Kerala

വീട്ടിലേക്ക് വിളിച്ച് അരമണിക്കൂറിനുള്ളിൽ എത്താമെന്ന് അമ്മയോട് ടെലിഫോണിൽ വിളിച്ച് ഉറപ്പ് നൽകിയ മകൻ ഒരിക്കലും മടങ്ങി വരില്ലെന്ന് അറിഞ്ഞ ഞെട്ടലിലാണ് കുടുംബം. സിജോ ജെറിൻ ജോസഫ് (27) ഇനിയൊരിക്കലും വീട്ടിലേക്ക് പടി കടന്നുവരില്ല എന്ന് ആർക്കും വിശ്വസിക്കാനാവുന്നില്ല. ഫോൺ വിളി എത്തി ഏറെ സമയം പിന്നിട്ടിട്ടും സിജോയെ കാണാത്തതിനെത്തുടർന്ന് വീട്ടുകാർ തിരഞ്ഞ് ഇറങ്ങിയിരുന്നു.പോലീസിനെ അറിയിക്കുകയും ചെയ്തു. തുടർന്ന് മൊബൈൽ ഫോൺ സ്ഥാനം നിർണയിച്ച് പോലീസ് നടത്തിയ പരിശോധനയിലാണ് അപകടവിവരം അറിയുന്നത്.

പുതുശ്ശേരി കവലയ്ക്ക് സമീപം വന്ന് സിജോയുടെ നമ്പറിൽ വിളിച്ചപ്പോൾ തോട്ടത്തിൽനിന്ന് മൊബൈൽ ശബ്ദമുയർന്നു. റോഡിൽനിന്ന് തെറിച്ച് റബ്ബർ തോട്ടത്തിൽ വീണ് ഗുരുതരമായി പരിക്കേറ്റനിലയിലായിരുന്നു സിജോ. കീഴ്വായ്പൂര് സ്റ്റേഷനിലെ എസ്‌ഐ സുരേന്ദ്രനും സജിയുമായിരുന്നു സിജോയെകണ്ടെത്തിയത്. ആ സമയത്ത് ചെറിയ അനക്കമുണ്ടോയെന്ന് സംശയം മാത്രമായിരുന്നു ബാക്കിയായത്.പിന്നീട് ആംബുലൻസ് എത്തിച്ച് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരണംസ്ഥിരീകരിച്ചു.

പുറമറ്റം കവലയിൽനിന്ന് കുറഞ്ഞൂക്കടവ് പാലം കടന്നുവന്ന ബൈക്ക് പുതുശ്ശേരി കവലയിൽ കയറുന്നതിന് മുൻപുള്ള വളവ് തിരിയാതെ നേരേ പോകുകയായിരുന്നുവെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവിടെ പത്ത് മീറ്ററോളം അകലെ മുതൽ ബ്രേക്ക് ചെയ്തതിന്റെ അടയാളം റോഡിൽ കാണാനുണ്ട്. മുള്ളുവേലി തകർത്ത് തോട്ടത്തിൽ കടന്ന ബൈക്ക് ഇടിച്ച് റബ്ബർ മരത്തിന്റെ പുറംപാളി രണ്ട് മീറ്റർ ഉയരത്തിൽ ഇളകിപ്പോയി. അത്ര പൊക്കത്തിലും ശക്തിയിലുമാണ് വന്ന് പതിച്ചതെന്ന് മരത്തിലെ പരിക്ക് തന്നെ സൂചിപ്പിക്കുന്നു.

കൊടുംവളവായ ഇവിടെ ഡിവൈഡറും മറ്റ് സുരക്ഷാപാളികളുമില്ല. റോഡുപണി മാസങ്ങളായി മുടങ്ങിക്കിടക്കുകയാണ്. ബിഎംബിസി നിലവാരത്തിൽ പൂർത്തിയാക്കേണ്ട പാതയുടെ ആദ്യത്തെ പാളി മാത്രമേ വിരിച്ചിട്ടുള്ളൂ. അതിനാൽ റോഡ് അടയാളങ്ങളോ അപകടമുന്നറിയിപ്പ് സൂചനകളോ ഇല്ലെന്നതുമാണ് അപകടത്തിന് കാരണമായത്.

അവിവാഹിതനാണ്. അച്ഛൻ: ജോസഫ് ജോർജ്, അമ്മ: അക്കാമ്മ. സഹോദരങ്ങൾ: ജൂബിൻ ജോസഫ് (മസ്‌കറ്റ്), ജൂലി മറിയം ജോസഫ് (നഴ്‌സ് കിങ് സൗദ് മെഡിസിറ്റി, സൗദി അറേബ്യ). സംസ്‌കാരം പിന്നീട്.

ആളെ സ്റ്റോപ്പിൽ ഇറക്കിയ ശേഷം മുന്നോട്ടെടുത്ത ബസിൽ നിന്നും വീണ ബസിന്റെ ഉടമ അതേ ബസ് തന്നെ ശരീരത്തിലൂടെ കയറി മരിച്ചു. തൃശ്ശൂർ ഗുരുവായൂർ റൂട്ടിൽ ഓടുന്ന വെണ്ണിലാവ് ബസിന്റെ ഉടമ കേച്ചേരി ആയമുക്ക് പോഴംകണ്ടത്ത് രജീഷാണ് (40(ഉണ്ണി)) മരിച്ചത്.

