Kerala

കന്നൂരില്‍ നവവധുവിനെ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കോക്കല്ലൂര്‍ രാരോത്ത് സുരേഷ് ബാബുവിന്റെ മകള്‍ അല്‍ക്കയാണ് മരിച്ചത്. വീട്ടിലെ ജനല്‍ കമ്പിയില്‍ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം.

വീട്ടുകാര്‍ ജോലിക്ക് പോയ സമയത്തായിരുന്നു സംഭവം. അയല്‍ക്കാരാണ് അല്‍ക്കയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. ഉടന്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.

അത്തോളി പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.

യുവതിയുടെ ഭര്‍ത്താവിന്റെയും ബന്ധുക്കളുടെയും മൊഴി രേഖപ്പെടുത്തി വരികയാണെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു. യുവതിയുടെ മൊബൈല്‍ ഫോണ്‍ വിശദമായ പരിശോധനയ്ക്ക് വിധേയമാക്കാനാണ് പൊലീസ് തീരുമാനം.

രണ്ട് മാസം മുമ്പാണ് അല്‍ക്ക വിവാഹിതയായത്. കന്നൂര്‍ എടച്ചേരി പുനത്തില്‍ പ്രജീഷാണ് അല്‍ക്കയെ വിവാഹം ചെയ്തത്.

അമിതമായി സ്വർണാഭരണങ്ങൾ അണിഞ്ഞുനടന്ന സ്ത്രീയെ നേമത്തുനിന്നു തട്ടിക്കൊട്ടുപോയി ആഭരണം കവർന്നശേഷം പൂവച്ചൽ കാപ്പിക്കാട് റോഡിൽ ഉപേക്ഷിച്ചു. നേമം ഇടയ്ക്കോട് കുളത്തറക്കോണം ഭാനുമതി മന്ദിരത്തിൽ പദ്മകുമാരി (52)യെയാണ് തട്ടിക്കൊണ്ടുപോയത്. മണലുവിള ക്ഷേത്രത്തിനു സമീപത്ത് വെച്ച് വെള്ളിയാഴ്ച വൈകീട്ട് ആറുമണിയോടെയാണ് കാറിലെത്തിയ സംഘം പദ്മകുമാരിയെ തട്ടിക്കൊണ്ടുപോയത്.

 

ഇവർ ധരിച്ചിരുന്നു ആഭരണങ്ങൾ എല്ലാം തട്ടിയെടുത്തശേഷം രാത്രി എട്ടുമണിയോടെ പദ്മകുമാരിയെ ഉപേക്ഷിക്കുകയായിരുന്നു. കാട്ടാക്കട പോലീസ് സ്ഥലത്ത് എത്തിയാണ് സ്ത്രീയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അതേസമയം, പദ്മകുമാരിയെ സംഘം ബലമായി പിടിച്ചുകൊണ്ടുപോകുന്നത് ഒരു സ്ത്രീ കണ്ടിരുന്നു. ഇതോടെയാണ് സംഭവം പുറത്തറിഞ്ഞത്.

ഇവർ അറിയിച്ചതിനെ തുടർന്ന് പോലീസ് അന്വേഷണം നടക്കുന്നതിനിടെയാണ് റോഡരികിൽ നിന്നും പദ്മകുമാരിയെ കണ്ടെത്തുന്നത്. കാറിലെത്തിയവർ മലയാളവും തമിഴും സംസാരിക്കുന്ന അഞ്ചുപേരാണെന്ന് വീട്ടമ്മ പറഞ്ഞു. നാൽപ്പത് പവനോളം നഷ്ടപ്പെട്ടെന്നാണ് ബന്ധുക്കൾ പറയുന്നത്. കാർ ഡ്രൈവർ മലയാളവും ബാക്കിയുള്ളവർ തമിഴുമാണ് സംസാരിച്ചത്.

ശരീരത്തിൽനിന്ന് ആഭരണങ്ങൾ ഉപകരണങ്ങൾ ഉപയോഗിച്ച് മുറിച്ചെടുക്കുകയായിരുന്നു. കവർച്ച തടയാൻ ശ്രമിച്ച പദ്മകുമാരിയെ സംഘം മർദ്ദിക്കുകയും ചെയ്തിട്ടുണ്ട്. ഇവർക്ക് ഒരു പല്ലും നഷ്ടപ്പെട്ടു. നേമം താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ് ഇവർ. നേമത്തുള്ള ബന്ധുവിന്റെ ആധാരമെഴുത്ത് ഓഫീസിൽ പോയി വീട്ടിലേക്ക് മടങ്ങുന്ന വഴിയാണ് സംഭവം. രാവിലെ മുതൽ സംഘം കാറിൽ പ്രദേശങ്ങളിൽ കറങ്ങിയിരുന്നതായി സംശയമുണ്ട്. സംഭവത്തിൽ നരുവാമൂട്, കാട്ടാക്കട പോലീസ് സംഘം അന്വേഷണം തുടങ്ങി.

