Kerala

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴ തുടരുന്നു. വടക്കു കിഴക്കൻ ബംഗാൾ ഉൾകടലിൽ ചക്രവാതച്ചുഴി നിലനിൽക്കുന്നതിന്റെ ഫലമായി ഓഗസ്റ്റ് 27 (ശനി) വരെ വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ റിപ്പോര്‍ട്ട്. പ്രസ്തുത സാഹചര്യത്തില്‍ വിവിധ ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു.

ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകള്‍

24-08-2022: ഇടുക്കി, തൃശൂര്‍, മലപ്പുറം, കാസര്‍ഗോഡ്.

യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകള്‍

24-08-2022: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ.

25-08-2022: കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്.

26-08-2022: എറണാകുളം, ഇടുക്കി.

27-08-2022: എറണാകുളം, ഇടുക്കി.

കേരള-ലക്ഷദ്വീപ്-കർണാടക തീരങ്ങളില്‍ ഇന്ന് മത്സ്യബന്ധനത്തിന് വിലക്കുണ്ട്. മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റര്‍ വേഗതയിലും ചില അവസരങ്ങളിൽ മണിക്കൂറിൽ 60 കിലോമീറ്റര്‍ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാലാണ് മുന്നറിയിപ്പ്. കർണാടക തീരം അതിനോട് ചേർന്ന മധ്യ-കിഴക്കൻ അറബിക്കടൽ എന്നിവിടങ്ങളിലും സമാന കാലാവസ്ഥയായിരിക്കും.

പ്രത്യേക ജാഗ്രത നിർദ്ദേശങ്ങൾ

25-08-2022 വരെ: തമിഴ്‌നാട് തീരം, കന്യാകുമാരി തീരം, ഗൾഫ് ഓഫ് മാന്നാർ, എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റര്‍ വേഗതയിലും ചില അവസരങ്ങളിൽ മണിക്കൂറിൽ 65 കിലോമീറ്റര്‍ വേഗതയിലും ശക്തമായ കാറ്റിന് സാധ്യത.

24-08-2022 മുതൽ 25-08-2022 വരെ: തെക്കൻ ബംഗാൾ ഉൾക്കടലിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റര്‍ വേഗതയിലും ചില അവസരങ്ങളിൽ മണിക്കൂറിൽ 65 കിലോമീറ്റര്‍ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

26-08-2022 : കന്യാകുമാരി തീരത്ത് മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റര്‍ വേഗതയിലും ചില അവസരങ്ങളിൽ മണിക്കൂറിൽ 65 കിലോമീറ്റര്‍ വേഗതയിലും ശക്തമായ കാറ്റിന് സാധ്യത.

26-08-2022: ശ്രീലങ്കൻ തീരത്തിനോട് ചേർന്നുള്ള തെക്ക്-പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റര്‍ വേഗതയിലും ചില അവസരങ്ങളിൽ മണിക്കൂറിൽ 65 കിലോമീറ്റര്‍ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

ദേശീയപാതയിൽ നെടുമ്പാശ്ശേരി ഭാഗത്ത് വച്ച് വാഹനാപകടത്തിൽ മാഞ്ഞാലി മനയ്ക്കപ്പടി സ്വദേശി മരണപ്പെട്ട കേസിൽ ലോറി ഡ്രൈവർ പിടിയിൽ. കർണാടക സ്വദേശി ഹനുമന്തപ്പ (28) യെയാണ് നെടുമ്പാശ്ശേരി പോലീസ് പിടികൂടിയത്. വാഹനവും കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ 5ന് രാത്രിയായിരുന്നു സംഭവം. ബൈക്കിൽ സഞ്ചരിച്ചിരുന്ന മാഞ്ഞാലി മനയ്ക്കപ്പടി സ്വദേശിയായ മുഹമ്മദ്‌ ഹാഷിം എന്നയാളാണ് മരണമടഞ്ഞത്. നെടുമ്പാശ്ശേരി മാർ അത്തനേഷ്യസ് ഭാഗത്ത് വച്ച് വീണതിനെ തുടർന്ന് ഹാഷിം റോഡിന് എതിർ വശത്തേക്ക് ബൈക്കിൽ നിന്നും തെറിച്ചു വീഴുകയായിരുന്നു. തുടർന്ന് ദേഹത്ത് കൂടി ലോറി കയറി ഇറങ്ങുകയായിരുന്നു. അപകടത്തിനുശേഷം വാഹനം നിർത്താതെ പോയി.

വാഹനം കണ്ടുപിടിക്കാൻ ജില്ലാ പോലീസ് മേധാവി വിവേക് കുമാറിന്‍റെ നേതൃത്വത്തിൽ പ്രത്യേക ടീം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഡ്രൈവറേയും വാഹനത്തേയും കസ്റ്റഡിയിലെടുത്തത്. മുന്നൂറ്റി അമ്പതോളം സി.സി.ടി.വി ക്യാമറകൾ പരിശോധിച്ചു. അഞ്ഞൂറില്‍പരം വാഹന ഉടമകളുടെ വിവരം ശേഖരിച്ചു. കർണ്ണാടകയിൽ നിന്നാണ് വാഹനം പിടികൂടിയത്. കൊച്ചിയിൽ നിന്ന് ബെംഗളൂരുവിലേക്ക് കെമിക്കൽ കൊണ്ടുപോകുന്ന വാഹനമായിരുന്നു. ആലുവ ഡി.വൈ.എസ്.പി. പി.കെ.ശിവൻകുട്ടി, ഇൻസ്പെക്ടർ സോണി മത്തായി, എസ്.ഐ.മാരായ അനീഷ് കെ ദാസ്, വര്‍ഗീസ്‌, എ.എസ്.ഐ അഭിലാഷ്, പോലീസുകാരായ റോണി അഗസ്റ്റിൻ, കെ.ആർ.റെന്നി, എൻ.ജി.ജിസ്മോൻ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

