നടന്‍ കൊച്ചുപ്രേമന്‍ എന്ന കെ.എസ് പ്രേംകുമാര്‍ അന്തരിച്ചു. 67 വയസ്സായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

നാടകത്തിലൂടെ സിനിമയില്‍ എത്തിയ കൊച്ചുപ്രേമന്‍ നിരവധി ടെലിവിഷന്‍ സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. 250 ഓളം സിനിമകളില്‍ അഭിനയിച്ചു. ഹാസ്യത്തിന് തന്റേതായ ശൈലിയുമായി എത്തി സിനിമയില്‍ സാന്നിധ്യമുറപ്പിക്കാന്‍ കൊച്ചുപ്രേമന് കഴിഞ്ഞിരുന്നു. 1979 മുതല്‍ സിനിയില്‍ ഉണ്ടെങ്കിലും 1997ല്‍ റിലീസായ ദില്ലിവാല രാജകുമാരന്‍ എന്ന സിനിമയിലൂടെയാണ് അദ്ദേഹം സിനിമയില്‍ സജീവമാകുന്നത്.

സ്‌കൂള്‍ പഠനകാലത്തുതന്നെ നാടകത്തില്‍ സജീവമായിരുന്നു കൊച്ചുപ്രേമന്‍. എട്ടാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ആദ്യമായൊരു നാടകമെഴുതി സംവിധാനം ചെയ്യുന്നത്. അത് വിജയകരമായതിനെ തുടര്‍ന്ന് ഉഷ്ണരാശി എന്ന രണ്ടാമത്തെ നാടകവും രചിച്ചു. ആകാശവാണിയിലെ ഇതളുകള്‍ എന്ന പരിപാടിയിലൂടെയാണ് നാടകങ്ങള്‍ സംപ്രേക്ഷണം ചെയ്തത്.

സ്‌കൂള്‍ പഠനത്തിനു ശേഷം നാടകത്തെ ഗൗരവമായി കാണാന്‍ തുടങ്ങിയത് തിരുവനന്തപുരം കവിത സ്റ്റേജിനു വേണ്ടി ജഗതി എന്‍.കെ.ആചാരി ഒരുക്കിയ ജ്വാലാമുഖി എന്ന നാടകത്തില്‍ അഭിനയിച്ചതോടെയാണ്. ഇതിനു ശേഷം ഗായത്രി തീയേറ്റേഴ്‌സിന്റെ അനാമിക എന്ന നാടകത്തിലും തുടര്‍ന്നഭിനയിച്ചു. പിന്നീട് സംഘചേതന, കാളിദാസ കലാകേന്ദ്രം തുടങ്ങി പത്തോളം നാടക സമിതികള്‍ക്ക് വേണ്ടിയും പ്രവര്‍ത്തിച്ചു.

ധാരാളം ആരാധകരെ സൃഷ്ടിച്ച കൊച്ചുപ്രേമന്റെ പ്രശസ്തമായ നാടകങ്ങളാണ് കേരള തീയേറ്റേഴ്‌സിന്റെ അമൃതം ഗമയാ, വെഞ്ഞാറമൂട് സംഘചേതനയുടെ സ്വാതി തിരുനാള്‍, ഇന്ദുലേഖ, രാജന്‍.പി.ദേവിന്റെ ആദിത്യമംഗലം ആര്യവൈദ്യശാല എന്നിവ.

നാടക സമിതിയില്‍ സജീവമായ കാലത്ത് അദ്ദേഹത്തിന്റെ തന്നെ അതേ പേരുള്ള സുഹൃത്തും ആ സമിതിയിലുണ്ടായിരുന്നു. ഇതിനെ തുടര്‍ന്നാണ് കൊച്ചുപ്രേമന്‍ എന്ന പേരിലറിയപ്പെട്ടു തുടങ്ങിയത്. 1979-ല്‍ റിലീസായ ഏഴു നിറങ്ങള്‍ എന്ന സിനിമയാണ് കൊച്ചുപ്രേമന്റെ ആദ്യ സിനിമ. പിന്നീട് 1997-ല്‍ രാജസേനന്റെ ദില്ലിവാല രാജകുമാരനില്‍ അഭിനയിച്ച കൊച്ചുപ്രേമന്‍ രാജസേനനൊപ്പം എട്ടു സിനിമകള്‍ ചെയ്തു.

ഇതിനിടയിലാണ് സംവിധായകന്‍ സത്യന്‍ അന്തിക്കാട് കൊച്ചുപ്രേമന്‍ അഭിനയിച്ച നാടകം കാണുന്നത്. നാടകത്തിലെ മികച്ച പ്രകടനത്തെ തുടര്‍ന്ന് 1997-ല്‍ റിലീസായ ഇരട്ടക്കുട്ടികളുടെ അച്ഛന്‍ എന്ന സിനിമയില്‍ വളരെ ശ്രദ്ധേയമായൊരു കഥാപാത്രം കൊച്ചുപ്രേമനെ തേടിയെത്തിയത്

കോമഡി റോളുകള്‍ മാത്രം കൈകാര്യം ചെയ്യുന്ന നടനല്ല താന്‍ എന്ന് തെളിയിച്ചത് 1997-ല്‍ റിലീസായ ഗുരു എന്ന ചിത്രത്തിലെ അഭിനയത്തോടെയാണ്. ജയരാജ് സംവിധാനം ചെയ്ത് 2003-ല്‍ റിലീസായ തിളക്കം എന്ന ചിത്രത്തിലെ വേഷം ശ്രദ്ധിക്കപ്പെട്ടതിനെ തുടര്‍ന്ന് മലയാള സിനിമയിലെ തിരക്കുള്ള നടനായി കൊച്ചുപ്രേമന്‍ മാറി.

രഞ്ജിത്ത് സംവിധാനം ചെയ്ത് 2016-ല്‍ റിലീസായ ലീല എന്ന ചിത്രത്തില്‍ കൊച്ചുപ്രേമന്‍ അവതരിപ്പിച്ച കഥാപാത്രം ഏറെ വിമര്‍ശനങ്ങള്‍ക്കിടയാക്കി. പക്ഷേ ആ വിമര്‍ശനങ്ങളെ കൊച്ചുപ്രേമന്‍ കാണുന്നത് അദ്ദേഹത്തിലെ നടന് പ്രേക്ഷകര്‍ നല്‍കിയ അംഗീകാരമായിട്ടാണ്.

ഭാര്യ: ഗിരിജ (സിനിമ-സീരിയന്‍ താരം), മകന്‍ ഹരികൃഷ്ണന്‍.