Kerala

പേരൂര്‍ക്കട മാനസികാരോഗ്യകേന്ദ്രത്തില്‍ ചികിത്സയിലായിരുന്ന ആയിക്കുന്നം വലിയവീട്ടില്‍ കിഴക്കതില്‍ സ്മിതാകുമാരി മരിച്ചത് ക്രൂരമായ മര്‍ദനമേറ്റതിനാലാണെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട്. പോസ്റ്റ്‌മോര്‍ട്ടം നടത്തിയ പോലിസ് സര്‍ജന്‍ ഡോ. എം.എം.സീമയുടെ റിപ്പോര്‍ട്ടിലാണ് കൊടിയ മര്‍ദനമേറ്റതിന്റെ വിവരമുള്ളത്.

കഴിഞ്ഞ നവംബര്‍ 26ന് വൈകീട്ടാണ് ഇവരെ പേരൂര്‍ക്കട മാനസികാരോഗ്യകേന്ദ്രത്തില്‍ പ്രവേശിപ്പിച്ചത്. ശ്വാസതടസ്സത്തെ തുടര്‍ന്ന് സ്മിതയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്ന് 29ന് വൈകീട്ട് ആറോടെ ഭര്‍ത്താവ് ഉണ്ണിക്കൃഷ്ണപിള്ളയെ അറിയിച്ചു. അദ്ദേഹം ബന്ധുക്കളുമായി ആശുപത്രിയിലെത്തിയെങ്കിലും സ്മിതയെ കാണാന്‍ അനുവദിച്ചില്ല. മരിച്ചശേഷമാണ് അവിടെ എത്തിച്ചതെന്ന് അന്വേഷണത്തില്‍ തെളിഞ്ഞു. തുടര്‍ന്ന് ബന്ധുക്കള്‍ മെഡിക്കല്‍ കോളേജ് പോലിസില്‍ പരാതി നല്‍കി. 30ന് പോസ്റ്റ്‌മോര്‍ട്ടം നടത്തി. സംഭവത്തെപ്പറ്റി വിശദമായ അന്വേഷണം നടത്തുമെന്ന് പോലിസ് അറിയിച്ചു.

പേരൂര്‍ക്കട പോലിസില്‍ ഫൊറന്‍സിക് വിഭാഗം നല്‍കിയ റിപോര്‍ട്ടിലാണ് മര്‍ദ്ദനത്തിന്റെ ഞെട്ടിക്കുന്ന വിവരമുള്ളത്. അടിയേറ്റ് തലയോട്ടി തകര്‍ന്നു. തലയുടെ മധ്യഭാഗത്തുകൂടി മൂക്കിന്റെ ഭാഗംവരെ ഏഴ് സെന്റിമീറ്ററോളം നീളത്തിലും ആഴത്തിലും മുറിവുണ്ട്. തലച്ചോറ് അടിയേറ്റു തകര്‍ന്നു. രക്തക്കുഴലുകള്‍ പൊട്ടി.

ഇതാണ് പ്രധാന മരണകാരണമായി പറയുന്നത്. കൈകാലുകളുടെ മുട്ടുകള്‍ അടിച്ചൊടിച്ചു. ഏഴിഞ്ചുമുതല്‍ ആഴത്തിലുള്ള മുറിവുകള്‍ കക്ഷങ്ങളിലും കൈത്തണ്ടകളിലുമുണ്ട്. ശരീരത്തിന്റെ പിന്‍ഭാഗത്ത് അഞ്ച് സെന്റിമീറ്റര്‍ ആഴത്തില്‍ മുറിവുണ്ട്. ആന്തരികമായും മാരകമായി ക്ഷതമേറ്റു. മൂക്കിന്റെ പാലവും തകര്‍ത്തു. ക്രൂരമായ മര്‍ദനമേറ്റാണ് സ്മിത മരിച്ചതെന്ന നിഗമനത്തിലാണ് പോലിസും.

