ഹിന്ദു ദൈവങ്ങളെ അധിക്ഷേപിച്ചെന്ന പരാതിയെ തുടര്‍ന്ന് കെപിസിസി ഉപാധ്യക്ഷന്‍ വി ടി ബല്‍റാമിന് എതിരെ പൊലീസ് കേസെടുത്തു.കൊല്ലം അഞ്ചാലംമൂട് പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ദൈവങ്ങളെ അധിക്ഷേപിച്ച് ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടെന്നാണ് പരാതി.
കൊല്ലം സ്വദേശി ജി.കെ മധുവാണ് പരാതി നല്‍കിയത്. സൈബര്‍ കുറ്റം ചുമത്തിയാണ് പൊലീസ് എഫ്‌ഐആര്‍ എഴുതിയിരിക്കുന്നത്. പുതിയ പാര്‍ലമെന്റില്‍ സ്ഥാപിക്കുന്ന അശോക സ്തംഭ വിവാദത്തെ തുടര്‍ന്നുള്ളതായിരുന്നു ഫെയ്‌സ്ബുക്ക് പോസ്റ്റ്.
എന്തിനാണ് ഈ ദൈവങ്ങളൊക്കെ ഇങ്ങനെ കലിപ്പന്മാരാവുന്നത്? ഒരു പൊടിക്ക് ഒന്നടങ്ങിക്കൂടെ’ എന്നാണ് അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. ഹനുമാന്‍, ശിവന്‍ എന്നീ ദൈവങ്ങളുടെ ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ടായിരുന്നു വി.ടി ബല്‍റാമിന്റെ പോസ്റ്റ്.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
യുകെ മലയാളിയായ തുഷാരയുടെ സഹോദരനും മുൻ ഏഷ്യൻ താരവുമായിരുന്ന പിറവം നിരപ്പ് പാണാലിക്കൽ ജൂബി തോമസ് (42) ബൈക്ക് അപകടത്തിൽ മരിച്ചു. ഇന്ത്യൻ റെയിൽവേയിൽ ടിടിഇ ആയി ജോലി നോക്കുകയായിരുന്നു. തൃപ്പൂണിത്തുറയിൽ നിന്ന് ജനശതാബ്ദി ട്രെയിനിൽ ഡ്യൂട്ടിക്ക് കയറാൻ പോകുന്നതിനിടയിലാണ് അപകടമുണ്ടായത്. ബസ് തട്ടിയാണ് അപകടം ഉണ്ടായത് എന്നാണ് പ്രാഥമിക നിഗമനം.
പിറവം പാണാലിൽ തോമസ് അന്നമ്മ ദമ്പതികളുടെ മൂത്ത പുത്രനാണ് ജൂബി തോമസ് .ഭാര്യ പേരൂര് വാര്യായാട്ട് കുടുംബാംഗം പിങ്കി ജോയി അധ്യാപികയാണ്. അലോന , അലീന , അൽഫോൻസാ എന്നിവരാണ് മക്കൾ .
യുകെയിലെ വാട്ട്സാലിലാണ് ജൂബിയുടെ സഹോദരി തുഷാരയും ഭർത്താവ് അഭിലാഷും താമസിക്കുന്നത്. അഭിലാഷും തുഷാരയും ഇന്നലെ തന്നെ നാട്ടിലേക്ക് തിരിച്ചിട്ടുണ്ട്. സംസ്കാര ശുശ്രൂഷകൾ പതിനേഴാം തീയതി ഞായറാഴ്ച 3 മണിക്ക് പിറവം ഹോളി കിംഗ് ക്നാനായ കത്തോലിക്ക ഫൊറോന ചർച്ചിൽ വച്ച് നടത്തപ്പെടും . ഒട്ടേറെ കായിക മത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ച ജൂബി തോമസിന്റെ മരണം ഞെട്ടലോടെയാണ് കായികപ്രേമികൾ ശ്രവിച്ചത്. ഹൈജംപ് താരമായ ജൂബി സാഫ് ഗെയിംസ് ഉൾപ്പെടെ പല ദേശീയ മത്സരങ്ങളിലും മേഡൽ ജേതാവാണ് . തന്റെ കായികരംഗത്തെ മികവിൻെറ അടിസ്ഥാനത്തിൽ 18-ാം വയസ്സിൽ തന്നെ ജൂബിയ്ക്ക് ഇന്ത്യൻ റെയിൽവേയിൽ ജോലി ലഭിച്ചിരുന്നു.
19 -മത് ദേശീയ ഓപ്പൺ അത്‌ലറ്റിക് മീറ്റിൽ റെക്കോർഡ് തിരുത്തി ജൂബി തോമസ് സ്വർണമണിഞ്ഞ വാർത്ത പത്രത്തിൽ ഫോട്ടോ സഹിതം വന്നപ്പോൾ മറ്റൊരു സ്വർണ്ണ മെഡൽ ജേതാവ് പി ടി ഉഷ ആയിരുന്നു.
