ഇന്ത്യയുടെ ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പില്‍ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയുണ്ടായേക്കില്ലെന്ന് റിപോര്‍ട്ട്. പുറംവേദനയെ തുടര്‍ന്നുള്ള പരിക്കാണ് ബുംറയ്ക്ക് തിരിച്ചടിയായത്. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ടി20 കളിക്കാന്‍ ബുംറ കളിച്ചിരുന്നില്ല. ചൊവ്വാഴ്ച നടന്ന ഇന്ത്യയുടെ പരിശീലന സെഷനിലാണ് താരത്തിന്റെ പരിക്ക് റിപോര്‍ട്ട് ചെയ്തത്. ബിസിസിഐ മെഡിക്കല്‍ സംഘം അദ്ദേഹത്തിന്റെ ആരോഗ്യനില വിലയിരുത്തിയതായും ബിസിസിഐ പ്രസ്താവനയില്‍ പറഞ്ഞു.
ബിസിസിഐ മെഡിക്കല്‍ ടീമുമായും ബെംഗളൂരുവിലെ നാഷണല്‍ ക്രിക്കറ്റ് അക്കാദമിയുമായും താരത്തിന്റെ പരിക്ക് വിശദമായി പരിശോധിക്കുന്നതായും ബുംറ ശസ്ത്രക്രിയക്ക് വിധേയനാകുമോ എന്നും വ്യക്തമല്ലെന്നും റിപോര്‍ട്ടുകള്‍ പറയുന്നു. ‘താരത്തിന്റെ പരിക്ക് ശുഭസൂചനയല്ലെന്നും താരം ലോകകപ്പിനായി ഇന്ത്യന്‍ ടീമിനൊപ്പം ഓസ്ട്രേലിയയിലേക്ക് പോകില്ലെന്നും തോന്നുന്നു. മെഡിക്കല്‍ സംഘം വിശദമായ റിപ്പോര്‍ട്ട് ഉടന്‍ സമര്‍പ്പിക്കും’ ബിസിസിഐ ഉദ്യോഗസ്ഥന്‍ സ്ഥിരീകരിച്ചു.
നട്ടെല്ലിന് പരിക്കേറ്റതിനെ തുടര്‍ന്ന് ബുംറയ്ക്ക് ഏഷ്യാകപ്പ് നഷ്ടമായെങ്കിലും ഓസ്ട്രേലിയയ്ക്കെതിരായ മൂന്ന് ടി20 പരമ്പരകള്‍ക്ക് ഫിറ്റ്നസ് നിലനിര്‍ത്തിയിരുന്നു. ഈ വര്‍ഷം ജൂലൈ മുതല്‍ ബുംറ അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്ന് വിട്ടുനിന്നിരുന്നു. ബുംറയുടെ അഭാവത്തില്‍ സീനിയര്‍ ദേശീയ സെലക്ഷന്‍ കമ്മിറ്റി അടുത്ത മാസം ഓസ്ട്രേലിയയില്‍ നടക്കുന്ന ടി20 ലോകകപ്പിനായി സ്റ്റാന്‍ഡ് ബൈയായി മുഹമ്മദ് ഷമിയെയോ ദീപക് ചാഹറിനെയോ തിരഞ്ഞെടുത്തേക്കും.
‘ബുംറയുടെ അഭാവം ഇന്ത്യന്‍ ടീമിനെ എത്രമാത്രം ബാധിച്ചെന്ന് ഓസ്ട്രേലിയയ്ക്കെതിരായ പരമ്പരയ്ക്ക് മുമ്പ് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ വ്യക്തമാക്കിയിരുന്നു. ‘ബുംറ വളരെ പ്രധാനപ്പെട്ട കളിക്കാരനാണ്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി അദ്ദേഹം അവതരിപ്പിച്ച രീതി അതിശയകരമാണ്. അവന്‍ ഒരു ആക്രമണാത്മക ബൗളറാണ്, അത്തരമൊരു ബൗളര്‍ ടീമിന്റെ ഭാഗമല്ലെങ്കില്‍ അത് ടീമിന് ബാധിക്കും’ രോഹിത് ശര്‍മ്മ പത്രസമ്മേളനത്തില്‍ പറഞ്ഞു.
സ്‌കൂട്ടറിൽ കോളേജിലേയ്ക്ക് പോകാനിറങ്ങിയ വിദ്യാർത്ഥിനി ലോറിയിടിച്ച് മരിച്ചു. വിയ്യൂർ മമ്പാട് പരേതനായ രാമകൃഷ്ണന്റെയും സുനിതയുടെയും മകൾ റെനിഷയാണ് ദാരുണമായി മരിച്ചത്. 22 വയസായിരുന്നു. അമ്മ നോക്കിനിൽക്കെയായിരുന്നു റെനിഷയുടെ മരണം. വീട്ടിൽനിന്ന് സ്‌കൂട്ടറിൽ റോഡിലേക്ക് ഇറങ്ങുന്നതിനിടെ റെനിഷയെ പാഞ്ഞെത്തിയ ലോറി ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.
