാജയപ്പെട്ടിരുന്നു. ജയ്പൂരിലായിരുന്നു കേരള സ്‌ട്രൈക്കേഴ്‌സിന്റ കഴിഞ്ഞ മത്സരം. മത്സരത്തിന് ശേഷമുള്ള ഒരു വീഡിയോയാണ് ഇപ്പോള്‍ വൈറലായി കൊണ്ടിരിക്കുന്നത്.

കുഞ്ചാക്കോ ബോബനോട് ഓട്ടോഗ്രാഫ് ചോദിക്കുന്ന ആരാധകരുടെ വീഡിയോയാണ് വൈറലാകുന്നത്. മത്സരം ജയ്പൂരിലായത് കൊണ്ടു തന്നെ ‘എന്നെ നിങ്ങള്‍ക്കറിയാമോ’ എന്ന് ചോദിച്ചു കൊണ്ടാണ താരം ഓട്ടോഗ്രാഫ് നല്‍കുന്നത്.

കുറച്ചു ആളുകള്‍ക്ക് ഓട്ടോഗ്രാഫ് നല്‍കിയ ശേഷം ഞങ്ങള്‍ മലയാളികളാണെന്ന് ഒരു കൂട്ടം ആരാധകര്‍ പറയുന്നതും വീഡിയോയില്‍ കേള്‍ക്കാം. രസകരമായ വീഡിയോ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. അതേസമയം, ആദ്യ മത്സരത്തില്‍ സ്റ്റാന്‍ഡിംഗ് ക്യാപ്റ്റനായി ഉണ്ണി മുകുന്ദന്‍ ആണ് എത്തിയത്.

തെലുങ്ക് വാരിയേഴ്‌സിനോടുള്ള മത്സരത്തില്‍ 64 റണ്‍സിന് ആയിരുന്നു കേരള സ്‌ട്രൈക്കേഴ്‌സ് പരാജയപ്പെട്ടത്. രണ്ടാമത്തെ മത്സരത്തില്‍ കുഞ്ചാക്കോ ബോബന്‍ എത്തിയിരുന്നു. എന്നാല്‍ കര്‍ണാടക ബുള്‍ഡോസേഴ്‌സുമായുള്ള മത്സരത്തില്‍ പരാജയം ഏറ്റുവാങ്ങുകയായിരുന്നു.

 

View this post on Instagram

 

A post shared by @sunsets_and_streets

RECENT POSTS
Copyright © . All rights reserved