വാട്സാ ളിലെ മൈക്ക അസോസിയേഷനിലെ അംഗങ്ങളായ അഭിലാഷിനെയും തുഷാരയെയും സഹോദരൻറെ അകാല നിര്യാണത്തിൽ ആശ്വസിപ്പിക്കാൻ ഒട്ടേറെ മലയാളി സുഹൃത്തുക്കളാണ് ഓടിയെത്തിയത്. തൻറെ സഹോദരൻറെ കായിക നേട്ടങ്ങളെ കുറിച്ച് അഭിമാനത്തോടെ എപ്പോഴും സംസാരിച്ചിരുന്ന തുഷാരെയെ എങ്ങനെ ആശ്വസിപ്പിക്കണമെന്നുള്ളത് എല്ലാവരുടെയും മുന്നിലുള്ള ചോദ്യചിഹ്നമായിരുന്നു.
അഭിലാഷും തുഷാരയും മലയാളം യൂകെ ന്യൂസുമായി പങ്കുവെച്ച ജൂബി തോമസിന്റെ കായിക നേട്ടങ്ങളെ കുറിച്ചുള്ള വാർത്തകളും ചിത്രങ്ങളും ഞങ്ങൾ വായനക്കാർക്കായി സമർപ്പിക്കുന്നു .
ജൂബി തോമസിന്റെ നിര്യാണത്തിൽ മലയാളംയുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
ഷെറിൻ പി യോഹന്നാൻ
ഓഫ് റോഡ് ട്രിപ്പിന് അനുയോജ്യമായ സ്ഥലമാണ് ഇലവീഴാപൂഞ്ചിറ. സമുദ്രനിരപ്പിൽ നിന്ന് 3200 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഇലവീഴാപൂഞ്ചിറയിൽ നിന്നുള്ള കാഴ്ചകൾ മനോഹരമാണ്. എന്നാൽ ഷാഹി കബീർ ആദ്യമായി സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ‘ഇലവീഴാപൂഞ്ചിറ’ മനോഹരമായ കാഴ്ചകളല്ല സമ്മാനിക്കുന്നത്. സ്ഥലത്തിന്റെ ഭീകരത സ്‌ക്രീനിൽ നിറയുന്നതിനൊപ്പം മികച്ച കഥാഖ്യാനം കൂടിയാവുമ്പോൾ ‘ഇലവീഴാപൂഞ്ചിറ’ ഒരു ക്വാളിറ്റി സിനിമയാകുന്നു. ‘ജോസഫ്’, ‘നായാട്ട്’ എന്നീ ചിത്രങ്ങൾക്ക് തിരക്കഥ ഒരുക്കിയ ഷാഹിയുടെ ആദ്യ സംവിധാനസംരംഭവും ഒരു പോലീസ് സ്റ്റോറിയാണ്.
കോട്ടയം ജില്ലയിലെ ഇലവീഴാപൂഞ്ചിറയിലുള്ള വയർലെസ് സ്റ്റേഷനിൽ ജോലി ചെയ്യുന്ന പോലീസുകാരുടെ കഥയാണിത്. ഇടിമിന്നൽ ഏൽക്കാൻ ഏറ്റവും സാധ്യതയുള്ള സ്ഥലമാണത്. സ്ഥലത്തിന്റെ ഭംഗി ആസ്വദിക്കാൻ വരുന്നവരുടെ അനുഭവമല്ല അവിടെ താമസിക്കുന്നവർക്ക്. അവധി കഴിഞ്ഞ് ഇലവീഴാപൂഞ്ചിറയിലേക്ക് എത്തുന്ന പോലീസുകാരനായ മധുവിനോടൊപ്പം കഥയും കുന്ന് കയറുന്നു.
പ്രകടനമികവിലേക്കുള്ള സൗബിന്റെ തിരിച്ചുവരവാണ് ചിത്രത്തിന്റെ ശക്തി. മധുവിന്റെ കഥാപാത്ര നിർമിതിയും ഗംഭീരം. ഒരുപാട് ലെയറുകളുള്ള കഥാപാത്രത്തെ മികച്ച രീതിയിൽ സൗബിൻ സ്ക്രീനിലെത്തിച്ചിട്ടുണ്ട്. കലങ്ങിമറിഞ്ഞ മനസുമായി കുന്ന് കയറുന്ന പോലീസുകാരനിൽ നിന്ന് രണ്ടാം പകുതിയിൽ പകയുടെ ആൾരൂപമായി സൗബിൻ രൂപാന്തരപ്പെടുമ്പോൾ ആ ഭാവമാറ്റം ശ്രദ്ധേയമാണ്. സുധി കോപ്പയുടെ കരിയർ ബെസ്റ്റ് സിനിമയാണ് ‘ഇലവീഴാപൂഞ്ചിറ’യെന്ന് പറയാം. അവസാന അരമണിക്കൂറിൽ ഇരുവരും ഗംഭീര പ്രകടനങ്ങളിലൂടെ സിനിമയുടെ ഗ്രാഫ് ഉയർത്തുന്നുണ്ട്.