ഈ സമയം മകൾ കോളേജിലേയ്ക്ക് പോകുന്നത് അമ്മ മുറ്റത്തുനിന്ന് നോക്കിനിൽക്കുന്നുണ്ടായിരുന്നു. അമ്മ സുനിത തന്നെയാണ് അപകടവിവരം നാട്ടുകാരെ അറിയിച്ചത്. ഉടൻ തന്നെ യുവതിയെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ബുധനാഴ്ച രാവിലെ എട്ടു മണിയോടെയാണ് അപകടം നടന്നത്. തൃശൂർ – വിയ്യൂർ റോഡ് സൈഡിലാണ് റെനിഷയുടെ വീട്.
വീട്ടിൽനിന്ന് റോഡിലേക്ക് ഇറങ്ങി മറുവശത്തേക്ക് കടക്കുന്നതിനിടെയായിരുന്നു ലോറി ഇടിച്ചു തെറിപ്പിച്ചത്. യുവതിയുടെ ദേഹത്തുകൂടി ലോറി കയറി ഇറങ്ങിയിരുന്നു. ഇടിയുടെ ആഘാതത്തിൽ സ്‌കൂട്ടർ പൂർണമായും തകർന്നു. ഹെൽമെറ്റ് ധരിച്ചിരുന്നെങ്കിലും ആന്തരികാവയവങ്ങൾക്ക് ഗുരുതരമായ ക്ഷതമേറ്റതാണ് മരണത്തിലേയ്ക്ക് വഴിവെച്ചത്. ഒന്നരവർഷംമുൻപാണ് റെനിഷയുടെ പിതാവ് രാമകൃഷ്ണൻ മരിച്ചത്.
കൊവിഡ് ആണ് രാമകൃഷ്ണന്റെ ജീവൻ എടുത്തത്. തുടർന്ന് വീടുകളിൽ ട്യൂഷൻ എടുത്ത് പഠനത്തിനായി വരുമാനം കണ്ടെത്തുകയായിരുന്നു റെനിഷ. രേഷ്‌നയാണ് സഹോദരി. അരണാട്ടുകര ജോൺമത്തായി സെന്ററിലെ എംബിഎ വിദ്യാർഥിനിയാണ് റെനിഷ. വീടിനോട് ചേർന്ന് സുനിത ബ്യൂട്ടി പാർലർ നടത്തുന്നുണ്ട്. ദുരന്തം തുടർക്കഥയായതിന്റെ തീരാനൊമ്പരത്തിലും ഞെട്ടലിലുമാണ് കുടുംബം.
ആറുവയസ്സുകാരി മകളെയും കൊണ്ട് പുഴയില്‍ ചാടിയ പിതാവിന്റെ മൃതദേഹം കണ്ടെത്തി. ഏറണാകുളം ജില്ലയിലാണ് നടുക്കുന്ന സംഭവം. ചെങ്ങമനാട് പുതുവാശ്ശേരി മല്ലിശ്ശേരി വീട്ടില്‍ ലൈജു (36) ആണ് മകള്‍ ആര്യനന്ദയുമായി (6) പുഴയില്‍ ചാടിത്.
ആലുവ മാര്‍ത്താണ്ഡവര്‍മ പാലത്തില്‍നിന്നാണ് ലൈജു മകളുമായി പുഴയില്‍ ചാടിയത്. സംഭവസ്ഥലത്തെത്തിയ പൊലീസും അഗ്‌നിശമനസേനയും ചേര്‍ന്ന് മകള്‍ക്കായി തിരച്ചില്‍ തുടരുന്നു. ലൈജുവിനു കടുത്ത സാമ്പത്തിക ബാധ്യതയുണ്ടായിരുന്നതായി നാട്ടുകാര്‍ പറഞ്ഞു.
പുതുവാശ്ശേരി കവലയില്‍ വാടക കെട്ടിടത്തില്‍ സാനിറ്ററി ഷോപ്പ് നടത്തുകയാണ് ലൈജു. അഞ്ച് വര്‍ഷത്തോളമായി ലൈജുവിന്റെ ഭാര്യ സവിത ദുബായില്‍ ബ്യൂട്ടിഷ്യനായി ജോലി ചെയ്യുകയാണ്. മകന്റെ ജന്മദിനം ആഘോഷിക്കാന്‍ അടുത്ത മാസം നാട്ടില്‍ വരുമെന്ന് സവിത അറിയിച്ചിരുന്നു.
