ഉത്തരാഖണ്ഡിലെ റിസോര്‍ട്ടില്‍ ബിജെപി നേടാവിനെ മകനാല്‍ കൊല ചെയ്യപ്പെട്ട 19 വയസുകാരിയുടെ മൃതദേഹം സംസ്‌കരിക്കാന്‍ വിസമ്മതിച്ച് കുടുംബം. മരിച്ച അങ്കിതയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പൂര്‍ണമായി പുറത്തുവിടണമെന്നാണ് ആവശ്യം. അങ്കിതയുടെ മരണശേഷം റിസോര്‍ട്ട് തകര്‍ത്തത് എന്തിനെന്ന് വ്യക്തമാക്കണമെന്നും അങ്കിതയുടെ പിതാവ് ആവശ്യപ്പട്ടു.
അങ്കിതയുടെ ദേഹത്ത് മുറിവുകളുണ്ടെന്നും ശ്വാസനാളത്തില്‍ വെള്ളംകയറിയാണ് മരണമെന്നുമാണ് പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. കേസില്‍ പ്രതിയായ ബിജെപി നേതാവിന്റെ മകന്റെ ഉടമസ്ഥതയിലുള്ള റിസോര്‍ട്ട് സര്‍ക്കാര്‍ ഇടിച്ചുനിരത്തിയിരുന്നു. പിന്നാലെ നാട്ടുകാര്‍ റിസോര്‍ട്ട് അവശിഷ്ടങ്ങള്‍ക്ക് തീയിട്ടു. സംഭവത്തില്‍ നടപടി സ്വീകരിച്ച ബിജെപി നേതൃത്വം വിനോദ് ആര്യയെയും മകന്‍ അങ്കിതിനെയും പാര്‍ട്ടിയില്‍നിന്ന് കഴിഞ്ഞദിവസം പുറത്താക്കി.
പുല്‍കിതിന്റെ ഉടമസ്ഥതയില്‍ പൗരി ജില്ലയിലുള്ള യംകേശ്വറിലെ റിസോര്‍ട്ടിലെ റിസപ്ഷനിസ്റ്റായ പെണ്‍കുട്ടിയുടെ മൃതദേഹം കഴിഞ്ഞ ദിവസം കനാലില്‍നിന്നാണ് കണ്ടെത്തിയത്. റിസോര്‍ട്ടില്‍ എത്തിയവരുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാന്‍ വിസമ്മതിച്ചതാണ് കൊലയ്ക്കു കാരണമെന്നാണു സൂചന.
പെണ്‍കുട്ടിയെ കാണാനില്ലെന്ന് പുല്‍കിത് തിങ്കളാഴ്ച അറിയിച്ചിരുന്നു. എന്നാല്‍ പിന്നീട് നടന്ന അന്വേഷണത്തിലാണ് റിസോര്‍ട്ടിലെ രണ്ട് ജീവനക്കാരുടെ സഹായത്തോടെ പെണ്‍കുട്ടിയെ പുല്‍കിത് കൊന്നതാണെന്ന് പൊലീസ് കണ്ടെത്തിയത്. സംഭവത്തെ തുടര്‍ന്ന് റിസോര്‍ട്ട് പൊളിച്ചുനീക്കാന്‍ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി ഉത്തരവിട്ടിരുന്നു.
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ ആര്യാടന്‍ മുഹമ്മദ് അന്തരിച്ചു. 87 വയസായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. രോഗങ്ങളെ തുടര്‍ന്ന് കുറച്ച് ദിവസങ്ങളായി ചികിത്സയിലായിരുന്നു.ഇ കെ നയനാര്‍, എ കെ ആന്റണി, ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ അംഗമായിരുന്നു. മികച്ച സമാചികനെന്ന് വിശേഷണമുണ്ടായിരുന്ന ആര്യാടന്‍ മുഹമ്മദ്, കോണ്‍ഗ്രസിലെ പല തന്ത്രപ്രധാന നീക്കങ്ങള്‍ക്കും ചുക്കാന്‍ പിടിച്ചിട്ടുള്ള വ്യക്തി കൂടിയാണ്.
1935 മെയ് 15ന് ആര്യാടന്‍ ഉണ്ണീന്‍-കാദിയുമ്മ ദമ്പതികളുടെ മകനായി നിലമ്പൂരിലായിരുന്നു ജനനം. 1852ല്‍ രാഷ്ട്രീയത്തിലെത്തിയ അദ്ദേഹം, 1958 മുതല്‍ കെപിസിസി അംഗമായിരുന്നു. മലപ്പുറം ജില്ല കോണ്‍ഗ്രസ് കമ്മിറ്റിയുടെയും വിവിധ ട്രേഡ് യൂണിയനുകളുടെയും പ്രസിഡന്റായി പ്രവര്‍ത്തിച്ചിട്ടുണ്ട്.1977, 1980, 1987, 1991, 1996, 2001, 2006, 2011 എന്നീ വർഷങ്ങളിൽ നിലമ്പൂർ നിയമസഭാമണ്ഡലത്തിൽ നിന്ന് കേരള നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 1980-82 കാലത്ത് ഇ.കെ. നായനാർ മന്ത്രിസഭയിലെ തൊഴിൽ, വനം മന്ത്രിയായിരുന്നു. ഒമ്പതാം നിയമസഭയിലെ എ.കെ. ആന്റണി മന്ത്രിസഭയിൽ തൊഴിൽ, ടൂറിസം മന്ത്രിയായും ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ (2004-06) വൈദ്യുതിമന്ത്രിയായും പ്രവർത്തിച്ചിട്ടുണ്ട്.