പതിഞ്ഞ താളത്തിൽ, റിയലിസ്റ്റിക്കായി കഥ പറയുന്ന ചിത്രം ആദ്യം തന്നെ കഥാപാത്രങ്ങളെ കൃത്യമായി എസ്റ്റാബ്ലിഷ് ചെയ്യുന്നു. അവരുമായി വൈകാരിക ബന്ധം സൃഷ്ടിക്കുന്നു. മലയാളികൾ അത്ര കണ്ടുപരിചയിച്ചിട്ടില്ലാത്ത കഥാപരിസരം, തികച്ചും വ്യത്യസ്തമായ ജീവിതസാഹചര്യം, കഥാപാത്രങ്ങളുടെ മനോവ്യാപാരങ്ങൾ എന്നിവ ആദ്യ പകുതിയിലെ കാഴ്ചകളാവുമ്പോൾ രണ്ടാം പകുതിയിൽ ചിത്രം ഒരു മിസ്റ്ററി ത്രില്ലറിലേക്ക് രൂപം മാറുന്നു. കൂടുതൽ ഇന്റൻസായി അവിടെ കഥ പറയാൻ ഷാഹി കബീറിന് കഴിഞ്ഞു; അത് കൃത്യമായി പ്രേക്ഷകനിലേക്ക് എത്തിക്കാനും.
മികച്ച ഇന്റർവെൽ ബ്ലോക്കിൽ നിന്നാണ് കഥയിൽ കോൺഫ്ലിക്ട് ഉടലെടുക്കുന്നത്. രണ്ടാം പകുതിയിലെ ഒരു ട്വിസ്റ്റിൽ സിരകളിൽ തണുപ്പ് ഇരച്ചുകയറും. കഥയിൽ പുതുമ അവകാശപ്പെടാനില്ലെങ്കിലും ക്വാളിറ്റി മേക്കിങ്ങിലൂടെ കാഴ്ചകാരനെ പിടിച്ചിരുത്താൻ ചിത്രത്തിനാവുന്നു. മികച്ച ശബ്ദസംവിധാനം, ഛായാഗ്രഹണം (രാത്രി, മഴ എന്നിവയൊക്കെ പകർത്തിയ രീതി), തിരക്കഥയുടെ മേന്മ എന്നിവയെല്ലാം ‘ഇലവീഴാപൂഞ്ചിറ’യെ മികച്ച ചലച്ചിത്രാനുഭവം ആക്കി മാറ്റുന്നു.
Bottom Line – ഒരു സ്ലോ ബേൺ മിസ്റ്ററി ത്രില്ലർ ചിത്രം. കഥാപാത്രനിർമിതിയും ആഖ്യാനമികവും ചിത്രത്തിന്റെ അടിസ്ഥാനം ബലപ്പെടുത്തുമ്പോൾ രണ്ടാം പകുതിയിലെ കാഴ്ചകൾ പ്രേക്ഷകനെ ത്രില്ലടിപ്പിക്കുന്നു. സാങ്കേതിക വശങ്ങളിൽ മികവ് പുലർത്തുന്ന ചിത്രം, സൗബിൻ എന്ന നടന്റെ തിരിച്ചുവരവ് കൂടി അടയാളപ്പെടുത്തുന്നു. തിയേറ്ററിൽ തന്നെ കാണുക.
മസ്തിഷ്‌കമരണം സംഭവിച്ച് ചികിത്സയിലായിരുന്ന ചേമഞ്ചേരി സ്വദേശിയായ 18കാരൻ യദുകൃഷ്ണ ആറു പേർക്ക് പുതുജീവൻ നൽകി യാത്രയായി. പ്ലസ് ടു വിദ്യാർഥിയായ യദു ഈ മാസം എട്ടിന് വെങ്ങളം പാലത്തിലാണ് വാഹനാപകടത്തിൽപെട്ടത്. ഗുരുതര പരിക്കേറ്റ് കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെ വ്യാഴാഴ്ച മസ്തിഷ്‌ക മരണം സ്ഥിരീകരിക്കുകയായിരുന്നു.
മകനെ നഷ്ടപ്പെട്ട വേദനയിലും മകന്റെ അവയവങ്ങൾ ദാനം ചെയ്യാനായി മാതാപിതാക്കളും സഹോദരിയും മുന്നോട്ട് വരികയായിരുന്നു. യദുകൃഷ്ണയുടെ അച്ഛൻ ചക്കിട്ടക്കണ്ടി മാണിക്യത്തിൽ സുരേഷ്, അമ്മ രേഖ, ഇളയ സഹോദരി യാഷ്മിക എന്നിവരടങ്ങിയ കുടുംബമാണ് അവയവങ്ങൾ ദാനംചെയ്യാനുള്ള സന്നദ്ധത അറിയിച്ചത്.