എന്നാല്‍ രോഗബാധിതയായ അമ്മ അവശനിലയിലായതിനാല്‍ സവിത ഇന്നു ഉച്ചയോടെ നാട്ടിലെത്തിയിരുന്നു. ഇതിനിടെയാണ് സംഭവമുണ്ടായത്. സ്‌കൂള്‍ ബസിലാണ് സാധാരണയായി ആര്യയെ സ്‌കൂളിലേക്ക് അയയ്ക്കുന്നത്. എന്നാല്‍ ഇന്നു രാവിലെ അത്താണി ഭാഗത്തേക്ക് പോകുന്നുണ്ടെന്ന് പറഞ്ഞ് ലൈജു മകളെ സ്‌കൂട്ടറില്‍ കയറ്റിക്കൊണ്ടു പോയി.
ശേഷം മകളുമായി പുഴയില്‍ ചാടുകയായിരുന്നു. മരണകാരണം വ്യക്തമല്ല. ഇനി ഇങ്ങനെ ജീവിക്കാനാവില്ല, ഞാനും മകളും മരിക്കുന്നുവെന്ന് വാട്‌സാപ്പിലെ കുടുംബഗ്രൂപ്പില്‍ ലൈജു മെസ്സേജ് അയച്ചിരുന്നു. ഇത് കണ്ടതോടെ ബന്ധുക്കള്‍ ലൈജുവിനായി തെരച്ചില്‍ ആരംഭിച്ചു.
അതിനിടെയാണ് ആലുവ പുഴയുടെ തീരത്ത് ലൈജുവിന്റെ ബൈക്ക് കണ്ടെത്തിയത്. തുടര്‍ന്ന് പുഴയില്‍ തെരച്ചില്‍ നടത്തുകയായിരുന്നു.അത്താണി അസീസി സ്‌കൂളിലെ വിദ്യാര്‍ഥിയാണ് ആര്യ. മൂത്ത മകന്‍ അദ്വൈദേവ് ആലുവ വിദ്യാധിരാജ വിദ്യാഭവനിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയാണ്.
വസ്ത്രധാരണത്തിന്റെ പേരില്‍ തനിക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണങ്ങളില്‍ പ്രതികരിച്ച് നടി ഭാവന. തന്നെ മാനസികമായി തളര്‍ത്താന്‍ വേണ്ടിയാണ് ഇപ്പോഴത്തെ സൈബര്‍ ആക്രമണം ആസൂത്രിതമാണ്. വസ്ത്രമുള്ളത് കണ്ടില്ലെന്ന് നടിച്ചുകൊണ്ടാണ് മോശം കമന്റുകള്‍ ഇടുന്നതെന്നും ഭാവന പറയുന്നു. ഗോള്‍ഡന്‍ വിസ സ്വീകരിക്കാന്‍ താരം ഗ്ലാമറസ് ലുക്കിലെത്തിയതാണ് തെറ്റായി പ്രചരിപ്പിച്ചത്.
‘ഫോട്ടോ പോസ്റ്റ് ചെയ്ത ആദ്യ ദിവസങ്ങളില്‍ ആരും ഒന്നും പറഞ്ഞില്ല. പിന്നീട് വളരെ പെട്ടെന്നാണ് ഫോട്ടോ വൈറലായത്. പിന്നാലെ മോശമായിട്ടുള്ള കമന്റുകളും അഭിപ്രായങ്ങളും വന്നു. വസ്ത്രം കാണുമ്പോള്‍ മനസിലാകും. ടോപ്പിടുമ്പോഴോ മറ്റേതെങ്കിലും വസ്ത്രം ധരിക്കുമ്പോഴോ സ്ത്രീകള്‍ സാധാരണയായി ധരിക്കുന്ന ഡ്രസ് ആണത്.” വസ്ത്രമാണെന്ന് മനസിലാക്കിയിട്ടുമാണ് ചിലര്‍ മോശം പ്രതികരണം നടത്തുന്നതെന്നും ഭാവന പറഞ്ഞു.
പ്രതികരണങ്ങള്‍ അതിര് വിട്ട സാഹചര്യത്തിലാണ് പ്രതികരിക്കാന്‍ തീരുമാനിച്ചതെന്ന് ഭാവന പറയുന്നു. കുറേ ആളുകള്‍ പറയുന്നുണ്ട് നിങ്ങള്‍ക്ക് കണ്ണ് കാണുന്നില്ലേ? വസ്ത്രം കാണുന്നില്ലേ എന്ന്? സ്‌കിന്‍ കളര്‍ ഡ്രസ് കണ്ടില്ലെന്ന് നടിച്ചുകൊണ്ടാണ് പിന്നേയും മോശം കമന്റുകള്‍ വന്നത്. കാണുമ്പോള്‍ വിഷമം തോന്നിയിരുന്നു. ഞാനെന്നല്ല ആരും വെറുതെ ഒരു കഷ്ണം തുണി മാത്രം ധരിച്ച് പുറത്ത് പോകില്ലല്ലോ. എന്നിട്ടും ഇതെന്താ ഇങ്ങനെ എന്ന് തോന്നിയിരുന്നു.”