ആവേശകരമായ മത്സരത്തിൽ നെഹ്റു ട്രോഫിക്ക് പിന്നാലെ രാജീവ് ഗാന്ധി ട്രോഫിയിലും കിരീടമണിഞ്ഞ് മഹാദേവിക്കാട് കാട്ടില്‍ തെക്കേതില്‍. ചാമ്പ്യന്‍സ് സ്‌പോര്‍ട്‌സ് ലീഗിന്റെ രണ്ടാം സീസണില്‍, പുളിങ്കുന്ന് ജലോത്സവത്തില്‍ പള്ളാതുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ കാട്ടില്‍ തെക്കേതില്‍, വീയപുരം ചുണ്ടനെയും നടുഭാഗം ചുണ്ടനെയും പിന്നിലാക്കിയാണ് വിജയികളായത്.
ആവേശകരമായ മത്സരത്തിനൊടുവിലാണ് കാട്ടില്‍ തെക്കേതില്‍ ജേതാക്കളായത്. ഫൈനലില്‍ പുന്നമട ബോട്ട് ക്ലബ് തുഴഞ്ഞ വീയപുരം ചുണ്ടനും എന്‍സിഡിസി ബോട്ട് ക്ലബ് തുഴഞ്ഞ നടുഭാഗം ചുണ്ടനുമായിരുന്നു എതിരാളികള്‍. ഒപ്പത്തിനൊപ്പം തുഴഞ്ഞെത്തിയെങ്കിലും അവസാന കുതിപ്പില്‍ കാട്ടില്‍ തെക്കേതില്‍ മുന്നിലെത്തുകയായിരുന്നു. വീയപുരം ചുണ്ടന്‍ രണ്ടാം സ്ഥാനത്തും നടുഭാഗം ചുണ്ടന്‍ മൂന്നാം സ്ഥാനത്തുമെത്തി.
ലീഗില്‍ കുമരകം വേമ്പനാട് ബോട്ട് ക്ലബ്ബിന്റെ പായിപ്പാടൻ ചുണ്ടനാണ് നാലാം സ്ഥാനത്തുള്ളത്. കേരള പൊലീസ് ബോട്ട് ക്ലബ്ബിന്റെ ചമ്പക്കുളം, കൈനകരി യുബിസിയുടെ കാരിച്ചാൽ, കുമരകം ടൗൺ ബോട്ട് ക്ലബ്ബിന്റെ മങ്കൊമ്പ് സെന്റ് പയസ് ടെൻത്, എടത്വ വില്ലേജ് ബോട്ട് ക്ലബിന്റെ ദേവസ്, കുമരകം ബോട്ട് ക്ലബ്ബിന്റെ ആയാപറമ്പ് പാണ്ടി എന്നിവരാണ് തുടര്‍സ്ഥാനങ്ങളിലെത്തിയത്. നെഹ്റു ട്രോഫിയില്‍ ആദ്യ ഒന്‍പത് സ്ഥാനങ്ങളില്‍ എത്തിയ ചുണ്ടന്‍ വള്ളങ്ങളാണ് മത്സരിച്ചത്.
ചാമ്പ്യന്‍സ് ബോട്ട് ലീഗിലെ ആദ്യമത്സരമായ നെഹ്റു ട്രോഫിയില്‍ കാട്ടില്‍ തെക്കേതിലായിരുന്നു വിജയി. നടുഭാഗം ചുണ്ടനായിരുന്നു രണ്ടാം സ്ഥാനം. കരുവാറ്റയില്‍ നടന്ന ലീഗിലെ രണ്ടാം മത്സരത്തില്‍ നടുഭാഗം ചുണ്ടനായിരുന്നു ഒന്നാമത് എത്തിയത്. ലീഗില്‍ ഇരുടീമുകളും തുല്യ നിലയിലായതിനാല്‍ ഇന്നത്തെ മത്സരം നിര്‍ണായകമായിരുന്നു.
പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി ടി.ജോസ് പതാക ഉയർത്തിയ വള്ളം കളി. തുടർന്നു ചീഫ് വിപ്പ് എൻ.ജയരാജ് എംഎൽഎ ജലമേള ഉദ്ഘാടനം ചെയ്തു.കുട്ടനാട് എംഎൽഎ തോമസ് കെ.തോമസ് അധ്യക്ഷത വഹിച്ചു.