പദ്മകുമാരി എപ്പോഴും ആഭരണങ്ങൾ അണിഞ്ഞാണ് നടക്കാറുള്ളതെന്നാണ് നാട്ടുകാരും പറയുന്നത്. വസ്തുവും വീടും വാങ്ങി നൽകുകയും വിൽക്കുകയുമൊക്കെ ചെയ്യുന്ന ഇടനിലക്കാരിയായാണ് പദ്മകുമാരി ജോലി ചെയ്യുന്നത്. അവിവാഹിതയായ പദ്മകുമാരി കുടുംബവീട്ടിൽ ബന്ധുക്കളോടൊപ്പമാണ് താമസം. മുൻപും ഇവരെ തട്ടിക്കൊണ്ടുപയോ സ്വർണം കവർന്നിരുന്നതായി വിവരമുണ്ട്. ഇതേതുടർന്ന് ഇത്രയേറെ ആഭരണങ്ങൾ അണിഞ്ഞ് നടക്കരുതെന്ന് പോലീസ് മുന്നറിയിപ്പ് നൽകിയിരുന്നു.

ഷെറിൻ പി യോഹന്നാൻ

എനിക്കൊരു ഇൻവെസ്റ്റിഗേഷൻ ത്രില്ലർ പറയണം. ആദ്യം കുറച്ചു കൊലപാതകങ്ങൾ, കുറ്റവാളിയെ കണ്ടുപിടിക്കാൻ ബുദ്ധിമുട്ടുന്ന പോലീസ്, നായകന്റെ വരവ്, അദ്ദേഹത്തിന്റെ ഭൂതകാലം, കൊലപാതകി, അയാളുടെ ഭൂതകാലം എന്നിങ്ങനെ കഥ കൊണ്ടുപോയാൽ പ്രേക്ഷകന് ഇഷ്ടപ്പെടുമോ? അതും ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലറുകളുടെ ചാകരയായ മലയാളത്തിൽ. ഈ സ്ഥിരം ശൈലിയാണ് പാപ്പനും പിന്തുടരുന്നത്. എവിടെ ഉറച്ചു നിന്ന് കഥ പറയണമെന്ന് അറിയാതെ പോയ ചിത്രം.

നഗരത്തിൽ നടക്കുന്ന കൊലപാതക പരമ്പരയുടെ അന്വേഷണമാണ് മുഖ്യപ്രമേയം. അന്വേഷണ ഉദ്യോഗസ്ഥർക്ക് കാര്യമായ തെളിവുകളൊന്നും ലഭിക്കാത്തതിനാൽ അവരെ സഹായിക്കാനായി സർവീസിൽ ഇല്ലാത്ത ഏബ്രഹാം എത്തുന്നു. ആദ്യ പകുതിയിൽ പ്രേക്ഷകനെ തെറ്റിദ്ധരിപ്പിച്ചും രണ്ടാം പകുതിയിൽ നമ്മൾ കണ്ട ഒരാളെ കൊലപാതകിയായി ഇട്ട് തന്ന് ചരിത്രം പറഞ്ഞുമൊക്കെയാണ് കഥ മുന്നോട്ട് പോകുന്നത്.

നമ്മുടെ കുറ്റാന്വേഷണ ചിത്രങ്ങളുടെ ശൈലിയാണ് മാറേണ്ടത്. കൊലപാതകവും പ്രതികാരകഥയുമൊക്കെ പ്രേക്ഷകരുടെ സ്ഥിരം കാഴ്ചയായിരിക്കുന്നു. ജോഷി – സുരേഷ് ഗോപി കൂട്ടുകെട്ടാണ് ഈ ചിത്രത്തിന്റെ USP. എന്നാൽ പ്രേക്ഷകനെ പിടിച്ചിരുത്താൻ കഴിഞ്ഞില്ലെങ്കിൽ ആരുണ്ടായിട്ട് എന്ത് പ്രയോജനം. 2 മണിക്കൂർ 50 മിനിറ്റ് ദൈർഘ്യമുള്ള ചിത്രം തിരക്കഥയിലായാണ് പിന്നോട്ട് വലിയുന്നത്. കുറ്റാന്വേഷണത്തിലോ കഥാപാത്രത്തിലോ ഉറച്ചു നിൽക്കാതെ പല വഴികളിലൂടെ സിനിമ വേർതിരിഞ്ഞ് സഞ്ചരിക്കുന്നു.