അതേസമയം, മാനസികമായി തളര്‍ത്താന്‍ വേണ്ടിയാണ് ഈ ആക്രമണം എന്നാണ് മനസിലാക്കാന്‍ പറ്റുന്നത്. വസ്ത്രമുള്ളത് കണ്ടില്ലെന്ന് നടിച്ചുകൊണ്ടാണ് മോശം കമന്റുകള്‍ ഇടുന്നത്. എന്റെ ഒരു സുഹൃത്ത് പറഞ്ഞു. ഉറക്കം നടിക്കുന്നവരെ വിളിച്ചുണര്‍ത്താന്‍ പാടാണ്. അത് കൃത്യമാണെന്ന് എനിക്ക് തോന്നി. മനപൂര്‍വ്വമായുള്ള ശ്രമമാണിത്. തെറ്റിദ്ധരിച്ച ആള്‍ക്കാരുണ്ടെങ്കില്‍ അത് മാറട്ടേ എന്ന് വിചാരിച്ചാണ് ഞാന്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റിട്ടതെന്ന് ഭാവന പറയുന്നു.
വിശദീകരിക്കേണ്ട ആവശ്യമില്ല. മനസിലാക്കുന്നവര്‍ മനസിലാക്കട്ടെ എന്നാണ് ഞാന്‍ ആദ്യം കരുതിയത്. പക്ഷെ, ഇത് തുടരുകയാണെന്ന് ഒരുപാട് പേര്‍ വിളിച്ചറിയിച്ചതുകൊണ്ടാണ് ഇങ്ങനെ പ്രതികരിച്ചത്. ഇത്രയും വര്‍ഷങ്ങള്‍ക്കിടയില്‍ എന്നേക്കുറിച്ച് വളരെ മോശമാക്കി സംസാരിക്കുന്ന, എന്നെ ഒന്ന് നേരിട്ടുപോലും കാണാത്ത, ഞാന്‍ ആരാണെന്ന് പോലും അറിയാത്ത ആളുകള്‍ വളരെ ഈസി ആയി ഇങ്ങനെ വിധിക്കുമ്പോള്‍, ഇങ്ങനെ പറയുമ്പോള്‍..
ഇത്രയും വര്‍ഷങ്ങള്‍ക്കിടെ ഒരുപാട് വേദനിച്ചിട്ടുള്ള ആളാണ് ഞാന്‍. എങ്ങനെയാണ് ഒരാള്‍ക്ക് മറ്റൊരാളെക്കുറിച്ച് ഇങ്ങനെ പറയാന്‍ കഴിയുന്നത് എന്ന് ഞാന്‍ ആലോചിച്ചു. വിട്ടുകളയാം പോട്ടേ. പോട്ടേ എന്ന് കരുതി. ഒരു പോയിന്റിലെത്തിയപ്പോള്‍ എനിക്ക് തോന്നി. ഞാന്‍ പ്രതികരിക്കേണ്ടതാണ് എന്നും ഭാവന പറഞ്ഞു.
സിനിമാ പ്രമോഷന്‍ ചടങ്ങിനെത്തിയ യുവനടിമാര്‍ക്ക് നേരെയുണ്ടായ ലൈംഗികാതിക്രമത്തില്‍ കണ്ടാലറിയാവുന്ന 2 പേര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസെടുത്തു. പന്തീരാങ്കാവ് പോലീസാണ് കേസ്സെടുത്തത്. രണ്ട് നടിമാരുടെയും വിശദമായ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് കേസെടുത്തത്. സംഭവ സമയത്ത് ചിത്രീകരിച്ച മുഴുവന്‍ ദൃശ്യങ്ങളും ഹാജരാക്കാന്‍ സംഘാടകരോട് പോലീസ് നിര്‍ദേശിച്ചു.
കോഴിക്കോട് ചൊവ്വാഴ്ച വൈകീട്ട് നടന്ന സിനിമ പ്രമോഷന്‍ ചടങ്ങ് കഴിഞ്ഞിറങ്ങുമ്പോഴാണ് രണ്ട് നടിമാര്‍ക്കെതിരെ ലൈംഗിക അതിക്രമം ഉണ്ടായത്. സംഭവത്തെ കുറിച്ച് ഒരു നടി സോഷ്യല്‍ മീഡിയയില്‍ കുറിപ്പ് പങ്കുവച്ചിരുന്നു. മറ്റൊരു നടി തന്നെ ശല്ല്യപ്പെടുത്തിയയാളെ അടിക്കുന്നതിന്റെ വീഡിയോയും വൈറലായിരുന്നു.
