കെട്ടിടവാടക നല്‍കാന്‍ മറന്നു പോയതിനെ തുടര്‍ന്ന് വിവാഹത്തിനായി നാട്ടിലേക്ക് തിരിച്ച പ്രവാസി മലയാളി യുവാവിന്റെ യാത്രമുടങ്ങി, നിശ്ചയിച്ചിരുന്ന കല്ല്യാണം തീരുമാനിച്ചിരുന്ന ദിവസം നടന്നില്ല.
കോഴിക്കോട് ഫറോക്ക് സ്വദേശി അരുണ്‍കുമാറിനാണ് വാടകയുടെ പേരില്‍ സ്വന്തം വിവാഹദിവസം നാട്ടിലെത്താന്‍ കഴിയാതിരുന്നത്. നിശ്ചയിച്ച ദിവസം നാട്ടിലെത്താന്‍ കഴിയാതിരുന്നതോടെ വിവാഹ തീയതി മറ്റൊരു ദിവസത്തേക്ക് മാറ്റി.
ഈ മാസം 16നാണ് അരുണ്‍കുമാറിന്റെ വിവാഹം നിശ്ചയിച്ചിരുന്നത്. ഇതിനായി നാട്ടിലേക്ക് തിരിക്കുന്നതിന് 12ന് ടിക്കറ്റെടുത്ത് അരുണ്‍കുമാര്‍ വിമാനത്താവളത്തിലെത്തി. മറ്റു നടപടികള്‍ പൂര്‍ത്തിയാക്കി ലഗേജ് വിട്ടു. എന്നാല്‍, എമിഗ്രേഷന്‍ വിഭാഗത്തിലെത്തിയതോടെയാണ് യാത്രാവിലക്കുണ്ടെന്ന് അറിയിച്ചത്.
കൊവിഡ് സമയത്ത് എട്ടുമാസം അരുണ്‍കുമാര്‍ നാട്ടിലായിരുന്നു. ഈ സമയം കെട്ടിടവാടക നല്‍കിയിരുന്നില്ല. പ്രശ്‌നങ്ങള്‍ അവസാനിച്ച് വീണ്ടും കുവൈറ്റില്‍ എത്തിയെങ്കിലും ആരും അത് അന്വേഷിക്കുകയോ ചോദിക്കുകയോ ഉണ്ടായില്ല. ഇതോടെ അത് ഒഴിവാക്കി എന്നായിരുന്നു അരുണ്‍കുമാറിന്റെ ധാരണ.
എന്നാല്‍, വിമാനത്താവളത്തിലെത്തിയതോടെ കാര്യങ്ങള്‍ കൈവിട്ടുപോയി. 1031 ദീനാറാണ് വാടകയായി അടക്കാനുണ്ടായിരുന്നത്. കോടതിയില്‍ സംഖ്യ കെട്ടിവെക്കാന്‍ വിമാനത്താവളത്തില്‍ നിന്ന് അറിയിച്ചതോടെ അരുണ്‍കുമാറിന് മടങ്ങേണ്ടിവന്നു. തുടര്‍ന്ന് വിഷയത്തില്‍, ലോയര്‍ ഓഫിസില്‍ ജോലിചെയ്യുന്ന കെകെഎംഎ കേന്ദ്ര മതകാര്യവകുപ്പ് വൈസ് പ്രസിഡന്റ് അബ്ദുല്‍ കലാം മൗലവി ഇടപെടുകയായിരുന്നു.
വെള്ളി, ശനി ദിവസങ്ങളില്‍ അവധിയായതിനാല്‍ തുക അടക്കാനായില്ല. ഞായറാഴ്ച തുക കെട്ടിവെക്കുകയും യാത്രാവിലക്ക് നീങ്ങുകയും ചെയ്തു. തിങ്കളാഴ്ച എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ അരുണ്‍കുമാര്‍ നാട്ടിലേക്ക് തിരിക്കും. തിങ്കളാഴ്ച നടക്കാതെപോയ വിവാഹം ബുധനാഴ്ച നടക്കും. വര്‍ഷങ്ങളായി കുവൈറ്റിലുള്ള അരുണ്‍കുമാര്‍ ബോട്ടികാത്ത് കമ്പനി ജീവനക്കാരനാണ്.
തെങ്ങു ചെത്താൻ കയറിയ യുവാവിനെ യന്ത്രവാൾ ഉപയോഗിച്ച് തെങ്ങിന്റെ കട മുറിച്ചു കൊലപ്പെടുത്താൻ ശ്രമം. കള്ളു ചോദിച്ചതിനെ ചൊല്ലിയുണ്ടായ വാക്കുതർക്കത്തെ തുടർന്നായിരുന്നു പ്രതികാരം. തെങ്ങുചെത്തു തൊഴിലാളിയായ വെള്ളിക്കുളങ്ങര കൈലാൻ ജയനെയാണ് (43) വെള്ളിക്കുളങ്ങര മങ്കൊമ്പിൽ ബിസ്മ (45) അപായപ്പെടുത്താൻ ശ്രമിച്ചത്.