ഈ മാസം അഞ്ചിന് രാത്രിയാണ് ഹാഷിം റോഡിലെ ഭീമൻ കുഴിയിൽ വീണതിനെ തുടർന്നുള്ള അപകടത്തിൽ മരിച്ചത്. ഹാഷിമിനുണ്ടായ അപകടം വലിയ വിവാദമായി മാറുകയും വിഷയത്തിൽ ഹൈക്കോടതി ഇടപെടുകയും ചെയ്തിരുന്നു. അങ്കമാലി ടെൽക്ക് കവലയിലെ ‘ഹോട്ടൽ ബദ്രിയ’ ഉടമയായിരുന്നു ഹാഷിം. രാത്രി പത്ത് മണിയോടെയാണ് അപകടം സംഭവിച്ചത്. മാർ അത്തനേഷ്യസ് സ്‌കൂളിന് സമീപത്തുള്ള കുത്തനെയുള്ള വളവിലെ കുഴിയിലാണ് ഹാഷിം വീണത്. റോഡിന് അപ്പുറത്തെ വശത്തേക്ക് തെറിച്ചുവീണപ്പോൾ അജ്ഞാത വാഹനം ശരീരത്തിലൂടെ കയറിയിറങ്ങുകയായിരുന്നു. പിന്നീട് വാഹനം കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു പോലീസ്.

സംസ്ഥാനത്ത് തക്കാളി പനി പടരുന്ന സാഹചര്യത്തിൽ അതീവ ജാ​ഗ്രത വേണമെന്ന് ആരോ​ഗ്യ വകുപ്പ്.അഞ്ച് വയസിൽ താഴെയുള്ള കുട്ടികളിലാണ് രോ​ഗം കൂടുതലായി പടരുന്നത്. ഈ സാഹചര്യത്തിൽ സ്കൂളുകൾക്ക് സർക്കാർ ജാ​ഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.

വിഴിഞ്ഞം തുറമുഖ നിമ്മാണ പദ്ധതി നിര്‍ത്തിവയ്ക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയനും തുറമുഖ മന്ത്രി അഹമ്മദ് ദേവര്‍കോവിലും. അത്തരം ആവശ്യം അംഗീകരിക്കാനാവില്ല. പദ്ധതി നിര്‍ത്തിയാല്‍ സാമ്പത്തിക, വാണിജ്യ നഷ്ടങ്ങള്‍ ഉണ്ടാകുമെന്നും തുറമുഖ മന്ത്രി പറഞ്ഞു. പദ്ധതി കാര്യമായ തീരശോഷണം ഉണ്ടാക്കിയിട്ടില്ലെന്നും മന്ത്രി നിയമസഭയില്‍ അറിയിച്ചു. വിഷയത്തില്‍ സഭനിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് എം.വിന്‍സെന്റ് എം.എല്‍.എ നല്‍കിയ അടിയന്തര പ്രമേയ നോട്ടീസില്‍ മറുപടി നല്‍കുകയായിരുന്നു മന്ത്രി.

വിഴിഞ്ഞം സമരത്തെ വിമര്‍ശിച്ചാണ് മുഖ്യമന്ത്രി സഭയില്‍ സംസാരിച്ചത്. സമരം മുന്‍കൂട്ടി തയ്യാറാക്കിയതാണ്. വിഴിഞ്ഞം സ്വദേശികള്‍ മാത്രമല്ല സമരത്തില്‍ പങ്കെടുക്കുന്നത്. വിഴിഞ്ഞം പദ്ധതി നിര്‍ത്തിവയ്ക്കണമെന്ന ആവശ്യം ജനവിരുദ്ധവും വികസന വിരുദ്ധവുമാണ്. ആരുടേയും വീടും ജീവനോപാധികളും നഷ്ടപ്പെടില്ല. ക്യാംപുകളില്‍ കഴിയുന്ന 355 കുടുംബങ്ങളെ വാടക വീടുകളിലേക്ക് മാറ്റിപാര്‍പ്പിക്കും. വാടക സര്‍ക്കാര്‍ നല്‍കും.
പുനരധിവാസത്തിനായി 2900 കോടി രൂപയുടെ പദ്ധതിക്കാണ് രൂപം നല്‍കുന്നത്. 276 വീടുകള്‍ പൂര്‍ത്തികരിക്കും. മുട്ടത്തറ, ബീമാപള്ളി, വെസ്റ്റ് ഹില്‍, പൊന്നാനി എന്നിവിടങ്ങളില്ലൊം ഭവന സമുച്ചയങ്ങള്‍ നിര്‍മ്മിക്കും.
മണ്ണെണ്ണ- 36,000 പരമ്പരാഗത മത്സ്യബന്ധനയാനങ്ങളില്‍ 90% എണ്ണവും മണ്ണെണ്ണയാണ് ഇന്ധനമായി ഉപയോഗിക്കുന്നത്. ഇതിന് ആവശ്യമായ മണ്ണെണ്ണ കേന്ദ്രസര്‍ക്കാര്‍ അനുവദിക്കുന്നില്ല് ഒരു ലക്ഷം കിലോ ലിറ്ററില്‍ അധികം മണ്ണെണ്ണ ആവശ്യമാണ്. എന്നാല്‍ 25,000 കിലോ ലിറ്റര്‍ മാത്രമാണ് കേന്ദ്രം സബ്‌സിഡിയായി അനുവദിക്കുന്നത്. മണ്ണെണ്ണ പ്രശ്‌നത്തില്‍ പരിഹാരം കാണാന്‍ മുഴുവന്‍ മത്സ്യത്തൊഴിലാളി സംഘടനകളുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തും. ഇന്നലെ കേന്ദ്ര മന്ത്രിയുമായി ചര്‍ച്ച നടത്തിയിരുന്നുവെന്നും മുഖ്യമന്ത്രി അറിയിച്ചു.