ആരംഭത്തിൽ തന്നെ ഒരു ക്രൈം സീൻ കാണിക്കുന്നുണ്ട്. കൊല്ലപ്പെട്ട ആളുടെ മുഖം പോലും കാണാതെ അഭ്യൂഹങ്ങൾ എന്നുപറഞ്ഞ് വാർത്ത കൊടുക്കുന്ന മാധ്യമങ്ങളെയാണ് തിരക്കഥാകൃത്ത് നമുക്ക് മുന്നിൽ എത്തിക്കുന്നത്. മറ്റു പലയിടത്തും യുക്തിരഹിതമായ സംഭവങ്ങൾ കാണാം.

പ്രധാന താരങ്ങളുടെ പ്രകടനം, ചിത്രത്തിന്റെ കളറിംഗ്, ജോഷിയുടെ മേക്കിങ് എന്നിവയാണ് നല്ല വശങ്ങൾ. പശ്ചാത്തലസംഗീതം ശരാശരി നിലവാരം പുലർത്തുന്നു. ത്രില്ലർ ചിത്രമാണെങ്കിലും പ്രേക്ഷകനെ സ്വാധീനിക്കുന്ന രംഗങ്ങൾ കുറവാണ്. രണ്ടാം പകുതിയിൽ ഒന്നിനുപിറകെ ഒന്നായി ട്വിസ്റ്റുകൾ എത്തുന്നുണ്ടെങ്കിലും അതൊന്നും കയ്യടിക്കാൻ പാകത്തിനുള്ളതല്ല. ചിത്രത്തിന്റെ നീളകൂടുതലാണ് പ്രധാന പോരായ്മ. ഒന്നാം പകുതിക്ക് ഒരു സിനിമയുടെ നീളമുള്ളത് പോലെ അനുഭവപ്പെടുന്നുണ്ട്.

Bottom Line – തിരക്കഥയായി വായിക്കുമ്പോൾ നല്ലതെന്ന് തോന്നാമെങ്കിലും സിനിമയായപ്പോൾ പരാജയപ്പെട്ടുപോയ കാഴ്ചയാണ് ‘പാപ്പൻ’. കഥയുടെ ദൈർഘ്യവും ആകാംഷയുണർത്താത്ത ട്വിസ്റ്റുകളും കൂടിയാവുമ്പോൾ വിരസമാകും. ഒരു കുറ്റാന്വേഷണ ചിത്രമെന്ന നിലയിൽ തൃപ്തികരമായ ചലച്ചിത്രക്കാഴ്ചയായിരുന്നില്ല ‘പാപ്പൻ’.

തൃശൂരിൽ യുവാവിൻ്റെ മരണം കുരങ്ങുവസൂരി മൂലമെന്ന് സംശയം. ചാവക്കാട് കുരിഞ്ഞിയൂർ സ്വദേശിയായ 22കാരനാണ് ഇന്ന് രാവിലെ മരിച്ചത്. വിദേശത്ത് നിന്നെത്തിയ ഇയാളെ മൂന്ന് ദിവസം മുൻപാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കുരങ്ങുവസൂരിയെന്ന് സംശയിക്കുന്ന സാഹചര്യത്തില്‍ സ്രവം ആലപ്പുഴ വൈറോളജി ലാബിലേക്ക് പരിശോധനക്കയച്ചു.

അതേസമയം, രാജ്യത്ത് ആദ്യമായി കുരങ്ങുവസൂരി സ്ഥിരീകരിച്ച കൊല്ലം സ്വദേശി രോഗമുക്തി നേടിയതായി ആരോഗ്യ വകുപ്പ് അറിയിച്ചു. ആദ്യ കേസായതിനാല്‍ എന്‍.ഐ.വിയുടെ നിര്‍ദേശ പ്രകാരം 72 മണിക്കൂര്‍ ഇടവിട്ട് രണ്ട് പ്രാവശ്യം പരിശോധനകള്‍ നടത്തി. എല്ലാ സാമ്പിളുകളും രണ്ട് പ്രാവശ്യം നെഗറ്റീവായി. രോഗി മാനസികമായും ശാരീരികമായും പൂര്‍ണ ആരോഗ്യവാനാണ്. ത്വക്കിലെ തടിപ്പുകള്‍ പൂര്‍ണമായി ഭേദമായിട്ടുണ്ടെന്നും ഇന്ന് ഡിസ്ചാര്‍ജ് ചെയ്യുമെന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.