തിങ്കളാഴ്ച വൈകീട്ട് 5.30-ന് തൃശൂർ പുറ്റേക്കരയിലായിരുന്നു അപകടം. ബസിൽ നിന്ന് വീണ രജീഷിന്റെ അരയ്ക്കു താഴേക്കൂടി ബസ് കയറിയിറങ്ങുകയായിരുന്നു. പരിക്ക്ഗുരുതരമായതിനാൽ ഉടൻ തന്നെ സമീപത്തെ അമല ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മുന്നിലുണ്ടായിരുന്ന ബസിനെ മറികടക്കാൻ ഡ്രൈവർ ശ്രമിക്കുന്നതിനിടെയാണ് വീണ് അപകടമുണ്ടായതെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. വാതിൽ അടയാതെ മുന്നിലുള്ള ബസിന്റെ പിന്നിൽ ഇടിച്ചുവെന്നും സമീപത്തുനിന്ന രജീഷ് ബസിനടിയിലേക്ക് വീഴുകയായിരുന്നുവെന്നും നാട്ടുകാർ പറയുന്നു.

രാഘവനും രാധയുമാണ് മാതാപിതാക്കൾ. ഭാര്യ: നയന. മക്കൾ: ദീപക്, ദേവിക. സംസ്‌കാരം പോസ്റ്റുമോർട്ടത്തിനുശേഷം ചൊവ്വാഴ്ച.

ലിസാ മാത്യു , മലയാളം യുകെ ന്യൂസ് ടീം 

യു കെ :- ജൂലൈ 29 മുതൽ ഓഗസ്റ്റ് 8 വരെ ബിർമിങ്ഹാമിൽ വെച്ച് നടന്ന കോമൺവെൽത്ത് ഗെയിംസിന്റെ ഉദ്ഘാടന ചടങ്ങിന്റെ ഭാഗമായുള്ള സാംസ്കാരിക നൃത്ത പരിപാടിയിൽ പങ്കെടുക്കുവാൻ സാധിച്ചതിന്റെ സന്തോഷത്തിലാണ് യുകെ മലയാളി വിദ്യാർത്ഥിയായ റയോൺ സ്റ്റീഫൻ. കണ്ണൂർ സ്വദേശിയായ റയോൺ 2021ൽ ബർമിങ്ഹാമിലെ ആസ്റ്റൺ യൂണിവേഴ്സിറ്റിയിൽ സപ്ലൈ ചെയിൻ മാനേജ്മെന്റിൽ ബിരുദാനന്തര ബിരുദ പഠനത്തിനാണ് എത്തിയത്. ഗെയിംസിനോട് അനുബന്ധിച്ച് നിരവധി അവസരങ്ങൾ തുറന്നു ലഭിക്കുമെന്നുള്ളത് ആസ്റ്റൺ യൂണിവേഴ്സിറ്റി തന്നെ തിരഞ്ഞെടുക്കുവാൻ തനിക്കൊരു കാരണമായിരുന്നുവെന്ന് റയോൺ മലയാളം യുകെ ന്യൂസിനോട് പറഞ്ഞു.

പഠനത്തിനിടയിലാണ്, കോമൺവെൽത്ത് ഗെയിംസിന്റെ ഉദ്ഘാടന ചടങ്ങിന്റെയും, സമാപന ചടങ്ങിന്റെയും ഭാഗമായുള്ള സാംസ്കാരിക നൃത്ത പരിപാടിയിൽ പങ്കെടുക്കുവാൻ താല്പര്യമുള്ളവർക്കായുള്ള ഓഡിഷനെ സംബന്ധിക്കുന്ന വാർത്ത താൻ കാണുവാൻ ഇടയായതെന്ന് റയോൺ പറഞ്ഞു. നൃത്തത്തോട് പ്രത്യേകമൊരു അഭിനിവേശം ഉള്ളതിനാൽ തന്നെ, ഏപ്രിൽ ഒന്നിന് നടന്ന ഒഡീഷനിൽ റയോൺ ആദ്യം തന്നെ പങ്കാളിയായി. ബാംഗ്ലൂർ ക്രൈസ്റ്റ് കോളേജിലാണ് റയോൺ തന്റെ ബിരുദ പഠനം പൂർത്തിയാക്കിയത്. ബിരുദ പഠനത്തിന്റെ മൂന്നുവർഷക്കാലത്തും യൂണിവേഴ്സിറ്റി ഡാൻസ് ടീമിന്റെ ഭാഗമാകുവാൻ തനിക്ക് സാധിച്ചതായി റയോൺ പറഞ്ഞു.

ചെന്നൈയിൽ വച്ച് നടന്ന നാഷണൽ കോമ്പറ്റീഷനുകളിൽ താനടങ്ങുന്ന ടീമിന് ഒന്നാം സ്ഥാനം ലഭിച്ചത് ഒഡീഷനിൽ പങ്കെടുക്കാൻ കൂടുതൽ ആത്മവിശ്വാസം തന്നതായി റയോൺ പറഞ്ഞു. വളരെ കൃത്യമായ രീതിയിൽ, ശരീര അളവുകൾ പോലും എടുത്താണ് ഓഡിഷൻ നടത്തിയത്. ഓഡിഷന് ശേഷം ഏകദേശം ഒരു മാസത്തോളം കഴിഞ്ഞാണ് റിസൾട്ട് പ്രഖ്യാപിച്ചത് . തിരഞ്ഞെടുക്കപ്പെട്ടു എന്ന മെയിൽ ലഭിച്ചപ്പോൾ തനിക്ക് വളരെയധികം സന്തോഷം ഉണ്ടായതായി റയോൺ മലയാളം യുകെ ന്യൂസിനോട് പറഞ്ഞു.