തുടർന്ന് സർജറിയിലൂടെ അവയവങ്ങൾ ദാനം ചെയ്തു. കാസർഗോഡ് സ്വദേശി ആയ 33 വയസുകാരി നസീഫ ഇസ്മയിലിനാണ് യദുവിന്റെ ഹൃദയം നൽകിയത്. യദു കൃഷ്ണന്റെ ഹൃദയം പോലീസ് ഒരുക്കിയ ഗ്രീൻ ചാനൽ വഴി പത്തു മിനിറ്റിനകമാണ് കോഴിക്കോട് മെട്രോമെഡ് ആശുപത്രിയിലെത്തിച്ചത്. ഇവിടെ ഡോ. വി നന്ദകുമാറിന്റെ നേതൃത്വത്തിലുള്ള വിദഗ്ധ ഡോക്ടർമാരുടെ സംഘമാണ് ശസ്ത്രക്രിയ പൂർത്തിയാക്കിയത്. കേരള സർക്കാരിന്റെ അവയ ദാന പദ്ധതിയായ മൃതസഞ്ജീവിനിയിലൂടെ ആണ് ഈ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടന്നത്.
അവയവദാനത്തിന്റെ മഹത്വം ഉൾക്കൊണ്ട് മറ്റുള്ളവർക്ക് പുതു ജീവൻ നൽകാൻ തീരുമാനിച്ച യദൂകൃഷ്ണന്റെ മാതാപിതാക്കളുടെ സന്മനസ്സ് ആദരിക്കപ്പെടേണ്ടതാണെന്ന് ഡോ. നന്ദകുമാർ പ്രതികരിച്ചു.
വൃക്കകളിലൊന്ന് കൊണ്ടോട്ടിയിലെ 40കാരനാണ് നൽകിയത്. 66 വയസ്സുള്ള രോഗിക്കാണ് കരൾ നൽകിയത്. ബേബി മെമ്മോറിയലിലെ ഡോ. പൗലോസ് ചാലി, ഡോ. ജയമീന പി. എന്നിവർ ശസ്ത്രക്രിയക്ക് നേതൃത്വം നൽകി. ഡോ. വി.ജി. പ്രദീപ് കുമാർ, ഡോ. രവീന്ദ്രൻ സി, ഡോ. മോഹൻ ലെസ്ലി, ഡോ. ഗംഗപ്രസാദ് എന്നിവരടങ്ങിയ കമ്മിറ്റിയാണ് മസ്തിഷ്‌കമരണം സ്ഥിരീകരിച്ചത്.
പതിനൊന്നായിരം രൂപ കുടിശ്ശികയ്ക്ക് പകരം വയനാട്ടില്‍ വയോധികന്റെ മൂന്ന് സെന്റ് സ്ഥലം കെ.എസ്.ഇ.ബി. ജപ്തി ചെയ്തു. തിരുനെല്ലി വില്ലേജിലെ അപ്പപ്പാറ സ്വദേശി തിമ്മപ്പ ചെട്ടിയുടെ ഭൂമിയാണ് ജപ്തി ചെയ്തത്. കെ.എസ്.ഇ.ബി.യുടെ ആവശ്യപ്രകാരം റവന്യൂ വകുപ്പാണ് ജപ്തി ചെയ്യുന്നതായുള്ള നോട്ടീസ് അയച്ചിരിക്കുന്നത്.
വയോധികരും രോഗികളുമായ തിമ്മപ്പയും ഭാര്യ അമ്മിണിയുമാണ് ഇവിടെ താമസം. മാനന്തവാടി തഹസില്‍ദാരില്‍നിന്നുള്ള ജപ്തി നോട്ടീസാണ് ഇവര്‍ക്ക് ലഭിച്ചിരിക്കുന്നത്. ആകെ ഒമ്പതുസെന്റ് സ്ഥലവും അടുത്തിടെ ലൈഫ് മിഷനില്‍നിന്ന് അനുവദിച്ചുകിട്ടിയ വീടുമാണ് തിമ്മപ്പയ്ക്ക് സ്വന്തമായി ഉള്ളത്.
പഴയ വീട്ടില്‍ താമസിച്ചിരുന്ന സമയത്താണ് ബില്‍ കുടിശ്ശിക വരുത്തിയത്. ആ വീട് പിന്നീട് പൊളിഞ്ഞുവീണു. അന്ന് വൈദ്യുതി വിച്ഛേദിക്കുകയും ചെയ്തിരുന്നു. പത്തൊന്‍പതിനായിരത്തിനടുത്ത് തുക കെട്ടാനാണ് അന്ന് പറഞ്ഞിരുന്നത്. അതിനുശേഷം വൈദ്യുതി കണക്ഷണ്‍ ലഭിച്ചപ്പോള്‍ ഓരോ ബില്ലിലും പലിശ കാണിച്ചിരുന്നു. അന്നുമുതല്‍ പലിശ അടയ്ക്കുന്നുണ്ട്. ഇപ്പോഴും ബില്ലില്‍ പലിശ കാണിക്കുന്നുണ്ട്. 7500 രൂപ ആയിരുന്നു അവസാനം വന്ന ബില്‍. അതില്‍ അയ്യായിരം രൂപയില്‍ കൂടുതല്‍ അടച്ചിട്ടുമുണ്ട്. വില്ലേജിലാണ് പണം അടച്ചിരിക്കുന്നതെന്നും തഹസില്‍ദാരാണ് വില്ലേജിലേക്ക് വിട്ടതെന്നും തിമ്മപ്പ പറയുന്നു. എന്നാല്‍ ഇപ്പോള്‍ അതിന്റെ പലിശ എന്നു പറഞ്ഞാണ് ജപ്തി നോട്ടീസ് വന്നിരിക്കുന്നത്. 18 ശതമാനമാണ് പലിശ.