ജൂലൈ പന്ത്രണ്ടാം തീയതി യു.എ.ഇയില്‍ നിന്നെത്തിയ യുവാവിന് 14ാം തീയതിയാണ് രോഗം സ്ഥിരീകരിച്ചത്. ഉടനടി തന്നെ ആരോഗ്യമന്ത്രിയുടെ നേതൃത്വത്തില്‍ അവലോകന യോഗങ്ങള്‍ ചേര്‍ന്ന് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയിരുന്നു. എല്ലാ ജില്ലകള്‍ക്കും ജാഗ്രതാ നിര്‍ദേശവും നല്‍കി. ഇയാളുമായി പ്രാഥമിക സമ്പര്‍ക്കപ്പട്ടികയിലുള്ള കുടുംബാംഗങ്ങളുടെ ഫലവും നെഗറ്റീവാണ്. നിലവില്‍ കുരങ്ങുവസൂരി സ്ഥിരീകരിച്ച മറ്റ് രണ്ട് പേരുടെ ആരോഗ്യനില തൃപ്തികരമാണെന്നും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമായി തുടരുമെന്നും മന്ത്രി വ്യക്തമാക്കി.

അങ്കമാലി ഡയറീസ് സിനിമയിലൂടെ ശ്രദ്ധേയനായ യുവനടന്‍ ശരത് ചന്ദ്രനെ ഇന്നലെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വീട്ടിലെ കിടപ്പു മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.വെള്ളിയാഴ്ച രാവിലെ പിറവം കക്കാട്ടിലെ വീട്ടിലാണു മൃതദേഹം കണ്ടത്. ഉറക്കമുണരാന്‍ താമസിച്ചതിനെ തുടര്‍ന്നു മാതാപിതാക്കള്‍ അന്വേഷിച്ചെത്തിയപ്പോഴാണ് മൃതദേഹം കണ്ടത്.

ആത്മഹത്യയാണെന്നാണ് പ്രഥമിക നി​ഗമനം. ശരത് ചന്ദ്രന്റെ ആത്മഹത്യ കുറിപ്പ് പൊലീസ് കണ്ടെടുത്തു. വീട്ടില്‍ നടത്തിയ പരിശോധനയില്‍, കിടക്കയില്‍ നിന്നാണ് പൊലീസിന് കത്ത് കിട്ടിയത്. മരണത്തില്‍ മറ്റാര്‍ക്കും പങ്കില്ലെന്നാണ് കത്തില്‍ പറയുന്നത്. കടുത്ത മാനസിക സമ്മര്‍ദം അനുഭവിച്ചിരുന്നതായും കത്തിലുണ്ട്. വിഷം ഉള്ളില്‍ ചെന്നാണ് മരണമെന്നാണ് കരുതുന്നത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭ്യമായാലേ ഇക്കാര്യത്തില്‍ വ്യക്തത വരൂ.

അങ്കമാലി ഡയറീസിലൂടെയാണ് സിനിമയിലെത്തുന്നത്. തുടര്‍ന്ന് കൂടെ, ഒരു മെക്സിക്കന്‍ അപാരത, സി.ഐ.എ. തുടങ്ങി ഏതാനും സിനിമകളിലും പരസ്യ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. വൈറ്റിലയില്‍ താമസിച്ചാണ് സിനിമ ചെയ്തുവന്നതെങ്കിലും ആറ് മാസമായി കക്കാട്ടിലെ വീട്ടിലായിരുന്നു. അവിവാഹിതനാണ്.