കള്ളു ചോദിച്ചതുമായി ബന്ധപ്പെട്ട് ഇന്നലെ രാവിലെ ഇവർ തമ്മിൽ തർക്കമുണ്ടായിരുന്നു. വൈകിട്ട് പോത്തഞ്ചിറ എന്ന സ്ഥലത്തു ജയൻ തെങ്ങു ചെത്താൻ കയറിയപ്പോൾ ബിസ്മ യന്ത്രവാൾ ഉപയോഗിച്ച് തെങ്ങിന്റെ അടിഭാഗം മുറിക്കുകയായിരുന്നെന്നു പൊലീസ് പറഞ്ഞു. ജയൻ തെങ്ങിന്റെ പകുതി വരെ ഇറങ്ങിയ ശേഷം താഴേക്കു ചാടി രക്ഷപ്പെട്ടു. അപ്പോഴേക്കും തെങ്ങു പൂർണമായും മുറിച്ചിട്ടിരുന്നു. വീഴ്ചയിൽ കാലിന്റെ എല്ലു പൊട്ടിയ ജയനെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബിസ്മയെ വെള്ളിക്കുളങ്ങര പൊലീസ് കസ്റ്റഡിയിലെടുത്തു.
തോമസ് ചാക്കോ
ആലപ്പുഴ : കുട്ടനാട്ടിലെ എ സി റോഡിലെ മാമ്പുഴക്കരി എസ് എൻ ഡി പി ഹാളിൽ ആം ആദ്മി പാർട്ടി സംഘടിപ്പിച്ച ” കുട്ടനാടിനായി ഞാനും ” എന്ന ഏകദിന സെമിനാറിന്റെയും പരിശീലന ക്യാമ്പിന്റെയും വലിയ വിജയം കുട്ടനാട്ടിൽ ആം ആദ്മി പാർട്ടിക്ക് സ്വീകാര്യതയേറുന്നതിന് തെളിവായി മാറുന്നു. ജനപങ്കാളിത്തം കൊണ്ടും, നടത്തിപ്പിലെ വ്യത്യസ്തകൊണ്ടും കൈയ്യടി നേടിയ ഈ നേതൃത്വ പരിശീലന ക്യാമ്പിന്റെ വലിയ വിജയം ആം ആദ്മി പാർട്ടി ആലപ്പുഴ ജില്ലാ കൺവീനർ ശ്രീ. രമേശൻ പാണ്ടിശ്ശേരിയുടെ നേത്യത്വത്തിലുള്ള കമ്മിറ്റിയുടെയും , ശ്രീ സ്കറിയ മാത്യുവിന്റെ നേത്യത്വത്തിലുള്ള കുട്ടനാട് നിയോജകമണ്ഡലം കമ്മിറ്റിയുടെയും ഐക്യത്തോടെയുള്ള പ്രവർത്തനത്തിന് ലഭിച്ച അംഗീകാരമാണെന്ന് നിസംശയം പറയാം.
പതിവ് രാഷ്ട്രീയ കൺവെൻഷനുകളിലെ വാചക കസർത്തുകളിൽ നിന്ന് വ്യത്യസ്തമായി കുട്ടനാടൻ ജനതയുടെ ജീവിത പ്രശ്നങ്ങളെ ആഴത്തിൽ പഠിച്ചുകൊണ്ട് അവയ്ക്ക് എങ്ങനെ ശരിയായ പരിഹാരം കാണാൻ കഴിയും , അതോടൊപ്പം കുട്ടനാട്ടിലും , കേരളത്തിലും ആം ആദ്മി പാർട്ടിയുടെ വളർച്ചയെ വേഗത്തിലാക്കി എങ്ങനെ വിജയം നേടാൻ കഴിയുമെന്നതായിരുന്നു ഈ സെമിനാറിലെ പ്രധാന ചർച്ചാ വിഷയങ്ങൾ. ആധികാരികമായ ഡേറ്റകളെ ഉപയോഗപ്പെടുത്തി രാവിലെ 10 മണി മുതൽ വൈകിട്ട് 6 മണിവരെ 8 മണിക്കൂർ നടന്ന ഈ പരിശീലന ക്യാമ്പിൽ പങ്കെടുത്ത ജനകൂട്ടം പ്രകടിപ്പിച്ച ആത്മാർത്ഥതയും, ആവേശവും കുട്ടനാട്ടിൽ ആം ആദ്മി പാർട്ടിക്കുള്ള വലിയ സാധ്യതയെയാണ് ചൂണ്ടി കാട്ടുന്നത് . പതിവ് രാഷ്ട്രീയ കൺവെൻഷനുകളിൽ നിന്ന് വ്യത്യസ്തമായി ഇന്നിന്റെ എല്ലാ നവീന സാങ്കേതിക വിദ്യകളെയും ഉപയോഗപ്പെടുത്തി സംഘടിപ്പിക്കപ്പെട്ട ഈ പരിശീലന രീതി കേരളത്തിലെ ആം ആദ്മി പാർട്ടിയുടെ വിജയ മോഡലാക്കി മാറ്റണമെന്ന് ആം ആദ്മി പാർട്ടിയുടെ സംസ്ഥാന കമ്മിറ്റി നേതാക്കൾ അഭിപ്രായപ്പെട്ടു.