പ്രായപൂർത്തിയാകാത്ത പെൺമക്കളെ മർദിച്ച കേസിലെ പ്രതിയായ നാൽപ്പത്തിയഞ്ചുകാരനെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. വാളാട് കണ്ണിമൂല കുടിയിരിക്കൽ ആന്റണി ആണ് ജീവനൊടുക്കിയത്. ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ വീടിനുള്ളിൽ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.

പിതാവ് മദ്യലഹരിയിൽ തങ്ങളെ മർദിച്ചെന്ന് കാണിച്ച് ആന്റണിയുടെ പത്തും പതിമൂന്നും വയസുള്ള മക്കൾ നേരത്തെ പൊലീസിൽ പരാതി നൽകിയിരുന്നു. ശനിയാഴ്ചയാണ് തലപ്പുഴ പൊലീസ് കേസെടുത്തത്. പ്രതിയോട് തിങ്കളാഴ്ച രാവിലെ പൊലീസ് സ്റ്റേഷനിൽ ഹാജരാകണമെന്ന് ഉദ്യോഗസ്ഥർ നിർദേശിച്ചിരുന്നെങ്കിലും ഇയാൾ എത്തിയിരുന്നില്ല.

തുടർന്ന് പൊലീസുകാർ നടത്തിയ പരിശോധനയിലാണ് വീട്ടിൽ തുങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ജോലിക്കായി ആന്റണിയുടെ ഭാര്യ മൂന്ന് മാസം മുമ്പ് വിദേശത്തേക്ക് പോയിരുന്നു.

ജനനേന്ദ്രിയത്തില്‍ മോതിരം കുടുങ്ങി പതിനഞ്ചുകാരന്‍ ഗുരുതരാവസ്ഥയിലായി. ഫറോക്ക് സ്വദേശിയായ പത്താം ക്ലാസുകാരന്റെ ജനനേന്ദ്രിയത്തിലാണ് സ്റ്റീല്‍ മോതിരം കുടുങ്ങിയത്. അഗ്‌നിരക്ഷാസേനയുടെ സമയോചിതമായ ഇടപെടലാണ് കുട്ടിയുടെ ജീവന്‍ രക്ഷിച്ചത്.

ഇന്നലെ രാവിലെയാണ് കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളേജിലെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്. മോതിരം കുടുങ്ങി ജനനേന്ദ്രിയം വീര്‍ത്ത അവസ്ഥയിലായിരുന്നു. തുടര്‍ന്ന് ഡോക്ടര്‍മാര്‍ വെള്ളിമാടുകുന്ന് സ്റ്റേഷനിലെ അഗ്‌നിരക്ഷാസേനയെ വിവരമറിയിച്ചു. ഡോക്ടര്‍മാരുടെ കൂടി സഹായത്തോടെ പ്രത്യേക ഫ്‌ലക്‌സിബിള്‍ ഷാഫ്റ്റ് ഗ്രൈഡര്‍ ഉപയോഗിച്ച് അഗ്‌നിരക്ഷാ സേന മോതിരം മുറിച്ചെടുക്കുകയായിരുന്നു.

ശനിയാഴ്ച യൂട്യൂബില്‍ വീഡിയോകള്‍ കണ്ടാണ് മോതിരം ജനനേന്ദ്രിയത്തിലിട്ടതെന്ന് പതിനഞ്ചുകാരന്‍ പറഞ്ഞു. ഊരിയെടുക്കാന്‍ സാധിക്കാതായതോടെ വിവരം കുടുംബത്തെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ബന്ധുക്കള്‍ ആശുപത്രിയിലെത്തിച്ചു.

പേനിന്റെ കടിയേറ്റ് മുപ്പത് പേര്‍ ചികിത്സയില്‍. നെടുങ്കണ്ടത്താണ് സംഭവം. ഹാര്‍ഡ് ടിക് ഇനത്തില്‍ പെട്ട പേനുകളാണ് കടിച്ചത്. നെടുങ്കണ്ടം പഞ്ചായത്തിലെ പൊന്നാമല മേഖലയിലാണ് പേനിന്റെ ആക്രമണം രൂക്ഷമായിരിക്കുന്നത്.