നാല് മാസം ഗര്‍ഭിണിയായ പതിനെട്ടുകാരിയെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് എലത്തൂര്‍ ചെട്ടിക്കുളം വെളുത്തനാം വീട്ടില്‍ അനന്തുവിന്‍റെ ഭാര്യ ഭാഗ്യയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഭാഗ്യയെ ഭര്‍താവും ഭര്‍തൃമാതാവും പീഡിപ്പിച്ചിരുന്നുവെന്ന കുടുംബത്തിൻ്റെ പരാതിയില്‍ എലത്തൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

എലത്തൂര്‍ ചെട്ടിക്കുളം സ്വദേശി ബൈജീവ് കുമാറിന്‍റെയും ദീപയുടെയും മകള്‍ ഭാഗ്യയെയാണ് ഭര്‍ത്താവ് അനന്തുവിന്‍റെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. രാവിലെ 10 മണിയോടെയായിരുന്നു സംഭവം. സംഭവ സമയം ഭര്‍ത്താവ് അനന്തുവിന്‍റെ അമ്മ ഷീജ മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. ഭാഗ്യയുടെ ഭര്‍ത്താവ് അനന്തു ദിവസങ്ങള്‍ക്ക് മുൻപ് ആത്മഹത്യാശ്രമം നടത്തി പരിക്ക് പറ്റി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികില്‍സയില്‍ കഴിയുന്നതിനിടെയാണ് ഈ സംഭവം.

വീട്ടുകാരുടെ എതിര്‍പ്പ് അവഗണിച്ച് ആറ് മാസം മുൻപായിരുന്നു ഭാഗ്യയും അനന്തുവും വിവാഹിതരായത്. വിവാഹശേഷം വീട്ടില്‍ നിരന്തരം പ്രശ്നങ്ങള്‍ ആയിരുന്നെന്ന് ഭാഗ്യയുടെ ബന്ധുക്കല്‍ പറഞ്ഞു. പ്ലസ് ടുവിന് പഠിക്കുന്നതിനിടെയാണ് ഭാഗ്യ അനന്തുവുമായി അടുപ്പത്തിലായത്. ഇതിനിടെ ഭാഗ്യയെ തട്ടിക്കൊണ്ട് പോയെന്ന പരാതിയില്‍ അനന്തുവിനെതിരെ എലത്തൂര്‍ പൊലീസ് പോക്സോ കേസെടുക്കുകയും അന്തു റിമാന്‍ഡിലാവുകയും ചെയിതു.

പിന്നീട് ജാമ്യത്തിലിറങ്ങിയപ്പോഴാണ് വീട്ടുകാരുടെ എതിര്‍പ്പ് മറികടന്ന് ഇരുവരും വിവാഹിതരായത്. ഭാഗ്യയുടെ മാതാപിതാക്കള്‍ നല്‍കിയ പരാതിയില്‍ ഭാഗ്യയുട ഭര്‍ത്താവ് അനന്തുവിനും ഭര്‍തൃമാതാവിനുമെതിരെ എലത്തൂര്‍ പൊലീസ് കേസ് എടുത്തിട്ടുണ്ട്.

മലയാള സിനിമാലോകത്തെ ഞെട്ടിച്ച് യുവതാരത്തിന്റെ മരണം. യുവ നടൻ ശരത് ചന്ദ്രനെ (37) യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനാണ് ശരത്.

പിറവം കക്കാട്ട് ഊട്ടോളിൽ ചന്ദ്രന്റെയും ലീലയുടെയും മകനാണ് ശരത് ചന്ദ്രൻ. ശ്യാംചന്ദ്രനാണ് സഹോദരൻ.കൂടെ, മെക്‌സിക്കൻ അപാരത, സിഐഎ എന്നിവയാണ് ശരത് അഭിനയിച്ച മറ്റ് സിനിമകൾ.

അതേസമയം, യുവനടന്റെ അപ്രതീക്ഷിത വിടവാങ്ങലിൽ ഞെട്ടിയിരിക്കുകയാണ് സഹപ്രവർത്തകരും കുടുംബാംഗങ്ങളും സിനിമാലോകവും.അങ്കമാലി ഡയറീസിലൂടെ തന്നെ അരങ്ങേറ്റം കുറിച്ച നടൻ ആന്റണി വർഗീസ് അടക്കമുള്ളവർ സമൂഹമാധ്യമങ്ങളിലൂടെ ശരത്തിന് ആദരാഞ്ജലികൾ നേർന്നു.

നടിയെ ആക്രമിച്ച കേസില്‍ പ്രതി ദിലീപ് സുപ്രീം കോടതിയെ സമീപിച്ചു. വിചാരണ സമയ ബന്ധിതമായി പൂര്‍ത്തിയാക്കാന്‍ വിചാരണ കോടതിക്ക് നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് ദിലീപ് ഹര്‍ജി സമര്‍പ്പിച്ചിച്ചിരിക്കുന്നത്. തുടരന്വേഷണ റിപ്പോര്‍ട്ട് പുതിയ അന്വേഷണത്തിനായി ഉപയോഗിക്കരുതെന്നാണ് ദിലീപിന്റെ ആവശ്യം. കേസില്‍ ഒരിക്കല്‍ വിസ്തരിച്ചവരെ വീണ്ടും വിസ്തരിക്കരുതെന്നും ദിലീപ് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.