ജൂൺ, ജൂലൈ മാസങ്ങൾ പൂർണമായും പരിശീലന കാലഘട്ടങ്ങൾ ആയിരുന്നു. വിവിധ പ്രോപ്പുകൾ ഉപയോഗിച്ചുള്ള തങ്ങളുടെ ഭാഗത്തിൽ, ലോകത്തിൽ ആദ്യമായി വെർമിങ്‌ഹാമിൽ വച്ച് നിർമ്മിക്കപ്പെട്ട ഇലക്ട്രിക് ഹോണിന്റെ മാതൃകയായിരുന്നു തങ്ങൾക്ക് ലഭിച്ചതെന്ന് റയോൺ പറഞ്ഞു. ബർമിങ്‌ഹാമിൽ എൻജിനീയർ ആയിരുന്ന ഒലിവർ ലൂക്കസ് 1910 ലാണ് ലോകത്തിൽ ആദ്യമായി ഇത്തരത്തിൽ ഒരു ഇലക്ട്രിക് ഹോൺ നിർമ്മിച്ചത്. അതിനാൽ തന്നെ ബെർമിങ്‌ഹാമിന്റെ ചരിത്രം വിളിച്ചോതുന്ന ഒരു പരിപാടിയുടെ ഭാഗമായാണ് താൻ മാറിയതെന്നും റയോൺ വ്യക്തമാക്കി. തന്റെ ടീമിൽ താൻ മാത്രമായിരുന്നു ഏക ഇന്ത്യൻ പൗരനെന്നും, ജർമ്മനി, സ്പെയിൻ, ലാറ്റ് വിയ തുടങ്ങിയ വിവിധ രാജ്യങ്ങളിൽ നിന്നുള്ള അംഗങ്ങൾ ടീമിൽ ഉണ്ടായിരുന്നത് റയോൺസിന് പുതിയൊരു അനുഭവമായിരുന്നു.

ഈ പരിശീലനം നടന്നുകൊണ്ടിരിക്കുന്നതിനിടയിലാണ് കോമൺവെൽത്ത് ഗെയിംസിന്റെ ഉദ്ഘാടന ചടങ്ങും സമാപനച്ചടങ്ങും കൈകാര്യം ചെയ്യുന്ന ബിർമിങ്ഹാം സെറിമണിസ് ലിമിറ്റഡ് എന്ന കമ്പനിയിൽ ഓപ്പറേഷൻസ് കോഡിനേറ്റർ എന്ന തസ്തികയിലെ ഒഴിവിലേക്ക് റയോൺസിന് അപേക്ഷിക്കാൻ സാധിച്ചത് . വിവിധ ജോലികൾക്കായി അപ്ലൈ ചെയ്യുന്നതിനിടയിലാണ് ഇത്തരം ഒരു അവസരം കണ്ടത്. ഇന്റർവ്യൂവിൽ നന്നായി തന്നെ പങ്കെടുത്തതിൻെറ ഫലമായി ജൂൺ ആദ്യ ആഴ്ച തന്നെ ജോലിക്ക് കയറുവാൻ സാധിച്ചതായും റയോൺ പറഞ്ഞു. ഗെയിംസ് നടക്കുന്ന അലക്സാണ്ടർ സ്റ്റേഡിയത്തിലും , ലോങ്ങ്‌ബ്രിഡ്ജിലും ആയിരുന്നു ജോലിയുടെ പ്രധാന മേഖലകൾ. ക്ലീനിങ്, കേറ്ററിംഗ് തുടങ്ങിയ മേഖലകളുടെ മേൽനോട്ടം ആയിരുന്നു ജോലിയുടെ ഭാഗമായി ഉണ്ടായിരുന്നത്. മത്സരാർത്ഥികളുടെ വിവിധമായ ആവശ്യങ്ങൾ നിറവേറ്റി കൊടുക്കുവാൻ സാധിച്ചതിലൂടെ പല സമയങ്ങളിലും അവരുമായി ആശയവിനിമയത്തിനുള്ള അസുലഭ അവസരമാണ് റയോൺസിന് ലഭിച്ചത്.

കണ്ണൂർ ജില്ലയിലെ വയാട്ടുപറമ്പാണ് റയോൺ സ്റ്റീഫന്റെ സ്വദേശം. പള്ളിത്തറയിൽ സാബു സ്റ്റീഫന്റെയും ബീന റോസിന്റെയും രണ്ടാമത്തെ മകനാണ് റയോൺ. മൂന്ന് സഹോദരങ്ങളാണ് റയോണിനുള്ളത്. സാൻജി സ്റ്റീഫൻ, ആൽവസ് സ്റ്റീഫൻ, സിൽവാന സ്റ്റീഫൻ എന്നിവർ റയോണിനു ആവശ്യമായ എല്ലാ പിന്തുണയും നൽകുന്നുണ്ട്. ദൂരെയാണെങ്കിലും തന്റെ കുടുംബത്തിന്റ മാനസിക പിന്തുണ തന്റെ വിജയത്തിന്റെ അടിത്തറ ആണെന്ന് റയോൺ പറഞ്ഞു. ഇത്തരമൊരു ചടങ്ങിന്റെ ഭാഗമാകാൻ സാധിച്ചത് വലിയൊരു ഭാഗ്യമായാണ് താൻ കരുതുന്നതെന്ന് റയോൺ മലയാളം യുകെ ന്യൂസിനോട് പറഞ്ഞു.

