Kerala

പാലക്കാട് ചിറ്റൂരില്‍ നിന്ന് കാണാതായ യുവാവിന്റേതെന്ന് സംശയിക്കുന്ന മൃതദേഹം കണ്ടെടുത്തു. യാക്കര പുഴയിലെ ചതുപ്പില്‍ യുവാവിനെ കൊലപ്പെടുത്തി താഴ്ത്തിയെന്ന് സുഹൃത്തുക്കള്‍ മൊഴി നല്‍കിയിരുന്നു. ഇതേ തുടര്‍ന്നുള്ള പൊലീസ് പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.

പാലക്കാട് തത്തമംഗലം സ്വദേശി സുവീഷ് (20) ആണ് കൊല്ലപ്പെട്ടത്. കേസില്‍ ആറ് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. സ്വരാജ്, ഹക്കീം, ഋഷികേശ്, അജയ്, ഷമീര്‍, മദന്‍കുമാര്‍ എന്നിവരെയാണ് സൗത്ത് പൊലീസ് കസ്റ്റഡിയിലെടുത്തത്.

ജൂലൈ 19നാണ് സുബിഷിനെ കാണാതായത്. അന്നേ ദിവസം രാത്രി പാലക്കാടുള്ള മെഡിക്കല്‍ ഷോപ്പിന് സമീപത്തു നിന്ന് സുബിഷിനെ ബലമായി സ്‌കൂട്ടറില്‍ കയറ്റി കൊണ്ടുപോവുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മലബാര്‍ ആശുപത്രിയ്ക്ക് സമീപം ശ്മാശനത്തില്‍ വെച്ച് വടികൊണ്ടും കൈകൊണ്ടും അടിച്ചും ചവിട്ടിയുമായിരുന്നു കൊലപാതകമെന്നും പൊലീസ് അറിയിച്ചു. 20ന് രാവിലെയാണ് മൃതദേഹം പ്രതികള്‍ യാക്കര പുഴയില്‍ ഉപേക്ഷിച്ചത്.

അതേസമയം സുവീഷിന് വധഭീഷണി ഉണ്ടായിരുന്നതായി അമ്മ വിജി പറഞ്ഞു. കാര്‍ വാടകയ്‌ക്കെടുത്തതിനെച്ചൊല്ലിയായിരുന്നു ഭീഷണി. നേരത്തെയും സുഹൃത്തുക്കള്‍ വീട്ടിലെത്തി മര്‍ദിച്ചിരുന്നതായും വിജി പറഞ്ഞു.

മദ്യം മോഷ്ടിച്ചെന്ന പേരില്‍ സമൂഹ മാധ്യമങ്ങളില്‍ ചിത്രം പ്രചരിപ്പിച്ചതിന് മലയാളി ഡോക്ടറോട് മാപ്പ് പറഞ്ഞ് ഓസ്‌ട്രേലിയന്‍ പൊലീസ്. തൃശൂര്‍ സ്വദേശിയായ ഡോക്ടര്‍ പ്രസന്നന്‍ പൊങ്ങണംപറമ്പിലാണ് രണ്ടു വര്‍ഷത്തെ നിയമ പോരാട്ടത്തിനൊടുവില്‍ വിജയം നേടിയത്. 2019 ലായിരുന്നു കേസിന് ആസ്പദമായ സംഭവം. ഇക്കഴിഞ്ഞ ആഗസ്റ്റ് 19നായിരുന്നു ഫേസ്ബുക്ക് പോസ്റ്റിലൂടെ പൊലീസ് ഡോക്ടറോട് പരസ്യമായി മാപ്പ് പറഞ്ഞത്.ഓസ്‌ട്രേലിയയിലെ വിക്ടോറിയ ലാട്രോബ് റീജണല്‍ ഹോസ്പിറ്റലില്‍ ഡോക്ടറായ പ്രസന്നന്‍ കടുത്ത മാനസിക സംഘര്‍ഷങ്ങളിലൂടെയായിരുന്നു കടന്നു പോയത്.

2020 മെയ് 15നായിരുന്നു മദ്യഷോപ്പില്‍ നിന്ന് റം മോഷ്ടിച്ചുവെന്ന് സംശയിക്കുന്നയാള്‍ എന്ന് പറഞ്ഞ് പ്രസന്നന്റെ ചിത്രം പേക്കന്‍ഹാം ലോക്കല്‍ പൊലീസ് ഫേസ്ബുക്കിലിടുന്നത്. മെയ് 16ന് പ്രസന്നന്റെ ഭാര്യ നിഷയുടെ സുഹൃത്ത് ഇക്കാര്യം ശ്രദ്ധയില്‍പ്പെടുത്തി. ഉടന്‍ തന്നെ പേക്കന്‍ഹാം സ്റ്റേഷനിലെത്തി മദ്യം വാങ്ങിയതിന്റെ ബില്ല് കാണിച്ചുവെങ്കിലും കുറ്റവാളിയോടെന്ന പോലെ മുന്‍വിധിയോടെയായിരുന്നു പൊലീസ് പെരുമാറിയത്. ഇതിനെതിരെ കേസ് നല്‍കിയെങ്കിലും കൊവിഡ് കാരണം രണ്ടു വര്‍ഷത്തോളം കേസ് നീണ്ടുപോയുകയായിരുന്നു.