കുട്ടനാട് മണ്ഡലം കൺവീനർ ശ്രീ. സ്‌കറിയ മാത്യു അധ്യക്ഷത വഹിച്ച ചടങ്ങിൽ ആം ആദ്മി പാർട്ടി സംസ്ഥാന സെക്രട്ടറി ശ്രീ. പദ്മനാഭൻ ഭാസ്കരൻ ക്യാമ്പിന്റെ ഉത്‌ഘാടനം നിർവ്വഹിക്കുകയും , സംസ്ഥാന അഡീഷണൽ സെക്രട്ടറി ശ്രീ എം എസ് വേണുഗോപാൽ കുട്ടനാടിന്റെ സമഗ്ര വികസനത്തിന് ഉതകുന്ന പ്രോജക്റ്റ് അവതരിപ്പിക്കുകയും , സംസ്ഥാന വക്താവായ അഡ്വ വിനോദ് മാത്യു വിൽസൻ കുട്ടനാട്ടിലും കേരളത്തിലും ആം ആദ്മി പാർട്ടിക്ക് ഉള്ള സാധ്യതയെപ്പറ്റി മുഖ്യ പ്രഭാഷണം നടത്തുകയും ചെയ്തു. കുട്ടനാട് മണ്ഡലം സെക്രട്ടറി ശ്രീ. ആന്റണി എം വി ഉദ്ഘാടന സമ്മേളനത്തിൽ ഏവരെയും സ്വാഗതം ചെയ്യുകയും , ജില്ല സെക്രട്ടറി ശ്രീ. ഷിനു ജോർജ്ജ് സമാപന സമ്മേളനം സ്വാഗതം ചെയ്യുകയും , ജില്ല ട്രഷറർ ശ്രീ. ജോർജ്ജ് വള്ളപ്പുര കൃതജ്ഞത അറിയിക്കുകയും ചെയ്തു. സംസ്ഥാന ട്രെയിനിംഗ് ഡിവിഷൻ കൺവീനർ ജോർജ്ജ് ജോസഫ് പകലോമറ്റം , ഷൈജുമോൻ ചാക്കോയും , സജി കെ സി തുടങ്ങിയവർ സെമിനാർ അവലോകനവും നടത്തി. അപ്രതീക്ഷിതമായി ഉണ്ടായ വ്യക്തിപരമായ യാത്ര കാരണം പങ്കെടുക്കാൻ കഴിയാതെ വന്ന സംസ്ഥാന കൺവീനർ പി സി സിറിയക് അദ്ദേഹത്തിന്റെ ആശംസ ശബ്ദരേഖയായി പ്രവർത്തകർക്ക് നല്കിയിരുന്നു.
ആലപ്പുഴ ജില്ല അഡീഷണൽ കൺവീനർ ശ്രീ. നവീൻജി , സൗത്ത് സോൺ Z-PoC ശ്രീ. ജീജോ ജേക്കബ്, സംസ്ഥാന OBT അംഗം ശ്രീ. ശരൺദേവ് , സംസ്ഥാന രാഷ്ട്രീയകാര്യ സമിതി അംഗം ശ്രീ. ഷാജഹാൻ, സോഷ്യൽ മീഡിയ കോഡിനേറ്റർ ശ്രീ. സുജിത്ത് സുകുമാരൻ എന്നിവർ വ്യത്യസ്ത വിഷയങ്ങളെ പറ്റിയുള്ള ക്ലാസ്സുകൾക്ക് നേതൃത്വം നൽകി. ആലപ്പുഴ ജില്ല ജോയിന്റ് കൺവീനർ ഡോ. സോമൻ , ജില്ല ജോയിന്റ് സെക്രട്ടറി ത്രിവിക്രമൻ പിള്ള , കിസാൻ ആം ആദ്മി കൺവീനർ ശ്രീ. മാർട്ടിൻ തോമസ് , സ്വതന്ത്ര മത്സ്യ തൊഴിലാളി ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് ശ്രീ ജാക്സൺ പൊള്ളയിൽ , സംസ്ഥാന വനിതാ വിംഗ് അംഗങ്ങളായ ഡോ. സെലിൻ ഫിലിപ്പ്, ഡോ. സബിനാ എബ്രഹാം, മറ്റ് മണ്ഡലം കൺവീനർമാർ എന്നിവർ ക്യാമ്പിന്റെ വിജയത്തിനായി ഒത്തൊരുമയോടെ പ്രവർത്തിച്ചു.