കുടുംബത്തിലേക്ക് സന്തോഷങ്ങൾ തേടിവരാനിരിക്കെ ഞെട്ടലായി എത്തിയത് സൈനികനായ ബിജുവിന്റെ മരണവാർത്ത. നാട് കാക്കുന്ന ജവാന്റെ വേർപാട് നാടിനും നൊമ്പരമായി. ഭാര്യയ്ക്ക് ഒരു ജോലിയെന്ന ബിജുവിന്റെ സ്വപ്നം യാഥാർഥ്യമായി കാണും മുൻപ് ആണ് മരണം തേടിയെത്തിയത്.

ഉത്തരാഖണ്ഡ് ഗ്രഫിലെ ഓപ്പറേറ്റിങ് എക്യുപ്‌മെന്റ് മെക്കാനിക് ചെട്ടികുളങ്ങര ഈരേഴ തെക്ക് താനുവേലിൽ ബി ബിജു ആണ് ഉത്തരാഖണ്ഡിൽ ദുരിതാശ്വാസ പ്രവർത്തനത്തിനിടെ മരിച്ചത് റോഡ് നിർമാണം നടന്ന സ്ഥലത്തുണ്ടായ മണ്ണിടിച്ചിലിലായിരുന്നു മരണം.

ഭാര്യ അധ്യാപികയായി കാണണമെന്നതു ബിജുവിന്റെ വലിയ ആഗ്രഹമായിരുന്നു. ഭാര്യ രഞ്ജിനിയെ പഠിക്കാൻ പ്രോത്സാഹിപ്പിച്ചതും ബിഎഡ് പഠനത്തിന് അയച്ചതും ബിജുവാണ്. ബിഎഡ് കഴിഞ്ഞ രഞ്ജിനി വിവിധ പരീക്ഷകളെഴുതി ഫലം പ്രതീക്ഷിച്ചിരിക്കവേയാണു വിധി ബിജുവിനെ തട്ടിയെടുത്തത്. 2007 ഫെബ്രുവരിയിലായിരുന്നു ഇരുവരുടെയും വിവാഹം.

ജൂലൈ 31നാണു ബിജു അവസാനമായി നാട്ടിലേക്ക് വിളിച്ചത്. അന്ന് ഭാര്യ രഞ്ജിനി, മകൾ അപർണ എന്നിവരോടൊക്കെ ഒരുപാട് നേരം സംസാരിച്ചിരുന്നു. പതിവില്ലാതെയാണ് ഏറെ നേരം സംസാരിച്ചതെന്ന് ബിജുവിന്റെ ബന്ധുക്കളും പറയുന്നു.

ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായി ജോലി ചെയ്യുന്ന സ്ഥലത്തു മൊബൈൽ റേഞ്ച് കൃത്യമല്ലാത്തതിനാൽ ഇനി ഉടനെ വിളിക്കാൻ സാധിക്കില്ല എന്നു പറഞ്ഞാണ് കോളവസാനിപ്പിച്ചത്. പിന്നീട് ഭാര്യാമാതാവ് ചെങ്ങന്നൂർ കൊഴുവല്ലൂർ രജനി ഭവനത്തിൽ രത്‌നമ്മയെയും ഫോണിൽ വിളിച്ചു വിശേഷങ്ങൾ അന്വേഷിച്ചിരുന്നു.

കഴിഞ്ഞ കുംഭഭരണിക്കാലത്തു നാട്ടിലെത്തി ഉത്സവാഘോഷങ്ങളിൽ പങ്കെടുത്ത് മടങ്ങിയപ്പോഴാണ് ബിജുവിനു സ്ഥാനക്കയറ്റത്തോടെ അരുണാചൽപ്രദേശിൽ നിന്ന് ഉത്തരാഖണ്ഡിലേക്കു സ്ഥലം മാറ്റ ഉത്തരവ് ലഭിച്ചത്.

ജീവിതത്തില്‍ നേരിട്ട പ്രതിസന്ധികളെ കുറിച്ച് തുറന്നുപറഞ്ഞ് പ്രമുഖ വ്യവസായിയും അറ്റ്‌ലസ് ഗ്രൂപ്പ് ചെയര്‍മാനുമായ എംഎം രാമചന്ദ്രന്‍. താന്‍ ജയിലില്‍ കഴിഞ്ഞ സമയത്ത് എല്ലാം മാനേജ് ചെയ്തിരുന്നത് ഭാര്യയാണെന്ന് രാമചന്ദ്രന്‍ പറയുന്നു. ജയിലില്‍ കഴിയവെ എല്ലാ ജീവനക്കാര്‍ക്കും അവര്‍ക്ക് നല്‍കാനുള്ള മുഴുവന്‍ ശമ്പളവും കൊടുത്തു തീര്‍ത്തിരുന്നു. കൈയ്യില്‍ ഉണ്ടായിരുന്ന കുറച്ച് ഡയമണ്ട്‌സ് ഒരു ഹോള്‍ സെയിലര്‍ക്ക് വിറ്റാണ് പ്രതിസന്ധികള്‍ മറികടന്നതെന്ന് രാമചന്ദ്രന്‍ പറയുന്നു.