കേരളത്തിലെ പ്രധാന വള്ളം കളി മത്സരങ്ങളെ കോര്‍ത്തിണക്കി നടത്തുന്ന ചാമ്പ്യന്‍സ് ബോട്ട് ലീഗ് (സിബിഎല്‍) 2019 ലാണ് ഐപിഎല്‍ മാതൃകയില്‍ തുടങ്ങിയത് കോവിഡും മറ്റ് തടസ്സങ്ങളും ഉണ്ടായതോടെ സിബിഎല്‍ തുടരാന്‍ സാധിച്ചില്ല. കേരള ടൂറിസത്തിന് ഒരു മുതല്‍ക്കൂട്ടായതുകൊണ്ടാണ് മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഇത്തവണ സിബിഎല്‍ സംഘടിപ്പിക്കാന്‍ ടൂറിസം വകുപ്പ് തീരുമാനിച്ചത്.
പുളിങ്കുന്ന് രാജീവ് ഗാന്ധി ട്രോഫി ചാംപ്യൻസ് ബോട്ട് ലീഗ് മത്സര വള്ളംകളിക്കു മുന്നോടിയായുള്ള സാംസ്‌കാരിക ഘോഷയാത്രയും വഞ്ചിപ്പാട്ട് മത്സരവും സാംസ്കാരിക സമ്മേളനവും നടത്തി. വഞ്ചിപ്പാട്ട് മത്സരത്തിൽ പുരുഷ, വനിതാ വിഭാഗങ്ങളിലെ 11 ടീമുകൾ മത്സരത്തിൽ പങ്കെടുത്തു.പുരുഷൻമാരുടെ വിഭാഗത്തിൽ രമേശൻ ക്യാപ്റ്റനായിട്ടുള്ള നീർക്കുന്നം വഞ്ചിപ്പാട്ട് സംഘം ഒന്നാം സ്ഥാനം കരസ്ഥമാക്കി. അന്ത്രയോസ് ക്യാപ്റ്റനായിട്ടുള്ള കിടങ്ങറ വഞ്ചിപ്പാട്ട് സംഘം രണ്ടാം സ്ഥാനവും ഷാജിമോൻ ക്യാപ്റ്റനായിട്ടുള്ള നടുഭാഗം വഞ്ചിപ്പാട്ടു സംഘം മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
വനിതാ വിഭാഗത്തിൽ മെർലിൻ ക്യാപ്റ്റനായിട്ടുള്ള കരുമാടി നവിതം വഞ്ചിപ്പാട്ടു സംഘം ഒന്നാം സ്ഥാനം കരസ്ഥമാക്കി. കൃഷ്ണകുമാരി ക്യാപ്റ്റനായിട്ടുള്ള ചമ്പക്കുളം കാവ്യാജ്‍ഞലി വഞ്ചിപ്പാട്ടു സംഘം രണ്ടാം സ്ഥാനവും പ്രീതാ ബാബു ക്യാപ്റ്റനായിട്ടുള്ള ചതുർഥ്യാകരി വിനോഭാനഗർ വഞ്ചിപ്പാട്ടു സംഘം മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
പുളിങ്കുന്ന് പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി ടി.ജോസ് വഞ്ചിപ്പാട്ടു മത്സരം ഉദ്ഘാടനം ചെയ്തു. കൾച്ചറൽ കമ്മിറ്റി ചെയർമാൻ പത്മകുമാർ മനോജ് രാമമന്ദിരം അധ്യക്ഷത വഹിച്ചു. കൺവീനർ രജനി ഉത്തമൻ, വൈസ് പ്രസിഡന്റ് തങ്കച്ചൻ വാഴച്ചിറ, പി.കെ.വിജയൻ പനച്ചിപറമ്പ്, എസ്.ജതീന്ദ്രൻ, ചന്ദ്രൻ മുറിപ്പുരയ്ക്കൽ, സന്തോഷ് കുമാർ എന്നിവർ പ്രസംഗിച്ചു. പുളിങ്കുന്ന് പൊലീസ് സബ് ഇൻസ്പെക്ടർ ജി.വിജയകുമാർ സമ്മാനദാനം നിർവഹിച്ചു.
പുളിങ്കുന്ന് ഗ്രാമ പഞ്ചായത്തിന്റെയും കുടുംബശ്രീയുടെയും നേതൃത്വത്തിൽ നടത്തിയ ഘോഷയാത്രയിൽ മികച്ച പ്രകടനം കാഴ്ചവച്ചതിന് പുളിങ്കുന്ന് ഗ്രാമ പഞ്ചായത്ത് 15–ാം വാർഡ് ഒന്നാം സ്ഥാനം കരസ്ഥമാക്കി. 7–ാം വാർഡ് രണ്ടാം സ്ഥാനവും 10–ാം വാർഡ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. പുളിങ്കുന്ന് റോഡ് മുക്കിൽ നിന്നാരംഭിക്കുന്ന ഘോഷയാത്ര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി ടി.ജോസ് ഫ്ലാഗ് ഓഫ് ചെയ്തു.