കഴിഞ്ഞ ജൂണ്‍ 16-നാണ് തഹസില്‍ദാര്‍ ഒപ്പിട്ട ജപ്തി നോട്ടീസ് തിമ്മപ്പയ്ക്ക് ലഭിക്കുന്നത്. രണ്ട് നോട്ടീസുകളാണ് വന്നത്. മൂന്ന് സെന്റ് ഭൂമി ജപ്തി ചെയ്തതായും മൂന്നു മാസത്തിനുള്ളില്‍ തുക അടച്ചില്ലെങ്കില്‍ ഭൂമി നഷ്ടമാകുമെന്നും നോട്ടീസില്‍ പറയുന്നു. രണ്ടാമത്തെ നോട്ടീസില്‍ പറയുന്നത് ഏഴു ദിവസത്തിനകം അടച്ചില്ലെങ്കില്‍ ജപ്തിക്കുവേണ്ടിയുള്ള ലേല നടപടികള്‍ നടപ്പിലാക്കുമെന്നാണ്. ഒരേ തിയ്യതിയില്‍ത്തന്നെ വന്നിരിക്കുന്ന രണ്ട് നോട്ടീസുകളാണിത്.
രണ്ടുപേര്‍ക്കും ലഭിക്കുന്ന ക്ഷേമ പെന്‍ഷന്‍ മാത്രമാണ് ഇവരുടെ വരുമാനമാര്‍ഗ്ഗം. രണ്ടു പതിറ്റാണ്ടിലേറെയായി രോഗികളാണ് ഇരുവരും. ജപ്തി നടപടിക്കുമുമ്പ് കെ.എസ്.ഇ.ബി.യില്‍നിന്നോ താലൂക്കില്‍നിന്നോ തനിക്ക് മറ്റൊരു വിവരവും തന്നിരുന്നില്ലെന്നും തിമ്മപ്പ പറയുന്നു.
വിവാഹവാഗ്ദാനം നല്‍കി കബളിപ്പിച്ചയാളെ കുത്തിക്കൊലപ്പെടുത്തി യുവതി പൊലീസില്‍ കീഴടങ്ങി. ഉറക്കഗുളിക നല്‍കി മയക്കിയ ശേഷമായിരുന്നു കൊലപാതകം. നാഗര്‍കോവില്‍ വടശേരി സ്വദേശിയായ രതീഷ് കുമാറാണ് (35) കൊല്ലപ്പെട്ടത്. ആരല്‍വായ്‌മൊഴി ഇഎസ്‌ഐ ആശുപത്രി ജീവനക്കാരനാണ് രതീഷ്. കൊലപാതകത്തിന് ശേഷം കീഴടങ്ങിയ ഷീബ(37)യെ പൊലീസ് അറസ്റ്റ് ചെയ്തു.
വിവാഹമോചിതയായ ഷീബയ്ക്ക് രണ്ട് മക്കളുണ്ട്. സ്വകാര്യ പോളിടെക്‌നിക് കോളേജില്‍ അധ്യാപികയായ ഷീബ, 2013ല്‍ ആശുപത്രിയില്‍ എത്തിയപ്പോഴാണ് രതീഷിനെ പരിചയപ്പെടുന്നത്. തുടര്‍ന്ന് വിവാഹവാഗ്ദാനം നല്‍കിയ രതീഷിന്റെ നിര്‍ബന്ധത്തില്‍ 2019ല്‍ ഭര്‍ത്താവുമായി വേര്‍പിരിഞ്ഞു. എന്നാല്‍ രതീഷ് കഴിഞ്ഞ വര്‍ഷം മറ്റൊരു യുവതിയെ വിവാഹം കഴിക്കുകയായിരുന്നു. ഇതോടെ ഇരുവരും തമ്മില്‍ പ്രശ്‌നങ്ങള്‍ക്ക് തുടക്കമായി. താനുമായി സംസാരിക്കാന്‍ പോലും രതീഷ് താല്‍പര്യം പ്രകടിപ്പിക്കാതായപ്പോഴാണ് കൊലപ്പെടുത്താന്‍ തീരുമാനിച്ചതെന്ന് ഷീബ പൊലീസിനോട് പറഞ്ഞു.
ബുധനാഴ്ച വൈകിട്ടാണ് ഷീബ രതീഷിനെ കാണാന്‍ ആശുപത്രിയില്‍ എത്തിയത്. തന്റെ പിറന്നാള്‍ ദിവസം അവസാനമായി താന്‍ തയ്യാറാക്കിയ ആഹാരം കഴിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഷീബ എത്തിയത്. തുടര്‍ന്ന് ഉറക്ക ഗുളിക കലര്‍ത്തിയ ആഹാരം നല്‍കുകയും, അബോധാവസ്ഥയിലായ ശേഷം കുത്തിക്കൊലപ്പെടുത്തുകയുമായിരുന്നു.