പരിസ്ഥിതി ആഘാതം- തുറമുഖ നിര്‍മ്മാണത്തിന്റെ ഭാഗമായി തീരശോഷണ നടക്കുന്നുവെന്നാണ് മറ്റൊരു ആരോപണം. ഈ വിഷയം ഉന്നയിച്ച് സുപ്രീം കോടതിയിലും ഹരിത ്രൈടബ്യൂണലിലും ഹര്‍ജികള്‍ നല്‍കിയിരുന്നു. അതെല്ലാം തള്ളിയതാണ്. തീരശോഷണം ഉണ്ടാവില്ലെന്ന് കേന്ദ്രവും വിദഗ്ധ റിപ്പോര്‍ട്ട് നല്‍കിയത്. അതുപ്രകാരമാണ് നിര്‍മ്മാണം ആരംഭിച്ചത്.

നൂനമര്‍ദ്ദവും ചുഴലിക്കാറ്റുമാണ് തീരശോഷണത്തിന് പ്രധാന കാരണം. വലിയതുറ, ശംഖുമുഖം എന്നീ തീരശോഷണങ്ങളുടെ കാരണം തുറമുഖ നിര്‍മ്മാണമാണെന്ന് പറയാന്‍ കഴിയില്ല.

ഇപ്പോള്‍ നടക്കുന്ന സമരം ആ പ്രദേശത്തെ മത്സ്യത്തൊഴിലാളികള്‍ മാത്രം പങ്കെടുക്കുന്നതാണെന്ന് പറയാനാവില്ല. ചിലയിടങ്ങളില്‍ മുന്‍കൂട്ടി തയ്യാറാക്കിയതാണ്. മത്സ്യെത്താഴിലാളികളുടെ പ്രശ്‌നം പരിഹരിക്കുന്നതിന് സര്‍ക്കാര്‍ എല്ലാക്കാലത്തും മുന്‍ഗണന നല്‍കിയിട്ടുണ്ട്.

ഓഖിയുടെ കാലത്ത് ഏറ്റവും കൂടുതല്‍ ധനസഹായം നല്‍കിയത് സംസ്ഥാന സര്‍ക്കാരാണ്. 20 ലക്ഷം രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ മരണപ്പെട്ടവരുടെ കുടുംബത്തിന് നല്‍കിയത്. അതിനൊപ്പം രണ്ട് ലക്ഷം രൂപ കേന്ദ്രസര്‍ക്കാരിന്റെ വിഹിതമായി നല്‍കി. ദുരിതാശ്വാസമായി ലഭിച്ച മുഴുവന്‍ തുകയും ആ മേഖലയ്ക്ക് നല്‍കി.

തീരദേശ മേഖലയിലെ പട്ടയ അപേക്ഷകളില്‍ ഭൂരിപക്ഷവും സിആര്‍സെഡ് പരിധിയിലാണ്. കേന്ദ്രസര്‍ക്കാരിന്റെ നിയന്ത്രണം ഉള്ളതിനാല്‍ ഇപ്പോള്‍ അത് നല്‍കാനാവില്ല.

മത്സ്യെത്താഴിലാളികളുടെയും കുടുംബങ്ങളുടെയും ഇന്‍ഷുറന്‍സ് പരിരക്ഷ അഞ്ച് ലക്ഷം രൂപയില്‍ നിന്ന് 10 ലക്ഷമായി ഉയര്‍ത്തിയിരുന്നു. മത്സ്യബന്ധന യാനങ്ങള്‍ക്കും ഇന്‍ഷുറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. സമുദ്ര ബസ് സര്‍വീസ്, മറൈന്‍ ആംബുലന്‍സ് എന്നീ സൗകൗര്യങ്ങളും ഏര്‍പ്പെടുത്തിയെന്നും മുഖ്യമന്ത്രി അറിയിച്ചു.