പ്രസന്നനും നിഷയും കോക്ക്‌ടെയില്‍ ഉണ്ടാക്കുന്നതിനായി റം വാങ്ങാനാന്‍ മദ്യ ഷോപ്പില്‍ പോയിരുന്നു. പണം നല്‍കി റെസീപ്റ്റ് വാങ്ങിയ ശേഷം വില ഉറപ്പിക്കുന്നതിനായി ഒരു തവണ കൂടി ഷോപ്പിലേക്ക് ചെന്നു. വില കൃത്യമാണെന്ന് ബോധ്യപ്പെട്ടപ്പോള്‍ റമ്മുമായി കാറില്‍ കയറിപ്പോയി. എന്നാല്‍ പണം നല്‍കാതെ പോയെന്ന് തെറ്റിദ്ധരിച്ച ഷോപ്പ് അധികൃതര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇതോടെ പ്രസന്നന്‍ മദ്യക്കുപ്പിയുമായി നില്‍ക്കുന്ന സിസിടിവി ദൃശ്യം പങ്കുവച്ച് പൊലീസ് ഫേസ്ബുക്കില്‍ പോസ്റ്റിടുന്നത്. മദ്യ ഷോപ്പില്‍ മോഷണം നടന്നെന്നും ചിത്രത്തില്‍ കാണുന്നയാളെ കണ്ടു കിട്ടുന്നവര്‍ പൊലീസിനെ ബന്ധപ്പെടണമെന്നുമായിരുന്നു പോസ്റ്റില്‍ പറഞ്ഞത്.

‘കേട്ടപ്പോള്‍ വല്ലാത്ത അവസ്ഥയിലായിരുന്നു. ഇനി ഞങ്ങള്‍ കാശടിച്ചില്ലേ എന്ന് ഒരുവേള ഭയപ്പെട്ടു എന്നാല്‍ കാറില്‍ നിന്ന് ബില്ല് കിട്ടിയതോടെയാണ് ആശ്വാസമായത്. പൊലീസ്‌നെ സമീപിച്ചപ്പോള്‍ അവര്‍ക്ക് ബില്ല് നോക്കി ഷോപ്പില്‍ വിളിച്ച് ക്രോസ് ചെക്ക് ചെയ്താല്‍ മതിയായിരുന്നു. പക്ഷെ അവരത് ചെയ്തില്ല. ആ പ്രത്യേക പോലീസുദ്യോഗസ്ഥര്‍ മുന്‍വിധി, ധാര്‍ഷ്ട്യം, വംശീയത എന്നിവ മൂലമൊക്കെയാവാം കുറ്റക്കാരന്‍ എന്ന തീര്‍പ്പിലെത്തിയപോലെ പെരുമാറിയത്. കുറ്റവാളിയോടെന്ന പോലെ പോലീസ് വാനിലിരുത്തിയാണ് കൊണ്ടുപോയത് മാത്രവുമല്ല അവരീ കേസിനെ തെറ്റായ ദിശയില്‍ കൈകാര്യം ചെയ്തു എന്നതാണ് നിയമ നടപടിക്കൊരുങ്ങാന്‍ എന്നെ പ്രേരിപ്പിച്ചത്. റെസീപ്റ്റ് ഉണ്ടെന്ന് പറഞ്ഞിട്ടും അവര്‍ അത് ചോദിച്ചില്ല’, ഡോക്ടര്‍ പ്രസന്നന്‍ പറയുന്നു.

‘ഗൂഗിള്‍ പേ വഴിയാണ് കാശടച്ചത്. അതിന്റെ രേഖയുണ്ടായിരുന്നു. പക്ഷെ ബില്ലിൽ കൃത്യമായ ഐറ്റം, നമ്പര്‍ എന്നിവ രേഖപ്പെടുത്തുമെന്നതിനാല്‍ കാര്യങ്ങള്‍ കുറച്ചു കൂടി എളുപ്പമായി. മാത്രവുമല്ല എത്രകാശ് ചിലവായാലും ഒരു കാരണവുമില്ലാതെ പൊതുവിടത്തില്‍ അപമാനിതനായതിനും മനുഷ്യാവകാശ ലംഘനം നടത്തിയതിനും പോരാടണമെന്നുറച്ചിരുന്നു’, പ്രസന്നന്‍ കൂട്ടിച്ചേര്‍ത്തു.

റെസീപ്റ്റുണ്ടോ എന്ന ഒറ്റ ചോദ്യത്തില്‍ തീര്‍ക്കാമായിരുന്ന പ്രശ്‌നത്തിലാണ് പൊലീസിന്റെ മുന്‍വിധി മൂലം പ്രസന്നനും കുടുംബത്തിനും മാനസികമായി പ്രയാസങ്ങള്‍ അനുഭവിക്കേണ്ടി വന്നത്. കാര്യങ്ങള്‍ ബോധ്യപ്പെട്ടിട്ടും ഒരു ദിവസം വോകിയാണ് ഫോട്ടോ ഫേസ്ബുക്കില്‍ നിന്ന് നീക്കം ചെയ്തത്. ഇതിനിടയില്‍ത്തന്നെ ധാരാളം പേര്‍ ചിത്രം ഷെയര്‍ ചെയ്തിരുന്നു. പോസ്‌റിന് താഴെ അപമാനകരമായ കമന്റുകളും നിറഞ്ഞിരുന്നു.മാനസിക സംഘര്‍ഷമേറിയപ്പോള്‍ സൈക്കോളജിസ്റ്റിനെ കാണേണ്ടിവന്നുവെന്നും പ്രസന്നന്‍ പറയുന്നു.