സംഘാടക മികവുകൊണ്ടും , പരിശീലന രീതിയിലെ വ്യത്യസ്ഥതകൊണ്ടും അംഗീകാരം നേടിയ ഈ നവീന പരിശീലന ക്യാമ്പ് ആലപ്പുഴ ജില്ലയിലെ എല്ലാ മണ്ഡലങ്ങളിലും നടത്തുവാനുള്ള ശ്രമത്തിലാണ് ജില്ലാ ആം ആദ്മി പാർട്ടി നേതൃത്യം. ഇതേ പരിശീലന മോഡൽ ക്യാമ്പ് തങ്ങളുടെ മണ്ഡലങ്ങളിലും നടത്തി തരണമെന്ന് ആവശ്യപ്പെട്ട് മറ്റ് പല ജില്ലകളിൽ നിന്നുള്ള നേതാക്കളും , സംസ്ഥാനം മുഴുവനിലും വ്യാപിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന നേതാക്കളും ആലപ്പുഴ ജില്ലാ നേതൃത്വത്തെ ഇതിനോടകം സമീപിച്ചു കഴിഞ്ഞു.
യുവനിര നേതാക്കളായ ഷിനു ജോർജ്ജും, നവീൻ ജിയും , ആന്റണി എം വിയും , ജിജോയും , ശരൺദേവും , ഷാജഹാനും , സുജിത് സുകുമാരനും ആലപ്പുഴ ജില്ലാ കൺവീനർ ശ്രീ. രമേശൻ പാണ്ടിശ്ശേരിയുടെയും , കുട്ടനാട് മണ്ഡലം കൺവീനർ ശ്രീ. സ്‌കറിയ മാത്യുവിന്റെയും നേതൃത്വത്തിലുള്ള മുതിർന്ന നേതാക്കൾക്കൊപ്പം ഒരേ മനസ്സോടെ കൈകോർത്തപ്പോൾ മനോഹരമായ ഒരു പരിശീലന മാതൃകയയ്ക്കാണ് കുട്ടനാട്ടിലെ മാമ്പുഴക്കരിയിൽ ഇന്നലെ തിരി തെളിഞ്ഞിരിക്കുന്നത്. നേതാക്കളുടെ ഐക്യത്തോടെയുള്ള പ്രവർത്തനം ഉണ്ടായാൽ എത്ര വലിയ പരിപാടികളും സംഘടിപ്പിക്കാൻ കഴിയുമെന്നും, അതിലൂടെ കുട്ടനാട്ടിൽ വിജയം അനായാസം സാധ്യമാക്കാൻ കഴിയുമെന്നുമാണ് ” കുട്ടനാടിനായി ഞാനും ” എന്ന സെമിനാറിന്റെ വിജയം നൽകുന്ന ഏറ്റവും വലിയ പാഠമെന്ന് പ്രവർത്തകർ അഭിപ്രായപ്പെട്ടു. ഇതുപോലെയുള്ള പരിശീലന ക്യാമ്പ് കേരളം മുഴുവനിലും സംഘടിപ്പിച്ചാൽ ആം ആദ്മി പാർട്ടിയിലെ സംഘടന പോരായ്‌മകൾ ഇല്ലാതാക്കാമെന്നും അതിലൂടെ പാർട്ടിയെ വേഗത്തിൽ ശക്തിപ്പെടുത്താമെന്നും ഭൂരിഭാഗം പ്രവർത്തകരും വിലയിരുത്തി.