അതിജീവിതയ്ക്കും മുന്‍ ഭാര്യക്കുമെതിരെ ഗുരുതര ആരോപണങ്ങളാണ് അപേക്ഷയില്‍ ഉള്ളത്. അന്വേഷണ ഉദ്യോഗസ്ഥര്‍, പ്രോസിക്യുഷന്‍, അതിജീവിത എന്നിവര്‍ വിചാരണ പൂര്‍ത്തിയാക്കി വിധി പറയാന്‍ വിചാരണ കോടതി ജഡ്ജിയെ തടസ്സപ്പെടുത്തുന്നുവെന്നാണ് ദിലീപിന്റെ ആരോപണം. വിചാരണ കോടതി ജഡ്ജിക്ക് മേല്‍ക്കോടതിയിലേക്ക് സ്ഥാനക്കയറ്റം ലഭിക്കുന്നത് വരെ വിചാരണ നീട്ടികൊണ്ടു പോകാന്‍ ആണ് ശ്രമിക്കുന്നത് എന്നും ദിലീപ് അപേക്ഷയില്‍ ആരോപിച്ചിട്ടുണ്ട്.

മലയാള സിനിമ മേഖലയിലെ ചെറുത് ആണെങ്കിലും ശക്തരായ ഒരു വിഭാഗമാണ് തന്നെ ഈ കേസില്‍ പെടുത്തിയത്. ഇവര്‍ക്ക് തന്നോട് വ്യക്തിപരവും തൊഴില്‍ പരവുമായ ശത്രുത ഉണ്ടെന്നും തന്റെ മുന്‍ ഭാര്യയുടെയും, അതിജീവിതയുടെയും അടുത്ത സുഹൃത്തായ ഒരു ഉന്നത പൊലീസ് ഓഫീസറും തന്നെ കേസില്‍ പെടുത്തിയതിന് ഉത്തരവാദിയാണെന്നുമാണ് ദിലീപ് ഹര്‍ജിയില്‍ പറയുന്നത്. ഈ പൊലീസ് ഓഫീസര്‍ നിലവില്‍ ഡിജിപി റാങ്കില്‍ ആണെന്നും സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്തിരിക്കുന്ന അപേക്ഷയില്‍ ദിലീപ് ആരോപിച്ചിട്ടുണ്ട്.

തുടരന്വേഷണത്തിന്റെ പേരില്‍ നടക്കുന്നത് മാധ്യമ വിചാരണയാണ്. തനിക്ക് എതിരെ മാത്രമല്ല, തന്റെ അഭിഭാഷകര്‍, വിചാരണ കോടതി ജഡ്ജി എന്നിവര്‍ക്ക് എതിരെയും മാധ്യമ വിചാരണ നടക്കുന്നു. തുടര്‍ അന്വേഷണത്തിന്റെ സമയത്ത് അന്വേഷണത്തില്‍ കണ്ടെത്തിയെന്ന് പറയപ്പെടുന്ന വിശ്വാസയോഗ്യമല്ലാത്ത ചില രേഖകള്‍ അതിജീവിതയ്ക്ക് കൈമാറി അവരെ കൊണ്ട് വീണ്ടും കോടതിയില്‍ ഹര്‍ജികള്‍ സമര്‍പ്പിച്ചു. വിചാരണ കോടതി ജഡ്ജിക്കെതിരെയും, തന്റെ അഭിഭാഷകര്‍ക്ക് എതിരെയും അതിജീവിത ഹര്‍ജികള്‍ ഫയല്‍ ചെയ്തതതായും ദിലീപ് ആരോപിക്കുന്നു.

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തക ബര്‍ഖ ദത്തിന് അതിജീവിത നല്‍കിയ അഭിമുഖത്തെയും ദിലീപ് വിമര്‍ശിക്കുന്നുണ്ട്. കോടതിയുടെ പരിഗണനയില്‍ ഇരിക്കുന്ന കേസില്‍ എങ്ങനെ അഭിമുഖം നല്‍കാനാകും. അതിജീവിതയ്ക്ക് വേണ്ടി ചാനല്‍ ചര്‍ച്ചകളില്‍ എത്തി വാദിക്കുന്ന അഭിഭാഷകനെ കേസിലെ പബ്ലിക് പ്രോസിക്യുട്ടര്‍ ആയി നിയമിച്ചതായും അപേക്ഷയില്‍ ആരോപിച്ചിട്ടുണ്ട്. സീനിയര്‍ അഭിഭാഷകന്‍ മുകുള്‍ റോത്തഗി ആകും ദിലീപിന് വേണ്ടി സുപ്രീം കോടതിയില്‍ ഹാജരാകുക എന്നാണ് സൂചന.