ഓസ്ട്രേലിയയില്‍ ഡോക്ടര്‍ രജിസ്ട്രേഷന്‍ എല്ലാ വര്‍ഷവും റിവ്യു ചെയ്യണം. പൊതു സമൂഹത്തില്‍ നിന്ന് ഡോക്ടറെ കുറിച്ച് മോശമായ എന്തെങ്കിലും പ്രതികരണങ്ങളുണ്ടായാല്‍ അത് പബ്ലിഷ് ചെയ്യും. ഡോക്ടറുടെ ചരിത്രം രോഗി അറിയണമെന്ന യുക്തിയില്‍ നിന്നാണ് ഇങ്ങനെ ചെയ്യുന്നത്. അതുകൊണ്ട് തന്നെ ഫെയ്സ്ബുക്ക് പോസ്റ്റ് പ്രസന്നനെയും കുടുംബത്തെയും കൂടുതല്‍ ആശങ്കയിലാഴ്ത്തിയത്. ഒബ്രിയന്‍ ക്രിമിനല്‍ ആന്റ് സിവില്‍ സോളിസിറ്റെഴ്‌സിലെ സ്റ്റിവാര്‍ട്ട് ഓകോണല്‍ ആയിരുന്നു പ്രസന്നന്റെ അഭിഭാഷകന്‍.

കേരള കോൺഗ്രസ് വൈസ് ചെയർമാൻ സാജൻ ഫ്രാൻസിസ് അന്തരിച്ചു.മുൻ മന്ത്രി സി.എഫ്.തോമസിൻ്റെ സഹോദരനാണ്. ചങ്ങനാശേരി നഗരസഭ മുൻ ചെയർമാനായിരുന്നു.ചങ്ങനാശേരി യുഡിഎഫിന് ഭൂരിപക്ഷമുള്ള നഗരസഭയായിരുന്നു . എന്നാൽ കേരളാ കോൺഗ്രസിലെ പിളർപ്പോടെ കാര്യങ്ങൾ മാറി മറിഞ്ഞു. ജോസ് കെ മാണിയും കൂട്ടരും ഇടതുപക്ഷത്ത് എത്തിയപ്പോഴാണ് സാജൻ ഫ്രാൻസിസ് ചെയർമാനായത്. 2020ലെ യുഡിഎഫ് യോഗത്തിൽ നിന്ന് നാലു കൗൺസിലർമാർ വിട്ടുനിന്നിരുന്നു.

ഇതോടെയാണ് യുഡിഎഫ് ക്യാമ്പിൽ നഗരസഭാ ഭരണം നഷ്ടമാകുമോയെന്ന ആശങ്കയേറിയത്. തുടർന്ന് യോഗത്തിൽ നിന്ന് വിട്ടുനിന്ന കൗൺസിലർമാരുമായി ചർച്ചകൾ ആരംഭിച്ചു. ഇവർക്ക് വിപ്പും നൽകി. അട്ടിമറി സാധ്യത ഉണ്ടാകില്ലെന്ന വിശ്വാസത്തിൽ യുഡിഎഫ് തുടർന്നെങ്കിലും തലനാരിഴയ്ക്കാണ് ഭരണം നിലനിർത്തിയത്. അങ്ങനെയാണ് സാജൻ ഫ്രാൻസിസ് ചെയർമാനായത്.

അന്ന് കേരള കോൺഗ്രസ് ജോസ് വിഭാഗം കൗൺസിലർമാർ പി.ജെ. ജോസഫ് വിഭാഗം സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്തു എന്നതാണ് വസ്തുത. അതുകൊണ്ടാണ് യു.ഡി.എഫ് സ്ഥാനാർത്ഥിയെ പരാജയപ്പെടുത്താൻ എൽ.ഡി.എഫ് നടത്തിയ നീക്കങ്ങൾ ഫലം കണാതെ പോയത്.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ സാജൻ ഫ്രാൻസിസ് യുഡിഎഫ് സ്ഥാനാർത്ഥിയായേക്കുമെന്ന് സൂചന പുറത്തു വന്നിരുന്നു. അന്ന് ചങ്ങനാശ്ശേരി നഗരസഭാ ചെയർമാൻ ആയ സാജൻ ഫ്രാൻസിസിന് മണ്ഡലത്തിലുള്ള സ്വാധീനം നിർണ്ണായകമായേക്കുമെന്നാണ് പാർട്ടിയുമായി അടുത്ത വൃത്തങ്ങൾ സൂചിപ്പിച്ചിരുന്നു. എന്നാൽ സീറ്റ് നൽകിയില്ല.

ചങ്ങനാശ്ശേരി എംഎൽഎ ആയിരുന്ന സി എഫ് തോമസ് 2020 സെപ്റ്റംബർ മാസത്തിലാണ് അർബുദ ബാധയെത്തുടർന്ന് അന്തരിച്ചത്. അദ്ദേഹത്തിന്റെ പിൻഗാമിയായി സഹോദരൻ വരണമെന്ന് തന്റെ പാർട്ടിയിലെ പ്രമുഖ നേതാവിനോട് അദ്ദേഹം പറഞ്ഞതായും പാർട്ടിവൃത്തങ്ങൾ സൂചന നൽകിയിരുന്നു. എന്നാൽ അതു നടക്കാതെ പോയി. പിജെ ജോസഫിന്റെ കൂടെ നിന്നിട്ടും അത് നടന്നില്ല. ഇത് സാജൻ ഫ്രാൻസിസിന് നിരാശയായി മാറുകയും ചെയ്തു.