കുരങ്ങുകളിലും കാട്ടുപന്നികളിലും കാണപ്പെടുന്ന പേനുകളാണിവ. വനമേഖലയോട് ചേര്‍ന്ന കുരുമുളക് തോട്ടങ്ങളില്‍ പണിയെടുക്കുന്നുവര്‍ക്കും കുട്ടികള്‍ക്കുമാണ് ഈ പേനിന്റെ കടിയേറ്റത്. കടിയേറ്റ പലര്‍ക്കും ശരീരമാസകലം മുറിവുണ്ടായിട്ടുണ്ട്.

ഈ പേനിന്റെ കടിയേറ്റ ഭാഗം ചുവന്ന തടിക്കുകയും ഒരാഴ്ചയോളം അസഹ്യമായ ചൊറിച്ചില്‍ അനുഭവപ്പെടുകയും ചെയ്യുമെന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു. കാലാവസ്ഥാ വ്യതിയാനവും വനാതിര്‍ത്തിയോട് ചേര്‍ന്ന പുല്‍മേടുകളിലെ ഭൂപ്രകൃതിയുമാവാം പേനുകള്‍ പെരുകാന്‍ ഇടയാക്കിയത്.

അതേസമയം, പേന്‍ കടിയേറ്റവരുടെ വിവരങ്ങളും ആരോഗ്യ സ്ഥിതിയും ശേഖരിച്ച് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. പനിയോ മറ്റ് അസ്വസ്ഥതയോ അനുഭവപ്പെടുന്ന പ്രദേശവാസികള്‍ ചികിത്സ തേടണമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.

കേന്ദ്രമന്ത്രിയും കേരളത്തിലെ മുതിര്‍ന്ന ബിജെപി നേതാവുമായ വി. മുരളീധരനെ പരിഹസിച്ച് സംഘ്പരിവാര്‍ സഹയാത്രികന്‍ ടി.ജി മോഹന്‍ദാസ്. രാജ്യസഭയില്‍ പ്രധാനമന്ത്രി പ്രസംഗിക്കാനെത്തുമ്പോഴെല്ലാം ക്യാമറയില്‍ വരുന്ന തരത്തില്‍ സ്ഥിരമായി മുരളീധരന്‍ കയറിപ്പറ്റുന്നുവെന്നാണ് ടിജി വിമര്‍ശനം ഉന്നയിച്ചത്. ഇത്തരം പെരുമാറ്റം ആരും മനസിലാക്കുന്നില്ലെന്ന് കരുതരുതെന്നും മോഹന്‍ദാസ് ട്വിറ്ററില്‍ കുറിച്ചു.

”പ്രധാനമന്ത്രി രാജ്യസഭയില്‍ പ്രസംഗിക്കാന്‍ വരുമ്പോഴൊക്കെ നമ്മുടെ വി. മുരളീധരന്‍ യാദൃച്ഛികമെന്നവണ്ണം പിറകില്‍, സൈഡിലായി വിഡിയോയില്‍ വരത്തക്കവിധം ഇരിക്കും!. കാമറ ഏത് ആംഗിളില്‍ വച്ചാലും മുരളി അതില്‍ വരും. കൊള്ളാം! നല്ല സാമര്‍ത്ഥ്യം. പക്ഷേ, ഇത്തരം പെരുമാറ്റം ആരും മനസ്സിലാക്കുന്നില്ലെന്ന് കരുതരുത് കെട്ടോ” എന്നാണ് ട്വിറ്ററില്‍ ടിജി കുറിച്ചത്.

ട്വീറ്റിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി റീ ട്വീറ്റുകളാണ് ഉണ്ടായിട്ടുള്ളത്. മുരളീധരന്‍ പാര്‍ലമെന്ററികാര്യ മന്ത്രിയാണെന്നും ഇത് മനസിലാക്കാതെ തരംതാഴരുതെന്നും ചിലര്‍ വിമര്‍ശനം ഉന്നയിച്ചിട്ടുണ്ട്. എന്നാല്‍, ടിജി പറഞ്ഞത് സത്യമാണെന്നും കേരളത്തില്‍ ബിജെപിയുടെ അവസ്ഥയാണ് അദേഹം പറഞ്ഞതെന്നും ചിലര്‍ കുറിക്കുന്നു. രാജ്യസഭയില്‍ തോന്നും പടി ഒരോ അംഗത്തിനും ഇരിക്കാനാവില്ലെനും ഒരോരുത്തര്‍ക്കും സീറ്റുകള്‍ നല്‍കിയിട്ടുണ്ടെന്നും അവിടെ മാത്രമെ ഇരിക്കാന്‍ സാധിക്കുവെന്നും ചിലര്‍ ടിജിയെ ഓര്‍മ്മപ്പെടുത്തുന്നു.