ഘോഷയാത്ര പുളിങ്കുന്ന് സെന്റ്.ജോസഫ്‌സ് ഹയർ സെക്കൻഡറി സ്‌കൂളിൽ സമാപിച്ചു. തുടർന്നു നടത്തിയ സാംസ്‌കാരിക സമ്മേളനം തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് തങ്കച്ചൻ വാഴച്ചിറ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ റോജി മണല, പ്രീതി സജി, പഞ്ചായത്തംഗങ്ങളായ മനോജ് കാനാച്ചേരി, നീനു ജോസഫ്, ലീലാമ്മ ജോസഫ്, അന്നമ്മ ജോസഫ്, ജോഷി കൊല്ലാറ, പത്മകുമാർ മനോജ് രാമമന്ദിരം, പുഷ്പാ ബിജു, രജനി ഉത്തമൻ, ഷൈലജ അജികുമാർ, ജോസഫ് ജോസഫ് മാമ്പൂത്തറ, ലീനാ ജോഷി, വിധു പ്രസാദ്, ശോഭന സനഹാസനൻ, പത്മജ അഭിലാഷ് എന്നിവർ പ്രസംഗിച്ചു.
മാധ്യമപ്രവര്‍ത്തകയോട് മോശമായി സംസാരിച്ച സംഭവത്തില്‍ കേസെടുത്തതില്‍ പ്രതികരിച്ച് നടന്‍ ശ്രീനാഥ് ഭാസി. ചട്ടമ്പി സിനിമയുടെ പ്രദര്‍ശനത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് പ്രതികരണം. താന്‍ ആരെയും തെറിവിളിച്ചിട്ടില്ല, തന്നോട് മോശമായി പെരുമാറിയപ്പോള്‍ സാധാരണ മനുഷ്യന്‍ എന്ന നിലയില്‍ നടത്തിയ പ്രതികരണമാണെന്നും ശ്രീനാഥ് ഭാസി പറഞ്ഞു.
കേസില്‍ നടനെ ഇന്ന് പോലീസ് ചോദ്യം ചെയ്യും. സ്ത്രീത്വത്തെ അപമാനിച്ചുവെന്നാണ് നടനെതിരെയുള്ള കേസ്. സിനിമയുടെ പ്രചാരണത്തിന്റെ ഭാഗമായുള്ള അഭിമുഖത്തിനിടെയായിരുന്നു സംഭവം. പോലീസിന് പുറമേ വനിതാ കമ്മീഷനിലും അവതാരക പരാതി നല്‍കിയിരുന്നു.
അതേസമയം, അഭിമുഖത്തിനിടെ അധിക്ഷേപിച്ചെന്ന യൂട്യൂബ് ചാനല്‍ അവതാരക നല്‍കിയ പരാതിയില്‍ മരട് പോലീസ് കേസെടുത്തിരുന്നു. നടന്‍ ലൈംഗികച്ചുവയോടെ സംസാരിച്ചെന്നും എഫ്‌ഐആര്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. ശ്രീനാഥ് ഭാസിക്കെതിരെ മൂന്ന് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ട്. ഐപി സി 354 എ (1) (4), 294 ബി, 509 വകുപ്പുകള്‍ പ്രകാരമാണ് കേസ്.
ദുരൂഹ സാഹചര്യത്തില്‍ കാണാതായ എട്ട് വയസുകാരന്റെ മൃതദേഹം പുഴയില്‍ കണ്ടെത്തി. താമരശേരി അണ്ടോണയില്‍ വെള്ളച്ചാലില്‍ വീട്ടില്‍ മുഹമ്മദ് അമീന്റെ മൃതദേഹമാണ് വീടിന് പുറകിലെ പുഴയില്‍ നിന്ന് കണ്ടെത്തിയത്.
ഇന്നലെ ഉച്ചയോടെയാണ് അമീനെ കാണാതായത്. പുഴയില്‍ വീണോ എന്ന സംശയത്തെത്തുടര്‍ന്ന് പോലീസും ഫയര്‍ ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് തിരച്ചില്‍ നടത്തുകയായിരുന്നു. തുടര്‍ന്നാണ് മൃതദേഹം കണ്ടെടുത്തത്.
കളരാന്തിയി ജി എം എൽ പി സ്‌കൂൾ മൂന്നാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു. വെള്ളച്ചാൽ വി സി അഷ്റഫിന്റെ മകനാണ് മരിച്ച മുഹമ്മദ് അമീൻ.
മലയാളികളുടെ പ്രിയപ്പെട്ട നടൻ തിലകന്റെ ഓർമകൾക്ക് പത്ത് വയസ്. അസാധാരണമായ പ്രതിഭാവിലാസവും അഭിനയത്തിലെ വൈവിധ്യവും കൊണ്ട് മലയാളികളുടെ ഹൃദയത്തിൽ ചിരപ്രതിഷ്ഠ നേടിയ നടനാണ് തിലകൻ.
ശബ്ദത്തിലെ ഗാംഭീര്യവും ശരീരഭാഷയും…കഥാപാത്രങ്ങളിലേക്ക് പരകായപ്രവേശം നടത്തുംപോലെ. അടിമുടി അഭിനയത്തിലലിഞ്ഞുനിന്നു തിലകൻ. അഭിനയത്തിലെ പൂർണതയായിരുന്നു തിലകൻ. അക്ഷരാർത്ഥത്തിൽ ലോകനിലവാരത്തിലുള്ള നടൻ. വിശേഷണങ്ങൾക്ക് അപ്പുറത്തായിരുന്നു ആ അഭിനയവൈവിധ്യം.