ദൗതികശരീരം ഇന്ന് രാവിലെ ചങ്ങനാശേരിയിലെ വസതിയിൽ എത്തിക്കും. സംസ്ക്കാരം നാളെ (ശനിയാഴ്ച്ച) 2.30 ന് ചങ്ങനാശേരി മെത്രാപ്പോലിത്തൻ പള്ളിയിൽ.

 

: മാധ്യമപ്രവർത്തകൻ കെ എം ബഷീറിൻറെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയെ സമീപിച്ചു. നിലവിൽ നടക്കുന്ന അന്വേഷണം കാര്യക്ഷമമല്ലെന്നും പ്രതിയെ പ്രോസിക്യൂഷൻ സഹായിച്ചുമെന്നുമാണ് ഹർജിയിൽ പറയുന്നത്. പ്രതി ഉന്നത സ്വാധീനമുളള ഐഎഎസ് ഉദ്യോഗസ്ഥനായതിനാൽ സിബിഐ അന്വേഷണം വേണമെന്നാണ് കുടുബത്തിന്റെ ആവശ്യം.

ബഷീറിന്റെ സഹോദരനാണ് കോടതിയിൽ ഹർജി സമർപ്പിച്ചത്. ബഷീറിൻറെ കൈയിൽ നിന്ന് നഷ്ടമായ ഫോൺ കണ്ടെത്താത്തതിൽ ദുരൂഹത ഉണ്ടെന്ന് ഹർജിയിൽ ആരോപിക്കുന്നുണ്ട്. ‘ബഷീറിന് രണ്ട് മൊബൈൽ ഫോണുകളാണ് ഉണ്ടായിരുന്നത്. അതിൽ സാധാരണ രീതിയിലുള്ള പഴയ മൊബൈൽ ഫോൺ മാത്രമാണ് കണ്ടെടുത്തത്. റെഡ്മി ഫോൺ ഇതുവരെ കണ്ടെടുക്കാനായിട്ടില്ല. പ്രതിയെ സഹായിക്കാൻ പൊലീസ് ശ്രമിച്ചു എന്നതിന് തെളിവാണിത്’ എന്നാണ് ഹർജിയിൽ ഉന്നയിക്കുന്നത്.

‘ശ്രീറാം വെങ്കിട്ടരാമനേയും വഫയേയും കഫേ കോഫി ഡേ ഔട്ട്ലെറ്റിന് സമീപം സംശയകരമായ സാഹചര്യത്തിൽ ബഷീർ കണ്ടിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ മൊബെെലിൽ പകർത്തിയിരുന്നു. ഇക്കാര്യം മനസിലാക്കിയ ശ്രീറാം വെങ്കിട്ടരാമൻ മൊബെെൽ കെെവശപ്പെടുത്താൻ ശ്രമിച്ചു. പക്ഷെ അതിന് സാധിച്ചില്ല. ഇതിന്റെ വിരോധം ബഷീറിനോട് പ്രതിക്ക് ഉണ്ടായിരുന്നുവെന്നും ഹർജിയിൽ ആരോപിക്കുന്നു.

പ്രഥമദൃഷ്ട്യാ കേസ് നിലനിൽക്കുമെന്നിരിക്കെ പ്രോസിക്യൂഷൻ പ്രതിക്ക് അനുകൂല നിലപാടാണ് സ്വീകരിക്കുന്നത്. കൂടാതെ, നിലവിൽ സമർപ്പിച്ചിരിക്കുന്ന അന്വേഷണ റിപ്പോർട്ട് അപൂർണമാണ്. ഈ റിപ്പോർട്ട് അനുസരിച്ച് പ്രതി ശ്രീറാം വെങ്കിട്ടരാമനെതിരെ യാതൊരു അന്വേഷണത്തിനും സാധ്യതയില്ലെന്നും ഹർജിയിൽ പറയുന്നു.

2019 ഓഗസ്റ്റ് മൂന്നിന് പുലർച്ചെ ഒരു മണിക്കാണ് കേസിനാസ്പദമായ അപകടം നടന്നത്. ശ്രീറാം വെങ്കിട്ടരാമൻ മദ്യ ലഹരിയിൽ സുഹൃത്തായ വഫയുടെ വോക്‌സ് വാഗൺ കാറിൽ കവടിയാർ ഭാഗത്തു നിന്നും അമിതവേഗതയിൽ പോകവെ പബ്ലിക്ക് ഓഫീസ് മുൻവശം റോഡിൽ വച്ച് ബഷീറിനെ ബൈക്കിൽ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ബഷീറിനെ മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. മദ്യപിച്ചിരുന്ന ശ്രീറാം വെങ്കിട്ടരാമൻ ഇത് മറച്ചു വെക്കാൻ പൊലീസുമായി ഒത്തുകളിക്കുകയും രക്തസാമ്പിൾ പരിശോധനയ്ക്ക് സമ്മതിക്കാതെ

ലോകത്തിലെ നൈറ്റ് ലൈഫ് നഗരങ്ങളുടെ പട്ടികയിലേക്ക് തലസ്ഥാന നഗരിയും. കേരളത്തിലാദ്യമായി തിരുവനന്തപുരത്ത് നൈറ്റ് ക്ലബ് തുറന്നു. തിരുവനന്തപുരം ആസ്ഥാനമായ സ്റ്റാര്‍ട്ട്അപ്പ് ലക്ഷ്വറി ഹോസ്പിറ്റാലിറ്റി ബ്രാന്‍ഡായ ‘ഓഫോറി’ യാണ് സംസ്ഥാനത്തെ ആദ്യ നൈറ്റ് ക്ലബിന് തുടക്കം കുറിച്ചത്.