പോക്സോ കേസിൽ അറസ്റ്റിലായ നടൻ ശ്രീജിത്ത് രവിക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതി. മാനസിക ബുദ്ധിമുട്ടുകൾ കാരണം ചികിത്സയിലിരിക്കെയാണ് എന്ന പ്രതിഭാഗത്തിന്റെ വാദം അംഗീകരിച്ചാണ് കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. സമാന സംഭവങ്ങൾ ആവർത്തിക്കാനുള്ള നടപടികൾ സ്വീകരിക്കാമെന്ന് ബന്ധുക്കളുടെ ഉറപ്പിന്മേലാണ് കോടതി നടപടി. നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം ഇന്നു തന്നെ ജയിൽ മോചിതനായേക്കും.പെൺകുട്ടികൾക്കു മുന്നിൽ നഗ്നതാ പ്രദർശനം നടത്തിയെന്ന കേസിൽ റിമാൻഡിലായതോടെയാണ് ശ്രീജിത് രവി ഹൈക്കോടതിയിൽ ജാമ്യാപേക്ഷയിൽ നൽകിയത്.
ജാമ്യം നൽകരുതെന്ന് പ്രോസിക്യൂഷൻ നേരത്തെ വാദിച്ചിരുന്നു. ജാമ്യം നൽകിയാൽ കുറ്റവാളികൾക്ക് പ്രോത്സാഹനം നൽകുന്ന നിലപാടാകുമെന്നും സമൂഹത്തിൽ തെറ്റായ സന്ദേശമാണ് നൽകുകയെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.എന്നാൽ 2016 മുതൽ സ്വഭാവ വൈകൃതത്തിന് ചികിത്സ തേടുന്നയാളാണെന്നും ജയിലിൽ ചികിത്സ തുടരുന്നത് മാനസികാരോഗ്യത്തെ ബാധിക്കുമെന്ന് നടന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. തന്റേത് ഒരു രോഗമാണെന്നും മരുന്ന് കഴിക്കാത്തത് കൊണ്ടുണ്ടായ പ്രശ്നമാണെന്നുമാണ് ശ്രീജിത്ത് രവി പൊലീസിനോട് അറസ്റ്റിലായ സമയത്ത് പറഞ്ഞിരുന്നു.
എംഎം മണി എംഎല്‍എക്കെതിരെ രൂക്ഷ പ്രതികരണവുമായി കെപിസിസി പ്രസിഡണ്ട് കെ സുധാകരന്‍. കമ്മ്യൂണിസത്തിന് ഒരാളെ എത്രത്തോളം പൈശാചികമാക്കാന്‍ കഴിയുമെന്നതിന്റെ ഉത്തമ ഉദാഹരണമാണ് ‘അറുവഷളനായ മൂന്നാംകിട രാഷ്ട്രീയക്കാരന്‍’ എംഎം മണിയെന്ന് സുധാകരന്‍ പറഞ്ഞു. കഴിഞ്ഞ ദിവസം കെകെ രമക്കെതിരെ എംഎം മണി നിയമസഭയില്‍ നടത്തിയ പരാമര്‍ത്തിലാണ് കെ സുധാകരന്റെ പ്രതികരണം.
കേരളത്തിന്റെ സ്ത്രീ മുന്നേറ്റത്തിന്റെ പ്രതീകമായ കെകെ രമക്ക് കോണ്‍ഗ്രസിന്റെ എല്ലാ പിന്തുണയും ഉണ്ടാവുമെന്നും കെ സുധാകരന്‍ അറിയിച്ചു. പേ പിടിച്ചൊരു അടിമക്കൂട്ടത്തെ ചുറ്റിനും നിര്‍ത്തി രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്ന കേരളത്തിലെ ഏക രാഷ്ട്രീയക്കാരനാണ് മുഖ്യമന്ത്രി പിണറായി വിജയന്‍, തന്റെ യഥാര്‍ത്ഥ മുഖം പുറത്ത് വരുമ്പോള്‍ കൂട്ടിലിട്ട് വളര്‍ത്തുന്ന ഭ്രാന്തന്‍ നായ്ക്കളെ അദ്ദേഹം തുറന്നുവിടുമെന്നും അതാണ് കഴിഞ്ഞ ദിവസം എംഎം മണിയിലൂടെ കണ്ടതെന്നും സുധാകരന്‍ പറഞ്ഞു.
‘ഒരു മഹതി സര്‍ക്കാരിന് എതിരെ സംസാരിച്ചു, ആ മഹതി വിധവയായിപ്പോയി. അത് അവരുടെ വിധിയാണ്. ഞങ്ങള്‍ ആരും ഉത്തരവാദികള്‍ അല്ല’ എന്നായിരുന്നു എംഎം മണി നിയമസഭയില്‍ പറഞ്ഞത്. പ്രസ്താവനയില്‍ പ്രതിപക്ഷം ബഹളം വെച്ചതോടെ കൂവിയിരുത്തലൊന്നും തന്റെ അടുത്ത് നടക്കില്ലെന്ന് എംഎം മണി പറഞ്ഞിരുന്നു. പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് സഭയില്‍ നിന്നും പ്രതിപക്ഷം ഇറങ്ങി പോയി.
