Kerala

നാട്ടിലേക്ക് തിരിക്കാൻ മണിക്കൂറുകൾ ബാക്കി നിൽക്കെ മലയാളി യുവാവിനെ റിയാദിൽ മരിച്ച നിലയിൽ കണ്ടെത്തി. എറണാകുളം കോതമംഗലം സ്വദേശി അബ്ദുൾ സലിം (22) നെയാണ് ദമാമിലെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. ബാത്റൂമിൽ തൂങ്ങി മരിച്ച നിലയിലാണ് അബ്ദുൽ സലീമിന്റെ മൃതദേഹം കണ്ടെത്തിയത്. മൂന്ന് മാസം മുമ്പാണ് വിസിറ്റിംഗ് വിസയിൽ അബ്ദുൽ സലിം റിയാദിലെത്തിയത്.

അതേസമയം ജോലിക്ക് പോകാൻ വിമുഖത കാണിച്ചിരുന്ന അബ്ദുൾ സലിം മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നതായി സുഹൃത്തുക്കൾ പറയുന്നു. ഇക്കഴിഞ്ഞ വെള്ളിയാഴ്ച വൈകീട്ട് നാട്ടിലേക്ക് മടങ്ങുന്നതിനായി ടിക്കറ്റ് ബുക്ക് ചെയ്യുകയും യാത്രയ്ക്ക് വേണ്ട തയ്യാറെടുപ്പുകൾ നടത്തുകാരും ചെയ്തിരുന്നു. എന്നാൽ എയർപോർട്ടിലേക്ക് പോകാൻ മണിക്കൂറുകൾ ബാക്കി നിൽക്കെയാണ് അബ്ദുൾ സലിം ജീവനൊടുക്കിയത്.

ബാത്‌റൂമിൽ കയറി വാതിലടച്ച അബ്ദുൾ സലീമിനെ ഏറെ നേരം കഴിഞ്ഞിട്ടും കാണാത്തതിനെ തുടർന്ന് സുഹൃത്തുക്കൾ ബാത്ത്റൂമിന്റെ വാതിലിൽ തട്ടി വിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ല തുടർന്ന് പോലീസിൽ വിവരമറിയിക്കുകയായിരുന്നു. പോലീസെത്തി വാതിൽ പൊളിച്ചപ്പോഴാണ് അബ്ദുൾ സലീമിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കൈയ്യിലെ ഞരമ്പ് മുറിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.

മകന്റെ സഹപാഠിയായ പെൺകുട്ടിക്ക് അശ്ലീല സന്ദേശങ്ങൾ അയച്ച പള്ളി വികാരിക്കെതിരെ പോലീസ് കേസെടുത്തു. പ്ലാങ്കോല സിറോ മലങ്കര കത്തോലിക്കാ സഭയുടെ കീഴിലെ ലിറ്റിൽ ഫ്ലവർ ഫെറോന പള്ളി ഇടവക വികാരിയായ ബെനഡിക്ട് ആന്റോ (30) നെതിരെയാണ് കേസെടുത്തത്.

കന്യാകുമാരി സ്വദേശിയായ വിദ്യാർത്ഥിനി നൽകിയ പരാതിയെ തുടർന്നാണ് പോലീസ് വികാരിക്കെതിരെ കേസെടുത്തത്. അതേസമയം കഴിഞ്ഞ ദിവസം ബെനഡിക്ട് ആന്റോയുടെ മറ്റൊരു യുവതിയുമായുള്ള അശ്ളീല ദൃശ്യങ്ങളും ചാറ്റുകളും പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെ ബെനഡിക്ട് ആന്റോ ഒളിവിൽ പോയിരുന്നു.

ഭാര്യയുടെ ശവസംസ്കാര ചടങ്ങിൽ പങ്കെടുക്കാനെത്തിയ ബന്ധുവിന്റെ മകളെ പീഡനത്തിന് ഇരയാക്കിയ കേസിൽ 58 കാരനെ ഏഴ് വർഷം കഠിന തടവിന് ശിക്ഷിച്ച് കോടതി. തൃശൂർ അഞ്ചേരി സ്വദേശി ക്രിസോസ്റ്റം ബഞ്ചമിനെയാണ് കോടതി ശിക്ഷിച്ചത്. ഏഴ് വർഷം തടവിന് പുറമെ അമ്പതിനായിരം രൂപ പിഴയടക്കണമെന്നും കോടതി വിധിയിൽ പറയുന്നു.

2017 നവംബർ 21 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ക്രിസോസ്റ്റം ബെഞ്ചമിന്റെ ഭാര്യ മരണപ്പെട്ടിരുന്നു. തുടർന്ന് ഭാര്യയുടെ ശവസംസ്കാര ചടങ്ങുകൾക്കായി വിദേശത്തായിരുന്ന ബന്ധുക്കൾ നാട്ടിലെത്തി. നാട്ടിലെത്തിയ ബന്ധുക്കൾ പെൺകുട്ടിയെ ക്രിസോസ്റ്റം ബെഞ്ചമിന്റെ അടുത്ത് നിർത്തിയ ശേഷം പുറത്ത് പോകുകയായിരുന്നു. ഈ സമയത്താണ് ഇയാൾ പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കിയത്.