വനിത പോലീസ് ഉദ്യോഗസ്ഥര്‍ നടിമാരില്‍ നിന്നും വിശദമായ മൊഴി രേഖപ്പെടുത്തി. അതിക്രമം നടത്തിയവരെ കണ്ടാല്‍ തിരിച്ചറിയുമെന്ന് ഇരുവരും മൊഴി നല്‍കിയിട്ടുണ്ട്. ഒരു പരിപാടിക്കിടെ സംഭവിച്ചതാണെങ്കിലും വ്യത്യസ്ത സംഭവങ്ങളായതിനാലാണ് വെവ്വേറെ കേസ്സുകളെടുത്തത്.
സംഭവം നടന്ന മാളിലെ സിസിടിവി ദൃശ്യങ്ങടങ്ങിയ ഹാര്‍ഡ് ഡിസ്‌ക് ഉടന്‍ തന്നെ അന്വേഷണ സംഘം ശാസ്ത്രീയ പരിശോധനക്കായി കസ്റ്റഡിയിലെടുക്കും. മാള്‍ അധികൃതരില്‍ നിന്ന് വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചു.
വിദൂര ദൃശ്യങ്ങളായതിനാല്‍ കൂടുതല്‍ സാങ്കേതിക സൗകര്യങ്ങളുടെ സഹായത്തോടെ വിശകലനം ചെയ്യേണ്ടതുണ്ട്. അതിക്രമത്തിനെതിരെ ഒരു നടി പ്രതികരിക്കുന്ന ദൃശ്യങ്ങളും പോലീസ് പരിശോധിച്ചു. ഇതിലുളളയാള്‍ കോഴിക്കോട്ടുകാരനെന്നാണ് വിവരം. ഇയാള്‍ തന്നെയാണോ അതിക്രമം നടത്തിയതെന്ന് ഇപ്പോള്‍ ഉറപ്പിച്ചു പറയാനാവില്ലെന്നാണ് പോലീസ് നല്‍കുന്ന വിവരം.
കൂടുതല്‍ വ്യക്തതക്ക് വേണ്ടി പരിപാടിയുടെ മുഴുവന്‍ ദൃശ്യങ്ങളും കൈമാറാന്‍ സംഘാടകരോട് പോലീസ് ആവശ്യപ്പെട്ടു. പരിപാടി സമയത്ത് മാളിലെ സുരക്ഷാ ക്രമീകരണങ്ങളില്‍ പാളിച്ചയുണ്ടായോ എന്നതുള്‍പ്പെടെ പോലീസ് അന്വേഷിക്കുന്നുണ്ട്
മാവേലിക്കര മിച്ചല്‍ ജങ്ഷനില്‍ സിഗ്നല്‍ തെറ്റിച്ച് വന്ന സ്വകാര്യ ബസ്സിടിച്ച് കാല്‍നടയാത്രക്കാരിയായ വയോധിക മരിച്ചു. മാവേലിക്കര മിച്ചല്‍ ജങ്ഷനില്‍ ബുധനാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് അപകടം. ചെന്നിത്തല തൃപ്പെരുന്തുറ തെക്കേകൂറ്റ് റെയ്ച്ചല്‍ ജേക്കബ് (രാജമ്മ-82) ആണ് മരിച്ചത്.തിരുവല്ല-കായംകുളം റൂട്ടിലോടുന്ന സ്വാമി എന്ന സ്വകാര്യബസാണ് അപകടമുണ്ടാക്കിയത്.
മാവേലിക്കര മിച്ചല്‍ ജങ്ഷന് തെക്കുളള ആരാധനാലയത്തില്‍ വന്ന ശേഷം വീട്ടിലേക്ക് പോകാനായി ബസ് സ്റ്റാന്റിലേക്ക് നടന്നു പോവുകയായിരുന്നു റെയ്ച്ചല്‍. ജങ്ഷനില്‍ സിഗ്‌നല്‍ കാത്തു കിടന്ന ബസിന് മുന്നിലൂടെ റോഡ് മുറിച്ചു കടക്കവെ ഗ്രീന്‍ സിഗ്നല്‍ വീഴും മുമ്പ് മുന്നോട്ടെടുത്ത ബസിന്റെ അടിയില്‍ പെടുകയായിരുന്നു. ബസിന്റെ മുന്‍ചക്രം റെയ്ച്ചലിന്റെ കാലിലൂടെയും പിന്‍ചക്രം തലയിലൂടെയും കയറി തല്‍ക്ഷണം മരിച്ചു. ബസില്‍ നിന്ന് ഇറങ്ങിയോടിയ ഡ്രൈവര്‍ പുലിയൂര്‍ ആലപ്പളളില്‍ പടിഞ്ഞാറേതില്‍ അനൂപ് അനിയന്‍ (30) പിന്നീട് പോലീസ് സ്റ്റേഷനില്‍ കീഴടങ്ങി.
രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയെ പരിഹസിച്ച് നിലമ്പൂരില്‍ ഡിവൈഎഫ്‌ഐ സ്ഥാപിച്ച ഫ്‌ളക്‌സിന് അതേരൂപേത്തില്‍ മറുപടി നല്‍കി യൂത്ത് ലീഗ്. ‘പോരാട്ടമാണ് ബദല്‍ പൊറോട്ടയല്ല’ എന്ന തലവാചകത്തിലായിരുന്നു ഭാരത് ജോഡോ യാത്ര കടന്നുപോകുന്ന വഴിയില്‍ ഡിവൈഎഫ്‌ഐ ബാനര്‍ സ്ഥാപിച്ചിരുന്നത്. ഇതിന് പിന്നാലെയാണ് ‘തീ ഇട്ടത് സംഘികളുടെ ട്രൗസറില്‍ ആണെങ്കിലും പുക വരുന്നത് കമ്മികളുടെ മൂട്ടിലൂടെയാണ്..’ എന്നെഴുതിയ ബാനര്‍ യൂത്ത് ലീഗും സ്ഥാപിച്ചത്.
രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര രണ്ടാം ദിവസവും മലപ്പുറം ജില്ലയില്‍ പര്യടനം തുടരുകയാണ്. രാവിലെ 6.30 തിന് പാണ്ടിക്കാട് നിന്നുമാണ് യാത്ര തുടങ്ങിയത്. 11 മണിയോടെ വണ്ടൂരില്‍ എത്തിയ ജോഡോ യാത്ര ഉച്ചഭക്ഷണത്തിന് ശേഷം നാല് മണിയോടെ വണ്ടൂര്‍ നടുവത്ത് നിന്നാണ് യാത്ര തുടങ്ങുക.
ചന്തക്കുന്ന് വച്ച് രാഹുല്‍ ഗാന്ധി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യും. രാഹുല്‍ ഗാന്ധി പ്രതിനിധീകരിക്കുന്ന വയനാട് മണ്ഡലത്തിന്റെ ഭാഗമായ നിലമ്പൂരിലൂടെയാണ് യാത്ര അടുത്ത സംസ്ഥാനമായ കര്‍ണ്ണാടകയിലേക്ക് കടക്കും.
മിയയുടെ അടുത്ത സുഹൃത്തുക്കളില്‍ ഒരാളാണ് നടനും അവതാരകനുമായ ഗോവിന്ദ് പത്മസൂര്യ. വിവാഹത്തെ കുറിച്ച് ചോദിക്കുമ്പോള്‍ ജിപി ഒഴിഞ്ഞ് മാറാറാണ് പതിവെന്ന് പറഞ്ഞിരിക്കുകയാണ് മിയ ഇപ്പോള്‍. ശില്‍പ്പ ബാലയ്‌ക്കൊപ്പമുള്ള മിയയുടെ അഭിമുഖമാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്.
ജിപിയുടെ കല്യാണത്തെ കുറിച്ചാണ് മിയ സംസാരിക്കുന്നത്. കല്യാണം കഴിഞ്ഞ് കുട്ടി ആയപ്പോള്‍ സീനിയോരിറ്റി വരും, അതുകൊണ്ട് ജിപിയോട വിവാഹക്കാര്യം ചോദിക്കും. എന്നാല്‍ ജിപി ഫോണ്‍ കട്ട് ചെയ്യും എന്നാണ് മിയ പറയുന്നത്. ”കഴിഞ്ഞ ദിവസം കണ്ടപ്പോഴും ചോദിച്ചു. ഞാന്‍ ഇടയ്ക്കിടയ്ക്ക് ഈ വിഷയം ചോദിക്കാറുണ്ട്.”
”എന്റെ കല്യാണം കഴിഞ്ഞ് കൊച്ചൊക്കെ ആയ സ്ഥിതിക്ക് ധൈര്യമായി ചോദിക്കാമല്ലോ. ഈ വിഷയത്തില്‍ ഒരു മെച്യൂരിറ്റി വന്ന പോലെ ആണല്ലോ. പ്രായം കൊണ്ട് കുറവാണെങ്കിലും കല്യാണം കഴിഞ്ഞ് കുട്ടിയായാല്‍ കുറച്ചൊരു സീനിയോരിറ്റി വരും.”