എയര്‍പോര്‍ട്ട് റോഡില്‍ ഇഞ്ചക്കലിനു സമീപമാണ് ഓഫോറി നൈറ്റ് ക്ലബ് പ്രവര്‍ത്തിക്കുക. രാത്രി 12വരെയാണ് പ്രവര്‍ത്തന സമയം. രാജ്യാന്തര മെട്രോ നഗരങ്ങളിലെ ലോകോത്തര നൈറ്റ് ക്ലബുകളോട് കിടപിടിക്കുന്ന സൗകര്യങ്ങളാണ് ഓഫോറിയുടെ പ്രത്യേകത. 4500 ചതുരശ്ര അടിയില്‍ മൂന്ന് നിലകളിലായാണ് ക്ലബ് പ്രവര്‍ത്തിക്കുക.

അന്താരാഷ്ട്ര നിലവാരത്തിലുള്ള ഡാന്‍സ് ഫ്‌ലോറുകള്‍, ഭക്ഷണശാലകള്‍, കൂട്ടായ ആഘോഷങ്ങള്‍ക്ക് പ്രത്യേക സൗകര്യം, എന്നിങ്ങനെ നിരവധി പ്രത്യേകതകള്‍ ഓഫോറി നൈറ്റ് ക്ലബിനുണ്ട്. എല്ലാ ദിവസവും വൈകുന്നേരങ്ങളില്‍ കലാപരിപാടികള്‍ നടക്കും. വരാന്ത്യങ്ങളില്‍ ബാന്‍ഡുകള്‍ ഉള്‍പ്പെടെ പ്രത്യേക പരിപാടികളും ഉണ്ടാകും. സ്ത്രീ സൗഹൃദ ക്ലബായ ഓഫോറിയില്‍ ബുധനാഴ്ചകളില്‍ സ്ത്രീകള്‍ക്കായി പ്രത്യേകം പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്.

സംസ്ഥാനത്തെ നിയമങ്ങള്‍ക്ക് അനുസൃതമായി ഉന്നത നിലവാരവും സുരക്ഷയും ഉറപ്പാക്കി അന്താരാഷ്ട്ര ശൈലിയില്‍ ഒരുക്കിയിരിക്കുന്ന നൈറ്റ് ക്ലബ് സംസ്ഥാനത്തെ നൈറ്റ് ലൈഫിനും, അനുബന്ധ വ്യവസായങ്ങള്‍ക്കും ഉണര്‍വ്വേകുമെന്ന് ഓഫോറി ക്ലബ് മാനേജ്‌മെന്റ് പറഞ്ഞു. കേരളത്തിന്റെ വിനോദസഞ്ചാര, ഐടി മേഖലകള്‍ക്ക് നൈറ്റ് ലൈഫ് കുതിപ്പേകും. മറ്റ് സംസ്ഥാനങ്ങളെ പോലെ കേരളത്തിന്റെ സമ്പദ് വ്യവസ്ഥക്കും ഏറെ ഗുണകരമാകുന്നതാണ് പദ്ധതി. തിരുവനന്തപുരത്തെ കൂടാതെ കേരളത്തിലെ മറ്റ് നഗരങ്ങളിലും, ദക്ഷിണേന്ത്യന്‍ നഗരങ്ങളിലും ഓഫോറിക്ക് നൈറ്റ് ക്ലബുകള്‍ തുടങ്ങാന്‍ പദ്ധതിയുണ്ട്.

കുന്നംകുളത്ത് അമ്മയ്ക്ക് ചായയിൽ വിഷം കലർത്തി കൊലപ്പെടുത്തിയ കേസിലെ പ്രതി ഇന്ദുലേഖയ്ക്ക് എട്ട് ലക്ഷത്തിന്റെ ബാധ്യത ഉണ്ടായത് ഓൺലൈൻ റമ്മി കളിയിലൂടെയെന്ന് പോലീസ്. ഇത് വീട്ടാൻ വീടിന്റെ ആധാരം നൽകാതിരുന്നതിനെ തുടർന്നുണ്ടായ വൈരാഗ്യമാണ് ക്രൂരമായ കൃത്യത്തിലേയ്ക്ക് ഇന്ദുലേഖയെ നയിച്ചത്.

അമ്മ രുഗ്മണിയാണ് മകളുടെ കൈകളാൽ മരണപ്പെട്ടത്. പിതാവ് ചന്ദ്രനും ഇന്ദുലേഖ ഗുളികകളും കീടനാശിനികളും ഭക്ഷണത്തിൽ കലർത്തി നൽകാറുണ്ടായിരുന്നുവെന്ന് പോലീസ് പറയുന്നു. കൂടത്തായി കേസിലെ സമാനതയാണ് ഇവിടെയും കണ്ടെത്തിയത്. തെളിവെടുപ്പിൽ വീട്ടിൽ നിന്ന് എലിവിഷം കണ്ടെത്തുകയും ചെയ്തിട്ടുണ്ട്.

+2 വിദ്യാർത്ഥിയായ മകൻ ഓൺലൈൻ റമ്മി കളിച്ചത് വഴി നഷ്ടമായത് 5 ലക്ഷത്തിലേറെ രൂപയാണ്. പ്രവാസിയായ ഭർത്താവിന്റെ അക്കൗണ്ടിൽ നിന്നാണ് ലക്ഷങ്ങൾ നഷ്ടമായത്. ഇതടക്കം എട്ട് ലക്ഷത്തിന്റഎ ബാധ്യതയാണ് ഇന്ദുലേഖയ്ക്ക് ഉണ്ടായിരുന്നച്. ഭർത്താവ് പണം എവിടെ പോയി എന്ന് ചോദിക്കും എന്ന ആശങ്കയിലാണ് ഇന്ദുലേഖ വീടിന്റെ ആധാരം പണയം വയ്ക്കാൻ മാതാപിതാക്കളോട് ചോദിച്ചത്.