കുട്ടനാട് മണ്ഡലം കമ്മിറ്റിയും , ജില്ലാ ട്രഷറർ ശ്രീ. ജോർജ്ജ് വള്ളപ്പുരയും ഒന്നിച്ച് നിന്ന് ക്യാമ്പിന്റെ ചിലവുകൾക്കുള്ള പണം കണ്ടെത്തി ക്യാമ്പിൽ പങ്കെടുത്തവർക്ക് രുചികരമായ ഭക്ഷണവും , യാത്ര സൗകര്യങ്ങളും ഉൾപ്പെടെ ഒരുക്കിയപ്പോൾ സാഹോദര്യത്തിന്റെയും , ഒത്തുരുമയുടെയും , പങ്കുവയ്ക്കലിന്റെയും ഒരു കൂടിചേരലിന് കൂടിയാണ് ഇന്നലെ മാമ്പുഴക്കരി സാക്ഷ്യം വഹിച്ചത്. കുട്ടനാട്ടിലെ സെമിനാറിൽ ആം ആദ്മി പാർട്ടിക്ക് ലഭിച്ച വൻ സ്വീകാര്യത മറ്റ് മണ്ഡലങ്ങളിലും ഉണ്ടാക്കിയെടുത്ത് ജില്ലയിൽ വിജയം നേടുവാനുള്ള പ്രവർത്തനങ്ങൾക്ക് ആലപ്പുഴ ജില്ല കമ്മിറ്റി ഇതിനോടകം തുടക്കം കുറിച്ചു കഴിഞ്ഞു.
യുവതിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ആളെ തിരിച്ചറിഞ്ഞു. പുല്ലാളൂർ സ്വദേശിനി സെലീന (43) ന്റെ മൃതദേഹേമാണ് തലയാട് സെന്റ് ജോർജ് പള്ളിക്ക് സമീപമുള്ള റബർ തോട്ടത്തിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്.
ഇന്നലെ രാത്രിയാണ് പ്രദേശ വാസികൾ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയത്. എന്നാൽ ആളെ തിരിച്ചറിഞ്ഞിരുന്നില്ല. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പുല്ലാളൂർ സ്വദേശിനിയായ സെലീനയുടെ മൃതദേഹമാണെന്ന് തിരിച്ചറിഞ്ഞത്. സെലിന്റെ മകൻ സ്ഥലത്തെത്തിയാണ് മൃതദേഹം തിരിച്ചറിഞ്ഞത്.
മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി ആത്മഹത്യ ചെയ്തതാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
രജനികാന്തിനെ വച്ച് ഒരു സിനിമ സംവിധാനം ചെയ്യാനിരുന്നതായി മമ്മൂട്ടി. ‘നന്‍പകല്‍ നേരത്ത് മയക്കം’ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി നടന്ന പ്രസ് മീറ്റിലാണ് താരം സംസാരിച്ചത്. ‘ദളപതി’ എന്ന സിനിമയില്‍ അഭിനയിച്ചതിന് ശേഷം തനിക്ക് സംവിധായകന്‍ ആകാന്‍ ആഗ്രഹം തോന്നിയതിനെ കുറിച്ചാണ് മമ്മൂട്ടി പറഞ്ഞത്.
‘ലോഹിതദാസ് ‘ഭൂതക്കണ്ണാടി’ എന്ന സിനിമ എഴുതിയ മമ്മൂക്കയ്ക്ക് സംവിധാനം ചെയ്യാന്‍ വേണ്ടി ആയിരുന്നില്ലേ’ എന്ന ചോദ്യത്തോടാണ് താരം പ്രതികരിച്ചത്. അത് തനിക്ക് വേണ്ടിയല്ല ലോഹിതദാസിന് സംവിധാനം ചെയ്യാന്‍ വേണ്ടി തന്നെ എഴുതിയതാണ് എന്ന് പറഞ്ഞ ശേഷമാണ് തന്റെ സംവിധാന മോഹത്തെ കുറിച്ച് താരം പറഞ്ഞത്.
”രജനികാന്തിനെ വച്ചൊരു പടം ചെയ്യണമെന്ന് ഉണ്ടായിരുന്നു. അത് നടന്നില്ല. അത് പഴയ കഥ. അന്ന് ഞാന്‍ രജനികാന്തിന്റെ കൂടെ ആ സിനിമയില്‍ അഭിനയച്ചതോടെ വലിയ സൗഹൃദമായി. അങ്ങനെയങ്ങ് തോന്നിയതാണ് ആ കാലത്ത്” എന്നാണ് മമ്മൂട്ടി പറയുന്നത്.
അതേസമയം, ജനുവരി 19ന് ആണ് ‘നന്‍പകല്‍ നേരത്ത് മയക്കം’ സിനിമ റിലീസിന് ഒരുങ്ങുന്നത്. ലിജോ ജോസ് പെല്ലിശേരി-മമ്മൂട്ടി കോംമ്പോയില്‍ എത്തുന്ന സിനിമ ഐഎഫ്എഫ്‌കെയില്‍ പ്രദര്‍ശിച്ചപ്പോള്‍ ഗംഭീര പ്രതികരണം നേടിയിരുന്നു. അതിനാല്‍ തന്നെ ഏറെ പ്രതീക്ഷയോടെയാണ് സിനിമയ്ക്കായി പ്രേക്ഷകര്‍ കാത്തിരിക്കുന്നത്.