യൂ ട്യൂബ് വ്‌ലോഗറെ ആലുവയിലെ ടൂറിസ്റ്റ് ഹോമില്‍ മരിച്ചനിലയില്‍ കണ്ടെത്തി. തൃക്കാക്കര പൂയ്യച്ചിറ കിഴക്കേക്കരവീട്ടില്‍ അബ്ദുള്‍ ഷുക്കൂര്‍ (49) ആണ് മരിച്ചത്. ഞാന്‍ ഒരു കാക്കനാടന്‍ എന്ന യൂ ട്യൂബ് ചാനലിലൂടെയാണ് അബ്ദുള്‍ ഷുക്കൂര്‍ വ്‌ലോഗിങ് നടത്തിയിരുന്നത്.

കടബാധ്യതയും പണം കടമായി നല്‍കിയ വട്ടിപ്പലിശക്കാരന്റെ ഭീഷണിയുമാണ് മരണകാരണമെന്ന് സൂചിപ്പിക്കുന്ന കുറിപ്പ് പോലീസ് കണ്ടെടുത്തു. അഞ്ചുലക്ഷം രൂപ 2015-ല്‍ കടം വാങ്ങിയതായി കത്തില്‍ പറയുന്നു. മാസം 25000 രൂപവീതം പലിശനിരക്കില്‍ 15 ലക്ഷത്തോളം രൂപ 2021വരെ അടച്ചിട്ടും നിരന്തരം തന്നെയും കുടുംബത്തെയും ഭീഷണിപ്പെടുത്തിയതായി കത്തില്‍ പരാമര്‍ശിക്കുന്നുണ്ടെന്ന് പോലീസ് പറഞ്ഞു.

മൂന്നുദിവസം മുന്‍പാണ് ആലുവ റെയില്‍വേ സ്റ്റേഷനുസമീപത്തെ ടൂറിസ്റ്റ് ഹോമില്‍ അബ്ദുള്‍ ഷുക്കൂര്‍ മുറിയെടുത്തത്. ബുധനാഴ്ച രാത്രി എട്ടുമണിയോടെ ടൂറിസ്റ്റ് ഹോമിലെ ജീവനക്കാരാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. വ്യാഴാഴ്ച പോസ്റ്റ്മോര്‍ട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. ആലുവ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പലിശക്കാരനെ ചോദ്യം ചെയ്യും. ഭാര്യ: റഷീദ. മകന്‍: ഫഹദ് (ഭാരത് മാതാ കോളേജ് ഡിഗ്രി വിദ്യാര്‍ഥി).

ബിഗ്ബോസ് വീട്ടിലെ ചില പ്രശ്നങ്ങളാണ് സന്തോഷകരമായ ദാമ്പത്യ ജീവിതം തകർത്തത്. വിവാഹമോചനത്തെക്കുറിച്ച് തുറന്നുപറഞ്ഞ് വീണ.

ബിഗ് ബോസ് റിയാലിറ്റി ഷോയുടെ മത്സരാർത്ഥിയും മഴവിൽ മനോരമയിലെ തട്ടിയും മുട്ടിയും എന്ന പരിപാടിയിലെ കൊകില എന്ന കഥാപാത്രമായി ഒക്കെ പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധ നേടിയ താരമാണ് വീണ. മിനിസ്ക്രീൻ പ്രേക്ഷകർക്കിടയിൽ വളരെ സുപരിചിതയായ വ്യക്തിയാണ് വീണ. മികച്ച കഥാപാത്രങ്ങളെ അവിസ്മരണീയമാക്കിയ വീണ സിനിമയിലും തന്റെതായ സാന്നിധ്യം ഉറപ്പിച്ചിട്ടുണ്ട്. വെള്ളിമൂങ്ങ എന്ന ചിത്രത്തിലെ പ്രസിഡന്റ് എന്ന കഥാപാത്രം വളരെയധികം ശ്രദ്ധ നേടിയതായിരുന്നു. അതോടൊപ്പം തന്നെ നിരവധി ഹെറ്റർസിന് സ്വന്തമാക്കാനും വീണയ്ക്ക് സാധിച്ചിരുന്നു.