എന്നാൽ രുഗ്മണിയും ചന്ദ്രനും ഇതിനെ എതിർത്തു. ഇതോടെ വൈരാഗ്യമായി . ഇരുവരെയും കൊലപ്പെടുത്താനായി ആസൂത്രണം നടത്തി. ഭക്ഷണത്തിൽ ഗുളികകളും പ്രാണികളെ പ്രതിരോധിക്കുന്ന ചോക്കും കലർത്തി നൽകി. 2 മാസം മുമ്പ് തന്നെ ഇതിന്റെ ആസൂത്രണം നടത്തിയിരുന്നതായി പോലീസ് അന്വേഷണത്തിൽ തെളിഞ്ഞു. കിഴൂർ കാക്കത്തുരുത്തിലെ വീട്ടിൽ ഇന്ദുലേഖയുമായി നടത്തിയ തെളിവെടുപ്പിൽ കൊലയ്ക്ക് ഉപയോഗിച്ച എലിവിഷക്കുപ്പിയും പാത്രങ്ങളും കണ്ടെത്തി.

സ്വത്ത് തട്ടിയെടുക്കാൻ അമ്മയെ മകൾ കൊലപ്പെടുത്തിയ സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. കീഴൂർ ചൂഴിയാട്ടിൽ വീട്ടിൽ ചന്ദ്രന്റെ ഭാര്യ രുഗ്മിണി (58) അസുഖം ബാധിച്ചാണ് മരിച്ചതെന്നായിരുന്നു നാട്ടുകാർ ആദ്യം കരുതിയിരുന്നത്. രുഗ്മിണിയുടെ മകൾ ഇന്ദുലേഖയെക്കുറിച്ചും നാട്ടുകാർക്ക് നല്ല അഭിപ്രായമായിരുന്നു.

പൊലീസെത്തി യുവതിയെ അറസ്റ്റ് ചെയ്‌തതോടെയാണ് അരുംകൊലയെക്കുറിച്ച് അയൽക്കാരും ബന്ധുക്കളും അറിയുന്നത്. പ്രവാസിയുടെ ഭാര്യയും, രണ്ട് കുട്ടികളുടെ അമ്മയുമായ ഇന്ദുലേഖയ്ക്ക് എട്ട് ലക്ഷം രൂപയുടെ സാമ്പത്തിക ബാദ്ധ്യതയുണ്ട്. സ്വർണം പണയംവച്ചതിനെത്തുടർന്നാണ് ലക്ഷങ്ങളുടെ സാമ്പത്തിക ബാദ്ധ്യത ഉണ്ടായത്.

എന്ത് ആവശ്യത്തിന് വേണ്ടിയാണ് ഇന്ദുലേഖ സ്വർണം പണയംവച്ചതെന്ന് വ്യക്തമല്ല. വിദേശത്തുള്ള ഭർത്താവിനും സാമ്പത്തിക ബാദ്ധ്യതയെക്കുറിച്ച് അറിവുണ്ടായിരുന്നില്ലെന്നാണ് പൊലീസ് കരുതുന്നത്. ഭർത്താവ് കഴിഞ്ഞ പതിനെട്ടാം തീയതി നാട്ടിൽ വരാനിരിക്കെയായിരുന്നു. മാതാപിതാക്കളെ കൊലപ്പെടുത്തി സ്വത്ത് കൈക്കലാക്കി, പണയംവച്ച് ബാദ്ധ്യത തീർക്കാനായിരുന്നു യുവതി ലക്ഷ്യമിട്ടതെന്നാണ് പൊലീസ് സംശയിക്കുന്നത്.

പതിനേഴാം തീയതിയാണ് രുഗ്മിണിക്ക് എലിവിഷം കൊടുത്തത്. ഛർദ്ദിച്ചതോടെ ആശുപത്രിയിൽ കൊണ്ടുപോയി. നാട്ടുകാരോട് മഞ്ഞപ്പിത്തമാണെന്നാണ് പറഞ്ഞത്. ഡോക്ടർമാർ നടത്തിയ വിശദമായ പരിശോധനയിൽ രുഗ്മിണിയുടെ ശരീരത്തിൽ വിഷാംശം കണ്ടെത്തിയിരുന്നു. തുടർന്ന് പൊലീസിൽ വിവരമറിയിച്ചു. ചോദ്യം ചെയ്യലിൽ പ്രതി ആദ്യം ഒന്നും വെളിപ്പെടുത്തിയിരുന്നില്ല.

ഇന്ദുലേഖയുടെ ഫോൺ പരിശോധിച്ചപ്പോൾ എലിവിഷത്തെക്കുറിച്ച് ഗൂഗിളിൽ തിരഞ്ഞതായി കണ്ടെത്തി. ഇതാണ് കേസിൽ നിർണായകമായത്. ഇക്കാര്യം പൊലീസ് ചൂണ്ടിക്കാട്ടിയതോടെയാണ് പ്രതി കുറ്റം സമ്മതിച്ചത്. അമ്മയ്ക്ക് എലിവിഷം നൽകിയ പാത്രം പൊലീസ് കണ്ടെത്തിയിട്ടുണ്ട്. വിഷം വാങ്ങിയ കടയിലും പ്രതിയുമായി തെളിവെടുപ്പ് നടത്തി.