ഏത് വേഷവും തിലകന് അനായാസം വഴങ്ങി. വില്ലൻ വേഷവും ഹാസ്യവേഷവും ഒരേസമയം തിലകൻ തകർത്താടി. മോഹൻലാലിനൊപ്പം തിലകൻ അഭിനയിച്ച സിനിമകളെല്ലാം പ്രേക്ഷകർ ശ്വാസമടക്കിപ്പിടിച്ചിരുന്നാണ് കണ്ടത്. നാടകത്തിൽ തുടങ്ങി സിനിമയിൽ എത്തിയ തിലകൻറെ നടനവൈഭവത്തിന് മലയാളികൾ പലതവണ സാക്ഷികളായി.
നിലപാടുകളിൽ വിട്ടുവീഴ്ചയില്ലാത്ത, കർക്കശക്കാരനായ തിലകൻ പലപ്പോഴും വിവാദങ്ങളിൽ നിറഞ്ഞു നിന്നു. അഭിനയ ജീവിതത്തിന്റെ അവസാന ഘട്ടത്തിൽ അൻവർ റഷീദിന്റെ ഉസ്താദ് ഹോട്ടലിലും രഞ്ജിത്തിന്റെ ഇന്ത്യൻ റുപ്പിയിലും അഭിനയത്തിന്റെ തിലകൻ ശൈലി മലയാളികൾ കണ്ടു.
അഭിനയിച്ചു കൊണ്ടിരിക്കെ കുഴഞ്ഞു വീണു. ആദ്യം തൃശൂര്‍ ജൂബിലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു . പിന്നീട് തിരുവനന്തപുരം കിംസിലേക്ക് മാറ്റി. 2012 സെപ്റ്റംബര്‍ 24 ന് മരണം. മരണത്തിലേക്ക് കുഴഞ്ഞു വീഴുമ്പോഴും, ക്യാമറയ്ക്ക് മുന്നിലായിരുന്നു തിലകന്‍. തിരശ്ശീലയ്ക്ക് മുന്നിലും പിന്നിലും ആണത്തമായിരുന്നു തിലകന്റെ മുഖമുദ്ര. മലയാളി മറക്കാത്ത അഭിനയമാണ് തിലകന്റേത്. സിനിമാലോകത്തെ താന്‍പോരിമകളെ ചെറുത്ത പോരാട്ടവീര്യവും മലയാളികള്‍ ഓര്‍മ്മിക്കാതിരിക്കില്ല.
1935-ല്‍ പത്തനംതിട്ട ജില്ലയിലെ അയിരൂര്‍ പ്ലാങ്കമണ്ണിലാണ് തിലകന്റെ ജനനം. പിതാവ് പാലപ്പുറത്ത് ടി എസ് കേശവന്‍. മാതാവ് ദേവയാനി. ആശാന്‍ പള്ളിക്കൂടത്തിലും സെന്റ് ലൂയിസ് സ്‌കൂളിലുമായി പ്രാഥമിക വിദ്യാഭ്യാസം. തുടര്‍ന്ന് കൊല്ലം എസ്എന്‍ കോളെജില്‍ പഠനം.
കോളെജ് വിദ്യാഭ്യാസത്തിനു ശേഷമാണ് തിലകന്‍ അഭിനയ വഴിയിലേക്ക് തിരിഞ്ഞത്. മുണ്ടക്കയം നാടക സമിതിയാണ് അഭിനയത്തിലേക്ക് കൈപിടിച്ചത്. തുടര്‍ന്ന് കെപിഎസിയില്‍ എത്തി. 1956 വരെ കേരള പീപ്പിള്‍സ് ആര്‍ട്‌സ് ക്ലബ്ബില്‍ തുടര്‍ന്നു. കാളിദാസ കലാകേന്ദ്രത്തിലും പി ജെ ആന്റണിയുടെ ട്രൂപ്പിലും അംഗമായിരുന്നു. ആന്റണി തന്നെയാണ് സിനിമയില്‍ ആദ്യാവസരം നല്‍കിയത്. 1973-ല്‍ പുറത്തിറങ്ങിയ ‘പെരിയാറി’ലൂടെ തിലകന്‍ സിനിമാനടനായി.