പുറത്തിറങ്ങിയപ്പോൾ വലിയ സൈബർ ആക്രമണം തന്നെയാണ് വീണ നേരിട്ടിരുന്നത്. എന്നാൽ അതിനെയെല്ലാം തന്റെടത്തോട് തന്നെയാണ് നേരിട്ടത്. ഈ സാഹചര്യങ്ങളിലെല്ലാം വീണയ്ക്ക് ശക്തി നൽകിയത് ഭർത്താവായിരുന്നു. ഭർത്താവിനെക്കുറിച്ചും കുടുംബത്തെക്കുറിച്ചും ഒക്കെ ബിഗ് ബോസ് വീട്ടിൽ വച്ച് വാചാലയായിട്ടുണ്ട് വീണ. അടുത്തകാലത്തായി സൈബർ ഇടങ്ങളിൽ എല്ലാം പ്രചരിക്കുന്ന ഒരു വാർത്ത വീണ വിവാഹമോചിതയാകുന്നുവെന്ന് രീതിയിലാണ്. ഇൻസ്റ്റഗ്രാമിൽ വീണയും ഭർത്താവും പരസ്പരം അൺഫോളോ ചെയ്തു എന്നും ഇരുവരും വിവാഹമോചനത്തിന്റെ വക്കിലാണ് എന്നുമുള്ള വാർത്തകൾ ഒരുപാട് പ്രചരിച്ചപ്പോഴും വീണ മൗനം പാലിക്കുകയായിരുന്നു.

എന്നാലിപ്പോൾ വീണ ഇതിനെക്കുറിച്ച് ആദ്യമായി പ്രതികരിക്കുകയാണ്. ഒരു ചാനൽ പരിപാടിക്കിടയിൽ ആണ് അവതാരകൻ ഇക്കാര്യത്തെ കുറിച്ച് ചോദിച്ചപ്പോൾ വീണ ഈ കാര്യത്തെക്കുറിച്ച് സംസാരിച്ചത്. വീണ പറയുന്നത് ഇങ്ങനെയാണ്.. ബിഗ്ബോസ് വീട്ടിലെ ചില പ്രശ്നങ്ങളാണ് സന്തോഷകരമായ ദാമ്പത്യ ജീവിതം തകർത്തത്. അതോടെ വീണയുടെ വിവാഹജീവിതം തകർന്നു എന്ന് പറയുന്നത് സത്യമാണെന്ന് പ്രേക്ഷകർക്കും മനസ്സിലാക്കാൻ കഴിഞ്ഞിട്ടുണ്ട്. സ്നേഹമാണെങ്കിൽ സ്നേഹമാണ് ദേഷ്യം ആണെങ്കിൽ ദേഷ്യമാണ്. അങ്ങനെ തന്നെയാണ് നിലനിൽക്കുന്നത് എന്നും വീണ പറയുന്നുണ്ടായിരുന്നു. എന്നാൽ എന്ത് കാരണം കൊണ്ടാണ് വിവാഹമോചനം നേടിയത് എന്ന് വീണ പറഞ്ഞില്ല.

സോഷ്യൽ മാധ്യമങ്ങളിൽ പോലും ഇതിനെ കുറിച്ച് പറയാൻ തനിക്ക് സാധിക്കില്ലെന്നും അത് തന്റെ സ്വകാര്യത മാനിച്ചു കൊണ്ടാണെന്നാണ് വീണ പറഞ്ഞിരുന്നത്. വീണയുടെ വാക്കുകൾ വളരെ പെട്ടെന്ന് തന്നെ ശ്രദ്ധ നേടുകയും ചെയ്തിരുന്നു. സാധിക്കുമെങ്കിൽ നിങ്ങൾ ഒരുമിച്ച് ജീവിക്കും എന്നാണ് ഇത് കേട്ട് പ്രേക്ഷകർ പോലും പറയുന്നത്. അത്രത്തോളം വീണയെ പ്രേക്ഷകരെ ഇഷ്ടപ്പെട്ടിരുന്നു. ഇരുവരുടെയും വിവാഹ മോചന വാർത്ത ഇപ്പോഴും ആരാധകർക്ക് വിശ്വസിക്കാൻ സാധിച്ചിട്ടില്ല എന്നതാണ് സത്യം.

Copyright © . All rights reserved