പിതാവ് ചന്ദ്രനെ കൊലപ്പെടുത്താനും യുവതി ശ്രമിച്ചിരുന്നു. ചായയിൽ പാറ്റയെ കൊല്ലുന്ന കീടനാശിനി ചേർത്തെങ്കിലും, രുചി വ്യത്യാസം കാരണം അദ്ദേഹം കുടിച്ചില്ല. പിന്നീട് വീട്ടില്‍നിന്ന് പാറ്റഗുളികയുടെ ഒഴിഞ്ഞ കവര്‍ കണ്ടെത്തിയതായി ചന്ദ്രന്‍ പൊലീസിനോട് പറഞ്ഞു.

കാമുകന്‍ ഉപേക്ഷിച്ചതിന്റെ വിഷമത്തില്‍ റാന്നി വലിയപാലത്തില്‍നിന്ന് പമ്പാനദിയിലേക്ക് ചാടി ആത്മഹത്യചെയ്യാന്‍ ശ്രമിച്ച യുവതിയെ പോലീസ് തന്ത്രപരമായി രക്ഷിച്ചു. വാട്സാപ്പ് കോളിലൂടെ ഇവരുമായി 15 മിനിറ്റോളം സംസാരിച്ച് പോലീസ് അതിവേഗം പാലത്തിലെത്തുകയായിരുന്നു. പോലീസ് ജീപ്പ് കണ്ട് നദിയിലേക്ക് ചാടാന്‍ ശ്രമിച്ച യുവതിയെ സി.പി.ഒ.മാരായ എല്‍.ടി.ലിജു, അഞ്ജന, ജോണ്ടി എന്നിവര്‍ ചേര്‍ന്നാണ് രക്ഷിച്ചത്. കുതറി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടയില്‍ യുവതിയുടെ നഖംകൊണ്ട് ലിജുവിന് നിസ്സാരപരിക്കേറ്റു.

ബുധനാഴ്ച വൈകീട്ട് മൂന്നുമണിയോടെയാണ് സംഭവം. ചങ്ങനാശ്ശേരിക്കാരിയായ 22-കാരിയാണ് നദിയില്‍ ചാടാന്‍ ശ്രമിച്ചത്. റാന്നി സ്വദേശിയുമായി ഇവര്‍ നാലുവര്‍ഷത്തിലേറെയായി പ്രണയത്തിലാണെന്നാണ് യുവതി പോലീസിനെ അറിയിച്ചത്. ഇപ്പോള്‍ മറ്റൊരാളെ വിവാഹം കഴിക്കാനൊരുങ്ങുന്നുവെന്നറിഞ്ഞാണ് യുവതി റാന്നിയിലെത്തിയത്.

പാലത്തിനരികിലെത്തി ചാടാന്‍ ഒരുങ്ങുകയാണെന്നറിയിച്ച് ഇവര്‍ കാമുകന് സന്ദേശവും പാലത്തില്‍ നില്‍ക്കുന്നതിന്റെ ചിത്രവും അയച്ചു. അവര്‍ അതുടനെ പോലീസിന് കൈമാറി. സ്റ്റേഷനില്‍ ഫോണ്‍ എടുത്ത സി.പി.ഒ. ലിജു മറ്റ് രണ്ടുപേര്‍ക്കുമൊപ്പം പാലത്തിലെത്തി. അവിടെ യുവതിയെ കാണാത്തതിനാല്‍ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചു. ഫോണ്‍ സ്വിച്ച് ഓഫായിരുന്നു. തുടര്‍ന്ന് വാട്സാപ്പ് കോളിലൂടെ ബന്ധപ്പെടാന്‍ ശ്രമിച്ചു. ബെല്ലടിക്കുന്നുണ്ടായിരുന്നെങ്കിലും എടുത്തില്ല. തുടര്‍ച്ചയായി ശ്രമിച്ചപ്പോള്‍ ഫോണ്‍ എടുത്തു.

ഫോട്ടോയില്‍ യുവതി നില്‍ക്കുന്ന സ്ഥലം ഐത്തലയാണെന്ന നിഗമനത്തില്‍ പോലീസ് അവിടേക്ക് നീങ്ങിയിരുന്നു. എന്നാല്‍, വലിയ പാലത്തിലാണ് നില്‍ക്കുന്നതെന്ന് യുവതി പറഞ്ഞതോടെ ഉടന്‍ ജീപ്പ് അതിവേഗം ഓടിച്ച് പാലത്തിലെത്തി. ഈ സമയവും ഫോണ്‍ കട്ട് ചെയ്യാതെ സംസാരിക്കുകയായിരുന്നു. പോലീസ് ജീപ്പ് കണ്ടതും യുവതി കൈവരിയുടെ മുകളില്‍ക്കയറി ചാടാന്‍ശ്രമിച്ചു. ഈ സമയം, ലിജു ജീപ്പില്‍നിന്ന് ചാടിയിറങ്ങി ഇവരെ ബലമായി പിടിച്ചു. അഞ്ജനയും ജോണ്ടിയും ഓടിയെത്തി. മൂവരും ചേര്‍ന്ന് കുതറി വെള്ളത്തിലേക്ക് ചാടാന്‍ശ്രമിച്ച യുവതിയെ ബലമായി ജീപ്പില്‍ കയറ്റി. പോലീസ് സ്റ്റേഷനിലെത്തിച്ചു. ഒരുനിമിഷംകൂടി വൈകിയിരുന്നെങ്കില്‍ ഇവര്‍ നദിയിലേക്ക് ചാടുമായിരുന്നു.