നേപ്പാളിലെ പൊഖ്റായിലുണ്ടായ വിമാനാപകടത്തില്‍ മരിച്ച യാത്രക്കാരില്‍ കേരളത്തില്‍ നിന്ന് മടങ്ങിപോയ നേപ്പാള്‍ സ്വദേശികളും. പത്തനംതിട്ട ആനിക്കാട്ടെ ശവസംസ്കാര ചടങ്ങിൽ പങ്കെടുത്തു മടങ്ങുന്നതിനിടെയായിരുന്നു ഇവര്‍ അപകടത്തില്‍പ്പെട്ടത്. നേപ്പാള്‍ സ്വദേശികളായ രാജു ടക്കൂരി, റബിൻ ഹമാൽ, അനിൽ ഷാഹി എന്നിരാണ് മരിച്ചത്.
കഴിഞ്ഞ 45 വര്‍ഷത്തോളം നേപ്പാളിൽ സുവിശേഷകനായിരുന്ന ആനിക്കാട് നൂറോൻമാവ് സ്വാദേശി മാത്യു ഫിലിപ്പിൻ്റെ ശവ സംസ്കാര ചടങ്ങില്‍ പങ്കെടുക്കാന്‍ വെള്ളിയാഴ്ചയാണ് അഞ്ച് പേരടങ്ങുന്ന സംഘം കേരളത്തിലെത്തിയത്. ഇതില്‍ ദീപക്ക് തമാംഗ്, സരൺ ഷായി എന്നിവര്‍ കാഠ്മണ്ഡു വിമാനത്താവളത്തില്‍ ഇറങ്ങിയതിനാല്‍ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടു.
കാഠ്മണ്ഡുവില്‍ നിന്ന് പൊഖാറയിലേക്ക് പുറപ്പെട്ട വിമാനം ഞായറാഴ്ച രാവിലെയാണ് അപകടത്തില്‍പ്പെട്ടത്. പൊഖാറ വിമാനത്താവളത്തില്‍ ഇറങ്ങുന്നതിനിടെ പഴയ വിമാനത്താവളത്തിനും പുതിയ വിമാനത്താവളത്തിനും ഇടയിലുള്ള സേതി നദിയുടെ തീരത്താണ് യെതി എയര്‍ലൈന്‍സിന്‍റെ വിമാനം തകര്‍ന്നുവീണത്. അഞ്ച് ഇന്ത്യക്കാരടക്കം 68 യാത്രികരും, രണ്ടു പൈലറ്റുമാരും രണ്ട് എയര്‍ഹോസ്റ്റസും ഉള്‍പ്പടെ 72 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇതില്‍ 68 പേരുടെ മൃതദേഹം കണ്ടെത്തി.
ആത്മവിശ്വാസം കൈവിടാതെ അര്‍ബുദത്തോട് പൊരുതി ജയിച്ച് ജീവിതത്തിലേക്ക് തിരികെയെത്തിയ ആളാണ് നടി മംമ്ത മോഹന്‍ദാസ്. പഴയ ജീവിതം വീണ്ടെടുക്കുന്നതിനിടെ ഇപ്പോള്‍ വീണ്ടും മറ്റൊരു രോഗത്തെ നേരിടുകയാണ് താനെന്ന് അറിയിച്ചിരിക്കുകയാണ് മംമ്ത.
ഇന്‍സ്റ്റഗ്രമില്‍ പങ്കുവച്ച പുതിയ പോസ്റ്റിലാണ് ഇക്കാര്യം തുറന്നുപറഞ്ഞത്. ഓട്ടോ ഇമ്യൂണല്‍ ഡിസീസ് എന്ന രോഗാവസ്ഥയിലാണ് താനെന്ന് മംമ്ത പറയുന്നു. ശരീരത്തിന്റെ രോഗപ്രതിരോധ സംവിധാനത്തെ ബാധിക്കുന്ന രോഗാവസ്ഥയാണ് മംമ്തയുടേത്.
രോഗപ്രതിരോധ സംവിധാനത്തിന്റെ അമിതവും വികലവുമായ പ്രതികരണമാണ് ഓട്ടോ ഇമ്യൂണ്‍ ഡിസോര്‍ഡേഴ്സ് എന്ന പേരില്‍ അറിയപ്പെടുന്ന ഒരു വിഭാഗം അസുഖങ്ങള്‍. പ്രതിരോധ സംവിധാനത്തിന് നമ്മുടെ സ്വന്തം കോശങ്ങളെ തിരിച്ചറിയാന്‍ കഴിയാത്ത അവസ്ഥ വരും.