പാര്‍ലമെന്ററി കാര്യസഹമന്ത്രിയാണ് മുരളീധരന്‍. പണ്ട് വാജ്‌പേയ് പ്രധാനമന്ത്രിയായിരിക്കുമ്പോള്‍ എല്ലാ വീഡിയോകളിലും ചിത്രങ്ങളിലും പിറകില്‍ പ്രമോദ് മഹാജന്‍ ഉണ്ടായിരുന്നു. കേരളത്തില്‍ അനേക ദശാബ്ദങ്ങള്‍ നീണ്ടുനിന്ന വോട്ട് വില്പന അവസാനിപ്പിച്ചയാളാണ് മുരളീധരനെന്നും ചിലര്‍ മറുപടി നല്‍കിയിട്ടുണ്ട്. കേരള ബി.ജെ.പിയുടെ ബൗദ്ധിക വിഭാഗം മുന്‍ തലവന്‍ കൂടിയാണ് ടിജി മോഹന്‍ദാസ്.

ഗൃഹനാഥനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മരുമകളും സുഹൃത്തും അറസ്റ്റിൽ. നൂറനാട് പുലിമേൽ‌ തുണ്ടത്തിൽ വീട്ടിൽ രാജുവിനെയാണ് കൊലപ്പെടുത്താൻ ശ്രമിച്ചത്. സംഭവത്തിൽ ശ്രീലക്ഷ്മി(24) സുഹൃത്ത് പുതുപ്പള്ളി കുന്നുമുറിയിൽ പാറപ്പുറത്ത് ബിപിൻ‌(29)ആണ് അറസ്റ്റിലായത്.

കഴിഞ്ഞമാസമാണ് കേസിനാസ്പദമായ സംഭവനടന്നത്. ബൈക്കിൽ വീട്ടിലേക്കു വരുവാരുന്ന രാജുവിനെ വീടിന് സമീപം കാത്തുനിന്ന ഹെൽമറ്റ് ധരിച്ച അജ്ഞാതൻ‌ കമ്പിവടി കൊണ്ട് അടിച്ചു കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ബിപിനാണ് ആക്രമിച്ചതെന്ന് പൊലീസ് കണ്ടെത്തിയത്.

സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം നടത്തിയെങ്കിലും അക്രമി ബൈക്കിൽ രക്ഷപ്പെടുന്ന ദൃശ്യങ്ങള്‌ ലഭിച്ചെങ്കിലും വ്യക്തമായ രൂപം ലഭിച്ചിരുന്നില്ല. ആക്രമണം നടന്ന ദിവസം രാവിലെ കുട്ടിയെ വേണ്ടരീതിയില്‍ പരിചരിക്കാത്തതുമായി ബന്ധപ്പെട്ട് ശ്രീലക്ഷ്മിയുമായി രാജു തർക്കമുണ്ടായിരുന്നു.

തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ ശ്രീലക്ഷ്മിയാണ് ആക്രമണം ആസൂത്രണം ചെയ്തതെന്ന് കണ്ടെത്തിയത്. രാജുവുമായി വഴക്കുണ്ടായ വിവരം ശ്രീലക്ഷ്മി ബിപിനെ അറിയിച്ചിരുന്നു. തുടർന്നായിരുന്നു രാജുവിനെ കൊലപ്പെടുത്താൻ ആക്രമണം നടത്തിയത്. അടിക്കാൻ ഉപയോഗിച്ച കമ്പിവടിയും പ്രതിയുടെ സ്കൂട്ടറും പൊലീസ് കണ്ടെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