”ആ സീനിയോരിറ്റി ജിപിയുടെ കേസില്‍ എടുക്കുന്നുണ്ട്. ഞാനീ വിഷയത്തിലേക്ക് വരുമ്പോഴേക്കും ഈ പോക്ക് എങ്ങോട്ടാണെന്ന് അറിയാമെന്ന് പറയും. മിനിഞ്ഞാന്ന് ഞാനിത് സംസാരിച്ച് വരുമ്പോള്‍ എനിക്കറിയാം ഈ പോക്ക് എങ്ങോട്ടാണെന്ന് പറഞ്ഞ് ഒറ്റ കട്ട് ചെയ്യല്‍.”
”ജിപി കല്യാണം കഴിക്കാത്തത് ഞങ്ങള്‍ക്കും ബുദ്ധിമുട്ടാണ്. മാട്രിമോണിയില്‍ കണ്ടിട്ട് പരിചയമുള്ള കുറേപ്പേര്‍ ആളെങ്ങനെ എന്ന് വിളിച്ച് ചോദിക്കും” എന്നാണ് മിയ പറയുന്നത്. ജിപി എങ്ങനെയാണെന്ന് ചോദിക്കുന്നവരോട് ഉത്തരം പറഞ്ഞ് മടുത്തു എന്നാണ് നടി ശില്‍പ്പ ബാലയും പറയുന്നത്.
പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ചതുമായി ബന്ധപ്പെട്ട് പ്രതികരിക്കാനില്ലന്ന് പ്രൊഫ. ടി ജെ ജോസഫ്. ആക്രമണങ്ങള്‍ക്ക് ഇരകളായവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മൗനം ഭജിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പോപ്പുലര്‍ ഫ്രണ്ടിന്റെ ആക്രമണത്തിനിരയാവര്‍ പലരും ഇന്ന് ജീവനോടെയില്ല. ഇവരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് മൗനം ഭജിക്കുന്നതെന്നും പ്രൊഫ. ടി ജ ജോസഫ്. പോപ്പുലര്‍ ഫ്രണ്ടിന്റെ നിരോധനം രാഷ്ട്രീയ തിരുമാനമാണ്. ഇതിനെക്കുറിച്ച് ബന്ധപ്പെട്ടയാളുകളാണ് പ്രതികരിക്കേണ്ടതെന്നും പ്രോഫ. ടി ജെ ജോസഫ് പറഞ്ഞു.
തനിക്ക് പറയാനുള്ള കാര്യങ്ങളെല്ലാം തന്റെ പുസ്തകത്തില്‍ പറഞ്ഞിട്ടുണ്ട്. അത് കൊണ്ട് തന്നെ ഈ വിഷയത്തില്‍ പരസ്യമായി പ്രതികരിക്കേണ്ടകാര്യമില്ല. താന്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ ഇരയാണെങ്കിലും ഇതില്‍ വ്യക്തിപകമായ അംശം കൂടിയുള്ളതുകൊണ്ടാണ് പ്രതികരിക്കാത്തത്.പ്രവാചക നിന്ദ ആരോപിച്ച് 2010ലാണ് ടി.ജെ. ജോസഫിന്റെ കൊപ്പത്തി പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ വെട്ടിമാറ്റിയത്. സംഭവത്തിന് ശേഷം താന്‍ നേരിട്ട പ്രതിസന്ധികളെക്കുറിച്ച് ജോസഫ് അറ്റുപോകാത്ത ഓര്‍മ്മകള്‍ എന്ന പുസ്തകമെഴുതിയിരുന്നു.
പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെയും എട്ട് അനുബന്ധ സംഘടനകളെയും നിരോധിച്ചു കൊണ്ട് കേന്ദ്ര സര്‍ക്കാര്‍ ഇന്നാണ് ഉത്തരവിറക്കിയത്. റിഹാബ് ഇന്ത്യ ഫൗണ്ടേഷന്‍, കാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യ, ഓള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍, നാഷണല്‍ കോണ്‍ഫഡറേഷന്‍ ഓഫ് ഹ്യൂമന്‍ റൈറ്റ്‌സ് ഓര്‍ഗനൈസേഷന്‍, നാഷണല്‍ വിമന്‍സ് ഫ്രണ്ട്, ജൂനിയര്‍ ഫ്രണ്ട്, എംപവര്‍ ഇന്ത്യ ഫൗണ്ടേഷന്‍, റിഹാബ് ഫൗണ്ടേഷന്‍ കേരള എന്നീ അനുബന്ധ സംഘടനകള്‍ക്കാണ് പോപ്പുലര്‍ ഫ്രണ്ടിനൊപ്പം കേന്ദ്രം നിരോധനം ഏര്‍പ്പെടുത്തിയിട്ടുള്ളത്. അഞ്ച് വര്‍ഷത്തെ നിരോധനമാണ് ഏര്‍പ്പെടുത്തിയത്. ഭീകര പ്രവര്‍ത്തന ബന്ധം ആരോപിച്ച് രാജ്യ വ്യാപക റെയ്ഡ് നടത്തി രേഖകള്‍ അടക്കം പിടികൂടിയ ശേഷമാണ് നിരോധനം.