‘ഗന്ധര്‍വക്ഷേത്രം’, ‘ഉള്‍ക്കടല്‍’ എന്നീ സിനിമകള്‍ക്കു ശേഷം ‘കോല’ങ്ങളിലാണ് (1981) തിലകന്‍ വേഷമിട്ടത്. കള്ളു വര്‍ക്കിയെന്ന കഥാപാത്രം വഴിത്തിരിവായി.ഒരു വര്‍ഷം കൂടി കഴിയുമ്പോള്‍, തിലകനെ തേടി സംസ്ഥാന സര്‍ക്കാരിന്റെ അംഗീകാരമെത്തി. ‘യവനിക’യിലെ (1982) അഭിനയത്തിന് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ചു. കാമ്പുള്ള കഥാപാത്രങ്ങള്‍ തുടര്‍ച്ചയായി തിലകനെ തേടിയെത്തി. 1988-ലും 1994-ലും മികച്ച സഹനടനുള്ള ദേശീയ പുരസ്‌കാരവും ലഭിച്ചു. ഇടത്തട്ടുകാരന്റെ ജീവിതമാണ് പലപ്പോഴും തിലകന്‍ അഭിനയിച്ചു തീര്‍ത്തത്. ശബ്ദവും രൂപവും മധ്യവര്‍ഗ്ഗ ആണത്തത്തിന്റെ അടയാളമായി. അച്ഛന്‍ വേഷങ്ങളിലെ രസതന്ത്രം ‘തിലകന്‍സിനിമകളെ’ തുടര്‍ഹിറ്റുകളാക്കി. തിലകന്‍-മോഹന്‍ലാല്‍ കൂട്ടുകെട്ട് ഒരുകാലത്ത് വിജയസമവാക്യമായിരുന്നു.
ഇടവേളയ്ക്കു ശേഷം സജീവമായപ്പോഴും മലയാളി തിലകന്റെ അഭിനയമികവ് കണ്ടറിഞ്ഞു. 2011-ല്‍ പുറത്തുവന്ന ‘ഇന്ത്യന്‍ റുപ്പിയും’ 2012-ല്‍ ഇറങ്ങിയ ‘ഉസ്താദ് ഹോട്ടലും’ അവസാനകാലത്തെ ഹിറ്റുചിത്രങ്ങളായി. ‘സീന്‍ ഒന്ന്, നമ്മുടെ വീട്’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് തിലകന്‍ മരണത്തിലേക്ക് വീണുപോയത്.
‘പെരുന്തച്ച’നിലെ(1990) അഭിനയം തിലകനെ ദേശീയ പുരസ്‌കാരത്തിന് തൊട്ടടുത്ത് എത്തിച്ചു. എന്നാല്‍, രാഷ്ട്രീയ ഇടപെടല്‍ തിരിച്ചടിയായി. അമിതാബ് ബച്ചനാണ് പുരസ്‌കാരം ലഭിച്ചത്. അമിതാബിനെ കോണ്‍ഗ്രസ് രാഷ്ട്രീയത്തിന്റെ ഭാഗമാക്കാന്‍ രാജീവ് ഗാന്ധിയാണ് ഇടപെടല്‍ നടത്തിയതെന്ന് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.
സംവിധായകന്‍ വിനയന്റെ ചിത്രത്തില്‍ അഭിനയിച്ചതോടെ 2010-ല്‍ തിലകനെ സിനിമാമേലാളന്‍മാര്‍ വിലക്കി. ‘ക്രിസ്ത്യന്‍ ബ്രദേഴ്‌സ്’ എന്ന ചിത്രത്തില്‍ നിന്നായിരുന്നു ആദ്യ ഒഴിവാക്കല്‍. പിന്നീടിതു തുടര്‍ന്നു. സിനിമാ സംഘടനകളായ ‘അമ്മ’യും ‘ഫെഫ്ക’യും തിലകനെ ഒഴിവാക്കാന്‍ മുന്നില്‍ നിന്നു. ഏറെക്കാലം വീറോടെ പൊരുതി തിലകനെന്ന മഹാനടന്‍. സൂപ്പര്‍താരങ്ങള്‍ക്ക് എതിരായ വിമര്‍ശം തിലകനെ സിനിമാലോകത്ത് ഒറ്റപ്പെടുത്തി. ആണത്തം കൊണ്ടാണ് തിലകന്‍ അതിനെയൊക്കെ നേരിട്ടത്.
ഇരുന്നൂറോളം മലയാള സിനിമകളില്‍ തിലകന്‍ അഭിനയിച്ചു. തമിഴ്,തെലുങ്ക് ചിത്രങ്ങളിലും വേഷമിട്ടിട്ടുണ്ട്. അയനം (1985) , യാത്ര (1985) , സന്‍മനസുള്ളവര്‍ക്ക് സമാധാനം (1986) , പഞ്ചാഗ്നി ( 1986) , നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍ (1986) , മൂന്നാംപക്കം ( 1988) , ധ്വനി (1988) , കിരീടം (1989) , ചെങ്കോല്‍ (1993) , മിന്നാരം (1994) , അനിയത്തിപ്രാവ് (1997) , വീണ്ടും ചില വീട്ടുകാര്യങ്ങള്‍ (1999) , പ്രജാപതി ( 2006) , ഏകാന്തം (2007), ഇവിടം സ്വര്‍ഗ്ഗമാണ് (2009)
കൈ ഞരമ്പ് മുറിച്ച് രക്തം വാർന്ന് മരിച്ച നിലയിൽ പോലീസ് സബ് ഇൻസ്‌പെക്ടറെ കണ്ടെത്തി. തിരുവനന്തപുരം പാങ്ങോട് കെ.ടി കുന്ന് സനിൽ ഭവനിൽ യു സജിത്തിനെയാണ് പറമ്പിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തൃപ്പൂണിത്തുറ ഹിൽപ്പാലസ് കെ.എ.പി. ബറ്റാലിയനിലെ എസ്.ഐ ആയിരുന്നു 40കാരനായ സജിത്ത്.