കളിക്കുന്നതിനിടെ ഒമ്പതാം നിലയിൽനിന്ന് താഴെ വീണു മലയാളി പെൺകുട്ടി മരിച്ചു. കോഴിക്കോട് നാദാപുരം കുമ്മങ്കോട് മഠത്തില്‍ ജുനൈദ്- അസ്മ ദമ്പതികളുടെ മകളായ യാറ മറിയം (നാല്) ആണ് മരിച്ചത്. ഖിസൈസിലെ അല്‍വാസല്‍ കെട്ടിടത്തിന്റെ ഒൻപതാം നിലയില്‍ നിന്ന് സഹോദരിയുമായി കളിക്കുന്നതിനിടെയാണ് കുട്ടി വീണത്.

ഇന്നലെ രാത്രി 11 മണിയോടെയാണ് അപകടമുണ്ടായത്. തൽക്ഷണം മരണം സംഭവിച്ചു. പാതി തുറന്നിട്ട ജനൽ വാതിലിലൂടെയാണ് കുട്ടി താഴേക്ക് വീണത്.കുട്ടിയുടെ മൃതദേഹം ഖിസൈസിലെ ആശുപത്രിയിലേക്ക് മാറ്റി. നടപടിക്രമങ്ങൾ പൂർത്തിയാക്കിയശേഷം കുട്ടിയുടെ മൃതദേഹം ദുബായിൽ തന്നെ ഖബറടക്കുമെന്ന് സാമൂഹികപ്രവർത്തകൻ നസീർ വാടാനപ്പള്ളി പറഞ്ഞു.

 

സ്വത്തു തര്‍ക്കത്തെ തുടര്‍ന്ന് പ്രശസ്ത ടെലിവിഷന്‍ നടി വീണാ കപൂറിനെ (74) മകന്‍ ബാറ്റുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയതായി റിപ്പോര്‍ട്ട്. സംഭവത്തില്‍ മകന്‍ സച്ചിന്‍ കപൂറിനെയും വീട്ടുജോലിക്കാരന്‍ ലാലു കുമാര്‍ മണ്ഡലിനെയും പോലീസ് അറസ്റ്റു ചെയ്തു.

മുംബൈയിലെ ജുഹുവിലാണ് സംഭവം. വീണയെ ബെയ്‌സ്‌ബോള്‍ ബാറ്റുകൊണ്ട് തുടരെ തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. കൊലപാതകത്തിനു ശേഷം വീട്ടുജോലിക്കാരന്റെ സഹായത്തോടെ മൃതദേഹം നദിയില്‍ വലിച്ചെറിഞ്ഞെന്ന് പോലീസ് അറിയിച്ചു.

90 കിലോമീറ്റര്‍ അകലെയുള്ള കാട്ടിലെ നദിയിലാണ് മൃതദേഹം ഒഴുക്കിയത്. വീണയും സച്ചിനും തമ്മില്‍ ഏറെക്കാലമായി സ്വത്തുതര്‍ക്കമുണ്ട്. ഡിസംബര്‍ ആറിന് വീണ താമസിച്ചിരുന്ന കല്‍പടരു സെസൈറ്റിയിലെ സുരക്ഷ ജീവനക്കാരാണ് ഇവരെ കാണാനില്ലെന്ന വിവരം പോലീസിനെ അറിയിച്ചത്.

തുടര്‍ന്ന് മകനെ ചോദ്യം ചെയ്തതിലൂടെ ഇയാള്‍ കുറ്റസമ്മതം നടത്തുകയായിരുന്നു. 12 കോടിയുടെ വസ്തുവകകളുമായി ബന്ധപ്പെട്ട് അമ്മയുമായി തര്‍ക്കത്തില്‍ ഏര്‍പ്പെട്ടെന്നും ഇതിന്റെ ദേഷ്യത്തില്‍ അമ്മയെ തലയ്ക്കടിച്ചു കൊലപ്പെടുത്തി മൃതദേഹം പുഴയിലെറിഞ്ഞെന്നുമാണ് സച്ചിന്‍ പോലീസിനോടു പറഞ്ഞത്.