എന്നാല്‍ മത്സ്യത്തൊഴിലാളികളുമായി ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. പദ്ധതി ഒച്ചിഴയുന്നപോലെയാണ്. പുനധരിവാസം നടക്കുന്നില്ല. തീരശോഷണം ഉണ്ടാകുന്നില്ലെന്ന സര്‍ക്കാരും അദാനിയും പറയുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ വിശ്വസ്തതയുള്ള കമ്പനിയെ പഠനമേല്‍പ്പിക്കണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

മത്സ്യത്തൊഴിലാളികള്‍ കഴിയുന്ന ക്യാംപുകള്‍ വളരെ ശോചനീയാവസ്ഥയിലാണെന്ന് എം.വിന്‍സെന്റ് പറഞ്ഞു. സിമന്റ് ഫാക്ടറിയുടെ ഗോഡൗണിലുമടക്കമാണ് മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ കഴിയുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിന് വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് തയാറാക്കി നല്‍കിയ ആള്‍ അറസ്റ്റില്‍. സ്‌പേസ് പാര്‍ക്കിലെ ജോലിക്കാണ് വ്യാജ സര്‍ട്ടിഫിക്കറ്റ് നല്‍കിയത്. അമൃത്സര്‍ സ്വദേശി സച്ചിന്‍ ദാസിനെ(41)യാണ് കന്റോണ്‍മെന്റ് പോലീസ് പിടികൂടിയത്. പഞ്ചാബില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. ഇയാളുമായി പോലീസ് ഉടന്‍ കേരളത്തിലെത്തും.

ഒരു ലക്ഷം രൂപ വാങ്ങിയാണ് ഇയാള്‍ സ്വപ്‌നയ്ക്ക വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് തയ്യാറാക്കിയ നല്‍കിയത്. കോണ്‍സുലേറ്റിലെ ജോലി അവസാനിപ്പിച്ച് സര്‍ക്കാര്‍ സര്‍വീസില്‍ കയറുന്നതിനാണ് സ്വപ്‌ന ബിരുദ സര്‍ട്ടിഫിക്കറ്റ് എടുത്തത്.

ബാബസാഹിബ് അംബേദ്കര്‍ സര്‍വകലാശാലയില്‍ നിന്ന് ബികോം ബിരുദം നേടിയെന്നാണ് ബിരുദ സര്‍ട്ടിഫിക്കറ്റ്. ആറ് മാസത്തിനുള്ളില്‍ ബിരുദ സര്‍ട്ടിഫിക്കറ്റ് നല്‍കുമെന്ന പരസ്യം കണ്ട് ചെങ്ങന്നൂര്‍ സ്വദേശി വഴിയാണ് സ്വപ്‌ന ഇയാളെ സമീപിച്ചത്.സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് സ്‌പേസ് പാര്‍ക്കില്‍ ജോലിക്ക് കയറുകയും ഏഴ് മാസത്തിനുള്ളില്‍ 19 ലക്ഷം രൂപ ശമ്പള ഇനത്തില്‍ കൈപ്പറ്റുകയും ചെയ്തിരുന്നു. സ്വര്‍ണക്കടത്ത് കേസ് ഉയര്‍ന്നുവന്നതോടെയാണ് സ്വപ്‌നയുടേത് വ്യാജ ബിരുദമാണെന്ന ആരോപണവും ഉയര്‍ന്നത്.

നെടുമ്പാശേരി വിമാനത്താവളത്തില്‍ ലഹരിമരുന്നുമായി പിടിയിലായ പാലക്കാട് സ്വദേശി, വനിതകള്‍ നിയന്ത്രിക്കുന്ന രാജ്യാന്തര ലഹരിമാഫിയ സംഘത്തിലെ കണ്ണി. ലണ്ടന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സംഘത്തെ ഇന്ത്യയില്‍ നിയന്ത്രിക്കുന്നത് ഡല്‍ഹിയില്‍ താമസമാക്കിയ വനിതയെന്നും വിവരം. രണ്ട് വര്‍ഷത്തിനിടെ സംഘം ഇന്ത്യയിലേക്ക് കടത്തിയത് ഇരുനൂറ് കോടിയിലേറെ വില വരുന്ന ലഹരിമരുന്നുകള്‍.

സിയാലിന്‍റെ അത്യാധുനിക സ്കാനിങ് യന്ത്രം ഞായറാഴ്ച ചികഞ്ഞെടുത്തത് ലോകമാകെ പടര്‍ന്ന് കിടക്കുന്ന ലഹരിറാക്കറ്റിന്‍റെ വേരുകളാണ്. മാരക മയക്കുമരുന്നായ മെഥാക്വിനോള്‍ രാജ്യങ്ങള്‍ താണ്ടി ഇന്ത്യയിലേക്ക് കൈമറിഞ്ഞെത്തുന്നത് ഒരു മലയാളിയുടെ കയ്യിലൂടെ. അന്താരാഷ്ട്ര വിപണിയില്‍ 36 കോടി രൂപ വിലയുള്ള 18കിലോ മെഥാക്വിനോളുമായാണ് പാലക്കാട് സ്വദേശി മുരളീധരന്‍ ഉണ്ണി പിടിയിലായത്.