സിനിമാ പ്രമോഷന്റെ ഭാഗമായി കോഴിക്കോട് ഹൈലൈറ്റ് മാളില്‍ വച്ച്
ആള്‍ക്കൂട്ടത്തിനിടയില്‍ നിന്നും ലൈംഗിക അതിക്രമം നേരിടേണ്ടി വന്നെന്ന് യുവനടിമാര്‍. പ്രോഗ്രാം കഴിഞ്ഞ് പോകുന്നതിനിടയില്‍ ആള്‍ക്കൂട്ടത്തില്‍ അവിടെ നിന്നൊരാള്‍ തന്നെ കയറിപ്പിടിച്ചെന്ന് നടി ഫേസ്ബുക്കില്‍ കുറിച്ചു. താന്‍ മരവിച്ച് നിന്നുപോയി.
കൂടെയുണ്ടായിരുന്ന മറ്റൊരു നടിക്കും ഇതേ അനുഭവുമുണ്ടായെന്നും അവര്‍ പ്രതികരിച്ചെന്നും അഭിനേത്രി ഫേസ്ബുക്കില്‍ കുറിച്ചു. നടിമാരിലൊരാള്‍ അതിക്രമം നടത്തിയ ആള്‍ക്ക് നേരെ കൈ വീശുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.
ഇന്ന് എന്റെ പുതിയ ചിത്രത്തിന്റെ ഭാഗമായി കോഴിക്കോട് ഹൈലൈറ്റ് മാളില്‍ വെച്ച് നടന്ന പ്രമോഷന് വന്നപ്പോള്‍ എനിക്ക് ഉണ്ടായത് മരവിപ്പിക്കുന്ന ഒരു അനുഭവമാണ്. ഞാന്‍ ഒത്തിരി ഇഷ്ടപ്പെടുന്ന ഒരു സ്ഥലം ആണ് കോഴിക്കോട്. പക്ഷെ, പ്രോഗ്രാം കഴിഞ്ഞ് പോകുന്നതിനിടയില്‍ ആള്‍ക്കൂട്ടത്തില്‍ അവിടെ നിന്നൊരാള്‍ എന്നെ കയറിപ്പിടിച്ചു.
എവിടെ എന്ന് പറയാന്‍ എനിക്ക് അറപ്പുതോന്നുന്നു. ഇത്രയ്ക്ക് ഫ്രസ്റ്റേറ്റഡ് ആയിട്ടുള്ളവര്‍ ആണോ നമ്മുടെ ചുറ്റുമുള്ളവര്‍? പ്രൊമോഷന്റെ ഭാഗമായി ഞങ്ങള്‍ ടീം മുഴുവന്‍ പലയിടങ്ങളില്‍ പോയി. അവിടെയൊന്നും ഉണ്ടാകാത്ത ഒരു വൃത്തികെട്ട അനുഭവം ആയിരിന്നു ഇന്ന് ഉണ്ടായത്.
എന്റെ കൂടെ ഉണ്ടായ മറ്റൊരു സഹപ്രവര്‍ത്തയ്ക്ക് ഇതേ അനുഭവം ഉണ്ടായി. അവര്‍ അതിന് പ്രതികരിച്ചു. പക്ഷെ. എനിക്ക് അതിന് ഒട്ടും പറ്റാത്ത ഒരു സാഹചര്യം ആയിപ്പോയി. ഒരു നിമിഷം ഞാന്‍ മരവിച്ചുപോയി. ആ മരവിപ്പില്‍ തന്നെ നിന്നുകൊണ്ട് ചോദിക്കുവാണ്. തീര്‍ന്നോ നിന്റെയൊക്കെ അസുഖം? എന്ന് നടി കുറിച്ചു.
സംഭവത്തില്‍ ഇതേവരെ നടിയില്‍ നിന്നോ സിനിയുടെ അണിയറ പ്രവര്‍ത്തകരില്‍ നിന്നോ പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നാണ് പോലീസ് അറിയിക്കുന്നത്. അതേസമയം, നടിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം ആരംഭിച്ചതായും പോലീസ് അറിയിച്ചു.