കോഴിക്കോട് നിന്നും ദുബായിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാനത്തിൽ പാമ്പ്. ദുബായിൽ എത്തിയ വിമാനത്തിന്റെ കാർഗോ ഹോൾഡിലാണ് പാമ്പിനെ കണ്ടെത്തിയത്. ദുബായിൽ എത്തിയ എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിന്റെ കാർഗോ ഹോൾഡിലാണ് പാമ്പിനെ കണ്ടത്. സംഭവത്തിൽ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ അന്വേഷണം നടത്തുന്നുണ്ട്.

ദുബായ് എയർപോർട്ടിൽ ലാൻഡ് ചെയ്യുന്നതിനിടയിലാണ് കാർഗോ ഹോൾഡിൽ പാമ്പിനെ കണ്ടതെന്നാണ് അധികൃതർ അറിയിച്ചത്. സുരക്ഷിതമായി പുറത്തിറക്കിയ യാത്രക്കാരെ പിന്നീട് ഹോട്ടലിലേക്ക് മാറ്റി.

കോഴിക്കോട് നിന്ന് പുറപ്പെട്ട B737-800 വിമാനത്തിലാണ് പാമ്പിനെ കണ്ടത്. സംഭവത്തിൽ അന്വേഷണം നടത്തി വീഴ്ച്ച കണ്ടെത്തിയാൽ നടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.

 

നടന്‍ ഉണ്ണി മുകുന്ദനെതിരെ വീണ്ടും ആരോപണവുമായി നടന്‍ ബാല രംഗത്ത്. വാര്‍ത്ത സമ്മേളനത്തില്‍ ഉണ്ണിമുകുന്ദന്‍ പറഞ്ഞതെല്ലാം പച്ചക്കള്ളമാണ്. സീരിയല്‍ താരത്തേക്കാള്‍ കുറഞ്ഞ തുക പ്രതിഫലം കൊടുത്തു എന്നു പറയുന്നത് ഉണ്ണിമുകുന്ദന് തന്നെ നാണക്കേടാണെന്നും ബാല പറയുന്നു.

ഷെഫീക്കിന്റെ സന്തോഷം എന്ന സിനിമയുമായി ബന്ധപ്പെട്ട് സ്ത്രീകള്‍ക്ക് ഒഴികെ മറ്റാര്‍ക്കും പ്രതിഫലം ലഭിച്ചില്ലെന്ന ബാലയുടെ ആരോപണത്തിനു മറുപടിയുമായി ഉണ്ണി മുകുന്ദന്‍ തന്നെ രംഗത്ത് വന്നിരുന്നു. എല്ലാവര്‍ക്കും പ്രതിഫലം നല്‍കിയെന്നും ബാലയ്ക്ക് പ്രതിദിനം പതിനായിരം രൂപ നിരക്കിലാണ് കൊടുത്തതെന്നുമായിരുന്നു മറുപടി. ഇതിലായിരുന്നൂ ബാലയുടെ പ്രതികരണം.

എന്നാല്‍ എഗ്രിമെന്റ് ഇല്ലാതെ സിനിമയില്‍ അഭിനയിച്ചത് വിശ്വാസത്തിന്റെ പേരിലാണെന്ന് ബാല പറഞ്ഞു. ഡബ്ബിങ്ങിനു മിമിക്രി ആര്‍ട്ടിസ്റ്റിനേ ഉപയോഗിച്ചുവെന്നതും കള്ളമാണന്ന് ബാല പ്രതികരിച്ചു.

മാത്രമല്ല സിനിമാ നിര്‍മാതാവ് അജയ് കൃഷ്ണന്‍ ആത്മഹത്യ ചെയ്തതിന് ഉണ്ണി മുകുന്ദനും കാരണക്കാരനാണെന്ന ഗുരുതര ആരോപണവും ബാല ഉന്നയിച്ചു. പ്രതിഫലവുമായി ബന്ധപ്പെട്ട് പരസ്യമായി രംഗത്ത് വരാനുള്ള കാരണവും ഇതായിരുന്നുവെന്നും ബാല പറഞ്ഞു.

RECENT POSTS
Copyright © . All rights reserved