തന്റെ ഭാര്യ ഇന്ദിരയാണ് അന്ന് ഇതെല്ലാം മാനേജ് ചെയ്തത്. ഒരു വീട്ടമ്മ മാത്രമായിരുന്നു അവള്‍. ബിസിനസ് കാര്യങ്ങള്‍ മാനേജ് ചെയ്തിരുന്നില്ല. പക്ഷെ ഇങ്ങനെ വിഷമം വന്നപ്പോള്‍ ഓരോ ജീവനക്കാര്‍ക്കും കൊടുത്ത് തീര്‍ക്കാനുള്ളത് എന്താണോ, അതെല്ലാം കൊടുത്തു തീര്‍ത്തു എന്നത് തൃപ്തികരമായ കാര്യമാണെന്നും അറ്റ്‌ലസ് രാമചന്ദ്രന്‍ പറഞ്ഞു.

ജയിലില്‍ നിന്നും പുറത്തു വന്നപ്പോഴാണ് സമ്പാദ്യമൊന്നും ബാക്കിയില്ലെന്ന് തനിക്ക് മനസ്സിലായത്. അപ്പീല്‍കോടതി വിധി വരാന്‍ രണ്ടര വര്‍ഷമെടുത്തതിനാല്‍ ഒന്നും ചെയ്യാനായിരുന്നില്ല. ലോകത്താകമാനം തനിക്ക് 50 ഷോറൂമുകളുണ്ടായിരുന്നു. അതില്‍ 20 എണ്ണം ദുബായിയില്‍ ആയിരുന്നു. മടങ്ങി വന്നപ്പോഴേക്കും സ്വര്‍ണവും ഡയമണ്ട്‌സുമടങ്ങുന്ന തന്റെ സമ്പാദ്യമെല്ലാം തീര്‍ന്നിരുന്നുവെന്നും അറ്റ്‌ലസ് രാമചന്ദ്രന്‍ പറഞ്ഞു.

സ്വര്‍ണം എല്ലാം ഉണ്ടായിരുന്നു. അതാണ് ഏക ആസ്തി. പക്ഷെ ഓണര്‍ അടുത്തൊന്നും പുറത്തേക്ക് വരില്ലായെന്ന് തോന്നുമ്പോള്‍ ആരൊക്കെ എന്തൊക്കെയാണ് ചെയ്യുകയെന്ന് അറിയില്ല. താന്‍ ജയിലിലായപ്പോള്‍ മാനേജര്‍മാര്‍, ജനറല്‍ മാനേജര്‍മാര്‍ എല്ലാം രാജ്യം വിടുകയാണ് ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു.

നടൻ ഷെയിൻ നിഗം കഞ്ചാവിന് അടിമയാണെന്ന ആരോപണവുമായി സംവിധായകൻ ശാന്തിവിള ദിനേശ്. ഒരു ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഷെയിനെപ്പറ്റിയും പിതാവ് അബിയെപ്പറ്റിയും വെളിപ്പെടുത്തലുകൾ നടത്തിയത്. മലയാള സിനിമയിലെ നിരവധി താരങ്ങൾ മിമിക്രി വഴി രക്ഷപ്പെട്ടവരാണ് ദീലിപും സിദ്ധിഖുമടക്കമുള്ളവർ എന്നാൽ ഇവരുടെ കൂടെ നടന്നിട്ടും രക്ഷപെടാത്ത ഒരാൾ അബി മാത്രമായിരുന്നുവെന്ന് അദ്ദേഹം പറയുന്നു.

അതിന് കാരണം നടന്റെ സ്വഭാവമായിരുന്നുവെന്നും ശാന്തിവിള ദിനേശ് പറഞ്ഞു. ആ സ്വഭാവം തന്നെയാണ് മകൻ ഷെയിനുമുള്ളത്. അവൻ കഞ്ചാവിന് അടിമയാണെന്നും അദ്ദേഹം ആരോപിച്ചു. ഒരിക്കൽ ഹോട്ടൽ മുറിയിൽ കിടന്ന് ബഹളമുണ്ടാക്കിയതിന് ഹോട്ടൽ മുതലാളി സൗണ്ട് കുറയ്ക്കണമെന്ന് പറഞ്ഞു. ആ ഒരു കാര്യത്തിന് ഹോട്ടലിലെ മുഴുവൻ എ.സിയുടെയും സർക്യൂട്ട് ഷെയ്ൻ നശിപ്പിച്ചിരുന്നു. ഇത്രയും മോശം സ്വഭാവമായിരുന്നിട്ടും പരസ്യമായി ഷെയിനിന് സപ്പോർട്ട് ചെയ്ത വ്യക്തിയാണ് സംവിധായകൻ മഹാ സുബൈറെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എന്നിട്ട് അദ്ദേഹത്തിന്റെ സിനിമയിൽ പോലും ക്ലൈമാക്‌സ് ഷൂട്ടിന് കാല് പിടിക്കേണ്ട അവസ്ഥ അവൻ വരുത്തി. ഒന്നുമില്ലായ്മയിൽ നിന്ന് വളർന്ന് വന്നതാണ് മലയാള സിനിമ. കാരവൻ ഇല്ലാതിരുന്ന കാലത്ത് മതിലിന്റെ സൈഡിൽ പായ് വിരിച്ച് കിടന്നുറങ്ങിയ നസീറും ജയനും ജീവിച്ച മലയാള സിനിമയിൽ ഇന്ന് കാരവൻ ഇല്ലാതെ ഇവനെ പോലെയുള്ളവർ അഭിനയിക്കാൻ വരില്ലെന്നും അദ്ദേഹം ആരോപിച്ചു.