സിംബാംബ് വെയിലെ ഹരാരയില്‍ നിന്ന് ശേഖരിച്ച ലഹരിമരുന്ന് ഖത്തര്‍ വഴി കൊച്ചിയിലെത്തി ഇവിടെ നിന്ന് ഡല്‍ഹിയില്‍ എത്തിക്കാനായിരുന്നു പദ്ധതി. രണ്ട് ബാഗുകള്‍ക്കടിയില്‍ രഹസ്യ അറയില്‍ ഒളിപ്പിച്ചായിരുന്നു ലഹരിക്കടത്ത്. കാരിയറായ മുരളീധരനില്‍ നിന്ന് ലഹരിമരുന്ന് കൈപ്പറ്റാന്‍ ഡല്‍ഹിയില്‍ കാത്തു നിന്ന നൈജീരിയന്‍ വനിത യുകാമ ഇമ്മാനുവേല ഒമിഡിനെ ചടുലമായ നീക്കത്തിലൂടെ കസ്റ്റംസ് പിടികൂടി. ഇവരില്‍ നിന്നാണ് ലഹരിക്കടത്ത് സംഘത്തിലെ തലൈവിയെ കുറിച്ചുള്ള വിവരം ലഭിക്കുന്നത്.

ലണ്ടനിലുള്ള ജെന്നിഫര്‍ എന്ന വനിതയാണ് ഇടപാടുകളത്രയും നിയന്ത്രിക്കുന്നത്. ഇവരുടെ കീഴില്‍ ഓരോ രാജ്യത്തും തലവന്‍മാര്‍. ഡല്‍ഹിയില്‍ സോഫിയ എന്ന പേരുള്ള സ്ത്രീയാണ് ഇടപാടുകള്‍ക്ക് ചുക്കാന്‍ പിടിക്കുന്നതെന്നാണ് സൂചന. നൈജീരിയന്‍ വനിതയെ അയച്ചതും സോഫിയയാണെന്നാണ് വിവരം. മുരളീധരനും നൈജീരിയന്‍ വനിത യുകാമ ഇമ്മാനുവേല ഉള്‍പ്പെടെയുള്ളവര്‍ കാരിയര്‍മാരാണ്. മുരളീധരന്‍ മൂന്ന് തവണ എത്തിച്ച ലഹരിമരുന്നും കൈമാറിയത് പിടിയിലായ യുകാമയ്ക്കാണ്. അതിന് മുന്‍പ് രണ്ട് തവണ കൈപ്പറ്റിയത് മറ്റൊരു യുവതി. ഇത്തവണത്തെ ഇടപാടില്‍ രണ്ട് ലക്ഷം രൂപയായിരുന്നു മുരളീധരന്‍ ഉണ്ണിക്കുള്ള പ്രതിഫലം. ഈ പണം നൈജിരിയന്‍ യുവതിയുടെ പക്കല്‍ നിന്ന് കണ്ടെത്തി. വാട്സപ്പിലൂടെയായിരുന്നു ഇരുവരുടെയും ആശയവിനിമയം.

രോഗിയുടെ ബന്ധുവിൽ നിന്നും കൈക്കൂലി വാങ്ങുന്നതിനിടെ കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിലെ സർജനെ വിജിലൻസ് സംഘം പിടികൂടി. ഹെർണിയ ഓപ്പറേഷനായി എത്തിയ രോഗിയുടെ ബന്ധുവിൽ നിന്നും 3000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിലെ സർജൻ മുണ്ടക്കയം സ്വദേശി ഡോ.സുജിത് കുമാർ പിടിയിലായത്. വിജിലൻസ് എസ്പി വി ജി വിനോദ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്.

തിങ്കളാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് ഇദ്ദേഹത്തിന്റെ വസതിയ്ക്കു സമീപത്തെ കൺസൾട്ടിംങ് മുറിയിൽ നിന്നും വിജിലൻസ് സംഘം ഇയാളെ അറസ്റ്റ് ചെയ്തത്. സ്വാതന്ത്ര്യദിനത്തിലാണ് ഹെർണിയ ഓപ്പറേഷനെ സംബന്ധിച്ച് അറിയാനായി മുണ്ടക്കയം സ്വദേശി ഡോക്ടറുടെ വീട്ടിൽ എത്തിയത്. ഇവിടെ വച്ച് 2000 രൂപ ഡോക്ടർ കൈക്കൂലിയായി കൈപ്പറ്റി.

തുടർന്ന് 20 ന് കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിൽ വച്ച് ശസ്ത്രക്രിയ നടത്തി. ഇതിനു ശേഷം ഡോക്ടർ നിരന്തരം കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. ഇതേ തുടർന്നാണ് രോഗിയുടെ മകൻ വിജിലൻസ് എസ്പി വിജി വിനോദ്കുമാറിന് പരാതി നൽകിയത്. ഈ പരാതിയുടെ അടിസ്ഥാനത്തിൽ വിജിലൻസ് സംഘം ഇദ്ദേഹത്തെ നിരീക്ഷിച്ചു വരികയായിരുന്നു.

തുടർന്ന് വിജിലൻസ് റേഞ്ച് ഡിവൈഎസ്പി പി വി മനോജ്കുമാറും സംഘവും ചേർന്നാണ് ഡോക്ടറെ പിടികൂടിയത്. മുൻപും ഡോക്ടർക്കെതിരെ വ്യാപകമായ പരാതി ഉയർന്നിരുന്നതായി വിജിലൻസ് ഉദ്യോഗസ്ഥർ അറിയിച്ചു.