യുവതിയെ രക്ഷിക്കാനായതിന്റെ സന്തോഷത്തിലാണ് പോലീസ് ടീം. വീട്ടുകാരെ വിളിച്ചുവരുത്തി യുവതിയെ അവര്‍ക്കൊപ്പമയച്ചു. സംഭവത്തെപ്പറ്റി അന്വേഷിക്കാനും കാമുകനുമായുള്ള പ്രശ്‌നം പരിഹരിക്കുന്നതിനും പോലീസ് ശ്രമങ്ങള്‍ തുടങ്ങിയിട്ടുണ്ട്.

പി സി ജോര്‍ജിന്‍റെ മകന്‍ ഷോൺ ജോർജിന്‍റെ ഈരാറ്റുപേട്ടയിലെ വീട്ടിൽ റെയ്ഡ്. ക്രൈംബ്രാഞ്ച് സംഘമാണ് ഷോൺ ജോർജിന്‍റെ വീട്ടിൽ പരിശോധന നടത്തുന്നത്. ആക്രമിക്കപ്പെട്ട നടിക്കെതിരായ സൈബര്‍ പ്രചരണവുമായി ബന്ധപ്പെട്ടാണ് പരിശോധന എന്നാണ് സൂചന. വാട്സ്ആപ് ഗ്രൂപ്പ് നിര്‍മ്മിച്ചതുമായി ബന്ധപ്പെട്ടാണ് ക്രൈംബ്രാഞ്ചിന്‍റെ പരിശോധന.

2017 ലാണ് ‘ദിലീപിനെ പൂട്ടണം’ എന്ന പേരിലാണ് വാട്സ്ആപ് ഗ്രൂപ്പ് നിർമിച്ചത്. ബി സന്ധ്യ അടക്കമുള്ള ഉന്നത ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ, മാധ്യമ പ്രവർത്തകർ അടക്കമുള്ളവരെ ഉൾപ്പെടുത്തിയാണ് ഗ്രൂപ്പ് ഉണ്ടാക്കിയത്.

ദിലീപിനെതിരെ ഗൂഢാലോചന നടന്നു എന്ന് വരുത്താൻ പ്രതിഭാഗം വ്യാജമായി നിർമിച്ചതാണ് ഈ ഗ്രൂപ്പ് എന്നാണ് ക്രൈംബ്രാഞ്ചിന്‍റെ ആരോപണം. ഷോൺ ജോർജിന്‍റെ ഫോണിൽ നിന്ന് ഈ ഗ്രൂപ്പ് സ്ക്രീൻ ഷോട്ട് ദിലീപിന്‍റെ സഹോദരൻ അനൂപിന്‍റെ ഫോണിലേക്ക് അയച്ചതായി ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. ബൈജു കൊട്ടാരക്കര ആണ് ഇത് വ്യാജം ആണെന്ന് ചൂണ്ടികാട്ടി പരാതി നൽകിയത്.

നിപ പ്രതിരോധ പ്രവർത്തനത്തിനിടെ മരിച്ച സിസ്റ്റർ ലിനിയുടെ കുടുംബം പുതിയ ജീവിതത്തിലേക്ക് കടക്കുന്നു, താനും മക്കളും പുതിയ ഒരു ജീവിതത്തിലേക്ക്‌ കടക്കുകയാണെന്ന് സന്തോഷം പങ്കുവെക്കുകയാണ് സജീഷ്. റിതുലിനും സിദ്ധാർത്ഥിനും ഇനി അമ്മയും ചേച്ചിയുമായി പ്രതിഭയും, ദേവ പ്രിയയും ഉണ്ടാകുമെന്ന് സജീഷ് ഫേസ്ബുക്ക് പോസ്റ്റിലൂടെ പറയുന്നു.

മക്കൾക്കും പ്രതിഭയ്ക്കും ഒപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ടാണ് സജീഷിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്. ഓഗസ്റ്റ്‌ 29 ന്‌ വടകര ലോകനാർ കാവ്‌ ക്ഷേത്രത്തിൽ വെച്ചാണ് സജീഷിന്‍റെയും പ്രതിഭയുടെയും വിവാഹം.

 

“പ്രിയ സുഹൃത്തുക്കളെ, ഞാനും മക്കളും പുതിയ ഒരു ജീവിതത്തിലേക്ക്‌ കാലെടുത്ത്‌ വെയ്ക്കുകയാണ്‌. റിതുലിനും സിദ്ധാർത്ഥിനും ഇനി അമ്മയും ചേച്ചിയുമായി ഇവരും കൂടെ ഉണ്ടാകും. ഈ വരുന്ന ആഗസ്റ്റ്‌ 29 ന്‌ വടകര ലോകനാർ കാവ്‌ ക്ഷേത്രത്തിൽ വെച്ച്‌ ഞങ്ങൾ വിവാഹിതരാവുകയാണ്‌. ഇതുവരെ നിങ്ങൾ നൽകിയ എല്ലാ കരുതലും സ്നേഹവും കൂടെ തന്നെ വേണം. എല്ലാവരുടെയും അനുഗ്രഹവും പ്രാർത്ഥനകളും ആശംസകളും ഞങ്ങളോടൊപ്പം ഉണ്ടാകണം. സ്നേഹത്തോടെ സജീഷ്‌, റിതുൽ, സിദ്ധാർത്ഥ്‌, പ്രതിഭ, ദേവ പ്രിയ”

RECENT POSTS
Copyright © . All rights reserved