കാരവനിനുള്ളിൽ തന്നെ മിക്ക സമയവും കഞ്ചാവും വലിച്ചാണ് ഷെയിൻ ഇരിക്കുന്നത്. ബാക്കിയുള്ള യൂണിറ്റ് മുഴുവൻ കാത്ത് നിൽക്കണം ഷെയ്ൻ വരാൻ. അത്രയും അഹങ്കാരമുള്ള വ്യക്തിയാണ്. പലപ്പോഴും നിർമ്മാതാക്കൾ അടക്കം സഹിക്കുകയാണെന്നും ശാന്തിവിള ദിനേശ് തുറന്നു പറഞ്ഞു.

മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവ് പികെ ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍ അന്തരിച്ചു. 96 വയസായിരുന്നു. വൈകീട്ട് ആറോടെ കണ്ണൂര്‍ നാറാത്തെ വീട്ടിലായിരുന്നു അന്ത്യം. ആദ്യകാല കമ്മ്യൂണിസ്റ്റ് പ്രവര്‍ത്തകനും പത്രപ്രവര്‍ത്തകനുമായിരുന്നു. ആഗോള കമ്മ്യൂണിസ്റ്റ് നേതാക്കളുമായി കുഞ്ഞനന്തന്‍ നായര്‍ അടുത്ത ബന്ധം സൂക്ഷിച്ചിരുന്നു.

1935 ല്‍ കല്യാശേരിയില്‍ രൂപം കൊണ്ട ബാലസംഘത്തിന്റെ ആദ്യ സെക്രട്ടറിയായി. 1939 ല്‍ കമ്യൂണിസ്റ്റ് പാര്‍ടിയില്‍ അംഗമായി. 1940 ലെ മൊറാഴ സംഭവവുമായി ബന്ധപ്പെട്ട് ജയിലില്‍ കഴിഞ്ഞു. 1943 ലെ കമ്യൂണിസ്റ്റ് പാര്‍ട്ടി സംസ്ഥാന സമ്മേളന പ്രതിനിധിയായി. മുംബൈയില്‍ നടന്ന ഒന്നാം പാര്‍ട്ടി കോണ്‍ഗ്രസിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രതിനിധിയായിരുന്നു.

1945- 46 കാലഘട്ടത്തില്‍ ബോംബയില്‍ രഹസ്യ പാര്‍ട്ടി പ്രവര്‍ത്തനം നടത്തി. 1948ല്‍ കൊല്‍ക്കത്തയിലും 1953 മുതല്‍ 58 വരെ ഡല്‍ഹി പാര്‍ട്ടി കേന്ദ്ര കമ്മിറ്റി ഓഫീസിലും പ്രവര്‍ത്തിച്ചു.

കമ്യൂണിസ്റ്റ് പാര്‍ട്ടി പിളര്‍ന്നപ്പോള്‍ സിപിഐഎമ്മിനൊപ്പം നിന്നു. 57 ല്‍ ഇഎംഎസ് പാര്‍ട്ടി അഖിലേന്ത്യ സെക്രട്ടറി ആയപ്പോള്‍ പ്രൈവറ്റ് സെക്രട്ടറി ആയി. 1958ല്‍ റഷ്യയില്‍ പോയി പാര്‍ട്ടി സ്‌കൂളില്‍ നിന്ന് മാര്‍ക്സിസം ലെനിനിസത്തിലും രാഷ്ട്രീയ മീമാംസയിലും ബിരുദമെടുത്തു.

1959 ല്‍ സോവിയറ്റ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കോണ്‍ഗ്രസില്‍ പങ്കെടുത്തു. 1965 ല്‍ ബ്ലിറ്റ് സ് ലേഖകനായി. ന്യൂ ഏജ്, ദേശാഭിമാനി, നവയുഗം, നവജീവന്‍, ജനയുഗം പത്രങ്ങളില്‍ എഴുതി. ബര്‍ലിനില്‍ നിന്ന് കുഞ്ഞനന്തന്‍ നായര്‍ എന്ന പേരില്‍ ലേഖനങ്ങള്‍ എഴുതാന്‍ തുടങ്ങിയതോടെ ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായരായി.

സിഐഎയുടെ രഹസ്യ പദ്ധതികള്‍ വെളിപ്പെടുത്തുന്ന പിശാചും അവന്റെ ചാട്ടുളിയും പുസ്തകം എഴുതിയതോടെ പ്രശ്സതനായി. ബര്‍ലിന്‍ മതില്‍ തകര്‍ന്നതോടെ നാട്ടിലേക്ക് മടങ്ങി. പൊളിച്ചെഴുത്ത് എന്ന ആത്മകഥ പ്രസിദ്ധീകരിച്ചു. 79ാം വയസില്‍ സിപിഐഎമില്‍ നിന്ന് പുറത്താക്കപ്പെട്ടു.

കോളങ്കട അനന്തന്‍ നായരുടെയും ശ്രീദേവിയമ്മയുടെയും മകനായി 1926 നവംബര്‍ 26 ന് നാറാത്താണ് ജനനം. ഭാര്യ: സരസ്വതിയമ്മ. മകള്‍ : ഉഷ (ബര്‍ലിന്‍). മരുമകന്‍: ബര്‍ണര്‍ റിസ്റ്റര്‍. സഹോദരങ്ങള്‍: മീനാക്ഷി, ജാനകി, കാര്‍ത്യായനി.