സൂര്യനോട് സംസാരിക്കും പോലെയാണ് താനെന്നാണ് മംമ്ത പങ്കുവച്ച ചിത്രത്തിന്റെ അടിക്കുറിപ്പ്. ‘പ്രിയപ്പെട്ട സൂര്യന്‍, മുമ്പെങ്ങുമില്ലാത്ത വിധം ഞാന്‍ ഇപ്പോള്‍ നിന്നെ സ്വീകരിക്കുന്നു. എനിക്ക് നിറം നഷ്ടപ്പെടുന്നു എന്ന് കണ്ടെത്തിയിരിക്കുന്നു. മൂടല്‍മഞ്ഞിലൂടെ നിന്റെ ആദ്യ കിരണങ്ങള്‍ മിന്നിമറയുന്നത് കാണാന്‍ നിന്നേക്കാള്‍ നേരത്തെ എല്ലാ ദിവസവും ഞാന്‍ എഴുന്നേല്‍ക്കും. നിനക്കുള്ളതെല്ലാം തരൂ.. നിന്റെ അനുഗ്രഹത്താല്‍ ഇന്നുമുതല്‍ എന്നും ഞാന്‍ കടപ്പെട്ടവളായിരിക്കും’ എന്ന് മംമ്ത പറയുന്നു.
മംമ്തയുടെ പോസ്റ്റിന് താഴെ നിരവധി പേരാണ് കമന്റ് ചെയ്തിരിക്കുന്നത്. ആത്മവിശ്വാസത്തോടെ എല്ലാ പ്രതിസന്ധികളേയും നേരിടണം എന്നാണ് ആരാധകര്‍ കമന്റുകളില്‍ കുറിക്കുന്നത്.
കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയത്തില്‍ നടക്കുന്ന ഇന്ത്യ ശ്രീലങ്ക ഏകദിനത്തിന്റെ ടിക്കറ്റ് വില്‍പ്പന കുറഞ്ഞുവെന്ന് സമ്മതിച്ച് കേരള ക്രിക്കറ്റ് അസോസിയേഷന്‍. 40000 സീറ്റുകള്‍ ഉള്ള സ്‌റ്റേഡിയത്തിലെ ആറായിരത്തിലധികം ടിക്കറ്റുകള്‍ മാത്രമാണ് ഇതുവരെ വിറ്റത്. ഗാലറി നിറയ്ക്കാന്‍ ജനങ്ങളെ വെളിയില്‍ നിന്നു കൊണ്ടു വരേണ്ട അവസ്ഥയിലാണ് കെസിഎ.
ഇതുപോലൊരു മത്സരം ഉണ്ടായിട്ടുണ്ടോ എന്നത് സംശയമെന്ന് കെസിഎ പ്രസിഡന്റ് ജയേഷ് ജോര്‍ജ് പറഞ്ഞു. സംഘാടകര്‍ എന്ന നിലയില്‍ വിഷമം ഉണ്ട്. കാണികള്‍ കുറവാണെന്നുളള്ള ആശങ്ക ബിസിസിഐയും അറിയിച്ചിട്ടുണ്ടെന്ന് അദേഹം വ്യക്തമാക്കി. കാണികള്‍ കുറയുന്നത് ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിന്റെ ഭാവിയെ ബാധിക്കുമെന്ന് ആശങ്കയുള്ളതായും കെസിഎ പ്രസിഡന്റ് വ്യക്തമാക്കി.
കാര്യവട്ടത്ത് കളി കാണാന്‍ ബി സി സി ഐ നിശ്ചയിച്ചിരിക്കുന്ന ടിക്കറ്റ് നിരക്ക് അപ്പര്‍ ടയറിന് 1000 രൂപയും ലോവര്‍ ടയറിന് 2000 രൂപയുമാണ്. 18 ശതമാനം ജി എസ് ടിയും കോര്‍പ്പറേഷന്റെ 12 ശതമാനം വിനോദ നികുതിയും ബുക്കിംഗ് ചാര്‍ജും കൂടിയാകുമ്പോള്‍ കുറഞ്ഞ ടിക്കറ്റ് നിരക്ക് 1445 രൂപയായും ലോവര്‍ ടയര്‍ നിരക്ക് 2860 രൂപയായും ഉയരും. കഴിഞ്ഞ തവണത്തെ അഞ്ച് ശതമാനം വിനോദ നികുതി 12 ശതമാനമായി ഉയര്‍ത്തിയതിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. എന്നാല്‍, പട്ടിണി കിടക്കുന്നവര്‍ കളികാണാന്‍ വരേണ്ടെന്നാണ് കായിക മന്ത്രി വി അബ്ദുറഹിമാന്‍ ഇതിനു മറുപടി നല്‍കിയത്. ഇതിനെതിരെ രൂക്ഷമായ വിമര്‍ശനമാണ് ഉയര്‍ന്നത്.