വെള്ളിയാഴ്ച രാവിലെ എരൂർ കണിയാമ്പുഴ റോഡിൽ തിട്ടേപ്പടി ജങ്ഷനു സമീപത്തുള്ള പറമ്പിലാണ് സജിത്തിന്റെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് അരികിൽ നിന്ന് ഇദ്ദേഹത്തിന്റെ മൊബൈൽ ഫോണും കണ്ടെത്തിയിട്ടുണ്ട്. എം.എസ്.പി.യിലായിരുന്ന സജിത്ത് കഴിഞ്ഞ മാസമാണ് മാറ്റം കിട്ടി കെ.എ.പി. ഒന്നാം ബറ്റാലിയനിൽ എത്തിയത്.
ചികിത്സാ അവധി കഴിഞ്ഞ് വെള്ളിയാഴ്ച ഡ്യൂട്ടിയിൽ പ്രവേശിക്കേണ്ട സമയം വരികയായിരുന്നു. ഇതിനിടയിലാണ് അപ്രതീക്ഷിത മരണം. അതേസമയം, മൃതദേഹത്തിന് ഒന്നിലധികം ദിവസത്തെ പഴക്കം ഉണ്ടെന്ന് കേസന്വേഷിക്കുന്ന തൃപ്പൂണിത്തുറ പോലീസ് പറഞ്ഞു.
മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളേജാശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിട്ടുണ്ട്. ശനിയാഴ്ച പോസ്റ്റ്‌മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. അച്ഛൻ: ഉപേന്ദ്രൻ, അമ്മ: ലീലാകുമാരി.
വര്‍ക്കല മേല്‍വെട്ടൂരിലില്‍ കിടപ്പുരോഗിയായ സഹോദരനെ ഡോക്ടര്‍ കുത്തിക്കൊന്നു. മേല്‍വെട്ടൂര്‍ സ്വദേശി സന്ദീപ് (47) ആണ് കുത്തേറ്റ് മരണപ്പെട്ടത്. വെളുപ്പിന് ഒന്നര മണിയോടെയാണ് സംഭവം.
നാല് വര്‍ഷത്തോളമായി കിടപ്പ് രോഗിയായ സന്ദീപിനെ സഹോദരന്‍ വെറ്ററിനറി ഡോക്ടര്‍ കൂടിയായ സന്തോഷ് (49) ആണ് കുത്തി കൊന്നത്. കത്തി കൊണ്ട് നെഞ്ചില്‍ കുത്തിയിറക്കിയ നിലയിലാണ് സന്ദീപിനെ വര്‍ക്കല താലൂക്ക് ആശുപത്രിയില്‍ എത്തിച്ചത്. സന്തോഷിനെ പോലീസ് വീട്ടില്‍ നിന്നും കസ്റ്റഡിയില്‍ എടുത്തു.
പാങ്ങോട് മിലിറ്ററി ഹോസ്പിറ്റലില്‍ ജോലിയില്‍ ഇരിക്കവേ ഫിക്‌സ് വന്ന് നാല് വര്‍ഷത്തോളമായി സന്ദീപ് കിടപ്പ് രോഗിയാണ്. ഇദ്ദേഹത്തിന്റെ സഹോദരന്‍ സന്തോഷ്, വെറ്ററിനറി ഡോക്ടര്‍ ആയി കട്ടപ്പനയില്‍ ജോലി ചെയ്ത് വരികയായിരുന്നു. തികഞ്ഞ മദ്യപാനിയായ ഇയാള്‍ സ്ഥിരമായി മദ്യപിച്ചു ജോലിക്കെത്തുകയും തുടര്‍ന്ന് സസ്പെന്‍ഷനില്‍ ആവുകയുമായിരുന്നു. വീടിനോട് ചേര്‍ന്നുള്ള ഔട്ട് ഹൗസില്‍ ആണ് സന്ദീപ് താമസിച്ചു വന്നിരുന്നത്.
കഴിഞ്ഞദിവസം രാത്രി അമിതമായി മദ്യപിച്ച സന്തോഷ് സന്ദീപ് താമസിക്കുന്ന ഔട്ട് ഹൗസില്‍ അതിക്രമിച്ചു കടക്കുകയും സന്ദീപിന്റെ തൊണ്ടയിലൂടെ ആഹാരം നല്‍കുന്നതിനായി ഉള്ള പൈപ്പ് ഇട്ടിരുന്നത് വലിച്ചെടുക്കാന്‍ ശ്രമിക്കുകയും അക്രമസക്തനാവുകയും ചെയ്തു.