കെ സുധാകരന്റെ പ്രസ്താവനയുടെ പൂര്‍ണരൂപം-
പേ പിടിച്ചൊരു അടിമക്കൂട്ടത്തെ ചുറ്റിനും നിര്‍ത്തി രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്ന കേരളത്തിലെ ഏക രാഷ്ട്രീയക്കാരനാണ് പിണറായി വിജയന്‍.
തന്റെ യഥാര്‍ത്ഥ മുഖം ഓരോ തവണ പൊതുസമൂഹത്തിന് മുന്നില്‍ അനാവരണം ചെയ്യപ്പെടുമ്പോഴും, കൂട്ടിലിട്ട് വളര്‍ത്തുന്ന ഭ്രാന്തന്‍ നായ്ക്കളെ അദ്ദേഹം തുറന്നുവിടും. നിരായുധരും നിര്‍ദ്ദോഷികളുമായ മനുഷ്യരെ അവ ചെന്ന് ആക്രമിക്കും. ഈ പ്രവൃത്തിയെ ധീരതയായി കണ്ട് കൈയ്യടിക്കാനും സിപിഎമ്മില്‍ ആളുകളുണ്ട്. ഒരുപക്ഷെ സിപിഎം എന്നൊരു പാര്‍ട്ടിയില്‍ മാത്രമേ അത്തരക്കാര്‍ ഉണ്ടാവുകയുള്ളൂ.കമ്മ്യൂണിസമെന്ന പ്രത്യയശാസ്ത്രത്തിന് ഒരാളെ എത്രത്തോളം പൈശാചികമാക്കി മാറ്റാന്‍ പറ്റും എന്നതിന്റെ ഉത്തമ ഉദാഹരണമാണ് നിയമസഭയില്‍ കെ കെ രമയെ അധിക്ഷേപിച്ച അറുവഷളനായ മൂന്നാംകിട രാഷ്ട്രീയക്കാരന്‍. ആ ‘നീച ജന്മവും’ കേരളത്തിന്റെ മണ്ണിലാണ് ജീവിക്കുന്നത് എന്നതില്‍ ഓരോ മലയാളിയും തലകുനിക്കുന്നു.
സിപിഎമ്മിന്റെ കൊടി ഒരു തവണയെങ്കിലും പിടിച്ച പെണ്‍കുട്ടികളെ സ്‌നേഹത്തോടെ ഓര്‍മിപ്പിക്കുകയാണ്, ശാക്തീകരണത്തിന്റെ ആട്ടിന്‍തോലണിഞ്ഞ ഇവരുടെ യഥാര്‍ത്ഥ മുഖം കാണുന്ന ദിവസമായിരിക്കും കഥകളില്‍ കേട്ടറിഞ്ഞ രാക്ഷസന്മാരേക്കാള്‍ ക്രൂരരായ മനുഷ്യര്‍ ഉണ്ടെന്ന് നിങ്ങള്‍ മനസ്സിലാക്കുക!കെ കെ രമ കേരളത്തിന്റെ സ്ത്രീമുന്നേറ്റത്തിന്റെ പ്രതീകമാണ്. ഈ നാട് കണ്ട ഏറ്റവും നീചരായ മനുഷ്യരെ മുഴുവനും വെല്ലുവിളിച്ചുകൊണ്ടാണവര്‍ ഇവിടെ വരെയെത്തിയത്. അതിനവര്‍ക്ക് പിന്തുണ കൊടുത്തത് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസാണ്. അതിനിയും തുടരും. ഏത് പ്രതിസന്ധിയിലും രമയ്ക്ക് താങ്ങായി കോണ്‍ഗ്രസ് ഉണ്ടാകും….
രാജ്യത്തെ ആദ്യത്തെ മങ്കി പോക്സ് കേസ് സ്ഥിരീകരിച്ച കേരളത്തിലേക്ക് കേന്ദ്ര സംഘമെത്തും. വിദഗ്ദ സംഘത്തിൽ ആരോഗ്യ മന്ത്രാലയത്തിന്റെ ഉപദേഷ്ടാവ് ഡോ. പി രവീന്ദ്രൻ, എൻ സി ഡി സി ഡോ. സാങ്കേത് കുൽക്കർണി, ഡോ. അരവിന്ദ് കുമാർ, ഡോ. അഖിലേഷ് എന്നിവരാണുള്ളത്.
അതേ സമയം, സംസ്ഥാനത്ത് മങ്കി പോക്സ് സ്ഥിരീകരിച്ച കൊല്ലം സ്വദേശി വിദേശത്ത് നിന്നും എത്തിയത് മുൻ കരുതലുകൾ സ്വീകരിച്ചെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.