വിഴിഞ്ഞം തുറമുഖ നിർമ്മാണം നിറുത്തിവയ്‌ക്കണമെന്ന ലത്തീൻ അതിരൂപതയുടെ ആവശ്യം പ്രായോഗികമല്ലെന്ന് ഉന്നത സർക്കാർ വൃത്തങ്ങൾ അറിയിച്ചു. മത്സ്യത്തൊഴിലാളികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുമ്പോഴും തുറമുഖ നിർമ്മാണം നിറുത്തിവയ്‌ക്കണമെന്ന ആവശ്യം പ്രതിപക്ഷത്തിനുമില്ല. പദ്ധതിക്ക് തറക്കല്ലിട്ടതും പാരിസ്ഥിതിക അനുമതി ലഭിച്ചതുമെല്ലാം കേരളത്തിലും കേന്ദ്രത്തിലും കോൺഗ്രസ് നേതൃത്വം നൽകുന്ന സർക്കാരുകൾ ഉള്ളപ്പോഴാണ്. ശശിതരൂർ എം.പി അതിരൂപത അധികൃതരുമായി ചർച്ച നടത്തിയെങ്കിലും പ്രദേശവാസികളുടെ ആശങ്ക പരിഹരിച്ച് നിർമ്മാണം മുന്നോട്ടുകൊണ്ടുപോകണമെന്ന നിലപാടാണ് സ്വീകരിച്ചത്.

7525 കോടിയുടെ നിർമ്മാണ കരാറിൽ നിന്ന് ഏകപക്ഷീയമായി പിൻവാങ്ങുന്നത് നിസാരമായിരിക്കില്ലെന്നാണ് തുറമുഖ വകുപ്പിന്റെ നിലപാട്. ഇതുവഴിയുണ്ടാകുന്ന കേസും നഷ്‌ടപരിഹാരവും സർക്കാരിന് താങ്ങാവുന്നതിലും അധികമാകും. വിഴിഞ്ഞം വിഷയം നിയമസഭയിൽ നാളെ അടിയന്തരപ്രമേയമായി ഉന്നയിക്കാനാണ് പ്രതിപക്ഷ നീക്കം. മത്സ്യത്തൊഴിലാളികളെ പുനർഗേഹം പദ്ധതി വഴി മുട്ടത്തറയിലെ മൃഗസംരക്ഷണ വകുപ്പിന്റെ സ്ഥലത്തേക്ക് മാറ്റിപ്പാർപ്പിക്കുന്ന കാര്യത്തിൽ ഇന്ന് അന്തിമതീരുമാനമുണ്ടാകും.

17.5 ഏക്കർ വിട്ടുനൽകുന്നതിൽ മൃഗസംരക്ഷണ വകുപ്പിനുള്ള എതിർപ്പ് ചർച്ചകൾക്കൊടുവിൽ ഇല്ലാതായെന്നാണ് സൂചന. ക്യാമ്പുകളിൽ കഴിയുന്നവരെ വാടക വീടുകളിലേക്ക് മാറ്റുന്ന കാര്യത്തിലും ഉപസമിതി യോഗത്തിൽ തീരുമാനമുണ്ടാകും. വൈകിട്ട് നാലിനാണ് യോഗം.

ആന്റണിരാജു, എം.വി. ഗോവിന്ദൻ,കെ. രാജൻ, അഹമ്മദ് ദേവർകോവിൽ, അബ്‌ദുറഹ്മാൻ, ചിഞ്ചുറാണി എന്നിവരാണ് ഉപസമിതി അംഗങ്ങൾ.

മറ്റന്നാൾ നടക്കുന്ന ക്യാബിനറ്റിൽ മത്സ്യത്തൊഴിലാളികൾക്ക് നൽകുന്ന മണ്ണെണ്ണയുടെ കാര്യത്തിലും തീരുമാനമുണ്ടാകും. വ്യാഴാഴ്‌ചയോടെ മുഖ്യമന്ത്രി പ്രതിഷേധക്കാരുടെ യോഗം വിളിച്ചേക്കുമെന്നാണ് വിവരം. തുറമുഖ നിർമ്മാണവുമായി ബന്ധപ്പെട്ടുണ്ടാകുന്ന പാരിസ്ഥിതക ആഘാതങ്ങളെപ്പറ്റി പഠിക്കാൻ സമിതി രൂപീകരിക്കുമെന്ന് സർക്കാർ അറിയിക്കാനാണ് സാദ്ധ്യത. തുറമുഖ നിർമ്മാണം നിറുത്തിവയ്‌ക്കാനാകില്ലെന്ന കാര്യവും ബോധിപ്പിക്കും. ഇതോടെ സമരം അവസാനിക്കുമെന്നാണ് സർക്കാർ കണക്കുകൂട്ടൽ.

ഇന്നുമുതൽ കടലിലും സമരം

വിഴിഞ്ഞത്തെ സമരം ഇന്നുമുതൽ കടൽ മാഗവും നടത്താൻ സമരസമിതിയുടെ തീരുമാനം. പൂന്തുറ ഇടവകയുടെ നേതൃത്തിലാണ് കടൽ മാർഗം തുറമുഖം വളയുക. ചെറിയതുറ, സെന്റ് സേവിയേഴ്സ്, ചെറുവെട്ടുകാട് ഇടവകകളുടെ നേതൃത്വത്തിൽ മുല്ലൂരിലെ തുറമുഖ കവാടവും ഉപരോധിക്കും. 100ലധികം വള്ളങ്ങൾ ഒരേസമയം തുറമുഖത്തെ വലയം ചെയ്‌ത് പ്രതിഷേധിക്കും. സമരത്തിന്റെ ആറാം ദിവസമായ ഇന്നലെ ലത്തീൻ അതിരൂപതയ്‌ക്ക് കീഴിലെ മതബോധന കേന്ദ്രങ്ങളിലെ അദ്ധ്യാപകരുടെ നേതൃത്വത്തിൽ സമരവേദിയിൽ പ്രാർത്ഥനാദിനം ആചരിച്ചു. സമരത്തിന് കെ.സി.ബി.സി പിന്തുണ അറിയിച്ചിട്ടുണ്ട്.