വിദേശത്തേക്ക് തിരിച്ച് പോയ പെൺകുട്ടി പ്രതിയെ ഭയന്നതിനാൽ വിവരം ബന്ധുക്കളെ അറിയിച്ചിരുന്നില്ല. തുടർന്ന് സ്‌കൂളിൽ നടത്തിയ കൗൺസിലിംഗിനിടെ പെൺകുട്ടി സംഭവം വെളിപ്പെടുത്തുകയായിരുന്നു. തുടർന്ന് പെൺകുട്ടിയുടെ മാതാവ് ഓൺലൈൻ വഴി ഒല്ലൂർ പോലീസിൽ പരാതി നൽകുകയായിരുന്നു.

അക്വേറിയം വൃത്തിയാക്കുന്നതിനിടെ ഷോക്കേറ്റ് പതിനൊന്നുകാരൻ മരിച്ചു. ആലപ്പുഴ പാണാവള്ളി സ്വദേശികളായ ശരത്-അമ്പിളി ദമ്പതികളുടെ മകൻ അലനാണ് മരിച്ചത്. ഷോക്കേറ്റ് വീണ അലനെ വീട്ടുകാർ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

വീട്ടിൽ അലങ്കാര മത്സ്യങ്ങളെ വളർത്തിയിരുന്ന അക്വോറിയം വൃത്തിയാക്കുന്നതിനിടെ അക്വോറിയത്തിൽ സ്ഥാപിച്ച ലൈറ്റിന്റെ അനുബന്ധ ഉപകരണങ്ങളിൽ നിന്നും ഷോക്കടിച്ചതായാണ് പ്രാഥമിക നിഗമനം.

കാരെറ്റിൽ ഭാര്യയെ കൊലപ്പെടുത്തിയതിന് ശേഷം ഭർത്താവ് ജീവനൊടുക്കി. പേടിക്കുളം സ്വദേശിയായ രാജേന്ദ്രനാണ് ഭാര്യ ശശികലയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതിന് പിന്നാലെ തൂങ്ങി മരിച്ചത്. കുടുംബ വഴക്കാണ് കൊലപാതകത്തിന് കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സർക്കാർ ഉദ്യോഗസ്ഥനായിരുന്ന രാജേന്ദ്രൻ റിട്ടയർമെന്റിന് ശേഷം വിശ്രമ ജീവിതം നയിക്കുകയായിരുന്നു.

ഭാര്യയെ തലയണ കൊണ്ട് ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയത്. ആദ്യ ഭാര്യ മരിച്ച ശേഷം രാജേന്ദ്രൻ വീണ്ടും വിവാഹം ചെയ്തിരുന്നു. രണ്ടാം ഭാര്യ ശശികലയെയാണ് രാജേന്ദ്രൻ കൊലപ്പെടുത്തിയത്. ഇരുവരും നിരന്തരം വഴക്കിടാറുള്ളതായാണ് വിവരം. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

തൊടുപുഴയിൽ മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി കുഞ്ഞ് മരിച്ചതിൽ മനംനൊന്ത് മൂത്ത മകനേയും എടുത്ത് യുവതി കിണറ്റിൽ ചാടി ജീവനൊടുക്കി. ഇടുക്കി ഉപ്പുതറ സ്വദേശിനി ലിജി (38), മകൻ ലിൻ ടോം (7) എന്നിവരാണ് മരിച്ചത്. കഴിഞ്ഞ ദിവസം ലിജിയുടെ 28 ദിവസം മാത്രം പ്രായമുള്ള കുഞ്ഞ് മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി മരണപ്പെട്ടിരുന്നു. കുഞ്ഞ് മരിച്ചതിനെ തുടർന്ന് കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നു ലിജി.

കഴിഞ്ഞ ദിവസമാണ് കുഞ്ഞിന്റെ സംസ്കാര ചടങ്ങുകൾ നടന്നത്. വ്യാഴാഴ്ച രാവിലെ ബന്ധുക്കൾ പള്ളിയിൽ പോയ സമയത്ത് മൂത്ത മകനെ എടുത്ത് ലിജി കിണറ്റിൽ ചാടുകയായിരുന്നു. പള്ളിയിൽ നിന്നും മടങ്ങിയെത്തിയ ബന്ധുക്കൾ ലിജിയെ വീടിനുള്ളിൽ കാണാത്തതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

തിമിരിയിൽ ദമ്പതികളെ കശുമാവിൻ തോട്ടത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ഓലകണ്ണ് സ്വദേശി സന്തോഷ് (48), ഭാര്യ ദീപ (40) എന്നിവരെയാണ് വീടിന് സമീപത്തുള്ള കശുമാവിൻ തോട്ടത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തൂങ്ങി മരിച്ച നിലയിലാണ് ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

മരിച്ച ദീപയ്ക്കും സന്തോഷിനും വൻ സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നതായും ഇതാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് സൂചന. പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹങ്ങൾ മെഡിക്കൽ കോളേജിലേക്ക് മാറ്റി. ആശുപത്രി നടപടിക്രമങ്ങൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ട് നൽകും.