ടുക്കി ഡാമിൽ നിന്ന് ഒഴുക്കി വിട്ട കൂടുതൽ വെള്ളം ജനവാസ മേഖലയിലേക്ക് എത്തിത്തുടങ്ങി. തടിയമ്പാട് ചപ്പാത്തിൽ റോഡിന് സമീപത്തുവരെ വെള്ളം ഉയർന്നതിനെ തുടർന്ന് പ്രദേശവാസികളെ ഒഴിപ്പിച്ചുതുടങ്ങി. ചെറുതോണി പുഴയിലെ വെള്ളം 2.30 സെ.മീ കൂടി.അണക്കെട്ടിലെ ജലനിരപ്പ് കുറയാത്തതിനെ തുടർന്നാണ് കൂടുതൽ വെള്ളം തുറന്നുവിടാൻ തുടങ്ങിയത്. നേരത്തെ തുറന്ന മൂന്ന് ഷട്ടറുകളും 80 സെ. മീറ്റര്‍ ഉയര്‍ത്തി. സെക്കന്‍ഡില്‍ ഒന്നരലക്ഷം ലിറ്റര്‍ വെള്ളമാണ് തുറന്നുവിടുന്നത്. ഇടുക്കി അണക്കെട്ടില്‍ നിലവില്‍ 2385.18 അടിയാണ് ജലനിരപ്പ്.

ഇടുക്കിയ്‌ക്കൊപ്പം മുല്ലപ്പെരിയാറിൽ നിന്നും കൂടുതൽ ജലം പുറത്തേക്ക് ഒഴുക്കിവിടുന്നുണ്ട്. നിലവിൽ മുല്ലപ്പെരിയാറിലെ ജലനിരപ്പ് 139.15 അടിയാണെന്നാണ് റിപ്പോർട്ട്. കൂടുതൽ വെള്ളം തുറന്നുവിട്ടതിനെത്തുടർന്ന് വള്ളക്കടവിന് സമീപം കടശ്ശിക്കാടു ആറ്റോരത്തെ ഒരു വീട്ടിൽ വെള്ളം കയറിയെന്നും റിപ്പോർട്ടുണ്ട്. പെരിയാര്‍ തീരത്ത് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. സെക്കന്‍ഡില്‍ 5040 ഘനയടി വെള്ളമാണ് ഇപ്പോള്‍ പെരിയാറിലേക്ക് ഒഴുകുന്നത്. ഇതുകൂടി കണക്കിലെടുത്താണ് ഇടുക്കിയിലെ ഷട്ടർ കൂടുതൽ ഉയർത്തിയത്.

മുല്ലപ്പെരിയാറിലെ ഇപ്പോഴത്തെ ജലനിരപ്പിൽ ആശങ്കപ്പെടാനില്ലെന്നാണ് വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി വ്യക്തമാക്കുന്നത്. തമിഴ്നാട് ഇപ്പോൾ കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് കുറവാണെന്നും അത് കൂട്ടിയാൽ കൂടുതൽ ആശ്വാസകാരമാകുമെന്നും അദ്ദേഹം പറഞ്ഞു. വൃഷ്ടിപ്രദേശങ്ങളിൽ നീരൊഴുക്ക് ശക്തമായതാണ് ഡാമുകളിൽ ജലനിരപ്പ് ഉയരാൻ കാരണം. ഇടുക്കി ഉൾപ്പടെയുള്ള പലയിടങ്ങളിലും ഇപ്പോഴും ഒറ്റപ്പെട്ട ശക്തമായ മഴ ലഭിക്കുന്നുണ്ട്. തമിഴ്നാട്ടിലെ ആളിയാർ ഡാമിൽ നിന്നുള്ള നീരാെഴുക്കും കൂടിയിട്ടുണ്ട്.

തിങ്കളാഴ്ച കാലാവധി അവസാനിക്കുന്ന ഓർഡിനൻസുകളിൽ കണ്ണടച്ച് ഒപ്പിടില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഓർഡിനൻസിലെ വിവരങ്ങൾ പരിശോധിക്കാൻ സമയം വേണമെന്നും ആരിഫ് മുഹമ്മദ് ഖാൻ ഡൽഹിയിൽ മാധ്യമങ്ങളോട് പറഞ്ഞു.

ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായുള്ള യോഗത്തിൽ പങ്കെടുക്കാൻ വേണ്ടിയാണ് ഡൽഹിയിലെത്തിയത്. എന്നാൽ എത്തിയതിന്റെ പിറ്റേദിവസം പതിമൂന്ന്, പതിനാല് ഫയലുകളാണ് ലഭിച്ചത്. നാല് ദിവസം കൊണ്ട് എങ്ങനെയാണ് ഇത്രയും ഫയലുകൾ പഠിക്കാതെ ഒപ്പിടാൻ സാധിക്കുക. ഫയലിലുള്ളത് എന്താണെന്ന് എനിക്കറിയണം, ഗവർണർ പറഞ്ഞു.

സഭാ സമ്മേളനങ്ങൾ നടന്നിട്ടും ഓർഡിനൻസുകൾ നിയമമാക്കിയില്ല. ഓർഡിനൻസ് ഭരണം നല്ലതിനല്ലെന്നും പിന്നെന്തിനാണ് നിയമസഭയെന്നും ഗവർണർ ചോദിച്ചു.

ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മനസ്സുമാറ്റിയില്ലെങ്കിൽ ലോകായുക്ത ഭേദഗതി അടക്കമുള്ള 11 ഓർഡിനൻസുകളാണ് തിങ്കളാഴ്ച അസാധുവാകുക. ആറുനിയമങ്ങൾ ഭേദഗതിക്കു മുമ്പുള്ള സ്ഥിതിയിലേക്ക് പുനഃസ്ഥാപിക്കപ്പെടുന്ന അസാധാരണമായ സ്ഥിതിയാണ് ഇതുമൂലം ഉണ്ടാകുക.

സർവകലാശാലാ ചാൻസലർ പദവിയിൽ ഗവർണറുടെ അധികാരം വെട്ടിക്കുറയ്ക്കുന്ന ഓർഡിനൻസ് സർക്കാർ കൊണ്ടുവരാൻ ഒരുങ്ങിയതാണ് ഗവർണറെ പ്രകോപിപ്പിച്ചതെന്നാണ് സൂചന. എന്നാൽ, അക്കാര്യം ഗവർണറോ രാജ്ഭവനോ പറയുന്നില്ല. പകരം, നിയമസഭയിൽ ബില്ലുകൊണ്ടുവരാതെ ഓർഡിനൻസുകൾ നിരന്തരം പുതുക്കി ഇറക്കുന്നതിനോടുള്ള വിയോജിപ്പാണ് പറഞ്ഞിട്ടുള്ളത്. സർവകലാശാല ഓർഡിനൻസിന്റെ കാര്യം സർക്കാരും ഔദ്യോഗികമായി പറഞ്ഞിട്ടില്ല. അതിനാൽ, ഗവർണറെ അനുനയിപ്പിക്കാൻ നേരിട്ടോ ഉദ്യോഗസ്ഥർ മുഖേനയോ ചർച്ചവേണ്ടിവരും. ഗവർണർ ഡൽഹിയിലാണ്. 11-നാണ് തിരിച്ചുവരിക. ഓർഡിനൻസിൽ ഒപ്പിടാൻ ഡിജിറ്റൽ സംവിധാനത്തിലൂടെ കഴിയും. അതിന് തിങ്കളാഴ്ച പകൽ ഒത്തുതീർപ്പുകളുണ്ടാകണം. എന്നാൽ ഇതിന് തയ്യാറല്ലെന്നും ഫയലുകൾ പഠിക്കാൻ സമയം വേണമെന്നുമാണ് ഇപ്പോൾ ഗവർണർ വ്യക്തമാക്കുന്നത്.

സർവകലാശാലാ കാര്യങ്ങളിൽ ഗവർണറും സർക്കാരും പലകുറി ഏറ്റുമുട്ടിയിരുന്നു. ഇതിനെ മറികടക്കാൻ വി.സി. നിയമനത്തിൽ ചാൻസലർ എന്ന നിലയിൽ ഗവർണർക്കുള്ള അധികാരം വെട്ടിക്കുറയ്ക്കാൻ സർക്കാർ ഓർഡിനൻസ് കൊണ്ടുവരുന്നുണ്ട്. ഈ നീക്കമാണ് ഗവർണറെ പ്രകോപിപ്പിച്ചത്. കേരള സർവകലാശാലാ വി.സി. നിയമനത്തിന് സർക്കാരിനെ മറികടന്ന് ഗവർണർ കമ്മിറ്റിയെ നിയോഗിച്ചിട്ടുമുണ്ട്. ജനുവരിയിൽ നയപ്രഖ്യാപനപ്രസംഗം അംഗീകരിക്കാതെ തലേന്ന് രാത്രിവരെ സർക്കാരിനെ മുൾമുനയിൽ നിർത്തിയതിന് സമാനമായ സാഹചര്യമാണ് ഇപ്പോള്‍ ഉണ്ടാവുന്നത്.

ആലപ്പുഴ ചേപ്പാട് ട്രെയിന്‍ തട്ടി മരിച്ചയാളുടെ തല വീട്ടുമുറ്റത്ത് കണ്ടത് പരിഭ്രാന്തി പരത്തി. ചേപ്പാട് കാഞ്ഞൂര്‍ ചൂരക്കാട്ട് ഉണ്ണികൃഷ്ണന്‍ നായരുടെ വീട്ടുമുറ്റത്താണ് മൃതദേഹത്തിന്റെ തല കണ്ടെത്തിയത്. നായ കടിച്ചെടുത്ത് കൊണ്ടിട്ടതാണെന്ന് സി സി ടി വി ദൃശ്യങ്ങളില്‍ നിന്ന് കണ്ടെത്തി.

മൃതദേഹത്തിന്റെ ബാക്കി ഭാഗങ്ങള്‍ ചേപ്പാട് ഇലവുകുളങ്ങര റെയില്‍വെ ക്രോസിൽ കണ്ടെത്തി. ചിങ്ങോലി മണ്ടത്തേരില്‍ തെക്കതില്‍ ചന്ദ്രബാബുവാണ് ട്രെയിൻ തട്ടി മരിച്ചത്. ആത്മഹത്യ എന്നാണ് പ്രാഥമിക നിഗമനം കരീലക്കുളങ്ങര പൊലീസ് അന്വേഷണം തുടങ്ങി.

Copyright © . All rights reserved