തീരശോഷണം പഠിക്കാൻ ജനകീയ സമിതി

തീരശോഷണത്തെപ്പറ്റി പഠിക്കാൻ ജനകീയ സമിതിക്ക് രൂപം നൽകാനാണ് ലത്തീൻ അതിരൂപതയുടെ തീരുമാനം. നിയമസഭയിലും പാർലമെന്റിലും വിഷയം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് എല്ലാ എം.എൽ.എമാർക്കും എം.പിമാർക്കും സഭ കത്തയച്ചു. അതേസമയം സമരത്തിന്റെ പശ്ചാത്തലത്തിൽ പ്രദേശത്ത് മദ്യശാലകൾ തുറക്കുന്നത് നിരോധിച്ച കളക്‌ടറുടെ ഉത്തരവിനെ വികാരി ജനറൽ യൂജിൻ പെരേര സ്വാഗതം ചെയ്‌തു.

കോഴിക്കോട് ബീച്ചില്‍ സംഗീത പരിപാടിക്കിടെ സംഘർഷം. തിക്കിലും തിരക്കിലു൦ നിരവധി പേര്‍ക്ക് പരിക്കേറ്റു. ജെഡിടി ആര്‍ട്‌സ് കോളജിന്റെ സംഗീത പരിപാടിക്കിടെയാണ് അപകടം. പരിപാടി പോലീസ് ഇടപെട്ട് റദ്ദാക്കി.

പെയിൻ ആൻറ് പാലിയേറ്റീവ് ധനസമാഹരണത്തിനായി സംഘടിപ്പിച്ച സംഗീതപരിപാടിക്കിടെയാണ് സംഘർഷം. എഴുപതോളം പേർക്ക് പരിക്ക്. വെള്ളിമാടുകുന്ന് ജെ.ഡി.ടി. ഇസ്ലാം കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസ് സ്റ്റുഡൻസ് ഇനിഷ്യേറ്റീവ് ഫോർ പാലിയേറ്റീവ് കെയർ (എസ്.ഐ.പി.സി.) ആണ് ഞായറാഴ്ച വൈകീട്ട് കടപ്പുറത്ത് സംഗീതപരിപാടി സംഘടിപ്പിച്ചത്.

സംഘർഷത്തിൽ പരിക്കേറ്റവരിൽ എട്ടു പോലീസുകാരും വിദ്യാർഥികളും നാട്ടുകാരും ഉൾപ്പെടുന്നു. പരിക്കേറ്റവർ ഗവ. ബീച്ച് ആശുപത്രി, ഗവ. മെഡിക്കൽ കോളേജ്, സ്വകാര്യ ആശുപത്രികൾ എന്നിവിടങ്ങളിൽ ചികിത്സതേടി.

ആരുടേയും പരിക്ക് ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. സംഗീത പരിപാടിക്കിടെ തിരക്ക് വര്‍ധിച്ചതോടെയാണ് അപകടമുണ്ടായതെന്നാണ് ലഭ്യമാകുന്ന വിവരം.

മൂന്നു ദിവസങ്ങളിലായി ജെഡിടി ആര്‍ട്‌സ് കോളജിന്റെ സംഗീത പരിപാടി കോഴിക്കോട് ബീച്ചില്‍ നടന്നു വരുകയായിരുന്നു. ഞായറാഴ്ച അതിന്റെ സമാപന ദിനമായിരുന്നു. ഞായറാഴ്ച ദിവസം കൂടിയായതിനാല്‍ വലിയ ജനപ്രവാഹമാണ് ബീച്ചിലേക്കുണ്ടായത്. ടിക്കറ്റ് വച്ചാണ് പരിപാടി നടത്തിയിരുന്നതെങ്കിലും കൂടുതല്‍ ആളുകള്‍ പരിപാടിയുടെ വേദിയിലേക്ക് എത്തിയതോടെ ടിക്കറ്റെടുത്തവര്‍ക്ക് വേദിയില്‍ പ്രവേശിക്കാന്‍ കഴിഞ്ഞില്ല.

ഇതോടെ ടിക്കറ്റുമായി എത്തിയവരും സംഘാടകരും തമ്മില്‍ ചെറിയ രീതിയില്‍ സംഘര്‍ഷമുണ്ടാകുകയും അത് തിക്കിലും തിരക്കിലും കലാശിക്കുകയുമായിരുന്നു. ഡിസിപി എ ശ്രീനിവാസ്, എസിപി കെ.സുദര്‍ശന്‍ എന്നിവര്‍ കോഴിക്കോട് ബീച്ചില്‍ എത്തി.