പണം ഉള്ളവര്‍ മാത്രം കളി കണ്ടാല്‍ മതിയോ എന്നും മറ്റ് പല സംസ്ഥാനങ്ങളിലെ കാര്യവുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇത്രയധികം തുക ഈടാക്കുന്നത് ശരിയല്ലെന്നും ചിലര്‍ പറഞ്ഞിരുന്നു. വലിയ ആരാധക പിന്തുണ പ്രതീക്ഷിച്ച അവസ്ഥയില്‍ നിന്ന് സ്റ്റേഡിയത്തിന്റെ പകുതി നിറയാന്‍ പോലും ആള്‍ എത്തില്ല അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തിയിരിക്കുന്നു. ജനപങ്കാളിത്തം കുറഞ്ഞാല്‍ കേരളത്തില്‍ ലോകകപ്പ് മത്സരം നടക്കാനുള്ള സാധ്യതയും കുറയും.
നാല് ദിവസം മുൻപ് കാണാതായ യുവതിയെ ഫ്ലാറ്റിലെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. തൃപ്പയാർ നാട്ടിക സ്വദേശിനിയും അഭിഭാഷകയുമായ ശോഭന (42) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇക്കഴിഞ്ഞ ചൊവ്വാഴ്ച മുതൽ ശോഭനയെ കാണാതാവുകയായിരുന്നു.
വിവാഹമോചിതയായ ശോഭന ആമ്പക്കാടുള്ള തങ്കം റസിഡൻസ് ഫ്ലാറ്റിൽ താമസിച്ച് വരികയായിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച വൈകിട്ട് സുഖമില്ലെന്ന് പറഞ്ഞ് താമസ സ്ഥലത്തേക്ക് മടങ്ങിയ ശോഭനയെ കുറിച്ച് പിന്നീട് വിവരങ്ങൾ ഒന്നുമില്ലായിരുന്നു. സഹപ്രവർത്തകർ ശോഭനയെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫോൺ എടുത്തിരുന്നില്ല. തുടർന്ന് സംശയം തോന്നിയ സഹപ്രവർത്തകർ നേരിട്ട് ഫ്ലാറ്റിലെത്തി അന്വേഷിച്ചപ്പോഴാണ് ഫ്ലാറ്റിലെ ശുചിമുറിയിൽ ശോഭനയുടെ മൃതദേഹം അഴുകിയ നിലയിൽ കണ്ടെത്തിയത്.
സംഭവത്തിൽ പേരാമംഗലം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചതിന് ശേഷം മാത്രമേ മരണകാരണം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമാകു എന്ന് പോലീസ് അറിയിച്ചു.
ചങ്ങനാശ്ശേരിയിൽ ബസും ബൈക്കും കൂട്ടിയിടിച്ച് ബികോം വിദ്യാർത്ഥിയായ യുവാവ് മരിച്ചു. ചെത്തിപ്പുഴ ക്രിസ്തു ജ്യോതി ജൂനിയർ കോളജിൽ അവസാന വർഷ ബികോം വിദ്യാർത്ഥിയായ അഭിജിത്ത് എം കുമാറാണ് (22) മരിച്ചത്. ചങ്ങനാശേരി തെങ്ങണ കരിക്കണ്ടം റോഡിൽ പുന്നക്കുന്നം ഭാഗത്ത് ഇന്നലെ രാവിലെ 10.45 ഓടെയാണ് അപകടമുണ്ടായത്.
തെങ്ങണായിൽ ഫ്രൂട്ട് സ്റ്റാൾ നടത്തുകയാണ് അഭിജിത്തിന്റെ അച്ഛൻ എം ആർ അജികുമാർ. തെങ്ങണായിൽ നിന്ന് തിരികെ വീട്ടിലേക്ക് മടങ്ങവെ വീടിന് സമീപത്തുവെച്ചാണ് അഭിജിത് സഞ്ചരിച്ച ബൈക്കും സ്വകാര്യ ബസും കൂട്ടിയിടിച്ചത്. ഇന്നലെ രാവിലെ 10.45 ഓടെയാണ് അപകടമുണ്ടായത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ അഭിജിത്തിനെ ഉടൻ ചെത്തിപ്പുഴയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. സംസ്‌കാരം ഇന്ന് 4മണിക്ക് വീട്ടുവളപ്പിൽ. മാതാവ് : പരേതയായ ബിന്ദു.