കുറിച്ചി പഞ്ചായത്തിലെ ഐസ്ക്രീം ഫാക്ടറി അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ അനിശ്ചിതകാല രാപകൽ ഉപരോധം തുടങ്ങി. നാലാം വാർഡിൽ എണ്ണക്കാച്ചിറ പ്രദേശത്തുള്ള ഫാക്ടറി അശാസ്ത്രീയമായി മാലിന്യം തള്ളി ഒട്ടേറെ കിണറുകൾ ഉപയോഗ ശൂന്യമാക്കിയെന്നാണ് നാട്ടുകാരുടെ ആരോപണം. മലിനീകരണ നിയന്ത്രണ ബോർഡിന്റെ വിലക്ക് ലംഘിച്ചാണ് 18 ദിവസമായി ഐസ്ക്രീം ഫാക്ടറി പ്രവർത്തിക്കുന്നതെന്നും നാട്ടുകാർ ആരോപിക്കുന്നു.

പ്രദേശത്തെ ഒട്ടേറെ കിണറുകൾ മലിനമാക്കുന്ന ഫാക്ടറിയുടെ അനുമതി റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ജനങ്ങൾ ജില്ലാ കളക്ടർ ഉൾപ്പെടെ അധികാരികൾക്ക് ഒട്ടേറെ പരാതികൾ നൽകി. പഞ്ചായത്ത് ഓഫീസ് മാർച്ച് ഉൾപ്പെടെയുള്ള സമരപരിപാടിളും നടത്തിയിരുന്നു. ഒന്നിന്നും നടപടി ഉണ്ടാകാത്ത സാഹചര്യത്തിൽ ആണ് സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നാട്ടുകാർ അനിശ്ചിതകാല സമരവുമായി കമ്പിനിക്ക് മുൻപിൽ സമരം തുടങ്ങിയത്.

കമ്പനി പരിസരത്തെ ഇരുപതോളം കുടുംബങ്ങൾക്ക് ആണ് പ്രധാനമായും ഈ ബുദ്ധിമുട്ടുകൾ നേരിടുന്നത്. കുട്ടികളും ക്യാൻസർ രോഗികളും പ്രായമായവരും ഉൾപ്പെടെ ഈ കുടുംബങ്ങളിലെ നിരവധി പേരാണ് കമ്പനിയിൽ നിന്നും അശാസ്ത്രീയമായി തള്ളുന്ന മാലിന്യം കിണറുകളിലേക്കു എത്തി അമോണിയം ഉൾപ്പെടെ കലർന്ന ഉപയോഗ്യശൂന്യമായ ജലം വർഷങ്ങളായി കുടിവെള്ളമായി ഉപയോഗിക്കുന്നത്.ഇതിനെതിരെ അധികാരികൾ കണ്ണ് തുറക്കുംവരെ സമരവുമായി മുന്നോട്ടുപോകാനാണ് ജനകീയ സമര സമിതിയുടെ തീരുമാനം.

ബിജോ തോമസ് അടവിച്ചിറ