വിദേശത്തുനിന്നു എത്തിയ ആളിലാണ് രോഗ ലക്ഷണങ്ങൾ കണ്ടത്. മൂന്നു ദിവസം മുൻപാണ് അദ്ദേഹം യുഎഇയിൽ നിന്ന് നാട്ടിലേക്ക് എത്തിയത്. അതിനു പിന്നാലെ പനിയും ശരീരത്തിൽ വസൂരിയുടേതിന് സമാനമായ കുരുക്കളും കാണുകയായിരുന്നു. തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടിയ അദ്ദേഹത്തെ ആരോഗ്യവിഭാഗം പ്രത്യേക നിരീക്ഷണത്തിലാക്കുകി. വിദേശത്ത് അദ്ദേഹം അടുത്ത ബന്ധം പുലർത്തിയ ഒരാളിൽ കുരങ്ങുപനി സ്ഥിരീകരിച്ചിട്ടുണ്ടെന്നും വീണ ജോർജ് പറഞ്ഞു.
എന്നിരുന്നാലും വിമാനത്തിൽ ഒപ്പമുണ്ടായിരുന്ന 11 പേരെ കണ്ടെത്തി വിവരമറിയിച്ചു. വീട്ടിലുള്ളവരെയും രോഗി, കൊല്ലത്ത് ആദ്യം പോയ ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകരെയും ടാക്സി ഡ്രൈവറെയും അടക്കം പ്രൈമറി കോണ്ടാക്ടിൽ ഉൾപ്പെടുത്തി നിരീക്ഷണത്തിലാക്കിയിട്ടുണ്ടെന്നും മന്ത്രിയറിയിച്ചു.
യുഎഇയിൽ നിന്നെത്തിയ 35 വയസ്സുള്ള പുരുഷനാണ് രോഗം സ്ഥിരീകരിച്ചത്. രോഗമുണ്ടോ എന്ന സംശയമുണ്ടായിരുന്നതിനാൽ കൈകളിൽ ഗ്ലൗസ് അടക്കം ധരിച്ചാണ് വിമാനത്തിൽ യാത്ര ചെയ്തതെന്നാണ് രോഗി ആരോഗ്യ പ്രവര്‍ത്തകരെ അറിയിച്ചത്. രോഗാണുവിന്റെ ഇൻകുബേഷൻ പിരിയഡ് 21 ദിവസമാണ്. ഈ ദിവസങ്ങളിൽ പ്രെമറി കോൺഡാക്ട് പട്ടികയിലുൾപ്പെട്ടവരെ നിരീക്ഷിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
യുഎഇയിൽ നിന്ന് വിമാനത്തിൽ തിരുവനന്തപുരത്തെത്തിയ കൊല്ലം സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. വിമാനത്താവളത്തിൽ നിന്ന് ഇദ്ദേഹം നേരെ വീട്ടിലേക്കാണ് പോയത്. അതിന് ശേഷം കൊല്ലത്തെ ആശുപത്രിയിൽ ചികിത്സ തേടിയ ഇദ്ദേഹത്തെ പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു.
നടനും സംവിധായകനുമായ പ്രതാപ് പോത്തന്‍ അന്തരിച്ചു. 69 വയസായിരുന്നു. ചെന്നൈയിലെ ഫ്‌ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. രാവിലെ വീട്ടുജോലിക്കാരന്‍ ചായയുമായി പോയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. ഹൃദയാഘാതമാണെന്നാണ് സൂചന. മരണസമയത്ത് മകള്‍ ഗയയും ഫ്‌ലാറ്റില്‍ ഉണ്ടായിരുന്നു. മലയാളം,തമിഴ്,കന്നട,തെലുഗു, ഹിന്ദി തുടങ്ങിയ നൂറോളം ചിത്രങ്ങളില്‍ അദ്ദേഹം അഭിനയിച്ചു.
ഋതുഭേദം, ഡെയ്‌സി, ഒരു യാത്രാമൊഴി എന്നീ മലയാളചിത്രങ്ങളും തെലുഗില്‍ ചൈതന്യ എന്ന ചിത്രവും തമിഴില്‍ ജീവ, വെറ്റ്രിവിഴ, ലക്കിമാന്‍ തുടങ്ങിയ ചിത്രങ്ങളും അടക്കം 12 ചിത്രങ്ങളും പ്രതാപ് പോത്തന്‍ സംവിധാനം ചെയ്തു.നെഞ്ചെത്തെ കിള്ളാതെ, പന്നീര്‍ പുഷ്പങ്ങള്‍, വരുമയിന്‍ നിറം ശിവപ്പു എന്നീ ചിത്രങ്ങളിലെ അഭിനയം തമിഴിലും പ്രതാപിനെ പ്രശസ്തനാക്കി. കെ. ബാലചന്ദര്‍ സംവിധാനം ചെയ്ത വരുമയിന്‍ നിറം ശിവപ്പു എന്ന ചിത്രത്തിലെ പ്രതാപിന്റെ അഭിനയമാണ് ഇവയില്‍ അവിസ്മരണീയമായത്.