മലയാളിയായ വിദ്യാർത്ഥിയെ അബുദബിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ചങ്ങനാശേരി തൃക്കൊടിത്താനം സ്വദേശികളായ അനിൽ കുര്യാക്കോസ്-പ്രിൻസി ദമ്പതികളുടെ മകൻ സ്റ്റീവ് ജോൺ കുര്യാക്കോസ് (17) ആണ് മരിച്ചത്.

ഷെയ്ഖ് ശഖ്‌ബൂത്ത് മെഡിക്കൽ സിറ്റിയിൽ നേഴ്‌സായി ജോലി ചെയ്യുന്ന അമ്മ പ്രിൻസിക്കൊപ്പം ഭക്ഷണം കഴിച്ചതിന് ശേഷം കിടന്നുറങ്ങിയ സ്റ്റീവിനെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് എന്തോ വീഴുന്ന ശബ്ദം കേട്ട് ഓടിയെത്തിയ പ്രിൻസി മകനെ വീണ് കിടക്കുന്ന നിലയിൽ കണ്ടെത്തുകയായിരുന്നു.

ഉടൻ തന്നെ സ്റ്റീവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മേപ്പാടിയിൽ കാട്ടു പന്നി കുറുകെ ചാടിയതിനെ തുടർന്ന് ഓട്ടോ മറിഞ്ഞുണ്ടായ അപകടത്തിൽ നാലരവയസുകാരന് ദാരുണാന്ത്യം. ഓടത്തോട് സ്വദേശികളായ സുധീർ-സുബൈറ ദമ്പതികളുടെ മകൻ മുഹമ്മദ് യാമിൻ ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി എട്ട് മണിയോടെ നെടുങ്കരണയിൽ വെച്ചാണ് അപകടം നടന്നത്.

സുബൈറയും മകനും കടച്ചിക്കുന്നിലെ സ്വന്തം വീട്ടിൽ നിന്നും ഭർതൃ വീട്ടിലേക്ക് ഓട്ടോയിൽ വരുന്നതിനിടയിലാണ് അപകടം നടന്നത്. ഓട്ടോ നെടുങ്കരണയിൽ എത്തിയപ്പോൾ സമീപത്തെ തേയില തോട്ടത്തിൽ നിന്നും കാട്ടുപന്നി ഓട്ടോയ്ക്ക് കുറുകെ ചാടുകയായിരുന്നു. തുടർന്ന് ഓട്ടോ നിയന്ത്രണം വിട്ട് മറിഞ്ഞു.

അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ മുഹമ്മദ് യാമിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തിൽ അമ്മ സുബൈറയ്ക്കും സഹോദരൻ മുഹമ്മദ് ആമീനും പരിക്കേറ്റു . ഇവർ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.

 

കെട്ടിടത്തിന്റെ ബലക്ഷയം ചൂണ്ടിക്കാട്ടി താല്‍ക്കാലികമായി പ്രവര്‍ത്തനം നിര്‍ത്തിവച്ച കോട്ടയം പാസ്‌പോര്‍ട്ട് സേവാ കേന്ദ്രം മറ്റൊരു കെട്ടിടത്തില്‍ ഉടന്‍ പ്രവര്‍ത്തനമാരംഭിക്കാന്‍ നിര്‍ദ്ദേശം നല്‍കിയതായി തോമസ് ചാഴികാടന്‍ എംപിയെ വിദേശകാര്യ മന്ത്രി ഡോ.എസ്. ജയശങ്കര്‍ അറിയിച്ചു.

പാര്‍ലമെന്റില്‍ റൂള്‍ 377 പ്രകാരം തോമസ് ചാഴികാടന്‍ എംപി ഇക്കാര്യം ചൂണ്ടിക്കാട്ടി സബ്മിഷന്‍ അവതരിപ്പിച്ചിരുന്നു. ഇതിനു ശേഷം അദ്ദേഹം മന്ത്രിയെ നേരില്‍ കണ്ടപ്പോഴാണ് ഇക്കാര്യം അറിയിച്ചത്. ചീഫ് പാസ്‌പോര്‍ട്ട് ഓഫീസര്‍ ഓഫ് ഇന്ത്യ ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കുന്നുണ്ടെന്നും മന്ത്രി അറിയിച്ചു. വിദേശകാര്യ സഹമന്ത്രി വി.മുരളീധരനെയും ഇക്കാര്യം ആവശ്യപ്പെട്ട് എംപി സന്ദര്‍ശിച്ചിരുന്നു.

കോട്ടയത്ത് നിലവില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരുന്ന കെട്ടിടത്തിന്റെ ബലക്ഷയം സംബന്ധിച്ച റിപ്പോര്‍ട്ട് വന്നതിന്റെ അടിസ്ഥാനത്തിലാണ് അപേക്ഷകരോട് താല്‍കാലികമായി മറ്റ് മൂന്ന് കേന്ദ്രങ്ങളെ സമീപിക്കാന്‍ നിര്‍ദ്ദേശിച്ചതെന്നും മന്ത്രി അറിയിച്ചു.

Copyright © . All rights reserved