ഇത് കണ്ട് ഭയന്ന, സന്ദീപിനെ ശുശ്രൂഷിക്കുന്ന സത്യദാസ് ആണ് വിവരം പോലീസിനെ അറിയിക്കുന്നത്. എന്നാല്‍ നിമിഷങ്ങള്‍ക്കകം കയ്യില്‍ കരുതിയിരുന്ന കത്തി കൊണ്ട് സന്തോഷ് സന്ദീപിന്റെ നെഞ്ചില്‍ കുത്തിയിറക്കുകയായിരുന്നു എന്നാണ് സത്യദാസ് പോലീസിന് നല്‍കിയ മൊഴി.
കത്തി പൂര്‍ണ്ണമായും നെഞ്ചില്‍ ആഴ്ന്നിറങ്ങിയിട്ടുണ്ട്. പോലീസ് സ്ഥലത്തെത്തി സന്ദീപിനെ വര്‍ക്കല താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം വര്‍ക്കല താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. സംഭവത്തില്‍ വര്‍ക്കല പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
സന്ദീപ് അവിവാഹിതനാണ്. കിടപ്പ് രോഗിയായ സന്ദീപിനെ സത്യദാസ് ആണ് വര്‍ഷങ്ങളായി ശുശ്രൂഷിച്ചു വരുന്നത്. സന്ദീപിന്റെ മാതാവ് സോമലത സംഭവസമയം വീട്ടില്‍ ഉണ്ടായിരുന്നു. പിതാവ് സുഗതന്‍ വര്‍ഷങ്ങള്‍ക്ക് മുന്നേ മരണപ്പെട്ടിരുന്നു.
ജമ്മുവിൽ മലയാളി സൈനികൻ സ്വയം വെടിയുതിർത്തു മരിച്ചതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചു. കണ്ടല്ലൂർ തെക്ക് തറയിൽ കിഴക്കതിൽ രവിയുടെ മകൻ ആർ കണ്ണൻ (26) ആണ് ഡ്യുട്ടിക്ക് ഇടയിൽ വെടി വെച്ചു മരിച്ചതായി വീട്ടുകാർക്ക് വിവരം ലഭിച്ചത്.
ജമ്മുവിൽ രാഷ്ട്രീയ റൈഫിളിൽ ആയിരുന്നു കണ്ണൻ ഡ്യൂട്ടി ചെയ്തിരുന്നത്. വ്യാഴാഴ്ച്ച വൈകിട്ട് 6 മണിയോടെ മേൽ ഉദ്യോഗസ്ഥൻ വീട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. ഓണത്തിന് നാട്ടിൽ എത്തി പതിനേഴാം തീയതിയാണ് ലീവ് കഴിഞ്ഞു തിരികെ മടങ്ങിയത്.കുടുംബ പ്രശ്നമാണ് ജീവനൊടുക്കാൻ കാരണമെന്നാണ് സൂചന.
ഭാര്യ:ദേവു. മാതാവ്: പത്മാക്ഷി. മൃതദേഹം നാളെ ( ശനി ) വൈകിട്ട് 7 മണിയോടെ വിമാന മാർഗം നാട്ടിൽ എത്തിച്ച് തിരുവനന്തപുരം പാങ്ങോട് സൈനിക ക്യാമ്പിൽ പൊതുദർശനത്തിന് വെക്കും. തുടർന്ന് മറ്റെന്നാൾ ( ഞായർ) രാവിലെ 9 മണിയോടെ വീട്ടിൽ എത്തിക്കുമെന്ന് ബന്ധുക്കൾ പറഞ്ഞു.
മാരക മയക്കുമരുന്നുമായി മലയാളി സീരിയൽ നടൻ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ. 191 ഗ്രാം എംഡിഎംഎയുമായാണ് മലയാളി സീരിയൽ നടൻ ഷിയാസ്, മുഹമ്മദ് ഷാഹിദ്, മംഗൾതൊടി ജിതിൻ എന്നിവരെ കർണാടക പൊലീസ് പിടികൂടിയത്.
ഇവരിൽ നിന്ന് 2.80 കിലോഗ്രാം കഞ്ചാവും പിടിച്ചെടുത്തിട്ടുണ്ട്.ബെംഗളുരുവിലെ എൻഐഎഫ്ടി കോളേജിന് സമീപത്തു വെച്ചാണ് പ്രതികളെ പിടികൂടിയത്. ഇവർക്കെതിരെ നാർകോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് ആക്ട് 1985 പ്രകാരം കേസെടുത്തിട്ടുണ്ട്. കർണാടകയിലെ കോളേജ് വിദ്യാർത്ഥികൾക്കായാണ് ഇവർ മയക്കുമരുന്ന് വിൽപന നടത്തിയതെന്നും പൊലീസ് പറഞ്ഞു.
ആറ് ലക്ഷത്തോളം വില വരുന്ന ലഹരിവസ്തുക്കളാണ് പ്രതികളിൽ നിന്നും പിടികൂടിയത്. ഇവർ വൻകിട നിശാപാർട്ടികളിലും ലഹരി വസ്തുക്കൾ എത്തിക്കാറുണ്ടെന്നും വിവരമുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് സിറ്റി സൗത്ത് ഈസ്‌റ്റ് ഡിവിഷൻ ഡിസിപി സി കെ ബാബ അറിയിച്ചു.