തീരദേശമേഖലയിലെ വിവിധ പ്രശ്നങ്ങൾ ഉന്നയിച്ച് വിഴിഞ്ഞത്ത് മത്സ്യത്തൊഴിലാളികൾ നടത്തിവരുന്ന സമരത്തിന് ഐക്യദാർഢ്യവുമായി ചങ്ങനാശേരി അതിരൂപത. ചങ്ങനാശേരി അതിരൂപതയ്ക്കു വേണ്ടി തിരുവനന്തപുരം ഫൊറോനാ വികാരി ഫാ. മോർളി കൈതപ്പറമ്പിലിന്റെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ വിഴി ഞ്ഞത്തെത്തി ഐക്യദാർഢ്യം അറിയിച്ചു. ചങ്ങനാശേരി അതിരൂപതയുടെ പ്രമേയം ഫാ. മോർളി കൈതപ്പറമ്പിൽ അവതരിപ്പിച്ചു. പീഡിതരും നീതി നിഷേധിക്കപ്പെട്ടവരും അരക്ഷിതരുമായ ഒരു ജനത തങ്ങളുടെ നിലനിൽപ്പിനായി ഐതിഹാസികമായ സമരം നയിക്കുകയാണെന്നു പ്രമേയത്തിൽ ചങ്ങനാശേരി അതിരൂപത പറയുന്നു.

അകലെ നിന്നു നോക്കുന്നവർക്ക് ഈ സമരം എന്തിനാണെന്നു ചിലപ്പോൾ മനസിലാകില്ല. ഈ പ്രക്ഷോഭങ്ങൾക്ക് തീവ്രവാദമുഖം നൽകി സമൂഹമധ്യത്തിൽ വികലമായി അവതരിപ്പിച്ച് പൊതുജനത്തെ ഇതിനെതിരാക്കി മാറ്റാനുള്ള ഗൂഢശ്രമങ്ങളും നടക്കു ന്നുണ്ടെന്നും പ്രമേയത്തിൽ പറയുന്നു.

പ്രളയം പോലുള്ള നാടിന്റെ ആപത്ഘട്ടങ്ങളിൽ തങ്ങളുടെ സഹജീവികളുടെ ജീവൻ ക്ഷിക്കാൻ ജീവൻ തൃണവൽക്കരിച്ച് വള്ളങ്ങളുമായി ഓടിയെത്തിയവരാണ് മത്സ്യ ത്തൊഴിലാളികൾ. കേരളത്തിന്റെ സൈന്യമെന്ന് അധികാരികൾ പോലും വാഴ്ത്തിപ്പാടിയ ഈ ജനത ജീവിതത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയെയാണ് ഇപ്പോൾ നേരിട്ടുകൊണ്ടിരിക്കുന്നത്.

വിഴിഞ്ഞം തുറമുഖ പദ്ധതിയെപ്പറ്റി ആലോചിക്കുന്ന ഘട്ടത്തിൽ തന്നെ അതുമൂലം തീരപ്രദേശത്ത് സംഭവിക്കാൻ സാധ്യതയുള്ള വിനാശ കരമായ പാരിസ്ഥിതിക പ്രത്യാഘാതങ്ങളെക്കുറിച്ച് വിദഗ്ധ ശാസ്ത്രജ്ഞരും മത്സ്യത്തൊഴിലാളി സംഘടനകളും സഭാനേതൃത്വവും പരിചയ സമ്പന്നരായ മത്സ്യത്തൊഴിലാളികളും മുന്നറിയിപ്പു നൽകിയതാണ്. എന്നാൽ അങ്ങനെയുള്ള സൂചനകളെല്ലാം വമ്പൻ കോർപ്പറേറ്റ് മുതലാ ളിയുടെ മോഹന സുന്ദര വാഗ്ദാനങ്ങളിൽ കേന്ദ്ര-സംസ്ഥാന അധികാരികൾ കേട്ടതായിപ്പോലും ഭാവിച്ചില്ല.

മത്സ്യത്തൊഴിലാളി ജനത നടത്തുന്ന ഈ പോരാട്ടത്തോട് സീറോ മലബാർ സഭയും പ്രത്യേകിച്ച് ചങ്ങനാശേരി അതിരൂപതയിലെ എല്ലാ ഇട വകകളും ചേർന്ന് ഐക്യദാർഢ്യവും പിന്തുണയും പ്രഖ്യാപിക്കുന്നതായും ഫാ.മോർളി കൈതപ്പറമ്പിൽ അറിയിച്ചു. ഫാ.ജിൻസ്, ഫാ.സോണി പള്ളിച്ചിറയിൽ, ഫാ.ജിന്റോ ചിറ്റിലപ്പള്ളി, ഫാ. മാത്യു കുന്നുംപുറത്ത്, ഫാ. ഡൊമിനിക്, ഫാ. ജേക്കബ്, ഫാ. ജിബി ൻ കോഴപ്ലാക്കൽ, ഫാ. ജോംസി പുളിക്കൽ തുടങ്ങിയവർ നേതൃത്വം ന ൽകി. തിരുവനന്തപുരം ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് ഡോ. തോമസ് ജെ.നെറ്റോ, സഹായമെത്രാൻ ഡോ.ആർ.ക്രിസ്തുദാസ് തുട ങ്ങിയവർ സമരപ്പന്തലിലുണ്ടായിരുന്നു.

RECENT POSTS
Copyright © . All rights reserved